കോഴിക്കോട്: അക്ഷരങ്ങളും ആശയങ്ങളും കലയും ആവിഷ്‌കാരങ്ങളും സംഗമിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം ചാപ്റ്ററില്‍ പങ്കെടുക്കാന്‍ എത്തുന്നത് ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നതശീര്‍ഷരായ പ്രതിഭകള്‍. അവരുടെ വാക്കുകളുടെയും ചിന്തകളുടെയും പ്രകാശത്തില്‍ നാലുനാള്‍ അനന്തപുരി തിളങ്ങും. അവരെ നേരിട്ടുകാണാനും സംവദിക്കാനും അക്ഷരോത്സവം അവസരമൊരുക്കും.

To advertise here,

ഫെബ്രുവരി 2, 3, 4, 5 തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുക. 'ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തില്‍' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ കേന്ദ്രവിഷയം.

നൊബേല്‍ജേതാവായ അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്കും ബുക്കര്‍സമ്മാന ജേതാക്കളായ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലക, അറബ് എഴുത്തുകാരി ജോഖ അല്‍ ഹാര്‍തി എന്നിവര്‍ക്കുംപുറമേ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരന്‍ അമിതാവ് ഘോഷും ഇത്തവണ അക്ഷരോത്സവത്തിന് എത്തുന്നുണ്ട്. ജെറി പിന്റോ, ഇന്ത്യാവിഭജനത്തെക്കുറിച്ചുള്ള പ്രശസ്തമായ പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരി ആഞ്ചല്‍ മല്‍ഹോത്ര, ജ്ഞാനപീഠജേതാവ് ദാമോദര്‍ മൗസോ, തമിഴ് എഴുത്തുകാരി മീന കന്ദസ്വാമി, കവിയും നോവലിസ്റ്റുമായ ജീത് തയ്യില്‍, പത്രപ്രവര്‍ത്തക സാഗരിക ഘോഷ്, ശശി തരൂര്‍, ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി ശോഭ ഡേ, നടനും എഴുത്തുകാരനുമായ കബീര്‍ ബേദി, പ്രശസ്ത എഴുത്തുകാരിയായ സുധാ മൂര്‍ത്തി, ഇന്ത്യയിലെ ഏറ്റവും നല്ല വിവര്‍ത്തകനുള്ള പുരസ്‌കാരം നേടിയ അരുണാവ സിന്‍ഹ, ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച കോളം മക്കാന്‍, നദീഫ മുഹമ്മദ്, സിറിയന്‍ ആര്‍ക്കിടെക്ടും എഴുത്തുകാരിയുമായ മര്‍വാ അല്‍ സബൗനി, നടനും എഴുത്തുകാരനുമായ പ്രകാശ് രാജ് തുടങ്ങിയവര്‍ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനെത്തും.

നൂറിലധികം ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത ലീല സര്‍ക്കാര്‍ ഇത്തവണ അക്ഷരോത്സവത്തിലെ മുതിര്‍ന്നസാന്നിധ്യങ്ങളിലൊന്നാണ്. സാറാ ജോസഫ്, ശ്രീകുമാരന്‍ തമ്പി, കെ.ജി.എസ്., പ്രിയദര്‍ശന്‍, സച്ചിദാനന്ദന്‍, ജോയ് മാത്യു, പ്രശസ്ത കലാസംവിധായകന്‍ സാബു സിറില്‍, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍, പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം, ഡോ. എം. ലീലാവതി, വി. മധുസൂദനന്‍ നായര്‍, ഫാ. ബോബി ജോസ് കട്ടിക്കാട് എന്നിവര്‍ മലയാള സെഷനുകളെ സമ്പന്നമാക്കും.

രജിസ്ട്രേഷന്‍വഴിയാണ് അക്ഷരോത്സവത്തിലേക്കുള്ള പ്രവേശനം.