കെ. സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. അധ്യക്ഷന്റെ ഒരു ടേം മൂന്നുവര്‍ഷമാണ്. സച്ചിദാനന്ദന്റെ സമീപകാലത്തെ നിലപാടുകള്‍ നോക്കുകയാണെങ്കില്‍, സച്ചിദാനന്ദവിരുദ്ധപക്ഷം എന്നൊന്നുള്ളവര്‍ക്ക്, ഭരണപക്ഷവിരുദ്ധം എന്ന് വിലയിരുത്താവുന്നതാണ്. കക്ഷിരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നിടത്ത് എഴുത്തുകാര്‍ക്ക് എന്തുകാര്യം? തിരഞ്ഞെടുപ്പുകളില്‍ എഴുത്തുകാര്‍ പരസ്യമായി നിലപാട് അറിയിക്കുമ്പോള്‍ ഇടിഞ്ഞുവീഴുമോ സാംസ്‌കാരികത? മലയാളസാഹിത്യത്തിലെ തലമുതിര്‍ന്ന കവി ചോദ്യങ്ങളോട് പ്രതികരിക്കുന്നു. 

To advertise here,

ഈയിടെയായി സമരപിന്തുണ നിലപാടുകള്‍ കൊണ്ട് നിറയുകയാണ് താങ്കളുടെ സാംസ്‌കാരിക ജീവിതം. അതും ഇടതുപക്ഷഭരണം ഏല്‍പിച്ച സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്. വിലക്കുകള്‍ക്ക് അതീതമാണ് താങ്കൾ  എന്നാണോ അതോ താങ്കള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ഞങ്ങള്‍ അറിയാതെപോകുന്നതാണോ.

 ഞാന്‍ അക്കാദമിയുടെ അധ്യക്ഷനാകാന്‍ ക്യൂ നില്‍ക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ആഗ്രഹിക്കുക പോലുമോ ചെയ്തിട്ടില്ല. പാര്‍ട്ടിയിൽ എനിക്ക് വ്യക്തിപരമായ അടുപ്പമുള്ള രണ്ടുപേര്‍ ആവശ്യപ്പെട്ടപ്പോള്‍ മടിച്ചു മടിച്ചു സമ്മതിച്ചതാണ്. അപ്പോള്‍ തന്നെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു: ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, അംഗം ആകാന്‍ ഉദ്ദേശിക്കുന്നുമില്ല. എന്റെ നിലപാടുകള്‍ എപ്പോഴും സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ നിലപാടുകള്‍ ആകണമെന്നില്ല. 'അതറിയാം' എന്ന് സുഹൃത്ത് പറഞ്ഞ ശേഷമാണ്, ആലോചിക്കാനും സമയം എടുത്ത ശേഷമാണ്, ഞാന്‍ ഈ ചുമതല (പദവിയോ, സ്ഥാനമോ, അധികാരമോ അല്ല) ഏറ്റത്. എന്റെ ജോലി ഇന്നോളം, സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്ന്, കഴിയുന്നത്ര നന്നായി ചെയ്തിട്ടുണ്ട്. അക്കാദമിയില്‍ ആദ്യമായി LGBTQI എഴുത്തുകാരുടെ സമ്മേളനം, സ്ത്രീകള്‍ക്കായി രണ്ടു ക്യാമ്പുകള്‍, ഒറ്റ എഴുത്തുകാര്‍ അവരുടെ രചനാലോകത്തെക്കുറിച്ചു സംസാരിക്കുകയും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കുകയും ചെയ്യുന്ന 'എന്റെ രചനാലോകങ്ങള്‍' എന്ന പരിപാടികളുടെ പരമ്പര, അതിനെ തുടര്‍ന്ന് നല്ല വായനക്കാര്‍ സംസാരിക്കുന്ന 'എന്റെ വായനാലോകം' എന്ന മറ്റൊരു പരമ്പര, കേരളത്തില്‍ സംസാരിക്കുന്ന ഭാഷകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബഹുഭാഷാ സമ്മേളനം, ലോകത്തിന്റെ പല ഭാഗത്തുനിന്നുമായി 500 എഴുത്തുകാര്‍ പങ്കെടുത്ത, നാലു വേദികളില്‍ ഒരേ സമയം ആറു ദിവസമായി നടന്ന അന്തര്‍ദേശീയ സാഹിത്യോത്സവം, ധാരാളം പുസ്തകങ്ങളുടെ പ്രസിദ്ധീകരണം (വിശേഷിച്ചും അച്ചടിയില്‍ ഇല്ലാത്ത പ്രധാന എഴുത്തുകാരുടെ കൃതികള്‍), പുസ്തകങ്ങളുടെ നിരന്തരമായ ഡിജിറ്റൈസേഷന്‍- പതിവുള്ള ക്യാമ്പുകള്‍, അനുസ്മരണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ കൂടാതെ അങ്ങിനെ പലതും ഓഫീസിന്റെയും കമ്മിറ്റികളുടെയും സഹകരണത്തോടെ ചെയ്യാന്‍ കഴിഞ്ഞു. അതിന് എന്റെ കേന്ദ്ര സാഹിത്യ അക്കാദമിയിലെ പ്രവര്‍ത്തനപരിചയം സഹായകവുമായി. ഇതുവരെ ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. കാലാവധിയായ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ തുടരുന്നു എന്നത് തന്നെ അതിനു തെളിവാണ്. ഇപ്പോഴും പോകാന്‍ തയ്യാറുമാണ്.

ഗ്രോ വാസു തന്റെ 97-ാം വയസ്സില്‍ സമരക്കിടപ്പ് നടത്തുമ്പോള്‍ സച്ചിദാ പ്രതികരിക്കുന്നു, അധികാരത്തോട് കലഹിക്കുന്നു. സാഹിത്യം ഒരു സ്വതന്ത്രപ്രവര്‍ത്തനമാണെന്നും അധികാരം ഏല്‍പിച്ച കസേരകള്‍ക്ക് അതിനെ തളച്ചിടാനാവില്ലെന്നും  വിളിച്ചുപറയുകയാണ്. 'അസ്വസ്ഥതകളുടെ സ്വരങ്ങള്‍' മുകളില്‍ നിന്നും കേള്‍ക്കുന്നുണ്ടാവില്ലേ.

അത് എനിക്ക് അറിയില്ല. എന്നോട് ആരും ഒന്നും തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല. അത്രയും ജനാധിപത്യബോധം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട് എന്നത് ആശ്വാസകരമാണ്. പിറുപിറുപ്പുകള്‍ ഉണ്ടാകാം. പക്ഷേ, നാം മലബാര്‍ കലാപത്തിന്റെയും കമ്മ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെയും കാലം മുതല്‍ ഫ്യൂഡലിസത്തെ കടപുഴക്കിയല്ലോ. അപ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഉടമയും അടിമയും ഉണ്ടാവുക വയ്യ. പിന്നെ ഈ സൈബര്‍ ജനാധിപത്യകാലത്ത് കേള്‍ക്കുന്ന ശകാരങ്ങള്‍, അതിലൊന്നും കാര്യമില്ലെങ്കില്‍ അവഗണിക്കാന്‍ എന്നേ ശീലിച്ചുകഴിഞ്ഞു. അല്ലെങ്കില്‍ വലതുപക്ഷ സൈബര്‍ പോരാളികള്‍ എന്നെ പണ്ടേ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുമായിരുന്നല്ലോ - പ്രളയകാലത്ത് എന്റെയും മറ്റു വിമര്‍ശകരുടെയും ഫോട്ടോ ഉള്ള പോസ്റ്റര്‍ പ്രചരിപ്പിച്ച് (നല്ല കൂട്ടുകാരോടൊപ്പം ആയിരുന്നു ഞാനും- സാറാ ജോസഫ്, സക്കറിയ.. അങ്ങിനെ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍) ഞങ്ങളെ കണ്ടാല്‍ വെള്ളത്തില്‍ തള്ളിയിട്ട് മുക്കിക്കൊല്ലണം എന്ന് പറഞ്ഞവരാണ് അവര്‍. എഴുത്തുകാര്‍ എന്നും ഒരു 'സൗവര്‍ണ്ണപ്രതിപക്ഷം' ആണെന്ന് വൈലോപ്പിള്ളിയ്‌ക്കൊപ്പം വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. എഴുത്തുകാര്‍ നിര്‍ഭയമായി സത്യം വിളിച്ചു പറയുകയും ദുര്‍ബ്ബലരുടെ കൂടെ നില്‍ക്കുകയും ചെയ്തില്ലെങ്കില്‍ മറ്റാരാണ് ഉണ്ടാവുക?

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് സാംസ്‌കാരിക നേതൃത്വത്തിന്റെ പിന്തുണയാണ് താങ്കൾ അവര്‍ക്കുവേണ്ടി സംസാരിക്കുന്നു എന്നത്. എന്നിട്ടും അക്കാദമി അധ്യക്ഷസ്ഥാനത്തുതന്നെയിരിക്കുന്നു എന്നതിലാണ് അതിശയം.

എന്റെ നല്ല മിത്രങ്ങള്‍ ഞാന്‍ തുടരണം എന്ന് പറയുന്നു, വിമര്‍ശകര്‍ ഞാന്‍ ഇങ്ങിനെ ഒരു നിലപാട് എടുത്ത സ്ഥിതിക്ക് രാജിവെക്കണം എന്ന് പറയുന്നു. രാജിവെയ്ക്കണം എന്ന് പറയുന്നവര്‍ രണ്ടു തരക്കാര്‍ ആണ്: ഒന്ന്, ഞാന്‍ അക്കാദമി അദ്ധ്യക്ഷന്‍ ആയതില്‍ അസ്വസ്ഥത ഉള്ളവര്‍, മറ്റൊന്ന്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ജന്മിത്തകാലത്തെപ്പോലെ അടിമകള്‍ ആയിരിക്കണം എന്ന് വിശ്വസിക്കുന്നവര്‍. ഇവരില്‍ ജനാധിപത്യബോധം അല്‍പ്പം പോലുമില്ല. ഇടതുപക്ഷത്തിനു ആഭ്യന്തരവിമര്‍ശനം സാദ്ധ്യമാണ്, ആവശ്യവുമാണ് എന്ന ബോധ്യവും ഇല്ല. പ്രച്ഛന്നവലതുപക്ഷം ആണ് അവര്‍. ഇടതുപക്ഷ നിലപാട് എന്നാല്‍ കീഴാളരോട് സഹഭാവമുള്ള നിലപാട് എന്നാണര്‍ത്ഥം. അതുകൊണ്ട് തന്നെ അവരുടെ സമരങ്ങളുടെ കൂടെ നില്‍ക്കുക എന്നും. അങ്ങിനെയാണ് ഞാന്‍ ആശാവര്‍ക്കര്‍മാരുടെയും ആദിവാസികളുടെയും സമരത്തെ പിന്തുണയ്ക്കുന്നത്. മുന്‍പ് ആദിവാസികള്‍ നടത്തിയ സമരത്തിലും ഞാന്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ കര്‍ഷകസമരത്തിലും ഷഹീന്‍ ബാഗിലും സംസാരിച്ചിട്ടുമുണ്ട് . ഇതിലൊന്നും ഒരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല. എന്നും ഞാന്‍ വലതുപക്ഷത്തിനു എതിരായിരുന്നു; മരിക്കുവോളം, അഥവാ അവര്‍ കൊല്ലുവോളം, ആയിരിക്കുകയും ചെയ്യും. കീഴാള സമരങ്ങളെ, പിന്തുണയ്ക്കുകയും ചെയ്യും. INTUC- AITUC സമരപ്പന്തലുകളിലും ചെന്നു പ്രസംഗിക്കുമായിരുന്ന എ.കെ.ജി. നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചത് അതാണ്. 

 സമരക്കാര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ സമരത്തിലെ രാഷ്ട്രീയ അജണ്ടകളെ എഴുത്തുകാര്‍ എങ്ങനെയാണ് നോക്കിക്കാണേണ്ടത്.

 ആശാസമരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, 
1.അത് ദുര്‍ബ്ബല വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകളുടെ സമരമാണ് 
2. അവരുടെ ഓണറേറിയം തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ ആണ്. 
3. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ജീവിതനിലവാരവും അതുകൊണ്ട് തന്നെ ചെലവും കൂടുതല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം 
4. ഇത്തരം ആവശ്യങ്ങള്‍ക്കായി CITU ഉള്‍പ്പെടെയുള്ള സംഘടനകള്‍ മറ്റു സംസ്ഥാനങ്ങളില്‍ സമരം ചെയ്യുന്നുണ്ട്. 
5.വോളന്ററി ജോലിക്കാര്‍ എന്ന് പറയുന്നുവെങ്കിലും കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്ക് അവരുടെ സംഭാവന നിസ്തുലമാണ്, അവരുടെ ജോലിസമയവും സ്ഥിരം ജീവനക്കാരെക്കാള്‍ ഒട്ടും കുറവല്ല. ഞാന്‍ ശിബ്ദാസ് ഘോഷിന്റെ അനുയായിയൊന്നുമല്ല. എന്നാല്‍ SUCI ഒരു ഇടതുപക്ഷ സംഘടന ആണെന്ന് അറിയാത്തവര്‍ ഇല്ല. അവരെ വലതുപക്ഷത്തേയ്ക്ക് കൊണ്ടുപോകാന്‍ ഇടതുപക്ഷം കാരണമാകരുത്. (ഇടതുപക്ഷ സര്‍ക്കാരിനെ വീഴ്ത്താന്‍ മാത്രമൊന്നും ബലം ആ കൊച്ചു സംഘത്തിനില്ല.) ഇടതുപക്ഷത്തിനു തുടര്‍ഭരണം കൊണ്ടുവന്ന ഭീകരമായ അപചയം ആണ്-  അഴിമതി മുതല്‍ ബൂത്ത്പിടിത്തം വരെ- ആ വീഴ്ചയ്ക്ക് പിന്നില്‍ എന്ന് ബംഗാളിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാം. ഇതിനര്‍ത്ഥം ചിലര്‍ മുന്‍പ് വ്യാഖ്യാനിച്ച പോലെ തുടര്‍ഭരണം പാടില്ല എന്നല്ല,  ജാഗ്രത കൂടുതല്‍ വേണം എന്നാണ്- കാരണം സ്വാര്‍ത്ഥമോഹികളും അധികാരമോഹികളും കൂടുതലായി പാര്‍ട്ടിയില്‍, അഥവാ മുന്നണിയില്‍, കടന്നു കയറും. 

അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി എം. സ്വരാജിനുവേണ്ടിയും താങ്കൾ  സംസാരിക്കുന്നു. ആര്യാടന്‍ ഷൗക്കത്തും ഒരുനിലയില്‍ എഴുത്തുകാരനാണ്. 

ഇന്ത്യാ സഖ്യം രൂപംകൊണ്ട കാലത്ത് ഞാന്‍ വ്യക്തമാക്കിയിരുന്നു: ഞാന്‍ ഇന്ത്യാ സഖ്യത്തിന്റെ കൂടെ ആണ്. എന്നാല്‍ തീര്‍ത്തും വിചിത്രമായ  വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു നാടായി ഞാന്‍ കരുതുന്ന കേരളത്തില്‍ ഇപ്പോഴും അത് ഒരു സങ്കല്പം എന്ന രൂപത്തിലെങ്കിലും നിലവില്‍ വന്നിട്ടില്ല. അപ്പോള്‍ വ്യക്തികള്‍ പ്രധാനമാകുന്നു. സ്വരാജ് ഒരു നല്ല വായനക്കാരനും സാഹിത്യാസ്വാദകനും മാന്യനും എന്ന നിലയില്‍ എനിക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥി ആണ്. (ഡല്‍ഹിയില്‍ വെച്ച് ബി.ജെ.പി യെ ഒഴിച്ചുനിര്‍ത്തി മറ്റുള്ളവരില്‍ സ്വീകാര്യര്‍ എന്ന് തോന്നിയവര്‍ക്കാണ് ഞാന്‍ വോട്ടു ചെയ്തിരുന്നത്- അവസാനം രാജ്‌മോഹന്‍ ഗാന്ധിക്ക്) ഷൗക്കത്തുമായാണ് കൂടുതല്‍ പരിചയം. സ്വരാജിനെ നേരിട്ട് കണ്ടതുപോലും ഓര്‍ക്കുന്നില്ല. പ്രത്യയശാസ്ത്രപരമായി എനിക്ക് അഭിമതനായ സ്വരാജ് ജയിക്കണം എന്നതിന്റെ കൂടെ തിരഞ്ഞെടുപ്പിന് ശേഷം ആര് ജയിച്ചാലും ജയിച്ചയാള്‍ ഇന്ത്യാ സഖ്യത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഹിന്ദുത്വവാദികളോട് പൊരുതണം എന്നും ഞാന്‍ എഴുതിയിരുന്നു. 

താങ്കളുടെ ആദ്യകാലം പുരോഗമന സാഹിത്യവും വിപ്ലവവും നിറഞ്ഞതായിരുന്നുവല്ലോ.

ക്ഷമിക്കുക. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ ആദ്യകാലം ആധുനിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. എന്റെ ആദ്യപുസ്തകം ആധുനിക കവിതകളുടെ പഠനങ്ങളാണ് ('കുരുക്ഷേത്രം'). പിന്നെ  കേരളത്തിലെ ജനകീയസാംസ്‌കാരികവേദിയോട് സഹകരിച്ചു, എന്നാല്‍ അത് ഏകപക്ഷീയമായിരുന്നില്ല- ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളുമായും ഞാന്‍ സഹകരിച്ചിരുന്നു. 

സാംസ്‌കാരികവേദിയുടെ  കാലം കേരളത്തില്‍ ജീവൽസാഹിത്യ കാലത്തിനുശേഷം ഏറ്റവും വലിയ ഉണര്‍ച്ചയുടെ കാലമായിരുന്നു. നാടകങ്ങള്‍ (മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, സുരാസു, കെ. ജെ. ബേബി- എന്റെയും ചിലത് ഉണ്ടായിരുന്നു), കവിയരങ്ങുകള്‍ (കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ ജി ശങ്കരപ്പിള്ള, ഡി വിനയചന്ദ്രന്‍, എന്നെപ്പോലുള്ള പലരും), സജീവമായ ചര്‍ച്ചകള്‍, പൊതുയോഗങ്ങള്‍ ഇവ കൊണ്ട് സമൃദ്ധമായ കാലം. പിന്നെ അങ്ങിനെ ഒരു ഋതു ഉണ്ടായിട്ടില്ല. എന്നാല്‍ മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാര്‍ട്ടിയുമായി എനിക്ക് പലപ്പോഴും യോജിക്കാന്‍ ആയില്ല. അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു കൊതുകിനെ പോലും കൊല്ലാന്‍ കഴിയാത്ത എനിക്ക് മനുഷ്യരെ കൊല്ലുന്നതിനോട്- അവര്‍ എത്ര നീചരായാലും- യോജിക്കാന്‍ കഴിയില്ലായിരുന്നു. ആ പാര്‍ട്ടിയെ ഭരിച്ച സ്റ്റാലിനിസ്റ്റ് സമ്പ്രദായങ്ങളോടും യോജിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ എനിക്ക് നന്നായറിയാം, അത് ഒരു കാല്‍പ്പനിക സ്വപ്നം ആയിരുന്നു എന്ന്- ഇന്ത്യയുടെ സങ്കീര്‍ണ്ണത, ബഹുസ്വരത, ജാതി-വര്‍ണ്ണ വ്യവസ്ഥ ഇവയെ ഒന്നും മനസ്സിലാക്കാതെ ആത്മാര്‍ത്ഥത മാത്രം കൈമുതലായി പിറ്റേന്നു വിപ്ലവം വരും എന്ന പ്രതീക്ഷയില്‍ ചാടിപ്പുറപ്പെട്ട യുവാക്കളുടെ പ്രസ്ഥാനമായിരുന്നു അത്. വളരെ വേഗം വേദിയും പാര്‍ട്ടിയും തെറ്റിപ്പിരിഞ്ഞത്  സ്വാഭാവികം; പിന്നെ പാര്‍ട്ടിയും പിളര്‍ന്നു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സോഷ്യലിസം മാത്രമേ നമുക്കു മുന്നില്‍ സാദ്ധ്യമായ വഴിയായി ഉള്ളൂ. അതിനു പാര്‍ട്ടികള്‍ സ്റ്റാലിനിസം ഉപേക്ഷിക്കണം, ജനാധിപത്യത്തെ, ഒരു നിവൃത്തികേടായല്ല, അനിവാര്യതയായി അംഗീകരിക്കണം. ഇന്ത്യാസഖ്യത്തെ ഞാന്‍ കാണുന്നത് അങ്ങിനെ ഒന്നിലേയ്ക്കുള്ള വഴി കൂടി ആയാണ്, വെറും തിരഞ്ഞെടുപ്പുതന്ത്രമായി അല്ല. ഇന്ന് എന്റെ രാഷ്ട്രീയം വലതുപക്ഷത്തിനു തികച്ചും എതിരായ ഇടത്ജനാധിപത്യ രാഷ്ട്രീയമാണ്. എന്റെ കവിതയുടെ അടിയിലും ആ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്- രാഷ്ട്രീയ കവിതകളില്‍ എങ്കിലും. അത് പരിസ്ഥിതി- ലിംഗ-പീഡിത-ന്യൂനപക്ഷ- ദളിത രാഷ്ട്രീയമെല്ലാം ഉള്‍ക്കൊള്ളുന്നു. എഴുത്തുകാരന് ഒരു പാര്‍ട്ടി ആവശ്യമാണെന്ന് ഒരു കാലത്തും ഞാന്‍ വിശ്വസിച്ചിട്ടില്ല, ഒരു ദര്‍ശനം- vision- ആണ് ആവശ്യം. ബുദ്ധനും ക്രിസ്തുവിനും മാര്‍ക്‌സിനും ഗാന്ധിക്കും നെഹ്രുവിനും അംബേദ്കര്‍ക്കും ശ്രീനാരായണ ഗുരുവിനും എല്ലാം അതില്‍ സ്ഥാനം ഉണ്ടാവും. 

മനുഷ്യരുടെ സമരങ്ങള്‍ താങ്കളെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്താണ് 'നീതി' എന്നത്. സമരങ്ങള്‍ക്ക് ഈ നീതിയെ എത്രകണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയും? ഒറ്റപ്പെട്ടതും എതിര്‍പ്പില്‍ മുങ്ങിപ്പോകുന്നതുമാണ് പലപ്പോഴും എഴുത്തുകാരുടെ പ്രതിഷേധശബ്ദങ്ങള്‍ എന്നുതോന്നിയിട്ടുണ്ടോ.

 'നീതി' എന്നത് നിയമത്തിനും മുന്നേ നടക്കുന്ന -നിയമങ്ങളെ നിരന്തരം തിരുത്തി വളരുന്ന- ഒരു ബോധമാണ്. ബുദ്ധന്റെ കരുണ എന്ന സങ്കല്‍പ്പത്തില്‍ അതിനെ ഒതുക്കാനാവില്ല. അതിനേക്കാള്‍ ക്രിസ്തുവിന്റെ കലാപബോധത്തോടാണ് അതിന് അടുപ്പം; മാര്‍ക്‌സും ക്രിസ്തുവിനാല്‍- ക്രിസ്തുമതത്താല്‍ അല്ല- പ്രചോദിതന്‍ ആയിരുന്നിരിക്കാം, ഹാര്‍ട്ട്, നെഗ്രി തുടങ്ങിയ പുതിയ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ ക്രിസ്ത്യന്‍ നൈതികതയെയും സ്‌നേഹത്തെയും മാര്‍ക്‌സിസ്റ്റ് സങ്കല്‍പ്പനങ്ങളുമായി ചേര്‍ത്തുവെയ്ക്കുന്നുണ്ടല്ലോ. എഴുത്തുകാരുടെ ശബ്ദങ്ങള്‍ കൂടുതല്‍ ഒറ്റപ്പെട്ടുവരുന്ന ഒരു കാലത്താണ് ഇന്ത്യയും ലോകവും. പക്ഷേ, പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതാണ് ഞങ്ങളുടെ ധര്‍മ്മം. ഇരുണ്ട കാലത്തും പ്രത്യാശയുടെ ഉണര്‍ത്തുന്ന പാട്ടുകള്‍ പാടുകയും.

 നിലപാടുകള്‍ക്കുമേല്‍ അധികാരത്തിന്റെ സെന്‍സറിങ് വന്നുപതിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ? അങ്ങനെയൊരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാറുണ്ടോ.

എത്രയോ കുറി. സാംസ്‌കാരികവേദിയുടെ കാലത്ത് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ രണ്ടു പോലീസ് സ്റ്റേഷനുകളില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു, കഴുത്തില്‍ കുറ്റവാളിയുടെ ബാഡ്ജ് തൂക്കി ഫോട്ടോ എടുത്തു, ഒരു സി.ഐ.ഡി. എന്റെ വീടിനുപടിക്കല്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ബി.ജെ.പി ഭരണം വന്നശേഷം മൂന്ന് തവണ എന്റെ ഫെയ്​സ്ബുക്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു, എന്റെ പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് കാണാതാക്കി. എല്ലാ ദിവസവും എന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു സൈബര്‍ സംഘികള്‍ എന്നെ അവര്‍ക്കറിയാവുന്ന ഒരേയൊരു ഭാഷയില്‍- അശ്ലീലഭാഷയില്‍- ശകാരിക്കുന്നു. ഏതു നിമിഷവും ഞാന്‍ ഇ.ഡിയുടെയോ ക്രൈം ബ്രാഞ്ചിന്റെയോ പിടിയില്‍ ആകാം, ജയിലില്‍ അടയ്ക്കപ്പെടാം.  

പ്രായം, അനുഭവം, പരിചയം... സമരമോ ജയില്‍വാസമോ പുത്തരിയല്ലാത്ത സച്ചിദായുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ മറികടക്കുന്ന ഓര്‍മകളെക്കുറിച്ച്.

 ആത്മകഥ എഴുതാന്‍ പല പ്രസാധകരും പ്രേരിപ്പിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ അത് ഉണ്ടാവില്ല. ഒന്ന്, എനിക്കു കാലക്രമത്തിലുള്ള ഓര്‍മ്മകള്‍ ഇല്ല, ഞാന്‍ ഡയറി ഒന്നും വെച്ചിട്ടില്ല. രണ്ട്, അതിലെ സത്യങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിക്കും, തുറന്നു കാട്ടും. അപ്പോള്‍ ചിലത് മാത്രം ചിലപ്പോള്‍ എഴുതുന്നു. വയസ്സാകുമ്പോള്‍ കുട്ടിക്കാലം തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഇപ്പോള്‍ എന്റെ ദര്‍ശനം എനിക്ക് വ്യക്തമാണ്, ഒട്ടും ചിന്താക്കുഴപ്പം ഇല്ല. ഭാവനയ്ക്കും ഭാഷയ്ക്കും തെല്ലും മങ്ങല്‍ ഏറ്റിട്ടില്ല. അത് പോരേ, ഒരു വര്‍ഷത്തില്‍ 80 തികയാന്‍ പോകുന്ന ഒരു എഴുത്തുകാരന്?