മൺസൂൺ എത്തിച്ചേർന്നിട്ടില്ല. എങ്കിലും ഊട്ടിയിലെ പ്രഭാതത്തിന് അസാധാരണമാം വിധം കുളിരുണ്ട്. കോവിഡ് കാലത്തെ മറയ്ക്കുംവിധം പടർന്നുകയറിയ കാട,് ഊട്ടി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക ബറിയൽഗ്രൗണ്ടിനെ പ്രേതസ്ഥാനമാക്കി മാറ്റിയിരുന്നു. ഏറെ പണിപ്പെട്ട് കണ്ടെത്തിയ നേഹയുടെ കല്ലറയ്ക്കുമീതെ, വഴുക്കൻ പായലിന്റെ വിള്ളലുകൾക്കിടയിൽ, ശവംനാറിപ്പൂവുകൾ ശാഠ്യത്തോടെ വളർന്നു നിൽക്കുന്നു.
നേഹയുടെ മരണവിവരം അറിഞ്ഞയുടൻ തന്നെ, ഏതു വിധേനയും അവളുടെ ഭൗതികശരീരം കൊച്ചിയിലെത്തിക്കാൻ എമ്മ ഫെർണാണ്ടസ് മുൻകൈയെടുത്ത് ശ്രമിച്ചതാണ്. എന്നാൽ, അതു സാധ്യമായില്ല. കോവിഡ് പ്രോട്ടോക്കോളിന്റെ കാഠിന്യം കാരണം സീറോ ബോഡി മൂവ്മെന്റ് പോളിസിയായിരുന്നു നിലവിലുണ്ടായിരുന്നത്. മരണം നടന്നതെവിടെയോ അവിടെത്തന്നെ പൊതുവായി നിശ്ചയിക്കപ്പെട്ട സ്ഥലത്തുവേണം സംസ്ക്കരിക്കാൻ. രോഗവ്യാപനം തടയാനുള്ള മുൻകരുതലിന്റെ ഭാഗമായി സംസ്ക്കാരച്ചടങ്ങിലും കാലതാമസം അനുവദിച്ചിരുന്നില്ല. നേഹയുടെ മരണം പോലെ, അവളെ കല്ലറയിൽ അടക്കിയ ചടങ്ങും ഒരു നിഴൽ രേഖയായി.
സമർ ബനഡിക്ട് മെല്ലെ അവിടേക്കു നടന്നു. കല്ലറ തുറക്കുന്നതിനുള്ള കോടതി ഉത്തരവിന്റെ പകർപ്പ് അയാളുടെ കീശയിൽ ശ്വാസമില്ലാതെ കിടപ്പുണ്ട്. ആദിൽഖാനും സംഘവും നേരത്തെതന്നെ സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആ കുഴിമാടം തുറക്കുന്നതോടെ, ആറടി മണ്ണിന്റെ ദീർഘചതുരത്തിൽ അടക്കം ചെയ്ത രഹസ്യം പുറത്തുവരും. അതു ചിലപ്പോൾ ഒരു സ്ത്രീയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഉത്തരം മാത്രമാകണമെന്നില്ല- മറ്റു ചില അസ്വാഭാവികതകളിലേക്കുള്ള ദിശാസൂചിയുമായേക്കാം. ചുരുങ്ങിയപക്ഷം, ഔദ്യോഗികരേഖകൾക്കും മരണസർട്ടിഫിക്കറ്റുകൾക്കും വേണ്ടിയുള്ള നടപടിക്രമങ്ങളിലെ വിശ്വാസ്യതയെങ്കിലും ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് സമർ കരുതി.
മുനിസിപ്പാലിറ്റി ജീവനക്കാർ കയ്യുറകൾ ധരിച്ച്, അതീവശ്രദ്ധയോടെ കല്ലറ ഇളക്കുന്നുണ്ട്. അണുവിമുക്തമായ ഉപകരണങ്ങൾ, സീൽ ചെയ്ത കിറ്റുകൾ, അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക കണ്ടെയ്നറുകൾ... ഫോറൻസിക് വാനിൽ നിന്ന് അവയെല്ലാം അങ്ങോട്ടെത്തിക്കുന്നുണ്ട്. പാത്തോളജിസ്റ്റും ലാബ്ടെക്നീഷ്യൻമാരും, മജിസ്ട്രേറ്റും സാക്ഷികളായി കല്ലറയ്ക്കു സമീപം കാത്തുനിന്നു.
