മലപ്പുറം: സാഹിത്യപ്രഭാഷണം താന്‍ എന്നെന്നേക്കുമായി നിര്‍ത്തിയെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടത്താനിരുന്ന പ്രഭാഷണത്തില്‍നിന്ന് പിന്മാറിക്കൊണ്ടാണ് തിങ്കളാഴ്ച ചുള്ളിക്കാട് ഇതു വ്യക്തമാക്കിയത്.

To advertise here,

കുമാരനാശാന്റെ കവിതയെക്കുറിച്ച് ഒരു പ്രഭാഷണം നടത്താന്‍ എം.ടി. വാസുദേവന്‍ നായര്‍ ചുള്ളിക്കാടിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പറ്റിയ തീയതി അന്വേഷിച്ചുകൊണ്ട് തിങ്കളാഴ്ച തുഞ്ചന്‍ പറമ്പില്‍നിന്ന് അദ്ദേഹത്തെ വിളിച്ചപ്പോഴാണ് തനിക്കിനി കേരളീയസമൂഹത്തിനു മുന്നില്‍ സാഹിത്യപ്രഭാഷണം നടത്താന്‍ കഴിയില്ലെന്ന് ചുള്ളിക്കാട് അറിയിച്ചത്. വൈകാതെ ഫെയ്സ്ബുക്കിലും കുറിപ്പിട്ടു. ഈയിടെ കേരള സാഹിത്യ അക്കാദമിയില്‍നിന്നുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനം.

സാഹിത്യഅക്കാദമിയില്‍ പ്രഭാഷണത്തിനു പോയതിന് കാര്‍വാടകപോലും ലഭിക്കാത്തതിന്റെ പരിഭവം ബാലചന്ദ്രന്‍ ചുള്ളിക്കാട് പങ്കുവെച്ചിരുന്നു. ഇതിന്റെ പേരില്‍ പലരും സാമൂഹികമാധ്യങ്ങളിലൂടെ അദ്ദേഹത്തെ അപമാനിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരൊന്നും അതിനെ വേണ്ടരീതിയില്‍ പ്രതിരോധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ചുള്ളിക്കാട് ഇനി മലയാളികള്‍ക്കു മുന്‍പില്‍ സാഹിത്യം പറയുന്നില്ലെന്നു തീരുമാനിച്ചത്.

ചുള്ളിക്കാടിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാല്യംമുതല്‍ എം.ടി വാസുദേവന്‍ നായരുടെ വായനക്കാരനായിരുന്നു ഞാന്‍. 1980-ല്‍ ഞാന്‍ ആലുവ യു.സി കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് എം.ടി വാസുദേവന്‍ നായരുടെ കത്ത് എനിക്കുകിട്ടുന്നത്. അന്ന് എം.ടി സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരുംഗീകാരമായി സന്തോഷിപ്പിച്ചു. അന്നുമുതല്‍ സ്‌നേഹാദരപൂര്‍ണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാന്‍ പുലര്‍ത്തിപ്പോരുന്നു. ഞാന്‍ മാഷേ എന്നാണ് അദ്ദേഹത്തെ വിളിക്കുക. 

പിന്നീട് തുഞ്ചന്‍ പറമ്പില്‍ സാഹിത്യപ്രഭാഷണങ്ങള്‍ക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങള്‍ അവിടെ ഞാന്‍ നടത്തിയിട്ടുണ്ട്. കുറച്ചുനാള്‍മുമ്പ് അദ്ദേഹം എന്നെ വിളിച്ചു. 'ഷേക്‌സ്പിയറിനെക്കുറിച്ച് ഒരു പ്രഭാഷണം ബാലന്‍ നടത്തണം.' ഞാന്‍ വിനയപൂര്‍വം പറഞ്ഞു: 'അതിനുവേണ്ട അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.' അപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ ആശാന്‍കവിതയെക്കുറിച്ച് ആയാലോ.
'അതാവാം' ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞു. ഇന്ന് തുഞ്ചന്‍ പറമ്പില്‍ നിന്ന് ശ്രീകുമാര്‍ വിളിച്ചുചോദിച്ചു: 'എം.ടിസാര്‍ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നുനടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.' ഞാന്‍ ഇങ്ങനെ മറുപടി നല്‍കി: ' ഞാന്‍ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാന്‍ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തില്‍ നിന്ന് ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.' 

പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായര്‍, അങ്ങ് എന്നോട് സര്‍വാത്മനാ ക്ഷമിക്കണം. ഞാന്‍ കാര്‍വാടകപോലും അര്‍ഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പില്‍ സാഹിത്യപ്രഭാഷകനായി വന്നുനില്‍ക്കാന്‍ ഇനിയൊരിക്കലും ഞാനില്ല.