
എന്നോടും എന്റെ ഭര്‍ത്താവിനോടും വാസ്വേട്ടന്റെ 'സിതാര'യിലേക്ക് വരണമെന്ന വിളിവന്നു. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ വിശദമായി പറഞ്ഞു. വാസ്വേട്ടന്‍ എഴുതിയ കുട്ട്യേടത്തി എന്ന കഥ സിനിമയാക്കുകയാണെന്നും അതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും കേട്ടപ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി.
എം.ടി. വാസുദേവന്‍ നായരുടെ 'കുട്ട്യേടത്തി' സിനിമയായി പുറത്തിറങ്ങിയത് 1971 -ലാണ്. എം.ടി. തന്നെ സംഭാഷണം രചിച്ച സിനിമ പി.എന്‍. മേനോനാണ് സംവിധാനം ചെയ്തത്. നായികാകഥാപാത്രത്തെക്കുറിച്ചുള്ള പതിവുധാരണകളെ തട്ടിത്തെറിപ്പിച്ചാണ് 'കുട്ട്യേടത്തി'യിലെ മാളുട്ടി സ്‌ക്രീനില്‍ തെളിഞ്ഞത്. ധൈര്യശാലിയും എന്നാല്‍, നിസ്സഹായയുമായ ആ കഥാപാത്രത്തിന് ജീവന്‍കൊടുത്തത് അന്ന് നാടകരംഗത്ത് സജീവമായിരുന്ന കലാകാരി കോഴിക്കോട് വിലാസിനിയായിരുന്നു. എം.ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ നായികയായെത്തിയ 'കുട്ട്യേടത്തി' വിലാസിനി അന്നത്തെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു;
'കുട്ട്യേടത്തി'യിലെത്തിയത് അപ്രതീക്ഷിതമായായിരുന്നു. മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന രാഘവേട്ടനാണ് എനിക്ക് 'കുട്ട്യേടത്തി' സിനിമയിലേക്കുള്ള വഴി തുറന്നു തന്നതെന്ന് പറയാം. അമേച്വര്‍ നാടകംവഴിയാണ് രാഘവേട്ടനെ പരിചയപ്പെട്ടത്. മാതൃഭൂമിയുടെ വാര്‍ഷികത്തിന് ഞങ്ങള്‍ അമേച്വര്‍ നാടകം കളിച്ചിരുന്നു. നാടകത്തിന്റെ റിഹേഴ്‌സല്‍ സമയത്ത് വാസ്വേട്ടന്‍ (എം.ടി. വാസുദേവന്‍ നായര്‍) വന്ന് അതിലെ തെറ്റുകളുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുമായിരുന്നു. അങ്ങനെ രാഘവേട്ടന്‍ വഴി വാസ്വേട്ടനെ എനിക്ക് പരിചയമായി.
രാഘവേട്ടന്‍ മേക്കപ്പ്മാൻ കൂടിയായിരുന്നു. എന്നെ മോളെ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഒരിക്കല്‍ രാഘവേട്ടന്‍ പറഞ്ഞു: 'മോളെ നിനക്ക് ഹീറോയിനായി അഭിനയിക്കാന്‍ നല്ലൊരു ചാന്‍സ് വരുന്നുണ്ട്'. 'ഞാന്‍ ഹീറോയിന്‍ ആയി അഭിനയിക്കാനോ? എനിക്ക് രണ്ട് മക്കളില്ലേ രാഘവേട്ടാ' എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. അന്നത്തെ കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ സൗന്ദര്യം കൂടിയേ തീരൂ. അതുകൊണ്ടാണ് എനിക്കങ്ങനെ ചോദിക്കാന്‍ തോന്നിയത്. ഞാന്‍ സിനിമയിലെത്തുമെന്ന് സ്വപ്നത്തില്‍കൂടി വിചാരിച്ചിട്ടില്ലായിരുന്നു. ഒന്നുരണ്ട് മാസം കഴിഞ്ഞപ്പോള്‍ 'മോളെ തന്നെയാണ് അവര്‍ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന്' രാഘവേട്ടന്‍ പറയുകയായിരുന്നു.
എം.ടിയുടെ ഫോണ്‍ കോള്‍
അന്ന് ഞാന്‍ കെ.ടി. മുഹമ്മദിന്റെ നാടകട്രൂപ്പായ സംഗമം തിയ്യറ്ററില്‍ അഭിനയിക്കുകയാണ്. അപ്പോഴാണ് 'കുട്ട്യേടത്തി'യിലേക്കുള്ള അവസരം വരുന്നത്. മുമ്പേ ഞാന്‍ അഞ്ചാറ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍. പാലാട്ട് കോമന്‍, തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍, ആൽമരം, കടല്‍പ്പാലം എന്നിവയിലെല്ലാം.
ഒരു ദിവസം ടൗണ്‍ ഹാളില്‍ കെ.ടി. രവിയുടെ നാടകമുണ്ടായിരുന്നു- എം.എല്‍.എ. എന്നായിരുന്നു അതിന്റെ പേര്. ആ നാടകത്തില്‍ ഒരു ഭ്രാന്തിയുടെ കഥാപാത്രമായാണ് ഞാന്‍ അഭിനയിച്ചത്. നാടകം കഴിഞ്ഞ് മേക്കപ്പ് തുടയ്ക്കാന്‍ നേരം ഗ്രീന്‍ റൂമിലേക്ക് വന്ന രാഘവേട്ടന്‍ 'മോളെ, നിന്നെ കാണാന്‍ രണ്ട് പേര്‍ വന്നിട്ടുണ്ടെന്ന്' പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ വാസ്വേട്ടനും സംവിധായകന്‍ പി.എന്‍. മേനോനും. നാടകം നന്നായിട്ടുണ്ടെന്നും നല്ല അഭിനയമെന്നും അവര്‍ അഭിപ്രായം പറഞ്ഞു. അപ്പോഴൊന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്ന ഉറപ്പൊന്നും എനിക്കുണ്ടായില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഓഫീസിലെ നമ്പറിലേക്ക് രാഘവേട്ടന്‍ വിളിച്ചു പറഞ്ഞു; 'എന്നോടും എന്റെ ഭര്‍ത്താവിനോടും വാസ്വേട്ടന്റെ വീട്ടിലേക്ക് (സിതാര) വരണമെന്ന് വാസ്വേട്ടന്‍ അറിയിച്ചിട്ടുണ്ടെന്ന്'.

അങ്ങനെ ഞങ്ങള്‍ വാസ്വേട്ടന്റെ വീട്ടിലേക്ക് ചെന്നു. അദ്ദേഹം എഴുതിയ 'കുട്ട്യേടത്തി' എന്ന കഥ സിനിമയാക്കുകയാണെന്നും അതിലെ പ്രധാന കഥാപാത്രമായി അഭിനയിക്കാന്‍ എന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പറഞ്ഞു. 'വിലാസിനിയുടെ കൂടെ അഭിനയിക്കുന്നത് സത്യനാണ്' എന്നുകേട്ടപ്പോള്‍ ഞാനാകെ ഞെട്ടിപ്പോയി.' സത്യന്‍ സാര്‍ അന്ന് ചെത്തിനടക്കുന്ന കാലമാണ്. എന്നെപ്പോലെ ഒരാളുടെ നായകനായി അദ്ദേഹം വരുന്നത് എനിക്ക് ആലോചിക്കാന്‍കൂടി കഴിയില്ലായിരുന്നു.
കാര്യങ്ങളെല്ലാം വിശദീകരിച്ച ശേഷം വാസ്വേട്ടന്‍ എനിക്ക് സിനിമയുടെ അഡ്വാന്‍സും തന്നു- 110 രൂപ. ആ പണമെടുത്ത് ഞാനൊരു സാരി വാങ്ങി. ഡ്രസ്സിനോട് എനിക്ക് വലിയ കമ്പമായിരുന്നു. അന്നത്തെ ഫാഷനുള്ള സാരിയായിരുന്നു അത്. അതിപ്പോഴും ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. എന്റെ പേരക്കുട്ടികളോട് ഞാന്‍ പറയാറുണ്ട്- മരിച്ചുകഴിഞ്ഞാല്‍ എന്നെ ആ അതെടുത്ത് പുതപ്പിക്കണമെന്ന്.
ഷൂട്ടിങ്
ഷൂട്ടിങ്ങിന്റെ തിയ്യതി തീരുമാനിച്ച് ഞങ്ങള്‍ എല്ലാവരും കോഴിക്കോട്ടുനിന്ന് പുറപ്പെട്ടു. ഷൊര്‍ണൂരിലായിരുന്നു താമസം. ഷൂട്ട് നടന്നത് എടപ്പാളിലും. വാസ്വേട്ടന്‍ ഒരു ദിവസമേ ഷൂട്ടിങ്ങിന് ഉണ്ടായിരുന്നുള്ളു. പിന്നീട് വരുന്നത് ഷൂട്ടിങിന്റെ അവസാനിക്കുന്നതിന്റെ തലേദിവസമാണ്. സിനിമാ ഷൂട്ടിങ്ങിനിടെ അഭിപ്രായം പറയാനൊന്നും അദ്ദേഹം വന്നിരുന്നില്ല. പി.എന്‍. മേനോന്‍ സാര്‍ നന്നായി സിനിമ ചെയ്തുകൊള്ളും എന്ന് വാസ്വേട്ടന്‍ വിശ്വസിച്ചുകാണണം.
ആകെ പതിനഞ്ച് ദിവസമായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. സത്യന്‍ സാര്‍ പത്ത് ദിവസം കഴിഞ്ഞാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന് അഞ്ചു ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളു. സാറിന് സുഖമില്ലാതിരുന്ന സമയമായിരുന്നു അത്. എന്നിട്ടും ഡ്യൂപ്പിനെ വെച്ച് അഭിനയിക്കാനൊന്നും കൂട്ടാക്കാതെ സാര്‍ അതിലെ വേഷം ഭംഗിയാക്കി. അതേക്കുറിച്ച് പിന്നീട് ഞാന്‍ വിശദമായി പറയാം.
മാളുട്ടി എന്ന തന്റേടിയായ കഥാപാത്രം
മാളുട്ടിയുടെ കഥാപാത്രത്തിന് 'ആണുങ്ങളുടെ സ്വഭാവ'മായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ചെകിട്ടത്ത് അടിക്കുന്ന സ്വഭാവം. എല്ലാവരാലും വെറുക്കപ്പെട്ട്, അവഗണന മാത്രം അനുഭവിച്ച് ജീവിക്കുന്ന മാളുവിന്റെ ഏക ആശ്വാസം തന്നിഷ്ടംപോലെ തൊടിയില്‍ അലഞ്ഞും മരത്തില്‍ കയറിയുമെല്ലാമുള്ള നടത്തമാണ്. എല്ലാവരില്‍നിന്നും സ്‌നേഹമാഗ്രഹിക്കുന്ന മാളുവിന് സ്വന്തം വീട്ടില്‍നിന്നുമേല്‍ക്കുന്നത് ശാപവാക്കുകളുടെ ശരമാണ്. അനിയന്‍ വാസുമാത്രമാണ് അവന്റെ 'കുട്ട്യേടത്തി'യുടെ സുഹൃത്ത്. വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള കഥാപാത്രമായിരുന്നു 'കുട്ട്യേടത്തി'യിലേത്. അത് ഇഷ്ടത്തോടെ ചെയ്യാനും കഴിഞ്ഞു.
ആ സിനിമ ഒരു പാഠപുസ്തകം
സത്യന്‍ സാര്‍, ഫിലോമിനേടത്തി, ശാന്തേടത്തി, ജയഭാരതി, എസ്.പി. പിള്ള, ബാലന്‍ കെ. നായര്‍, നിലമ്പൂര്‍ ബാലന്‍, ജേസി എന്നിവര്‍ 'കുട്ട്യേടത്തി' സിനിമയിലുണ്ടായിരുന്നു. നാടകത്തില്‍ സജീവമായിരുന്നെങ്കിലും ഇവരോടൊപ്പമുള്ള സിനിമാനുഭവം ഞാന്‍ ഒരിക്കലും മറക്കില്ല. മാളുട്ടിയായി അഭിനയിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്. ഷൂട്ട് ചെയ്യുമ്പോള്‍ ഒര്‍ജിനാലിറ്റി വേണമെന്ന് വലിയ നിര്‍ബന്ധമായിരുന്നു സംവിധായകന്‍ പി.എന്‍. മേനോന്‍ സാറിന്. അടിക്കാന്‍ പറഞ്ഞാല്‍ അടിക്കുകതന്നെ വേണം.

ഫയല്‍ ഫോട്ടോ: മാതൃഭൂമി
ഈ സിനിമയില്‍ റീടേക്കില്ലാതെയായിരുന്നു ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്നത്. എന്നാല്‍, ഇടയ്ക്ക് ഒരു രംഗം വീണ്ടുമെടുക്കേണ്ടി വന്നു. വൃത്തിയില്ലാത്ത, ആരേയും അനുസരിക്കാത്ത, സൗന്ദര്യമില്ലാത്ത മാളൂട്ടി മരം കേറിയും പറമ്പ് മുഴുവന്‍ നടക്കുന്നവളുമായിരുന്നല്ലോ. വാസൂട്ടിക്കൊപ്പം മാങ്ങ പറിക്കാനായി മരത്തില്‍ കയറണമായിരുന്നു. 'മാവില്‍ കയറാന്‍ വിലാസിനിക്ക് ഏണി എടുത്ത് കൊടുക്ക്' എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍, 'ഏണിയൊന്നും വേണ്ട സാറേ, ഞാന്‍ തന്നെ കയറിക്കോളാം' എന്ന് ഞാന്‍ പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. എന്റെ വീട്ടില്‍നിന്ന് ഞാന്‍ മരം കയറുന്നതിന് എന്റെയമ്മ എന്നെ ഒരുപാട് വഴക്കുപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ സാഹസം മാളുവിനെപ്പോലെ എനിക്കും എളുപ്പമായിരുന്നു.
അങ്ങനെ, മാളുട്ടി മരത്തില്‍ കയറി മാങ്ങ പറിച്ചിടുന്നത് കാണുന്ന പപ്പ്വേട്ടന്റെ (കുതിരവട്ടം പപ്പു) കഥാപാത്രം; 'പെണ്ണ് മരം കേറി'യെന്ന് ഉറക്കെ വിളിച്ചുപറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന രംഗമായിരുന്നു എനിക്ക് റീടേക്ക് എടുക്കേണ്ടി വന്നത്. മാളൂട്ടിയെ കളിയാക്കികൊണ്ട് പപ്പ്വേട്ടന്‍ അലറുമ്പോള്‍ മരത്തില്‍നിന്ന് ചാടിയിറങ്ങി ഞാന്‍ തല്ലണം. 'അവന്റെ ചെകിട്ടത്ത് അടിക്കണമെന്നാണ്' പി.എന്‍. മേനോന്‍ സാര്‍ പറഞ്ഞുതന്നത്. പപ്പ്വേട്ടന്‍ എന്നെ ചെറുപ്പം മുതലേ അറിയുന്നൊരാളായിരുന്നു. ഒരു മണിക്കൂറില്‍ ഒരു നാടകമുണ്ടാക്കി കാര്‍ണിവലില്‍ കളിക്കുകയൊക്കെ ചെയ്യുമായിരുന്നു ഞങ്ങള്‍. അത്രയ്ക്കടുപ്പമുള്ള ആളെയാണ് തല്ലേണ്ടത്. ദൈവമേ എങ്ങനെ ആ മുഖത്തടിക്കുമെന്നായി എന്റെ മനസ്സില്‍. ഞാനാകെ കുഴങ്ങി.
ഷൂട്ട് തുടങ്ങി. ഞാന്‍ മരത്തില്‍നിന്ന് ചാടി, നാടകത്തിന്റെ സ്റ്റൈലില്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന പോലെ കാണിച്ചു. അപ്പോള്‍ പി.എന്‍. സാറ് ദേഷ്യപ്പെട്ടു. ശരിക്കും അടിക്കാന്‍ പറഞ്ഞു. രണ്ടാമതും ഞാന്‍ ചാടി, അടിച്ചില്ല. അപ്പോഴും എന്നെ വഴക്കുപറഞ്ഞു. ആ സമയത്ത് സംവിധായകന്‍ പറയുന്നത് അനുസരിക്കാന്‍ എനിക്കാകെ ഭയമായിരുന്നു. തൊട്ടുമുന്നിലുള്ളത് പപ്പ്വേട്ടനാണ്. അടുത്ത തവണ ഞാന്‍ ശരിക്കും അടിച്ചു. അദ്ദേഹത്തിന്റെ മുഖമാകെ ചുവന്നു. മറക്കാനാകില്ല അത്.
സത്യന്‍ സാറിനെക്കുറിച്ച് നേരത്തെ പറഞ്ഞുവെച്ചല്ലോ. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പോകുന്നുവെന്ന കാര്യം എനിക്ക് വലിയ അമ്പരപ്പായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും അദ്ദേഹം ആ സിനിമയിലെ വേഷത്തെ മനോഹരമായി അവതരിപ്പിച്ചു. സിനിമയില്‍ കാളക്കളി കാണിക്കുന്നുണ്ട്. ആ സീനൊക്കെ അഭിനയിക്കുമ്പോള്‍ 'സത്യന് ഡ്യൂപ്പ് ഇടാം' എന്ന് പി.എന്‍. മോനോന്‍ സാര്‍ പറഞ്ഞു. അതുകേട്ട സത്യന്‍ സാര്‍ സമ്മതിച്ചില്ല. 'അസുഖമല്ലേ' എന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെടുകയും താന്‍തന്നെ ചെയ്യുമെന്ന് പറയുകയും ചെയ്തു.
'കുട്ട്യേടത്തി'ക്കായികൊണ്ട തല്ല്
കുട്ട്യേടത്തി വെറുക്കപ്പെട്ടവളായിരുന്നു. അവളും സത്യന്റെ കഥാപാത്രവും തമ്മില്‍ അടുപ്പമാണെന്ന കിംവദന്തിയില്‍ കലിമൂത്ത് അമ്മയുടെ തല്ല് മുഴുവന്‍ മാളുട്ടി കൊള്ളുന്നുണ്ട്. ആ തല്ലെല്ലാം ഒറിജിനലായിരുന്നു. പല സീനിലും വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. 'കുട്ട്യേടത്തി' കഥയെക്കുറിച്ച് വാസ്വേട്ടന്‍ പറഞ്ഞു തന്നിരുന്നു. ഞാനത് വായിച്ചിരുന്നില്ല. പിന്നീട് സിനിമക്ക് ശേഷമാണ് ആ കഥയടങ്ങിയ പുസ്തകം എന്റെ കൈയില്‍ കിട്ടുന്നതും ഞാനത് വായിക്കുന്നതും.
സിനിമയുടെ അവസാനഭാഗത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. അന്നത്തെ കാലത്ത് ഇന്നത്തെ പോലെയുള്ള കണ്ടുപിടിത്തങ്ങളൊന്നുമില്ലല്ലോ. കഥയില്‍ മാളുട്ടി തൂങ്ങി മരിക്കുകയാണ്. അതഭിനയിക്കുമ്പോള്‍ കൈയും കാലും തൂങ്ങിയാടണം. സംവിധായകന് അതെല്ലാം വളരെ കൃത്യമായിതന്നെ കിട്ടണമായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള് രണ്ട് പ്രാവശ്യം ഓരോ സ്ഥലത്തും എന്നെ തൂക്കിനിര്‍ത്തി. അതൊന്നും ശരിയാകാതെ വന്നപ്പോള്‍ ഒരു പുളി മരത്തില്‍ വണ്ണമുള്ള കയര്‍ കെട്ടി എന്റെ നെഞ്ചിലൂടെയിട്ട് മേലേക്ക് വലിച്ചുതൂക്കി. വേദന സഹിച്ചാണ് ഞാനിരുന്നത്. ഷൂട്ടിങ്ങിന് ശേഷം നോക്കിയപ്പോള്‍ എന്റെ നെഞ്ചില്‍ ചോര കല്ലിച്ച് നില്‍ക്കുകയായിരുന്നു. ഇന്നത്തെ കാലത്താണ് അതെല്ലാമെങ്കില്‍ വല്ല അവാര്‍ഡുകളും കിട്ടും.
പേരും കൈവന്ന പ്രശസ്തിയും
കുട്ട്യേടത്തി എന്ന പേരിലാണ് ഇന്നും ഞാനറിയപ്പെടുന്നത്. സിനിമ കഴിഞ്ഞ് ഞാന്‍ വീണ്ടും നാടകത്തില്‍ സജീവമായി. സിനിമക്ക് മുമ്പ് കോഴിക്കോട് കുറേ അമെച്വര്‍ നാടകങ്ങള്‍ ചെയ്തിരുന്നു. കോഴിക്കോട് വിലാസിനി എന്ന പേരിലാണ് അതിലെല്ലാം അഭിനയിച്ചിരുന്നത്. നോട്ടീസിലെല്ലാം ആ പേരായിരുന്നു. 'കുട്ട്യേടത്തി' സിനിമയില്‍ അഭിനയിച്ച ശേഷം തിരിച്ച് നാടകത്തിലേക്ക് വന്നപ്പോള്‍ എല്ലാവരും 'കുട്ട്യേടത്തി വിലാസിനി' എന്ന് വിളിക്കാന്‍ തുടങ്ങി. അതെങ്ങനെയാണ് ആ പേര് വ്യാപകമായതെന്ന് എനിക്കറിയില്ല. എല്ലാ പത്രത്തിലും 'കുട്ട്യേടത്തി' സിനിമയെക്കുറിച്ച് വാര്‍ത്തയൊക്കെ വന്നിരുന്നു.

ഈ സിനിമ കഴിഞ്ഞ് പെട്ടെന്നാണ് പേര് മാറിയത്. അതെങ്ങനെയെന്ന് എനിക്കുതന്നെ അറിയില്ല. പിന്നെ ടൈറ്റിലായി, നോട്ടീസില്‍ ആ പേരുവന്നു, നാടകക്കാര്‍ അനൗണ്‍സ് ചെയ്യുമ്പോഴും 'കുട്ട്യേടത്തി'യെന്ന് പേരിന് മുന്നില്‍ വന്നു. സംഗമം തിയ്യറ്ററിലും ആ പേരുവന്നു. എന്റെ പേര് വെച്ച് നാടകം ബുക്ക് ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. അന്ന് ഒരു സിനിമ നടി നാടകത്തില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ ഭയങ്കര കാര്യമായിരുന്നു. ഇന്ന് അതിനൊന്നും പ്രസക്തിയില്ല.
അന്ന് കോഴിക്കോട് തിരുത്തിയാട് വിലാസിനി എന്നൊരു കലാകാരിയുണ്ടായിരുന്നു. അവര്‍ പിന്നീട് കോഴിക്കോട് വിലാസിനി എന്ന പേരിലാണ് അറിയപ്പെട്ടത്. എന്റെ പേര് കുട്ട്യേടത്തി വിലാസിനി എന്നും അവരുടെ പേര് പിന്നീട് എന്റെ പഴയ പേരുമായി മാറി.
'കുട്ട്യേടത്തി'യിലെ അഭിനയത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സ്‌പെഷ്യല്‍ അവാര്‍ഡ്. ഡല്‍ഹിയില്‍ വെച്ചായിരുന്നു സമ്മാനദാനച്ചടങ്ങ്. പക്ഷേ, സംവിധായകനും എനിക്കും മാത്രമേ പോകാന്‍ പറ്റുമായിരുന്നുള്ളു. ഇവിടെനിന്ന് ഒറ്റയ്ക്ക് പോകേണ്ടതു കാരണം എനിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പേടിയായിരുന്നു. ആ വലിയ അംഗീകാരം എന്നും മനസ്സിലുണ്ട്.
വര്‍ഷങ്ങളായി, വാസ്വേട്ടനെ കാണണം
'കുട്ട്യേടത്തി'യിലെ എന്റെ അഭിനയത്തെക്കുറിച്ച് അഭിപ്രായമൊന്നും അദ്ദേഹം പറഞ്ഞില്ല. സംഗമം തിയ്യേറ്ററിലായിരുന്നതുകൊണ്ട് പിന്നീട് ഞാന്‍ നാടകത്തിന്റെ തിരക്കുകളിലേക്ക് പോയി. വാസ്വേട്ടന്റെ മറ്റു ചില സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വാരിക്കുഴി, ഋതുഭേദം, സുകൃതം, തീര്‍ത്ഥാടനം എന്നീ പടങ്ങള്‍ ചെയ്തപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നു. സിനിമ കഴിഞ്ഞ് പിന്നെ വാസ്വേട്ടനെ ഞാനധികം കണ്ടിട്ടില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പേപ്പറിന്റെ ആവശ്യത്തിനായി ഞാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. ഫോണിലൂടെ ബന്ധപ്പെടുമ്പോള്‍ വാസ്വേട്ടന്‍ അധികം സംസാരിക്കാറില്ല. അദ്ദേഹത്തെ ഒന്ന് കാണണമെന്നുണ്ട്. കാണാന്‍ കഴിയുമായിരിക്കും.
Content Highlights: M.T.@90, M.T. Vasudevan Nair, Kuttyedathi Vilasini, Interview, Kuttyedathi movie
Published: 24 Jul 2023, 01:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented