
തോറ്റും തട്ടിയും മുട്ടിയും ആറുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ ഒരു നാട്ടിന്‍പുറത്തുകാരി 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗശയ്യയില്‍വെച്ച് ആധികൊണ്ടു. വേദനയുടെ കനലാഴിയില്‍ ദേഹവും മനസ്സും ഒരുപോലെ പൊള്ളിക്കൊണ്ടിരുന്ന ആ ദിവസങ്ങളില്‍ തന്റെ ഓര്‍മകളെ ചേര്‍ത്തുപിടിച്ച് മുറിയില്‍ ചുരുണ്ടുകൂടി. ഇങ്ങനെ എത്രനാള്‍ മുന്നോട്ട് പോകും? തന്നോടൊപ്പം തന്റെ ഓര്‍മകളും അലിഞ്ഞില്ലാതാകുമോ? പട്ടിണിക്കിടയിലും അളവറ്റ സ്‌നേഹം പകര്‍ന്നുതന്ന ഉപ്പയും ഉമ്മയും, സ്‌നേഹലാളനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ച സഹോദരങ്ങള്‍, ഖിലാഫത്തിലും പട്ടാളത്തിന്റെ അക്രമത്തിലും മുറിവേറ്റ നാട്ടോര്‍മകള്‍, ആളുകള്‍, ധീരവനിതകള്‍, അധ്യാപകനാല്‍ മുളയിലെ മുടങ്ങിപ്പോയ പഠനമെന്ന സ്വപ്‌നം...ഓര്‍മകള്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ സഹികെട്ട് മക്കളുപേക്ഷിച്ച ഡയറിത്താളുകളില്‍ ആമിന പാറക്കല്‍ എഴുത്തു തുടങ്ങി. വീട്ടിലാരും കാണാതെ വേദന നിറഞ്ഞ രാത്രികളെ അവര്‍ എഴുതിക്കൊണ്ട് അതിജീവിച്ചു. പളുങ്കുമണികള്‍ പോലെ തിളക്കമുറ്റ ജീവിതകഥകള്‍ പെറുക്കിക്കൂട്ടിയപ്പോള്‍ 'കോന്തലക്കിസ്സകള്‍' പിറവികൊണ്ടു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആമിന പാറക്കലിന്റെ പുസ്തകം പ്രകാശനംചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ തന്നെ രണ്ടാംപതിപ്പിലേക്കെത്തിയിരിക്കുകയാണ്. എഴുത്തുകാരി സംസാരിക്കുന്നു;
72-ാം വയസ്സില്‍ സ്വന്തം പുസ്തകം കൈയില്‍ കിട്ടിയിരിക്കുകയാണ്. രോഗാവസ്ഥയിലിരിക്കെ വേദനകൊണ്ട് തളര്‍ന്നിരിക്കാതെ, വിധിയെന്ന് പഴിച്ചുകൊണ്ട് ദിവസങ്ങളെ തള്ളിനീക്കാതെ എഴുതാനിരുന്നു. 'കോന്തലക്കിസ്സകള്‍; ഗ്രാമീണബാല്യത്തിന്റെ പെണ്ണോര്‍മകള്‍' എന്ന ഗൃഹാതുരമായ കുറിപ്പുകള്‍ പ്രാദേശിക ചരിത്രംകൂടി പറയുന്ന രചനയാണ്. എഴുത്തനുഭവത്തെക്കുറിച്ച് പറയാമോ.
Also Read
ഞാനൊരു കാന്‍സര്‍ ബാധിതയായിരുന്നു. രണ്ടായിരത്തിലാണത്. വൃക്കയിലായിരുന്നു ട്യൂമര്‍ വന്നത്. വേദനയും അസ്വസ്ഥതയും ടെന്‍ഷനും എല്ലാം കാരണം രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ എനിക്കാകുമായിരുന്നില്ല. രാത്രികളില്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ചിന്തകളില്‍ എന്റെ ഉറക്കവും സമാധാനവുമെല്ലാം എങ്ങോപോയി. പ്രാര്‍ഥന ചൊല്ലിയും ഖുര്‍ആന്‍ ഓതിയും ഞാന്‍ ദിവസങ്ങള്‍ എണ്ണിനീക്കി. മക്കളുടെ കവിത-കഥാപുസ്തകങ്ങളൊക്കെ എടുത്തു വായിക്കുമായിരുന്നു. രാത്രി വീട്ടിലെ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി അവരുടെ ഉറക്കംകെടുത്തേണ്ടല്ലോ. പാടാനൊന്നും എനിക്ക് കഴിവില്ല. പക്ഷേ മാപ്പിളപ്പാട്ടുകളടക്കം എടുത്ത് വായിക്കും, മനസ്സില്‍ മൂളും. പിന്നെ പതിയെ എഴുതാന്‍ തോന്നിത്തുടങ്ങി.
എന്റെ ജീവിതം, നല്ല ഓര്‍മകള്‍, എന്റെ നാട്, ജീവിതത്തിലെ അനുഗ്രഹങ്ങള്‍, വീട്ടുകാര്‍, ദുരിതങ്ങള്‍ അങ്ങനെയങ്ങനെ ഞാന്‍ എന്നെക്കുറിച്ച് ഒരുപാട് ആലോചിച്ചു. എനിക്കും പറയാനൊരു കഥയുണ്ടെന്ന തോന്നല്‍ ഉള്ളില്‍ ഉടലെടുത്തപ്പോള്‍ എഴുത്തിന്റെ സ്വാഭാവികമായൊരു ഉറവ മനസ്സിലേക്കൊഴുകി. ആധിപിടിച്ച ചിന്തകള്‍ക്കിടയില്‍ ഞാന്‍ ഡയറിയും പേനയുമെടുത്ത് എഴുതാന്‍ തുടങ്ങി. വേദന മറക്കുകയും സമയംപോയിക്കിട്ടുകയും ചെയ്യുമല്ലോ. അങ്ങനെ ഉറക്കം നഷ്ടപ്പെട്ട രാത്രികളിലാണ് ഞാന്‍ എഴുത്താരംഭിച്ചത്.
എഴുതി തുടങ്ങിക്കഴിഞ്ഞപ്പോഴാകാട്ടെ എന്റെ ജീവിതത്തിലെ ഓരോ ഓര്‍മകളും മനസ്സിലേക്കോടിയെത്താന്‍ തുടങ്ങി. ബാല്യകാലസ്മരണകള്‍, ചെറുപ്പത്തില്‍ എന്റെ ഉമ്മ പറഞ്ഞുതന്ന നാട്ടിലെ കഥകള്‍, ജീവിതത്തില്‍ കണ്ട, അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഒന്നിനുപിറകെ ഒന്നായി ഞാനെഴുതിക്കൊണ്ടിരുന്നു. വിഷയങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. പതിയെ എഴുത്ത് ഒരാവേശമായി മാറി. അതെന്നില്‍ വീണ്ടും എഴുതാനുള്ള തിടുക്കവും ആവേശവും കൂട്ടിയെന്നുതന്നെ പറയാം.
എന്റെയെഴുത്ത് വളരെ മോശമാണ്. അതുകൊണ്ടുതന്നെ ഞാനെഴുതിവെച്ച ഡയറികള്‍ ഭര്‍ത്താവോ മക്കളോ ആരുംതന്നെ കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ എഴുതിത്തീര്‍ന്നവ ഓരോന്നായി എടുത്ത് തുണിവെക്കുന്ന അലമാരയുടെ ഏറ്റവും താഴെയുള്ള അറയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചു.
ചില നേരങ്ങളില്‍ എനിക്കൊരിഷ്ടം തോന്നുമ്പോള്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് എഴുത്തുകളോരോന്നായി ഞാനെടുത്ത് വായിക്കും. ആ സമയത്തൊക്കെ ഞാനെന്റെ ഓര്‍മകളിലൂടെ ഒന്നുകൂടി സഞ്ചരിക്കും. ഇത്രയും ഞാനെഴുതിയല്ലോ എന്ന് സന്തോഷിക്കും. രോഗവും വേദനയും മരുന്നുകളും ഓപ്പറേഷനുകളുമായി ജീവിച്ച നാളുകളായിരുന്നു അത്. അന്ന് തുടങ്ങിയ ഓര്‍മയെഴുത്തുകള്‍ പൂര്‍ത്തിയാക്കിയത് 2013-ലാണ്. ആ വര്‍ഷമാണ് എന്റെ ഒരു വൃക്ക ഓപ്പറേഷന്‍ നടത്തി എടുത്തുമാറ്റുന്നത്.

ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലെ വിശ്രമവേളയിലായിരുന്നു വിരസതയെന്തെന്നറിയാത്ത എഴുത്ത്. അസുഖം വരുത്തിയ ശാരീരബുദ്ധിമുട്ടുകളെയും വേദനകളെയും ഒന്നും ഓര്‍ക്കാതെയുള്ള എഴുത്ത്. എഴുതിയെഴുതി ഡയറികള്‍ ആറായത് ഞാന്‍ അറിഞ്ഞതേയില്ല. അന്നുവരെ കുറിച്ചുകൊണ്ടിരുന്നവയില്‍ ചിലതാണ് 'കോന്തലക്കിസ്സകളാ'യി ഇപ്പോള്‍ വായനക്കാരുടെ കൈകളിലെത്തിയത്.
വീട്ടില്‍ ആരും കാണാതെയുള്ള എഴുത്ത്, എഴുതിയവയുടെ വായന... എത്ര ശ്രദ്ധിച്ചാലും അത് വീട്ടിലുള്ളവരുടെ കണ്ണില്‍പെടാതിരിക്കുമോ? എഴുതാനുള്ള ഡയറികളും പേനയുമെല്ലാം എങ്ങനെയാണ് കിട്ടിയത്
അന്നൊക്കെ രാത്രികളില്‍ ഞാന്‍ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ടിരുന്നു. എന്തെങ്കിലുമെഴുതാം എന്ന് വിചാരിച്ച് കസേരയില്‍ ഇരിക്കുന്നതും വളരെ ബുദ്ധിമുട്ടിയായിരുന്നു. ഇടവേളവിട്ട് തലയണ ഇടത്തും വലത്തും മാറ്റിവെച്ച് ചരിഞ്ഞിരുന്ന് ഞാന്‍ എഴുതി. അതൊന്നുമൊരു കഷ്ടപ്പാടായി എനിക്ക് തോന്നിയതേയില്ല.
പാതിരയ്ക്കിരുന്നുള്ള എന്റെ എഴുത്ത് വീട്ടിലാരും കണ്ടില്ല. ഭര്‍ത്താവ് ഇടയ്ക്ക് രാത്രി എണീക്കുമ്പോള്‍ മുറിയില്‍ ഞാനിരുന്ന് എഴുതുന്നത് കാണും. എന്താണ് ഉറങ്ങിയില്ലേ? എന്ന് ചോദിക്കും. ഞാനോരോ പഴംപുരാണം എഴുതുകയാണെന്ന് അദ്ദേഹത്തോട് പറയും. രോഗത്തോട് മല്ലിടുകയല്ലേ ഞാന്‍. അതെടുത്തുവെച്ച് ഉറങ്ങൂ എന്നദ്ദേഹം സ്‌നേഹത്തോടെ പറയും. അന്നേരം ഞാന്‍ ഉറങ്ങാന്‍ കിടക്കും. അദ്ദേഹം ഉറങ്ങിയെന്ന് കണ്ടാല്‍ വീണ്ടുമെഴുന്നേറ്റ് എഴുത്ത് തുടരും.
ദിവസങ്ങള്‍ കഴിഞ്ഞുപോയി. എഴുതും തോറും എഴുത്ത് മെച്ചപ്പെടുന്നപോലെ എനിക്ക് തോന്നി. അന്നേവരെ എന്റെയെഴുത്തില്‍ ആത്മവിശ്വാസം തീരെ കുറവായിരുന്നു. എഴുതിയെഴുതി ശീലിച്ചാല്‍ പുരോഗതിയുണ്ടാകുമെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ വളരെ സന്തോഷമായിരുന്നു.
ഭര്‍ത്താവിന്റെ ജ്യേഷ്ഠാനുജന്മാരുടെ മക്കളില്‍ പലരും ഗള്‍ഫിലാണ്. എഴുതാനും പഠിക്കാനുമായി എന്റെ മക്കള്‍ക്ക് അവര്‍ ഡയറി സമ്മാനിക്കും. മക്കളുണ്ടോ അതെഴുതി തീര്‍ക്കുന്നു? എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് അവര്‍ മുറിയിലെവിടെയെങ്കിലും ഡയറി ഉപേക്ഷിക്കും. ഞാനതെല്ലാം എടുത്തുവെച്ചിരുന്നു. പിന്നീട് അതെനിക്കുതന്നെ ഉപകാരപ്പെട്ടു. ആ ഡയറികളെടുത്തായിരുന്നു ഞാനീ പഴംപുരാണങ്ങളെഴുതിയത്.
വേദനകളില്‍നിന്നാണ് പ്രശസ്തരായ പല എഴുത്തുകാരും എഴുതിയിട്ടുള്ളത്
ആണോ. അതെനിക്ക് അറിയില്ലായിരുന്നു. അങ്ങനെയൊരു സംഗതി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. എനിക്ക് വലിയ അറിവൊന്നുമില്ല. അന്ന് ഉള്ളില്‍ തോന്നി, എഴുതി. എന്റെ വേദന മറക്കാന്‍ അന്നങ്ങനെ ചെയ്തത് ഇന്നിപ്പോള്‍ എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിധത്തിലായിത്തീര്‍ന്നിരിക്കുകയാണ്.
അലമാരയില്‍ ചിതലരിച്ച് നശിച്ച് പോകുമായിരുന്ന ഓര്‍മക്കുറിപ്പുകള്‍ ഇന്ന് പുസ്തകരൂപത്തില്‍ വായനക്കാരുടെ കൈകളിലെത്തിയിരിക്കുന്നു. എഴുതിക്കൂട്ടി ആരും കാണാതെ ഒളിച്ചുവെച്ച ഡയറികള്‍ എങ്ങനെയാണ് 'കോന്തലക്കിസ്സകള്‍' ആയി മാറിയത്
ഒരിക്കല്‍ വീട് വൈറ്റ് വാഷ് ചെയ്യാനായി മൂത്തമകന്‍ തൗഫീഖ് മുറിയിലെ അലമാര നീക്കി. ചിതലുവന്ന് ഉറച്ചുപോയതിനാല്‍ അത് ചലിപ്പിക്കാന്‍ പാടുപെട്ടു. ഇതെന്താണിത് അനങ്ങാത്തതെന്ന് പറഞ്ഞ് നോക്കിയപ്പോഴാണ് അലമാരയ്ക്കകത്ത് ചിതലുകള്‍ പടര്‍ന്ന എന്റെ ഡയറികള്‍ കാണുന്നത്. ഞാനാകെ ബേജാറായി. ന്റെ പുസ്തകം എന്നുപറഞ്ഞ് ഞാന്‍ അതെടുത്ത് കേടുപാടുകള്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഭാഗ്യത്തിന് അതിനൊരു കോട്ടവും വന്നില്ല.
എന്റെ വെപ്രാളംകണ്ട് ആധാരമാണോ എന്നാണ് മൂത്തമകന്‍ ചോദിച്ചത്. അത് ഞാനോരോ കഥകളെഴുതിവെച്ചതാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ വായിക്കാന്‍ ചോദിച്ചെങ്കിലും ഞാന്‍ ഡയറി കൊടുത്തില്ല. എന്നാല്‍ ഒരു ഡയറി എന്റെ കൈയില്‍നിന്ന് തട്ടിപ്പറിച്ച് വായിക്കാന്‍ കൊണ്ടുപോയി.
കുറച്ചുകഴിഞ്ഞ് അതുമായി അവന്‍ തിരിച്ചുവന്നു. സന്തോഷവും സങ്കടവും നിറഞ്ഞ അവന്റെ മുഖം എനിക്കോര്‍മയുണ്ട്. എന്താ ഉമ്മ ഈ എഴുത്തൊന്നും കാണിച്ചുതരാതിരുന്നതെന്ന് അവന്‍ സ്നേഹത്തോടെ ശകാരിച്ചു. രോഗിയായിരിക്കെ എഴുതിയതല്ലേ. ഞാനെങ്ങാനും മരിച്ചുപോയാല്‍ നിങ്ങളാരുടെയെങ്കിലും കൈയില്‍ ഈ ഡയറികള്‍ കിട്ടുമല്ലോ. ഉമ്മയുടെ നാട്, ബാല്യം, വീട്ടുകാര്‍, സ്‌കൂള്‍... എല്ലാ കഥകളും നിങ്ങള്‍ വായിച്ചോട്ടെ എന്ന് ഞാന്‍ വിചാരിച്ചു. അതുകൊണ്ടാണ് ഞാന്‍ ഡയറികള്‍ ഒളിപ്പിച്ചുവെച്ചതെന്ന് പറഞ്ഞു. അത് പറഞ്ഞതും അവനെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.

എന്റെ കൈയിലിരുന്ന ബാക്കി ഡയറികള്‍ കൂടി അവന്‍ ചോദിച്ചു. മകന്റെ സന്തോഷം കണ്ടപ്പോള്‍ അതെല്ലാം ഞാന്‍ വായിക്കാന്‍ കൊടുത്തു. ഈ കഥകളൊക്കെ എല്ലാവരും അറിയണം ഉമ്മാ എന്നു പറഞ്ഞ് കുറിപ്പുകള്‍ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടു. കുറേ വിവരങ്ങളുണ്ടല്ലോ ഇതില്‍... ഇതൊക്കെ എപ്പോള്‍ എഴുതി എന്നൊക്കെ ചോദിച്ച് ഓരോരുത്തരായി മെസ്സേജും ഫോണ്‍കോളുമൊക്കെ ചെയ്യാന്‍ തുടങ്ങി. അത്രയേറെ എഴുത്തുകളുണ്ടായിരുന്നെന്ന് ഭര്‍ത്താവും അപ്പോഴാണ് അറിഞ്ഞത്.
എന്റെ അനിയന്‍ സാദിഖിന്റെ പ്രയത്നമാണ് പുസ്തകത്തിനു പിന്നില്‍. ഡയറിയിലെ താളുകള്‍ വായിച്ച കുടുംബക്കാര്‍ ഇതൊരു പുസ്തകമാക്കണമെന്നുതന്നെ തീരുമാനിച്ചു. ഭര്‍ത്താവും മക്കളും അടുത്ത ബന്ധുക്കളും എല്ലാവരും ആ ലക്ഷ്യത്തിനുവേണ്ടി ഒന്നായി സഹകരിച്ചു. ഒരേ മനസ്സായിരുന്നു എല്ലാവര്‍ക്കും. എന്റെ കൈയക്ഷരം വായിച്ചെടുക്കാന്‍ അവര്‍ വളരെ പ്രയാസപ്പെട്ടു. അതെല്ലാം വായിച്ച് ടൈപ്പ് ചെയ്ത് അവര്‍ ഫയലാക്കി. മാതൃഭൂമി ബുക്സുമായി ചര്‍ച്ച ചെയ്ത് പുസ്തകമാക്കാന്‍ തീരുമാനിച്ചു. ഉമ്മയുടെ കോന്തലയില്‍ നിന്ന് കിട്ടിയ കഥകളാണ് ഈ പുസ്തകമെന്നുള്ളതുകൊണ്ടുതന്നെ എന്റ അനുജന്‍ കോന്തല എന്ന് പേര് നിര്‍ദേശിച്ചു. ഖിസ്സകളാണല്ലോ അതില്‍ നിറയെ. അങ്ങനെ എന്റെ ഇളയമകന്‍ കിസ്സയെന്നും ചേര്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് 'കോന്തലക്കിസ്സകള്‍' ഉണ്ടായത്. എന്റെ പുസ്തകം ആളുകള്‍ ഇത്ര വലിയ വിജയമാക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
ഭര്‍ത്താവിന്റെ ഉമ്മ കിടപ്പിലായ സമയം. അവര്‍ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു. ഒരുദിവസം ഞാന്‍ ഉമ്മയെ ശുശ്രൂഷിക്കുന്നതിനിടെ എന്നെ ചേര്‍ത്ത് പിടിച്ച് ഇതിന്റെയെല്ലാം സത്ഫലം നീ അനുഭവിക്കുമെന്ന് ഉമ്മ പറഞ്ഞു. ഉമ്മയുടെ അനുഗ്രഹമാണിതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പുസ്തകത്തില്‍ ആമിനുമ്മയുടെ ബാവിച്ചി(ഉപ്പ)യെക്കുറിച്ചും ഉമ്മയെക്കുറിച്ചും പറയുന്നുണ്ടല്ലോ. സ്നേഹനിധികളായ അവര്‍ രണ്ടുപേരില്‍ ഒരാള്‍ പാട്ടെഴുതുന്ന, പാടുന്ന ആളും മറ്റെയാള്‍ കഥപറച്ചിലില്‍ അസാധ്യ കഴിവുള്ള വ്യക്തിയുമായിരുന്നു. ബാവിച്ചിയുടെ എഴുത്തും ഉമ്മയുടെ കഥനവും ആമിനുമ്മയുടെ എഴുത്തിന് സഹായിച്ചു എന്ന് കരുതുന്നുണ്ടോ
12 മക്കളെ പ്രസവിച്ച ഉമ്മയാണ് എന്റെ ഉമ്മ. അതില്‍ ഏഴ് പേര്‍ മരണപ്പെട്ടു. എന്റെ നേരെമൂത്തത് ഒരു പെണ്‍കുട്ടിയായിരുന്നു. രണ്ടരവയസ്സുള്ളപ്പോള്‍ പെട്ടെന്നൊരു പനിയും അപസ്മാരവും വന്ന് ആ കുട്ടി മരിച്ചുപോയി. അതോടെ ഉമ്മ മാനസികമായി തളര്‍ന്നു. വൈദ്യചികിത്സയൊക്കെ നടത്തേണ്ടി വന്നു. പതിയെ ആ വലിയ സങ്കടത്തെ അവര്‍ അതിജീവിച്ചു. അമ്മായിമാരും ഉമ്മയുമാണ് അതെല്ലാം പറഞ്ഞുതന്നത്. പിന്നീടാണ് ഞാന്‍ ജനിക്കുന്നത്. അതുകൊണ്ടുതന്നെ ബാവിച്ചിക്കും ഉമ്മയ്ക്കും എന്നോട് വലിയ വാത്സല്യമായിരുന്നു.
രണ്ട് പെങ്ങളായിരുന്നു ബാവിച്ചിക്ക്. മൂന്നും നാലും മക്കളുള്ള അവരുടെ ഭര്‍ത്താക്കന്മാര്‍ അകാലത്തില്‍ മരണപ്പെട്ടു. ജീവിതമാര്‍ഗം വഴിമുട്ടിയ അവരെ ബാവിച്ചി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങളെല്ലാവരും ഒരേ വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞു. അന്ന് ബാവിച്ചിക്ക് ചീപ്പാന്‍കുഴി എന്ന സ്ഥലത്ത് ചായ മക്കാനിയുണ്ടായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗം.
അമ്മായിയുടെ മകള്‍ക്ക്, സ്‌കൂളിലേക്ക് പോകുമ്പോള്‍ തലയിലിടാന്‍ തട്ടമില്ലായിരുന്നു. ബാവിച്ചി തന്റെ തലയില്‍ കെട്ടിയ മുണ്ടെടുത്ത് അവരുടെ തലയില്‍ കെട്ടികൊടുക്കും. ആ ബാവിച്ചിയാണ് എന്റെ എല്ലാം. കുടുംബം പോറ്റാന്‍ പ്രയാസപ്പെട്ട അദ്ദേഹം തിരക്കുകള്‍ക്കിടയില്‍ എഴുതുകയും ചെയ്തു.
ബാവിച്ചിക്ക് ചെറുപ്രായത്തില്‍ ഉപ്പ നഷ്ടപ്പെട്ടു. ഒരു ബന്ധുവാണ് കൊടിയത്തൂരിലെ ദര്‍സില്‍ ബാവിച്ചിയെ ചേര്‍ത്തത്. തുടര്‍പഠനമൊന്നും നടന്നില്ലെങ്കിലും അദ്ദേഹത്തിന് അത്യാവശ്യം അറിവുണ്ടായിരുന്നു. നല്ല കൈയക്ഷരമായിരുന്നു ബാവിച്ചിക്ക്. നാട്ടിലെ കുറിക്കല്യാണങ്ങള്‍ക്ക് എഴുതാനും കണക്ക് കൂട്ടാനും ആളുകള്‍ ബാവിച്ചിയെ വിളിക്കും. അവര്‍ക്ക് അദ്ദേഹം വിശ്വസ്തനായിരുന്നു. നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും കൂട്ടിയിണക്കി അദ്ദേഹം പാട്ടുകളുണ്ടാക്കും. പിന്നീട് ആളുകളത് കേട്ട് പാടി നടക്കുകയും ചെയ്യാറുണ്ടായിരുന്നു.
കക്കാടിന്റെ സാംസ്‌കാരിക കേന്ദ്രമായിരുന്നു കണ്ടോളിപ്പാറ എന്നുപറയാം. സാംസ്‌കാരിക പരിപാടികളൊക്കെ നടന്നിരുന്ന സ്ഥലമാണ്. രാത്രി ബാവിച്ചിയും കൂട്ടരും അവിടെ കൂടും. പാട്ടുകളുണ്ടാക്കി അത് ചങ്ങാതിമാരെ പാടി കേള്‍പ്പിക്കും. അവരുടെ അഭിപ്രായമനുസരിച്ച് നല്ല പാട്ട് തിരഞ്ഞെടുക്കും. കോല്‍ക്കളി പാട്ട്, കല്യാണത്തിന് പുതിയാപ്ലയും പുതുപ്പെണ്ണും ഇറങ്ങുമ്പോള്‍ ഉള്ള പാട്ട്, ബദ്ര്‍ കിസ്സപ്പാട്ടുകള്‍ എല്ലാം അദ്ദേഹം എഴുതുമായിരുന്നു.
അതില്‍ചിലത് എം.എന്‍. കാരശ്ശേരിയുടെ പക്കലുണ്ട്. എന്റെ ജ്യേഷ്ഠന്മാരായ മുഹമ്മദിന്റെ സുഹൃത്തും അബ്ദുറഹ്‌മാന്റെ ക്ലാസ്‌മേറ്റുമായിരുന്നു എം.എന്‍. കാരശ്ശേരി. അദ്ദേഹം പഠനത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ടിനെക്കുറിച്ച് അറിയാനായി അദ്ദേഹം ബാവിച്ചിയുടെ അടുത്ത് വരാറുണ്ടായിരുന്നു. ഇടയ്ക്ക് വീട്ടില്‍ തങ്ങും.
ബാവിച്ചി അദ്ദേഹത്തെ പാടി കേള്‍പ്പിക്കും, ബദ്ര്‍ കിസ്സപ്പാട്ടുകളുടെ അര്‍ഥം പറഞ്ഞുകൊടുക്കും. ബാവിച്ചിയെ കാരശ്ശേരിക്ക് വലിയ ഇഷ്ടമായിരുന്നു. ബാവിച്ചിക്ക് അദ്ദേഹത്തെയും. ഇവിടെ ഇതാരും പാടുകയും പഠിക്കുകയുമില്ലെന്ന് പറഞ്ഞ് അദ്ദേഹം എഴുത്തുകളൊക്കെ കാരശ്ശേരിയെ ഏല്‍പിച്ചിരുന്നു.
'കോന്തലക്കിസ്സകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ഒരു നാട് മുഴുവന്‍ ആഘോഷിക്കുന്ന കാഴ്ചയാണ് കണ്ടത്.
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടന്നത്. ഒരുപാടുപേര്‍ വന്നു. ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസമായിരുന്നു അത്.

നമ്മുടെ നാട് മുഴുവന്‍ നമുക്കുവേണ്ടി ഒരുങ്ങിയല്ലോ. നന്ദി പറയാന്‍ വാക്കുകളില്ല. എല്ലാം എനിക്ക് അവിശ്വസനീയമായി തോന്നുന്നു. പടച്ചവന്റെ കൃപ.
പുസ്തകത്തിന്റെ ആദ്യകോപ്പി കൈയില്‍ കിട്ടിയപ്പോള്‍ എന്തുതോന്നി
സത്യംപറയാലോ, ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. യാതൊരു പഠിപ്പും വിവരവുമില്ലാത്ത എനിക്ക് ഇത്ര വലിയ അനുഗ്രഹം കിട്ടിയല്ലോ എന്ന് ഞാന്‍ മനസ്സിലോര്‍ത്തു. കണ്ണു നിറഞ്ഞു, എന്റെ ചങ്കുപൊട്ടി. വിചാരിക്കാത്ത ഒരു കാര്യം എന്നെ തേടിവരികയായിരുന്നു.
മകനൊരു പുതിയ വണ്ടി വാങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരുംകൂടി അതില്‍ കയറി പുറത്തുപോയതായിരുന്നു. അപ്പോഴാണ് പോയി പുസ്തകം വാങ്ങിയാലോ എന്ന് ആലോചനയുണ്ടായത്. അതുകേട്ടപ്പോള്‍ ഞാനെഴുതിയ പുസ്തകം എന്റെ കൈകൊണ്ടുതന്നെ വാങ്ങണമെന്ന് ചെറിയൊരു പൂതി തോന്നുന്നുണ്ടെന്ന് ഞാന്‍ മക്കളോട് പറഞ്ഞു. അങ്ങനെ അഞ്ച് മക്കളും ഞാനും ഭര്‍ത്താവും നേരെ രാമനാട്ടുകരയിലെ മാതൃഭൂമി ഓഫീസിലേക്ക് പോയി പുസ്തകമെടുത്ത് വരികയായിരുന്നു.
പുസ്തകം കൈയില്‍ കിട്ടിയ ഉടനെ മറിച്ചു നോക്കി. കുറച്ചേ വായിക്കാന്‍ കഴിഞ്ഞുള്ളു. കണ്ണുനിറഞ്ഞതിനാല്‍ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല.
കക്കാട് എന്ന ഗ്രാമത്തിന്റെ ചരിത്രംകൂടിയാണ് ഈ രചന. നാടിനെ മാതൃകയാക്കി പുസ്തകത്തിലൂടെ പലതും പറഞ്ഞുവെക്കുന്നുണ്ട്
ഇപ്പോഴത്തെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണാണ് എല്ലാം. എന്റെ കുട്ടിക്കാലം ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അയലത്തെ കുട്ടികളും ഞങ്ങളുമെല്ലാം ഒരു മാവിന്റെയോ പുളിമരത്തിന്റെയോ ചുവട്ടില്‍ കളിക്കും. കഥകള്‍ പറയും. വിശന്നിരിക്കുകയാണെന്നറിഞ്ഞാല്‍ കൂട്ടത്തിലാരെങ്കിലും അവരുടെ വീട്ടില്‍ എന്തെങ്കിലും ഭക്ഷണമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്കെടുത്തുകൊണ്ടുവന്ന് നമുക്ക് നേരെ നീട്ടും. കുട്ടികള്‍ തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നു. അതൊന്നും പറഞ്ഞറിയിക്കാന്‍ കഴിയില്ല.
സ്‌കൂള്‍വിട്ട് വന്നാല്‍ ഞങ്ങള്‍ ബന്ധുവിന്റെ വീട്ടിലെ പറങ്കിമാവില്‍നിന്ന് പറങ്കിമാങ്ങ പറിച്ച് തിന്നാന്‍ ഓടും. കശുവണ്ടി പെറുക്കി ഉടമയുടെ മുറ്റത്ത് കൊണ്ടുപോയി ഇട്ടുകൊടുക്കും. ചുവന്ന മധുരമുള്ള പൊട്ടിക്കീറിയ പറങ്കിമാങ്ങ ഞങ്ങള്‍ക്ക് സ്വന്തം. വരുമ്പോള്‍ എളേമ(ബന്ധു) പറമ്പിലെ പൂള പറിച്ച് പുഴുങ്ങി ചമ്മന്തിയോടൊപ്പം വാഴയിലയില്‍ വിളമ്പി തിന്നാന്‍ തരും. കട്ടന്‍ ചായയുമുണ്ടാകും. പണിയെടുത്ത് ക്ഷീണിച്ച് വന്ന് ഭക്ഷണം കഴിക്കുന്ന മട്ടാണ് ഞങ്ങള്‍ക്കപ്പോള്‍.

ഞങ്ങള്‍ അയല്‍വാസികള്‍ എല്ലാവരും തമ്മില്‍ വലിയ ഐക്യത്തിലായിരുന്നു. പണ്ടത്തെ കാലം അങ്ങനെയായിരുന്നു. വീടുകള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും എന്തുണ്ടെങ്കിലും പങ്കുവെയ്ക്കും. ചിലപ്പോഴൊക്കെ മുറ്റത്ത് പാട്ടും കളിയുമായി എല്ലാവരും ഒരു വീട്ടിലുണ്ടാകും. നേരമിരുട്ടിയാല്‍ പിന്നെ എല്ലാ കുട്ടികളെയും കുളിപ്പിച്ച് അകത്ത് മെതിയടിയിന്മേല്‍ കയറീ എന്ന് പറയും ഉമ്മമാര്‍. എല്ലാവരും എഴുതുകയോ വായിക്കുകയോ ചെയ്ത് വീടിനകത്തുകൂടും. ആ ഒരനുസരണ ഇപ്പോഴത്തെ കുട്ടികള്‍ക്കില്ല. അതുകൊണ്ടെല്ലാമാണ് പണ്ടത്തെ കഥകള്‍ പലതും ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് പറയുന്നത്. കുട്ടികള്‍ അതുംകേട്ട് പഠിക്കട്ടെ.
ചെറുപ്പത്തില്‍ ഞാനൊക്കെ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ അയല്‍വാസികളാരെങ്കിലും വഴിയില്‍വെച്ച് കണ്ടാല്‍ വീടുവരെ കൊണ്ടാക്കിത്തരും. ആ കാലമൊക്കയുണ്ടായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാണ് സങ്കടം. ഇന്നത്തെ കാലം തിരിച്ചല്ലേ. പണ്ടത്തെ കാര്യങ്ങളില്‍ കുറച്ച് ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് എന്റെ മനസ്സില്‍ തോന്നി. അത് പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ട്.
പണ്ട് മനുഷ്യര്‍ തമ്മില്‍ സ്‌നേഹമുണ്ടായിരുന്നു. അതെന്താണില്ലാതായിപ്പോയതെന്ന് അറിയില്ല. ഇപ്പോഴത്തെ കാലം വല്ലാത്തൊരു കാലമാണ്. ഞങ്ങളുടെ കൂട്ടത്തില്‍ പത്തിരുപത് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെയുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചാണ് പുഴയില്‍ പോയി കുളിക്കുക. അനര്‍ഥമൊന്നും അന്ന് സംഭവിച്ചില്ല. ഇന്ന് ഒരു പെണ്‍കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോരാന്‍ പേടിയല്ലേ? എത്രയോ പെണ്‍കുട്ടികള്‍ മരിക്കുന്നു! അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ ഖേദം തോന്നും.
വായനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയില്ലേ. അച്ഛനും അമ്മയും മക്കളുമെല്ലാം രാത്രി ഉറങ്ങാന്‍ കിടന്നതാണ്. നേരം വെളുത്തപ്പോഴേക്കും അവരില്ലാതായി. അതൊന്നും സഹിക്കാന്‍ കഴിയില്ല. ഇപ്പോള്‍ അവരെ സഹായിക്കാന്‍ എല്ലാ ജാതിക്കാരും, മതക്കാരും, പാര്‍ട്ടിക്കാരും എല്ലാവരും ഒന്നായി. അത് കഴിഞ്ഞാലോ? എല്ലാവരും വേര്‍പിരിഞ്ഞു. മനുഷ്യര്‍ തമ്മിലുള്ള ആ ഒരുമ എന്നും വേണ്ടേ? അതാണ് എനിക്ക് ചോദിക്കാനുള്ളത്. അതെന്നും നിലനിന്നാല്‍ നമ്മുടെ നാട്ടില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? വിഷമമുണ്ടോ, പ്രയാസമോ പ്രശ്‌നങ്ങളോ ഉണ്ടോ? ഇല്ലല്ലോ?
പുസ്തകംവായിക്കുമ്പോള്‍ എങ്ങനെയാണ് ഇത്ര കൃത്യമായി പണ്ടത്തെ കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നത് എന്ന് അത്ഭുതപ്പെട്ടുപോകും. ഓരോ നുറുങ്ങോര്‍മകളും എഴുതിയപ്പോള്‍ ഓര്‍മപ്പിശക് വന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിയിരുന്നോ
ഇതില്‍ പറയുന്ന നാട്ടിലെ പല കഥകളും ഞാന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. എന്താ ഈ ഉമ്മ പറയണത്, ഉള്ളത് തന്നെയാണോ എന്നൊക്കെ അവരും എന്നോട് ചോദിക്കുമായിരുന്നു. ഡയറികള്‍ കൈയില്‍ കിട്ടിയപ്പോള്‍ ഈ എഴുതിവെച്ചതെല്ലാം ശരിയാകണമെന്നില്ല ഉമ്മാ എന്നവര്‍ പറഞ്ഞിരുന്നു. ഓര്‍മപ്പിശക് സംഭവിക്കാമല്ലോ.
എന്തെങ്കിലും തെറ്റുണ്ടാകാം എന്നവര്‍ സംശയിച്ചു.
വസ്തുത അന്വേഷിക്കാന്‍ മക്കള്‍ നാട്ടിലെ പല കാരണവന്മാരുടെ അടുത്തും പോയി അന്വേഷിച്ചു. അതെല്ലാം നടന്ന കാര്യങ്ങളാണെന്നും അതില്‍ പറയുന്ന നാട്ടിലെ ആളുകള്‍ അവിടെ ജീവിച്ചിരുന്നവരായിരുന്നു എന്നെല്ലാം അവര്‍ ഉറപ്പിച്ചു. കുറിപ്പുകള്‍ ചിലര്‍ക്ക് വായിക്കാനും കൊടുത്തിരുന്നു. തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തി. ഇതൊക്കെ എങ്ങനെ ഓര്‍ത്തെഴുതി എന്നാണവരും അത്ഭുതത്തോടെ ചോദിച്ചത്.
വിവാഹം, കുടുംബം
എന്റെ കല്യാണം വലിയ ആഘോഷമാക്കണമെന്ന് ബാവിച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഒരു കടത്തില്‍ പെട്ട് ഞങ്ങള്‍ ബുദ്ധിമുട്ടിലായി. വീട് ജപ്തി ചെയ്യാന്‍വരെ ആള്‍ വന്നു. എനിക്ക് പല വിവാഹാലോചനകളും നടന്നിരുന്നു. ദൈവവിശ്വാസിയായ ഒരാള്‍ക്കേ മകളെ കല്യാണം കഴിച്ച് നല്‍കൂ എന്ന് ബാവിച്ചി ശഠിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനയും അതുതന്നെയായിരുന്നു.

ബാവിച്ചി ആഗ്രഹിച്ചപോലെ ഒരു നല്ല മനുഷ്യനെയാണ് എനിക്ക് കിട്ടിയത്. സി.ടി. അബ്ദുല്ലത്തീഫ്. അദ്ദേഹം റിട്ടയേര്‍ഡ് അധ്യാപകനാണ്. 1971-ലായിരുന്നു കല്യാണം. ക്ലാസില്‍ പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു. അതേ പ്രോത്സാഹനം എനിക്കും കിട്ടി. എഴുതാനും വായിക്കാനും കൃഷി ചെയ്യാനുമെല്ലാം എന്നെ പ്രോത്സാഹിപ്പിച്ചു. തൗഫീഖ്, അമാനുള്ള, അജ്മല്‍ ഹാദി, നജ്മുന്നിസ, ഫാരിസ് എന്നിവരാണ് ഞങ്ങളുടെ മക്കള്‍.
ഒരു നാടിനെ സ്‌നേഹബന്ധത്തില്‍ ഉറപ്പിച്ച് നിര്‍ത്താനും അവിടെത്തെ വികസനപ്രവര്‍ത്തനങ്ങളും സാമൂഹികപ്രശ്നങ്ങളും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താനും സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു. കക്കാട് ഗ്രാമത്തിലെ സ്ത്രീകള്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ
എന്റെ നാട്ടിലെ സ്തീകളെക്കുറിച്ച് ഞാന്‍ ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അവര്‍ ധൈര്യശാലികളുമായിരുന്നു. പറയാനും പ്രവര്‍ത്തിക്കാനും അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അക്കൂട്ടരില്‍ എന്റെ ഉമ്മയായ ഫാത്തിമ, പൂളോണെ ഉമ്മ, ഉമ്മയ്താത്ത, വല്ലിമ്മ, തിരുത്തിയിലെ വല്ലിമ്മ എല്ലാവരുമുണ്ട്.
ഖലീഫ ഉമറിനെപ്പോലെ നാട്ടിലെ പട്ടിണി തന്നെക്കൊണ്ടാവുംപോലെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആളാണ് പൂളോണെ ഉമ്മ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു അന്ന് കക്കാട്. നാട്ടിലെ പാവങ്ങള്‍ക്ക് അരിയും സാധനങ്ങളും ആശ്വാസവാക്കുകളുമായി ആ ഉമ്മ എല്ലാ വീടുകളിലേക്കും വരുമായിരുന്നു. അവരുടെ ജോലിക്കാരെ വിട്ട് തീപുകയാത്ത അടുപ്പുകള്‍ തിരഞ്ഞുപിടിക്കും. ഒരു രാത്രി അവര്‍ ചൂട്ടും കത്തിച്ച് എന്റെ വീട്ടിലെത്തി ഞങ്ങള്‍ക്കും ഭക്ഷണം തന്നിരുന്നു.
ഗ്രാമം ഉണരുന്നതിന് മുമ്പ് ഉണരുന്ന ആളായിരുന്നു ഉമ്മയ്താത്ത. ആളുകള്‍ അവര്‍ക്ക് ഭ്രാന്തുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഉമ്മയ്താത്ത പറഞ്ഞതും ചോദ്യംചെയ്തതും എല്ലാം നാട്ടിലെ പ്രശ്നങ്ങളായിരുന്നു. അവര്‍ പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങും. റേഷന്‍ കടയില്‍ അരിയില്ല, കുട്ടികള്‍ പട്ടിണി കിടക്കുകയാണ്, കഞ്ഞിവെക്കാന്‍ അരിയില്ല, നടക്കാന്‍ പാലമില്ല, വായനശാലയില്ല, ഡോക്ടര്‍ വേണം, കറുപ്പിച്ച(ടാറിട്ട) റോഡ് വേണം എന്നൊക്കെ പറയും. നാട്ടില്‍ വികസനമുണ്ടാകണമെന്നതാണ് അവരുടെ ആഗ്രഹം. പാലവും റോഡും ഒക്കെ ഉണ്ടെങ്കിലേ കുട്ടികള്‍ക്ക് സുഖമായി സ്‌കൂളിലേക്ക് പോകാന്‍ സാധിക്കൂ എന്നെല്ലാം പള്ളി, സ്‌കൂള്‍, മദ്രസ, ചായപ്പീടിക തുടങ്ങി ഏത് പൊതുയിടങ്ങളിലും ചെന്ന് ഉമ്മയ്താത്ത വിളച്ച് പറയും.
നാട്ടില്‍ ഡോക്ട്ടറും കമ്മോണ്ടറും വേണം, അരി കൊണ്ടുവരണം, അതിനായി നെഹ്റൂന്റെ മകളുള്ള ഡല്‍ഹിയിലുള്ള വലിയ സര്‍ക്കാരാപ്പീസ് വരെ പോയി വെള്ളക്കടലാസില്‍ എഴുത്ത് കൊടുക്കണമെന്നെല്ലാം അവര്‍ ബാവിച്ചിയോട് പറഞ്ഞതോര്‍മയുണ്ട്. എന്റെ കാഴ്ചപ്പാടില്‍ അവര്‍ക്ക് ഒരു ഭ്രാന്തുമില്ല. പില്‍ക്കാലത്ത് നാട്ടില്‍ പാലവും സ്‌കൂളും റേഷന്‍കടയും വായനശാലയും എല്ലാം വന്നു. നാടിന്റെ വികസനം കാണാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായില്ല. ഉമ്മയ്താത്തയ്ക്ക് ശേഷം അവരെപ്പോലെ വേറൊരു പെണ്ണ് എന്റെ നാട്ടിലുണ്ടായിട്ടില്ല.
1921-ലെ ഖിലാഫത്ത് ലഹള സമയത്താണ് എന്റെ ഉമ്മയുടെ ജനനം. ഉമ്മയുടെ വല്ലിമ്മ ധൈര്യശാലിയായിരുന്നു. പട്ടാളക്കാരില്‍ നിന്ന് ഓടിരക്ഷപ്പെട്ട എല്ലാവരും മലകയറിയപ്പോള്‍ എന്റെ ഉമ്മയുടെ പിറവി സുരക്ഷിതസ്ഥലത്താണ് നടന്നത്. അതിന് കാരണം വല്ലിമ്മയാണ്. വെടിയൊച്ചകള്‍ക്കിടയിലൂടെ പട്ടാളക്കാരെ വകവെയ്ക്കാതെ വീട്ടിലെത്തി അവര്‍ മകളുടെ പ്രസവം നടത്തി.
കലാപം നടക്കുന്ന സമയത്ത് പട്ടാളക്കാര്‍ ആണുങ്ങളെയെല്ലാം പിടിച്ചുകൊണ്ടുപോയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകളില്‍ ഒളിച്ച് താമസിക്കേണ്ടി വന്നു. ആറുമാസം പ്രായമായ കൈക്കുഞ്ഞിനെയും തോളിലിട്ട് മറ്റ് നാല് മക്കളേയും കൂട്ടിപ്പിടിച്ചാണ് എന്റെ ഉപ്പയുടെ ഉമ്മ(വല്ലിമ്മ) പട്ടാളക്കാരുടെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്.
ലഹള നടന്ന സമയത്താണ് തിരുത്തിയിലെ വല്ലിമ്മ പട്ടാളക്കാരെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ചത്. കുന്നത്ത് പള്ളിയിലെ ക്ലോക്ക് പട്ടാളക്കാര്‍ കൊണ്ടുപോവാന്‍ നിന്നപ്പോള്‍ ഞമ്മളെ മയ്യത്താക്കീട്ടേ കൊണ്ടുപോകാന്‍ പറ്റുള്ളു എന്ന് പറഞ്ഞ് അവര്‍ പിന്നാലെക്കൂടി. സഹികെട്ട് പള്ളിയിലെ ക്ലോക്ക് പട്ടാളക്കാര്‍ തിരിച്ചുകൊടുക്കുകയാണ് ചെയ്തത്. അവരെല്ലാം എനിക്ക് പ്രചോദനം തന്നെയായിരുന്നു. ധീരരായ ആ സ്ത്രീകളെ നാടോര്‍ക്കണം, ആളുകളറിയണം എന്നുള്ളതുകൊണ്ടാണ് എഴുതിയത്.
പെണ്‍കുട്ടികളോട് പറയാനുള്ളതെന്താണ്
പഠിക്കണം, ധൈര്യശാലികളാകണം എന്നാണ് ഇപ്പോഴത്തെ പെണ്‍കുട്ടികളോടെനിക്ക് പറയാനുള്ളത്. എന്റെ നാട്ടിലെ സ്ത്രീകളെക്കുറിച്ച് പറഞ്ഞല്ലോ, അവരെപ്പോലെ. മുന്നോട്ട് വരണം. കുടുംബത്തിനും നാടിനും നല്ലത് ചെയ്യണം. ഇന്നത്തെ സമൂഹത്തില്‍ നമുക്ക് പലതും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നു. യുക്തിയോടെ കാര്യങ്ങളെ സമീപിക്കാനാകണം. എന്റെ ഈ പുസ്തകം ആര്‍ക്കെങ്കിലുമൊക്ക മുന്നോട്ട് വരാനുള്ള പ്രചോദനമാകുമെന്ന് കരുതുന്നു. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഇപ്പോഴും എഴുതാറുണ്ടോ? പുതിയ പുസ്തകമുണ്ടാകുമോ
ഞാന്‍ എഴുതിവെച്ചത് തന്നെ ഒരു പുസ്തകമാക്കാനുണ്ട്. എഴുതാന്‍ തുടങ്ങിയപ്പോള്‍ കുറേ എഴുതിപ്പോയി. കുടുംബ കഥകള്‍ ഒരുപാട് എഴുതിയിരുന്നു. ഉമ്മയുടേയും ഉപ്പയുടേയുമെല്ലാം കുടുംബത്തിലെ കഥകള്‍. അതില്‍നിന്ന് നാട്ടിലെ കഥകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചതാണ് 'കോന്തലക്കിസ്സകള്‍'. നാടിന് പ്രചോദനമുള്ള ഒരു കഥയാകട്ടെ എന്ന് കരുതി. ഇനി ഉമ്മയുടെയും ഉപ്പയുടേയും കുടുംബത്തിലെ കഥകള്‍ പുസ്തകമാക്കണം എന്ന് കരുതുന്നു. ഇന്‍ഷാ അള്ളാ. ബഷീര്‍ എഴുതിയ 'പാത്തുമ്മായുടെ ആട്' പോലെ.
വലുതാകുമ്പോള്‍ ആരായിത്തീരണമെന്നായിരുന്നു ആഗ്രഹം
നല്ലവണ്ണം പഠിച്ച് ഒരു ടീച്ചറാകാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഉപ്പയും എന്നെ ടീച്ചറാക്കണമെന്ന് ആഗ്രഹിച്ചു. അതുള്ളില്‍ താലോലിച്ച് നടന്നുവെന്നല്ലാതെ ജീവിത്തില്‍ സംഭവിച്ചില്ല. ആറാംക്ലാസില്‍വെച്ച് പഠിത്തം മുടങ്ങി.
കക്കാട് ജി.എല്‍.പി. സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. രണ്ടാംക്ലാസിലും നാലാംക്ലാസിലും തോറ്റതുകാരണം നാലു കൊല്ലമുള്ള സ്‌കൂളില്‍ ഞാന്‍ ആറുകൊല്ലം ഇരുന്നു. എന്നിട്ടും സ്‌കൂളില്‍ പോകാന്‍ എനിക്ക് മടുപ്പ് തോന്നിയിട്ടില്ലായിരുന്നു. വീട്ടില്‍ പട്ടിണിയായിരുന്നു. സ്‌കൂളില്‍ പോയാല്‍ ഉപ്പുമാവും ദാലും കിട്ടുമല്ലോ. തോറ്റാലും കുഴപ്പമില്ല ഭക്ഷണം കിട്ടുമല്ലോ എന്ന് വിചാരിച്ചു. ഞങ്ങളുടെ അബുമാഷ് നല്ല മനുഷ്യനായിരുന്നു. ഒരു കുട്ടിക്ക് വിശപ്പുണ്ടെങ്കില്‍ അത് മാഷറിയുമായിരുന്നു. വാത്സല്യത്തോടെ, കുട്ടികള്‍ ഭക്ഷണം കഴിച്ചോ എന്നദ്ദേഹം അന്വേഷിക്കുമായിരുന്നു.
പഠനം മുടങ്ങാന്‍ കാരണക്കാരനായത് ഒരു അധ്യാപകനാണെന്ന് പുസ്തകത്തിലുണ്ട്
ഞാനന്ന് കാരശ്ശേരി സ്‌കൂളില്‍ പഠിക്കുകയാണ്. മദ്യപാനിയായിരുന്ന ഞങ്ങളുടെ കണക്ക് മാഷ് കുട്ടികളോട് മോശമായാണ് പെരുമാറിയിരുന്നത്. ഒരു ദിവസം പരീക്ഷയോടടുപ്പിച്ച് കുട്ടികള്‍ക്കെല്ലാം കണക്ക് ചെയ്യാന്‍ തന്നു. ഞാന്‍ ചെയ്ത കണക്ക് തെറ്റിപ്പോയി. 'യൂസ്‌ലെസ്' എന്നുപറഞ്ഞ് മാഷ് ദേഷ്യപ്പെടുകയും മേശപ്പുറത്തിരുന്ന കടലാസുകള്‍ വലിച്ചെറിയുകയും ചെയ്തു. ചൂരലുകൊണ്ട് അടിക്കാനും മറന്നില്ല.
ഇത്ര ബുദ്ധിയില്ലാത്ത കുട്ടികള്‍ ഈ ഭൂമിയില്‍ ജീവിക്കാനേ പാടില്ല, മരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ വിട്ട് അന്ന് വൈകുന്നേരം വീട്ടിലെത്തിയാല്‍ ഉറപ്പുള്ള ഒരു കയറെടുത്ത് കഴുത്തില്‍ കുരുക്കി, ഉയരമുള്ള സ്ഥലത്ത് നിന്ന് താഴേക്ക് ചാടണമെന്ന് പറഞ്ഞു. നീ കൊല്ലിപൊട്ടി ചത്തുപോകണമെന്നും ഉയരം പേടിയാണെങ്കില്‍ വീട്ടില്‍ ഉമ്മ അലക്കുന്ന കല്ലില്‍ കയറുകെട്ടി അതിന്റെ മറ്റേയറ്റം കഴുത്തില്‍ കുരുക്കി കിണറ്റിലേക്ക് ചാടണം, വെള്ളത്തില്‍ക്കിടന്ന് ചത്തുപോകണം എന്ന് പറഞ്ഞു. അതെനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
എനിക്ക് ജീവിക്കാന്‍ അവകാശമില്ലേ? മാഷിന്റെ മുന്നില്‍ ഇനി കണ്ടുപോകരുത് എന്നാണദ്ദേഹം പറഞ്ഞിരിക്കുന്നത്. മാഷ് പറഞ്ഞതുപോലെ ചെയ്യണോ, വേണ്ടേ...? എന്നൊക്കെ ചിന്തിച്ച് ഹൃദയഭേദകമായ വേദനയോടെ ഞാന്‍ വീട്ടിലെത്തി. കരച്ചില്‍ നിര്‍ത്താത്ത എന്നെ കണ്ടപ്പോള്‍ അന്ന് വീട്ടില്‍ വിരുന്നുവന്ന എളേമയോടൊപ്പം അവരുടെ വീട്ടിലേക്ക് പോകാനായിരിക്കുമെന്ന് ഉമ്മ വിചാരിച്ചു. സ്‌കൂളില്‍ നടന്ന കാര്യമൊന്നും ഞാന്‍ ഉപ്പയോടോ ഉമ്മയോടോ പറഞ്ഞില്ല. പന്ത്രണ്ട് മക്കളെ പ്രസവിച്ച് അഞ്ചു മക്കള്‍ മാത്രം ബാക്കിയായ ഉമ്മയ്ക്ക് ഞാനൊരു പെണ്‍കുട്ടിയേ ഉള്ളു. ഞാന്‍ മരിച്ചാല്‍ ഉമ്മയ്ക്കും ഉപ്പയ്ക്കും താങ്ങാനാകില്ലല്ലോ.
അങ്ങനെ എന്റെ കുഞ്ഞുമനസ്സില്‍ ഞാനൊരു തീരുമാനമെടുത്തു. പരീക്ഷാക്കാലമായി. മനഃപൂര്‍വം ഉത്തരമെഴുതിയില്ല. ചോദ്യപേപ്പര്‍ പകര്‍ത്തിവെച്ചു. ഇനി സ്‌കൂളില്‍ പോയാല്‍ ആ മാഷെ കാണണ്ടേ. അയാളുടെ മുഖത്തേക്ക് ഞാന്‍ എങ്ങനെ നോക്കും? എന്നെ വീണ്ടും ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ എന്തേ മരിക്കാഞ്ഞു എന്ന് മാഷ് ചോദിക്കില്ലേ? കൈയോ കാലോ വെട്ടിമുറിക്കണോ എന്ന് മാഷ് പറഞ്ഞാലോ. പരീക്ഷയ്ക്ക് തോറ്റാല്‍ ഇനി പഠിക്കാന്‍ പോകേണ്ട എന്നുതന്നെ തീരുമാനിച്ചു. പരീക്ഷാഫലം വന്നു. ഞാന്‍ തോറ്റു. എന്റെ ഇളയ ആങ്ങള ആറാംക്ലാസിലേക്ക് എത്തുമ്പോള്‍ ഞങ്ങള്‍ ഒരേക്ലാസിലായിപ്പോകും, കുട്ടികള്‍ കളിയാക്കും. അതുകൊണ്ടാണ് സ്‌കൂള്‍ പഠനം അവസാനിപ്പിച്ചതെന്ന് ഞാന്‍ കള്ളംപറഞ്ഞു.
അന്ന് മാഷ് പറഞ്ഞത് എന്റെ കുഞ്ഞുമനസ്സിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ഒരധ്യാപകനും വിദ്യാര്‍ഥികളോട് ഈ കണക്കു മാഷെപ്പോലെ പെരുമാറാന്‍ പാടില്ല. എല്ലാ അധ്യാപകര്‍ക്കും ഒരുപാഠമാകണം. ഞാന്‍ അന്നനുഭവിച്ച മാനസികപ്രയാസം ഒരു കുട്ടിക്കുമുണ്ടാകരുത്. എന്നെ ഒന്നാംക്ലാസില്‍ ചേര്‍ത്തിയപ്പോള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞതും പിന്നീട് ക്ലാസില്‍ പഠിപ്പിച്ചതും 'മാതാ പിതാ ഗുരു ദൈവം' എന്നാണ്. അവിടെ ഓരോ ക്ലാസിലും അതെഴുതിവെച്ചിട്ടുണ്ടായിരുന്നു.
മദ്രസയിലും സ്‌കൂളിലുമെല്ലാം പഠിപ്പിക്കുന്ന അധ്യാപകരെ, മാതാപിതാക്കളെ, പ്രായമുള്ളവരെയെല്ലാം ജീവിതത്തിലിന്നേവരെ ദൈവതുല്യരായാണ് ഞാന്‍ കണ്ടത്. ഇനി ഒരധ്യാപകരും കുട്ടികളോട് മോശമായി പെരുമാറരുത്. എന്റെ ബാവിച്ചിയും ഉമ്മയും മരിക്കുന്നതുവരെ ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. ഡയറിയില്‍ ഈ കുറിപ്പ് വായിച്ചപ്പോഴാണ് മക്കളും ഭര്‍ത്താവുമെല്ലാം ഇക്കാര്യം അറിയുന്നത്. അവര്‍ കണക്കുമാഷെ അന്വേഷിച്ച് പോയി. കൊല്ലംകാരനായ അയാള്‍ ജീവിച്ചിരിപ്പില്ല എന്നാണറിയാന്‍ കഴിഞ്ഞത്.
പകല്‍ കൃഷിചെയ്തും രാത്രി എഴുതിയുമായിരുന്നു അന്ന് ജീവിതം
എനിക്ക് കൃഷി ചെയ്യാനിഷ്ടമാണ്. ചെറിയൊരു കൃഷിയിടമുണ്ട്. ചെറുപ്പത്തില്‍ ഉമ്മയും ബാവിച്ചിയും കൃഷിചെയ്യുമ്പോള്‍ ഞാനും അവരോടൊപ്പം കൂടുമായിരുന്നു. ഇവിടെ ടെറസ്സില്‍ ഇളവന്‍, ചിരങ്ങ, മത്തന്‍, പടവലം, കൈപ്പയ്ക്ക എല്ലാം കൃഷിചെയ്യാറുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, പൊന്നാങ്കണ്ണി ചീര, രാമതുളസി, കൃഷ്ണതുളസി, കര്‍പ്പൂര തുളസി തുടങ്ങി പലതരം തുളസികള്‍ വളര്‍ത്തുന്നുണ്ട്.
ഇവിടെ കൃഷിചെയ്ത് കിട്ടുന്ന പച്ചക്കറികള്‍ വീട്ടിലുപയോഗിക്കാറാണ് പതിവ്. അയല്‍വാസികള്‍ക്കും വിരുന്ന് വരുന്നവര്‍ക്കും എല്ലാം അവ പറിച്ചുകൊടുക്കും. എനിക്കതെല്ലാം വലിയ സന്തോഷമാണ്. മറ്റുള്ളവരുടെ സന്തോഷം കാണുമ്പോള്‍ നമുക്കും സന്തോഷമാകും. എവിടെയെങ്കിലും പോയി തിരിച്ചുവരാന്‍ വൈകിയാല്‍ എനിക്ക് വിഷമമാണ്. ചെടിക്ക് വെള്ളമൊഴിച്ചില്ലല്ലോ, ഞാനവറ്റയോട് സംസാരിച്ചില്ലല്ലോ എന്നൊക്കെ തോന്നും. മക്കളെപ്പോലെയാണ് എനിക്ക് ചെടികള്‍.

ഒരു വിത്തുമുളപൊട്ടിയാല്‍ അത് വളര്‍ന്ന് പൂക്കളും കായ്കളും നല്‍കുന്നതുവരെ നമ്മള്‍ അവയെ തൊട്ടുതലോടി പരിചരിക്കണമെന്നാണ് എന്റെ അഭിപ്രായം. സ്നേഹത്തോടെ പരിചരിച്ചാല്‍ അവ തിരിച്ചും സന്തോഷം തരും. ഒരിക്കല്‍ കൃഷിഭവനില്‍നിന്ന് ഒരു ക്ലാസ് കേള്‍ക്കാനിടയായി. ക്ലാസെടുത്ത സാര്‍ പറഞ്ഞത് ചെടികളോട് സംസാരിക്കണം, സ്നേഹത്തോടെ പരിചരിക്കണമെന്ന്. ഞാനതെല്ലാം ചെയ്യുന്നുണ്ടല്ലോ എന്ന് ആശ്ചര്യപ്പെട്ടു. അഭിമാനവും തോന്നി.
കൃഷി ചെയ്യാന്‍ എനിക്ക് ഇഷ്ടമാണെന്ന് മനസ്സിലാക്കി ഭര്‍ത്താവ് പലപല വിത്തുകള്‍ എനിക്ക് കൊണ്ടുവന്ന് തന്നിരുന്നു. വെറുതെയിരുന്ന് വേദനിച്ച് ടെന്‍ഷനിലാവരുതെന്ന് വിചാരിച്ച് അദ്ദേഹം പിന്തുണയുമായി എന്റെ കൂടെത്തന്നെ നിന്നു.
Content Highlights: Interview with Amina Parakkal author of Konthalakkissakal book
Published: 24 Aug 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented