പുരാവസ്തുഗവേഷകയായ ദേവിക കരിയപ്പ ഭാരതീയ പുരാവസ്തുശാസ്ത്രത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ രചിക്കുന്ന എഴുത്തുകാരിയാണ്. ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനുമിടയിലെ വിടവ് നികത്തി, കുഞ്ഞുങ്ങളില്‍ ചരിത്രത്തോടുള്ള അഭിനിവേശം വളര്‍ത്താന്‍ ദേവികയുടെ രചനകള്‍ക്ക് സാധിക്കുന്നു. ചരിത്രത്തെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും കുട്ടികളെക്കുറിച്ചും ദേവിക കരിയപ്പ സംസാരിക്കുന്നു.

To advertise here,

എന്തുകൊണ്ടാണ് കുട്ടികളെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിലൂടെ അവര്‍ക്കു വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാമെന്ന് താങ്കള്‍ കരുതുന്നത്

എട്ടുവര്‍ഷംമുമ്പാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. ഏറ്റവും പ്രധാനകാര്യം എന്റെ എഴുത്ത് കുട്ടികള്‍ക്ക് വളരെ എളുപ്പം ചരിത്രവുമായി ഇണങ്ങാന്‍ കഴിയുന്ന രീതിയിലാകണമെന്നതാണ്. വെറും വസ്തുതകള്‍മാത്രം നിരത്തുന്നതിനു പകരം കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലുള്ള വിവരണങ്ങള്‍ ഇഴചേര്‍ക്കുന്നതിനാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്. ചരിത്രപര്യവേക്ഷണങ്ങള്‍ക്കു പോകുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു കാര്യം, കല്ലുകളെക്കുറിച്ചൊക്കെയുള്ള വളരെ രസകരമായ കഥകളും അവയുടെ അപ്രതീക്ഷിത വഴിത്തിരിവുകളുമൊക്കെ കുട്ടികള്‍ ഒത്തിരി ഇഷ്ടപ്പെടുന്നു എന്നതാണ്. എഴുതുമ്പോള്‍ അത് രസകരമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, അല്ലാതെ വെറും വസ്തുതകള്‍മാത്രം ഉള്‍പ്പെടുത്താനല്ല. ഉദാഹരണത്തിന്, ഒരു നായയെക്കുറിച്ച് എഴുതുമ്പോള്‍ ഒരു ചരിത്രയുദ്ധത്തില്‍ അതിന്റെ പങ്കിനെക്കുറിച്ചുള്ള ഒരു കഥകൂടി വിവരിക്കും. എന്റെ എഴുത്തിലൂടെ കുഞ്ഞുവായനക്കാരെ അവര്‍ക്കു ചുറ്റുമുള്ള ചരിത്രവസ്തുതകള്‍ നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ലോകത്തിന്റെ പഴയകാലത്തെക്കുറിച്ച് കൗതുകമുണര്‍ത്താനും ശ്രമിക്കുന്നു. അല്ലാതെ സാങ്കല്പികകഥകള്‍ എന്റെ എഴുത്തില്‍ ചേര്‍ക്കാറില്ല.

മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും കഥകളില്‍നിന്നാണോ പഴയകാലത്തോടുള്ള താത്പര്യം ജനിക്കുന്നത്

അതെ, തീര്‍ച്ചയായും. നമ്മുടെ വീട്ടിലെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒഴിവുസമയങ്ങളില്‍ പറഞ്ഞുതരുന്ന കഥകളില്‍നിന്നാണ് ഇതിന്റെ തുടക്കം. നമ്മള്‍ ഓരോ സംശയം ചോദിക്കുമ്പോള്‍ അവര്‍ കഥാരൂപത്തിലായിരിക്കും മറുപടി തരുക. അതുവഴി കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരു ചരിത്രപശ്ചാത്തലം സ്ഥാനംപിടിക്കുന്നു. അവര്‍ വളരുമ്പോള്‍ പഴയകാലത്തെക്കുറിച്ച് തത്പരരായിരിക്കും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒത്തിരി കഥകളുണ്ടെങ്കിലും മിക്കവയും ആരും പറഞ്ഞുകേള്‍ക്കാത്തതിനാല്‍ അറിയാതെ പോകുന്നു.

ഇക്കാലത്ത് സ്‌കൂളുകളില്‍ കുട്ടികളെ ചരിത്രം പഠിപ്പിക്കുന്ന രീതിയെപ്പറ്റി താങ്കള്‍ക്ക് എന്തുതോന്നുന്നു? അതെങ്ങനെ കൂടുതല്‍ മികച്ചതാക്കാം

ചരിത്രംപോലുള്ള വിഷയങ്ങള്‍ ഇഷ്ടമാണെങ്കില്‍പ്പോലും ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ ലഭിക്കാന്‍ സഹായിക്കുന്ന ഗണിതം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ ശാസ്ത്രവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഭൂരിഭാഗം സ്‌കൂള്‍ വിദ്യാര്‍ഥികളെയും പ്രേരിപ്പിക്കുന്നത്. പുസ്തകവായനയിലൂടെ പിന്നീട് എപ്പോഴെങ്കിലും പഠിക്കാവുന്ന തരം വിഷയമായാണ് ചരിത്രത്തെ കണക്കാക്കുന്നത്. എന്നാല്‍, ചരിത്രമെന്നത് നമുക്ക് നമ്മെക്കുറിച്ചുതന്നെ ധാരണ തരുന്നതും വര്‍ഷങ്ങളോളം പഠിക്കേണ്ടതുമായ ഒന്നാണ്. ഒരിക്കല്‍ ഈ പാഠ്യവിഷയത്തെ അംഗീകരിക്കാന്‍ പഠിച്ചാല്‍ പിന്നെ കുട്ടികളെ ചരിത്രവസ്തുതകളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ പരിശീലിപ്പിക്കണം.

എങ്ങനെയാണ് താങ്കള്‍ കഥപറച്ചിലും വസ്തുതകളുടെ കൃത്യതയും കുട്ടികളെ രസിപ്പിക്കുന്ന രീതിയില്‍ ഒരുപോലെ കൈകാര്യംചെയ്യുന്നത്

വെറുതെ കുറെ അറിവുകള്‍ കൂട്ടിവെച്ചുണ്ടാക്കുന്നതല്ല എന്റെ കഥകള്‍. അതിനുപകരം, പഴയകാലത്തെയും പുതിയകാലത്തെയുംപറ്റിയുള്ള ഗവേഷണങ്ങള്‍ ചരിത്രം ഇഷ്ടപ്പെടുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന തരത്തില്‍ അവതരിപ്പിക്കുന്നു. എന്റെ ഉദ്ദേശ്യം ഗവേഷണങ്ങള്‍ കുട്ടികള്‍ക്ക് ഗ്രഹിക്കാവുന്ന തരത്തില്‍ ലളിതമാക്കുക എന്നതാണ്. അല്ലാതെ ഇതൊരിക്കലും കുട്ടികള്‍ക്ക് മനസ്സിലാവില്ലെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ചരിത്രവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തു കണ്ടാല്‍ ഞാന്‍ എഴുത്തില്‍ അതുമായി മുന്നോട്ടുപോകും. എന്റെ ആദ്യപുസ്തകമായ 'ഇന്ത്യ ത്രൂ ആര്‍ക്കിയോളജി: എക്‌സ്‌കവേറ്റിങ് ഹിസ്റ്ററി' ഇന്ത്യയുടെ ബഹുമുഖചരിത്രത്തെക്കുറിച്ച് സമഗ്രമായും വിമര്‍ശനാത്മകമായും മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരുപാട് കഥകളുള്ളതുകൊണ്ട് ആ കൃതിക്ക് ബാലസാഹിത്യപുരസ്‌കാരം ലഭിച്ചിരുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ചരിത്രസ്മാരകങ്ങള്‍ക്ക് വളരെ വലിയ വ്യത്യാസങ്ങളുണ്ടോ

പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഇന്ത്യയിലെ ചരിത്രനിര്‍മിതികള്‍ വളരെ വ്യത്യസ്തമാണ്. ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഇന്ത്യ വളരെ പുറകോട്ടാണ്. അതിനു ഒരു താരതമ്യംപോലും സാധ്യമല്ല. ജനങ്ങള്‍ക്ക് അവയോടു കാര്യമായ ബഹുമാനവുമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുരാതനനിര്‍മിതികള്‍ സംരക്ഷിക്കുന്നതിനും അവയെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ഒരുപാട് ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ ഒരു അവബോധം സൃഷ്ടിക്കുന്നത് വളരെ നിര്‍ണായകമാണ്. സ്മാരകങ്ങളില്‍ പേരുകള്‍ എഴുതിവെക്കുന്നതുപോലെ അവയ്ക്ക് കോട്ടംതട്ടുന്ന പ്രവൃത്തികളില്‍നിന്ന് നാം അവരെ പിന്തിരിപ്പിക്കണം. പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അവരുടെ താത്പര്യങ്ങള്‍ പിന്തുടരാനും സ്വാതന്ത്ര്യമുണ്ട്.

താങ്കളുടെ അഭിപ്രായത്തില്‍ കുട്ടികള്‍ കണ്ടിരിക്കേണ്ട ഇന്ത്യയിലെ പ്രധാനസ്മാരകങ്ങള്‍ ഏതൊക്കെയാണ്

അത് തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്. സാംസ്‌കാരികപാരമ്പര്യമുള്ള, മനോഹരമായ അജന്തയും എല്ലോറയുംമുതല്‍ ഹംപിയും ബദാമിയുംവരെ അനേകം സ്മാരകങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ, ഏറ്റവും പ്രധാനം കുട്ടികളെ അജന്തയിലോ എല്ലോറയിലോ കൊണ്ടുപോകുമ്പോള്‍ ആ ഗുഹയുടെ പ്രാധാന്യത്തെപ്പറ്റിയും അവയുടെ വിശദാംശങ്ങളെക്കുറിച്ചുമെല്ലാം അവര്‍ക്ക് പറഞ്ഞുകൊടുക്കണം. അവരെ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. പതിയെ അവര്‍ക്ക് അതിനോട് താത്പര്യം ഉണ്ടായിക്കൊള്ളും. കുട്ടികള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒരു നേരമ്പോക്ക് എന്ന നിലയിലാകണം, അല്ലാതെ ഒരു പഠനപ്രവര്‍ത്തനംപോലെയാകരുത്.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.