ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ആളുകളോട് ആകര്‍ഷണം തോന്നുന്നെങ്കില്‍ അവരെല്ലാം കോഴികളല്ല കേട്ടോ. അങ്ങനെ കുറേ തരമുണ്ട്. ഒരാളുടെ സൗന്ദര്യത്തോടും സാന്നിദ്ധ്യത്തോടുമുള്ള താല്‍പ്പര്യത്തെ ശാരീരിക ആകര്‍ഷണം എന്ന് പറയും...

'കോഴി' എന്നത് പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായ ഫാസിയാനിനയിലെ ഒരിനമാണെങ്കിലും കോഴിയെന്ന വിളിപ്പേര് മനുഷ്യരുമായി ചേർന്നുനിൽക്കുന്നുണ്ടെന്ന് അറിയാത്ത കാര്യമൊന്നുമല്ലല്ലോ. ലിംഗഭേദമില്ലാത്ത പദമാണ് കോഴി. കോഴികളിലെ സ്ത്രീലിംഗം പിടക്കോഴി എന്നും പുല്ലിംഗം പൂവൻകോഴി എന്നും അറിയപ്പെടുന്നു.
പൂവൻ കോഴി വിചാരിക്കുന്നത് പരിസരത്തിലുള്ള പിടക്കോഴികളെല്ലാം തന്റെ സ്വന്തമാണ് എന്നാണ്. മറ്റ് പക്ഷികളെ പോലെ ഒരു ഇണയ്‌ക്കൊപ്പം രസിക്കുന്ന രീതി അവയ്ക്കില്ല. അയൽവീട്ടിലെ പിടകളെ സ്വന്തമാക്കാൻ അവിടുത്തെ പൂവൻ കോഴികളെവരെ മറുപൂവൻ കൊത്തിയോടിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്. അത് കൊണ്ടാവാം എഴുപതുകൾക്കുശേഷം പരസ്ത്രീകളെ ആകർഷിക്കാൻ സൈറ്റടിക്കുന്നവരെ 'പൂവാലൻമാർ' എന്ന് വിളിക്കാൻ തുടങ്ങിയത്. അതിന് മുൻപ് അത്തരം വിളികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. കലാലയങ്ങളിൽ നിന്നാവണം പൂവാലന്മാർ എന്ന ആദ്യവിശേഷണം ആണുങ്ങൾക്ക് ചാർത്തപ്പെടുന്നത്.
അങ്ങനെ പൂവാലശല്യം പത്രത്തിലെ തലക്കെട്ടുകളിൽ പ്രത്യക്ഷപ്പെടാനും കേസ് ഫയലുകളിൽ ഇടം പിടിക്കാനും തുടങ്ങി.
സോഷ്യൽ മീഡിയ സജീവമായതോടെ പൂവാലന്മാർ എന്ന പദം മാഞ്ഞുപോകുകയും കോഴി എന്ന സുന്ദരൻപദം പരക്കെ ഉപയോഗിക്കാനും തുടങ്ങി. ആണുങ്ങൾക്കാണ് കൂടുതൽ കോഴി വിശേഷണം ചാർത്തപ്പെട്ടതെങ്കിലും പെണ്ണുങ്ങളും ആ വഴിയിൽ ഇല്ലാതില്ല.
കാണുന്ന സ്ത്രീകളോടെല്ലാം ശൃംഗരിക്കുന്നവർക്ക് അങ്ങനെ കോഴി എന്ന വിളിപ്പേര് ചാർത്തപ്പെട്ടു. ഇങ്ങനെയുള്ള കോഴികൾ കഥാപാത്രങ്ങളാവുന്ന ഒരു പാട് സിനിമകളും കഥകളും കാർട്ടൂണുകളും നമ്മൾ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ടാവുമല്ലോ. ഓടരുതമ്മാവാ ആളറിയാം, ഇൻഹരിഹർ നഗർ, പ്രേമം, ബെത്‌ലേഹം കുടുംബയൂണിറ്റ് അങ്ങനെ എത്രയെത്ര സിനിമകൾ. വി.കെ.എന്റെ കോഴി തുടങ്ങിയ കഥകളിലൊക്കെ കോഴിത്തരം കടന്നുവന്നിട്ടുണ്ട്.
പലതരം കോഴികളുണ്ടെന്നാണ് പ്രമാണം. അതിൽ ചില പ്രധാനകോഴികൾ ഇങ്ങനെയൊക്കെയാണ്.
സ്‌നേഹലോലുപനായി നടക്കുന്ന തീവ്രത കുറഞ്ഞ കോഴിയെ 'skirt-chaser' എന്ന് വിളിക്കുമത്രെ. മറ്റുള്ളവരോട് മാറ്റമില്ലാതെ കൊഞ്ചിക്കുഴയുന്ന കോഴിയെ flirt എന്ന് വിശേഷിപ്പിക്കാം. പിടകളെ പിന്തുടരാത്ത കോഴിയാണ് stud. ഒരുപാടു സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന തരം കോഴികളാണ് womanizer.
ഒരുപാടു പേരോട് അനൗപചാരികവും താൽക്കാലികമാർന്നതുമായ ലൈംഗിക ബന്ധങ്ങൾ സ്ഥാപിക്കുന്ന കോഴിയത്രെ philanderer. ഇനിയും ഒട്ടേറെ കോഴികളുണ്ട്.
എന്നാൽ ഒട്ടും ഉപദ്രവമില്ലാത്ത കോഴികളുമുണ്ട്. ഒരാൾക്ക് ഒന്നിൽ കൂടുതൽ ആളുകളോട് ആകർഷണം തോന്നുന്നെങ്കിൽ അവരെല്ലാം കോഴികളല്ല കേട്ടോ. അങ്ങനെ കുറേ തരമുണ്ട്. ഒരാളുടെ സൗന്ദര്യത്തോടും സാന്നിദ്ധ്യത്തോടുമുള്ള താൽപ്പര്യത്തെ ശാരീരിക ആകർഷണം എന്ന് പറയും, അത് കിടപ്പറയിലെത്തുന്നതല്ല. അത് ഉപദ്രവകരവുമല്ല.
ഒരാളുടെ കാഴ്ചപ്പാടുകൾ, ചിന്തകൾ നമ്മെ ആകർഷിക്കുന്നുണ്ടെങ്കിൽ അതിനെ ബൗദ്ധിക ആകർഷണം എന്ന് വിളിക്കും. നമ്മുടെ മാനസികലോകത്തേക്ക് ഒരാളെ ക്ഷണിക്കാൻ നമുക്ക് തോന്നുന്നുണ്ടെങ്കിൽ അതിനെ വൈകാരിക ആകർഷണം എന്ന് പറയും. ഒരാളുടെ സാമീപ്യം മാത്രം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ സൗന്ദര്യാത്മക ആകർഷണം അഥവാ asthetic attraction എന്ന് വിളിക്കും. ഒരാളോട് റൊമാന്റികാവാനുള്ള താൽപ്പര്യത്തെയാണ് റൊമാന്റിക് അട്രാക്ഷൻ എന്ന് പറയുക. ഇങ്ങനെയുള്ള ആകർഷണങ്ങളൊന്നും അത്ര തെറ്റല്ലെന്നാണ് സൗന്ദര്യാത്മകദർശികൾ പറയുന്നത്, അത് അത്രയ്ക്ക് വലിയ കോഴിത്തരമല്ലെന്നും..!
Content Highlights: Evolution of the slang term 'Kozhi' and 'Poovalan' in Malayalam culture., Different types of behaviors associated with the term across cinema and literature., Distinction between harmless attractions and actual problematic behaviors.
Published: 13 Oct 2026, 01:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented