അമല്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം നേടിയ എഴുത്തുകാരന്‍. കേരളത്തിലെ നാട്ടിന്‍പുറം മുതല്‍ പ്രവാസജീവിതം വരെ കഥാപരിസരമാക്കിയ പിരപ്പന്‍കോടുകാരന്‍. എഴുത്ത്, വര, അധ്യാപനം, തുടങ്ങി നാനാമേഖലകളിലൂടെ സഞ്ചരിച്ച വ്യക്തി. കലാപഠനത്തിലേക്ക് നീണ്ട അദ്ദേഹത്തിന്റെ യാത്ര കൊല്‍ക്കത്തയിലെ ശാന്തിനികേതനിലേക്കും പ്രണയവഴിയിലൂടെ ജപ്പാനിലുമാണെത്തിയത്. ഇന്ത്യയില്‍നിന്നും തികച്ചും വ്യത്യസ്തമായ സംസ്‌കാരം പിന്തുടര്‍ന്നുള്ള ജീവിതം മുന്നോട്ടുപോകവെ തന്റെ പ്രിയപ്പെട്ട വായനക്കാരോട് അമല്‍ സംസാരിക്കുകയാണ്...

To advertise here,

വളരെ യാദൃച്ഛികമായാണ് ജപ്പാനിലെത്തിയതെന്ന് കേട്ടിട്ടുണ്ട്. സദാ ജോലി ചെയ്യാനിഷ്ടപ്പെടുന്ന ആളുകളാണല്ലോ ജപ്പാനിലേത്. തിരക്കുപിടിച്ച നഗരത്തില്‍ ഒരു കലാകാരനായ താങ്കളുടെ ജീവിതം എങ്ങനെ പോകുന്നു?

2009-ല്‍ കൊല്‍ക്കത്തയിലെ ശാന്തിനികേതനിലെ എന്റെ എം.എ. പഠനമാണ് ജപ്പാനിലെത്താന്‍ കാരണമായത്. കലാചരിത്രവും ചിത്രരചനയുമായിരുന്നു വിഷയം. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വവിദ്യാലയമായ ശാന്തിനികേതന് കാരണമായത് അദ്ദേഹത്തിന്റെ ജപ്പാന്‍ സന്ദര്‍ശനവും അവിടെ കണ്ട സാധാരണ ജനങ്ങള്‍ പോലും നിത്യജീവിതത്തില്‍ പുലര്‍ത്തുന്ന സൗന്ദര്യദര്‍ശനവുമാണ്. ശാന്തിനികേതന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കാക്കുസ ഒക്കാകുറയെപോലെ ജപ്പാനില്‍ നിന്നുമുള്ള പ്രഗത്ഭരായ അധ്യാപകരെ ക്ഷണിച്ചു വരുത്തി അതിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും ജപ്പാനീസ് വിദ്യാര്‍ഥികള്‍ ഇപ്പോഴും ഇവിടെ പഠിക്കാന്‍ വരുന്നുണ്ട്. എന്റെ ബാച്ചിലും ധാരാളം ജപ്പാനീസ് കുട്ടികളുണ്ടായിരുന്നു. ശില്പകലാ വിഭാഗത്തില്‍ പഠിച്ചിരുന്ന കുമിക്കോയുമായി ഉണ്ടായ അവിചാരിത സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് തീര്‍ത്തും യാദൃച്ഛികമായി എനിക്ക് ഇങ്ങോട്ട് വരേണ്ടി വന്നത്.

ഇവിടെയുള്ള മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പരിപൂര്‍ണമായ ആത്മാര്‍ഥത പ്രകടിപ്പിക്കുന്നവരാണ്. ചെയ്യുന്ന ജോലിയില്‍ 101 ശതമാനം ആത്മാര്‍ഥത, 101 ശതമാനം റിസള്‍ട്ട്, ഉന്നതമായ ഗുണമേന്മ. ശ്രമിച്ചാല്‍ ആര്‍ക്കും സാധ്യമാകുന്ന ഈ കാര്യങ്ങളാണ് ഏഷ്യന്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതും. എനിക്ക് ഇഷ്ടമല്ലാത്ത ജോലിയാണ് ചെയ്യുന്നതെങ്കില്‍ സ്വാഭാവികമായും ഞാന്‍ ഉഴപ്പും. അത് ജോലി ആവശ്യപ്പെടുന്ന റിസള്‍ട്ടിനെ സാരമായി ബാധിക്കുകയും ചെയ്യും. അവിടെയാണ് ജപ്പാനിലെ മനുഷ്യര്‍ അത്ഭുതമായി എനിക്ക് തോന്നിയിട്ടുള്ളത്. തങ്ങളുടെ ജീവിതം പൂര്‍ണമായി കാര്‍ന്നുതിന്നുന്ന ഒന്നാണ് ജോലിയെങ്കില്‍കൂടി 101 ശതമാനം പരിപൂര്‍ണ സമര്‍പ്പണത്തോടെ അവരത് ചെയ്യുന്നു. സ്വന്തം ജീവിതത്തെ രണ്ടാമത് നിര്‍ത്തി ജോലിയെ ഒന്നാമത് നിര്‍ത്തുന്നു. ലോകമഹായുദ്ധത്തിന്റെ സമയത്ത് ചാവേര്‍ ബോംബ് ആയി പോകുന്നതില്‍ യാതൊരു തടസവും പറയാതെ അതുചെയ്യാന്‍ തയ്യാറായ ആളുകളാണ്. ഇവിടെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ചുറുചുറുക്കോടെ ജോലി ചെയ്ത് എന്നെ നാണിപ്പിക്കാറുണ്ട്.

ജോലി നമ്മുടെ മാനസികാരോഗ്യം നിര്‍മിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നശിപ്പിക്കുന്നതിനും സാക്ഷിയായിക്കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. പഠിച്ച വിഷയംതന്നെ തൊഴില്‍ മേഖലയായി ലഭിച്ച്, അതില്‍ ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍-വതികള്‍ തന്നെ. നാട്ടില്‍ ഞാന്‍ പല ജോലികള്‍ ചെയ്തിട്ടുണ്ട്. പണി ഒരു ദിവസംകൂടി അധികം നീട്ടാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത് എന്ന് വിചാരിച്ചിരുന്നു.  മറ്റുള്ളവര്‍ ആരും സമീപം ഇല്ലെങ്കില്‍ ജോലിയില്‍ വേഗം കുറക്കുക, ഉഴപ്പുക, ആത്മാര്‍ഥത അഭിനയിക്കുന്നത് നിര്‍ത്തുക, എന്നിങ്ങനെ ചെയ്യുന്നതെല്ലാം നാട്ടില്‍ സാധാരണ കാഴ്ചയാണല്ലോ. എന്നാല്‍, ജപ്പാനില്‍ അത്തരം കാര്യങ്ങള്‍ തീരെയില്ല. ആര് സമീപത്തുണ്ടെങ്കിലും ഇല്ലെങ്കിലും ജീവന്‍-മരണ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നതുപോലെയാണവര്‍ ജോലി ചെയ്യുക. 

placeholder
അമല്‍ | Photo: Facebook/Amal/VishnuBA

ജോലി തീരേണ്ട സമയത്തിന് എത്രയോ മുന്‍പേ അത് പ്രഗത്ഭമായി ചെയ്തുതീര്‍ക്കാന്‍ ശ്രമിക്കുന്നരീതി ഇവിടെയുണ്ട്. ഞാനൊരിക്കല്‍ താമസസ്ഥലം മാറിയപ്പോള്‍ വസ്തുവകകള്‍ ഷിഫ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കമ്പനി ട്രക്കുമായി രണ്ട് ജോലിക്കാരെ അയച്ചു. നാട്ടിലെ ഒരുരീതിവെച്ച് അവര്‍ ആവശ്യപ്പെടാതെതന്നെ ഞാനും കുറേ സാധനങ്ങള്‍ അവരോടൊപ്പം ചുമന്നു. പറഞ്ഞതിന് അരമണിക്കൂര്‍ മുന്‍പേ ജോലി തീര്‍ന്നു. ഞാന്‍ ചെയ്ത പണിക്കുള്ള കാശ് കുറച്ചുള്ള തുകയേ അവര്‍ വാങ്ങിയുള്ളു, കൂടാതെ ഞാന്‍ ജോലി ചെയ്തതിനും നേരത്തെ പണികഴിഞ്ഞതിനും അവര്‍ നന്ദി പറയുകയും ചെയ്തു. പരസ്പര വിനയം, ബഹുമാനം, അനുസരണാശീലം, ആത്മാര്‍ഥത, ക്ഷമ, തുടങ്ങി ഒരുപാട് നല്ല ശീലങ്ങള്‍ ഇവിടെത്തെ ആളുകളിലും ജോലി സ്ഥലത്തും എല്ലാമുണ്ട്. 

റെസ്റ്റോറന്റിലെ കുക്കിനെ കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നും. കാരണം, അവര്‍ വര്‍ഷത്തില്‍ വളരെ കുറച്ച് ദിവസങ്ങളേ അവധിയെടുക്കാറുള്ളു. ദിവസവും രാവിലെ 9 മണിമുതല്‍ പാതിരാത്രി 12 മണിവരെ മരിച്ചുകിടന്ന് ജോലിയാണ്. ഇയാള്‍ക്കൊക്കെ എങ്ങനെ സ്വന്തം ജീവിതം ജീവിക്കാന്‍ സമയം കിട്ടുന്നുവെന്ന് അഞ്ച് വര്‍ഷമായി ഞാന്‍ ആലോചിക്കുന്നു. മറുവശത്ത് കടുത്ത അച്ചടക്കം, ഹയറാര്‍ക്കി, സമ്മര്‍ദ്ദങ്ങള്‍ ഒക്കെ ഭീകരമായുണ്ട്. ഞാന്‍ ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ മാനസികാരോഗ്യത്തിന് സഹായിക്കുന്ന പുസ്തകങ്ങള്‍, ചാര്‍ട്ടുകള്‍ എല്ലാം പ്രാധാന്യത്തോടെ തൂക്കിയിട്ടത് കണ്ടിട്ടുണ്ട്. മാനേജര്‍മാര്‍ അത്തരം മാനസികാരോഗ്യ, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ വായിക്കുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. 

ഹൈസ്‌കൂള്‍ മുതല്‍ ഇവിടെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജോലി ചെയ്തുതുടങ്ങുന്നു. നല്ല ജോലി, ചീത്ത ജോലി, ഉന്നത ജോലി, താഴ്ന്ന ജോലി, അങ്ങനെയുള്ള യാതൊരു വേര്‍തിരിവുകളും ചിന്തകളും അവര്‍ക്കില്ല. ആ ചിന്ത ഒരു രോഗം പോലെ നമുക്കാണുള്ളത്. ചിലപ്പോള്‍ ജോലി ആത്മീയതയാണ് എന്ന് തോന്നും. ചിലപ്പോഴത് ശാരീരികമായും മാനസികമായും വളരെയധികം തളര്‍ത്തുന്ന വലിയ ഒരു കഠിന തടവാണെന്നും തോന്നാറുണ്ട്. ജോലികള്‍ പാഠങ്ങളും അനുഭവങ്ങളുമാണ്. പല പല രാജ്യങ്ങളിലെ മനുഷ്യരുമായി ഇടപഴകാനും ഒന്നിച്ച് ജോലി ചെയ്യാനും ഒക്കെ സാധിക്കുന്നുണ്ട്.

എഴുത്തിനെ ഞാന്‍ ജീവിതംതന്നെയായിട്ടാണ് കാണുന്നത്. അതൊരു ജോലിയായി കാണുന്നില്ല. ഒരുപക്ഷേ, എഴുത്തിനുള്ള അസംസ്‌കൃത വസ്തുക്കളായി ജോലികളെ കാണുന്നു. ഞാന്‍ അനേകം തൊഴിലുകള്‍ ചെയ്തുനോക്കിയതും നോക്കികൊണ്ടിരിക്കുന്നതും അതുകൊണ്ടാവാം. ജോലി എഴുത്തിനെ വളരെയധികം ബാധിക്കുന്നുണ്ട്. അത് എഴുത്തിനെ തളര്‍ത്തുകയും നിയന്ത്രിക്കുകയുമൊക്കെ ചെയ്യുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ബംഗാളി കലാപം' നോവല്‍ അതിഥി തൊഴിലാളികളുടെ, കേരളത്തിലെ തൊഴില്‍ ലോകത്തേക്ക് നോക്കാനുള്ള ശ്രമമാണ്. ഇവിടെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ ഒരു അരക്ഷിതാവസ്ഥയില്‍നിന്നുമാണ് ആ എഴുത്തുണ്ടായത്. ധാരാളം അനുഭവങ്ങള്‍ തരികയും അതേസമയം, എഴുതാനും സ്വസ്ഥമായി ഇരിക്കാനുമുള്ള മാനസികാവസ്ഥ തരാതിരിക്കുകയും ചെയ്യുന്ന ഒന്നാണ് ഇവിടെത്തെ ജോലികള്‍. മണിക്കൂറുകളോളം മനസ്സിനെ നിരാശയിലാഴ്ത്തുന്നുണ്ടത്. അവിടെയാണ് എഴുത്ത് രക്ഷയ്ക്കായി കടന്നുവരുന്നത്. നീണ്ട ജോലിസമയത്ത് പുതിയ ആശയങ്ങളെ പറ്റിയും എഴുതാനുള്ള കഥകളെ പറ്റിയും ചിന്തിച്ചുകൊണ്ടിരിക്കാം. എഴുതാനുള്ളവയുടെ പ്രതീക്ഷകള്‍കൊണ്ട് അധ്വാനഭാരത്തെ മറികടക്കാം. എഴുതാതെ ഒട്ടും പറ്റില്ല എന്നതുകൊണ്ട് ഇപ്പോള്‍ 'ടിഷ്യൂപേപ്പര്‍കഥകള്‍' എന്ന പേരില്‍ മൈക്രോ ഫിക്ഷന്‍, നാനോഫിക്ഷന്‍, ഫ്‌ലാഷ് ഫിക്ഷന്‍ രചനകള്‍, ജോലിസ്ഥലങ്ങള്‍തന്നെ എന്നെക്കൊണ്ട് എഴുതിക്കുന്നു. പ്രതികൂലമായ അവസ്ഥകളും കഠിനമായ സാഹചര്യങ്ങളും എഴുത്തിന് പ്രകാശമാകുന്നത് അനുഭവിച്ചറിയാന്‍ വീണ്ടും വീണ്ടും സാധിക്കുന്നു. 

placeholder
ജപ്പാനില്‍ പുരുഷന്മാർ ധരിക്കുന്ന കിമോണോ വേഷത്തിൽ അമൽ.

പരിചയിച്ചതില്‍നിന്നും വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ളൊരിടത്തെ ജീവിതം താങ്കളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത്? 

തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് എന്ന ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ലോകത്തിലെ ഒരു രാജ്യവും സന്ദര്‍ശിക്കണമെന്നോ പോയി ജോലി ചെയ്യണമെന്നോ ഉള്ള ആഗ്രഹം എനിക്ക് അന്നുമില്ല, ഇന്നുമില്ല. ഏറ്റവും വലിയ ആഗ്രഹം ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയും പലസ്ഥലങ്ങളില്‍ താമസിക്കുകയും ചെയ്യുക എന്നതുമാത്രമാണ്. മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയുകയുമില്ല. കൊല്‍ക്കത്തയില്‍ പഠിച്ചിരുന്ന സമയത്ത് ഹിന്ദിയും ബംഗാളിയും അറിയാതെ ബുദ്ധിമുട്ടിയിരുന്നു. പഠിച്ചെടുക്കാന്‍ ലോകത്തിലേറ്റവും ബുദ്ധിമുട്ടുള്ള ഭാഷയാണ് ജാപ്പനീസ് ഭാഷ. കാഞ്ചി എന്ന പേരുള്ള അയ്യായിരത്തോളം അക്ഷര ലിപികൾ.  ഓരോ അക്ഷരത്തിനും പല പല അർഥങ്ങളും വായിക്കാനുള്ള രീതികളും ഒക്കെയുണ്ട്. എഴുതാനും വായിക്കാനും പഠിക്കാനും ആര്‍ക്ക് സാധിക്കും? ദൈനംദിന ജീവിതത്തില്‍ ആവശ്യമായ കുറച്ച് സംഭാഷണങ്ങള്‍ പഠിക്കാന്‍ സാധിച്ചതുതന്നെ വലിയ കാര്യം. 

placeholder
അമല്‍ ഭാര്യ കുമികോ തനാകക്കൊപ്പം
| Photo: Special arrangement

പ്രവാസവും ഏകാന്തതയും ആണ് എഴുത്തിനുള്ള ഏറ്റവും വലിയ ഘടകങ്ങള്‍ എന്ന് വലിയ എഴുത്തുകാര്‍ എഴുതിയത് വായിച്ചിട്ടുണ്ട്. ആ ഘടകങ്ങള്‍ ആവശ്യത്തിലധികം ഇപ്പോള്‍ കിട്ടുന്നുണ്ട്. ജപ്പാനീസ് ഭാഷയോ സംസ്‌കാരമോ ഒരു കാഴ്ചക്കാരന്‍ എന്നതിനപ്പുറം എന്നെ സ്വാധീനിക്കുന്നില്ല. എന്തെങ്കിലും എഴുതുവാന്‍ ലഭിക്കുമോ എന്ന് മാത്രമാണ് ലക്ഷ്യം. എന്നാല്‍, ഇവിടെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എന്തിലും നമുക്ക് പുതുമ അനുഭവപ്പെടാം. എഴുതാന്‍ ദിവസവും നൂറുകണക്കിന് കാര്യങ്ങള്‍ കണ്ടെത്താം. പക്ഷേ, ഒന്നുംതന്നെ ചെയ്യാന്‍ മാനസികമായി ഒരു സന്തോഷമോ താല്‍പ്പര്യമോ ലഭിക്കുന്നില്ല. ഇപ്പോഴും എന്റെ മനസ്സ് മുഴുവന്‍ നാടും അവിടുത്തെ ജീവിതവും മാത്രമാണ്.  

ജപ്പാനില്‍ വന്ന് മൂന്നുവര്‍ഷം കഴിഞ്ഞാണ് ഇവിടം പശ്ചാത്തലമാക്കി ഒരു കഥയെഴുതുന്നത്. സുഭാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്- 'ഈനു'. കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ധാരാളം നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ആ ഒരു ഊര്‍ജ്ജത്തിലാണ് 'കെനിയാ സാന്‍'എന്ന നീണ്ട കഥയും സമകാലിക മലയാളത്തില്‍ വന്ന 'സക്കാന'ഉള്‍പ്പെടെ അഞ്ചാറ് കഥകളും രചിച്ചത്. കഥകളനേകം എഴുതാമെങ്കിലും ഞാനതോടെ ജപ്പാന്‍ പശ്ചാത്തലമാക്കി എഴുതുന്നത് അവസാനിപ്പിക്കുകയാണ് ചെയ്തത്. വലിയൊരു ഇടവേള കഴിഞ്ഞുമതി എന്ന് തീരുമാനിച്ച്, വീണ്ടും കേരളം പശ്ചാത്തലമാക്കിയുള്ള കഥകളിലേക്ക് മടങ്ങി. 

placeholder
അമലും ഭാര്യ കുമികോ തനാകയും - വിവാഹ ചിത്രം | Photo: Special arrangement

ജീവിതത്തെയും സ്വഭാവത്തെയുമൊക്കെ ജപ്പാന്‍ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. പിന്നെ എനിക്കീ നഗരം തീരെ ഇഷ്ടമല്ല. അതീവ മനോഹരമാണ് ജപ്പാനീസ് ഗ്രാമങ്ങള്‍. അവിടേക്ക് സഞ്ചരിക്കുന്നത് വളരെ ഇഷ്ടമാണ്. ഇവിടെ ജീവിച്ചാല്‍ ഓരോ വ്യക്തിക്കും പൊതുസമൂഹത്തിനുംവേണ്ട ഒരുപാട് നല്ല ഗുണങ്ങള്‍ സ്വാഭാവികമായും നമ്മളിലേക്ക് വരും. സംസ്‌കാരം സ്വാധീനിക്കുന്നത് അങ്ങനെയാണ്. പക്ഷേ, രസകരമായ കാര്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധിസത്തിലൂടെ ഭാരതത്തില്‍നിന്നുമാണ് അതെല്ലാം ഇവിടെയെത്തിച്ചേര്‍ന്നതെന്നാണ്. പഴയ ചക്രവര്‍ത്തിമാര്‍ ഇവിടെ ബുദ്ധതത്വങ്ങളും ജീവിതശീലങ്ങളും ഉത്തരവുകളായി ഇറക്കി. അവ നിര്‍ബന്ധമാക്കുകയും പരിശീലിപ്പിച്ച് നടപ്പിലാക്കുകയും ചെയ്തു. അടിസ്ഥാനപരമായി അതിവിടുത്തെ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നു. ദൈവമോ മതമോ ഒന്നുംതന്നെ മനുഷ്യജീവിതത്തേയോ, പൊതുസമൂഹത്തേയോ ബാധിക്കുന്ന പ്രതിബന്ധങ്ങളായി മാറാന്‍ അനുവദിക്കാതെ, അതിലെ മൂല്യങ്ങള്‍, സദ്ഗുണങ്ങള്‍ മാത്രം പൂര്‍ണമായും എടുത്ത് പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹമായിട്ടാണ് എനിക്ക് തോന്നിയത്.

അമലിന്റെ പുതിയ എഴുത്തുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഫേസ്ബുക്കില്‍ പങ്കുവെക്കാറുണ്ട്. പ്രവാസിയായ എഴുത്തുകാരനെ സമൂഹമാധ്യമങ്ങള്‍ എത്രത്തോളം സഹായിക്കുന്നുണ്ട്? 

സമൂഹമാധ്യമങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും ആദ്യംമുതല്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2015-ല്‍ 'വ്യസനസമുച്ചയം' എന്ന നോവല്‍ എഴുതിയത് അങ്ങനെ ഒരു വീക്ഷണകോണിലാണ്. പിന്നീട് വിചാരിക്കാതെ ഒരു പ്രവാസജീവിതം സ്വീകരിക്കേണ്ടി വന്നപ്പോഴാണ് സമൂഹമാധ്യമം ജീവിതത്തിന്റെതന്നെ ഭാഗമായത്. അഡിക്ഷന്‍ പോലെ തോന്നുന്നു: ഇപ്പോള്‍ എഴുതുന്ന നോവലായ 'സാംസ' അത്തരം വിഷയങ്ങള്‍ വളരെ വിശദമായി സംസാരിക്കുന്നുണ്ട്. എങ്ങനെയാണ് നമ്മുടെ സമൂഹമാധ്യമജീവിതം എന്നതിനെക്കുറിച്ച് തോന്നിയതൊക്കെ സത്യസന്ധമായി എഴുതിയിട്ടുണ്ട്. 'സാംസ' എഴുതാന്‍വേണ്ടി ഞാന്‍ അഡിക്ഷന് നിന്നുകൊടുക്കുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ നോവല്‍ പൂര്‍ത്തിയായസ്ഥിതിക്ക് ഫേസ്ബുക്ക് വളരെ കുറച്ച് മാത്രം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. 

placeholder
പുസ്തകത്തിന്റെ കവര്‍

കഥകളും മറ്റും പ്രസിദ്ധീകരിച്ചു വരുമ്പോള്‍, പുസ്തകം പുറത്തിറങ്ങുമ്പോഴൊക്കെ സമൂഹമാധ്യമങ്ങള്‍ അതിന്റെ മിതമായ പ്രചാരണത്തിനും പ്രതികരണങ്ങള്‍ അറിയുന്നതിനും ഒക്കെ സഹായിക്കുന്നുണ്ട്. മറുവശത്ത് സോഷ്യല്‍ മീഡിയ സ്വകാര്യ ജീവിതത്തിനും സമാധാനത്തിനും എഴുത്തിനും വായനക്കുമെല്ലാം വളരെയധികം ഡിസ്ട്രാക്ഷന്‍സ് ഉണ്ടാക്കുന്നുമുണ്ട്. ഇന്ന് വാര്‍ത്തകളും മറ്റും വളരെ വേഗത്തില്‍ അറിയാന്‍ സഹായിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. അതേസമയം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നതും അതുതന്നെ. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ കഥാസമാഹാരം 'സത്യാനന്തര കുമാരന്‍', സമൂഹമാധ്യമലോകം എങ്ങനെയാണ് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ രാഷ്ട്രീയ ചേരിതിരിവുകള്‍ ഉപയോഗിക്കുന്നത് എന്ന്‌ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. 

നേരത്തെ സൂചിപ്പിച്ചപോലെ ജപ്പാനിലെ സഹപ്രവര്‍ത്തകരടക്കമുള്ള ആളുകളെ കഥാപാത്രമാക്കി എഴുതുന്നുണ്ടല്ലോ. കേരളത്തില്‍നിന്നും ജപ്പാനില്‍നിന്നും എഴുത്തിലെ ഈ പ്രവണതയോടുള്ള ആളുകളുടെ പ്രതികരണങ്ങള്‍ എന്തെല്ലാമാണ്? 

ജപ്പാനില്‍ നിന്ന് ഒരു പ്രതികരണവും ലഭിക്കില്ല കാരണം, മലയാളം എന്നൊരു ഭാഷയുള്ള കാര്യംപോലും ഇവിടെ ആര്‍ക്കും അറിയില്ല. ഇവര്‍ക്കും ഇന്ത്യയെന്നാല്‍ ഡല്‍ഹി, മുംബൈ, കാശ്മീര്‍, ഒക്കെയാണ്. ഞാനൊരു എഴുത്തുകാരനാണെന്ന്‌ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പറയാറില്ല. കേരളത്തില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത് എന്നുതന്നെ പറയാം. മലയാളികള്‍ക്കിടയില്‍ ര്യോണ്‍സുകേ അക്കുത്തഗാവ മുതല്‍ ഹാരുകി മുറകാമി വരെയുള്ള ജപ്പാനീസ് സാഹിത്യത്തിനും ഹൈക്കു കവിതകള്‍ക്കും ജാപ്പ് സംസ്‌കാരത്തിനും വലിയ സ്വീകാര്യതയുണ്ട്. എന്നിരുന്നാല്‍ക്കൂടി എന്തിന് ഒരു മലയാളി ജപ്പാനീസ് പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതണമെന്ന ചോദ്യം ഞാന്‍ തന്നെ സ്വയം ചോദിച്ചതാണ്. തല്‍ക്കാലത്തേക്ക് അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നിയപ്പോള്‍ പിന്നെ എഴുതിയിട്ടുമില്ല. പിന്നീട് എപ്പോഴെങ്കിലും എഴുതാം എന്നുവെച്ചു. 'കെനിയാ സാന്‍' വന്നപ്പോള്‍ വലിയൊരു നോവലിസ്റ്റ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചത് വളരെ വേദനിപ്പിച്ചു. അതെന്തിനാണെന്ന് ഇന്നും അറിയില്ല. ഇങ്ങോട്ട് വന്നതുമുതല്‍ അതുവരെ ഉണ്ടായിരുന്ന സൗഹൃദം അവസാനിപ്പിച്ച, ഒരു മെസ്സേജ് പോലും അയക്കാന്‍ താല്പര്യപ്പെടാത്ത ഒരുപാട് പേരെ അറിയാം. നാട്ടില്‍നിന്നാല്‍ മാത്രമേ സൗഹൃദം പോലും നല്‍കൂ എന്ന് പറയുന്നതിന്റെ കാരണം എനിക്ക് നന്നായി അറിയാം. ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത വല്ലാത്തൊരു സമൂഹമാണ് നമ്മുടെ മലയാളി സമൂഹം.

ഗൃഹാതുരത്വം അനുഭവപ്പെടുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടാകുമല്ലോ. സാഹിത്യോത്സവങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, വായനക്കാരുമായി നേര്‍ക്കുനേര്‍ ആശയവിനിമയങ്ങള്‍, മറ്റുപരിപാടികള്‍... മിസ്സ് ചെയ്യുന്നുണ്ടോ? അതോ അവയെല്ലാം ജപ്പാനില്‍ നികത്തപ്പെടുന്നുണ്ടോ? 

സത്യത്തില്‍ അഞ്ചാറ് വര്‍ഷം ഇവിടെ താമസിച്ചിട്ടും ഗൃഹാതുരത്വം കൂടിക്കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഞാന്‍ ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളുടെ എല്ലാം ഒരു പ്രത്യേകത അവ നാട്ടില്‍ നടക്കുന്നവയാണ് എന്നതാണ്. ഇന്നുവരെ ജപ്പാന്‍ പശ്ചാത്തലമായ ഒരു സ്വപ്നം പോലും വന്നതായി ഓര്‍മയില്ല. സാധിക്കുമെങ്കില്‍ ഇപ്പോള്‍ നാട്ടില്‍ തിരിച്ചുപോകണം എന്ന് തന്നെയാണ്. നമ്മുടെ നാട്ടിലെ പോലെ അല്ല ഇവിടെത്തെ സാഹിത്യരംഗം. സാഹിത്യോത്സവങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, വായനക്കാരുമായി നേര്‍ക്കുനേര്‍ ആശയവിനിമയങ്ങള്‍, മറ്റുപരിപാടികള്‍ എന്നിവക്കായി വന്ന സമയത്ത് അന്വേഷിച്ച് നോക്കിയിരുന്നു. 

placeholder
അമലിന്റെ മുഖചിത്രത്തോടെ
പ്രസിദ്ധീകരിച്ച
മാതൃഭൂമി ആഴ്ചപ്പതിപ്പ്‌.

അത്തരം യാതൊരു പരിപാടികളും തീരെ കാണാനില്ല. നാട്ടില്‍ എഴുത്തുകാരന്‍ എന്നത് എപ്പോഴും പൊതുജനമധ്യത്തില്‍ സ്ഥിരം പരിപാടികളില്‍ പങ്കെടുത്ത് നടക്കേണ്ട ഒരു സാംസ്‌കാരികജീവിയാണ്. ഇവിടെ എഴുത്തുകാരന്‍ എവിടെയോ മറഞ്ഞിരിക്കുന്ന തീര്‍ത്തും അജ്ഞാതനായ ഒരാളാണ്‌. അയാളുടെ കൃതികള്‍ മാത്രമാണ് പ്രധാനം. സാഹിത്യത്തിന്റെ ഭാഗമാണ് ഏകാന്തതയും നിശബ്ദതയും. നിങ്ങള്‍ ഏകാന്തതയുടെയും നിശബ്ദതയുടെയും ഭാഗമാകുമ്പോള്‍ സാഹിത്യത്തിന്റെ ഭാഗമായി മാറുന്നു.

ഞാന്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിപ്പിച്ചിരുന്ന മൂന്നുവര്‍ഷവും അഞ്ച് മണിയോടെ പാളയംവഴി നടന്ന് സ്റ്റാച്യുവില്‍ പോകും. എല്ലാദിവസവും എന്തെങ്കിലും സാഹിത്യ പരിപാടികളും ചര്‍ച്ചകളും പുസ്തക പ്രകാശനവും അവിടെയുണ്ടാകും. എല്ലാദിവസവും ഏതെങ്കിലും എഴുത്തുകാരെ കണ്ടുമുട്ടി കുറച്ച് ചര്‍ച്ച ചെയ്തില്ലെങ്കില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ ആയിരുന്നു ആ സമയത്ത്. സ്റ്റ്യാച്യുവിലുള്ള വിവിധ പുസ്തകശാലകളില്‍ കയറിയാല്‍ ഏതെങ്കിലും എഴുത്തുകാരനെ കണ്ടുമുട്ടാം. പ്രസ് ക്ലബ്‌വരെ പോയാല്‍ ചായയും ഉഴുന്നുവടയും ലഭിക്കുന്ന എന്തെങ്കിലും സാഹിത്യപരിപാടിയുണ്ടാകും. പുതിയ പുസ്തകം വന്നാല്‍ അത് എഴുത്തുകാരനോടൊപ്പംചെന്ന് ചര്‍ച്ചചെയ്തും വിവിധ പരിപാടികളില്‍ പങ്കെടുത്തുമൊക്കെ ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് ശീലം.   

എത്രയോ പുസ്തകോത്സവങ്ങള്‍ നമുക്കുണ്ട്. നോബല്‍ സമ്മാന ജേതാക്കള്‍ മുതല്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചവര്‍വരെ കേരളത്തിലെ കോഴിക്കോട്‌ ബീച്ചിലും കനകക്കുന്നിലും കറങ്ങിനടക്കും. ഇവിടെ ഇതുവരെ ഒരു പുസ്തകോത്സവവും കണ്ടിട്ടില്ല. നാട്ടിലെ ഒരു പുസ്തകോത്സവങ്ങള്‍ക്കും ഇതുവരെ ക്ഷണിക്കപ്പെട്ട് പോയിട്ടില്ലാത്തതിനാല്‍ അത് എന്നെ ബാധിക്കുന്ന കാര്യവുമല്ല. ഇവിടെ നാട്ടിലെപോലെ ക്ഷേത്രങ്ങളും പ്രാദേശിക വായനശാലകളുമൊക്കെ നിരന്തരം അവാര്‍ഡ് നല്‍കി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്ന കാഴ്ച കാണാന്‍ കഴിയില്ല. അക്കുത്ത ഗാവ പുരസ്‌കാരം, മിഷിമ പ്രൈസ് പോലെ വിരലിലെണ്ണാവുന്ന ഏതാനും പുരസ്‌കാരങ്ങളുണ്ട്. അത് ലഭിക്കുന്നവര്‍ക്ക് ദേശീയ പ്രാധാന്യം, വൈകാതെ ഇംഗ്ലീഷ് വിവര്‍ത്തനം വഴി ആഗോള തലത്തില്‍ സ്വീകാര്യതയൊക്കെ ലഭിക്കും.

മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരം ഞാന്‍, 'ടോട്ടോച്ചാന്‍' എഴുതിയ തെത്സുകോ കുറയോനാഗി സാനെ കാണാന്‍ ഒരു ശ്രമം നടത്തി നോക്കി. വലിയൊരു പാഠവും അത്ഭുതവും ആണ് അതിന്റെ ഫലമായി ലഭിച്ചത്. എഴുത്തുകാരിയുടെ തീര്‍ത്തും സ്വകാര്യമായ  താമസസ്ഥലം എവിടെയാണെന്നോ എഴുത്തുകാരിയുടെ ഫോണ്‍ നമ്പറോ ഒരാള്‍ക്കും അറിയില്ല. 'എന്തിനാണ് കാണാന്‍ ശ്രമിക്കുന്നത് അവരുടെ പുസ്തകം വായിച്ചാല്‍ പോരെ' എന്നാണ് ചോദ്യം. അവരിലേക്ക് എത്താന്‍ സാധ്യമായ ഒരു വഴികളും ഇത്രനാള്‍ തിരക്കിയിട്ടും തെളിഞ്ഞിട്ടില്ല.

placeholder
അമല്‍ സഹപ്രവർത്തകനുമൊത്ത്.

എന്തിനേറെ ഹാരുകി മുറകാമി ഇന്റര്‍വ്യൂകള്‍ നല്‍കുകയോ ആരുമായും സംസാരിക്കുകയോ ചെയ്യാറില്ല. പുറത്തിറങ്ങുകപോലും അപൂര്‍വമാണ് എന്നാണ് അറിഞ്ഞത്. എഴുതുക, എഴുത്തുകാര്‍ അതുമാത്രം ചെയ്യുന്നു. നാട്ടിലായാലും സ്റ്റേജുകളില്‍ കയറാന്‍ അങ്ങേയറ്റം വിമുഖതയുള്ള ആളായതുകൊണ്ട് അത്തരം കാര്യങ്ങള്‍ മിസ്സ് ചെയ്യുന്നില്ല. പക്ഷേ, നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ പല പരിപാടികളിലെ പ്രത്യക്ഷപ്പെടലുകള്‍ ഒക്കെകൊണ്ടാവാം പുസ്തകങ്ങള്‍ കുറച്ചെങ്കിലും പ്രതികരണങ്ങള്‍ നല്‍കുകയും വില്‍ക്കപ്പെടുകയും ചെയ്തിരുന്നു. ജപ്പാനില്‍ വന്നതിനുശേഷം കിട്ടിയ റോയല്‍റ്റി സ്റ്റേറ്റ്മെന്റുകള്‍ കണ്ടാല്‍ വിഷമം തോന്നും. നമ്മുടെ സമൂഹം വേറെ ലെവല്‍ ആണ്. 

കഥ-നോവല്‍ എഴുത്തിനുപുറമെ, മാധ്യമപ്രവര്‍ത്തനം, അധ്യാപനം, കാര്‍ട്ടൂണ്‍ രചന, വര, തുടങ്ങിയവയിലൊക്കെ സജീവമായിക്കണ്ട അമലിന്റെ ഭാവിപരിപാടികള്‍ എന്തെല്ലാമാണ്? ജാപ്പനീസ് ഭാഷയില്‍ സാഹിത്യസൃഷ്ടികള്‍ വരുമോ?

ഭാവിയെക്കുറിച്ച് ഒന്നും അറിയില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഫലം ഉണ്ടാകും എന്ന പ്രതീക്ഷകള്‍ മാത്രം. എഴുത്തില്‍ വര്‍ഷങ്ങളോളം സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്തതില്‍ ചിലതൊക്കെ നടന്നു. ചിലത് നേടാന്‍ പലതും വേദനയോടെ ത്യജിക്കേണ്ടതായും വന്നു. എഴുത്തിനുമാത്രം പരിപൂര്‍ണമായി ശ്രദ്ധയും ആത്മാര്‍ഥതയും നല്‍കാന്‍വേണ്ടി വര, കലാചരിത്ര പഠനം, കാര്‍ട്ടൂണ്‍ ഒക്കെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. എന്നെങ്കിലും അനുകൂലമായ ഒരു സമയം വരുമ്പോള്‍ തീര്‍ച്ചയായും അവ തിരികെ വരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. ജാപ്പനീസ് ഭാഷയില്‍ സാഹിത്യസൃഷ്ടികള്‍ വരില്ല. അക്കാര്യമൊന്നും ചിന്തിച്ചിട്ടില്ല. 

placeholder
ഏനോശിമ ക്ഷേത്ര പരിസരത്ത് പരമ്പരാഗത ജപ്പാനീസ് വസ്ത്രമായ കിമോണോ ധരിച്ചവരുമൊത്ത് അമൽ

'സാംസ' എന്ന പേരില്‍ ഒരു നോവല്‍ എഴുതുന്നുണ്ട്. അത് നന്നായി പൂര്‍ത്തിയാക്കണമെന്നതാണ് ഇപ്പോഴത്തെ സ്വപ്നപദ്ധതി. പിന്നെ അമ്പിളി എസ്. രംഗന്‍ സാറുമായി ചേര്‍ന്ന് 'ഇടി, മഴ, കാറ്റ്' എന്ന സിനിമ പൂര്‍ത്തിയായിവരുന്നു. അതിന്റെ ടീമിന് ഏറ്റവും നല്ലത് മാത്രം വരണമെന്ന തീവ്രമായ ആഗ്രഹമുണ്ട്. 

ഒട്ടും വിലകുറച്ച് കാണേണ്ടതല്ല, മറിച്ച് ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യം വേണ്ട മനോഹരമായ ഒരു ഫോമാണ് എഴുത്തില്‍ മൈക്രോഫിക്ഷന്‍, ഫ്‌ളാഷ് ഫിക്ഷന്‍ എന്ന് പറഞ്ഞുകൊണ്ട് പുതിയ തലമുറയില്‍ നിന്ന് കുറച്ചുപേരെയെങ്കിലും അവയിലേക്ക് ആകര്‍ഷിക്കുവാന്‍ ആഗ്രഹമുണ്ട്. 'ടിഷ്യൂ പേപ്പര്‍ കഥകള്‍' എന്ന പേരില്‍ (അതില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വെച്ചുമാത്രം ചെയ്യുന്നതാണ്) ഒരു പദ്ധതികൂടി ദിവസേന ചെയ്തുവരുന്നുണ്ട്. നാട്ടില്‍ വരണം, ശാന്തിനികേതനില്‍ രണ്ട് വര്‍ഷമെങ്കിലും പോയി താമസിക്കണം ഇതൊക്കെയാണ് ആഗ്രഹങ്ങള്‍.