ഡിഎൻഎയിൽ നിന്നു തന്നെ വേണം തുടങ്ങാൻ. ലീക്ക് പ്രൂഫായ പ്ലാസ്റ്റിക് ബാഗിൽ പാക്കുചെയ്തതും, ബാഹ്യഭാഗം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് ഡീകന്റാമിനേറ്റ് ചെയ്തതുമാണെങ്കിലും മൃതദേഹത്തിൽ മൃദുവായ കോശങ്ങളൊന്നും അവശേഷിക്കാനിടയില്ല. പിൻനിര പല്ലുകളും തുടയുടെ അസ്ഥികളുമാണ് നിർണായകം. അവയിൽനിന്നു ശേഖരിക്കുന്ന സാംപിളുകൾ നേഹയുടെ മാതാപിതാക്കളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉറപ്പിക്കാം- ഈ കുഴിമാടത്തിലുള്ളത് മറ്റാരോ ആണെന്ന്.
അയാളുടെ ചിന്തകൾ ഒരു പടി കൂടി മുന്നോട്ടുപോയി. ഫോറൻസിക് ലാബിൽ സംഭവിക്കാനിടയുള്ളതെന്തെന്ന് അയാൾ സങ്കൽപ്പിച്ചു. വെളുത്ത കോട്ടുധരിച്ച ടെക്നീഷ്യന്റെ മുന്നിലേക്ക് അസ്ഥി എത്തും. ഒരു വർഷം കഴിഞ്ഞ വരണ്ടുണങ്ങിയ, ബോൺമാരോ നഷ്ടപ്പെട്ട അസ്ഥി പൊടിക്കും. ഡിഎൻഎ എക്സ്ട്രാക്ട് ചെയ്യും. ആ അസ്ഥിചൂർണ്ണത്തിനുള്ളിലായിരിക്കും നേഹയുടെ സത്യം.
സാംപിൾ ശേഖരണവും പരിശോധനയും ഏകദേശം രണ്ടുമണിക്കൂറോളം നീണ്ടു. കരസ്പർശമില്ലാതെ ശേഖരിച്ച ശരീരാവശിഷ്ടങ്ങളുമായി പാത്തോളജിസ്റ്റും ടെക്നിഷ്യൻമാരും ഫൊറൻസിക് ലാബിലേക്കു തിരിച്ചു. ഊട്ടിയിൽ നിന്നുള്ള മടക്കയാത്രയിൽ, അന്വേഷണത്തിന്റെ തുടർവഴികളെപ്പറ്റി ഒരു രൂപരേഖയുണ്ടാക്കാനാണ് സമർ ബനഡിക്ട് ശ്രമിച്ചത്. ഒരിക്കൽക്കൂടി നേഹയുടെ മാതാപിതാക്കളെ കാണണം. അതിനു മുൻപ് അവരുടെ ഡി എൻ എ സാംപിളുകൾ ശേഖരിക്കണം.
എറണാകുളത്തെത്തി അടുത്ത ദിവസം തന്നെ സമർ അതിനുള്ള ഏർപ്പാടുകൾ ചെയ്തു. സി പി ഒ സത്യപ്രകാശിനെയാണ് അക്കാര്യം ഏൽപ്പിച്ചത്. ടീമിനൊപ്പം ഇത്തവണ സത്യപ്രകാശ് ഊട്ടിയിലേക്കു പോയിരുന്നില്ല. കൊച്ചിയിൽ വേണ്ടിവരുന്ന ആവശ്യങ്ങൾകാകണ് അയാളെ നിയോഗിച്ചിരുന്നത്.
'രണ്ടാഴ്ച വേണ്ടിവന്നേക്കും... ഡിഎൻഎ എക്സ്ട്രാക്ഷനും, പിസിആർ പ്രോസസും, കംപാരിസണുമൊക്കെയില്ലേ... മിനിമം അത്രയും സമയമെടുക്കും റിസൾട്ടു കിട്ടാൻ.'
സമർ ഫോണിൽ ആദിൽഖാനോട് ഫോറൻസിക് പരിശോധനയുടെ കാലതാമസത്തെപ്പറ്റി വാചാലനായി. അതേസമയം, ആ ഇടവേള ഫലപ്രദമായി ഉപയോഗിക്കാൻ അയാൾ നൽകുന്ന നിർദേശം കൂടിയാണ് അതെന്ന് ആദിൽഖാനു വ്യക്തമായി. നേഹ ഹോസ്പിറ്റലിലുണ്ടായിരുന്ന കാലയളവിൽ അവിടെ അഡ്മിറ്റു ചെയ്യപ്പെട്ട, അവളുടെ പ്രായപരിധിയിൽപ്പെട്ട നാലു സ്ത്രീകളെപ്പറ്റിയായി സമറിന്റെ തുടർന്നുള്ള േേഅന്വഷണം.
'ആ നാലുപേരും ജീവിച്ചിരിപ്പുണ്ട് സാർ. നേരിൽ കണ്ട് ഉറപ്പുവരുത്തി.'
'അങ്ങനെയെങ്കിൽ കല്ലറയിലുള്ളത് നേഹയുടെ ബോഡി തന്നെയാകാനാണ് ചാൻസ്. അതല്ലെങ്കിൽ ആശുപത്രിയിൽത്തന്നെയുണ്ടായിരുന്ന മറ്റൊരാൾ... കോവിഡിനല്ല, മറ്റേതേങ്കിലും രോഗത്തിനു ചികിത്സയിലായിരുന്ന പേഷ്യന്റ്.'
'അപ്പോൾ ഗോവയിൽ താമസിച്ചത്?'
'നേഹയുടെ രൂപസാദൃശ്യമുള്ള മറ്റാരോ ആയിരിക്കാം'
ഒന്നുനിർത്തി സമർ തുടർന്നു.
'കളക്ട് ദി ഡീറ്റയിൽസ് ഓഫ് ഈച്ച് ആന്റ് എവരി ഇൻ-പേഷ്യന്റ്സ് ഫ്രം ആൾ സെക്ഷൻസ്. ആ ഒരാഴ്ചക്കാലത്തേ ഡീറ്റയിൽസ്. കഴിയുന്നിടത്തോളം പേഷ്യന്റ്സിനെ നേരിട്ടുകണ്ട് വെരിഫൈ ചെയ്യണം.'
ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 05
സമർ ബനഡിക്ട് അന്നുതന്നെ നേഹയുടെ കുടുംബവീട്ടിലെത്തി. ദിവസങ്ങൾക്കു മുമ്പു കണ്ടതിലുമേറെ ക്ഷീണിതനായിരുന്നു തോമസ്. അനിശ്ചിതത്വത്തിന്റെയും ഭീതിയുടെയും പകർച്ച മുഖത്ത്. മേരിയും അങ്കലാപ്പിലായിരുന്നു. മകളുടെ കല്ലറ തുറന്നതും ഡിഎൻഎ പരിശോധനയ്ക്കു സാംപിളെടുത്തതുമെല്ലാം അപ്രതീക്ഷിതമായിരുന്നല്ലോ. അതിന്റെ മാനസികാഘാതവും ആശയക്കുഴപ്പവുമായിരുന്നു അത്.
'ചില കാര്യങ്ങളിൽ ക്ലാരിറ്റി വേണം. അതിനാണ് വീണ്ടും വന്നത്.'
സമർ ഇരുവരെയും മാറിമാറി നോക്കി.
'ഇപ്പോഴുണ്ടായ ഡവലപ്പ്മന്റ്സൊക്കെ അറിഞ്ഞല്ലോ. നിങ്ങൾക്കെന്തെങ്കിലും സംശയങ്ങളുണ്ടോ?'
തോമസും മേരിയും പരസ്പരം നോക്കി. അവരുടെ ആശങ്ക കൂടുതൽ ബലപ്പെട്ടതേയുള്ളൂ.
'അന്നു പറഞ്ഞതല്ലാതെ, കൂടുതലെന്തെങ്കിലും പറയാനുണ്ടോ?'
'ഇല്ല സാർ'
തോമസ് നിസ്സഹായനായി നിന്നു.
'ഊട്ടിയിലേക്കു പോകുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ... അവൾ എവിടെയാണ്, ആർക്കൊപ്പമാണ് ഉണ്ടായിരുന്നത്? നേരിട്ടറിവില്ലെങ്കിൽ വേണ്ട. ആരൈങ്കിലും പറഞ്ഞുകേട്ടതു മതി.'
'അതറിയില്ല സാർ. സാറാദ്യം വന്നപ്പോ പറഞ്ഞതൊക്കെത്തന്നെയാ ഞങ്ങൾക്കിപ്പോഴും പറയാനുള്ളത്.'
തോമസിന്റെ ശബ്ദം ദുർബലമായിരുന്നു.
അതുവരെ മൗനം പാലിച്ച് പിന്നിലേക്കു നിന്നിരുന്ന മേരി കൂട്ടിച്ചേർത്തു.
'അവസാനമൊക്കെയായപ്പൊഴേക്കും, അവൾ ഞങ്ങളിൽ നിന്ന് ഒത്തിരി അകന്നുപോയി. അവളെപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയായിരുന്നു.'
'അതിശയമാണ്...'
സമർ വിശ്വാസം വരാത്തതുപോലെ തലയാട്ടി.
'അവൾ ഇഷ്ടപ്പെട്ടിരുന്ന ആളെക്കുറിച്ച് നിങ്ങളൊന്നും അന്വേഷിച്ചില്ലെന്നു പറഞ്ഞാൽ?'
നിറകണ്ണുകളോടെ മേരി നിലപാട് ആവർത്തിച്ചു.
'അവളുടെ എടുത്തുചാട്ടമാണ്, അവൾ പിന്മാറും എന്നൊക്കെ ഞങ്ങൾ വിചാരിച്ചു. ആളാരാണെന്ന് ഞങ്ങളോടവൾ പറഞ്ഞിട്ടില്ല. വീട്ടിലേക്കു കൊണ്ടുവന്നിട്ടുമില്ല.'
ഗൗരവമുള്ള വിഷയമായിട്ടും, തോമസും മേരിയും കാട്ടിയ ഉപേക്ഷയിൽ സമറിന് അനിഷ്ടം തോന്നാതെയിരുന്നില്ല. എങ്കിലും അതു മറച്ചുവച്ച്, ചുമരിൽ തൂക്കിയിരുന്ന നേഹയുടെ ചിത്രങ്ങളിലേക്കയാൾ കണ്ണോടിച്ചു. കൂട്ടുകാർക്കൊപ്പമുള്ള ചില ഫോട്ടോകളും അതിലുണ്ട്.
'നേഹയുടെ അടുത്ത സുഹൃത്തുക്കളാരാണ്? അതും അറിയില്ലെന്നാണോ പറയാൻ പോകുന്നത്?'
ഒന്നു പതറിയെങ്കിലും, ദീർഘനിശ്വാസത്തോടെ മേരി പറഞ്ഞു.
'ചിലപ്പോൾ... എമ്മ മാഡത്തിന് ഞങ്ങളെക്കാൾ അറിയാമായിരിക്കും.'
അൽപ്പനേരം കൂടി സംസാരിച്ചിരുന്നതിനുശേഷം സമർ പോകാനെഴുനേറ്റു. ആവർത്തിച്ചുള്ള ചോദ്യങ്ങൾ തോമസിന്റെയും മേരിയുടെയും മനോവ്യഥയെ ഒന്നുകൂടി നിശിതമാക്കിയിരുന്നു. താറുമാറായ ജീവിതം ചിട്ടവട്ടങ്ങളെയപ്പാടെ തലകുത്തിമറിച്ചതിൽ തോമസിന് കുറ്റബോധം തോന്നി. ഉത്തരങ്ങളില്ലാതെ നിൽക്കുമ്പോഴും ഉള്ളിലൊരു ചോദ്യം പിടഞ്ഞതോടെ, അയാൾ മുന്നോട്ടുനീങ്ങി സമറിന്റെ കൈത്തണ്ടയിൽ തൊട്ടു.
'ബോഡി നേഹയുടേതല്ലെങ്കിൽ...'
അയാളുടെ ചുണ്ടുകൾ വിറച്ചു.
'അവൾ ജീവിച്ചിരിപ്പുണ്ടെന്നല്ലേ സാർ, അതിനർത്ഥം?'
'ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ട് വരട്ടെ. വെയ്റ്റ് ചെയ്യാം.'
പ്രതീക്ഷാനാളം തെളിയിക്കാനോ അണയ്ക്കാനോ സമർ തുനിഞ്ഞില്ല. തോമസിന്റെ ചുമലിൽത്തട്ടി ആശ്വസിപ്പിച്ച് അയാൾ കാറിൽ കയറി. ആ യാത്ര എമ്മ വില്ലയിലേക്കായിരുന്നു.
ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 06
നേഹയുടെ പ്രണയത്തെക്കുറിച്ച് തോമസും മേരിയും വെളിപ്പെടുത്തിയ ആദ്യദിനത്തിൽത്തന്നെ സമർ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു- ആ വിഷയത്തിൽ അവരുടെ പഴയ മനോഭാവമല്ല ഇപ്പോഴുള്ളത്. ഒരുപക്ഷേ, ഇപ്പോഴാണ് നേഹ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നതെങ്കിൽ, അവർ തടസ്സം നിൽക്കില്ലായിരുന്നു.
എമ്മ വില്ലയിൽ സമറെത്തുമ്പോൾ എമ്മ ഫെർണാണ്ടസ് റീഡിംഗ് റൂമിലായിരുന്നു. ജാക്കിന്റെ കുട്ടിക്കാലത്ത് മടിയിൽക്കിടത്തി കഥകൾ വായിച്ചുകൊടുത്തിരുന്ന പഴയ ചൂരൽക്കസേരയിൽ സമറിനെ കാത്തുകിടക്കുമ്പോഴും അവരുടെ കയ്യിൽ ജപമാലയുണ്ടായിരുന്നു.
'നേഹയുടെ വീട്ടിൽ പോയിരുന്നോ... '
സമറിനെ കണ്ട പാടെ കസേരയിൽ നിവർന്നിരുന്ന് ധൃതിയിലവർ ചോദിച്ചു.
'യെസ് ആന്റി '
അഭിമുഖമുള്ള സോഫയിലിരുന്ന് സമർ തുടർന്നു.
'അവളുടെ പേരന്റ്സ് വല്ലാത്ത ഷോക്കിലാണ്. നേഹ മരിച്ച സങ്കടത്തിലായിരുന്നു ഇതുവരെ. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോയെന്ന പ്രതീക്ഷയിലാണ്.'
എമ്മയുടെ മുഖം ദുഃഖസാന്ദ്രമായി. നേഹയുടെ മാതാപിതാക്കളിൽ നിന്നു കിട്ടാത്ത ഉത്തരങ്ങൾക്കുവേണ്ടി സമർ, അന്വേഷണം സംബന്ധിച്ച സൂചനകൾ എമ്മയെ ധരിപ്പിച്ചു. നേഹ ഇഷ്ടപ്പെട്ടിരുന്ന യുവാവിനെയും അവളുടെ അടുത്ത സുഹൃത്തുക്കളെയും കുറിച്ച് തോമസും മേരിയും പ്രകടിപ്പിച്ച അജ്ഞത സമറിനെ അസ്വസ്ഥനാക്കിയിരുന്നു.
അതേ സമയം, ആധാർ അപ്ഡേഷൻ മെസ്സേജിൽ തനിക്കു തോന്നിയ സംശയം ഇന്നെത്തിനിൽക്കുന്നതെവിടെയെന്നറിയുമ്പോൾ എമ്മയുടെ ഉദ്വേഗവും ഇരട്ടിച്ചു.
'ഒന്നും ഉൾക്കൊള്ളാനാവുന്നില്ല സമർ.'
നേഹയുടെ മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ പലതും എമ്മ ശരിവച്ചു. കമ്പനിയുടെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന നേഹ, അവസാനത്തെ ഒരു വർഷക്കാലം വിമൻസ് ഹോസ്റ്റലിലേക്കു മാറിയിരുന്നു. പതിവുപോലെ ആഴ്ചയിലൊരിക്കൽ അവൾ വീട്ടിൽ പോകുന്നുണ്ടെന്നാണ് എമ്മ കരുതിയിരുന്നത്. ഇടയ്ക്കൊരിക്കൽപ്പോലും സുഹൃത്തുക്കളെയും റൂം മേറ്റ്സിനിനെയും കുറിച്ച് അവൾ പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതായി പലപ്പോഴും എമ്മയ്ക്കു തോന്നിയിട്ടുമുണ്ട്.
'സോറി സമർ, അവളുടെ സുഹൃത്തുക്കളുടെ കാര്യത്തിൽ... എനിക്കു സഹായിക്കാനാകുമെന്നു തോന്നുന്നില്ല.'
അതുപറയുമ്പോൾ അവർക്കു മനഃസാക്ഷിക്കുത്ത് അനുഭവപ്പെട്ടു. നേഹയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെങ്കിലും അറിയാൻ ശ്രമിക്കേണ്ടതായിരുന്നു. അവൾ കഠിനാധ്വാനം ചെയ്തു. നിഴൽപോലെ കൂടെ നിന്നു. അധികപ്പറ്റായി ഒന്നും ഒരിക്കലും ആവശ്യപ്പെട്ടില്ല. അതുകൊണ്ടു തന്നെ അവളെ ഏറ്റവും വിശ്വസ്തയെന്നു കരുതി. ചിലപ്പോഴൊക്കെ മകളെപ്പോലെ സ്നേഹിച്ചു. പക്ഷേ അപ്പോഴൊന്നും തോന്നിയില്ല- അവളുടെ സ്വകാര്യതയിലേക്ക് ഒന്നു കണ്ണുവയ്ക്കണമെന്ന്.
സമർ ബനഡിക്ട് ശാന്തനായി കാൽമുട്ടുകളിൽ വിരലുകളാൽ താളമിട്ടു. അയാളെ നോക്കി ഇടറുന്ന ശബ്ദത്തിൽ എമ്മ ചോദിച്ചു.
'ബോഡി നേഹയുടേതല്ലെങ്കിൽ?'
'ഈഫ് സോ... അതു കേവലം ബോഡി മിക്സ് അപ് ആവില്ല. ദെയർ ഈസ് സം പ്ലാൻ ബിഹൈൻഡ് ഇറ്റ്.'
ഇതിനകം എമ്മ ഒരു ജപമാല പൂർത്തിയാക്കിയിരുന്നു. അവർ സമറിനടുത്തേക്ക് അൽപ്പം കൂടി നീങ്ങി. പ്രതിസന്ധിയും പ്രതീക്ഷയും നേർക്കുനേർ നിഴലിളക്കങ്ങളായി അവരുടെ കണ്ണിൽ നിഴലിച്ചിരുന്നു
'അവൾ ജീവിച്ചിരിപ്പുണ്ടാകുമോ കുട്ടീ?'
'ഇതുതന്നെയാണ് ആന്റീ അവളുടെ പേരന്റ്സും ചോദിച്ചത്.'
ഒന്നു നിർത്തി, അയാൾ അനുമാനത്തിലേക്കു കടന്നു.
'ഒന്നുറപ്പാണ്. ഈ കഥയിൽ പലതും ഒളിഞ്ഞിരിപ്പുണ്ട് ആ രഹസ്യങ്ങളിലേക്കുള്ള അന്വേഷണത്തിന്റെ താക്കോൽ ഇപ്പോൾ... നേഹ മാത്രമാണ്.'
ജാക്കിന്റെ മരണം തീർത്ത വിഷമവൃത്തത്തിൽ നേഹ തുണയായി മാറിയ ഓർമകളിലേക്ക് എമ്മ വഴുതിവീണു. എല്ലായിടത്തും നേഹയുടെ നോട്ടമെത്തിയിരുന്നു. എമ്മയ്ക്കതു നൽകിയ ധൈര്യം ചെറുതായിരുന്നില്ല. പത്രങ്ങൾക്കുള്ള പ്രസ്താവന തയ്യാറാക്കിയതും പി ആർ കാര്യങ്ങൾ ഏകോപിപ്പിച്ചതുമെല്ലാം അവളാണ്. ഒരിക്കലും അവൾ സങ്കടപ്പെടുന്നത് എമ്മ കണ്ടിട്ടില്ല. പക്ഷേ, ജാക്കിന്റെ മരണം അവളുടെ കണ്ണു നനയിച്ചിരുന്നു.
പതിഞ്ഞ ശബ്ദത്തിൽ എമ്മ അത് വിവരിച്ചങ്കെിലും അന്വേഷണത്തിന് അനുകൂലമായൊന്നും അതിലില്ലാത്തത് സമറിനെ നിരാശപ്പെടുത്തി. എങ്കിലും അയാൾ ക്ഷമാപൂർവ്വം കേട്ടിരുന്നു.
'ജാക്കും നേഹയും തമ്മിൽ എങ്ങനെയായിരുന്നു?'
'കമ്പനിയുടെ അനന്തരാവകാശിയെന്ന നിലയിലല്ല, ജാക്കിനെ ഒരനുജനെപ്പോലെയാണ് അവൾ കണ്ടിരുന്നത്. ജാക്കിനും അവളെ ഇഷ്ടമായിരുന്നു.'
എമ്മയുടെ പിന്നിലെ റോസ് വുഡ് ഷെൽഫിലുള്ള മർഫി റേഡിയോയിൽ സമറിന്റെ നോട്ടം പതിഞ്ഞു. പിച്ചളച്ചുറ്റുള്ള ട്യൂണിംഗ് നോബ് തിരിക്കുമ്പോൾ, ഗ്ലാസ് പാനലിലൂടെ മങ്ങിയ സിൽവർ പോയിന്റർ ബോംബെ , കൊളംബോ, ലണ്ടൻ, റംഗൂൺ തുടങ്ങിയ ശബ്ദലോകങ്ങളിലേക്കാണ് ഒരു കാലത്ത് സഞ്ചരിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ പ്രായപ്പകർച്ച അവയെ ഇപ്പോൾ പ്രേതലോകങ്ങളാക്കി- നേഹയുടെ കുഴിമാടം നൽകുന്ന ഭാരപ്പകർച്ച പോലെ.
'ആന്റീ... മാര്യേജ് ചലഞ്ച് കോ ഓർഡിനേറ്റ് ചെയ്തത് നേഹയാണല്ലോ. മുഴുവൻ സമയവും അവൾ ഊട്ടിയിലുണ്ടായിരുന്നു. എനിക്ക് ആ പ്ലാനിന്റെ എല്ലാ ഡീറ്റയിൽസും വേണം. എന്തായിരുന്നു പ്ലാൻ? എങ്ങനെയാണ് നടത്തിയത്? ആരൊക്കെയായിരുന്നു പാർട്ടിസിപ്പന്റ്സ്? അവരോടുള്ള ജാക്കിന്റെ സമീപനം എന്തായിരുന്നു? നിർണ്ണായക തീരുമാനങ്ങളെടുത്തിരുന്നത് ആരൊക്കെയാണ് ? അതെല്ലാമറിയണം.'
മാര്യേജ് ചലഞ്ചിനെക്കുറിച്ച് സമറിനോടു മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങൾ, ചരടുപൊട്ടിയ പട്ടം പോലെ പാറിപ്പറന്ന ചെറുമകനെ തിരിച്ചുപിടിക്കാനും പാരമ്പര്യവ്യവസായത്തിന്റെ ചുമതല ഏൽപ്പിക്കാനുമുള്ള ഒരു മുത്തശ്ശിയുടെ നിസ്സഹായശ്രമങ്ങൾ, ഒരിക്കൽക്കൂടി എമ്മ ആവർത്തിച്ചു.
മാര്യേജ് ചലഞ്ചിൽ പങ്കെടുക്കാൻ താൽപ്പര്യമറിയിച്ച് അമ്പതിലധികം പെൺകുട്ടികളാണ് മുന്നോട്ടുവന്നത്. വ്യക്തിപരമായ ബന്ധങ്ങളിലൂടെ, പരിചിതരുടെ ഇടയിലൂടെ, ബിസിനസ് ഫ്രറ്റേണിറ്റിയിലൂടെ തികച്ചും സ്വകാര്യമായാണ് വിശദാംശങ്ങൾ ടാർഗറ്റ് ഗ്രൂപ്പിലെത്തിച്ചത്. പ്രൊഫൈലുകളെല്ലാം വിശദമായി പരിശോധിച്ചതും താൽപ്പര്യം തോന്നിയവ ചുരുക്കപ്പട്ടികയാക്കിയതും നേഹയാണ്. അക്കൂട്ടത്തിൽ ബേബി ചെറിയാന്റെ മകളും ഉണ്ടായിരുന്നു.
'ചെറിയാൻസ് മറൈൻ പ്രോഡക്ട്സ് ഉടമ ബേബി ചെറിയാന്റെ കാര്യമാണോ ആന്റി പറയുന്നത്.'
'അതേ, അയാൾ തന്നെ...'
എമ്മയുടെ കണ്ണുകൾ നിറഞ്ഞു.
'ജൂലി ചെറിയാൻ. ബേബിയുടെ ഏകമകൾ... അലക്സാണ്ടറുടെ ഫ്രണ്ടിന്റെ മകൾക്കാണ് ജാക്കിന്റെ ഭാര്യയാകാൻ യോഗമെങ്കിൽ, എനിക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.'
എമ്മ ദീർഘനിശ്വാസമുതിർത്തു. ഊട്ടിയിലെ ഗസ്റ്റ് ഹൗസും അഭിശപ്തമായ ദിനങ്ങളും- അവരുടെ മനസ്സ് പൂർണ്ണമായും ഓർമ്മകളിൽ മുഴുകി. മാര്യേജ് ചലഞ്ചിന്റെ ആദ്യ നാളുകളിൽത്തന്നെ ജാക്കിന് അഞ്ചുപെൺകുട്ടികളിൽ ജൂലിയോട് പ്രത്യേകിച്ചൊരു മമത തോന്നിത്തുടങ്ങിയിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട നേഹ ഉടനടി എമ്മയെ അറിയിക്കുകയും ചെയ്തു. അവസാനദിവസം, ബർത്ത്ഡേ ആഘോഷത്തിന്റെയന്ന്, വൈകുന്നേരവും നേഹയുടെ ഫോൺകോളിൽ പദ്ധതി വിജയിക്കാൻ പോകുന്നതിന്റെ ആത്മവിശ്വാസം നിറഞ്ഞിരുന്നു.
ആ വാക്കുകളുടെ വിശ്വാസത്തിൽ, വെഡ്ഡിങ് മേക്കോവറിലുള്ള ജാക്കിനെയും ജൂലിയെയും സങ്കൽപ്പിച്ച് ഉറങ്ങാൻ കിടന്ന എമ്മയ്ക്ക് രാത്രി മുഴുമിപ്പിക്കാനായില്ല. ഒരു മണിയോടെ നേഹയുടെ ഫോൺകോളെത്തി. പൊട്ടിക്കരച്ചിനൊപ്പം, ആ സത്യം ഭയന്നുവിറച്ചാണ് അവൾ പൂർത്തിയാക്കിയത്.
എമ്മ കണ്ണുനീരൊപ്പി സാധാരണനില വീണ്ടെടുക്കുംവരെ സമർ കാത്തിരുന്നു.
'ആന്റീ, ആ അഞ്ചു പെൺകുട്ടികളില്ലേ... ജൂലിയടക്കം. എനിക്കവരുടെ ഫോൺനമ്പരും അഡ്രസും വേണം.'
'ഷുവർ സമർ... വൈകുന്നേരത്തിനകം ഞാനത് മെസ്സേജിടാം.'
സമർ ബനഡിക്ട് മടങ്ങാനൊരുങ്ങുമ്പോൾ, എമ്മ തെല്ലു മടിയോടെ ചോദിച്ചു.
'ഇനി, ഇതൊരു ഫൗൾ പ്ലേയാണെങ്കിൽ... നേഹയ്ക്കും അറിവുണ്ടാവുമോ? ആരെയെങ്കിലും ഭയന്ന് അവൾ നിശ്ശബ്ദയായതാണെങ്കിലോ?'
എമ്മയുടെ ആകാംക്ഷയിൽ നേഹയോടുള്ള അനുതാപം മുഴച്ചുനിന്നു. വ്യക്തമായൊരു ഉത്തരം അതിനില്ലാത്തതുകൊണ്ട്, മെല്ലെ നടന്നുകൊണ്ട് സമർ പറഞ്ഞു.
'ചില സത്യങ്ങൾ അങ്ങനെയാണ് ആന്റി. ഉൾക്കൊള്ളാൻ കഴിയാത്തവിധം മൂർച്ചയുണ്ടാവും.'
എമ്മ വില്ലയിൽനിന്നു മടങ്ങുമ്പോൾ അഞ്ചു പെൺകുട്ടികളാണ് സമറിന്റെ മനസ്സിൽ ബാക്കിനിന്നത്.
സത്യത്തിന്റെ അഞ്ചു പടിപ്പുരകൾ,
സാധ്യതയുടെ അഞ്ചു വാതിലുകൾ.
അവയിൽ ഏതെങ്കിലും ഒന്നു തുറന്നാൽ…
ഈ കഥയുടെ ദിശ തന്നെ മാറിയേക്കാം.
(തുടരും)
Content Highlights: Exhumation of Neha's grave in Ooty for DNA verification., Samar Benedict investigates potential inconsistencies in death certificates., Investigation shifts to the 'Marriage Challenge' participants and Neha's past., Emma Fernandez provides critical leads regarding the five girls involved in the challenge., The mystery deepens regarding Neha's true whereabouts versus the body in the grave.
Published: 29 Jun 2026, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented