ന്യൂഡല്‍ഹി : ഇന്ത്യന്‍ മിത്തുകളുടെ സൗന്ദര്യാവിഷ്‌കാരവും സാമൂഹിക വ്യാഖ്യാനവുമാണ് ശനിയാഴ്ച ഡല്‍ഹിയില്‍ അന്തരിച്ച എ. രാമചന്ദ്രന്റെ(89) രചനകള്‍. യയാതി, ഉര്‍വശി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്.

To advertise here,

ശില്പകലയിലും രാമചന്ദ്രസ്പര്‍ശം ആഴത്തിലുള്ളതാണ്. വെങ്കലത്തിലും കല്ലിലും തീര്‍ത്ത ശില്പങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ചുമര്‍ച്ചിത്രങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും പരാതിയായിരുന്നു.

1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ പി. അച്യുതന്‍ നായരുടെയും എസ്.ജെ. ഭാര്‍ഗവിയമ്മയുടെയും മകനായാണ് ജനനം. 1957-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. പത്തുവര്‍ഷത്തോളം കര്‍ണാടകസംഗീതം പഠിച്ച അദ്ദേഹം പഠനകാലത്ത് നാലുവര്‍ഷത്തോളം തിരുവനന്തപുരം ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്നു. രാമചന്ദ്രന്‍ പിന്നീട് നിറങ്ങളുടെയും ഭാവനകളുടെയും ലോകം പ്രിയപ്പെട്ടതാക്കുകയായിരുന്നു.

1961-ല്‍ ബംഗാളിലെ വിശ്വഭാരതിയില്‍നിന്ന് (ശാന്തിനികേതന്‍) ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. 1963-64 വരെ കേരളത്തിലെ ചുമര്‍ച്ചിത്രകലയെക്കുറിച്ച് ഗവേഷണംനടത്തി. കേരള സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കുകയും 1965-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ ചിത്രകലാവിഭാഗത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 1992-ല്‍ വകുപ്പ് മേധാവിയായിരിക്കേ സ്വയംവിരമിച്ചു. അമ്പതിലേറെ ബാലസാഹിത്യകൃതികള്‍ രചിച്ച ഈ കലാകാരനെ 1978-ലും 1980-ലും ജപ്പാന്‍ പുരസ്‌കാരംനല്‍കി ആദരിച്ചു. സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്പനചെയ്ത യുനെസ്‌കോ സംഘത്തിലും അംഗമായിരുന്നു. തപാല്‍ വകുപ്പിനുവേണ്ടി സ്റ്റാമ്പുകളും രൂപകല്പനചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന കാലത്ത് ന്യൂഡല്‍ഹി നാഷണല്‍ മ്യൂസിയവുമായി ചേര്‍ന്ന് രാജാ രവിവര്‍മചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.

ചിത്രകലയ്ക്കുള്ള ദേശീയ പുരസ്‌കാരം (1969, 1973), രാജാ രവിവര്‍മ പുരസ്‌കാരം (2003), ന്യൂഡല്‍ഹി സാഹിത്യകലാ പരിഷത്ത് പുരസ്‌കാരം (1993), വിശ്വഭാരതി സര്‍വകലാശാലയുടെ ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം (2000) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. 2013-ല്‍ എം.ജി. സര്‍വകലാശാല ഡി-ലിറ്റ്‌നല്‍കി.

ഒരു വര്‍ഷത്തിലേറെയായി വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു എ. രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ ഡല്‍ഹി പ്രീത് വിഹാര്‍ ഭാരതീയ ആര്‍ട്ടിസ്റ്റ് കോളനിയിലെ 22-ാം നമ്പര്‍ വസതിയിലായിരുന്നു അന്ത്യം. 2005-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസില്‍ പൊതുദര്‍ശനത്തിനുെവച്ചശേഷം രണ്ടരയോടെ ലോഥി റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും. പ്രശസ്ത ചിത്രകാരി ടാന്‍ യൂയാന്‍ ചമേലി ഭാര്യയാണ്. മക്കള്‍: രാഹുല്‍ രാമചന്ദ്രന്‍ (നാസയില്‍ ഗവേഷകന്‍, അമേരിക്ക), സുജാത രാമചന്ദ്രന്‍ (ഗവേഷക, കാനഡ).