ഹാംഷെയറിൽ കഠിനമായ തണുപ്പും കാറ്റുമുള്ള ഒരു ദിവസമായിരുന്നു അത്. വളരെക്കാലമായി ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ആ സ്ഥലത്ത് ഒടുവിൽ ഞാൻ എത്തിച്ചേർന്നു, മഹാനായ എഴുത്തുകാരി ജെയ്ൻ ഓസ്റ്റിന്റെ വസതിയിൽ.

To advertise here,

ചൗട്ടൺ എന്ന ശാന്തമായ ഗ്രാമത്തിലെ ഈ ചെറിയ കുടിലിലേക്ക് നടന്നുകയറിയത് തികച്ചും മാന്ത്രികമായ ഒരു നിമിഷമായിരുന്നു. ഇംഗ്ലണ്ടിന്റെ അതിരുകൾക്കപ്പുറം സഞ്ചരിച്ച്, ആയിരക്കണക്കിന് മൈലുകൾക്കകലെ നിന്ന് ഇന്ത്യയിലുള്ള എന്നെപ്പോലെയൊരു വായനക്കാരിയിലേക്ക് എത്തിയ സ്‌നേഹത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും കഥകൾ രചിച്ച പ്രിയഎഴുത്തുകാരിയോടുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്.

ജെയ്ൻ ഓസ്റ്റിൻ എല്ലാവർക്കും ഒരുപോലെ ചിരപരിചിതമായ പേരായിരിക്കില്ല. എന്നാൽ 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' (Pride and Prejudice) എന്ന നോവലിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഇതിനകം തന്നെ അവരുടെ ലോകത്തെ പരിചയപ്പെട്ടുകഴിഞ്ഞു. നിസാരമായ അനുഭവങ്ങളെപ്പോലും സൂക്ഷമമായി നിരീക്ഷിച്ച് മനോഹരമായി ആഖ്യാനിക്കുകയാണ് ഓസ്റ്റിൻ ഈ നോവലിൽ.

ഇരുന്നൂറിലധികം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഇംഗ്ലീഷ് നോവലിസ്റ്റായ ഓസ്റ്റിൻ സ്‌നേഹം, കുടുംബം, സമൂഹം, മനുഷ്യസ്വഭാവം എന്നിവയെക്കുറിച്ച് നർമ്മവും സ്‌നേഹവും കലർന്ന ശൈലിയിൽ എഴുതി. അവരുടെ ആറ് നോവലുകൾ ഇംഗ്ലീഷ് വായനക്കാർ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.

ഓസ്റ്റിന്റെ ഈ വീട്ടിൽ വെച്ചാണ് അവരുടെ ഭൂരിഭാഗം രചനകളും ജനിച്ചത്. വീടിന് പുറത്ത് നിൽക്കുമ്പോൾ, മറ്റൊരുയുഗത്തിലെ എഴുത്തുകാരുടെ വീടുകൾ സന്ദർശിക്കുമ്പോൾ മനസ്സിലെപ്പോഴും വരാറുള്ള ചോദ്യം ഞാൻ സ്വയം ചോദിച്ചു: ഇന്ന് നമ്മൾ നിസ്സാരമായി കാണുന്ന സൗകര്യങ്ങളൊന്നുമില്ലാതെ അവർ എങ്ങനെയാണ് ഇത്രയധികം എഴുതിയത്?

ലാപ്ടോപ്പുകളോ ഫോണുകളോ വൈദ്യുതവിളക്കുകളോ സൗകര്യപ്രദമായ ജോലിസ്ഥലങ്ങളോ ഇല്ലായിരുന്ന കാലമായിരുന്നല്ലോ അത്. പേനയും കടലാസും ചെറിയൊരു മേശയും ഒപ്പം അവരുടെ അസാധാരണമായ ഭാവനയും മാത്രം കൊണ്ട് ആവിഷ്‌കരിച്ച എത്രയെത്ര രചനകൾ...!

വീടിന്റെ പ്രവേശന കവാടത്തിന് മുകളിലുള്ള ചെറിയ ബോർഡിൽ 'ജെയ്ൻ ഓസ്റ്റിന്റെ വീട്' എന്ന് എഴുതിയിരിക്കുന്നു. ചെറിയ മരത്തിലുള്ള കവാടം കടന്ന്, ഓസ്റ്റിനുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയത്തിലേക്ക് നടന്നു. അവിടെ നിന്നുള്ള പാത തോട്ടത്തിലൂടെ വീടിന്റെ പ്രധാന കവാടത്തിലേക്ക് നയിക്കുന്നു.

ഡ്രോയിംഗ് റൂം ആണ് അകത്ത് കയറിയാൽ ആദ്യം കാണുന്ന മുറി. ജെയ്ൻ ഓസ്റ്റിൻ ദിനേനെ പരിശീലിച്ചിരുന്ന പിയാനോ അവിടെയുണ്ട്. പ്രൈഡ് ആൻഡ് പ്രെജുഡീസിന്റെ പ്രസിദ്ധീകരിച്ച ആദ്യപ്രതി ലഭിച്ച ശേഷം അയൽക്കാരന് ഉറക്കെ വായിച്ചുകേൾപ്പിച്ചതും ഈ മുറിയിൽ വെച്ചായിരുന്നു.

പിന്നീടാണ് അവർ എഴുതാൻ ഉപയോഗിച്ച ആ ചെറിയ എഴുത്തു മേശ കാണുന്നത്. ആ മേശ അത്ഭുതപ്പെടുത്തുന്നത്ര ചെറുതാണ്. അതിനടുത്ത് ഒരു കസേരയുണ്ട്. പെട്ടെന്ന് ജെയ്ൻ ഓസ്റ്റിൻ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെ. എഴുതുമ്പോൾ ഓസ്റ്റിന് എളുപ്പത്തിൽ നീക്കിക്കൊണ്ടുപോകുവാൻ പാകത്തിലുള്ളതായിരുന്നു ആ മേശ. കുറച്ചുനേരം ഞാൻ അവിടെ നിന്ന് ആ മേശയിലേക്ക് നോക്കി, ആ ചെറിയ പ്രതലത്തിലൂടെ എത്രയെത്ര വാക്കുകളും കഥാപാത്രങ്ങളും കഥകളുമായിരിക്കണം കടന്നുപോയതെന്ന് ചിന്തിച്ചു.

എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ മറ്റൊരു നിമിഷവും കൂടിയുണ്ടായിരുന്നു. മുറികളിലൊന്നിൽ, സന്ദർശകർക്ക് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓസ്റ്റിൻ കഥാപാത്രത്തിന്റെ പേര് ചെറിയ കടലാസുകളിൽ എഴുതി ചുമരിലൊട്ടിക്കാം. ആ ചെറിയ കുറിപ്പുകളിൽ പലതിലും 'ബെനറ്റ്' (Bennet) എന്ന പേരുണ്ടായിരുന്നു, പ്രൈഡ് ആൻഡ് പ്രെജുഡീസിലെ പ്രധാന കഥാപാത്രം. പ്രൈഡ് ആൻഡ് പ്രെജുഡീസിലെ കഥാപാത്രങ്ങൾ വായനക്കാരുടെ ഹൃദയത്തിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ഞാൻ വീണ്ടുമോർത്തു.
മുകളിലത്തെ നിലയിൽ ജെയ്ൻ തന്റെ സഹോദരി കസാന്ദ്രയുമായി പങ്കിട്ട കിടപ്പുമുറി, ഡ്രസ്സിംഗ് മുറി, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള മുറി, തയ്യലിനും വസ്ത്രങ്ങൾക്കുമുള്ള മുറി എന്നിവയാണ്.
താഴത്തെ നിലയിലുള്ള പച്ചനിറത്തിലുള്ള ഡൈനിംഗ് റൂം ഓസ്റ്റിന്റെ കാലത്തെ ദൈനംദിന ജീവിതത്തിലേക്ക് മറ്റൊരു വെളിച്ചം വീശുന്നു. അടുപ്പ്, വിറകുപുര, പാചകപാത്രങ്ങൾ എന്നിവയടങ്ങിയ ലളിതമായ അടുക്കളയും അവിടെയുണ്ട്.

അവരുടെ ദൈനംദിന ജീവിതത്തിന്റെ ആകർഷകമായ മറ്റൊരു ഓർമ്മപ്പെടുത്തൽ കൂടി ഞാൻ ശ്രദ്ധിച്ചു, സുഹൃത്തുക്കളെ സന്ദർശിക്കാൻ ഉപയോഗിച്ചിരുന്ന ലളിതമായൊരു മരക്കഴുതവണ്ടി.

ഈ സ്ഥലത്തെ സവിശേഷമാക്കുന്നത് ഇതിന്റെ വലിയ പ്രതാപമൊന്നുമല്ല. വാസ്തവത്തിൽ അതിന് നേരെ വിപരീതമാണ്. ഇത് ചെറുതും ശാന്തവും സാധാരണവുമാണ്. അതുതന്നെയാണ് ഇതിനെ അസാധാരണമാക്കുന്നതും.

ഈ എളിയ മുറികളിൽ നിന്നാണ് പ്രെഡ് ആൻഡ് പ്രെജുഡീസ് (Pride and Prejudice), സെൻസ് ആൻഡ് സെൻസിബിലിറ്റി (Sense and Sensibility), എമ്മ (Emma), മാൻസ്ഫീൽഡ് പാർക്ക് (Mansfield Park), നോർത്താഞ്ചർ ആബി (Northanger Abbey), പെർസ്യൂഷൻ (Persuasion) എന്നീ ആറ് നോവലുകൾ പുറത്തുവന്നത് ലോകമെമ്പാടും ഇന്നും ആളുകൾ വായിച്ചു കൊണ്ടിരിക്കുന്ന മഹത്തായ നോവലുകൾ!

ചൗട്ടൺ സന്ദർശിക്കാൻ നിങ്ങളൊരു വലിയ ഓസ്റ്റിൻ ആരാധകനാകണമെന്നില്ല. നിങ്ങൾ അവരുടെ പുസ്തകങ്ങൾ ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ പോലും, ഈ ചെറിയ വീട് നിങ്ങൾക്ക് എന്തെങ്കിലും ഒരു അനുഭവം സമ്മാനിക്കും.

നിങ്ങൾക്ക് പ്രൈഡ് ആൻഡ് പ്രെജുഡീസ് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ പറയും; ഇവിടേക്ക് വരൂ, ഈ മാന്ത്രികത എവിടെ നിന്നാണ് തുടങ്ങിയതെന്ന് നേരിട്ട് കാണൂ.