
മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റു ആനുകാലികങ്ങളിലും സജീവമായി എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ വി. സുരേഷ്‌കുമാര്‍ കഥയെഴുത്തില്‍നിന്നും നീണ്ടനാളത്തെ മൗനം സ്വീകരിക്കുന്നു. ഇതുവരെ എഴുതിയതിലും കൂടുതലാണെന്നാണ് എഴുത്തില്‍നിന്നും പിന്‍വാങ്ങിയ ആ കാലദൈര്‍ഘ്യം സൂചിപ്പിക്കുന്നത്. ആദ്യകഥാസമാഹാരമായ എഴുത്തുകാരുടെ കപ്പല്‍യാത്ര ഇറങ്ങിയതിനുശേഷം ഏകദേശം പത്തുവര്‍ഷത്തെ പൂര്‍ണനിശബ്ദത.
ഇപ്പോള്‍ വീണ്ടും കഥയെഴുത്തില്‍ സജീവമായിരിക്കുന്നു. രണ്ടാംവരവില്‍ ശക്തമായ കഥകളുടെ തുന്നിക്കൂട്ടുകളുമായാണ് വി. സുരേഷ്‌കുമാറിന്റെ എഴുന്നള്ളിപ്പ്; ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ എന്ന കഥാസമാഹാരത്തിലൂടെ. മലയാളത്തിന്റെ ആല്‍ക്കെമിസ്റ്റാണ് ''ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍' എന്ന് നമ്മെ പഠിപ്പിക്കുന്നു. അനായാസമായ എഴുത്തുശൈലിയിലൂടെ വായനാസമൂഹത്തെ കീഴ്‌പ്പെടുത്തിയ എഴുത്തുകാരന്റെ ഒറ്റപ്പെടലിന്റെ വേദനയും അതില്‍നിന്നുള്ള കുതറിമാറ്റവും മനുഷ്യന്റെ പുതിയ ആകുലതകളും സമൂഹത്തോടുള്ള കാഴ്ചപ്പാടുകളും മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.
വി. സുരേഷ്‌കുമാറിന്റെ കഥകളുടെ ഭൂമിക കണ്ണൂരാണ്. ഒരു ദേശം താങ്കളിലെ കഥാകൃത്തിനെ രൂപപ്പെടുത്തിയതെങ്ങനെയാണ്?
കണ്ണൂരിലെ പട്ടുവത്തിനടുത്തുള്ള പരണൂല്‍ എന്ന സ്ഥലത്താണ് എന്റെ വീട്. പരണൂല്‍ ഒരു ഒറ്റപ്പെട്ട പ്രദേശമാണ്. മൂന്നു ഭാഗത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലം. കുന്നിനു താഴെ വയലാണ്. വയല്‍ കഴിഞ്ഞാല്‍ വെള്ളിക്കീല്‍ പുഴ. പുഴയുടെ ഇപ്പുറത്ത് കൈപ്പാട്, കൈപ്പാടിനിപ്പുറത്ത് വീണ്ടും വയല്‍. വയലിന്റെ കരയില്‍ പത്തന്‍പതു വീട്ടുകാര്‍. ആ ഒരു പ്രദേശത്തിന് ഭയങ്കരമായ സുരക്ഷിതത്വമുണ്ട്. പെട്ടെന്നൊന്നും ആരും നമ്മളെ കാണില്ല. പുറംനാട്ടുകാരാരും ഈ ഒരു ദേശത്തേക്ക് വരില്ല, പേടിച്ചിട്ടാണ്. പണ്ട് ചുറ്റും കാടായിരുന്നു. ഇവിടെയാണ് കുട്ടിക്കാലം മുതലേയുള്ള ജീവിതം.
ചെറുപ്പംതൊട്ടേ ഒറ്റയ്ക്കായിപ്പോയി എന്ന തോന്നല്‍ ഉണ്ടായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായിട്ട് അറിയില്ല. ഒരു കൊള്ളക്കാരനോടും വലിയ എഴുത്തുകാരനോടും എങ്ങനെയാണ് കൊള്ളക്കാരനാകാന്‍ അല്ലെങ്കില്‍ എഴുത്തുകാരനാകാന്‍ ഉണ്ടായ സാഹചര്യം എന്നുചോദിച്ചാല്‍ അവര്‍ക്കും ഇതേ ഉത്തരമായിരിക്കും പറയാന്‍ ഉണ്ടാവുക. ചെറുപ്പത്തിലുള്ള ഏകാന്തത! ഇത് ഒരുപക്ഷേ എല്ലാവരും നേരിടുന്നുണ്ടാകാം. ഒരേസമയം എഴുത്തുകാരനാകാനും കൊള്ളക്കാരനാകാനുമുള്ള ഒരു തലം ഈ ചെറുപ്പത്തിലെ ഒറ്റപ്പെടല്‍ ഒരുക്കിവെക്കുന്നുണ്ട്.
അതില്‍ നിന്നുള്ള മോചനത്തിന് എനിക്ക് ആകെ ചെയ്യാന്‍ കഴിയുന്ന കാര്യം വായിക്കുക എന്നതാണ്. വായന ഒറ്റയ്ക്കിരുന്ന് ചെയ്യേണ്ട പ്രക്രിയയാണ്. നേരേമറിച്ച് കളിക്കണമെങ്കില്‍ ഒരു സംഘത്തിലേക്ക് നമ്മള്‍ ഇറങ്ങണം. അവര്‍ നമ്മെ കളിക്കാന്‍ കൂട്ടണം. ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ വായന അതല്ല. അത് നമ്മുടെ മാത്രം ലോകമാണ്. ആ ലോകത്തില്‍ സന്തോഷിക്കാം, കരയാം, അതിലെ കഥാപാത്രം ഞാനാണെന്ന് കരുതാം... അങ്ങനെ വിശാലമായ തുറസ്സ് വായന തുറന്നിടുന്നുണ്ട്.
തനിച്ചാകുന്നതില്‍ നിന്നുള്ള പോംവഴി വായനയാണെന്ന് മനസ്സിലാക്കിയത് ഏതുവിധമാണ്?
വീട്ടില്‍ അമ്മ നന്നായി വായിക്കുമായിരുന്നു. അച്ഛന്‍ മിലിട്ടറിയിലായിരുന്നു. അച്ഛന്‍ ലീവ് കഴിഞ്ഞു തിരിച്ചുപോയാല്‍ വീട്ടില്‍ ഒരുതരം ഒറ്റപ്പെടലാണ്. അമ്മയാണ് വായനയുടെ വഴിതുറന്നു തന്നത്.
നാട്ടില്‍ വായനശാലയില്ല. അടുത്ത പ്രദേശങ്ങളായ കൂവോട്ടും കയ്യന്തടത്തും മാത്രമേ വായനശാലകള്‍ ഉള്ളൂ. ഞായറാഴ്ചകളില്‍ അവിടെ പോകും. ആദ്യം വായിച്ചിരുന്ന പുസ്തകങ്ങളില്‍ റഷ്യന്‍ ബാലസാഹിത്യങ്ങളായിരുന്നു കൂടുതല്‍. വായന സീരിയസാകുന്നത് പ്രീഡിഗ്രിക്ക് സര്‍ സയ്യദ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. വലിയ ലൈബ്രറി തന്നെയായിരുന്നു അവിടെ. കണ്ടിട്ട് അന്തംവിട്ടു പോയ ലൈബ്രറി! എല്ലാദിവസവും ഒരു പുസ്തകം വായിച്ചു തീര്‍ക്കുക എന്ന സംഗതി തുടങ്ങുന്നത് അവിടെ പഠിക്കുമ്പോഴായിരുന്നു. പഠിക്കുക എന്ന ചിന്ത അന്നില്ല. വായിക്കുക.. വായിക്കുക.. വായിക്കുക..
വായിച്ച്... വായിച്ച്... ആദ്യമായി എഴുതിയ കഥയെക്കുറിച്ച്?
മൂത്തേടത്ത് സ്‌കൂളില്‍ പഠിക്കുന്ന സമയം. യുവജനോത്സവത്തില്‍ കഥാരചനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ ടീച്ചര്‍ പറഞ്ഞു. അന്നത്തെ ടീച്ചര്‍മാരുടെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍ അവര്‍ കണക്കുക്കൂട്ടി വെച്ചിട്ടുണ്ടാകും ആരൊക്കെ കഥ എഴുതാന്‍ പോകണം ആരൊക്കെ കവിത എഴുതാന്‍ പോകണം എന്നത്. അത് മിക്കാവാറും ക്ലാസില്‍ ഉയര്‍ന്നമാര്‍ക്കു നേടുന്ന കുട്ടികളാകും. കഥ എഴുതാന്‍ പോകുന്നതിന് താത്പര്യപ്പെട്ട് ഞാന്‍ എഴുന്നേറ്റു നിന്നപ്പോള്‍, നീ അവിടെ ഇരിക്ക്, നിന്നോടല്ല പറഞ്ഞത് എന്നും പറഞ്ഞ് ടീച്ചര്‍ എന്നെ ഇരുത്തിച്ചു. അന്നു മുതലേ എഴുതിയാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്.
അച്ഛന്‍ ലീവിനു വന്നു കഴിഞ്ഞാല്‍ സിനിമയ്ക്കു കൊണ്ടുപോകുമായിരുന്നു. രണ്ടോമൂന്നോ സിനിമ ഉറപ്പാണ്. അന്ന് നാട്ടില്‍ എല്ലാവരും സിനിമ കാണില്ല. സിനിമ കണ്ടു കഴിഞ്ഞാല്‍ ക്ലാസില്‍ പോയി കൂട്ടുകാരോട് കഥപറയും. നമ്മള്‍ കുട്ടികള്‍ക്ക്, അവരെ വഴക്കു പറഞ്ഞവരേയോ കളിയാക്കുന്നവരേയോ തല്ലാന്‍ ആഗ്രഹമുണ്ടാകും. പക്ഷേ തല്ലാന്‍ കഴിയില്ല. അതാണ് സിനിമയില്‍ നായകനായ മോഹന്‍ലാലോ മമ്മൂട്ടിയോ ചെയ്യുന്നത്. അവരെ പരിഹസിക്കുന്നവരെ, ഉപദ്രവിക്കുന്നവരെ അടിച്ചു തോല്പിക്കുന്നു. അതുകൊണ്ട് തല്ല് വളരെ ഹരമുള്ള സംഗതിയാണ് നമ്മള്‍ കുട്ടികള്‍ക്ക്. അപ്പോള്‍ ഞാന്‍, സിനിമയില്‍ ഒരു സ്റ്റണ്ട് സീനേ ഉള്ളൂവെങ്കില്‍ എണ്ണം കൂട്ടി പറയും. എന്നിട്ട് അതിന് വേറെ കഥയുണ്ടാക്കും. ഇത് കഥകേള്‍ക്കുന്നവര്‍ക്കും വലിയ ഇഷ്ടമാണ്. പിന്നെ അതൊരുഹരമായി മാറി. അങ്ങനെ കഥ വേറൊരാളോട് പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റുമെന്ന ബോധ്യം സ്വയം തോന്നിത്തുടങ്ങി. ഏകദേശം പതിനഞ്ചു വയസ്സാകുമ്പോഴേക്കും കൂട്ടുകാരോട് പറയാന്‍ അമ്പതോളം തിരക്കഥകളെഴുതിയിട്ടുണ്ടാകും.
ആദ്യകഥ എഴുതിയത് എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. വീടിനടുത്ത് കൊല്ലിച്ചാല്‍ എന്ന സ്ഥലമുണ്ട്. മഴപെയ്തുകഴിഞ്ഞാല്‍ അവിടെ വെള്ളച്ചാട്ടം രൂപപ്പെടും. വെള്ളം ഉയരത്തില്‍നിന്നും വീഴുന്നതിന്റെ ഭയങ്കരശബ്ദവും കാടിന്റെ അന്തരീക്ഷവും ഭയത്തിന്റെ രൂപം നമ്മള്‍ കുട്ടികളില്‍ സൃഷ്ടിച്ചിരുന്നു. അവിടെ കൊള്ളക്കാരുണ്ടെന്നും അവര്‍ നമ്മളെ കൊണ്ടുപോയി കൊല്ലുമെന്നുമുള്ള കഥകളൊക്കെ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലായിരുന്നു ആദ്യ കഥ. കാരണം ഈ കഥയിലൂടെ കൊല്ലിച്ചാലിനോടുള്ള എന്റെ ഭയത്തെ മറികടക്കണമെന്ന തോന്നല്‍ തന്നെയായിരുന്നു. കൊല്ലിച്ചാലിനെക്കുറിച്ച് ചെറുപ്പത്തില്‍ കേട്ടതൊക്കെ മുന്‍പ് ആരോ പറഞ്ഞ കഥകളായിരുന്നു. അതിനെ മറികടക്കേണ്ടത് കൊല്ലിച്ചാലിനെക്കുറിച്ച് മറ്റൊരുകഥ എഴുതിക്കൊണ്ടാണെന്ന് എനിക്കുതോന്നി. അവിടെ ഒന്നുമില്ല എന്ന് സ്വയം ബോധിപ്പിക്കാനുള്ള ഒരു ശ്രമം.

കഥയെഴുത്ത് ഗൗരവമായി കണ്ടത് എപ്പോള്‍ മുതല്‍ക്കാണ്?
പഠനം കഴിഞ്ഞ് സാഹിത്യത്തോടു മാത്രമായി താത്പര്യം. തളിപ്പറമ്പ നഗരസഭ ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് എടുത്തു. ഈ സമയത്താണ് അന്നത്തെ പുതിയ എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രന്‍ എന്നിവരെ വായിക്കുന്നത്. പിന്നെ സാഹിത്യക്യാമ്പുകളിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. അങ്ങനെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, സാഹിത്യക്യാമ്പ് നടത്തുന്നു എന്ന വാര്‍ത്ത കണ്ടു. പങ്കെടുക്കുന്നതിനായി 'ലോറി' എന്ന കഥ അയച്ചുകൊടുത്തു. അതില്‍ സെലക്ഷന്‍ കിട്ടി. സെലക്ഷന്‍ കിട്ടുക എന്നത് എന്നെ സംബന്ധിച്ച് വലിയ സംഭവമാണ്. ക്യാമ്പ് നടക്കുന്ന രാത്രിയിലാണ് നമ്മള്‍ അയച്ചു കൊടുത്ത കഥകളുടെ അവലോകനവും അതിന്മേലുള്ള ചര്‍ച്ചയുമൊക്കെ നടക്കുന്നത്. എന്‍. ശശിധരന്‍ മാഷും എന്‍.കെ. മനോഹരേട്ടനുമാണ് ആ സെഷന്‍ കൈകാര്യം ചെയ്തത്. ശശിധരന്‍ മാഷിനെയൊന്നും അന്ന് പരിചയമില്ല. എല്ലാവരേയും പരിചയപ്പെടുന്നതിനു മുന്‍പ്, നമ്മള്‍ നേരത്തേ അയച്ചുകൊടുത്ത കഥകള്‍ കയ്യില്‍ പിടിച്ചുകൊണ്ട്, എന്‍. ശശിധരന്‍ മാഷ് ആരാണ് വി. സുരേഷ്‌കുമാര്‍ എന്ന് ചോദിച്ചു.? അതു കേട്ടപ്പോള്‍ തന്നെ നെഞ്ച് കാളി. എന്തിനാണ് പേര് ചോദിക്കുന്നതെന്നതിന് ഒരു ധാരണയുമില്ല. ഇനി കഥ മോശമായിട്ടാണോ? ഞാന്‍ പേടിച്ച് എഴുന്നേറ്റു. 'ലോറി' എന്ന കഥയില്‍ ലൈംഗികാതിപ്രസരം കൂടുതലാണ്. പക്ഷേ, അതൊരു ഗംഭീര കഥയാണെന്ന് മാഷ് അഭിപ്രായപ്പെട്ടു. ശശിധരന്‍ മാഷിന്റെ ആ വാക്ക് തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. അതിനുശേഷമാണ് മാഷുമായി ആത്മബന്ധം ഉണ്ടാകുന്നത്. പിന്നീട് എഴുത്ത് തുടരാനുള്ള പ്രചോദനവും.
2006-ല്‍ 'വാസ്‌കോഡഗാമയുടെ മൂന്നാമത്തെ വരവും പോക്കും' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു. പിന്നീട് രണ്ടുമൂന്ന് കഥകള്‍ തുടര്‍ച്ചയായി ആഴ്ചപ്പതിപ്പില്‍ വന്നു. കഥകളുടെ സമാഹാരം എഴുത്തുകാരുടെ കപ്പല്‍യാത്ര എന്ന പേരില്‍ പുറത്തിറങ്ങി. പിന്നീട് പത്തുവര്‍ഷക്കാലം ഒന്നും എഴുതിയില്ല. എന്തിനായിരുന്നു ഇത്രയും നീണ്ട മൗനം?
അതൊരു നിര്‍ജീവാവസ്ഥയായിട്ടാണ് എനിക്ക് തോന്നുന്നത്. എഴുതാന്‍ ശ്രമിച്ചു നോക്കിയിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ഈ സമയത്തും ഞാന്‍ പുസ്തകങ്ങളുടെയും വായനക്കാരുടെയും ഇടയിലുണ്ട്; പുസ്തകവില്പനക്കാരനായിട്ടാണെന്നു മാത്രം. പുതിയ കഥകളെപറ്റി ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് കാണുന്നുണ്ട്. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നത് കാണുന്നുണ്ട്. പക്ഷേ എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല. എഴുത്ത് സംഭവിച്ചില്ല.
ഒരേസമയം എഴുത്തുകാരനും പുസ്തകവില്പനക്കാരനുമാണ്. വായനയുടെ പുതിയ പ്രവണതയെ അറിയുന്ന ആളാണ്. അത് എത്രത്തോളം വി. സുരേഷ്‌കുമാര്‍ എന്ന എഴുത്തുകാരനെ സഹായിച്ചിട്ടുണ്ട്?
വായനയുടെ ട്രെന്റിനനുസരിച്ച് എഴുതുക എന്നത് ഒരിക്കലും നടക്കുന്ന സംഗതിയല്ല. നമുക്ക് എഴുതാന്‍ പറ്റുന്ന ആശയം വന്നാല്‍ മാത്രമേ എഴുതാന്‍ കഴിയൂ. എന്റെ കണ്‍മുന്നിലൂടെ ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്ന് 'ആല്‍ക്കെമിസ്റ്റും' രണ്ടാമത്തേത് 'ആടുജീവിത'വുമാണ്. ഇപ്പോഴും ആ പുസ്തകങ്ങള്‍ ഒഴുക്കുമുറിയാതെ വിറ്റുപോകുന്നു. ഇത് നേരത്തേ പറഞ്ഞ ട്രെന്‍ഡിനെ ബ്രേക്ക് ചെയ്യുന്ന സംഗതിയാണ്.
വായനയുടെ ട്രെന്‍ഡ് എന്ന പോലെ എഴുത്തിനും ഒരു ട്രെന്‍ഡ് ഉണ്ട്. ചെറുകഥകളുടെ ദൈര്‍ഘ്യം കൂട്ടുന്നത് സമകാലിക എഴുത്തുകാരുടെ കഥകളുടെ പ്രവണതയാണ്. വി. സുരേഷ്‌കുമാറും ആ പ്രവണതയ്ക്ക് അപവാദമല്ല?
ചെറിയ കഥകളെയാണ് ചെറുകഥ എന്നു പറയുന്നത്. എന്നാല്‍ ഫിക്ഷന്‍ എഴുത്തില്‍ നൂറ്റാണ്ടുകളായി അതിജീവിക്കുന്നത് നോവലുകളാണ്. വായനക്കാരെ ഡിഫൈന്‍ ചെയ്യുമ്പോള്‍ നോവല്‍ വായനക്കാരാണ് യഥാര്‍ഥ വായനക്കാര്‍. അവര്‍ക്ക് ചെറിയ സംഗതികള്‍ക്കൊടുത്താല്‍ മൈന്റു ചെയ്യില്ല. പറയുന്ന കഥ നല്ലതാണെങ്കില്‍ എത്രയും പറയാം. കഥ കൂടുതല്‍ റിയല്‍ ആയിക്കൊണ്ടിരിക്കുകയാണ്. അത് നീളത്തില്‍ എഴുതാന്‍ പറ്റുമെങ്കില്‍ നീളത്തില്‍ എഴുതുക. അതിന് വായനക്കാരുണ്ട്.
ഒറ്റപ്പെട്ടവന്റെ, അരികുവത്കരിക്കപ്പെട്ടവന്റെ, തിരസ്‌കൃതനായവന്റെ ജീവിതങ്ങളാണ് ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ എന്ന കഥാസമാഹാരത്തിലെ കഥകള്‍ പ്രതിനിധാനം ചെയ്യുന്നത്. പക്ഷേ, അവര്‍ ജീവിതത്തെ കൈവെടിയുന്നില്ലെന്നു മാത്രമല്ല. കൂടുതല്‍ ആവേശത്തോടെ അതിനെ ചേര്‍ത്തുപിടിക്കുന്നു. അതിജീവനം തന്നെയാണ് ജീവിതമെന്ന് സ്വരമുതിര്‍ക്കുന്നു?
ഈ കഥകളിലൊക്കെ ഏതൊക്കെയോ അര്‍ഥത്തില്‍ അതിലെ കഥയും കഥാപാത്രങ്ങളും എന്നെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ചെറുപ്പത്തിലേ തെയ്യം ഒരത്ഭുതമാണെനിക്ക്. കണ്ണൂരിന്റെ ഒരു പ്രത്യേകതയായിട്ട് എനിക്ക് തോന്നിയത്, എന്റെ വീട്ടിന്റെ അടുത്തുള്ള കൂട്ടുകാരന്റെ അച്ഛന്‍ തെയ്യം കെട്ടും. അതുവരെ നമ്മളോട് ജീവിതത്തിന്റെ സങ്കടവും വിഷമവും പങ്കിട്ട ആ മനുഷ്യന്‍ പിറ്റേന്ന് തെയ്യമാവുകയാണ്. ജനങ്ങളെല്ലാം അയാളെ തൊഴുതുനില്‍ക്കും. വേറെ എവിടുണ്ട് ഈ സംഗതി. ഇതിന്റകത്ത് ഒരു ഫാന്റസിയുണ്ട്. തെയ്യം പ്രതിനിധാനം ചെയ്യുന്നത് അതിജീവിച്ചവരെയാണ്. നമ്മളും അങ്ങനെയൊക്കെത്തന്നെയാണ്. ദൈവമായി മാറിയ ആളെ ആരാധിക്കുന്നതുപോലെത്തന്നെയാണ് നമ്മളും. ഒരു ദിവസം ആളുകള്‍ നമ്മളെയും ആരാധിക്കും. എല്ലാവരും നമ്മുടെ ഇടത്തേക്ക് വരും. നമ്മളെ അംഗീകരിക്കും. ഒരു കഥ എഴുതുമ്പോഴും ഇതുപോലെ തന്നെയാണ്. അപ്പോള്‍ നമ്മള്‍ ജീവിതത്തെ കൂടുതല്‍ ചേര്‍ത്തുപിടിക്കും.
'നമ്പ്യാര്‍സ് ബ്ലേക്ക് മാജിക്' എന്ന കഥയില്‍, 'തെയ്യം നന്നായാല്‍ കോള് ഉഷാറാക്കാം' എന്ന് അതിലെ കഥാപാത്രമായ വിവേക് നമ്പ്യാര്‍ കോലക്കാരനോട് പറയുന്ന രംഗമുണ്ട്. ഇത് സവര്‍ണതയേയും അധികാരത്തേയും സാമ്പത്തികശ്രേണിയേയും ഒരൊറ്റ സംഭാഷണംകൊണ്ട് വെളിപ്പെടുത്തുന്നു. 'അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം' എന്ന കഥയില്‍, പൊട്ടന്‍ തെയ്യത്തിനെ ആടിക്കുന്നത് ക്ഷേത്രത്തിനു പുറത്തുവെച്ചാണ്. ഇത് തെയ്യങ്ങളിലെ ജാതിശ്രേണിയെ കാണിക്കുന്നു. ഇത്തരം നിരീക്ഷണങ്ങളാണ് വി. സുരേഷ്‌കുമാറിന്റെ കഥകളുടെ രാഷ്ട്രീയം?
തെയ്യം കെട്ടുന്നത് താഴ്ന്നജാതിയില്‍പ്പെട്ട ആളുകളാണ്. അവരാണ് ഒരു ദിവസത്തേക്ക് ദൈവമാകുന്നത്. ഇന്ന് കാവുകളിലും മറ്റും ജാതീയമായ ആഢ്യത്വം കാണാം. തെയ്യം കാണുന്നവര്‍ക്ക് പോലും തെയ്യം കെട്ടിയത് താഴ്ന്നജാതിയില്‍പ്പെട്ട ആളാണെന്ന ഒരു ബോധം വന്നിട്ടുണ്ട്. എന്നിരുന്നാലും തെയ്യം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. ഒരു ജാതിക്കാര്‍ക്കുമാത്രം തെയ്യം കെട്ടിയാടിക്കാന്‍ കഴിയില്ല. തെയ്യം കെട്ടുന്നത് ഒരു ജാതി വിഭാഗമാണെങ്കില്‍ ചെണ്ടകൊട്ടുന്നത് മറ്റൊരു വിഭാഗമായിരിക്കും. അതുപോലെ വെളിച്ചെണ്ണ കൊടുക്കുന്നത് വേറൊരു വിഭാഗം. ഈ വിവിധസമുദായത്തിലുള്ളവര്‍ കാവിന്റെ മുറ്റത്തിരിക്കുമ്പോള്‍ എല്ലാവര്‍ക്കും തുല്ല്യപ്രാധാന്യമായിരിക്കും. അതുകൊണ്ടാണ് തെയ്യാട്ടം എന്നത് ബഹുസ്വരത കെട്ടുപിണഞ്ഞുകിടക്കുന്ന സംഗതിയായി നിലനില്‍ക്കുന്നത്. അതിനെ ഒരു സവര്‍ണ്ണബോധത്തിനും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ല.
പൊട്ടന്‍തെയ്യത്തിന്റെ കാര്യത്തില്‍, എല്ലാ തെയ്യത്തോടും കിടപിടിക്കുന്ന തെയ്യമാണ് പൊട്ടന്‍ തെയ്യം. എന്നാല്‍ അത്രയൊന്നും ആളുകള്‍ കാണാന്‍ ഉണ്ടാകില്ല. പൊട്ടന്‍ തെയ്യം കെട്ടിക്കഴിഞ്ഞാല്‍ മാത്രമേ പൊട്ടന്‍തെയ്യം നടന്നതായി ആളുകള്‍ അറിയുകയുള്ളൂ. മറ്റു തെയ്യങ്ങള്‍ക്ക് വലിയരീതിയിലുള്ള പ്രചരണം കൊടുക്കുമ്പോള്‍ പൊട്ടന്‍ തെയ്യത്തിന് അത് കിട്ടാറില്ല. അതുകൊണ്ടു തന്നെയാണ് കഥയില്‍ ഉള്‍പ്പെടുത്തിയതും. അതുകൂടാതെ, പൊട്ടന്‍ തെയ്യത്തെക്കുറിച്ച് സാധാരണകേട്ട ചരിത്രത്തില്‍ നിന്നുള്ള പൊളിച്ചെഴുത്തും 'അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്നവിധം' എന്ന കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
'ഇന്ത്യന്‍ ഇയര്‍ബുക്ക്'-സമകാലിക രാഷ്ട്രീയസാഹചര്യത്തില്‍ ഉടലെടുത്ത കഥയാണ്. പൗരത്വഭേദഗതി നിയമവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കഥ. എഴുത്തുകാരന് സാമൂഹിക പ്രതിബന്ധത വേണമെന്ന നിര്‍ബന്ധബുദ്ധിയാണോ ഇത്തരമൊരു കഥയ്ക്കു പിന്നില്‍?
എനിക്ക് ഒരു കഥ എഴുതണമെങ്കില്‍ ഒരു മാസം സമയം വേണം. ഇത് ഒക്ടോബറില്‍ എഴുതിയ കഥയാണ്. അന്ന് പൗരത്വബില്ലിനെക്കുറിച്ച് ചര്‍ച്ച നടക്കാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഇതെഴുതാനുള്ള കാരണം ഒരു വാട്‌സാപ്പ് മെസേജാണ്. ബംഗാളില്‍ നിന്ന് ഒരു ബോഗി നിറയെ കള്ളന്മാരും കൊള്ളക്കാരും വരുന്നു, മലയാളികള്‍ സൂക്ഷിക്കുക- എന്നാണ് മെസേജ്. ഇതില്‍ കൃത്യമായ വംശീയതയുണ്ട്. മതത്തിന്റെ അര്‍ഥത്തിലല്ല. ഇതില്‍ മലയാളിയുടെ ബംഗാളില്‍ നിന്നു വരുന്ന തൊഴിലാളിയോടുള്ള സമീപനം വ്യക്തമാണ്. ഇതിന്റെ വിരോധഭാസമെന്താണെന്നു വെച്ചാല്‍ കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യക്തമായ നിലപാട് എടുത്ത സംസ്ഥാനമാണ്. അതേ സംസ്ഥാനത്ത് ജീവിക്കുന്നവര്‍ തന്നെയാണ് ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ജോലി തേടി വരുന്നവരെ ഇത്തരത്തില്‍ കള്ളന്മാരെന്നും കൊള്ളക്കാരെന്നും വിളിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്. നിലവിലെ ജീവിതത്തില്‍ നിന്നും കുറച്ചു കൂടി സമ്പാദിക്കുക, സുരക്ഷിതത്വമുള്ള ജീവിതം ഉണ്ടാക്കുക എന്നീ കാരണങ്ങള്‍ കൊണ്ടായിരിക്കുമല്ലോ നമ്മള്‍ നാട് വിട്ടുപോകുന്നത്. അല്ലാതെ ആര്‍ക്കാണ് സ്വന്തം നാട് ഉപേക്ഷിച്ചു പോകാന്‍ കഴിയുക. കഥ എഴുതി വന്നപ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യവുമായി ബന്ധമുണ്ടായി. അത്രമാത്രം.
Content Highlight: Malayalam Writer V. Sureshkumar Interview
Published: 06 Feb 2020, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented