മലയാളസാഹിത്യത്തിൽ തൻേറതായൊരു തട്ടകം പണിത എഴുത്തുകാരനാണ് കെ.പി രാമനുണ്ണി. സൂഫി പറഞ്ഞ കഥയും ജീവിതത്തിൻെറ പുസ്തകവും ചരമവാർഷികവും ഹൈന്ദവവും വേറിട്ടതാവുന്നത് കൃതികൾ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടാണ്. കഥയെഴുത്തിലെ രാമനുണ്ണി തച്ചിനോടുള്ള യോജിപ്പിനേക്കാളേറെ വിയോജിപ്പാണ് ഈ അഭിമുഖത്തിൻെറ കാതൽ. രാമനുണ്ണിയുടെ ഇടശ്ശേരിക്കാറ് എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തി നടത്തിയ അഭിമുഖം.
കൊച്ചിന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് എക്സലന്‍സിലെ അയ്യപ്പദാസ് എന്ന പോയറ്റ് ഇന്‍ റസിഡന്റ്. നല്ല പദവിയാണ് 'ആസ്ഥാന, അല്ല, അസ്ഥാനകവി'ക്ക് നല്‍കിയത്. എഴുത്തുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'ദാരിദ്ര്യത്താല്‍ പുഴുക്കളായി പുളയുന്ന മനുഷ്യാത്മാക്കളുള്ള അട്ടപ്പാടി'യില്‍ നിന്നും വന്ന കവി അയ്യപ്പദാസ്. സാഹിത്യത്തെ ഒരു പ്രോഡക്ട് ആക്കി മാറ്റുന്ന അക്കാദമിക താല്‍പര്യങ്ങളെ എഴുത്തുകാരന്‍ ഇവിടെ തുറന്നുകാണിച്ചിരിക്കുന്നു. പോയറ്റ് ഇന്‍ റസിഡന്റായി വന്ന അയ്യപ്പദാസിലൂടെ ഒരു യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന തുടരന്‍ സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം.- Chained Stories എന്നു വേണമെങ്കില്‍ പറയാം. സാഹിത്യരംഗത്തെ പുരസ്‌കാര മത്സരങ്ങള്‍ കഴിഞ്ഞ്, കാമ്പസ്സിലെ നായക്കൂട്ടങ്ങളെ താണ്ടി, മരംമുറിയും കിളിക്കൂടുകളും ഉടഞ്ഞ മുട്ടകളും തരണം ചെയ്ത് സാങ്കേതികവത്ക്കരണം മൂലമുണ്ടാകുന്ന തൊഴിലില്ലായ്മ വരെ അയ്യപ്പദാസിന്റെ മാത്രം പ്രശ്നങ്ങളായി എത്തിനില്‍ക്കുന്നു. ജലത്തിന്റെ രൂപം പോലെയാണ് ചിലപ്പോള്‍ താങ്കളുടെ കഥ. എത്തിച്ചേരുന്ന പ്രതലത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കും കഥയും. താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ് കഥ.
വികാരതീവ്രതകളുടെ അനന്തരഫലങ്ങളായാണ് കഥകള്‍ എന്നില്‍ പിറക്കാറുള്ളത്. സ്ത്രീപുരുഷ സംഗമത്തില്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന പോലെ തന്നെ- സ്‌പേമിന് പകരം ചില ക്ഷോഭബീജങ്ങളാണ് മനസ്സിന്റെ അണ്ഡവുമായി സംയോജിച്ച് സര്‍ഗസൃഷ്ടികളെ ഉല്‍പാദിപ്പിക്കുന്നതെന്ന് മാത്രം. പാവം പുരുഷന്മാരായ എഴുത്തുകാര്‍ക്ക് മാതൃത്വം കൈവരിക്കാനുള്ള ഒരേയൊരു ഭാഗ്യാവസരം സാഹിത്യ സൃഷ്ടിയാണ്. കഥകളും നോവലുകളുമെല്ലാം മക്കളായതു കൊണ്ട് ഏത് കൃതിയോടാണ് കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കാറില്ല. പൊതുവെ മക്കളില്‍ വിവേചനം കാണിക്കാന്‍ പെറ്റവര്‍ക്ക് കഴിയാറില്ലല്ലോ.
ഇനി ആസ്ഥാന, അല്ല അസ്ഥാന കവി എന്ന കഥയിലേക്ക് വരാം. വിദ്യാഭ്യാസത്തിന്റെ മാത്രമല്ല സാഹിത്യത്തിന്റെയും വിനാശകരമായ കമ്പോളവല്‍ക്കരണത്തോടുള്ള ക്ഷോഭത്തിന്റെ വീര്യമാണ് ആസ്ഥാന അല്ല അസ്ഥാന കവിയെ എന്നില്‍ ഗര്‍ഭം ധരിപ്പിച്ചതെന്ന് പറയാം. നോക്കൂ, നല്ല വ്യക്തിയെ, നല്ല പൗരനെ, നല്ല മനുഷ്യനെ വളര്‍ത്തിയെടുക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം ഇന്ന് ലോകമെമ്പാടും തുരങ്കംവെക്കപ്പെടുകയാണ്. പുരോഗതി സമം ഭൗതികവികസനമെന്ന ഫൈനാന്‍സ് കാപ്പിറ്റലിസത്തിന്റെ പ്രത്യയശാസ്ത്രമാണ് നശീകരണഹേതു. അമേരിക്കയില്‍ പെരുകുന്ന സഹപാഠികളെ വെടിവെച്ചു കൊല്ലുന്ന മിടുക്കന്മാര്‍ മുതല്‍ യുദ്ധകോലാഹലങ്ങളും പരിസ്ഥിതിപ്രശ്‌നവും മനുഷ്യകുലം മൊത്തം മുടിക്കാനൊരുങ്ങുന്ന കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വിദ്യാഭ്യാസരീതിയുടെ പ്രധാന നേട്ടങ്ങള്‍. നമ്മുടെ നാഷണല്‍ എജുക്കേഷന്‍ പോളിസിയുടെ (എന്‍.ഇ.പി.) അടിസ്ഥാനദൗത്യവും മറ്റൊന്നല്ല. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന തൊഴിലാളിപ്പടയുടെ ഉല്‍പാദനം തന്നെയാണ്. അത് വെടിപ്പായി ചെയ്‌തോ പ്ലേസ്‌മെന്റ് മാര്‍ക്കറ്റില്‍ നല്ല വില കിട്ടും. സ്വന്തം കുട്ടികള്‍ നാലും അഞ്ചും ലക്ഷം മാസശമ്പളം വാങ്ങുന്നവരാകണമെന്നാണല്ലോ, സ്‌നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിവുള്ളവര്‍ ആകണമെന്നല്ലല്ലോ നമ്മുടെയും ആഗ്രഹം.
ന്യൂവേവ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കൃത്യമായ മാതൃകയാണ് കഥയിലെ കൊച്ചിന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് എക്‌സലന്‍സ്. അതെ, എക്‌സലന്‍സ് ഇന്‍ മേക്കിംഗ് മണി. അവിടെയാണ് മലയാളത്തിന്റെ പ്രിയ കവിയായ, (വിപ്ലവ കവിയും) അയ്യപ്പദാസ് പോയറ്റ് ഇന്‍ റസിഡന്‍സായി ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോയിന്റ് ചെയ്യുന്നത്. മറ്റു ഡിപ്പാര്‍ട്ട്മെന്റുകള്‍ ജീനോമിക്‌സ്, റോബോട്ടിക്സ്, നാനോടെ ക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ആന്‍ഷ്യന്‍ഡ് ഹിസ്റ്ററി, വേദിക് സ്റ്റഡീസ്, മൗര്യന്‍ എന്‍വെയര്‍മെന്റോളജി തുടങ്ങിയ ഘടാഘടിയന്മാരാണ്. അയ്യപ്പദാസിന് സാഹിത്യത്തെപ്പറ്റി താഴെ പറയുന്ന പീറ സങ്കല്‍പ്പങ്ങളാണുള്ളത്.
(എ) സാഹിത്യം സാമൂഹ്യപ്രതിബദ്ധതയുടേതും ആത്മസാക്ഷാല്‍ക്കാരത്തിന്റേതുമാകണം.
(ബി) മനുഷ്യനെ മൃഗത്വത്തില്‍ നിന്ന് ദേവത്വത്തിലേക്ക് ഉയര്‍ത്താനുള്ള സിദ്ധൗഷധം കൂടിയാകണം സാഹിത്യം.
(സി) കവിത ആത്യന്തികമായി ജീവന്റെയും പ്രപഞ്ചത്തിന്റെയും സമസ്യകളെച്ചുഴുന്ന മിസ്ട്രിയാകുന്നു.
(ഡി) മനുഷ്യപ്രജ്ഞയില്‍ കാലബോധം സൃഷ്ടിച്ച കഥാഖ്യാനമാകട്ടെ ആധുനികയുഗത്തിന്റെ മഹാകാവ്യങ്ങള്‍ തന്നെയാണ്.
എന്നാല്‍, യൂണിവേഴ്സിറ്റി ഓഫ് എക്‌സലന്‍സ് അദ്ദേഹത്തോട് ആവശ്യപ്പെടുന്നത് തന്റെ ജനപ്രിയ രചനാസങ്കേതമുപയോഗിച്ച് ലക്ഷോപലക്ഷം കോപ്പികള്‍ വില്‍ക്കുന്ന, പ്രസിദ്ധീകരിച്ച ദിവസം തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുന്ന, ജെസിബി, ബുക്കര്‍ പ്രൈസുകള്‍ അടിച്ചെടുക്കുന്ന, നോവല്‍ പ്രോഡക്റ്റ്സ് പടച്ചുവിടാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനാണ്.
വിഷമാവസ്ഥയിലെങ്കിലും നോവല്‍ഘടന, ശില്‍പ്പം, ആഖ്യാനകോണ്‍, ക്രോണോടോപ്പുകള്‍ എന്നിങ്ങനെയുള്ള പണിത്തരബോധനങ്ങള്‍ അയ്യപ്പദാസ് സാഹിത്യപഠിതാക്കളോട് നടത്തുന്നു. പന്നെ അറിയാതെ തന്നെ ബാല്യകാല സഖിയിലെ സുഹറയിലേക്കും മഞ്ഞിലെ വിമലയിലേക്കും മാര്‍ത്താണ്ഡവര്‍മ്മയിലെ യുവരാജാവിലെക്കും ചെറുപ്പക്കാരെ അങ്ങ് സംക്രമിപ്പിക്കുന്നു. വില്‍പ്പനവസ്തു വിസ്മയജീവിതങ്ങളായി മാറിയതില്‍ വിദ്യാര്‍ഥികള്‍ സന്തോഷിച്ചെങ്കിലും തങ്ങള്‍ക്ക് ബെസ്റ്റ് സെല്ലറാകേണ്ടേ, അവാര്‍ഡ് ജേതാക്കളാകേണ്ടേ?! പിന്നെ മനുഷ്യരോട് മാത്രമല്ല, മറ്റു ജീവജാലങ്ങളോടും സ്‌നേഹപ്പെടാനും സഹതാപപ്പെടാനും കവി മാതൃക കാട്ടുന്നുണ്ട്. പക്ഷേ, സ്‌നേഹം പരിശീലിക്കാനല്ലല്ലോ പണമാര്‍ജിക്കാന്‍ പഠിപ്പിക്കാനാണല്ലോ യൂണിവേഴ്സിറ്റി അയ്യപ്പദാസിനെ നിയമിച്ചിരിക്കുന്നത്. നിഗൂഢമായൊരു വധക്രമം പോലെ അദ്ദേഹവും അദ്ദേഹത്തിന്റെ ഓര്‍മകളും തുടര്‍ന്ന് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെടുന്നു.
പ്രതലത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കുന്ന ജലം പോലെയാണ് എന്റെ കഥാഖ്യാനമെന്ന ഷബിതയുടെ നിരീക്ഷണം എന്നെ സന്തോഷിപ്പിച്ചു. ഷബിതയിലെ ജേണലിസ്റ്റിന് കഴിയാത്തതും 'മന്ദാക്രാന്ത'യെഴുതിയ കഥാകാരിക്ക് മാത്രം സാധിക്കുന്നതുമായ കണ്ടെത്തലാണത്. പ്രമേയമെന്ന പ്രതലത്തെ പ്രതിബിംബിപ്പിക്കാനുള്ള ജലപ്രയോഗം തന്നെയാണ് എനിക്ക് കഥയുടെ ഇതിവൃത്തം. ജീവിതത്തിന്റെ പുസ്തകത്തിന്റെ പഠനഗ്രന്ഥമായ ഭാവിയുടെ പുസ്തകത്തില്‍ സാനു മാഷും ബി. രാജീവനും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കൃതിയുടെ പ്രമേയത്തിന് വിളയാടാന്‍ വേണ്ടിയാണ്, കാഞ്ഞങ്ങാട് കടപ്പുറത്തിന്റെ കഥ പറയാനല്ല രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം എഴുതിയിരിക്കുന്നതെന്ന്-എന്റെ സ്വദേശം നോവല്‍സ്ഥലിയായി പ്രത്യക്ഷപ്പെടുന്ന സൂഫി പറഞ്ഞ കഥ പോലും ഒരു പൊന്നാനിക്കഥ പറയാന്‍ രചിച്ചതല്ല. വ്യത്യസ്ത മതസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാംസ്‌ക്കാരിക സൗഹൃദത്തെ സ്ഥാപിക്കാന്‍ നാടിനെ ഇതിവൃത്തത്തില്‍ കൊണ്ടുവരുന്നു എന്നേയുള്ളൂ. പ്രമേയത്തോട്, അതിലെ പ്രതിബദ്ധ നിലപാടുകളോട്, കാര്യം പറച്ചിലിനോട്, പൊന്നാനിക്കളരിക്കാര്‍ക്കുള്ള ആഭിമുഖ്യമാകാം എന്റെ ഈ കഥനരീതിയുടെ ആധാരം.
A Story is one of the basic tools invented by the mind of man, for the purpose of gaining understanding - എഴുത്തില്‍ എല്ലായ്പ്പോഴും അതിസങ്കീര്‍ണതകളുടെ നൂലാമാലകള്‍ കൊണ്ട് അമ്മാനമാടുന്ന അമേരിക്കന്‍ എഴുത്തുകാരി ഉര്‍സുല കെ. ഗ്യൂന്‍ കഥയെ നിര്‍വചിച്ചത് ഇങ്ങനെയാണ്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി മനുഷ്യന്റെ മനസ്സ് കണ്ടുപിടിച്ച ഉപകരണങ്ങളില്‍ ഒന്നാണ് കഥ. ബാപ്പുജിയും നേതാജിയും എന്ന കഥ വായിച്ചപ്പോള്‍ ഉര്‍സുലയുടെ ഈ നിര്‍വചനം ഓര്‍മവന്നു. ഫലത്തിലും തത്വത്തിലും ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും പരസ്പരാക്രമണം എന്ന മട്ടില്‍ കഥാകൃത്ത് വിമര്‍ശിക്കുന്നുണ്ട്. എക്കാലവും ദേശസ്നേഹികള്‍ പരസ്പരം ചോദിച്ച ചോദ്യമാണ് ഗാന്ധിജിയും നേതാജിയും ഒന്നിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യസമത്തിനിറങ്ങിയിരുന്നെങ്കില്‍ എന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അവരില്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക എന്നതും. ഉന്മാദിയായൊരു കഥാകൃത്തിനെ ഒരു ഫ്ളാഷ്ലൈറ്റുപോലെ ഈ കഥയില്‍ കാണുന്നുണ്ട് ; സംവിധായകന്‍ മഹേഷ് മേനോനിലൂടെ.
ഉര്‍സുല കെ. ഗ്യൂനിന്റെ ക്വട്ടേഷന്‍ തീര്‍ത്തും അര്‍ഥവത്താണ്. അവനവനെ/അവളവളെ, സമൂഹത്തെ, രാഷ്ട്രീയത്തെ, ചരിത്രത്തെ എല്ലാമെല്ലാം മനസ്സിലാക്കാനും മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കാനും മനുഷ്യന്‍ കണ്ടുപിടിച്ച ഭാഷോപകരണം തന്നെയാണ് ആഖ്യാനകല. ആയിരത്തൊന്നു രാവുകളിലെ കഠിനഹൃദയനായ സുല്‍ത്താനെപ്പോലും വിവരമറിയിച്ച് മനസ്സുമാറ്റിക്കാന്‍ ഷെഹര്‍സാദയുടെ കഥപറച്ചിലിന് കഴിഞ്ഞിട്ടുണ്ട്. എന്തിനാണ് നീ ആണുങ്ങളെയും പെണ്ണുങ്ങളെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നതെന്ന് പണ്ട് വീട്ടുകാര്‍ എം.ടി. യോട് ചോദിച്ചിരുന്നുവത്രെ. മലയാളത്തിലെ ആദ്യത്തെ 'കഥാനിര്‍വചകനായ' ഫാദര്‍ ജരാര്‍ദ്ദ് കണ്ണമ്പള്ളി പറഞ്ഞ പോലെ ഏറ്റവും ഉന്നതവും ഉദാത്തവുമായ സത്യത്തെ സ്ഥാപിക്കാനുള്ള അസത്യഭാഷണമാണ് ആഖ്യാനകല. മനുഷ്യനെ മനുഷ്യനാക്കിയത് മര്‍തൃഭാഷയാണെന്ന് പറയാറുണ്ടല്ലോ. പ്രജ്ഞയില്‍ ഇന്നലെ, ഇന്ന്, നാളെ എന്ന കാലബോധം അങ്കുരിപ്പിച്ച് മനുഷ്യനെ ചരിത്രമനുഷ്യനാക്കിയത് കഥയാണെന്ന് പോള്‍ റിക്കോറും സമര്‍ഥിക്കുന്നു. അപ്പോള്‍ കഥ കളിയല്ല..... അത് ചന്തയില്‍ പണമുണ്ടാക്കാനുള്ള ഗാംബ്ലിങ്ങുമല്ലെന്ന് പുതുതലമുറയും മനസ്സിലാക്കട്ടെ.
ബാപ്പുജിയും നേതാജിയും എന്ന രചനയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും രാജ്യവിഭജനത്തെയുമെല്ലാം വ്യത്യസ്തമായി തിരിച്ചറിയാനുള്ള മനഃസ്താപമുണ്ട്. ഒഡിയ എഴുത്തുകാരന്‍ ജിതേന്ദ്രനായിക്ക് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തില്‍ നിന്നാണ് ബാപ്പുജിയും നേതാജിയും എന്ന കഥയ്ക്ക് വേണ്ടതായ മനഃക്ഷോഭം എന്നില്‍ ഉളവായത്. മഹാത്മജിയും സുഭാഷ് ചന്ദ്രബോസും തമ്മിലെ ബന്ധത്തെക്കുറിച്ച് പ്രചരിക്കപ്പെട്ട പല തെറ്റിദ്ധാരണകളും നീക്കം ചെയ്യുന്നതായിരുന്നു ഹാര്‍വാഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ സുഗാതാ ബോസിന്റെ വെളിപ്പെടുത്തലുകള്‍. വ്യത്യസ്ത ആശയങ്ങള്‍ സൂക്ഷിച്ചിരുന്ന ദേശീയ പ്രസ്ഥാന നേതാക്കളെ ബദ്ധശത്രുക്കളായി ചാപ്പയടിക്കാനുള്ള പാപ്പരത്തം നമ്മുടെ നാട്ടില്‍ സുലഭമായിരുന്നു. ഗാന്ധിയും അംബേദ്ക്കറും കീരിയും പാമ്പുമായി പലവിധം ചിത്രീകരിക്കപ്പെട്ടല്ലോ. അതു തന്നെയായിരുന്നു ബാപ്പുജി - നേതാജി ബന്ധത്തിന്റേയും വിധിനിയോഗം. അഹിംസയെക്കുറിച്ചും സ്വാതന്ത്ര്യലബ്ധിക്കുള്ള മാര്‍ഗത്തെക്കുറിച്ചും അവര്‍ തമ്മില്‍ തീര്‍ച്ചയായും അഭിപ്രായഭേദമുണ്ടായിരുന്നു. സ്വാതന്ത്ര്യം നേടാന്‍ വിഭിന്ന വഴികള്‍ രണ്ടുപേരും സ്വീകരിക്കുകയും ചെയ്തു. അതേസമയം ഗാന്ധിയെ ആദ്യമായി 'മഹാത്മാ' എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസാണെന്ന് ഓര്‍ക്കണം. പാട്രിയറ്റ് ഓഫ് ദ പാട്രിയറ്റ് എന്നായിരുന്നു ഗാന്ധിജി നേതാജിക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം.
1945-ലെ തൈഹോക്കു പ്ലെയിന്‍ ക്രാഷില്‍ കൊല്ലപ്പെടാതെ സുഭാഷ് ചന്ദ്രബോസ് തിരിച്ചെത്തി ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റില്‍ മഹാത്മജിയുമായി കൈകോര്‍ത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ ഭാഗധേയമെന്ന് ഇന്റര്‍വ്യൂവിന് ശേഷം ഒരു ചെറുപ്പക്കാരന്‍ സുഗാതാ ബോസിനോട് ചോദിച്ചു. വികാരവിജൃംഭിതനായ നേതാജിയുടെ കൊച്ചുമകന്‍ അപ്പോള്‍ പറഞ്ഞ ഉത്തരമാണ് എന്നില്‍ കഥയ്ക്കുള്ള സ്പാര്‍ക്കുണ്ടാക്കിയത്. തന്റെ ശവശരീരത്തിന് മുകളിലൂടെ മാത്രമേ രാജ്യം വിഭജിക്കപ്പെടൂ എന്ന ബാപ്പുജിയുടെ വാശിക്ക് മടങ്ങിയെത്തിയ നേതാജി പിന്തുണ കൊടുക്കുമായിരുന്നു. നെഹ്‌റുവും പട്ടേലും ചെയ്ത പോല പിറകില്‍ നിന്ന് പാലം വലിക്കില്ലായിരുന്നു. അങ്ങനെ സെയിന്റായ മഹാത്മജിയുടെയും വാരിയറായ നേതാജിയുടെയും നേതൃത്വത്തില്‍ അവിഭക്ത ഇന്ത്യ ഉദയം കൊള്ളുമായിരുന്നു. ലോകത്തിലെ മഹത്തര ശക്തിയായി അത് ഉയരുമായിരുന്നു. പാക്കിസ്താൻ എന്ന ചെകുത്താന്‍ ജനിച്ച് ഇന്ത്യക്കാരെയും പാകിസ്താനികളെയും ഒരേപോലെ വിനാശപ്പെടുത്തില്ലായിരുന്നു.
പ്ലെയിന്‍ ക്രാഷില്‍ കൊല്ലപ്പെടാതെ നേതാജി ഇന്ത്യയില്‍ തിരിച്ചെത്തിയാലുള്ള സംഭവവികാസങ്ങളാണ് കഥയിലെ ചലച്ചിത്രകാരന്‍ അഭ്രപാളിയില്‍ പകര്‍ത്തുന്നത്. ഭാവന കൊണ്ട് ചരിത്രം ആരോഗ്യകരമായി തിരുത്തിയെഴുതുന്നതിന്റെ ഉന്മാദമായിരുന്നു കഥയെഴുതുമ്പോള്‍ എനിക്ക്. എന്റെ പ്രാന്ത് തന്നെയായിരുന്നു മഹേഷ് മേനോന്‍ എന്ന കഥാപാത്രത്തിനും ബാധിച്ചത്. പ്രീഡിഗ്രി പഠനകാലത്തെ ആശയസംഘര്‍ഷങ്ങള്‍ മനോരോഗമായി തെറ്റിദ്ധരിക്കപ്പെട്ട് ചികിത്സ തേടേണ്ട ഗതികേട് ഉണ്ടായിരുന്നതിനാല്‍ അനങ്ങിയാല്‍ മതി എനിക്ക് പ്രാന്തുപിടിക്കാന്‍.
വിന്റേജ് കാറുകള്‍ നിരത്ത് കീഴടക്കുന്ന കാലത്തിരുന്നാണ് 'ഇടശ്ശേരിക്കാറ്' വായിക്കുന്നത്. ഇടശ്ശേരിയുടെ മകന്‍ ഡോ. ദിവാകരന്റെ മൂന്നാമത്തെ മകനിലൂടെ നടത്തുന്ന പൈതൃകയാത്ര. തികച്ചും റിയലിസ്റ്റിക്കായ ഒരു കഥയെന്നാല്‍ ദിവാകരന് മൂന്നാമതൊരു മകനില്ല എന്ന യാഥാര്‍ഥ്യം നില്‍ക്കേ മൂന്നാമതൊരു മകനെ - സചീന്ദ്രനെ സൃഷ്ടിച്ചുകൊണ്ട്- മാജിക്കല്‍ റിയലിസത്തിലേക്കുപോകുന്നുണ്ട് കഥ.
ഇടശ്ശേരിയുടെ മകന്‍ ഡോക്ടര്‍ ദിവാകരന് രണ്ട് ആണ്‍മക്കളാണുള്ളത്. കഥയിലെ കഥാനായകനായ സചീന്ദ്രന്‍ എന്റെ ഭാവനാസൃഷ്ടിയാണ്. സമ്മതം ചോദിക്കുക മാത്രമല്ല എഴുതി വാങ്ങുകയും ചെയ്തതിനുശേഷമാണ് സുഹൃത്തായ ഡോക്ടര്‍ ദിവാകരന് മൂന്നാം പുത്രനെ ഞാന്‍ സമ്മാനിച്ചത്. കഥ പ്രസിദ്ധീകരിക്കും മുന്‍പ് ആ സമ്മതപത്രം മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ക്കും അയച്ചുകൊടുത്തിരുന്നു. ഇടശ്ശേരിക്കാറിന്റെ സ്റ്റിയറിംഗും ഗിയറും സ്പീഡോമീറ്ററും ടയറുമെല്ലാം ഫാന്റസിയാല്‍ നിര്‍മിതമാണ്. പൊന്നാനിയിലെ ഏതോ ഗോഡൗണില്‍ നിന്ന് ഈ പഴയ കാറിനെ പൊക്കിയെടുത്ത് തൃശ്ശൂരില്‍ ഇന്ന് ഓടിച്ചതിന് തക്കതായ കാരണമുണ്ട്. പുതുകാലത്തിന്റെ ഭ്രാന്തന്‍തലയ്ക്ക് നവോത്ഥാനകാല വിവേകത്തിന്റെ നെല്ലിക്കാത്തളം വെക്കാന്‍ വേണ്ടിയാണത്. മെനസ് ഓഫ് എത്‌നിസിറ്റി ആന്റ് കമ്മ്യൂണലിസം, വേ ഓഫ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ്, ഹവോക്ക് ഓഫ് ഫോഴ്സ്ഡ് മൈഗ്രേഷന്‍, പാന്‍ഡമിക് ആന്റ് എക്‌സ്ട്രാ പവേഴ്സ് ഓഫ് ഗവണ്മെന്റ്‌സ് എന്നീ വിഷയങ്ങള്‍ക്കെല്ലാം സചീന്ദ്രന് സൊല്യൂഷന്‍ ഓതിക്കൊടുക്കുന്നത് ഇടശ്ശേരിക്കാറാണ്. ഭൂതകാലക്കുളിരില്‍ രമിക്കലോ, പണ്ട് അവയവമാറ്റ ശസ്ത്രക്രിയകള്‍ നിലനിന്നിരുന്നെന്ന വിശ്വാസമോ പോലെയല്ല ഇത്. മനുഷ്യ ഉണര്‍ച്ചയുടേതായ നവോത്ഥാനങ്ങള്‍ പല നൂറ്റാണ്ടുകളില്‍ പല ലോകഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്‍ലൈറ്റ്‌മെന്റ് റിനൈസന്‍സ് മാത്രമല്ല, ഇറ്റാലിയന്‍ റിനൈസന്‍സ്, ഹാര്‍ലെം റിനൈസന്‍സ്, ഗോള്‍ഡന്‍ ഇറാ ഓഫ് ഇസ്ലാം, ബംഗാള്‍ റിനൈസന്‍സ്, കാറോലിജിയന്‍ റിനൈസന്‍സ് തുടങ്ങി പല നവോത്ഥാനങ്ങളും മാനവചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. അതിന് സമാനമായി കേരളത്തിലെ നമ്മുടെ നവോത്ഥാനത്തിലും എക്കാലത്തും കാത്തുസൂക്ഷിക്കാവുന്ന ചില മൂല്യങ്ങള്‍ അട ങ്ങിയിരിക്കുന്നു. അവയെ വിനയപൂര്‍വ്വം സ്വീകരിച്ച് പുതുകാലത്തെ അഭിമുഖീകരിക്കാനാണ് ഇടശ്ശേരിക്കാറ് പറയുന്നത്.
ആയുസ്സ് കുറഞ്ഞ പുനീതിന്റെ പനിയാറി ഗോത്രരക്തത്തില്‍ ഒരു കുഞ്ഞുണ്ടാവാന്‍ മെനക്കെടുന്ന സബിത എന്ന അന്തര്‍ജനത്തിന്റെ കഥ പറയുന്ന 'ആയുഷ്മാന്‍ ഭവ' ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ യുക്തിക്കുചേരുന്നതല്ല. ഒരു വംശത്തിന്റെ ആയുസ്സ് തിരിച്ചുപിടിക്കാന്‍ ഓവുലേഷന്‍ സമയത്ത് ദുര്‍ബല ഗോത്രക്കാരനെക്കൊണ്ട് താങ്കള്‍ എഴുതിയ ക്ലാമിഡ് ടാബ്ലറ്റും കഴിപ്പിച്ച് ബീജം വര്‍ധിപ്പിച്ച് സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയുടെ സാമൂഹിക- ബൗദ്ധിക-മാനസിക- ശാരീരിക നീതിക്കുനിരക്കാത്ത കഥാപാത്രത്തെയാണ് താങ്കള്‍ സബിതയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
വിശദമായ വിചിന്തനങ്ങള്‍ നടത്തി അവധാനതയോടെ എഴുതിയ കഥയാണ് ആയുഷ്മാന്‍ ഭവ. കഥയിലെ സബിത എന്ന കഥാപാത്രത്തിന്റെ പ്രവൃത്തി സ്ത്രീയുടെ സാമൂഹിക-ബൗദ്ധിക-മാനസിക- ശാരീരിക നീതിക്ക് നിരക്കാത്തതാണെന്നാണല്ലോ ഷബിതയുടെ കുറ്റാരോപണം. പനിയാറി വംശത്തിന്റെ വിത്ത് നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കാന്‍ അവള്‍ ഓവുലേഷന്‍ കാലത്ത് പുനീത് കുമാറിന്റെ വര്‍ദ്ധിപ്പിച്ചെടുത്ത ബീജത്തെ ഏറ്റുവാങ്ങുന്നത് സ്വന്തം സ്ത്രീ മനസ്സിനോടും ബുദ്ധിയോടും ശരീരത്തോടും സമൂഹത്തോടും ചെയ്യന്ന അപരാധമാണെന്നാണ് ധ്വനി. പ്രണയവികാരം സഹതാപജന്യമാകാമെന്നും അതൊരിക്കലും പ്രണയത്തെ രണ്ടാംതരമാക്കില്ലെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സബിത ഭട്ടതിരിക്ക് പുനീത് കുമാറിനോട് സഹതാപത്താല്‍ പ്രണയവും ജനിക്കുന്നു. അതിനുശേഷമുള്ള ശരീരബന്ധമാകട്ടെ, ഗര്‍ഭസ്വീകരണമാകട്ടെ, ഒരിക്കലും സ്വന്തം സ്ത്രീമനസ്സിനോട് അനീതി ചെയ്യലല്ല. ഇനി ബുദ്ധിപരമായ ശരിയുടെ കാര്യമെടുക്കാം. വരേണ്യമായ ഭട്ടതിരി സമുദായത്തില്‍ പെട്ട സബിതക്കറിയാം തന്റേത് പോലുള്ള സവര്‍ണവര്‍ഗത്തിന്റെ കൊടുംക്രൂരതകളാലാണ് പനിയാറികള്‍ അല്‍പ്പായുസ്സുകളായതെന്ന്. തന്റെ സമുദായത്തിലെ സാവിത്രി അന്തര്‍ജ്ജനം ചാത്തനെ പ്രിയതമനായി സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കുന്നതില്‍ വിജയച്ചില്ല. ആ ചരിത്രപരമായ വീഴ്ചക്കുള്ള പരിഹാരം കൂടിയാണ് പുനീത് കുമാറിന്റെ കുഞ്ഞിനെ താന്‍ പ്രസവിക്കല്‍. ബുദ്ധിപരമായി അത്യന്തം നീതിയുക്തമായ പ്രവൃത്തി. അവളുടെ ചെയ്തി സമൂഹപരമായി തെറ്റല്ലേയെന്ന് ഷബിതക്ക് തോന്നുന്നത് മെയില്‍ ഷോവനിസത്തിന്റെ അബോധപ്രേരണ കൊണ്ടാണ്. പുരുഷാധിപത്യത്തിന്റെ സ്വകാര്യസ്വത്ത് സങ്കല്‍പ്പം സൃഷ്ടിക്കുന്നതാണ് പാതിവ്രത്യം, ചാരിത്ര്യം എന്നീ അസംബന്ധങ്ങള്‍. തന്നോട് മര്യാദയ്ക്ക് സ്‌നേഹമേ പ്രകടിപ്പിക്കാത്ത ഭര്‍ത്താവ് അശ്വിന്‍ നമ്പൂതിരിയോട് വിശ്വസ്തത സൂക്ഷിക്കേണ്ട കാര്യം സബിതക്കില്ല. തങ്ങളുടെ നമ്പൂതിരി സഹോദരരില്‍ നിന്നല്ല കീഴാളവര്‍ഗ്ഗ കൂട്ടുകാരില്‍ നിന്നാണ് സൗഹൃദം പോലും അവള്‍ ബാല്യകാലത്ത് അനുഭവിച്ചിട്ടുള്ളത്. ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീയും ദളിതനും ഒരേപോലെ കീഴാളസ്ഥാനീയരാകയാല്‍ അവര്‍ തമ്മിലുള്ള ഐക്യവും സംയോജനവുമാണ് രാഷ്ട്രീയവും ധാര്‍മ്മികവുമായ ശരി. മികച്ച എഴുത്തുകാരികളില്‍പ്പോലും പുരുഷാധിപത്യ പ്രത്യയപ്രശാസ്ത്രം അരിച്ചെത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സബിതയോട് ഷബിതക്കുണ്ടായ മുഷിച്ചില്‍. പണ്ട് ബഷീര്‍ പുനലൂര്‍ രാജന്റെ രൂപത്തിലും ചെകുത്താന്‍ വരുമെന്ന് തമാശിച്ചിരുന്ന പോലെ പുരുഷാധിപത്യവിഷം സ്ത്രീനീതിക്കും സാന്മാര്‍ഗികതയ്ക്കും വേണ്ടിയുള്ള വാദങ്ങളായും വേഷം മാറി വരാവുന്നതാണ്. വളരെ സൂക്ഷിക്കണം.
താങ്കളുടെ മറുപടിയോട് കൂടുതല്‍ വിയോജിക്കുന്നു. യഥാര്‍ഥപ്രണയം സമ്മാനിക്കുന്ന ഏതു കുഞ്ഞിനെയും ജാതി മതവര്‍ഗഭേദമന്യേ ഏതുസ്ത്രീയും നെഞ്ചോട് ചേര്‍ക്കും. പക്ഷേ, ഈ കഥയില്‍ എഴുത്തുകാരന്‍ സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം വെറും മെറ്റീരിയലിസ്റ്റിക്കായിട്ടാണ് വായനക്കാരിയായ എനിക്ക് തോന്നിയത്. പിന്നെ താങ്കള്‍ പറഞ്ഞ പുരുഷാധിപത്യപ്രത്യയശാസ്ത്രം. സബിതയെ ഒരു 'കുലസ്ത്രീ'യായി ചിത്രീകരിച്ചില്ല എന്നതല്ല എന്റെ ആരോപണം. കുലസ്ത്രീ സങ്കല്പം എന്റെ പരിഗണന അര്‍ഹിക്കാത്ത ഒന്നാണ്. സബിത എന്ന സയന്റിസ്റ്റിന്റെ മികച്ച വശങ്ങള്‍ മൂടിവെച്ചു, താങ്കള്‍ ജാതിയെ കൂട്ടുപിടിച്ചില്ലായിരുന്നെങ്കില്‍ മികച്ച രണ്ട് മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമായിരുന്നു എന്നാണ് എന്റെ ആരോപണം. പിന്നെ ഞാന്‍ സബിതയെക്കുറിച്ച് ചിന്തിച്ചതിനേക്കാളും കൂടുതല്‍ താങ്കള്‍ വരച്ചുകാട്ടാത്ത പനിയാറി സ്ത്രീകളെക്കുറിച്ച് ചിന്തിച്ചു. അവരുടെ അപകര്‍ഷതകള്‍ എന്നെ അലട്ടി. അവിടെ താങ്കളാണ് മെയില്‍ ഷോവനിസ്റ്റായി പ്രവര്‍ത്തിച്ചത്. താങ്കള്‍ അടിച്ചേല്‍പിച്ച പാട്രിയാര്‍ക്കിയുടെ പങ്കുപറ്റാനല്ല ഞാനിത് ചൂണ്ടിക്കാട്ടുന്നത്.
'ഈ കഥയില്‍ എഴുത്തുകാരന്‍ സ്ത്രീയെ ഗര്‍ഭം ധരിപ്പിക്കുന്നതിന്റെ ഉദ്ദേശം വെറും മെറ്റീരിയലിസ്റ്റിക്കായിട്ടാണ് വായനക്കാരിയായ എനിക്ക് തോന്നിയത്'' ഷബിതയുടെ ഈ അഭിപ്രായത്തെ ഞാന്‍ മാനിക്കേണ്ടതുണ്ട്. എഴുത്തുകാര്‍ മനസ്സില്‍ എന്തുവിചാരിച്ചാലും അത് തന്റെ നിലക്ക് മനസ്സിലാക്കാന്‍ ആസ്വാദകര്‍ക്ക് അവകാശമുണ്ട്. ''അവിഹിതബന്ധത്തിന്റെ'' (വിത്ത് ഇന്‍ ഇന്‍വര്‍ട്ടഡ് കോമാസ്) യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലായിരുന്നു സബിത എന്നതിനാല്‍ അവളുടെ പുനീത് കുമാറിനോടുള്ള പ്രേമാര്‍ദ്രത നല്ലവണ്ണം പ്രകാശിപ്പിക്കപ്പെട്ടില്ലായിരിക്കാം. അതായിരിക്കാം മെറ്റീരിയലിസ്റ്റിക് അപ്രോച്ച് എന്ന് തോന്നിയത്. പിന്നെ ജാതിയെ ഞാന്‍ കൂട്ടുപിടിക്കുകയല്ല, ജാതിയെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അഭിസംബോധനയാണ് ചെയ്യുന്നത്. ഇത് നിര്‍വഹിക്കാത്തതിന്റെ സ്വന്തം പാളിച്ച രാജ്യത്തെ ഇടതുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പുസ്തകത്തില്‍ അറുപതിലധികം കഥാപാത്രങ്ങളുടെയും ജാതി ഞാന്‍ ഉത്തരവാദിത്വബോധത്തോടെയാണ് വ്യക്തമാക്കിയിട്ടുള്ളത്. പനിയാറി സ്ത്രീകളെക്കുറിച്ച് ഷബിത കൂടുതല്‍ ചിന്തിച്ചതും ഉഷ്ണിച്ചതും ആശാവഹം തന്നെയാണ്. കര്‍ണാടകയിലെ ഏതോ ഉള്‍പ്രദേശത്ത് നില്‍ക്കുന്ന ആ പ്രിയപ്പെട്ടവരെ മൈസൂരില്‍ ഓടുന്ന കഥയെന്ന കാറില്‍ കയറ്റാന്‍ പറ്റാത്തതിന്റെ പരിമിതി മനസ്സിലാക്കുമല്ലോ.
കുമാരനാശാന്റെ 'ദുരവസ്ഥ'യിലെ സാവിത്രി അന്തര്‍ജനത്തിന്റെ ഒരു സദുദ്ദേശ്യത്തെ, ചാത്തനെ വിദ്യയഭ്യസിപ്പിക്കുക, എഴുത്തുകാരന്‍ ഇക്കഥയില്‍ സബിതയിലൂടെ വളച്ചൊടിച്ചതായും തോന്നി.
കുമാരനാശാന്റെ ദുരവസ്ഥയിലെ സാവിത്രി അന്തര്‍ജ്ജനം ചാത്തനെ തന്റെ ട്യൂഷന്‍ ക്ലാസിലെ കുട്ടിയായിട്ടല്ല സ്വീകരിച്ചിട്ടുള്ളത്. ജീവിതത്തിലെ പുരുഷനും പ്രിയതമനും പങ്കാളിയുമായാണ്. സ്വശരീരം സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് അടുത്തുകിടക്കുന്ന ചാത്തനോട് അവള്‍ പറയുന്നത്. പക്ഷേ, കീഴാളതയുടെ അപകര്‍ഷതാബോധത്താല്‍ ചാത്തന്റെ വിരലുകള്‍ ഈയക്കോലുകള്‍ പോലെ തണുത്തു പോയിരുന്നു. ഈ ദുരവസ്ഥ മാറ്റി പുനീത് കുമാറിലെ പുരുഷനെ ഉണര്‍ത്തി, സ്വയം ഗര്‍ഭം ധരിക്കുന്നത് സാവിത്രി ബാക്കിവെച്ച വിപ്ലവത്തിന്റെ സബിതയുടെ മഹത്തായ പൂര്‍ത്തീകരണമാണ്. ഒരു വളയ്ക്കലും ഒടിക്കലുമില്ലാതെ നേരെചൊവ്വേയുള്ള ലക്ഷ്യപ്രാപ്തി.
'അതുകൊണ്ടുതന്നെ പുനീതുമായുള്ള ഒത്തുചേരലില്‍ സഹതാപസ്നേഹത്തിനു പകരം കാമാതുരത അവള്‍ പ്രകടിപ്പിച്ചു. മന്ദസ്മിതത്തിനു പകരം മാദകച്ചിരി ചിരിച്ചു. ആലോലനീലവിലോചനങ്ങളാല്‍ നീലിച്ച കാവ്യങ്ങളെഴുതി. ഷേക്ഹാന്‍ഡ് നല്‍കുമ്പോള്‍ ഉള്ളനടിയില്‍ നുള്ളി. ജീന്‍സിടുമ്പോള്‍ തുടയുടെ ഭാഗം കീറിയതിട്ടു. സാരിയുടുക്കുമ്പോള്‍ അത്യന്തം താഴ്ത്തിയുടുത്തു. കക്ഷം കാണുന്ന സ്ലീവ് ലെസ് ബ്ലൗസും ധരിച്ചു' സര്‍ഗാത്മകസാഹിത്യത്തോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ഉപയോഗിച്ചുകൊണ്ട് പറയട്ടെ, ഈ കഥയിലെ സബിതയുടെ സ്രഷ്ടാവിന് സ്ത്രീത്വത്തെക്കുറിച്ച് ഒന്നുകില്‍ ഒന്നുമറിയില്ല, അല്ലെങ്കില്‍ മനഃപൂര്‍വം അവഹേളിക്കുന്നു. ഒരു പെണ്ണിന് പ്രണയം കൈമാറാന്‍ ഒരു ഫ്രാക്ഷന്‍ ഓഫ് സെക്കന്റ് മതി, അത് തിരിച്ചറിയാന്‍ ആണിനും. ലോകനിയമം അതാണെന്നിരിക്കേ, ആണെഴുത്തുകാരുടെ ലൈംഗിക വ്യതിയാനസ്വഭാവങ്ങളുടെ, സെക്ഷ്വല്‍ ഡീവിയേഷന്റെ, ഭാവനാകേന്ദ്രമായി മാറുകയാണ് സ്ത്രീ. അവിടെ നിങ്ങള്‍ ലോകത്തൊരു സ്ത്രീയും കാണാത്തതും പെരുമാറാത്തതുമായ കാര്യങ്ങള്‍ കണ്ടുപിടിച്ച് ന്യായീകരിച്ച് എഴുതിപ്പെരുപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്ണിന്റെ ലൈംഗികതൃഷ്ണകളെ വിവിധതരം വസ്ത്രധാരണങ്ങളിലൂടെയാണ് ഈ കഥയില്‍ ആകര്‍ഷണം എന്ന സംഗതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീയുടെ വസ്ത്രമാണോ പുരുഷന്റെ ദൗര്‍ബല്യം.
കാമം ഒരു മോശപ്പെട്ട കാര്യമേയല്ലല്ലോ. പുരുഷാധിപത്യത്തിന്റെ അരക്ഷിത ബോധമാണ് സ്ത്രീയുടെ കാമത്തെ നീചമായി കാണുന്നത്. അതിനാലാണ് കാമമോഹിതകളായ യക്ഷികള്‍ മന്ത്രവാദികളാല്‍ പൂട്ടേണ്ടവരാകുന്നത്. സബിതയ്ക്ക് പുനീത് കുമാറിനോട് സ്‌നേഹവും പ്രണയവുമുള്ളതിനാല്‍ അവളുടെ മാദകച്ചിരി അതിമനോഹരമാണ്. അലോലനീല വിലോചനങ്ങളുടെ നീലിച്ച കാവ്യങ്ങള്‍ ഉദാത്ത സാഹിത്യമാണ്. ഉള്ളനടിയിലെ നുള്ളല്‍ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന വാത്സല്യക്കുസൃതിയാണ്. സ്നേഹിക്കുന്നവര്‍ക്കിടയിലാണെങ്കില്‍ തുടഭാഗവും അടിവയറും കക്ഷവും മറ്റും കാണല്‍ മനുഷ്യശരീര സൗഭാഗ്യങ്ങളുടെ അനുഭൂതി സാക്ഷാല്‍ക്കാരമാണ്. സ്ത്രീത്വം എന്നു പറഞ്ഞാല്‍ സ്ത്രീയുടെ ആത്മാവും മനസ്സും ബുദ്ധിയും മാത്രമല്ല, ശരീരം കൂടി ഉള്‍ച്ചേരുന്നതാണ്. അത് സ്ഥാപിക്കാനാണ് പുതിയ സ്‌ത്രൈണവാദി ഫെമിനിസ്റ്റുകളായ ബെറ്റി (മിലം, ഗ്ലോറിയ സ്റ്റനിം, നിവേദിതാ മേനോന്‍ തുടങ്ങിയവര്‍ സ്ത്രീയുടെ ശരീരസവിശേഷതകളായ ആര്‍ത്തവത്തിനും പ്രസവത്തിനും വലിയ പ്രാധാന്യം കല്‍പ്പിച്ച് ആഘോഷിച്ചത്. ഹാപ്പി റ്റു ബ്ലീഡ് കാമ്പയിൻ തന്നെ ഇന്ന് പരക്കെ മുഴങ്ങുന്നു. സ്ത്രീയെ ഒതുക്കുന്ന അശുദ്ധി- അബലത്വവാദങ്ങളെ തകര്‍ക്കാനാണ് പുതിയ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീയുടെ ശരീരഭംഗികള്‍ നാണത്തോടെ ഒളിപ്പിക്കുകയല്ല, അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. സ്ത്രീശരീരം എന്തോ വൃത്തികെട്ട, പങ്കിലമായ സാധനമാണ് എന്ന വികലബോധമാണ് ഷബിത കഥക്ക് നേരെ ഇന്നയിച്ച ദൗര്‍ഭാഗ്യകരമായ കുറ്റാരോപണത്തിന് പിറകിലുള്ളത്. മനസ്സ് വരേണ്യവും ശരീരം പതിതവുമെന്ന അവബോധം ആധുനികവാദ എഴുത്തുകാരില്‍ വരെ കുറച്ചെല്ലാം ഉണ്ടായിരുന്നു. അതിനെ തകര്‍ത്തെറിഞ്ഞ് മുന്നോട്ടുവന്ന ഉത്തരാധുനിക എഴുത്തുകാരനാണ് ഞാന്‍. സൂഫി പറഞ്ഞ കഥ മുതല്‍ സെക്‌സിനോടും ശരീരത്തോടുമുള്ള അധമബോധം പൊളിച്ചെറിയാന്‍ വല്ലാതെ മെനക്കെട്ടവനുമാണ്. അതിനാലാണ് ജീവിതത്തിന്റെ പുസ്തകത്തിലെ സുബൈദ- ഗോവിന്ദവര്‍മ്മരാജ സംഗമത്തില്‍ പൃഷ്ഠാന്തഗര്‍ത്തങ്ങള്‍ വരെ അവര്‍ തീര്‍ഥയാത്ര നടത്തി എന്ന് സധൈര്യം എഴുതിവെച്ചത്. (ആധുനിക നിരുപകരില്‍ വരേണ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച മഹാപണ്ഡിതനായ കളര്‍കോട് വാസുദേവന്‍ നാടര്‍ ഈ പ്രയോഗത്തോട് രൂക്ഷമായി പ്രതികരിച്ചിരുന്നു)
ഇത്രയെല്ലാമായിട്ടും പുതുതലമുറയിലെ പ്രഗത്ഭയായ എഴുത്തുകാരിക്ക് സ്‌നേഹിക്കുന്നവര്‍ ബന്ധപ്പെടുന്നതിലെ ശരീരപ്രത്യക്ഷങ്ങള്‍ പോലും അരോചകമായി തോന്നുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. സത്യത്തില്‍ ഷബിത നല്‍കുന്നത് ജാഗ്രതപ്പെടേണ്ട ഒരു വിപല്‍ സന്ദേശമാണ്. സ്ത്രീക്കു മുകളില്‍ പുരുഷലോകം നടത്തുന്ന ഭീകരവും നിഷ്ഠൂരവുമായ അതിക്രമവാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണല്ലോ. അപ്പോള്‍ പ്രണയജന്യമായ, പരസ്പര സമ്മതമായ, നിയമവിധേയമായ പുരുഷന്റെ ശരീരസ്പര്‍ശങ്ങള്‍ കൂടി സ്ത്രീക്ക് അതിക്രമമായി അനുഭവപ്പെടുന്നതാകാം. അതിനാലാകാം ജീവിതത്തില്‍ പുരുഷപങ്കാളിത്തമേ വേണ്ടെന്ന് വെക്കുന്ന വരും അസെക്ഷ്വല്‍ പ്രവണതയുള്ളവരും (അസെക്ഷ്വാലിറ്റി) സ്ത്രീകളില്‍ പെരുകുന്നത്. കുലം മുടിയലിന്റെ ആവേഗം മെയിൽ ഷോവനിസ്റ്റിക് ക്രൂരതകളും കാലാവസ്ഥാവ്യതി യാനത്തെ പോലെ വര്‍ധിപ്പിക്കുമോ?
ഈയൊരു പരിപ്രേക്ഷ്യത്തില്‍ വേണം പെണ്ണിന്റെ ലൈംഗികതൃഷ്ണകളെ വിവിധതരം വസ്ത്രധാരണങ്ങളിലൂടെയാണ് ഈ കഥയില്‍ ആകര്‍ഷണം എന്ന സംഗതിയിലേക്ക് എത്തിക്കുന്നത്, സ്ത്രീയുടെ വസ്ത്രമാണോ പുരുഷന്റെ ദൗർബല്യം തുടങ്ങിയ ഷബിതയുടെ രോഷങ്ങളെയും പരിഗണിക്കേണ്ടത്.
ദളിത് സെന്‍സിറ്റീവ്നെസ് ഇത്രയും കാലമായിട്ടും തുടച്ചുമായ്ച്ചുകളയാന്‍ സാധിക്കാത്ത ഒരു സമൂഹത്തിലേക്ക് 'ആയുഷ്മാന്‍ ഭവ' എന്ന കഥ ഇറങ്ങിച്ചെല്ലുമ്പോഴുണ്ടാവുന്ന പ്രത്യാഘാതം എഴുത്തുകാരന്‍ ഓര്‍ക്കുന്നില്ല എന്നാണോ? ഒരു വരേണ്യ ഗര്‍ഭപാത്രത്തില്‍ സുരക്ഷിതമായി വളര്‍ന്ന് വലുതായിട്ട് വേണോ പനിയാറുകള്‍ക്ക് വംശനാശഭീഷണിയെ അതിജീവിക്കാന്‍? അപ്പോള്‍ ആ ഗോത്രത്തിലെ സ്ത്രീകള്‍ ആരായി? ഗോത്രജീവനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയല്ലേ ഈ കഥ ചെയ്യുന്നത്.
ആയുഷ്മാന്‍ ഭവ എന്ന കഥ ദളിത് സെന്‍സിറ്റീവ്‌നെസ് ഉള്ളത് മാത്രമല്ല, ദളിതരോടുള്ള അറ്റോണ്‍മെന്റിന്റേത് (പ്രായശ്ചിത്തം) കൂടിയാണ്. വരേണ്യഗര്‍ഭപാത്രത്തില്‍ സുരക്ഷിതമായി വളര്‍ന്ന് വലുതായിട്ട് വേണോ പനിയാറികള്‍ക്ക് വംശനാശഭീഷണിയെ അതിജീവിക്കാന്‍ എന്ന ചോദ്യം അഭിമുഖത്തിലുണ്ട്. വരേണ്യഗര്‍ഭപാത്രത്തില്‍ വിത്തിട്ട് വളര്‍ന്നിട്ട് കൂടി അതിജീവിക്കാന്‍ ഇന്ന് പിനിയാറികള്‍ക്ക് അവകാശമുണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കാന്‍ തെയ്യാറുള്ള സബിതമാരും ഇന്നത്തെ ലോകത്തുണ്ട്. അതില്‍ നമ്മള്‍ അഭിമാനിക്കണം. പനിയാറി ഗോത്രത്തില്‍ വേറെ സ്ത്രീകളുണ്ട് എന്നതിനാല്‍ പുനീത് കുമാറും സബിതയും ജീവിതപങ്കാളികളാകാന്‍ പാടില്ലെന്ന വാദം മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണ്. വിവാഹിതയായ ഒരു സ്ത്രീക്ക് പരപുരുഷനുമായി ബന്ധമുണ്ടാകുന്നതും അയാളില്‍ നിന്നും ഗര്‍ഭം ധരിക്കുന്നതും ഇന്ത്യന്‍ നിയമം നിരോധിച്ചിട്ടില്ല. അഡള്‍ട്രി കുറ്റകൃത്യമല്ലാതായിക്കഴിഞ്ഞു. സബിതയുടെ കാര്യത്തില്‍ പുനീത് കുമാറുമായുള്ള ബന്ധത്തെ പ്രതി അശ്വിന്‍ നമ്പൂതിരിക്ക് എളുപ്പത്തില്‍ ഡൈവോഴ്സ് കിട്ടുമെന്ന് മാത്രം. ജീവിതത്തില്‍ വിവാഹമേ വേണ്ടെന്നു വെച്ച പുനീത് കുമാറിര്‍ ആത്മവിശ്വാസം വളര്‍ത്തി പിതൃത്വത്തിലേക്ക് എത്തിച്ചത് സബിതയാണെന്നോര്‍ക്കണം. അതവള്‍ക്ക് ചെയ്യാതിരിക്കാന്‍ വയ്യ. കാരണം സവര്‍ണ വര്‍ഗസ്ത്രീകളും കീഴാളരും ഒരേ നിലയില്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്.
''സമൃദ്ധമായ തീന്‍മേശപോലെയാണ് സുനിഷ തന്റെ പ്രതിബിംബത്തെ ആള്‍ക്കണ്ണാടിക്കുമുന്നില്‍ നോക്കിക്കണ്ടത്. മുഖമെന്ന പാല്‍ക്കിണ്ണം(?!) നടുക്ക് വിടര്‍ത്തിവെച്ചിരിക്കുന്ന ചാമ്പക്കച്ചുണ്ടുകള്‍ (-!) ചെവിയെന്ന കറിക്കൂട്ട് (-!) കറുമുറുക്കമുള്ള രസികന്‍ കണ്ഠപലഹാരം(-!) മിന്നുന്ന എയര്‍ഹോസ്റ്റസ് ഉടുപ്പിനടിയില്‍ ഒളിപ്പിച്ച വിവിധ ഫലമൂലാദികള്‍(-!)'' താങ്കളുടെ ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ്, എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. സമൃദ്ധമായ ഒരു തീന്‍മേശപോലെ സ്വന്തം ശരീരത്തെ കാണാന്‍ എഴുത്തുകാരനാല്‍ വിധിക്കപ്പെട്ട ഒരു കഥാപാത്രത്തെയാണ് സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. എന്തൊരു സ്ത്രീവിരുദ്ധമാണ് സര്‍ ഈ അക്ഷരനടപടികള്‍? സ്ത്രീകള്‍ അവരുടെ ലിബറേറ്റഡ് കാഴ്ചപ്പാടുകള്‍ നിര്‍ഭയം നടപ്പിലാക്കുന്ന കാലത്തിരുന്ന് ഈ കഥ വായിക്കുമ്പോള്‍ രാജാവിന്റെ വിജൃംഭനത്തിനായി രതിവര്‍ണനകള്‍ പാടിക്കുഴയുന്ന പഴയകാല കവികളെ ഓര്‍ത്തുപോവുകയാണ്. അവിടെയായിരുന്നല്ലോ താമരത്തണ്ട് കഷ്ടി കടന്നുകൂടാത്ത സ്തനങ്ങളും അന്നനടയും നിതംബഭാരവും അണിയൊത്ത വയറും ചേലൊത്ത പുറവും ഒക്കെ അഴിഞ്ഞാടിയിരുന്നത്. ഒരു സ്ത്രീയെ (പുരുഷനെയുമാകട്ടെ)അവയവഭേദ്യം ചെയ്യുക എന്ന രീതിയിലേക്കാണ് ഈ കഥ നയിക്കുന്നത്. അതിജീവനത്തിനായി അടിയറവുവെക്കുന്ന പെണ്‍കാലമൊക്കെ കഴിഞ്ഞുപോയി സര്‍. എന്നാണ് എഴുത്തുകാരന്മാര്‍ക്ക് പെണ്‍ശരീരത്തെക്കുറിച്ചും കാമനകളെക്കുറിച്ചും ബോധം വെക്കുക? എയര്‍ഹോസ്റ്റസ് മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളില്‍ ഈ കഥ ചെന്നുനിറയ്ക്കാവുന്ന അസ്വസ്ഥതയെക്കുറിച്ച് താങ്കള്‍ ആലോചിച്ചിട്ടുണ്ടോ? അഞ്ചുമിനിറ്റില്‍ കൂടുതല്‍ നോക്കിയാല്‍ കേസെടുക്കുന്ന നാടാണ് നമ്മുടേത്. തൊഴില്‍മേഖലയിലെ എല്ലാ തരത്തിലുമുള്ള അസമത്വങ്ങളും കാല്‍പനികതയുടെ ചേരുവകളുള്ള മാനദണ്ഡങ്ങളും അതിലംഘിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പുതിയ തലമുറയ്ക്ക് ഈ കഥ നല്‍കുന്ന സന്ദേശമെന്താണ്? വിമാനത്തിലെ ജോലിക്കാരിയോട് അശ്ലീലം പറഞ്ഞിട്ട് മാന്യമായി പുറത്തുപോകുന്ന ഏതെങ്കിലും ഒരു യാത്രക്കാരന്‍ ഇന്നുണ്ടാവുമോ? 'ഭാരതീയ ന്യായ സംഹിത'യില്‍ ജോലിയിടത്തിലെ സെക്ഷ്വല്‍ ഹരാസ്മെന്റും വെര്‍ബല്‍ അബ്യൂസുമൊക്കെ അങ്ങനെയങ്ങ് വെറുതേ വിടുമോ ഇവരെയൊക്കെ?
സ്ത്രീ പീഡനത്തിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ കൊടുക്കുന്നത് സ്ത്രീവിരുദ്ധമാണോ? പുരുഷാധിപത്യപന്നികളുടെ മനോരോഗങ്ങള്‍ സാഹിത്യകൃതികളില്‍ ആവിഷ്‌ക്കരിക്കുന്നത് സ്ത്രീവിരുദ്ധമാണോ? എങ്കില്‍ മാത്രമേ ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ് എന്ന കഥ സ്ത്രീവിരുദ്ധമാകുകയുള്ളൂ. ക്യാപ്റ്റന്മാരുടെയും ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ഓഫീസര്‍മാരുടെയും പാസഞ്ചേഴ്‌സിന്റെയും കാമക്കണ്ണിലൂടെ സുനിഷ സ്വശരീരത്തെ നോക്കിക്കണ്ടതിന് എഴുത്തുകാരനോട് കയര്‍ക്കുന്ന അവസ്ഥയിലേക്ക് ഇന്റര്‍വ്യൂവിന്റെ അവസാനഭാഗത്ത് ഷബിത എത്തിയിട്ടുണ്ട്. ഈയൊരു സമീപനം തുടര്‍ന്നാല്‍ എഴുത്തുകാര്‍ക്ക് വാഴ്ത്തപ്പെട്ട പുണ്യാളന്മാരെയല്ലാതെ മോശപ്പെട്ട കഥാപാത്രങ്ങളെയൊന്നും രചനകളില്‍ ചിത്രീകരിക്കാനാകില്ല. തിന്മയുടെ സാഹിത്യാവിഷ്‌ക്കാരങ്ങള്‍ തിന്മയില്‍ നിന്നുള്ള വിമോചനത്തിനാണെന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെ പുരുഷാധിപത്യ അശ്ലീലത്തിന്റെ ആവിഷ്‌ക്കാരം അതില്‍ നിന്നുള്ള വിമോചനത്തിന് വേണ്ടിയാണെന്ന ലളിത തത്വം കൂടി മറന്നുപോയോ? കണ്ണാലും അല്ലാതെയും ഭോഗവസ്തുവായി പലപ്പോഴും വിധിക്കപ്പെടുന്ന എയര്‍ഹോസ്റ്റസുമാരുടെ വിമോചനത്തിനുള്ള രചനയാണ് സത്യത്തില്‍ ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ്, ഇവാക്യുവേറ്റ്. ബ്രൂണോ ലാത്തൂരിന്റെ ഹ്യൂമണ്‍ ഷുഡ് ഇവാക്യുവേറ്റ് ദ ഗ്ലോബ് എന്ന ആശയത്തിന്റെ മറ്റൊരു മാനവും രചനക്കുണ്ട്. അങ്ങനെയൊരു കഥയെ വിലയിരുത്തുന്നതില്‍ എങ്ങനെയാണ് രാജാവിന്റെ വിജൃംഭനം, രതിവര്‍ണനകള്‍ പാടിക്കുഴയുന്ന പഴയകാല കവികള്‍, അവയവഭേദ്യം തുടങ്ങിയ പ്രയോഗങ്ങള്‍ കടന്നുവരുന്നത്? പുതിയ സ്ത്രീമനസ്സുകള്‍ അനുഭവിക്കുന്ന പേര്‍സിക്യൂഷന്‍ കോംപ്ലക്‌സ് അതിഭീകരമായിരിക്കുമല്ലേ? എല്ലാറ്റിനും പ്രതിയാക്കേണ്ടത് സ്ത്രീ പുരുഷബന്ധത്തെ അത്രമേല്‍ കെട്ട് നാറ്റിക്കുന്ന വര്‍ത്തമാനകാലത്തെ തന്നെയാണ്.
എയര്‍ ഹോസ്റ്റസ് ജീവിതത്തിലെ അനിഷേധ്യ സത്യങ്ങളെ ആധികാരിക സ്രോതസ്സുകളില്‍ നിന്ന് പഠിച്ച ശേഷമാണ് ഞാന്‍ ഇവാകൃവേറ്റ് എഴുതിയതെന്ന് ഏതായാലും ഇവിടെ അറിയിക്കട്ടെ. അഞ്ചുമിനിറ്റില്‍ കൂടുതല്‍ സ്ത്രീയെ നോക്കിയാല്‍ കേസെടുക്കുന്ന നാടല്ലേ നമ്മുടേത്, വിമാനത്തിലെ ജോലിക്കാരിയോട് അശ്ലീലം പറഞ്ഞിട്ട് മാന്യമായി പുറത്തുപോകുന്ന യാത്രക്കാരന്‍ ഇന്നുണ്ടാകുമോ, ഭാരതീയ ന്യായ സംഹിത ജോലിയിടത്തിലെ സെക്ഷ്വല്‍ ഹരാസ്മെന്റും വെര്‍ബല്‍ അബ്യൂസുമൊക്കെ വെറുതെ വിടുമോ എന്നീ ചോദ്യങ്ങളിലെ ഷബിതയുടെ നിഷ്‌ക്കളങ്കത എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. അത്രത്തോളം മാവേലി വാണീടുന്നതാണോ സ്ത്രീകള്‍ക്ക് നമ്മുടെ നാട്?
മാധവിക്കുട്ടി എന്ന കഥ വായിക്കുകയായിരുന്നു. എഴുത്തുകാരി മാധവിക്കുട്ടിയെ ഭാവനാമലയാളം വിറ്റുനേടിയതിന്റെ അളവ് ചെറുതൊന്നുമല്ല. ഇന്നും നിര്‍ലോഭം നടന്നുകൊണ്ടേയിരിക്കുന്നു മാധവിക്കുട്ടി എന്ന സെല്ലിങ് പോയിന്റിന്റെ ബയോക്രിട്ടിസിസവും 'എന്റെ കഥ'യും അനുബന്ധ ബാന്ധവകഥകളും. മാതു എന്ന പട്ടത്തിപ്പെണ്‍കുട്ടിക്ക് മാധവിക്കുട്ടിയാല്‍ ഭ്രമിച്ചുപോയ മുത്തശ്ശി ചാര്‍ത്തിക്കൊടുത്ത പേര്. മാധവിക്കുട്ടിയുടെ 'മൃഗപാലനം' എന്ന കഥ ഈയിടത്തില്‍ പരാമര്‍ശിച്ചുകണ്ടപ്പോള്‍ വിജയലക്ഷ്മിയുടെ മൃഗശിക്ഷകന്‍ എന്ന കവിതയും ഓര്‍ത്തുപോയി. ''ഭയമാണങ്ങയെ. പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍ദ്രമോ ഹൃദയ,മെങ്കിലുമിതേറ്റു ചൊല്ലുന്നേന്‍ ഭയമാണങ്ങയെ...'' ആധുനികകുടുംബസങ്കേതങ്ങളില്‍ വ്യക്തിബന്ധങ്ങള്‍ ഡിമാന്റഡ് ആണ്. ആര്‍ക്കും ആരെയും സഹിക്കേണ്ട ബാധ്യതയില്ല. (പങ്കാളിയിതര ബന്ധത്തെ അധികബന്ധം എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം) രണ്ടുതലമുറയ്ക്ക് അപ്പുറത്തുള്ള മുത്തശ്ശിയുടെ ജീവിത സാഹചര്യമല്ല ആധുനിക നായികയായ മാധവിക്കുട്ടിക്കുള്ളത്. എന്നിട്ടും ചെല്ലും ചെലവും കൊടുത്ത് പങ്കാളിയെ നിലനിര്‍ത്തേണ്ടുന്ന കുടുംബ ആവശ്യകതയിലേക്ക് എങ്ങനെയാണ് ഈ കഥ ചെന്നെത്തുന്നത്?
മാധവിക്കുട്ടി എന്ന കഥയെ ആസ്പദമാക്കിയ ഷബിതയുടെ പരാമര്‍ശങ്ങള്‍ താന്‍ വിശ്വസിക്കുന്നൊരു സാമാന്യാവസ്ഥയെ മുന്‍നിര്‍ത്തി കഥാപാത്രങ്ങളുടെ സവിശേഷസാഹചര്യങ്ങള്‍ നിഷേധിക്കലും അവരുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ തിരസ്‌ക്കരിക്കലുമാണ്. ഈ സമീപനപ്രകാരം മനഃശാസ്ത്രജ്ഞന്റെ അടുത്തു പോകാതെ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ രമണനെ നമുക്ക് ശകാരിക്കാം. പെങ്ങളുടെ ഭര്‍ത്താവ് വഞ്ചിച്ചതിന് മതം മാറേണ്ട ആവശ്യമുണ്ടോയെന്ന് അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ കഴുത്തിന് പിടിക്കാം. അഭിമുഖത്തില്‍ നല്ല രീതിയില്‍ പരാമര്‍ശിച്ച സൂഫി പറഞ്ഞ കഥയിലെ കാര്‍ത്തിയോട് മരിച്ചാല്‍ ആരെങ്കിലും ബീവിയായി വരുമോ എന്നു തട്ടിക്കയറുകയും ചെയ്യാം. എന്തിന് ഷബിതയുടെ തന്നെ മന്ദാ ക്രാന്താമഭനതതഗം എന്ന കഥയിലെ ലൈലയോട് നീ എന്തിനാണ് ഈ വൃത്തികെട്ട പരിപാടിക്ക് നില്‍ക്കുന്നത് തൊഴിലുറപ്പ് പണിക്ക് പോയിക്കുടേയെന്ന് വായനക്കാര്‍ക്ക് കയര്‍ക്കാമല്ലോ.
'സൂഫി പറഞ്ഞ കഥ'യെഴുതിയ കെ.പി രാമനുണ്ണി. മലയാളസാഹിത്യത്തില്‍ തന്റെതായൊരു മാജിക്കല്‍ റിയലിസ്റ്റിക് പ്ലിത്തോറ സൃഷ്ടിച്ച അതേ രാമനുണ്ണി. പ്രണയവും രതിയും ജീവിതവും ഫിലോസഫിയും മതവും രാഷ്ട്രവും ഒന്നുപോലെ കൈകാര്യം ചെയ്യുന്ന കെ.പി രാമനുണ്ണി. പക്ഷേ എഴുത്തുകാരന്മാര്‍ എന്നോ കൈകാര്യം ചെയ്തു തഴങ്ങിപ്പോയ പെണ്‍പ്രരൂപങ്ങളെ അതേപടി പകര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. പെണ്‍ശരീരത്തിലെ ഫലമൂലാദികള്‍ വിശേഷപ്പെട്ടതാവുന്നത് അങ്ങനെയാണ്. അവരെക്കുറിച്ചുള്ള അശ്ലീല വിജൃംഭനസ്മരണികകള്‍ പെണ്ണുങ്ങള്‍ എന്നോ കൈവിട്ടുകളഞ്ഞതാണ്. മാറിടവും നിതംബവും അരക്കെട്ടും കണ്ണും കണ്‍പീലിയും തുടയും ചുണ്ടും ചെവിയും മൂക്കും നാക്കുമൊന്നും വിശേഷാല്‍പ്രതികളല്ലാ സാര്‍. താങ്കള്‍ അവതരിപ്പിക്കുന്ന ഗൗരവമര്‍ഹിക്കുന്ന പ്രമേയങ്ങള്‍ 'പെണ്‍ശരീരഭാരത്തില്‍' പെട്ടുപോകുന്നതായി തോന്നുന്നു.
''സൂഫി പറഞ്ഞ കഥയെഴുതിയ എന്നെ സംബന്ധിച്ചിടത്തോളം, പ്രണയവും രതിയും ജീവിതവും ഫിലോസഫിയും മതവും രാഷ്ട്രീയവും ഒന്നുപോലെ കൈകാര്യം ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം,'' മനുഷ്യസൗഹൃദത്തിന്റെ തൊണ്ണൂറ്റിയേഴ് ശതമാനവും പാകം ചെയുന്ന സ്ത്രീപുരുഷഭാജനം സുദൃഢമാകേണ്ടത് സംഘര്‍ഷരഹിതമായ ലോകത്തിന് വേണ്ടിയുള്ള അനിവാര്യതയാണ്. അതിന് എതിരുനില്‍ക്കുന്ന യാഥാസ്ഥിതികതയെയും പുരുഷാധിപത്യത്തെയും പൊളിറ്റിക്കലി ഇന്‍കററ്റായ പ്രയോഗത്തിലുടെയടക്കം ഞാന്‍ ഹിംസിക്കും. ഉറൂബിന്റെ നാട്ടില്‍ നിന്നു വരുന്ന എനിക്ക് മനുഷ്യര്‍ സുന്ദരികളും സുന്ദരന്മാരുമാകുന്നത് ആത്മാവിലും മനസ്സിലും ബുദ്ധിയിലും മാത്രമല്ല, ശരീരത്തില്‍ കൂടിയാണ്. സ്‌നേഹത്തോടെയുള്ള ശരീരാഭിമുഖീകരണം ആഭാസമല്ലാത്തതിനാല്‍ അത് ഞാന്‍ പേര്‍ത്തും പേര്‍ത്തും നടത്തിക്കൊണ്ടിരിക്കും. കുലത്തിന്റെ തുടര്‍ച്ച ഇച്ചിക്കുന്നതിനാല്‍ അസെക്ഷ്വല്‍ മണ്ഡൂകങ്ങളെ എനിക്ക് കണ്ടുകൂടാ. പുരുഷനെയും ഇരയാക്കി മാറ്റുന്ന ആണധികാരത്തോടുള്ള എതിര്‍പ്പാണ് അതിന്റെ ലീലാവിലാസങ്ങളെ നിശിതമായി ആവിഷ്‌ക്കച്ച് പ്രതിസ്ഥാനത്താക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത്. അതേ എതിര്‍പ്പാണല്ലോ അത്തരം കഥാവിഷ്‌ക്കാരങ്ങളെ കടുത്ത രീതിയില്‍ വിമര്‍ശിക്കാന്‍ ഷബിതയെയും പ്രകോപിപ്പിച്ചിട്ടുള്ളത്. താല്‍പര്യത്തിന്റെ പൊതുയിടം നമുക്കുള്ളതിനാല്‍ തീര്‍ച്ചയായും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം. രോഷവും ക്ഷോഭവും സങ്കടവും എതിര്‍പ്പും പിന്തുണയുമെല്ലാം ഇടകലര്‍ത്തിക്കൊണ്ട് പുരുഷ എഴുത്തുകാരുടെ കൃതികള്‍ എഴുത്തുകാരികള്‍ ആഴത്തില്‍ വായിക്കുക എന്ന പുതിയ സമ്പ്രദായമാണ് ഈ അഭിമുഖത്തിലൂടെ ഷബിത പരിചയപ്പെടുത്തിയിരിക്കുത്. അതിന് കാണിച്ച ആര്‍ജവത്തിനും ധൈര്യത്തിനും അഭിനന്ദനങ്ങള്‍.
മലയാള സാഹിത്യത്തില്‍ എത്രയോ മുതിര്‍ന്ന എഴുത്തുകാരനായ താങ്കള്‍ കാണിച്ച ഈ സഹിഷ്ണുതയ്ക്കാണ് നന്ദി പറയേണ്ടത്.
Content Highlights: kp ramanunni interview shabitha edasserikkaru collected stories
Published: 21 May 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented