പാടിപ്പതിഞ്ഞ് മനസ്സില്‍ വേരുപിടിച്ച ഒരുപാട് ഈണങ്ങളുണ്ട് ഓരോ മലയാളിയുടേയും ഉള്ളകങ്ങളില്‍. കുട്ടിക്കാലത്തിന്റെ ആര്‍ദ്രമായ ഓര്‍മകളുണര്‍ത്തുന്ന ഒ.എന്‍.വിയുടെ 'കുട്ട്യേടത്തി'യും 'ആവണിപ്പാട'വും ഇടശ്ശേരിയുടെ 'പൂതപ്പാട്ടു'മെല്ലാം ചെന്നുതൊട്ട ഇടങ്ങളാണവിടം. സാഹിത്യകാരന്‍ എന്‍.കെ. ദേശത്തിന്റെ 'ആനക്കൊമ്പന്‍' എന്ന കവിത വളരെ രസകരമായി ചൊല്ലുന്ന ഒരമ്മയേയും കുഞ്ഞിനേയും സാമൂഹിക മാധ്യമങ്ങള്‍ ഈയടുത്ത് വൈറലാക്കിയിരുന്നു. ഗായിക ഇന്ദുലേഖയും മകന്‍ സാരംഗ് എന്ന ചന്ദുവും ആയിരുന്നു ആ വൈറല്‍ വീഡിയോയിലെ താരങ്ങള്‍. മകന് പറഞ്ഞുകൊടുക്കുന്ന കഥകളും ചൊല്ലിക്കൊടുക്കുന്ന കവിതകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലും യൂട്യൂബ് ചാനലിലും ഇന്ദുലേഖ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ ആ സാഹിത്യശാഖകള്‍ക്ക് സോഷ്യല്‍മീഡിയയിലുള്ള പ്രേക്ഷകസ്വീകാര്യത തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗായിക വ്യക്തമാക്കുന്നു; 

To advertise here,

കഥയും കവിതയും ചന്ദുവും ഞാനും

പാട്ടും കവിതയുമെല്ലാം എന്റെ അച്ഛന്‍ (ജയരാജ് വാര്യര്‍) ചന്ദുവിന് ചൊല്ലികൊടുക്കുമായിരുന്നു. ഞാന്‍ എപ്പോഴും പാട്ടുപാടിക്കൊണ്ടേയിരിക്കുന്ന ഒരാളാണല്ലോ. മോനും അത് കേള്‍ക്കാന്‍ ഇഷ്ടമാണ്. ചെറുപ്പം മുതലേ അവന് ഭക്ഷണം കൊടുക്കുമ്പോള്‍ പാട്ട് തന്നെയാണ് പാടികൊടുക്കാറ്. ഒരിക്കല്‍ ഞാന്‍ ചെയ്ത ഒരു വ്‌ളോഗില്‍ അവനുള്ള ഭക്ഷണം തയാറാക്കുന്നതും ഞാന്‍ പാട്ടുപാടി അവനെ കഴിപ്പിക്കുന്നതും ഉള്‍പ്പെടുത്തി. എന്‍.കെ. ദേശം സാറിന്റെ 'ആനക്കൊമ്പന്‍' എന്ന കവിതയായിരുന്നു അത്. പിന്നീട് ആ വ്ളോഗിന്റെ അവസാനഭാഗത്തുനിന്ന് കവിത കട്ട് ചെയ്തെടുത്ത് പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നുകയും അങ്ങനെ ചെയ്യുകയും ചെയ്തു. എന്‍.കെ. ദേശം സാര്‍ മരിച്ചപ്പോള്‍ അച്ഛന്‍ ഈ വീഡിയോ എടുത്ത് ഫേസ്ബുക്കിലിട്ടു. അപ്പോഴാണത് വൈറലാകുന്നത്. 

ചന്ദുവിന് ഭക്ഷണം കൊടുക്കുമ്പോള്‍ അവനെ ടി.വിയില്‍നിന്നും ഫോണില്‍നിന്നുമെല്ലാം മാറ്റിനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. പകരം കഥ പറഞ്ഞും പാട്ടുപാടിയും കഴിപ്പിക്കും. സ്ഥിരമായി ഞാന്‍ അവന് പാടി നല്‍കാറുള്ള പാട്ടുകളേ ഞാന്‍ റെക്കോഡ് ചെയ്യാറുള്ളു. അതുകൊണ്ടാണ് അവന്‍ ചില വരികള്‍ എനിക്കൊപ്പം ചൊല്ലുന്നതും താളം പിടിക്കുന്നതുമെല്ലാം. എനിക്കറിയാത്ത വരികള്‍ ഞാന്‍ പാടി പഠിക്കുമ്പോള്‍ അവനും അത് പാടും, പഠിക്കും. 

ഇതുവരെ മോന് ചൊല്ലിക്കൊടുത്ത കവിതകള്‍ പലതും ഞാനെന്റെ സ്‌കൂള്‍ കാലത്ത് പഠിച്ചതാണ്. 'ആനക്കൊമ്പന്‍' ഞാന്‍ ഈയിടെയാണ് പഠിച്ചെടുത്തത്. ആവണിപ്പാടം, കുഞ്ഞേടത്തി, മുത്തച്ഛന്‍ എന്നിവയെല്ലാം പണ്ട് ഞാന്‍ ചൊല്ലിയിരുന്നു. മോന് പാടിക്കൊടുക്കാന്‍ അവയൊന്ന് ഓര്‍മ പുതുക്കിയെടുത്തു. ഇതൊന്നും കൂടാതെ മിന്നാമിന്നിയിലും കളിക്കുടുക്കയിലുമൊക്കെ വരുന്ന കുട്ടിക്കവിതകളും കഥകളും ഞാനവന് നോക്കി വായിച്ചുകൊടുക്കും. അതെല്ലാം ഞാനും ശരിക്കുമാസ്വദിക്കുന്നുണ്ട്. 

ചന്ദുവിന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് തോന്നുന്ന എന്തും ഞാന്‍ പാടിക്കൊടുക്കാറുണ്ട്. ചെറുതായിരുന്നപ്പോള്‍ കാര്‍ട്ടൂണിലെ പാട്ടുകളൊക്കെയായിരുന്നു പാടിക്കൊടുത്തത്. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ കുട്ടിക്കവിതകളായി. ഇപ്പോള്‍ മോന് രണ്ടര വയസ്സായി. അവനും എന്റെകൂടെ പതിയെ പാടിത്തുടങ്ങിയപ്പോഴാണ് നീണ്ട കവിതകള്‍ പരിചയപ്പെടുത്തിയത്. വായനയ്ക്കിടെ ചിലപ്പോള്‍ ഞാനവനോട് ചോദിക്കും എന്നാ നമുക്കൊരു വീഡിയോ എടുത്താലോ എന്ന്. അവന്റെ സമ്മതമനുസരിച്ച് വീഡിയോ എടുക്കും. അതിനുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വരാറില്ല. അവന്റെ വികാരങ്ങളെ വേദനിപ്പിക്കാതെ മാത്രമേ വീഡിയോ ഷൂട്ട് ചെയ്യാറുള്ളു. അതില്‍ ചിലതാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്യാറുള്ളത്. 

സോഷ്യല്‍ മീഡിയയിലെ കൈയടി

ആളുകള്‍ പണ്ട് പാടി പഠിച്ചതും കേട്ടതുമായി കവിതകളായതുകൊണ്ട് ഞാനും ചന്ദുവുമുള്ള വീഡിയോകളും ഞാന്‍ ഒറ്റയ്ക്ക് കവിതചൊല്ലി അവതരിപ്പിക്കുന്ന വീഡിയോകളും കണ്ട് ഒരുപാട് പേര്‍ അവരുടെ സ്‌നേഹമറിയിക്കാറുണ്ട്. കവിതയ്ക്ക് ഇന്നും എന്നും ഒരു പ്രത്യേക പ്രേക്ഷകരുണ്ടെന്ന എന്റെ ബോധ്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ പ്രതികരണങ്ങള്‍. ഒരിക്കല്‍ ആ കവിത സ്‌റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ട്, മക്കള്‍ക്ക് ചൊല്ലിക്കൊടുക്കാറുണ്ട് എന്നെല്ലാം ചിലര്‍ നേരിട്ടും പറയുമ്പോള്‍ സന്തോഷം തോന്നും. അവര്‍ക്കത് എത്രത്തോളം അവരുടെ ഓര്‍മകളുമായി ബന്ധപ്പെടുത്താനാകുന്നുണ്ടെന്ന് നമുക്ക് മനസ്സിലാകും. 

വായിച്ചും കേട്ടും പാടിയും വളര്‍ന്ന കുട്ടിക്കാലം

കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചക്ക് എന്ത് കാര്യങ്ങള്‍ നിര്‍ദേശിക്കണമെങ്കിലും മുതിര്‍ന്നവര്‍ക്ക് അതിനെപ്പറ്റി അറിവ് വേണം. നമ്മള്‍ അനുഭവിച്ച നല്ല കാര്യങ്ങള്‍ അവര്‍ക്കും പകര്‍ന്ന് നല്‍കണം. കുട്ടിയായിരിക്കെ എന്റെ അച്ഛനില്‍ നിന്നാണ് ഞാന്‍ കവിതകള്‍ കേള്‍ക്കുന്നത്. 

സ്‌കൂളില്‍ കവിത ചൊല്ലാനായി ഒ.എന്‍.വി. സാറിന്റെ ആവണിപ്പാടം എന്നെ പഠിപ്പിച്ചത് അച്ഛനാണ്. അതിലെ ചില വരികള്‍ തെരഞ്ഞെടുത്ത് പഠിപ്പിച്ചിരുന്നു. ഞാനന്ന് പഠിച്ച വരികള്‍ ഇന്ന് മോനെയും പഠിപ്പിച്ചു. അത് പാടിയപ്പോള്‍ ചിലര്‍ ചോദിച്ചു ഇതില്‍ ചില വരികള്‍ ഇല്ലല്ലോ എന്ന്. എന്റെ കുട്ടിമനസ്സിന് മനസ്സിലാകുന്ന വരികള്‍ തെരഞ്ഞെടുത്താണ് അച്ഛന്‍ ആ കവിത എന്നെ പഠിപ്പിച്ചത്. 

അച്ഛന്റെ കൈയില്‍ 'കുഞ്ഞേടത്തി' കവിതയുടെ കാസറ്റ് ഉണ്ടായിരുന്നു. അത് കേട്ടാണ് ആ കവിത പഠിച്ചത്. സ്‌കൂളില്‍വെച്ച് ഡാന്‍സ്ഡ്രാമ ചെയ്തപ്പോഴാണ് പൂതപ്പാട്ട് ഹൃദിസ്ഥമാക്കിയത്. ഭാസ്‌കരന്‍ മാഷ്, വൈലോപ്പിള്ളി, ഒ.എന്‍.വി. എന്നിവരുടെയെല്ലാം കവിതകളുടേയും പാട്ടുകളുടേയും ശേഖരം അച്ഛന്റെ കൈയിലുണ്ട്. അവയാണ് എന്റെ കവിതാപഠനത്തിന്റെ ഉറവിടം. 

സ്‌കൂളില്‍വെച്ച് കവിതാ മത്സരങ്ങളിലും വായനാമത്സരത്തിലുമെല്ലാം ഞാന്‍ പങ്കെടുത്തിരുന്നു. മലയാളം അധ്യാപികമാരായിരുന്ന റോസ, ലൂസി എന്നിവര്‍ എന്നെ കവിതകള്‍ക്ക് പങ്കെടുപ്പിക്കുമായിരുന്നു. അവരുമായി ഇപ്പോഴും ബന്ധമുണ്ട്. ചന്ദുവിനോടൊപ്പമുള്ള കവിതകള്‍ കേള്‍ക്കുമ്പോള്‍ അവരും മെസ്സേജ് അയക്കും. അവര്‍ പഠിപ്പിച്ച കവിതകള്‍ ശിഷ്യയിലൂടെ മറ്റൊരാളിലേക്കെത്തുകയല്ലേ. അതിലെനിക്ക് വളരെ സന്തോഷമുണ്ട്. 

placeholder
ഇന്ദുലേഖയും മകന്‍ ചന്ദുവും

ചെറുപ്പത്തില്‍ അച്ഛനും അമ്മയും അമ്മമ്മയുമെല്ലാം എനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്നു. മത്സരങ്ങള്‍ക്ക് അച്ഛനായിരുന്നു കൃതികള്‍ തെരഞ്ഞെടുത്ത് തന്നിരുന്നത്. അമ്മ നന്നായി കഥ പറയും. അമ്മമ്മ ചന്ദുവിന് കഥ പറഞ്ഞുകൊടുക്കുന്ന ഒരു വീഡിയോ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. കഥയോടും കവിതയോടുമെല്ലാം എനിക്ക് താല്‍പര്യമുണ്ടാകുന്നതില്‍ അവരെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. 

ചെറുപ്പത്തില്‍ നല്ല വായനാശീലമുണ്ടായിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുത്തായി വായന. എം.ടി. സാറിന്റെ ആരാധികയാണ് ഞാന്‍. അച്ഛന്‍ വായിക്കാന്‍ തന്നിരുന്നതില്‍ അധികവും എം.ടി. വാസുദേവന്‍ നായരുടെ കൃതികളാണ്. കാലം, രണ്ടാമൂഴം എന്നിവയെല്ലാം എനിക്കിഷ്ടമാണ്. അടുത്തിടെ വായിച്ച പുസ്തകങ്ങളില്‍ സക്കറിയയുടെ 'പറക്കും സ്ത്രീ' എന്ന കഥാസമാഹാരം എനിക്കൊരുപാട് ഇഷ്ടമായി. 

വിപ്ലവവീര്യമുള്ള റാപ്പെഴുത്തുകള്‍ 

പിന്നണിഗാനരംഗത്തേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സ്വന്തമായി റാപ്പെഴുതി അവതരിപ്പിച്ചപ്പോള്‍ കിട്ടിയ സ്വീകാര്യത വലുതായിരുന്നു. 2014- ലാണ് സിനിമയില്‍ ആദ്യമായി പാടുന്നത്. പക്ഷേ 2020- ല്‍ എന്റെ റാപ്പ് സോങ് വന്നതിനുശേഷമാണ് ആളുകളെന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. ആ തുടക്കംതന്ന ആത്മവിശ്വാസം വലുതാണ്. അതിലെനിക്ക് ഒരുപാട് അഭിമാനമുണ്ട്.

അപ്രതീക്ഷിതമായാണ് പ്രശാന്ത് നീലിന്റെ 'സലാര്‍' എന്ന ചിത്രത്തില്‍ പാടാനുള്ള അവസരം വന്നുചേര്‍ന്നത്. അത് നല്ലൊരനുഭവമായിരുന്നു. 

വായനയും കവിതകളും പഴയ പാട്ടുകളുമെല്ലാം റാപ്പ് സോങ്ങുകള്‍ എഴുതാന്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പഴയ ധാരാളം പാട്ടുകള്‍ പഠിച്ചിട്ടുള്ളതുകൊണ്ട് പദസമ്പത്തിന് യാതൊരു പഞ്ഞവുമില്ല. അച്ഛനും അമ്മയും പഴയപാട്ടുകള്‍ ഒരുപാട് കേള്‍ക്കുന്നവരായതുകൊണ്ട് ഞാനറിയാതെ പാട്ടുകള്‍ പലതും എന്റെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ട്. മറ്റൊന്ന് അച്ഛന്റെ സംസാരമാണ്. അദ്ദേഹം സാധാരണമായി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ വാക്കുകള്‍ കിട്ടും. അവര്‍ രണ്ടുപേരും അക്ഷരസ്ഫുടതയുടെ കാര്യത്തില്‍ വളരെ കാര്‍ക്കശ്യക്കാരാണ്. അതുകൊണ്ടുതന്നെ എനിക്കുമത് ശീലമായി. 

എനിക്കുണ്ടായ അനുഭവങ്ങള്‍, ആളുകള്‍ എന്നോട് പറഞ്ഞ അവരുടെ അനുഭവങ്ങള്‍, നിലവിലെ സാമൂഹ്യസാഹചര്യം എന്നിവയെല്ലാമാണ് എന്റെ പാട്ടെഴുത്തിന് വിഷയങ്ങളാകാറുള്ളത്. അക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്ത് നടക്കുന്നുണ്ടാകും എന്നാല്‍ പാട്ടുകളുണ്ടാകണമെന്നില്ല. അങ്ങനെയാണ് ഞാന്‍ ഓരോ റാപ്പും ചെയ്യാറുള്ളത്. റാപ്പ് ആണെങ്കിലും കവിതകളാണെങ്കിലും അത് രണ്ടും വിവിധ തലമുറകളിലേക്ക് എത്തുന്നു. രണ്ടിനും രണ്ട് പ്രേക്ഷക സമൂഹമാണ് എന്നതാണ് ഒരു സത്യം. പഴമയും പുതുമയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. പഴമയെ നിരസിക്കുകയോ പുതുമയെ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നില്ല.

റാപ്പ് ചെയ്യാന്‍ വേദിയില്‍ കയറുമ്പോഴും മകനോടൊപ്പം സമയം ചെലവഴിക്കുമ്പോഴും ഞാന്‍ രണ്ടാണ്. അതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയില്ല. എന്റെ ജീവിതത്തില്‍ രണ്ട് രീതിയില്‍ ഞാന്‍ ഇടപെടേണ്ട രണ്ടിടങ്ങളാണത്. ചന്ദുവിന് അവന്റെ അമ്മ കവിത ചൊല്ലിക്കൊടുക്കുമ്പോള്‍ എനിക്ക് അവനോടുള്ള സ്‌നേഹവും വാത്സല്യവുമെല്ലാം ഇഴിച്ചേര്‍ന്നതാണത്. അവന് ഭക്ഷണം നല്‍കുമ്പോഴും കവിത ചൊല്ലിക്കൊടുക്കുമ്പോഴുമെല്ലാം എന്നെ പൂര്‍ണമായും ഞാന്‍ സമര്‍പ്പിക്കുകയാണ്. 

ഇതേ സമര്‍പ്പണംതന്നെയാണ് സ്റ്റേജിലും ഞാന്‍ നല്‍കുന്നത്. വിപ്ലവ കവിതകളുടെ സ്വഭാവമാണ് എന്റെ എഴുത്തിന്. ഇതെല്ലാം ഞാന്‍ തുല്യമായ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. ഒരെണ്ണത്തില്‍ ഒതുങ്ങിപ്പോകാതെ കഴിയുന്ന കാര്യങ്ങള്‍ സന്തുലിതമായി ചെയ്യുക എന്നുള്ളതാണ് എന്റെയും ആഗ്രഹം. അത് സ്‌നേഹത്തോടെ മാന്യമായി അവതരിപ്പിക്കുക എന്ന ചിന്ത എന്നിലുണ്ട്. ഞാന്‍ പാടുന്നതും എഴുതുന്നതും ഒരു സന്ദേശമായി മാറുന്നത് എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല. അങ്ങനെയൊന്നും ആലോചിച്ചിട്ടല്ല മോന്റെ വീഡിയോ എടുത്തതും പോസ്റ്റ് ചെയ്തതുമൊന്നും. കുറേപേരെ അത് നല്ലരീതിയില്‍ സ്വാധീനിച്ചത് ഈശ്വരാധീനമാണെന്ന് എനിക്ക് തോന്നുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളോടും വ്‌ളോഗുകളോടുമുള്ള ആളുകളുടെ തുറന്നുള്ള നല്ല കമന്റുകള്‍ കാണുമ്പോള്‍ അതൊരു മോട്ടിവേഷനാണ്.

സര്‍വ്വം സംഗീതമയം 

എന്റെ ജീവിതവുമായി അത്രമേല്‍ ചേര്‍ന്നുകിടക്കുന്നത് സംഗീതം തന്നെയാണ്. ചൊല്ലി പോസ്റ്റ് ചെയ്ത മിക്ക കവിതകളും ഞാന്‍ സ്വയം ട്യൂണ്‍ ചെയ്തതാണ്. സംഗീതത്തില്‍ നിന്ന് ഏത് തരത്തിലുള്ള ജോണര്‍ ചെയ്യാനും എനിക്കിഷ്ടമാണ്. സംഗീതത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. 

അച്ഛന്‍-മകള്‍ കോംമ്പോ

പണ്ടുമുതലേ അച്ഛന്‍ പറയുമായിരുന്നു നമുക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാമെന്ന്. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ മുഴുവനായും സംഗീതത്തിലേക്ക് വന്നത്. അതുവരെ പഠനവും ജോലിയുമൊക്കെയായി തിരക്കിലായി. ഈ കഴിഞ്ഞ വിഷുവിന് ഞാനും അച്ഛനുംകൂടി ഒരു വിഷുപ്പാട്ടെഴുതി- പൊന്‍കിങ്ങിണി. അങ്ങനെ ഒരുമിച്ച് ഒരു വര്‍ക്കുചെയ്ത സന്തോഷത്തിലാണ്. 

placeholder
ഇന്ദുലേഖ കുടുംബത്തോടൊപ്പം | ഫോട്ടോ: വൈശാഖ് ശിവന്‍

എഴുത്തിനോടും പാട്ടിനോടുമെല്ലാം ഒപ്പം എന്റെ ജീവിതം മുന്നോട്ട് പോകുന്നതില്‍ കുടുംബത്തിന്റെ പിന്തുണ വലുതാണ്. ഭര്‍ത്താവ് ആനന്ദിനൊപ്പം എറണാകുളത്താണ് ഇപ്പോള്‍ താമസം. ഞാന്‍ റെക്കോഡിങിനു പോകുമ്പോഴെല്ലാം ആനന്ദ് വീട്ടിലെ കാര്യങ്ങള്‍ നോക്കും. അല്ലാത്തപ്പോള്‍ ഞാനും. ഞാന്‍ ഒന്നിന്റേയും പിറകെ ധൃതിപിടിച്ച് ഓടാറില്ല. ഇനിയും നല്ല കണ്ടന്റുകളെല്ലാം ചെയ്യണം. അതിനായി എന്നെത്തന്നെ സ്‌ട്രെസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. 

പുസ്തകച്ചങ്ങാത്തം

മോന്‍ ഇപ്പോള്‍ വായനയോട് കാണിക്കുന്ന താല്‍പര്യം അങ്ങനെത്തന്നെ തുടരണേ, പുസ്തകങ്ങളില്‍ നിന്നും അവന്‍ അകലാതിരിക്കട്ടെ എന്നുള്ളതാണ് എന്റെ പ്രാര്‍ത്ഥന. ടി.വി. കണ്ടുകൊണ്ടിരിക്കുകയാണെങ്കിലും പുതിയ പുസ്തകം വന്നിട്ടുണ്ട് വാ വായിക്കാം എന്ന് പറഞ്ഞ് വിളിച്ചാല്‍ അവന്‍ വരും. ഈ പ്രായത്തില്‍ കഴിവതും വായിച്ചുകൊടുക്കുക എന്നുള്ളതാണ് നമുക്ക് ചെയ്തുകൊടുക്കാനാകുക. കുട്ടികളിലെ ഭാവനയെ പരിപോഷിപ്പിക്കാന്‍ പുസ്തകങ്ങള്‍ സഹായിക്കും. അവര്‍ എന്തായിത്തീരണമെന്ന ആഗ്രഹങ്ങളൊക്കെ സ്വയം തോന്നിത്തുടങ്ങും. വായിക്കുന്ന കാര്യങ്ങള്‍ അവരെ സ്വാധീനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വായനയില്‍ നിന്ന് അവന്‍ അകലാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കും. 

എന്നെപ്പോലെ ആനന്ദിനും ചെറുപ്പത്തിലേ വായനാശീലമുണ്ടായിരുന്നു. മോന് പുസ്തകത്തോടുള്ള താല്‍പര്യത്തിന് പിന്നില്‍ ഇക്കാരണവുമുണ്ടാകാമെന്ന് തോന്നുന്നു. 

കുട്ടികളിലെ ഫോണ്‍ ഉപയോഗം 

പലപ്പോഴും ഓരോരുത്തരുടെയും സാഹചര്യങ്ങളാണ് അവരെ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഒരു പിന്തുണയ്ക്കാനോ സഹായിക്കാനോ ആരുമില്ലാതെ 12 മണിക്കൂറെല്ലാം ജോലി ചെയ്ത് വീട്ടിലേക്കെത്തുന്ന ഒരമ്മയ്‌ക്കോ അച്ഛനോ അവരുടെ കുട്ടിയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളുടെ കൈയില്‍ ഫോണ്‍ നല്‍കി അവര്‍ക്ക് ഭക്ഷണം നല്‍കാനും മറ്റും അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. 

ആരെയും അക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഞാന്‍ മുഴുവന്‍ സമയജോലിക്ക് പോകുന്ന ഒരാളായിരുന്നുവെങ്കില്‍ എനിക്ക് ഇതുപോലെ എന്റെ കുട്ടിക്ക് പാട്ട് പാടാനോ കഥ പറഞ്ഞുകൊടുക്കാനോ കഴിയുമായിരുന്നില്ല. കഴിവതും ഏത് സാഹചര്യത്തിലും കുട്ടികളോടൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ് എന്നെനിക്ക് തോന്നുന്നു.