വര്‍ഷങ്ങളായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തുന്ന എഴുത്തുകാരനാണ് ഡോ. പി.കെ. പോക്കര്‍. ഓരോവര്‍ഷവും മേളയുടെ വളര്‍ച്ചയും ജാനബാഹുല്യവും വിലയിരുത്തുകയാണദ്ദേഹം. കോഴിക്കോട് സര്‍വകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത അദ്ദേഹം നിലവില്‍ മലയാളം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഡീന്‍ ആണ്. ഇംഗ്‌ളീഷ്, മലയാളം ഭാഷകളിലായി ഒട്ടേറെ കൃതികളുടെ കര്‍ത്താവുകൂടിയാണ് ഡോ. പി.കെ. പോക്കര്‍.
ഷാര്‍ജ പുസ്തകമേളയുടെ വളര്‍ച്ചയെ എങ്ങനെ കാണുന്നു
- വായനയുടെ വിശാലതയാണ് ഷാര്‍ജ പുസ്തകമേള ഓരോവര്‍ഷവും ലോകത്തെ ബോധ്യപ്പെടുത്തുന്നത്. ആഗോള വായനയുടെ വളര്‍ച്ചയും ഷാര്‍ജയിലെ മേളയില്‍ പ്രകടമാണ്. വായനയെ അത്രയും സ്‌നേഹിക്കുന്ന ഭരണാധികാരികള്‍ക്കുമാത്രമേ വായനോത്സവം ഇത്രയും ആഘോഷമാക്കിമാറ്റാന്‍ സാധിക്കുകയുള്ളൂ. വായനയുടെ വളര്‍ച്ചയ്ക്കായി ദശലക്ഷക്കണക്കിന് ദിര്‍ഹം ഓരോവര്‍ഷവും എമിറേറ്റ് ചെലവഴിക്കുന്നു. മേളയിലെത്തുന്ന ആയിരക്കണക്കിന് പ്രസാധകര്‍ക്കും വില്‍പ്പനയുടെ ചരിത്രമാണ് പറയാനുള്ളത്. ലോകത്തിലെ മറ്റുമേളകളില്‍നിന്ന് ഷാര്‍ജമേളയെ വ്യത്യസ്തമാക്കുന്നത് ജനപങ്കാളിത്തമാണ്. മറ്റുരാജ്യങ്ങളിലെ മേളകളില്‍ എഴുത്തുകാരും പ്രസാധകരും മാത്രമായി ഒതുങ്ങുന്നതും കാണാം. മലയാളംമാത്രമല്ല അറബിക് ഭാഷയുള്‍പ്പെടെ വായനക്കാര്‍ സ്വീകരിക്കുന്നു. സമൂഹത്തിലെ നാനാമേഖലകളില്‍നിന്ന് വായനയെ തേടിയെത്തുന്ന കാഴ്ചയാണ് ഷാര്‍ജയില്‍ കാണാന്‍സാധിക്കുന്നത്. പ്രാദേശിക പങ്കാളിത്തവും വലുതാണ്.
മേളയിലെ മലയാള വായനയെക്കുറിച്ച്
-മലയാളത്തില്‍നിന്ന് കൂടുതല്‍ പ്രകാശനങ്ങള്‍ എഴുത്തിലും വായനയിലും പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പ്രവാസലോകത്ത് എഴുത്തില്‍ പുതിയ വെളിച്ചങ്ങളാണ് നിരന്തരം പിറവികൊള്ളുന്നത്. മഹാഭൂരിപക്ഷം മനുഷ്യരും മേളയില്‍ പങ്കാളിത്തം വഹിക്കുന്നത് ജനാധിപത്യപരമായി നേട്ടമാണെന്ന് വിലയിരുത്താം. എല്ലാപുസ്തകങ്ങളും എല്ലാക്കാലത്തും ഒരേപോലെ വായിക്കപ്പെടണമെന്നില്ല. അതൊക്കെ ഓരോരാളുടെ ഇഷ്ടമനുസരിച്ചായിരിക്കും. പ്രമേയത്തിന്റെ അടിസ്ഥാനത്തിലും വായന മലയാളത്തിലും മാറുന്നതുകാണാം. സാംസ്‌കാരിക ആഘോഷമായി ഷാര്‍ജയിലെ മേള മലയാളികളും കൊണ്ടാടുന്നത് അഭിമാനവും സന്തോഷവുമാണ്. പ്രാദേശിക സങ്കുചിതത്വമോ വിവേചനമോ ഷാര്‍ജയിലെ മേളയില്‍ കാണാനില്ല. മലയാളി കുടുംബങ്ങള്‍ ഇത്രയധികം കേരളത്തിലെ മേളയില്‍പ്പോലും കാണാനില്ലെന്നതാണ് ഷാര്‍ജമേളയുടെ പ്രത്യേകത. ഓരോമേളയിലും പ്രവാസിമലയാളി എഴുത്തുകാരുടെ ഏറ്റവുംമികച്ച സൃഷ്ടികളാണുണ്ടാവുന്നത്. അതുകൊണ്ടുകൂടിയാണ് മലയാളികള്‍ യഥാര്‍ഥത്തില്‍ ഷാര്‍ജ പുസ്തകമേള ആഘോഷമാക്കുന്നുവെന്നും പറയുന്നത്.
വായന കുതിക്കുകയല്ലേ
- സംശയമില്ല, വായന കിതപ്പറിയാതെ കുതിക്കുകയാണ് എന്നുപറയുന്നതാവും ശരി. അച്ചടിമാധ്യമങ്ങള്‍ക്ക് വലിയതോതില്‍ കുറവുവന്നിട്ടുണ്ടെന്നത് നേരാണ്. എന്നാല്‍ 'ഇ-വായന' വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ മൊബൈലിലോ ടാബിലോ ഏതില്‍ വായിക്കുന്നുവെന്നതല്ല, അയാള്‍ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ് കാണേണ്ടത്. കേരളത്തില്‍ ഗ്രന്ഥശാലകളും ഒട്ടേറെയാണ്. ഗ്രാമീണ വായനശാലകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുമുണ്ട്, സമാനമായി നഗരപ്രദേശങ്ങളിലും വായന കൂടുതല്‍ സജീവമായി. വെറുതെ വായിച്ചുപോവുകയല്ല, വായിച്ച കൃതികള്‍ ആബാലവൃദ്ധം ജനങ്ങളും ചര്‍ച്ചചെയ്യുകയുമാണ്. പുസ്തകങ്ങള്‍ വീടുകളിലെത്തിച്ചുനല്‍കാനും വായനപ്രേമികളുണ്ട്. കഥയും കവിതയുമെന്നുവേണ്ട ഏതൊരു സാഹിത്യവും ജനം ഏറ്റെടുക്കുന്നുണ്ട്. എന്റെ ചെറുപ്പകാലത്ത് സ്വന്തം ഗ്രാമത്തില്‍ കേവലം അഞ്ച് വര്‍ത്തമാന പത്രങ്ങളായിരുന്നു ആളുകള്‍ വീടുകളില്‍ വരുത്തിച്ചത്. ഇന്ന് അതേഗ്രാമത്തില്‍ ആയിരക്കണക്കിന് പത്രങ്ങളാണ് ആളുകള്‍ വാങ്ങി വായിക്കുന്നത്. സമാനമായി ഇ-പത്രങ്ങളും വര്‍ധിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം മാറുന്നെങ്കിലും വായന വര്‍ധിക്കുകതന്നെ. ഗൗരവമേറിയ വായനകളാണുണ്ടാവുന്നത്.
മലയാളത്തിലെ പുതിയ എഴുത്തുകളെക്കുറിച്ച്
-ഏറ്റവുംമികച്ച രചനകളാണ് മലയാളത്തില്‍ പിറന്നുകൊണ്ടിരിക്കുന്നത്. നവീന ആശയങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ വായനക്കാരിലെത്തിക്കുകയാണ് എഴുത്തുകാര്‍. പുതിയ എഴുത്തുകാരില്‍ പ്രതീക്ഷ നല്‍കുന്നവരാണേറെയും. കാമ്പുള്ള എഴുത്തുകള്‍ നിരന്തരം മലയാളത്തിലുണ്ടാവുന്നുവെന്നത് ചെറിയ കാര്യമല്ല. ഓരോ പുസ്തകവും കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിയുന്ന കാലംകൂടിയാണിത്. സാഹിത്യരചനകള്‍ സൂക്ഷ്മതയോടെ, കൈയൊതുക്കത്തോടെ വായനക്കാര്‍ക്ക് സമ്മാനിക്കുകയാണ് മലയാളി എഴുത്തുകാര്‍.
Content Highlights: sharjah international book fair dr pk pocker interview
Published: 09 Nov 2024, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented