ഗേറ്റിനരികിലുള്ള പീലിക്കൊന്നയിൽ തഴുകുന്ന കാറ്റിന്റെ മൃദുശീൽക്കാരം ബേബി ചെറിയാന് ലിവിങ് റൂമിൽ കേൾക്കാമായിരുന്നു. അനൽപ്പമായ ചാഞ്ചല്യത്തിലാണ് അയാളുടെ മനസ്സും. കരിവീട്ടിക്കസേരയിലെ അലങ്കാരക്കൈവട്ടങ്ങളിൽ ഇരുകരങ്ങളും ഉറപ്പിച്ചിരിക്കുമ്പോഴും നേർത്ത വിറയൽ അനുഭവപ്പെടുന്നു. ശരീരത്തിന്റെ ബലഹീനതയല്ല അത്- മനസ്സിലെവിടെയോ കാറ്റുപിടിച്ചതാണ്.
പരുന്തിന്റേതുപോലെ മൂർച്ചയുള്ള കണ്ണുകളായിരുന്നു ഒരുകാലത്ത് അയാളുടേത്. അതാണ് ഇപ്പോൾ തളർന്ന മട്ടിൽ, അടുത്ത മുറിയിലേക്കു പാളിനോക്കുന്നത്. ജൂലിയും അസിസ്റ്റന്റ് കമ്മീഷണർ സമർ ബനഡിക്ടും അവിടെയുണ്ട്. ചുമരുകളുടെ മറവുപാളികൾക്കപ്പുറമിരുന്ന് അവർ സംസാരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചെയ്യൽ?
സമർ നൽകിയ സൂചന പ്രകാരം നേഹയുമായി ബന്ധമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ബേബി ചെറിയാൻ ഊഹിച്ചു. മാര്യേജ് ചലഞ്ചിനെപ്പറ്റിയോ, അതിനിടയിൽ ജൂലിയെയും ജാക്കിനെയും ചേർത്ത് കേട്ട ഗോസിപ്പിനെപ്പറ്റിയോ ആകണമെന്നില്ല. നെഞ്ചിൽ കുറുകിയ പിരിമുറുക്കം ബേബി ചെറിയാന്റെ ശ്വാസഗതി ഉയർത്തി.
ഒരു വാക്കുമതി. തെറ്റായി പ്രചരിക്കപ്പെട്ടാൽ എല്ലാം തകരും. ആയുഷ്കാലം കൊണ്ടു നേടിയ പ്രതിച്ഛായയ്ക്ക് അർത്ഥമില്ലാതെയാകും- ബിസിനസ് ലോകത്ത് പ്രത്യേകിച്ചും. ധാരണയുടെ തൂണുകളിൽ പൊന്തിനിൽക്കുന്ന ലോകമാണത്. ആളുകൾ വിശ്വസിക്കുന്നത് മിക്കപ്പോഴും സത്യത്തെയല്ല- ധാരണകളെയാണ്. യഥാർഥ്യം തിരയാൻ ആരും മിനക്കെടില്ല.
അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ, ജൂലി നേരിടേണ്ടിവരുന്ന ഗോസിപ്പുകൾക്കും പരിഹാസങ്ങൾക്കും പരിധിയുണ്ടാവില്ല. ആലോചിക്കുന്തോറും മാര്യേജ് ചലഞ്ച് വെറുമൊരു കുട്ടിക്കളിയോ വിഡ്ഢിത്തമോ ആയിരുന്നെന്ന് ബേബി ചെറിയാനു തോന്നി. കഠിനാധ്വാനത്തിലൂടെ പണിതുയർത്തിയ സാമ്രാജ്യം പാരമ്പര്യത്തുടർച്ചയില്ലാതെ അസ്ഥിവാരം ഉലയുമെന്നു വന്നപ്പോൾ എമ്മ നടത്തിയ കൈവിട്ട കളിയായിരുന്നു അത്.
ബേബി ചെറിയാൻ ക്ലോക്കിലേക്കു നോക്കി. സമയം കടന്നുപോകുന്നതല്ലാതെ അസിസ്റ്റന്റ് കമ്മീഷണറും ജൂലിയും തമ്മിലുള്ള സംഭാഷണം അവസാനിക്കുന്ന മട്ടില്ല.
സമർ ബനഡിക്ടിന്റെ അന്വേഷണങ്ങൾക്ക് തനിക്കറിയാവുന്ന ഉത്തരങ്ങൾ ജൂലി സങ്കോചമില്ലാതെ നൽകുന്നുണ്ടായിരുന്നു. തുടരെത്തുടരെ ചോദ്യങ്ങളുന്നയിക്കാതെ, നിശ്ശബ്ദതയ്ക്കും അതിന്റേതായ സാധ്യതയുണ്ടെന്ന ധാരണയോടെ, അവൾക്ക് മതിയായ സമയം നൽകിയാണ് സമർ കാര്യങ്ങളിലേക്കു കടന്നത്.
മാര്യേജ് ചലഞ്ചിൽ എല്ലാവരെയും ഏകോപിപ്പിച്ചിരുന്ന കേന്ദ്രബിന്ദു നേഹയായിരുന്നു. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അവളെ ചുറ്റിപ്പറ്റിയാണ് ഒരോരുത്തരും ചുവടുകൾ വച്ചത്. അതേസമയം, ആരുടെയും സ്വകാര്യതകളിൽ അവൾ ഇടപെട്ടതുമില്ല. വിചിത്രമായൊന്നും ജൂലിക്ക് അവിടെ ഓർത്തെടുക്കാനുണ്ടായിരുന്നില്ല. ഓരോ ദിവസത്തെയും പ്ലാനുകൾ തയ്യാറാക്കിയതും ഗെറ്റ് ടുഗദറുകളും ടാസ്കുകളും ഗയിമുകളും നിശ്ചയിച്ചതും നേഹയായിരുന്നു.
'ആ ദിവസങ്ങളിൽ ആരെങ്കിലും അവിടേക്കു വരികയോ പുറത്തേക്കു പോകുകയോ ചെയ്തിരുന്നോ?'
'ഇല്ല സാർ, ആരും വന്നതായി തോന്നുന്നില്ല. എന്തായാലും പുറത്തേക്കാരും പോയിട്ടില്ലെന്നുറപ്പ്.'
ജാക്ക് അലക്സാണ്ടറും നേഹയും അഞ്ചു പെൺകുട്ടികളും. അവരെക്കൂടാതെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്നത് ജോലിക്കാർ മാത്രം- കെയർ ടേക്കർ, ഗാർഡനർ, പാചകക്കാർ, ഹൗസ് കീപ്പിങ് ജീവനക്കാർ തുടങ്ങിയവർ.
ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 07
സമർ ബനഡിക്ടിന്റെ അന്വേഷണങ്ങൾക്ക് ജൂലി മറുപടി തുടർന്നു.
'ജാക്ക് വാസ് ലൈക് ഹർ ബ്രദർ, ആന്റ് ഹി ഫെൽറ്റ് എക്സാക്ട്ലി ദി സെയിം.'
അതോടെ തീർത്തും സ്വകാര്യമായ ചോദ്യത്തിലേക്കെത്തി സമർ.
'ജാക്കും ജൂലിയും തമ്മിൽ എങ്ങനെയായിരുന്നു?'
അവളതു മറച്ചുവച്ചില്ല. ചെറിയൊരാലോചനയോടെയും മനസ്താപത്തോടെയും മറുപടി പറഞ്ഞു- ജാക്കിനോട് തനിക്കും, തിരിച്ചും ഒരിഷ്ടം തോന്നിത്തുടങ്ങിയിരുന്നുവെന്ന്.
'അന്ന്, ജാക്കിന്റെ ബർത്ത്ഡേയിൽ എന്താണു സംഭവിച്ചത്?'
മെല്ലെയെങ്കിലും, അവളുടെ മുഖത്ത് ഭയം പ്രകടമായി. വൈദ്യുതവിളക്കുകൾ അണച്ച്, മെഴുകുതിരിവെളിച്ചം തീമാക്കി രാത്രി പന്ത്രണ്ടു മണിക്ക് ആഘോഷം- ഒരാഴ്ച മുമ്പേ പ്ലാൻ ചെയ്തതായിരുന്നു അത്. ജാക്കിന്റെ ജന്മദിനം പിറന്നപ്പോൾ ഗസ്റ്റ് ഹൗസ് മെഴുകുതിരിവെളിച്ചത്തിൽ കുളിച്ചുനിന്നു. ആട്ടവും പാട്ടും ഷാംപെയിനുകൾ പതഞ്ഞൊഴുകിയ ലഹരിയും.
കേക്ക് കട്ടിങ് കഴിഞ്ഞപ്പോഴാണ് നേഹ രഹസ്യമായി ജൂലിയുടെ കാതിൽ മന്ത്രിച്ചത്- മറ്റാരും കാണാതെ ജാക്കിന് ഒരു ഗിഫ്റ്റ് നൽകണം. ജാക്ക് സ്റ്റെയർകേസിലുണ്ടാവും. പിന്നാലെ അവിടേക്കെത്തണം.
'എന്തു ഗിഫ്റ്റ്?'
സമർ ജിജ്ഞാസയോടെ ചോദിച്ചു.
അവൾ ആദ്യമൊന്നു മടിച്ചു. പിന്നെ ദൃഷ്ടി താഴ്ത്തി മൃദുവായി പറഞ്ഞു.
'ഒരു കിസ്'
ജാക്കിനെ ചുംബിച്ചതിനുശേഷം വിവാഹാഭ്യർത്ഥന നടത്തണമെന്നായിരുന്നു നേഹ നിർദേശിച്ചിരുന്നത്. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് അവിടേക്കു പോകാൻ ജൂലി തയ്യാറെടുത്തു. അപ്പോഴാണ് ധൃതിയിൽ സ്റ്റെയർകേസിലേക്ക് ജാക്ക് ഓടിക്കയറിയത്. നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. തകർന്ന ഒച്ചയോടെ താഴേക്കു പതിച്ച ചില്ലുപാളികൾക്കൊപ്പം ജാക്കുമുണ്ടായിരുന്നു. ചവിട്ടുപടിയിൽ അലക്ഷ്യമായിക്കിടന്ന ബിയർകുപ്പിയിൽ ചവിട്ടി ബാലൻസ് തെറ്റി പുറത്തേക്കു തെറിച്ചതാണ്.
അസ്ഥികളിലേക്ക് ചുട്ടുകയറുന്ന മിന്നൽപ്പിണർപോലെ ജാക്കിന്റെ ആർത്തനാദം ഇപ്പോഴും ജൂലിയുടെ കാതുകളിൽ മുഴങ്ങുന്നു. അവളുടെ കൃഷ്ണമണികൾ ചുരുങ്ങിച്ചെറുതായി.
'മെഴുകുതിരിവെളിച്ചത്തിൽ ബർത്ത്ഡേ സെലിബറേഷൻ! ആ തീം ആരുടെ ഐഡിയ ആയിരുന്നു? ജാക്കിന്റെയോ അതോ നേഹയുടെയോ?'
അക്കാര്യത്തിൽ ജൂലിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ഇരുവർക്കും അതിൽ താത്പ്പര്യമുണ്ടായിരുന്നെന്നു മാത്രം അവൾ പറഞ്ഞു.
ചോദ്യങ്ങൾ അവസാനിപ്പിച്ച് സമർ എഴുന്നേറ്റു. ജൂലിയോട് അപ്പോഴയാൾക്ക് സഹതാപമാണ് തോന്നിയത്. മെഴുകുതിരിദീപങ്ങൾ, കളിചിരികൾ, ആകസ്മികതകൾ, പ്രണയം... പിന്നെ മരണം. വല്ലാത്തൊരു നാടകീയത തന്നെ.
ലിവിങ് റൂമിലുള്ള ബേബി ചെറിയാന്റെ അരികിലേക്കയാൾ നടന്നു.
'മിസ്റ്റർ ബേബി ചെറിയാൻ... താങ്ക്യൂ ഫോർ യുവർ കോഓപ്പറേഷൻ.'
ബേബി ചെറിയാൻ എന്തോ പറയാൻ തുനിഞ്ഞപ്പൊഴേക്കും സമർ ബനഡിക്ട് പുറത്തേക്കിറങ്ങിയിരുന്നു. ജൂലി പകർന്നുനൽകിയ വാങ്മയചിത്രം, ചുംബനവും മെഴുകുതിരിദീപങ്ങളും കാലിയായ ബിയർ ബോട്ടിലും, മങ്ങിയും തെളിഞ്ഞും സമറിന്റെ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു.
അടുത്ത ദിവസങ്ങളിൽ ബേബി ചെറിയാൻ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. അസിസ്റ്റന്റ് കമ്മീഷണർ സമർ ബനഡിക്ട് വീട്ടിലെത്തിയതും ജൂലിയെ ചോദ്യം ചെയ്തതും കാതോടുകാതോരം പരന്നു. ബിസിനസ് വൃത്തങ്ങളിലും ബോർഡ് മുറികളിലും ക്ലബ്ബുകളിലും മൂടൽ മഞ്ഞുപോലെ അതിഴഞ്ഞുനീങ്ങി.വാരാന്ത്യത്തിലെ കൗൺസിൽ ഓഫ് ട്രേഡിന്റെ മീറ്റിംഗിനു പിന്നാലെ, ക്ലബ്ബിലിരുന്ന് വിസ്കി നുണയുകയായിരുന്നു ബേബി ചെറിയാൻ. സ്വയം സൃഷ്ടിച്ച ഏകാന്തതയിൽ ഒരു കോർണറിലാണ് ഇരുന്നതെങ്കിലും, മങ്ങിയ വെളിച്ചക്കീറുകളിൽ പല ടേബിളുകളിലും അമർന്നു ഞെരിയുന്ന വികാരവിചാരങ്ങൾ അയാൾക്കു കേൾക്കാമായിരുന്നു. ആ വാക്കുകളിലൊന്നും താനോ ജൂലിയോ പരാമർശിക്കപ്പെടുന്നില്ലെന്ന് അയാൾ ആശ്വാസംകൊണ്ടു.
ഹാളിന്റെ പാർശ്വഭാഗത്തുള്ള ക്യാബിനിൽ നിന്ന് അപ്രതീക്ഷിതമായാണ് ഫ്യൂച്ചർ എക്സ്പോർട്ടേഴ്സ് എംഡി പ്രേംശങ്കർ പുറത്തിറങ്ങിയത്. ബേബി ചെറിയാന്റെ മുന്നിലെത്തി, ചരൽവാരിവിതറും പോലെ അയാൾ ചിരിച്ചു.
'ബേബീ, ഞാനില്ലാതെയെന്ത് വെള്ളമടി.'
പകുതി കാലിയായ മദ്യഗ്ലാസ്സുമായി എതിരെയുള്ള കസേരയിൽ അയാളിരുന്നു.
ഷെയർമാർക്കറ്റിലെ വിലപോലെ വിശ്വസിക്കാനാകാത്ത ബിസിനസുകാരനാണ് പ്രേംശങ്കർ. അയാളുടെ വരവ് തന്റെ സ്വസ്ഥതയ്ക്ക് ഭംഗമുണ്ടാക്കുമോയെന്ന് ബേബി ചെറിയാൻ ഭയന്നു. സ്വന്തം ബിസിനസ്സിന്റെ അവസ്ഥയെക്കുറിച്ചാണ് ഇരുവരും ആദ്യമെല്ലാം സംസാരിച്ചത്. ആ വിഷയം തൊല്ലൊന്നടങ്ങിയതോടെ, കുറുക്കന്റെ കൗശലത്തോടെ പ്രേംശങ്കർ ലക്ഷ്യത്തിലേക്കു കടന്നു.
'അസിസ്റ്റന്റ് കമ്മീഷണർ വീട്ടിൽ വന്നെന്നു കേട്ടല്ലോ?'
ബേബി ചെറിയാൻ മറുപടി പറയാതെ കാലിയായ ഗ്ലാസ് നിറച്ചു. കാര്യങ്ങൾ അറിയാനല്ല, അറിഞ്ഞത് ശരിയെന്നുറപ്പാക്കി ആനന്ദിക്കാനുള്ള വ്യഗ്രതയാണ് പ്രേംശങ്കറിന്റെതെന്ന് അയാൾക്കറിയാമായിരുന്നു.
'ജൂലിയെ ചോദ്യം ചെയ്തെന്നൊക്കെയാണ് നമ്മുടെ ആളുകൾക്കിടയിൽ സംസാരം.'
പ്രേംശങ്കർ തുടർന്നു.
'ഷെയിം. വാട്ട് ഹാപ്പൻഡ്? ഷി ഈസ് എ പ്രോമിസിങ് ഗേൾ. ആരോ പറഞ്ഞുകേട്ടു മാര്യേജ് ചലഞ്ചിനെപ്പറ്റിയാണ് അന്വേഷണമെന്ന്. ശരിയാണോ?'
ഇത്തവണയും ബേബി ചെറിയാൻ മൗനം പാലിച്ചതേയുള്ളൂ.
'നമ്മുടെ ഫ്രണ്ട് അലക്സാണ്ടറുടെ മകനാണ്... കാര്യമൊക്കെ ശരി തന്നെ. എന്നാലും പറയാതിരിക്കാനാവില്ല. ആ ചെക്കൻ ഈ ലോകത്തൊന്നുമല്ല ജീവിച്ചത്.'
പ്രേംശങ്കറിന്റെ സ്വരഭേദം പരിഹാസത്തിലേക്കു മാറുകയും അത് ജാക്കിനെതിരാകുകയും ചെയ്തു.
'ആരായിരുന്നു അവൻ. ഉത്തരവാദിത്വമില്ലാതെ നടന്ന കാളക്കുട്ടി. എമ്മ മാഡം അതിനെ സിംഹക്കുട്ടിയാക്കാൻ നോക്കിയതാ. ഫൂളിഷ് വുമൺ. എന്നിട്ടെന്തുപറ്റി? മാര്യേജ് ചലഞ്ച്. അവൻ തീർന്നു.'
ബേബി ചെറിയാന് അത് തീരെ ഇഷ്ടമായില്ല. ആവശ്യത്തിലധികം ശബ്ദത്തോടെ അയാൾ ഗ്ലാസ് ടേബിളിൽ വച്ചു.
'അത് എമ്മാ ഫെർണാണ്ടസിന്റെ വിഢ്ഢിത്തമല്ലെടോ. ബോധ്യമാണ്.'
അയാൾ നീരസത്തോടെ തുടർന്നു.
'ഭർത്താവിനെയും മരുമകനെയും നഷ്ടപ്പെട്ടപ്പോൾ ബിസിനസ് അനാഥമാകാതിരിക്കാൻ അതേറ്റെടുത്ത സ്ത്രീയാണവർ. അവരുടെ ബിസിനസ് വളർച്ച... നമുക്കൊന്നും സ്വപ്നം കാണാനാവില്ല. അവരുടെ കഴിവിനെ പരിഹസിക്കരുത്.'
'എനിക്കറിയാമെടോ അലക്സാണ്ടറോടും
എമ്മയോടുമൊക്കെയുള്ള തന്റെ അടുപ്പം. അല്ലെങ്കിലും, അലക്സാണ്ടറുടെ ബസ്റ്റ് ഫ്രണ്ട് എന്നും താനായിരുന്നില്ലേ.'
പ്രേംശങ്കർ ചിരിച്ചുകൊണ്ട് രണ്ടുപേരുടെയും ഗ്ലാസ്സിലേക്ക് വിസ്കി പകർന്നു.
ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 06
'അലക്സാണ്ടർ മരിച്ചെങ്കിലും കുടുംബബന്ധം മുറുക്കാൻ വിവാഹം തന്നെ നല്ലത്. അതിനു താൻ മകളെ മാര്യേജ് ചലഞ്ചിനുമയച്ചു.'
നഞ്ച് പുരട്ടിയ അമ്പുപോലെയായിരുന്നു അയാളുടെ വാക്കുകൾ. കുസൃതി കണ്ടുപിടിച്ച മട്ടിൽ തമാശപോലെ അയാൾ തുടർന്നു.
'ജാക്കിനെപ്പോലൊരു ലേസിബോയിയെ ജൂലി വിവാഹം കഴിച്ചാൽ, ഇന്നല്ലെങ്കിൽ നാളെ എമ്മ ഗ്രൂപ്പ് ബേബീടെ കയ്യിലിരിക്കില്ലേ. അല്ലേ.'
ബേബി ചെറിയാൻ മുഷ്ടികൾ ഞെരിച്ചു മുന്നോട്ടാഞ്ഞിരുന്നു. നാലുപാടും നോക്കി ആരും കേൾക്കുന്നില്ലെന്നുറപ്പുവരുത്തി ശബ്ദം താഴ്ത്തി പറഞ്ഞു.
'വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. തന്നെപ്പോലെ ഷേഡി ഫണ്ടിങ് സോഴ്സോ കള്ളക്കളികളോ എനിക്കില്ല.'
പ്രേംശങ്കർ ശാന്തനായി ചിരിച്ചു- അതിലും മുഴച്ചുനിന്നത് പരിഹാസം തന്നെ. ബേബി ചെറിയാനെ സമാധാനിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു,
'കൂൾ ഡൗൺ ബേബി. എനിക്കും ഒരു പെൺകുട്ടിയായിരുന്നെങ്കിൽ താൻ ചെയ്തതേ ഞാനും ചെയ്യൂ. എന്തു ചെയ്യാനാ... ദൈവം തന്നതൊരു ചെക്കനെയാ.'
മദ്യപാനം അവസാനിപ്പിച്ച്, യാത്ര പറഞ്ഞ് അയാൾ ക്ലബ്ബിനു പുറത്തേക്കു പോയി. എന്നും പ്രേംശങ്കർ അങ്ങനെതന്നെയായിരുന്നു. ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമാണെന്നിരിക്കെ, ബേബി ചെറിയാനോട് മാത്രമായി പ്രത്യേകിച്ചൊരടുപ്പം അലക്സാണ്ടർക്കുണ്ടെന്ന് അയാളെപ്പോഴും അസൂയപ്പെട്ടിരുന്നു. അതു ശരിയായിരുന്നു താനും. പ്രേംശങ്കറിന്റെ ദുരൂഹത നിറഞ്ഞ നീക്കങ്ങളും ഇടപാടുകളും ശ്രദ്ധിക്കുന്ന ഏതൊരാൾക്കും കൈയകലത്തിലുള്ള സൗഹൃദത്തിനേ കഴിയുമായിരുന്നുള്ളൂ. അൽപ്പനേരത്തെ സാമീപ്യമായിരുന്നു അയാളുടേതെങ്കിലും ദീർഘനേരത്തേക്കുള്ള കരടായി മനസ്സിലത് അവശേഷിക്കുമെന്ന് ബേബിചെറിയാന്‍ ഉറപ്പായിരുന്നു. അയാളുടെ ചിന്തകൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും അസിസ്റ്റന്റ് കമ്മീഷണർ സമർ ബനഡിക്ടിലെത്തി.
അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഇതേ സമയം ആദിൽഖാൻ എത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി രണ്ടുദിവസം നാട്ടിലുണ്ടായിരുന്ന അയാൾ, ഊട്ടിയിലേക്കു മടങ്ങും മുൻപ് സമറിനെ കാണാനെത്തിയതാണ്. ഇരുവരും സംസാരിക്കുന്നതിനിടയിലാണ് യാദൃച്ഛികമായി ഫോറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ടും വന്നത്.
പലതരം സംശയങ്ങളെ ഏകോപിപ്പിക്കുന്നതായിരുന്നു അതിലെ കണ്ടെത്തലുകൾ. തുടയെല്ലിൽ ഒരു ലോഹക്കഷണം. 316 L സ്റ്റെയ്ൻലസ് സ്റ്റീൽ മെറ്റീരിയൽ. തുടയെല്ലിന്റെ ഇന്റർലോക്കിങ് നെയിൽ സർജറിയ്ക്കുപയോഗിക്കുന്നതാണ് അത്. 2015-ലേതാണ് അതിന്റെ ബാച്ച് നമ്പരും സീരിയൽ കോഡും. മരിച്ച സ്ത്രീയുടെ പ്രായം നാൽപ്പത്തിയഞ്ചിനും അമ്പതിനുമിടയിൽ.
സമർ ബനഡിക്ടും ആദിൽഖാനും മുഖത്തോടുമുഖം നോക്കി. നേഹ ഇനിയൊരു വിദൂരസിദ്ധാന്തമല്ല. അവളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നു. ദിവസങ്ങൾക്കുള്ളിൽ ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ടുകൂടി എത്തുന്നതോടെ അത് ആധികാരികമാവും.
ഒരു ബോധ്യമുറച്ചതുപോലെ സമർ മന്ത്രിച്ചു.
'നോ... ദിസ് ഈസ് നോട്ട് നേഹ.'
'തുടയെല്ലിലെ സർജറി നിസ്സാരകാര്യമല്ല സർ. പോസറ്റ്സർജറി റസ്റ്റ്, രണ്ടുമാസം മസ്റ്റാണ്. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ നേഹയുടെ പേരന്റ്സ് അറിയാതിരിക്കില്ലല്ലോ.'
'ഫൈൻ. ദെൻ ട്രൈ ഹർ പേരന്റ്സ്.'
ആദിൽഖാൻ അപ്പോൾത്തന്നെ തോമസിനു ഫോൺ ചെയ്തു. ആദ്യറിങ്ങിൽത്തന്നെ ഫോണെടുത്ത തോമസ് നന്നായി സംഭ്രമിച്ചിരുന്നു. നേഹ ഇതുവരെ ഒരു സർജറിക്കും വിധേയയായിട്ടില്ല. എന്നുതന്നെയല്ല, ജീവിതത്തിലിന്നോളം ഞരമ്പുപിടച്ചിൽ പോലും അവൾക്കുണ്ടായിട്ടില്ല. ആദിൽഖാന്റെ സംശയം അവസാനിക്കുന്നില്ലെന്നു വന്നതോടെ അയാൾ ആവർത്തിച്ചു.
'നേരാണു സാർ ഞാൻ പറയുന്നത്. ഓപ്പറേഷൻ നടന്നാൽ അവൾ കിടപ്പിലാവില്ലേ? അവൾക്കു ഞങ്ങളുടെ സഹായം വേണ്ടിവരില്ലേ? അതൊന്നും ഉണ്ടായിട്ടില്ല.'
ആദിൽഖാൻ ഫോൺസംഭാഷണം അവസാനിപ്പിച്ച് സമർ ബനഡിക്ടിനെ നോക്കി. ആ സംഭാഷണത്തിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന് സമറിനു മുൻവിധിയുണ്ടായിരുന്നു. തെളിവുകൾക്കും മൊഴികൾക്കും വേണ്ടിമാത്രം ഔപചാരികസ്ഥിരീകരണം- അത്രമാത്രമേ അയാൾ അതിൽ പ്രതീക്ഷിച്ചിരുന്നുള്ളൂ.
ഒരു നിമിഷം കണ്ണടച്ചിരുന്ന സമർ, ആരോടെന്നില്ലാതെ ചോദിച്ചു.
'ദെൻ ഹൂ ദി ഹെൽ ഈസ് ബറീഡ് അണ്ടർ ഹർ നെയിം?'
രാത്രി വൈകുവോളം ഇരുവരും ആലോചനയിലായിരുന്നു. സമർ ഫോറൻസിക് റിപ്പോർട്ട് വീണ്ടും തുറന്നു. ഇംപ്ലാന്റ് മെറ്റലിന്റെ സീരിയൽ നമ്പറിലായി അയാളുടെ ശ്രദ്ധ.
'ചീപ് ക്വാളിറ്റി മെറ്റീരിയൽ. ഗവൺമെന്റ് ഹോസ്പിറ്റൽ ഗ്രേഡ്. സാമാന്യം ഭേദപ്പെട്ട പ്രൈവറ്റ് ഹോസ്പിറ്റലുകളൊന്നും അഞ്ചുകൊല്ലം മുമ്പ് ഈ മെറ്റീരിയൽ ഉപയോഗിക്കാനിടയില്ല.'
ഗുണനിലവാരം കുറഞ്ഞ മെറ്റീരിയൽ ഇതിനകം ദ്രവിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് സമർ അങ്ങനെ അനുമാനിച്ചത്. ഊട്ടിയിലും നീലഗിരിയുടെ സമീപജില്ലകളിലുമുള്ള സർക്കാർ ആശുപത്രികൾ, സന്നദ്ധസ്ഥാപനങ്ങൾ നടത്തുന്ന ഹോസ്പിറ്റലുകൾ, ഓർത്തോസർജറി നടത്തുന്ന ചെറിയ സ്വകാര്യ ആശുപത്രികൾ... അത്തരം സ്ഥാപനങ്ങളിലാണ് അതുപയോഗിക്കാൻ സാധ്യത.
'ഹോസ്പിറ്റലുകൾ സ്ക്രീൻ ചെയ്യൂ. ഈ ബാച്ച് നമ്പറിലുള്ള മെറ്റീരിയൽ ഉപയോഗിച്ച് സർജറി നടന്നതെവിടെയാണെന്നറിയണം.'
ഇടുങ്ങിയ വഴിത്തിരിവുകളാണ് മുന്നിലുള്ളതെന്നു കരുതി അന്വേഷണത്തിന്റെ ഗതിവേഗം കുറയാൻ പാടില്ല. മോർച്ചറികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം. കാണാതായവരുടെ രേഖകൾ, അമ്പതുവയസ്സിനോടടുത്ത ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുണ്ടെങ്കിൽ അത്, റിപ്പോർട്ട് ചെയ്യപ്പെടാത്ത മിസ്സിങ് കേസുകൾ... കനത്ത മഴയിൽ നിന്ന് തുള്ളികളെണ്ണുന്നതുപോലെ ശ്രമകരമാണത്.
'ബട്ട്. ഐ മസ്റ്റ് നോ... ഈസ് ഷി എലൈവ് ഓർ ഡെഡ്? ഐ വിൽ ബി ഇൻ ഊട്ടി ബൈ സൺഡേ.'
മുറിവിട്ടു പുറത്തിറങ്ങുമ്പോൾ ആദിൽഖാന്റെ കാതുകളിൽ അസിസ്റ്റന്റ് കമ്മീഷണറുടെ വാക്കുകൾ മുഴങ്ങി.
(തുടരും)
Content Highlights: Assistant Commissioner Samar Benedict investigates the mysterious death linked to the Marriage Challenge., Forensic report reveals a 2015 surgical implant, suggesting the body found is not Neha., Tensions rise as Baby Cherian faces social scrutiny and rumors about his daughter Julie., The investigation shifts focus to identifying the victim using hospital records and missing person reports., Premshankar's suspicious involvement adds a layer of corporate rivalry to the narrative.
Published: 02 Jul 2026, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented