മാതൃഭൂമിയുടെ പോഡ്കാസ്റ്റ് പരിപാടിയായ 'പുസ്തകോവ്‌സ്‌കി'യിലൂടെ വായനക്കാരുമായി കണ്ടും കേട്ടും മിണ്ടിയുമിരിക്കാന്‍ എത്തിയിരിക്കുകയാണ് ബിപിന്‍ ചന്ദ്രന്‍. എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമെല്ലാമായ അദ്ദേഹം രസകരങ്ങളായ തന്റെ ജീവിതവഴികളിലൂടെ വായനക്കാരെ കൈപിടിച്ചുനടത്തി വിശ്വസാഹിത്യത്തിന്റെ പടികളോരാന്നായി കയറി, ഏറ്റവും പ്രിയമുള്ളൊരു മലയാളകൃതിയുടെ തീരത്തേക്ക് മനസ്സടുപ്പിക്കുകയാണ് ഈ പരിപാടിയിലൂടെ. പുത്തന്‍ കാഴ്ചാനുഭവങ്ങളോടെ, കേള്‍ക്കാന്‍ ഇമ്പമുള്ള കഥകളിലൂടെയുള്ള 'പുസ്തകോവ്‌സ്‌കി'യുടെ വാക്കൊഴുക്കിന്റെ അതേവേഗത്തില്‍ ബിപിന്‍ ചന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു

To advertise here,

വായനക്കാരുമായി കണ്ടുമുട്ടാനും കേട്ടുമുട്ടാനും 'പുസ്തകോവ്‌സ്‌കി' എത്തിയിരിക്കുകയാണല്ലോ.

അതെ. പുതിയ വിശേഷം പുസ്തകോവ്സ്‌കിയാണെന്ന് പറയാം. അങ്ങനെയൊരു പരിപാടി പ്ലാന്‍ ചെയ്തിട്ട് ഒരു വര്‍ഷമായി. കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സുനില്‍ പി. ഇളയിടവുമായുള്ള ഒരു വര്‍ത്തമാനത്തിലൂടെയാണത് സംഭവിച്ചത്. അന്ന് ഇപ്പോഴത്തെ ഫോര്‍മാറ്റിലേക്ക് എത്തിയിട്ടില്ല. വളരെ കാഷ്വലായിട്ടുള്ള ആ വര്‍ത്തമാനമായിരുന്നു ഇതിന്റെ ഒരു ബേസിക് ത്രെഡ്. പുസ്തകങ്ങളെക്കുറിച്ച് രസകരമായി സംസാരിക്കുന്ന, വലിയ അക്കാദമിക് കാര്യങ്ങളൊന്നുമില്ലാതെ പലതരത്തിലുള്ള വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു പരിപാടി എന്നേ മനസ്സിലുണ്ടായിരുന്നുള്ളു. ഇപ്പോള്‍ മൂന്ന് എപ്പിസോഡുകള്‍ പുറത്തുവന്നു. 

'പുസ്തകോവ്സ്‌കി' ഈ രൂപവും ഭാവവുമൊക്കെ എടുത്തണിഞ്ഞത് എങ്ങനെയാണ്

വെറുമൊരു അവതരണമല്ലാതെ കുറച്ചുകൂടി എങ്ങനെ ഈ പരിപാടി പ്രത്യേകതയുള്ളതാക്കാം എന്നുള്ള ആലോചന മാതൃഭൂമിയുടെ ഭാഗത്തുനിന്നുണ്ടാവുകയും അതിനായി നമ്മള്‍ ഒരു വേഷവിധാനവും സെറ്റുമൊക്കെ ഉണ്ടെങ്കില്‍ നന്നാകും എന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്യുകയായിരുന്നു. അതിന്റെയൊരു റിസള്‍ട്ട് പരിപാടിയില്‍ കാണാനുമുണ്ട്. കാഴ്ചയിലും സൗണ്ട് ക്വാളിറ്റിയിലും മ്യൂസിക്, എഡിറ്റിങ് എന്നിവയിലുമെല്ലാം അത് ഒരു ഭംഗി നല്‍കുന്നുണ്ട്. ഒരു സിനിമ ഷൂട്ട് ചെയ്യുന്നപോലൊരു ശ്രദ്ധ പുസ്തകോവ്‌സ്‌കിക്ക് കൊടുത്തിട്ടുണ്ട്. 

ഒരു കാഷ്വല്‍ സ്വഭാവം ഈ പരിപാടിക്ക് ഉണ്ടാകണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ അവസ്ഥയിലേക്ക് പതിയെ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് എത്തിയതാണ്. രഞ്ജിനി, എബ്രഹാം, മാതൃഭൂമി ബുക്സിലെ ജോര്‍ജി എന്നിവരോടൊപ്പമിരുന്ന് കൂട്ടായി ചര്‍ച്ചചെയ്ത് പ്രൊഫഷണലായ ഒരു സമീപനം ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തെ പറഞ്ഞ ക്വാളിറ്റിയിലേക്കെത്താന്‍ കഴിഞ്ഞത്. 

പുസ്തകങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമെല്ലാം ആളുകള്‍ക്ക് ഒരുപാട് വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള ഒരു കാലമാണ്. എല്ലാം വിരല്‍ത്തുമ്പത്താണല്ലോ. ഇതിനൊരു എന്റര്‍ടൈന്‍മെന്റ് സ്വഭാവമുണ്ടാകണം, ഒപ്പം ഇന്‍ഫര്‍മേറ്റീവ് ആയിരിക്കണം, ഒരു ഇന്‍ഫോടെയ്ൻമെന്റ് സമീപനമാണ് ഇതിനുവേണ്ടത് എന്നൊക്കെയുള്ള ചിന്തയുണ്ടായിരുന്നു. കൊടുക്കുന്ന വിവരം വ്യത്യസ്തതും കൗതുകമുണര്‍ത്തുന്നതുമാക്കാന്‍ ശ്രദ്ധിച്ചു. മഹാത്മാഗാന്ധിയെക്കുറിച്ച് നമുക്ക് പറയാം, അദ്ദേഹത്തക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്നോ പുസ്തകത്തില്‍നിന്നോ ആയിരിക്കും ശേഖരിക്കുന്നത്. അത് വായനക്കാര്‍ക്കും കിട്ടാന്‍ സാധ്യതയുണ്ട്. എനിക്ക് മാത്രമറിയാവുന്നത് എന്നെനിക്ക് പറയാനാകുക എന്റെ ജീവിതം മാത്രമാണ്. ഇത് പ്രധാനമാണ്, കേട്ടാല്‍ ആളുകള്‍ക്ക് കൗതുകമുണ്ടാകും എന്ന് തോന്നുന്ന ജീവിതാനുഭവങ്ങളെടുത്ത് അത് വിശ്വസാഹിത്യത്തിലെ ഏതെങ്കിലും ഒരു കൃതിയിലേക്ക് ലിങ്ക് ചെയ്യുന്നു. ശേഷം പുതിയതോ ചര്‍ച്ചചെയ്യപ്പെടേണ്ടതോ ആയ ഏതെങ്കിലുമൊരു മലയാളം പുസ്തകത്തിലേക്ക് എത്തിച്ച് ഉപസംഹരിക്കുകയാണ് ഇപ്പോള്‍ പുസ്തകോവ്‌സ്‌കിയില്‍. 10-12 മിനിറ്റാണ് പരിപാടിയുടെ ദൈര്‍ഘ്യം. 

placeholder
പുസ്തകോവ്സ്‌കിയില്‍ നിന്ന്.

ഒരു പുസ്തകത്തെക്കുറിച്ച് അരമണിക്കൂറോ കോളേജില്‍ ക്ലാസെടുക്കുന്ന പോലെ ഒരു മണിക്കൂറോ വേണമെങ്കില്‍ സംസാരിക്കാം. എന്നാല്‍ അതെല്ലാവരും ശ്രദ്ധിക്കണമെന്നില്ല, പുസ്തകവുമായി വളരെ ബന്ധമുള്ള ഒരു ന്യൂനപക്ഷം അത് കേട്ടിരിക്കുമായിരിക്കാം. അവരെമാത്രമല്ല, പുസ്തകവായന തുടങ്ങുന്നവരേയും വായന ടൈംപാസ്സായി കൊണ്ടുനടക്കുന്നവരേയും വായിച്ച് നല്ല ശീലമുള്ളവരേയും വായന ഇടയ്ക്കുവെച്ച് മുടങ്ങിപ്പോയ ആളുകളേയും അങ്ങനെ പലതരത്തിലുള്ള വായനക്കാരെ പുസ്തകോവ്‌സ്‌കി അഭിസംബോധന ചെയ്യണം എന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ഫോര്‍മാറ്റ്. അങ്ങനെ ഇപ്പോള്‍ പുറത്തുവന്ന പുസ്തകോവ്‌സ്‌കിയിലെത്തി. 

വ്യത്യസ്തമായ പേര്. അതെങ്ങനെ വന്നു

പല പേരുകള്‍ ചര്‍ച്ചചെയ്തു. ആന്ദ്രേ തര്‍ക്കോവ്കി, ദസ്തയേവ്സ്‌കി, എന്നീ പേരുകള്‍ നമുക്ക് പരിചയമുണ്ട്. ചെറുപ്പക്കാര്‍ 'കിടിലോസ്‌കി' എന്നൊക്കെയുള്ള വാക്കുകള്‍ പറയാറുണ്ടല്ലോ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'വെബിനിവേശം' എന്ന കോളം കൈകാര്യം ചെയ്യുന്ന രാംമോഹന്‍ പാലിയത്ത് ആണ് 'ബുക്കോവ്സ്‌കി' എന്നാലോചിച്ച പേരിലെ 'ബുക്ക്' മാറ്റി 'പുസ്തകം' എന്ന മലയാളവാക്ക് ചേര്‍ക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ 'പുസ്തകോവ്സ്‌കി' എന്ന പേര് നല്‍കുകയായിരുന്നു. 

വീടിനകത്തുനിന്ന് ലോകസാഹിത്യത്തിലേക്ക് വിഹരിക്കുന്ന അവതരണമാണല്ലോ പുസ്തകോവ്സ്‌കിയുടേത്. സ്‌ക്രിപ്റ്റ്, അവതരണം തുടങ്ങി അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് പറയാമോ

തിരശ്ശീലകളൊന്നുമില്ലാതെ കോമണ്‍ സ്‌പേസ് എന്നുപറയുന്ന ഒരു സംഗതിയുണ്ട്. ഒരു പുസ്തകത്തെക്കുറിച്ച് പറയുമ്പോള്‍ നിശ്ചിതകാര്യങ്ങള്‍ മാത്രമേ പറയാവൂ എന്നതിനെ നമ്മള്‍ ബ്രേക്ക് ചെയ്യുന്നുണ്ട്. ആളുകള്‍ വ്യക്തിപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന ഒരു കൗതുകമുണ്ട്. ആത്മകഥകള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവ നമ്മള്‍ വായിക്കുന്നതെന്തിനാണ്? ഫെയ്​സ്ബുക്ക്  കുറിപ്പുകള്‍ വായിക്കുന്നതെന്തിനാണ്? അവനവനെ എക്‌സ്പ്രസ് ചെയ്യുകയാണ് അതിലെല്ലാം. അവനവന്റെ അനുഭവങ്ങളെ, രുചികളെ, വായിച്ച പുസ്തകങ്ങളെ എല്ലാം എഴുതിവെക്കുകയാണ്. പലതും അത് പുറപ്പെടുവിക്കുന്നുണ്ട്. പലരും അത് സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളുടെ ഫെയ്​സ്ബുക്ക് കുറിപ്പുപോലും വായിക്കുന്നത്. പണ്ടൊക്കെയാണെങ്കില്‍ അത് ആത്മരതിയാണ് എന്നൊക്കെ പറയും. ഇന്ന് ഒരു കുട്ടിയുടെ അനുഭവത്തിനുപോലും ഇവിടെ പ്രാധാന്യമുണ്ട്. 'ബീന കണ്ട റഷ്യ' എന്ന പുസ്തകം വന്നിട്ട് ഇത്രയും വര്‍ഷങ്ങളായി. ഒരു കുട്ടി കണ്ട വിദേശരാജ്യമാണ് അതില്‍ പറയുന്നത്. ഒരുപാട് അംബാസഡര്‍മാര്‍ വിവിധ രാജ്യങ്ങളില്‍ പോയതിനെക്കുറിച്ച് എഴുതുന്നതുപോലെയല്ല സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ഒരു രാജ്യത്തെക്കുറിച്ചെഴുതുന്നത്. വളരെ ദയനീയമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരാളെഴുതുന്ന പോലെയല്ല ജീവിതത്തില്‍ എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരാള്‍ എഴുതുന്നത്. അക്ഷരാഭ്യാസമില്ലാത്ത ആളുകള്‍ക്കും അനുഭവങ്ങളുണ്ട്. ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ ചിന്തകളിലേക്ക് നയിക്കാനും നമ്മളില്‍ ഒരു ട്രാന്‍സ്‌ഫോര്‍മേഷനുണ്ടാക്കാന്‍ അതിന് സാധിക്കുന്നുണ്ട്. പുസ്തകത്തിന് അങ്ങനെയൊരു ധര്‍മമുണ്ട്. 

placeholder
ബിപിന്‍ ചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

അക്കാദമിക് പണ്ഡിതരുടെ ആഴത്തിലുള്ള വിശകലനങ്ങള്‍ക്കൊപ്പംതന്നെ സാധാരണക്കാരോ സാഹിത്യബന്ധമില്ലാത്ത ആളുകളുടെ അനുഭവങ്ങള്‍ക്കോ അവരുടെ വായനക്കോ വായനാനുഭവങ്ങള്‍ക്കും അതിനെക്കുറിച്ച് അവിദഗ്ധ ഭാഷയില്‍ പോലും അവര്‍ കുറിക്കുന്ന കാര്യങ്ങള്‍ക്കും ഒരു പ്രാധാന്യമുണ്ട്. ഇപ്പോള്‍ എല്ലാം ഒരു അനുഭവമല്ലേ... ഫോണില്‍ നമ്മള്‍ കാണുന്ന കാഴ്ചകള്‍ക്ക് ഒരു എക്‌സ്പീരിയന്‍സ് ഉണ്ട്. ഫോണിനകത്ത് റീല്‍സ് കാണുകയാണെങ്കില്‍പോലും അതിനും ഒരു ധര്‍മമുണ്ട്. പല വശങ്ങളിലേക്കും പണ്ടത്തേതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കണ്ണും കാതും തിരിച്ചുവെക്കുന്ന ഒരു കാലത്താണ്, ആ സമൂഹത്തെയാണ് നമ്മള്‍ അഭിസംബോധന ചെയ്യുന്നത്. അപ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റിങ്ങിലും പറയേണ്ട കാര്യങ്ങളിലും കൃത്യമായുള്ള ഒരു പ്ലാനിങ് ഉണ്ടായിരിക്കണം.  

നമ്മള്‍ ഏത് സമൂഹത്തെയാണ് ലക്ഷ്യംവെക്കുന്നതെന്ന്. എന്ത്,  ആരോട്, എപ്പോള്‍, എങ്ങനെ പറയുന്നു എന്നൊക്കെപോലെ പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. നമ്മള്‍ നിലനില്‍ക്കുന്ന കാലത്തോട് അതിന്റെ സെന്‍സിബിലിറ്റിയോട് നമ്മള്‍ സംവദിക്കണം. ആരോടാണ് നമ്മള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് അവരിലേക്കാണ് അത് എത്തേണ്ടത്. കൂടുതല്‍ പേരിലേക്കെത്താന്‍ പലതും നമ്മള്‍ പരിഗണിക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ദൃശ്യം, മ്യൂസിക്, അവതരണത്തിലായാലും അതിന്റെ ക്വാളിറ്റിയിലായാലും അത്തരത്തിലുള്ളൊരു ശ്രദ്ധ നല്‍കേണ്ടി വരും. അതിനനുസൃതമായുള്ള ഒരു ഫോര്‍മാറ്റിലാണ് നമ്മള്‍ സ്വീകരിക്കുന്നത്. അത് ഏറ്റവും പെര്‍ഫക്റ്റാണ് എന്നൊന്നും പറയുന്നില്ല. 

ഇപ്പോള്‍ 10 എപ്പിസോഡുള്ള ഒരു സീസണാണ് ചെയ്തിരിക്കുന്നത്. ശേഷം അതിന്റെ സ്വീകാര്യതയനുസരിച്ച് തുടരാന്‍തന്നെയാണ് തീരുമാനം. വെബ് സീരീസുകളൊക്കെ പോലെ അടുത്ത സീസണുകളിലൂടെ ഇത് മുന്നോട്ട് പോകും എന്നുതന്നെയാണ് പ്രതീക്ഷ. പിന്നില്‍ ഒരുപാടുപേരുടെ അധ്വാനമുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ ഒരോ എപ്പിസോഡ് എന്ന രീതിയിലാണ് പബ്ലിഷ് ചെയ്യുന്നത്. 

പേരിലും അവതരണത്തിലും പുതുമയുള്ള 'പുസ്തകോവ്സ്‌കി'ക്ക് ശ്രോതാക്കളില്‍ നിന്നും പ്രേക്ഷകരില്‍നിന്നുമൊക്കെ കിട്ടുന്ന പ്രതികരണം എന്താണ്.

പോസിറ്റീവായ പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു പരിപാടി ഇതുവരെ ഉണ്ടായിട്ടില്ലാത്തതുകൊണ്ട് അതിന്റെ കൗതുകം ആള്‍ക്കാര്‍ക്കുണ്ട് എന്ന് തോന്നുന്നു. പിന്നെ ഏത് കാര്യത്തിനും എതിരഭിപ്രായവുമുണ്ടാകുമല്ലോ. അത്തരം പ്രതികരണങ്ങളില്‍ നിന്ന് തിരുത്ത് വരുത്തുവാനുണ്ട് എന്ന് തോന്നുകയാണെങ്കില്‍ തിരുത്തി മുന്നോട്ടുപോകാനേ നമുക്ക് കഴിയൂ. പലതരത്തിലുമുള്ള വായനക്കാരിലേക്ക് പരിപാടിയെത്തുന്നു. അവരില്‍ പലരും പുസ്തകങ്ങള്‍ തിരക്കിയെത്തുന്നു, വാങ്ങി വായിക്കുന്നു, അവയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ 'പുസ്തകോവ്സ്‌കി'ക്കും ഒരു ധര്‍മം നിര്‍വഹിക്കാനുണ്ട് എന്നുതന്നെയാണ് മനസ്സിലാക്കാനാകുന്നത്. അങ്ങനെതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ ഒരു ചെറിയ പരാമര്‍ശംകൊണ്ട് പത്തുപേരെങ്കിലും ഒരു പുസ്തകത്തിലേക്ക് എത്തുകയാണെങ്കില്‍ അതൊരു സാംസ്‌കാരികധര്‍മം നിര്‍വഹിക്കുന്നുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

എഴുത്തുകാരുടേയും വായനക്കാരുടേയുമെല്ലാം സംഗമവേദികളായ അക്ഷരോത്സവങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണല്ലോ. അത്തരം പരിപാടികളെ എങ്ങനെയാണ് കാണുന്നത്? 

അക്ഷരോത്സവങ്ങള്‍ സാഹിത്യവുമായി ബന്ധപ്പെട്ട ഒരുകാര്യം മാത്രമല്ല. അതിന് രണ്ടുമൂന്ന് തരത്തിലുള്ള ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഒന്ന്, പുസ്തകങ്ങളുമായും സാഹിത്യവുമായുമെല്ലാം ബന്ധപ്പെട്ടുള്ള ചര്‍ച്ചകളുടെ ഭാഗമായി ആളുകള്‍ വരുന്നു. വളരെ ഡ്രൈ എന്ന് തോന്നുന്ന വിഷയങ്ങള്‍ സംസാരിക്കുന്ന സെഷനുകളില്‍ പോലും നൂറ്കണക്കിനാളുകള്‍ വന്നിരുന്ന് അത് കേള്‍ക്കുകയും ആ ചര്‍ച്ചയുടെ ഭാഗമാകുകയും ചെയ്യുന്നു. മാത്രമല്ല, അവരവിടെ സംവദിക്കുകയും ചെയ്യുന്നു. 

ജനകീയമായ സെഷനുകളില്‍ ആയിരംപേര്‍ വരുന്നു. പൊരിവെയിലത്ത് നിന്നുപോലും ഇത് കേള്‍ക്കാനായി വന്നുനില്‍ക്കുന്ന ജനക്കൂട്ടത്തെ നമുക്ക് കാണാം. അവിടെ ഒരു വിധ്വംസക പ്രവര്‍ത്തനമല്ല നടക്കുന്നത്. അത് മനുഷ്യര്‍ തമ്മില്‍ ഒരു കണക്ഷനുണ്ടാക്കുന്ന വേദിയാണ്. അവിടെ പുസ്തകവുമായിട്ടോ സെഷനുകളുമായിട്ടോ ബന്ധപ്പെടാത്ത ആളുകള്‍ പോലും വരുമ്പോള്‍ അവര്‍ സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ഭാഗമാവുകയാണ്. അതില്‍ ചെറുപ്പക്കാരുടെ പ്രാതിനിധ്യം വളരെ കൂടുതലാണ്. പുതിയ തലമുറയുടെ വായന മരിക്കുന്നു, സാഹിത്യ-സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധയില്ല എന്നൊക്കെ പറയുന്നത് തെറ്റാണെന്നതിനുള്ള തെളിവായി മാറുന്നു ആ ജനക്കൂട്ടം. അത്തരം പരിപാടികള്‍ക്ക് ഒരു കാര്‍ണിവല്‍ സ്വഭാവംകൂടിയുണ്ട്. ആളുകള്‍ തമ്മില്‍ ഒരു ബന്ധം സൃഷ്ടിക്കപ്പെടുന്നു, അവര്‍ സെല്‍ഫിയെടുക്കുന്നു, പാട്ടുപാടുന്നു അല്ലെങ്കില്‍ ഒരുമിച്ച് കുറേനേരം ചെലവഴിക്കുന്നു, അതില്‍നിന്നെല്ലാം കിട്ടുന്ന ഒരു പോസിറ്റീവ് വൈബ് ഉണ്ടല്ലോ. അതുകൊണ്ട് അക്ഷരോത്സവങ്ങളില്‍ വെറും സെഷനുകള്‍ മാത്രമല്ല നടക്കുന്നത്. ആളുകള്‍ വരുന്നു, അങ്ങോട്ടും ഇങ്ങോട്ടും ഒരുബന്ധമുണ്ടാകുന്നു എന്നുപറയുന്നത് മനോഹരമായിട്ടുള്ള കാര്യമാണ്. 

placeholder
ബിപിന്‍ ചന്ദ്രന്‍ വീട്ടിലെ ലൈബ്രറിയില്‍
| ഫോട്ടോ: മാതൃഭൂമി

എന്നാല്‍, എല്ലാ കാര്യത്തിനുമുള്ളതുപോലുള്ള പരിമിതികള്‍ അക്ഷരോത്സവങ്ങള്‍ക്കുമുണ്ട്. സമയപരിധിയടക്കം എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഡെമോക്രാറ്റിക് ആയിട്ടുള്ള ഒരു സ്പേസ് അത് പ്രദാനം ചെയ്യുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ ചലച്ചിത്രങ്ങളുടെ കാഴ്ചയും ചര്‍ച്ചയുമെല്ലാം നടക്കുമ്പോഴും വ്യത്യസ്ത കുടുംബങ്ങളിലെ വ്യത്യസ്ത അഭിപ്രായങ്ങളുള്ള, പലനാടുകളില്‍ നിന്ന് വരുന്ന ആളുകള്‍ തമ്മിലുള്ള വലിയ കൂടിച്ചേരലുകള്‍ ഉണ്ടാകുന്നുണ്ട്. ഒരു നിക്ഷിപ്ത താല്‍പര്യമില്ലാതെ ആളുകള്‍ക്ക് കൂടിച്ചേരാന്‍ കഴിയുന്ന വേറെയെന്തൊക്കെ വേദികളാണ് നമുക്ക് ഇവിടെയുള്ളത്? എഴുത്തുകാരനോ സിനിമാക്കാരനോ മാത്രമേ അതില്‍ പങ്കെടുക്കാന്‍ പറ്റൂ എന്നുള്ള യാതൊരു നിബന്ധനകളുമില്ല. വെറുതെ സിനിമകാണുന്നവരും സിനിമയെ സീരിയസായി കാണുന്നവരും വല്ലപ്പോഴുമൊക്കെ കാണുന്നവരുമൊക്കെ ഫിലിം ഫെസ്റ്റിവലിനുവരും. അതുപോലെ പുസ്തകം വല്ലപ്പോഴും വായിക്കുന്നവരും ഗൗരവത്തോടെ വായിക്കുന്നവരും അക്കാദമിക് പണ്ഡിതരും പാണ്ഡിത്യമില്ലാത്തവരും, കാഴ്ച കാണാന്‍ വന്നതിന്റെ കൂട്ടത്തില്‍ വെറുതേ ഒരു സെഷനില്‍ കയറി ഭയങ്കരമായി അതില്‍നിന്ന് പ്രചോദമുള്‍ക്കൊണ്ട് പോകുന്നവരുമൊക്കെയുണ്ടാകാം. വായനയുമായി വലിയ ബന്ധമില്ലാത്ത ഒരുപാട് ആളുകള്‍ വന്ന് 'എന്നാല്‍പിന്നെ ഈ പുസ്തകം വാങ്ങിച്ച് ഒന്ന് വായിച്ചുകളയാം' എന്നൊക്കെ പറയുകയോ ആ ഒരു ചിന്തയിലേക്ക് വരികയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഗുണകരമായൊരു കാര്യംതന്നെയാണ്.

വായനക്കാരും എഴുത്തുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ വലിയ അന്തരത്തിന് ഇന്നത്തെ കാലത്ത് മാറ്റം വന്നതായി തോന്നുന്നുണ്ടോ

ആ അന്തരം മാറുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. വരേണ്യത പ്രവര്‍ത്തിക്കുന്നത് പലതരത്തിലാണല്ലോ. ജനാധിപത്യവ്യവസ്ഥതിയിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. അതില്‍തന്നെ അന്യംനിന്നുകൊണ്ട് ഒരു ഭരണാധികാരിക്ക് പെരുമാറാം. ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാതെ പെരുമാറാം. അക്ഷരോത്സവങ്ങളില്‍ അത്തരത്തിലുള്ള ഒരു അന്തരം ഇല്ലാതായിത്തീരുകയും വായനക്കാര്‍ എന്ന പദവി ഒരു മോശം പദവിയല്ല എന്നുള്ളത് സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യസ്ഥത എഴുത്തുകാര്‍ക്കുണ്ട്. വായനക്കാരെ അഭിമുഖീകരിക്കുക എന്നുമാത്രമല്ല, എപ്പോഴും ഒരു സംവാദത്തിനുള്ള പുതിയ ആശയങ്ങള്‍ ആ അന്തരീക്ഷത്തിലുണ്ടാകും. പത്ത് വേദികളില്‍ വരുന്ന എഴുത്തുകാര്‍ക്ക് ആ ചോദ്യങ്ങള്‍ നേരിട്ടേ പറ്റൂ. അതവരെ പരിഷ്‌കരിക്കുന്നുണ്ട്. അതോടൊപ്പം കേട്ടുകൊണ്ടിരിക്കുന്നവരേയും അത് പരിഷ്‌കരിക്കുന്നുണ്ട്. ഇതൊരു പാലം പോലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും കയറി നടക്കാവുന്ന പാലങ്ങള്‍. വണ്‍വേ ട്രാഫിക്കിനേക്കാള്‍  റ്റൂവേ ട്രാഫിക് തന്നെയാണ് നല്ലത്. വായനക്കാരുടെ അഭിപ്രായങ്ങളറിയാനും സെന്‍സിബിലിറ്റി മാറുന്നത് അറിയാനും ഭാവുകത്വ പരിണാമത്തെക്കുറിച്ച് എഴുത്തുകാര്‍ക്കറിയാനും എഴുത്തുകാരുടെ ഭാഗത്തുനിന്ന് അവരുടെ ക്രിയേറ്റിവ് വര്‍ക്കിനെക്കുറിച്ച് വായനക്കാര്‍ക്ക് അറിയാനുമൊക്കെയുള്ള ഇടങ്ങള്‍ അത് സമ്മാനിക്കുന്നുണ്ട്.

വായനക്കാരനെന്ന പദവി ഒട്ടും ചെറുതല്ലെന്ന് പുസ്തകോവ്സ്‌കിയിലും ഊന്നിപ്പറയുന്നുണ്ടല്ലോ.

വായനക്കാരന്റേത് വലിയ പദവിയാണ്. എഴുത്തുകാരന്‍ എന്ത് പദവിയിലാണോ ഇരിക്കുന്നത്, ആ കാര്യമല്ല വായനക്കാരന്‍ ചെയ്യുന്നതെങ്കില്‍ പോലും അതിനെ പൂര്‍ണതയിലെത്തിക്കുന്നത് വായനക്കാരുടെ ഇടപെടലാണ്. അതിലെല്ലാം പൊളിറ്റിക്കലായ മാനങ്ങളുണ്ട്. വായനയിലും എഴുത്തിലും ആ രാഷ്ട്രീയമുണ്ട്. വായനക്കാരന്റെ രാഷ്ട്രീയവും എഴുത്തുകാരന്റെ രാഷ്ട്രീയവും തമ്മില്‍ കൂടിച്ചേരുന്ന, അവ ചര്‍ച്ചചെയ്യുന്ന, ഇടങ്ങള്‍ കൂടുതലുണ്ടായാല്‍ മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയും. കെട്ടിക്കിടക്കുന്ന വെള്ളത്തിനേക്കാള്‍ ഒഴുകുന്ന വെള്ളത്തിന് മറ്റു ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നപോലെ. 

ഒരു കൃതിയുടെ രചനമുതല്‍ അത് സമൂഹത്തിലേക്കെത്തി നിര്‍വഹിക്കുന്ന സാംസ്‌കാരിക ധര്‍മംവരെ പരിശോധിക്കുമ്പോള്‍ മുമ്പ് വായനക്കാരുടെ പങ്ക് ഇത്രപോലും അംഗീകരിക്കപ്പെട്ടില്ല എന്നുതന്നെയാണോ നിരീക്ഷിക്കാനാകുക

ജനാധിപത്യപരമായ മാറ്റങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. 19-ാം നൂറ്റാണ്ടിലെ കേരളമല്ലല്ലോ 21-ാം നൂറ്റാണ്ടിലേത്. ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയായപ്പോള്‍ പോലും മനുഷ്യര്‍ക്ക് ചില വഴികളിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അത് സൂര്യനുദിക്കുന്നപോലെ വളരെ സ്വാഭാവികമായൊരു സംഭവമാണ് എന്നാണ് ആളുകള്‍ കരുതിക്കൊണ്ടിരുന്നത്. അവിടെനിന്ന് ചോദ്യങ്ങള്‍ വരാന്‍ തുടങ്ങിയപ്പോഴാണല്ലോ ആളുകള്‍ സത്യാവസ്ഥയെ അംഗീകരിച്ചത്. എന്നപോലെ, ജനാധിപത്യപരമായ ഇടങ്ങള്‍ കൃത്യമായി രൂപപ്പെട്ട്, വികസിച്ചുകൊണ്ട് വന്നുകൊണ്ടേയിരിക്കും. അത് കുടുംബത്തിലായാലും ക്ലാസ്റൂമിലായാലും ഒരു പൊതുയിടത്തിലായാലും. 

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം അനാവശ്യമാണ് എന്ന് കരുതിയിരുന്ന ഒരുകാലത്തുനിന്ന് അവര്‍ പഠിച്ച് ജോലിക്ക് പോകുന്ന കാലത്തേക്ക് മാറിയില്ലേ. രാജഭരണ കാലത്ത് അധികാരശ്രേണിയിലുണ്ടായിരുന്നവര്‍ അനുഭവിച്ചിരുന്ന പല പ്രിവിലേജുകളും നാട്ടുകാര്‍ അനുഭവിച്ച് കഴിഞ്ഞാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നും അതവരുടെ അവകാശമാണെന്നുമുള്ള ചിന്തയിലേക്ക് മാറിയില്ലേ. അവയൊന്നും ആനുകൂല്യമല്ലെന്നും സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് പറയുന്നപോലെ ചില സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നില്ലേ. അക്ഷരോത്സവങ്ങളില്‍ അത്തരത്തിലുള്ള പല ധാരണകളും പൊളിയും. നമ്മുടെ ആകാശം, ഭൂമി അത് നമുക്കുകൂടി  എന്നുള്ള ചിന്തവരും. മറ്റ് മനുഷ്യരോടുള്ള വെറുപ്പും എതിര്‍പ്പുമെല്ലാം അലിയിച്ചുകളയുന്ന ഒരു സംഗതികൂടിയാണിത്. 

 എഴുത്തുമായുള്ള ബന്ധം അഭേദ്യമായി അനുഭവപ്പെട്ടിട്ടുണ്ടോ

വാക്കുമായി ബന്ധപ്പെട്ട് ഏത് രംഗത്തും സജീവമാകാന്‍ എനിക്കിഷ്ടമാണ്. വാക്കുകളുമായി ബന്ധപ്പെട്ട ഏത് പരിപാടിയും എന്നുപറയുമ്പോള്‍ അത് പ്രസംഗമോ ക്ലാസെടുക്കലോ ചാനല്‍ ചര്‍ച്ചയോ, സ്റ്റേജിലോ സിനിമയിലോ ഷോര്‍ട്ഫിലിമിലോ ഉള്ള അഭിനയം പോലുമായിക്കൊള്ളട്ടെ. സ്‌ക്രീനിനും പുസ്തകത്തിനും മാത്രമല്ല, നാടകത്തിനുവേണ്ടിയും എഴുതിയിട്ടുണ്ട്. നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു. അതിനകത്തും ചില തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകാറുണ്ട്. ചില അവസരങ്ങളില്‍ എഴുതാന്‍ നിര്‍ബന്ധിതമാകും. പല എഴുത്തിന്റേയും സ്വഭാവം പലതാണ്. ആട്ടക്കഥയെഴുതാന്‍ വരെ എനിക്ക് ഇഷ്ടമാണ്. അത് അറിയാത്തതുകൊണ്ട് ചെയ്യുന്നില്ലെന്നേയുള്ളു. എങ്കിലും അറിയാത്തത് ചെയ്ത് നോക്കാനുള്ള കൗതുകമൊക്കെയുണ്ട്. 

ഒരുസമയത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടുകൊണ്ടിരുന്നത് നാടകാഭിനയത്തിലായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ നാടകത്തില്‍ അഭിനയിക്കുകയും നാടകവുമായി സഞ്ചരിക്കുകയും ചെയ്തിരുന്നു. അന്ന് സിനിമ ഒരു വിദൂരസ്വപ്നമായിരുന്നു. സ്‌കൂള്‍ മുതല്‍ കോളേജിന്റെ അവസാന കാലംവരെ നാടകവുമായി നടന്നിരുന്നു. സ്‌കൂള്‍ അധ്യാപകനായതുകൊണ്ട് കുട്ടികളുടെ നാടകപ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്നു. സിനിമയെഴുത്തിന്റെയൊക്കെ ഒരു ഘട്ടത്തിലെയപ്പോള്‍ കൂടുതല്‍ സമയവും ശ്രദ്ധയുമൊക്കെ അത് ആവശ്യപ്പെടുന്നതുകൊണ്ട് മറ്റുള്ളവയിലേക്ക് ശ്രദ്ധ കൊടുക്കാന്‍ കഴിഞ്ഞില്ല. 

എഴുത്തുകാരില്‍ സംസാരപ്രിയര്‍ വളരെ കുറവാണെന്ന് പൊതുവെ പറയാറുണ്ട്.  സാമൂഹികമാധ്യമങ്ങളിലടക്കം സജീവമാണ് ബിപിന്‍ ചന്ദ്രന്‍. ആളുകളുമായി നിരന്തരം ഇടപെടുന്നത് ഇഷ്ടമുള്ളൊരാളാണോ

അതൊരുപക്ഷേ അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനല്ലാത്തതുകൊണ്ടായിരിക്കാം. എഴുത്ത് എന്റെ ഇഷ്ടങ്ങളിലൊന്നാണ്. എഴുത്തിലൂടെ എക്സ്പ്രസ് ചെയ്യണം എന്നുള്ള ആഗ്രഹമുണ്ട്. പക്ഷേ അത് മാത്രമായിരിക്കുകയില്ല ഒരെഴുത്തുകാരന്റെ അതിന്റെ അടിസ്ഥാനം. ഓരോരുത്തര്‍ക്ക് ഓരോ താല്‍പര്യങ്ങളുണ്ടല്ലോ. ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അത് രണ്ടും ഇഷ്ടമുള്ളപ്പോള്‍ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ പോകുന്നവരുണ്ട്. ചിലര്‍ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്ന അതേ ആവേശത്തോടെ ആര്‍ട്സിലും പങ്കെടുക്കും. എല്ലാത്തിലും ഫസ്റ്റ് കിട്ടണം എന്നൊന്നും ഇല്ല. പക്ഷേ അതെല്ലാം ഒരു ആനന്ദം നല്‍കുന്നുണ്ട്. എഴുത്തില്‍ ഏര്‍പ്പെടുന്നത് പ്രത്യേകിച്ച് അതിന്റെ മറ്റ് ലാഭങ്ങളൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല. മനുഷ്യരുമായി കണക്റ്റ് ചെയ്യാനുള്ള മീഡിയം എന്ന നിലയിലാണ് അതിനെ കാണുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ആദ്യംതന്നെ നമ്മളൊരു കഥ എഴുതുമ്പോള്‍ നമ്മളെ തന്നെയാണ് അത് ആനന്ദിപ്പിക്കുന്നത്. ആള്‍ക്കാരുമായി സംസാരിക്കുക, ബന്ധം സ്ഥാപിക്കുക എന്നുള്ളത് പണ്ടുമുതലേ എന്റെ ശീലമാണ്. പഠിക്കുന്ന കാലത്ത് സംഘടനാപ്രവര്‍ത്തനം നടത്തിയിരുന്ന ആളായതുകൊണ്ടുതന്നെ മനുഷ്യര്‍ എന്നുള്ളത് ഏറ്റവും അടുത്ത് നില്‍ക്കുന്നവരായിരുന്നു. കുട്ടിക്കാലം മുതല്‍ ആര്‍ട്സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ പോകുന്നു, നാടകപ്രവര്‍ത്തനം നടത്തുന്നു, അതിലെല്ലാം ആളുകളുമായി ഇടപെട്ടിരുന്നു. ആള്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് വന്നതുകൊണ്ട് ഇങ്ങനെയായി. മനുഷ്യര്‍ നമുക്ക് ഓക്സിജന്‍ പോലെ വേണ്ട ഒന്നാണ്. അത് ചെറുപ്പത്തിലേ മനസ്സിലാക്കിയിരുന്നു. 

ജീവിതത്തെ നിലനിര്‍ത്തുന്ന ഒന്നാണ് വായന എന്ന് എം.ടി. പറഞ്ഞത് പുസ്തകോവ്‌സ്‌കിയില്‍ ഉദ്ധരിക്കുന്നുണ്ടല്ലോ

പലര്‍ക്കും പലതാണ്. മറ്റൊരു മനുഷ്യനെ സംബന്ധിച്ച് ജീവനെ നിലനിര്‍ത്തുന്നത് ക്രിക്കറ്റ് കളിയായിരിക്കാം. വായന മഹനീയമാണെന്നോ, ക്രിക്കറ്റ് മോശമാണെന്നോ അര്‍ഥമില്ല. ഒറ്റക്കിരുന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണം വായിക്കുന്നവര്‍  വായനയുടെ ആ യാത്രയില്‍ കണ്ടുമുട്ടുന്ന ആളുകളുമായി അബോധത്തില്‍ കണക്റ്റ് ചെയ്യപ്പെടുന്നുണ്ട്. മറ്റ് പ്രദേശങ്ങള്‍, ജീവിതശൈലിയില്‍ ജീവിക്കുന്നവര്‍, വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍, മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്നിവരെയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വായന പ്രധാനപങ്ക് വഹിക്കുന്നു. 

വായനാശീലമുണ്ടാക്കിയെടുത്തതിനെക്കുറിച്ച് കൂടി പറയാമോ 

എന്റെ വീട്ടില്‍ വലിയ വായനക്കാരൊന്നുമില്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് അമ്മ വാരികകള്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്. അച്ഛന്‍ പത്രം വായിക്കുന്നു എന്നല്ലാതെ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. വായിക്കാന്‍ എനിക്കൊരു താല്‍പര്യം ഉണ്ടാകുകയായിരുന്നു. വന്നുപെട്ടതാണ് എനിക്ക് വായന. അത് ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യമാണ്. അതുകൊണ്ടെനിക്ക് ഒരുപാട് തരത്തിലുള്ള മെച്ചങ്ങളുണ്ടായിട്ടുണ്ടെന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസ്സിലാകുന്നു. മാനസികമായിട്ടും സാമ്പത്തികമായിട്ടുമെല്ലാം. നമ്മള്‍ ജീവിച്ച ജീവിതത്തിന്റെ ഒരു അര്‍ഥം വായനയില്‍ക്കൂടിയുമാണ് മനസ്സിലായത്. എന്റെ ആനന്ദങ്ങള്‍ കണ്ടെത്താനും മറ്റ് മനുഷ്യരെ തിരിച്ചറിയാനും കഴിയുന്നു. എന്നെക്കാള്‍ വലിയ വായനക്കാരെ എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അവരെങ്ങനെ അതില്‍ സന്തോഷം കണ്ടെത്തുന്നു എന്ന് പറയാതെ തന്നെ എനിക്ക് മനസ്സിലാകാറുണ്ട്. അത്തരത്തില്‍ നമ്മളെ പരിഷ്‌കരിച്ചുകൊണ്ടേയിരിക്കുന്ന മാനസികമായി വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് വായന.

ചെറിയ പ്രായം മുതലേ വായിക്കാനുള്ള ഒരു സാഹചര്യം കിട്ടി. എല്ലാവരും ഒരേപോലെയല്ല അത് ഉപയോഗപ്പെടുത്തുക. ഞങ്ങളുടെ സ്‌കൂള്‍ ലൈബ്രറി എല്ലാവര്‍ക്കും ഒരേപോലെ പ്രാപ്യമായ ഒന്നായിരുന്നു. അവിടെ പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പര്യമുള്ളവരുണ്ടാകും ഇല്ലാത്തവരും. ഓരോരുത്തരും ഓരോന്നായിത്തീരുകയാണ്. ചിലര്‍ കായികപ്രിയരാണ്, ചിലരാകട്ടെ ഭക്ഷണപ്രിയരും. ആളുകളുടെ രുചിയില്‍നിന്ന് അവര്‍ക്ക് സന്തോഷം കിട്ടുന്നു. എന്നപോലെ വായനയും നമ്മുടെ താല്‍പര്യങ്ങളാണ്, അതും നമ്മെ സന്തോഷിപ്പിക്കുന്നു. 

പുതിയ കാലത്തെ വായനയെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചല്ലോ. വായന മരിക്കുന്നു, പുതുതലമുറക്കാര്‍ക്ക് ഒട്ടും വായനാശീലമില്ല എന്നുള്ള വാദങ്ങളെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കുന്നത്

വായനക്കാര്‍ എല്ലാകാലത്തും മാറിമാറി വരും. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്ന് പറയുന്ന പ്രമാണമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞ് വേദപഠനം നിര്‍ബന്ധമാക്കണം എന്ന് പറയുന്ന ഒരു കാലമുണ്ടായി. കാലം മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള മനോഭാവങ്ങളുണ്ടാകും. വായനയെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ മാറിമറിയും, 'ഇന്നതൊക്കേ വായിക്കാവൂ' എന്ന് പറയുന്ന പ്രവണത മാറും. കുട്ടികളോട് ബാലസാഹിത്യകൃതികള്‍ മാത്രമേ വായിക്കാവൂ എന്ന് പറയുന്നപോലെയുള്ള സംഗതികള്‍ എല്ലാകാലത്തും നമുക്ക് നിയമമായി പറയാന്‍ സാധിക്കുമോ? പണ്ട് നമുക്ക് വായിക്കാന്‍ നിഷേധിക്കപ്പെട്ടിട്ടുള്ള സംഗതികളൊക്കെയുണ്ടായിരുന്നു. മാധവിക്കുട്ടിയെ വായിക്കരുത്, 'ശബദങ്ങള്‍' വായിക്കരുത് എന്നൊക്കെ പറയുന്ന പല അലിഖിത നിയമങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ കഴമ്പില്ല. 

placeholder
ബിപിന്‍ ചന്ദ്രന്‍ | ഫോട്ടോ: മാതൃഭൂമി

സാമൂഹികസാഹചര്യങ്ങളില്‍ ഓരോ കാര്യങ്ങളുണ്ടാകുന്നു, അത് ആചാരംപോലെ തുടരുകയാണ് പലപ്പോഴും. അപ്പോള്‍ ഇന്നത് കാണരുത്, വായിക്കരുത്, നോക്കരുത് തുടങ്ങി വിലക്കുകള്‍ കണ്ടുനില്‍ക്കുന്ന കാലമൊക്കെ മാറും. വിലക്കുകള്‍ മാറിമറിയുന്ന കാലത്ത് എത്തിനില്‍ക്കുമ്പോള്‍ വായനയുടെ സ്വഭാവവും മാറും. ഒരുകാലത്ത് ട്രെന്‍ഡ് ആയിരുന്ന കാര്യം ഇരുപത്തഞ്ചോ അമ്പതോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ട്രെന്‍ഡ് ആയി വരുന്നത് കാണാം. കോട്ടയം പുഷ്പനാഥിനേയും ബാറ്റണ്‍ ബോസിനേയും ഏറ്റുമാനൂര്‍ ശിവകുമാറിനേയും വായിക്കുന്നതിന്റെ പിറകെ അത്തരത്തിലുള്ള ക്രൈം, മാന്ത്രിക നോവലുകളുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും അതുപോലെ ഒരു ട്രെന്‍ഡ് ഉണ്ടായത്. അത് കാണുമ്പോള്‍, ഞാന്‍ ഷെര്‍ലക് ഹോംസിനെ വായിച്ച ആളാണ് എനിക്ക് പുതിയ പിള്ളേരുടെ എഴുത്ത് പിടിക്കുന്നില്ല എന്ന് പറയുന്നത് ഒരു രുചിയാണ്. ഞാന്‍ ഷെര്‍ലക് ഹോംസിനെ വായിച്ചിട്ടുണ്ട്, ഇതും വായിക്കുന്നുണ്ട് എന്ന് പറയുന്നവരും അത് വായിച്ചില്ല, ഇത് വായിക്കുന്നുണ്ട് എന്ന് പറയുന്നവരുമുണ്ട്. എല്ലാം അവരവരുടെ ഇഷ്ടമല്ലേ. അവനവന്റെ ആനന്ദങ്ങള്‍ കണ്ടെത്തുന്ന വഴികളും രീതികളുമൊക്കെ ഓരോ മനുഷ്യര്‍ക്കും വ്യത്യസ്തമാണ്. 

താങ്കളുടെ വീട്ടിലെ ലൈബ്രറി പ്രശസ്തമാണല്ലോ. എങ്ങനെയാണ് ആ പുസ്തകപ്പുര വളര്‍ന്നത് 

അത് ഉണ്ടായിവന്നതാണ്. കാറ്റലോഗൊന്നുമില്ല. എന്റെ ഓര്‍മയിലോടുന്നതാണ് വീട്ടിലെ ലൈബ്രറി. ഓര്‍മയക്ക് എന്തെങ്കിലുമൊരു പ്രശ്‌നം വന്നാല്‍ കുഴങ്ങും. എത്ര പുസ്തകങ്ങളുണ്ടെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. അത് എണ്ണാനും കാറ്റലോഗാക്കാനുമൊക്കെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പണി ചെയ്യേണ്ടിവരും. അതിനിരിക്കാനുള്ള നേരമോ കാലമോ ഊര്‍ജമോ ആരോഗ്യമോ ധനമോ സമയമോ ഇപ്പോള്‍ എനിക്കില്ല. സ്‌കൂള്‍കാലഘട്ടത്തിലാണ് പുസ്തകം ശേഖരിച്ച് സൂക്ഷിക്കാന്‍ തുടങ്ങിയത്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കുണ്ടാകുന്ന കൗതുകംതന്നെ കാരണം. നാലാം ക്ലാസിലായിരുന്നപ്പോള്‍ ബഷീറിന്റെ 'ആനവാരിയും പൊന്‍കുരിശും' അമ്മ വാങ്ങിത്തന്നു. 

പുസ്തകം പൊതിഞ്ഞ പത്രത്തില്‍നിന്നുപോലും കിട്ടിയ അറിവ് ക്ലാസ് മുറിയില്‍ നിന്ന് കൈയടി വാങ്ങിത്തന്നിരുന്നു. അങ്ങനെ കിട്ടിയ പ്രോത്സാഹനങ്ങള്‍ വായനയെ വളര്‍ത്താനിടയായി. 'നിധിദ്വീപ്'എന്ന പുസ്തകം വായിച്ചപ്പോള്‍ എനിക്ക് കണക്റ്റ് ചെയ്യാന്‍ പറ്റി. ട്രഷര്‍ ഐലന്റ്(Treasure Island) എത്രമാത്രം വിശ്വസാഹിത്യത്തില്‍ പ്രസക്തമാണ് എന്ന ചിന്ത അറിഞ്ഞിട്ടൊന്നുമല്ല, അതിന്റെ മലയാള തര്‍ജമ വായിച്ചപ്പോള്‍ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അതൊക്കെ ഒരു രുചികിട്ടലിന്റെ ഭാഗമാണ്. അങ്ങനെ പത്താംക്ലാസൊക്കെ ആയപ്പോഴേക്കും ഒരു ഷെല്‍ഫ് പണിതാലേ പുസ്‌കങ്ങള്‍ വെക്കാന്‍ പറ്റൂ എന്ന നിലവന്നു. അച്ഛന്‍ പറമ്പിലെ പ്ലാവ്‌ വെട്ടിയപ്പോള്‍ എനിക്കൊരു പുസ്തക ഷെല്‍ഫും ഉണ്ടാക്കി തന്നു. അത് നിറഞ്ഞു. പിന്നീട് കോളേജ് ആയപ്പോള്‍ മറ്റൊരു ഷെല്‍ഫ്. പിന്നീട് ഷെല്‍ഫുകള്‍ നിരന്നു, നിറഞ്ഞു. ഇപ്പോള്‍ പുസ്തകങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു വീടുണ്ടാക്കിക്കൊടുത്ത സ്ഥിതിയായി. ചിലര്‍ക്ക് ചില ഭ്രാന്തുകളുണ്ടാകുമല്ലോ. 

placeholder
ഫോട്ടോ: മാതൃഭൂമി

ആവശ്യക്കാര്‍ വന്ന് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ഒരുപാടെണ്ണം തിരിച്ച് കിട്ടാനുണ്ട്. പുസ്തകങ്ങള്‍ സ്വകാര്യസമ്പത്തായി വെക്കുന്നതില്‍ വലിയ അര്‍ഥമുണ്ടെന്നൊന്നും തോന്നുന്നില്ല. കിട്ടാത്ത പുസ്തകങ്ങള്‍ ശേഖരിച്ചുവെക്കുന്നത് ആളുകള്‍ക്ക് വായിക്കാന്‍ കൂടിയാണ്. ഇപ്പോള്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ അന്വേഷിച്ച് വരുന്നവര്‍ക്ക് അതിന്റെ കോപ്പിയെടുത്ത് കൊടുക്കും. ഇപ്പോള്‍ ഫോണില്‍ സ്‌കാനര്‍ ഉള്ളതുകൊണ്ട് വലിയ കുഴപ്പമില്ല. കാരണം പുസ്തകം പോയാല്‍ പോയതുതന്നെ. തൊണ്ണൂറ് മുതലുള്ള ആനുകാലികങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകരും ഗവേഷകരുമെല്ലാമാണ് റഫറന്‍സിനായി കൂടുതലും വരാറുള്ളത്. 

എല്ലാ പുസ്തകവും വായിച്ചുതീര്‍ക്കാന്‍ കഴിയില്ല. പല ആവശ്യങ്ങള്‍ക്കുമായാണ് വാങ്ങിച്ച് വെക്കുന്നത്. സ്ഥിരം, ഇടയ്ക്ക്, വല്ലപ്പോഴും, എന്തിന് തീരെ എടുത്ത് നോക്കാത്ത പുസ്തകങ്ങളും ഇവിടെയുണ്ടാകും. അതേസമയം ഒരുപാട് തവണയെടുത്ത് കവര്‍പേജ് പൊടിഞ്ഞുപോയ പുസ്തകങ്ങളും ശേഖരത്തിലുണ്ട്. 

കുറേക്കാലമായി എന്റെ കൈയിലുള്ള പുസ്തകമായിരുന്നു ഫ്‌ളയിങ് ഡ്രോയിക്ക(Flying Troika) എന്ന രണ്ട് ഭാഗങ്ങളുള്ള ഒരു പുസ്തകം. അതിന്റെ ഒന്നാംഭാഗത്തിന്റെ കവര്‍ ഒന്നെടുക്കാമോ എന്ന് ഒരാവശ്യക്കാരന്‍ ചോദിച്ചു. അപ്പോഴാണ് ഞാന്‍ അതെടുക്കുന്നത്. ഈയടുത്താണ് അതിന്റെ രണ്ടാം ഭാഗം ഒരു പഴയ ബുക്ക് ഷോപ്പില്‍നിന്ന് കിട്ടിയത്. അത് വാങ്ങിവെച്ചു. അന്നത് അയാള്‍ക്ക് നല്‍കാന്‍ പറ്റിയില്ല. ഞാനാണങ്കില്‍ അത് ആരാ ചോദിച്ചതെന്ന് വിട്ടുപോവുകയും ചെയ്തു. എന്നെങ്കിലും ആ ചോദ്യം വീണ്ടും വരുമായിരിക്കുമെന്ന് കരുതിയിരിക്കുകയാണ്. ജീവിതത്തില്‍ എപ്പോഴെങ്കിലും ആവശ്യമായി വന്നേക്കാമെന്ന് കരുതിയിരിക്കുന്ന പുസ്തകവുമുണ്ട്. 

ഏറെ ഇഷ്ടമുള്ളൊരു പുസ്തകം തിരഞ്ഞടുക്കുക പ്രയാസമുള്ള  കാര്യമാണോ

പ്രിയപ്പെട്ട പുസ്തകവും എഴുത്തുകാരുമൊക്കെയുണ്ട്. ഒരാളേയോ ഒരു കൃതിയോ പറഞ്ഞാല്‍ കുറച്ചുകഴിഞ്ഞ് വിട്ടുപോയ ആളുകളെ ഓര്‍ത്ത് വ്യസനിക്കും. ഒന്ന് പറയുക പ്രയാസമാണ്. ആനന്ദ് എന്തെഴുതിയാലും ഞാന്‍ വായിക്കും. ബഷീറിന്റൈ കൃതികള്‍ അദ്ദേഹത്തിന്റെ കൈയൊപ്പോടെ വാങ്ങിയിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷയ്ക്ക് പാഠപുസ്തകം വായിക്കുന്നതിനേക്കാള്‍ ഞാന്‍ ബഷീറിനെയാണ് വായിച്ചത്. ആവര്‍ത്തിച്ച് വായിച്ച ഒരുപാട് കൃതികളുണ്ട്. ലിറ്റില്‍ പ്രിന്‍സസിന്റെ അഞ്ച് തര്‍ജമ എന്റെ കൈയിലിരിപ്പുണ്ട്. ടോട്ടോചാനും ഇഷ്ടമാണ്. അങ്ങനെ ഒരുപാടുണ്ട്.

വായനാശീലവുമായി ലോകസാഹിത്യത്തിലേക്ക് കടന്നുചെല്ലാന്‍ വഴിയൊരുക്കിയതില്‍ എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്

സാഹിത്യവാരഫലം കാരണമാണ് ചില പുസ്തകങ്ങളിലേക്ക് അന്ന് നമ്മള്‍ എത്തിയത്. ഇന്റര്‍നെറ്റില്ലാതിരുന്ന കാലത്ത് അദ്ദേഹം പുസ്തകം വാങ്ങി അതിനെക്കുറിച്ചെഴുതും. അന്ന് പുസ്തകം വാങ്ങാന്‍ കഴിയില്ലെങ്കിലും അദ്ദേഹം പറയുന്ന പുസ്തകങ്ങള്‍ ആളുകള്‍ പിന്നീട് എപ്പോഴെങ്കിലും കാണുമ്പോള്‍ വാങ്ങുമായിരുന്നു. എന്റെ ഹൈസ്‌കൂള്‍ കാലം മുതലുള്ള സാഹിത്യവാരഫലം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സാഹിത്യവാരഫലം സാഹിത്യപംക്തിയുടെ സമ്പൂര്‍ണകൃതിയിലേക്ക്  40 ലക്കം എനിക്ക് എടുത്ത് നല്‍കാനായി. പണ്ട് അത് അടുക്കിവെച്ചപ്പോള്‍ ഇങ്ങനെയൊരു ആവശ്യം വരുമെന്ന് പ്രതീക്ഷിച്ചതേയില്ലായിരുന്നു.

placeholder
എം. കൃഷ്ണന്‍ നായര്‍

നവമാധ്യമങ്ങളില്‍, പ്രത്യേകിച്ചും ഫേസ്ബുക്കില്‍ സമയം ചെലവഴിക്കുന്ന, എഴുതുന്ന ഒരാളാണല്ലോ. സജീവമായി അവിടെ ഇടപെടാനുള്ള കാരണമെന്താണ്? എങ്ങനെയാണ് ആ മാധ്യമത്തിന്റെ അതിവിശാലതയെ നോക്കിക്കാണുന്നത്

ഫേസ്ബുക്കില്‍ എഴുതുന്നത് പൈങ്കിളി എഴുത്തും പക്വതയില്ലാത്ത എഴുത്തുമൊക്കെയായി കരുതുന്ന ആളുകളുണ്ട്. ഞാനത് മനുഷ്യരെ കണക്റ്റ് ചെയ്യാനുള്ള മീഡിയമായാണ് കാണുന്നത്. അവിടെ അക്കാദമിക് പ്രബന്ധം എഴുതുന്ന അര്‍ഥത്തിലോ ആവശ്യത്തിനോ വേണ്ടി അല്ല എഴുതുന്നത്. അവിടെ അത് വായിക്കുന്ന ആളുകളാരാണ് എന്നതിനെക്കുറിച്ച് നമുക്കൊരു ധാരണയുണ്ട്. വിവരങ്ങളറിയാനായി മാത്രം ചില ആളുകള്‍ അതുപയോഗിക്കുന്നു. ചിലര്‍ സജീവമായി അതില്‍ ഇടപെടും. എഴുത്തുകളോട് പ്രതികരിക്കും. ഫേസ്ബുക്കില്‍ റീച്ച് കുറച്ചുകൂടി വലുതാണല്ലോ. അത് നമ്മളറിയണമെന്നില്ല. പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് പോകുന്ന ഇടങ്ങളില്‍ അതിന്റെ ചര്‍ച്ച നടക്കുന്നുണ്ടാകാം. അവര്‍ ചിലപ്പോള്‍ നമ്മളോട് നേരിട്ട് ഇടപെടുന്ന ആളുകളായിരിക്കണമെന്നില്ല. എങ്കിലും അവരിലേക്ക് നമ്മുടെ എഴുത്തോ ഒരു ആശയമോ കടന്നുചെല്ലുന്നുണ്ട്. 

നമ്മളൊരു പുതിയ കഥയെപ്പറ്റി എഴുതുന്ന കാര്യം അവിടേക്കെത്തുന്നുണ്ട്. ചിലപ്പോള്‍ കഥയെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ഒരാളിലേക്കും
അതെത്തിയേക്കാം. നമ്മള്‍ പറയുന്നു, ഒരു പോസ്റ്റിടുന്നു എന്ന കാരണംകൊണ്ട് നൂറ് പേരിലേക്ക് ചെറുകഥ ചെല്ലുന്നുണ്ടാകാം. അതിന്റെ ഒരു സന്തോഷം നമ്മള്‍ക്കുണ്ടാകാം. 

ഫേസ്ബുക്കിലായാലും എവിടെയായിരുന്നാലും മലയാളത്തില്‍ എഴുതുന്നതുകൊണ്ടുതന്നെയാണ് അത് നിലനില്‍ക്കുന്നത്. എല്ലാവര്‍ക്കും പുസ്തകമെഴുതാന്‍ പറ്റില്ലല്ലോ. ഭാഷയിലെ പെരുമാറ്റങ്ങള്‍ കൂടെയാണ് അതിനെ ജീവിപ്പിച്ച് നിര്‍ത്തുന്നത്. ആള്‍ക്കാര്‍ നടക്കാതെ കാടുപിടിച്ചുപോകുന്ന സ്ഥലങ്ങള്‍പോലെതന്നെയാണത്. നമ്മുടെ ഭാഷയും ആളുകള്‍ ഇടപെടുന്ന സ്ഥലങ്ങളുമൊക്കെ ആള്‍ത്താമസം ഉള്ളതുകൊണ്ടാണ് നിലനില്‍ക്കുന്നത്. 

ഭാഷയില്‍ എഴുത്തിന്റെ ജനകീയമായ ഒരു ധര്‍മം നിര്‍വഹിക്കുന്നുണ്ട് ഫേസ്ബുക്ക്. സാഹിത്യവിദ്യാഭ്യാസമോ എംഎ ബിരുദമോ ഒന്നുമില്ലെങ്കിലും കഴിയുന്നപോലെ ഒരാള്‍ക്ക് അവിടെ എഴുതാം. പണ്ടത്തെ പോലെ ഇന്ന് മതിലുകളില്‍ എഴുതാന്‍ കഴിയില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ ചുമരുകളില്‍ എഴുതാം. അങ്ങനെ പലയിടങ്ങളില്‍ ഭാഷ ഇടപെട്ടുകൊണ്ടേയിരിക്കുന്നു. പല പറമ്പുകളില്‍ നടക്കുന്ന ക്രിക്കറ്റുകളികളാണ് ആ പറമ്പുകളെ കാടുപിടിക്കാതെ നിലനിര്‍ത്തുന്നത്. അങ്ങനെ മലയാളഭാഷ നിലനിര്‍ത്തുന്ന ഏറ്റവും വലിയ ആള്‍പ്പെരുമാറ്റമുള്ള ഒരു കാര്‍ണിവല്‍ സ്ഥലമായി ഇത് മാറുന്നു. അപ്പോഴാണതിന് ജീവനുള്ളത്. എഫ്ബിയിലെ ജനകീയമായ ഒരു കുറിപ്പും പ്രധാനം തന്നെയാണ്. രണ്ട് തരം വായനയും എഴുത്തുകളുമൊക്കെ നിലനില്‍ക്കണം എന്നതാണ് എന്റെ ആഗ്രഹം. 

പുതിയ പുസ്തകം...

എഴുതണമെന്ന് ആഗ്രഹമൊക്കെയുണ്ട്. നാലഞ്ച് പുസ്തകങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. അതിന്റെ പ്രൂഫ് നോക്കാന്‍ പോലും കഴിയുന്നില്ല. ചില ആരോഗ്യപ്രശ്‌നങ്ങളിലാണ് ഇപ്പോള്‍.