ഊട്ടിയിലെ ഞായറാഴ്ചയിൽ പുകമഞ്ഞു പരന്നിരുന്നു. ഹോട്ടൽ മുറിയിൽനിന്നു പുറത്തേക്കു നോക്കിയാൽ ചരൽപ്പാതയിൽ അത് മൂടുപടം വിരിച്ചതുകാണാം. നേഹയുടെ കേസിലെന്ന പോലെ പുറമെ ഊഷ്മളത പകരുമ്പോൾ, അടിത്തട്ടിലത് മരവിച്ച സത്യങ്ങളെ മറയ്ക്കുകയാണ്. ചക്രവാതച്ചുറ്റിൽ അകപ്പെട്ടതുപോലെയായി സമർ ബനഡിക്ട്.
ഇതുവരെ കണ്ടെത്തിയതിലൊന്നും നേഹയുടെ അസ്ഥിയോ ജീവിതമോ മരണമോ ഇല്ല. ഋജുവായല്ല, വളഞ്ഞ വഴിയിലൂടെയാണ് അന്വേഷണം നീങ്ങുന്നത്. നിർണായകമെന്നു കരുതാവുന്ന ചില ഇഴയിണക്കങ്ങളുടെ സൂചന ലഭിച്ചതുപോലും ഇപ്പോഴാണ്. ഏതൊരു അന്വേഷണവും ആദ്യഘട്ടത്തിൽ അങ്ങനെയൊക്കെത്തന്നെയായിരിക്കും. പ്രകടവും ഉറച്ചതുമെന്നു കരുതുന്ന അടയാളങ്ങളിൽ പലപ്പോഴും സത്യത്തിന്റെ തരി പോലുമുണ്ടാവില്ല. അതേസമയം, ചെറുതും ഒച്ചപ്പാടില്ലാത്തതുമായ വിവരങ്ങളിൽ അതുണ്ടാവുകയും ചെയ്യും.
കല്ലറയിൽനിന്നു ശേഖരിച്ച അസ്ഥിക്കഷണത്തിലെ ലോഹത്തിൽ ആലേഖനം ചെയ്ത നിർമ്മാണത്തിന്റെ കയ്യൊപ്പും സീരിയൽ നമ്പരും ആരോരും ശ്രദ്ധിക്കാതെ പോയ വഴികാട്ടിയായിരുന്നു. കള്ളം പറയാൻ മടിക്കുന്ന ശാസ്ത്രത്തിന്റെ വിരലടയാളമാണത്. പ്രേതത്തിനുള്ളിലെ മറ്റൊരു പ്രേതമായി, മൂടിവച്ച സത്യം അക്ഷരാർത്ഥത്തിലും ആലങ്കാരികമായും പുറത്തേക്കുവരുന്നതായി വേണം കരുതാൻ.
ക്രൈം നമ്പർ: 369/2021 ഊട്ടി ഫയൽ | നോവൽ 08
അന്വേഷണം സജീവമാക്കാൻ ഡി.എൻ.എ പ്രൊഫൈലിങ്ങിന്റെ ഫലം കാത്തിരിക്കേണ്ടതില്ലെന്ന് സമർ തീരുമാനിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്. ഓർത്തോ സർജറിയും സ്റ്റെയ്ലൻസ് സ്റ്റീൽ ഇന്റർലോക്കിംഗും ബോഡിയുടെ ഏകദേശ പ്രായവുമെല്ലാം ശക്തമായ സൂചനകളാണ്. ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽനിന്നു കണ്ടെത്തിയ പൊരുത്തക്കേടുകൾക്കും അത്രത്തോളം പ്രാധാന്യമുണ്ട്.
'ആദിൽഖാൻ... സ്പ്ലിറ്റ് യുവർ ടീം.'
സമറിന്റെ നിർദ്ദേശങ്ങൾ കാത്ത് ആദിൽഖാൻ അരികിലുണ്ടായിരുന്നു. ആദ്യം ബോഡി ആരുടേതാണെന്ന് തിരിച്ചറിയണം. അതിന്റെ മൂവ്മെന്റ്സ് എങ്ങനെയായിരുന്നെന്ന് കണ്ടുപിടിക്കണം. ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ അതെങ്ങനെ വന്നു? എങ്ങനെ പുറത്തേക്കു പോയി? ബോഡി നേഹയുടേതാണെന്ന് സ്ഥിരീകരിച്ചതാരാണ്? എല്ലാം അറിയണം. 'ഷുവർ സാർ. രാജേന്ദ്രനും സി.പി.ഒ. വർഗ്ഗീസും ഹോസ്പിറ്റലിലേക്കു
പോകും. ഉബൈദും സത്യപ്രകാശും മാൻ മിസ്സിങ് ഡീറ്റയിൽസ് ഫോക്കസ് ചെയ്യട്ടെ.
'ഡൂ ഇറ്റ്, ആസ് യൂ വിഷ്. ബട്ട്.... അന്വേഷണം തെളിവുകളുടെ പിന്നാലെ
മാത്രമാക്കണ്ട. ഇൻസഫിഷ്യന്റാണത്... പൊരുത്തക്കേടുകൾ എന്തു കണ്ടാലും പരിശോധിക്കൂ'.
ഒട്ടും വൈകിയില്ല. രാജേന്ദ്രനും വർഗ്ഗീസും ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിലേക്കു പുറപ്പെട്ടു. രാവിലെ, ഹോസ്പിറ്റൽ സജീവമാകും മുമ്പ്, അവർ അവിടെയെത്തി.
പഴയ കെട്ടിടങ്ങളിലെ മങ്ങിയ ടൈൽ പാകിയ നിലങ്ങളിൽ രോഗങ്ങൾ കറപിടിച്ചു കിടപ്പുണ്ട്. രോഗികളുടെ തകർന്ന ജീവിതം കണക്കെ, ചുമരുകളിൽ നിന്ന് ഈർപ്പം കുറഞ്ഞ പെയിന്റടരുകൾ നിലം പൊത്തിയിരുന്നു. മെഡിക്കൽ റക്കോർഡ്സ് ബ്യൂറോയിലെ ക്യാബിനറ്റുകളിൽ മണൽച്ചാക്ക് അട്ടിവച്ചതുപോലെ ഫയലുകൾ പൊടിപിടിച്ചും മഞ്ഞനിറം കലർന്നും ഇരട്ടവാലൻ വെട്ടിയും കാണപ്പെട്ടു.
രാജേന്ദ്രൻ ആവശ്യപ്പെട്ടതു പ്രകാരം ആ സെക്ഷനിലെ രണ്ടു ജീവനക്കാർ പരിശോധന തുടങ്ങി. ഒ.പി. സ്ലിപ്പുകൾ, ഇൻപേഷ്യന്റ് രജിസ്ടറുകൾ, ഡെത്ത് സമ്മറികൾ, കോവിഡ് റിപ്പോർട്ടുകൾ- ഒന്നും വിട്ടുപോകാതെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ ചില ഡേറ്റകൾ തമ്മിൽ താരതമ്യം ചെയ്യുകയും അടയാളപ്പെടുത്തുകയും സ്‌കാൻ ചെയ്യുകയും വേണം.
അവർ നീക്കിവച്ച ഫയലുകളിൽ ചിലത് രാജേന്ദ്രൻ വീണ്ടും തുറന്നു നോക്കി. അപ്പോഴാണ് ജീവനക്കാരിലൊരാൾ തിരക്കിട്ട് അയാളുടെ അടുത്തേക്കുവന്നതും രജിസ്റ്റർ ബുക്കുകൾ മുന്നിലേക്കു നീട്ടിയതും.
'റണ്ടു റെജിസ്ടർ പാത്താലും ഒരേ പേര്.. സെയിം ഡേറ്റ്ലേ ഇരുക്ക് സാർ'. രാജേന്ദ്രൻ വിശദമായി പരിശോധിച്ചു. ഒരേസമയത്ത് ഒ.പി. രജിസ്റ്ററിലും അഡ്മിഷൻ രജിസ്റ്ററിലും നേഹയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു. ഉടനടിതന്നെ അയാൾ അക്കാര്യം ആദിൽഖാനെ വിളിച്ചറിയിച്ചു. ഹോട്ടൽ മുറിയിൽ സമറിനൊപ്പമുണ്ടായിരുന്നു ആദിൽ അപ്പോൾ.
ഔട്ട് പേഷ്യന്റായി രജിസ്റ്റർ ചെയ്ത സമയത്തുതന്നെ ഹോസ്പിറ്റലിൽ ഇൻപേഷ്യന്റായി അഡ്മിറ്റ് ചെയ്യുക. രേഖകളിലെ നിർദ്ദോഷമായ പിഴവാണ് അതെന്നു കരുതാൻ ആദിൽഖാനു കഴിഞ്ഞില്ല. ഒരുപക്ഷേ, എല്ലാം കഴിഞ്ഞ ശേഷം അടയ്ക്കാൻ വിട്ടുപോയ പഴുതാകാം. പകർച്ചവ്യാധിക്കാലത്തു നടന്ന സംഭവമായതുകൊണ്ട് പിന്നീട് ആരും അന്വേഷിക്കില്ലെന്നു കരുതിയിരിക്കാം.
ആദിൽഖാന്റെ നിരീക്ഷണം അരികിലിരുന്ന സമർ ബനഡിക്ടും ശരിവച്ചു. ഇരുവരും നിർദ്ദേശിച്ചതനുസരിച്ച്, നേഹയുടെ മരണകാരണം സ്ഥിരീകരിച്ച്‌രേഖകളിൽ ഒപ്പിട്ട മെഡിക്കൽ ഓഫീസർ ആരെന്ന് രാജേന്ദ്രൻ കണ്ടെത്തി.
അമ്പതിനു മുകളിൽ പ്രായം തോന്നുന്ന ഒരു വനിതാ ഡോക്ടർ. ഒറ്റനോട്ടത്തിൽത്തന്നെ അസംതൃപ്തിയാണ് അവരുടെ സ്ഥായീഭാവമെന്നു തോന്നും. ആദ്യമൊന്നും അവർ സഹകരിക്കാൻ ഒരുക്കമായിരുന്നില്ല. മറുപടികളൊക്കെയും ഒറ്റ വാക്കിലോ വാചകത്തിലോ ഒതുങ്ങി.
'പ്രോട്ടോക്കോൾ ഫോളോ പണ്ണി പേപ്പേഴ്സെല്ലാമേ ഫയൽ പണ്ണിട്ടേൻ.'
അവർ വല്ലാതെ തിടുക്കപ്പെട്ടിരുന്നു. ഒളിച്ചോട്ടത്തിന്റെ ലക്ഷണമാണ് അതെന്ന് രാജേന്ദ്രനു തോന്നി. അരിശം ഉള്ളിലൊതുക്കി അയാൾ പറഞ്ഞു.
'ഡോക്ടർ... ഉംഗളെ കുട്രം സൊല്ല വരലെ.. തപ്പു പണ്ണിനവങ്ങളെ കണ്ടുപിടിക്കത്താൻ വന്തത്. വിഷയം ഉംഗളുക്ക് പുരിഞ്ചിരുക്കും. ഉംഗ റെക്കോർഡ്ല ഇരിക്കര ആളില്ലൈ... സെത്തത്'.
പോലീസുദ്യോഗസ്ഥൻ ഗൗരവത്തിലായെന്നു കണ്ടതോടെ ഡോക്ടറുടെ മനസ്സാന്നിധ്യം ഉലഞ്ഞു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവർ സ്റ്റെതസ്‌കോപ്പിനെ ലാളിച്ചുകൊണ്ടിരുന്നു. തെല്ലുനേരത്തെ ആലോചനയ്ക്കുശേഷം അവർ മെല്ലെ പറഞ്ഞു.
'ഇറ്റ് വാസ് നോട്ട് മൈ ഡിസിഷൻ'. തുന്നിവച്ച മുറിവു പൊട്ടിയതു പോലെ അവരുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു.
'യൂനിയൻ തലൈവൻ സൊന്നാൻ... നാൻ സെയ്തേൻ'.
അത് യാര്? സരി... അവൻ, ഉങ്ങളിടം എന്ന സൊന്നാൻ'.
'ഇരപ്പുക്ക് കാരണം കോവിഡ്ന്നു റക്കോഡു പണ്ണണം അപ്പടീന്ന് ശൊന്നാൻ'.
കോവിഡ് അല്ല മരണകാരണമെന്ന വലിയ വെളിപ്പെടുത്തലായിരുന്നു മെഡിക്കൽ ഓഫീസറുടെ വാക്കുകൾ. അതേസമയം, യഥാർത്ഥ മരണകാരണം എന്തെന്നും മരിച്ചത് ആരെന്നുമുള്ള ചോദ്യങ്ങളിൽ ഡോക്ടർ ഉത്തരം മുട്ടിനിന്നു. ആദ്യം കണ്ടപ്പോഴുണ്ടായിരുന്ന നിരാസഭാവത്തിൽ നിന്നു ഇതിനകം അവർ നിസ്സഹായതയിലെത്തിയിരുന്നു. ഒരു വലിയ കള്ളത്തെ സത്യമാക്കാനുള്ള നീക്കമാണ് നടന്നതെന്ന് രാജേന്ദ്രനു ബോധ്യമായി.
പരമാവധി രേഖകൾ ശേഖരിച്ചാണ് രാജേന്ദ്രനും വർഗ്ഗീസും ക്യാമ്പിലേക്കുമടങ്ങിയത്. സമർ ബനഡിക്ടും ആദിൽഖാനും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അന്വേഷണ വിവരങ്ങൾ വിശദമായി കേട്ട സമർ, യൂണിയൻ നേതാവിനെ കണ്ടെത്താൻ ശ്രമിക്കാത്തതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു.
'അയാളെ ചോദ്യം ചെയ്താൽ ലീഡുകൾ കിട്ടും. നാളെ നിങ്ങൾ അതു നോക്ക്'. സമർ നിർദ്ദേശിച്ചു. ഇരുവരും താമസസ്ഥലത്തേക്കു മടങ്ങിപ്പോയി.
'കോവിഡല്ലെങ്കിൽപ്പിന്നെ...?'
ആദിൽഖാൻ സംശയത്തോടെ സമറിനെ നോക്കി. യൂണിയൻ നേതാവടക്കം ആളുകൾ ഇടപെട്ടിരിക്കുന്നു.
'ദെയർ മേ ബി എ സീരിയസ് കോൺസ്പിറസി'. സമർ അതു ശരിവച്ചു.
ഈ സമയം, എസ്.ഐ. ഉബൈദും സിവിൽ പോലീസ് ഓഫീസർ സത്യപ്രകാശും അവരുടെ ജോലി പൂർത്തിയാക്കി തിരിച്ചെത്തി. ഊട്ടിയിലും പരിസരപ്രദേശങ്ങളിലും പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു അവർ. മൃതദേഹത്തിന്റെ പ്രായവുമായി പൊരുത്തപ്പെടുന്ന സ്ത്രീകളെ കാണാതായ പരാതി ഒരിടത്തുമില്ല.
രാജേന്ദ്രനും വർഗ്ഗീസും അടുത്ത പ്രഭാതത്തിൽത്തന്നെ യൂണിയൻ നേതാവിന്റെ വീടന്വേഷിച്ചിറങ്ങി. ആശുപത്രിയിൽ നിന്ന് മൂന്നു ബസ്സ്റ്റോപ്പുകളുടെ ദൂരമേ അവിടേക്കുള്ളൂ. സമാനഘടനയുള്ള വീടുകളുടെ സുരക്ഷിതനിരയ്ക്കു പിന്നിലായി സാമാന്യം വലിയൊരു വീട്. യൂണിയൻ നേതാവ് വീടിനുമുന്നിൽത്തന്നെയിരുന്ന് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നുണ്ട്. വിതറുന്ന അരിമണികൾക്കൊപ്പം വാർദ്ധക്യത്താൽ വിണ്ടുകീറിയ ചുണ്ടിൽനിന്ന് പാതിയകന്ന പഴമൊഴികളും ചിതറുന്നു.
അയാളോട് കാര്യങ്ങൾ ഒന്നൊന്നായി ചോദിച്ചറിയാൻ രാജേന്ദ്രൻ ശ്രമിച്ചു. ആശുപത്രി രേഖകളെക്കുറിച്ച് ചോദ്യമെത്തുമ്പോഴേക്കും അയാളുടെ ശൂന്യമായ കണ്ണുകൾ വെറുതെ ചിമ്മുക മാത്രം ചെയ്തു. കുത്തിക്കുത്തിയുള്ള ചെറുചുമയ്ക്കുശേഷം അയാൾ മന്ത്രിച്ചു.
'അതെല്ലാം എപ്പവോ നടന്തത്. എനക്കു ന്യാബഗം ഇല്ലെ'.
രാജേന്ദ്രനു കോപം വന്നു. അയാൾ മധ്യവയസ്‌കന്റെ കയ്യിൽ ബലമായി പിടിച്ചു.
'നീങ്ക സൊല്ലിയിരുക്കീങ്ങളേ...ഒറു പെണ്ണോട ഇരപ്പെ കോവിഡ്ന്ന് റെക്കോഡ് പണ്ണീട്ട് അവങ്കളുടെ ഉടമ്പുക്കു ബദലാ വേറൊരു ഉടമ്പൈ മാറ്റി അനുപ്പണം'.
അതേ നിസ്സംഗതയോടെ തന്നെ അയാൾ പറന്നുകളിക്കുന്ന പ്രാവുകളെനോക്കി വീണ്ടും പറഞ്ഞു.
'എനക്ക്... ന്യാബഗം ഇല്ലെ'.
ഒന്നുകിൽ അയാളുടെ ഓർമ്മകൾക്ക് വിള്ളൽ വീണതാവാം. അല്ലെങ്കിൽ അതൊരു തന്ത്രപരമായ മറവിയായിരിക്കാം. എന്തു ചെയ്യണമെന്ന് രാജേന്ദ്രനും വർഗ്ഗീസും ആലോചിച്ചുനിൽക്കെ, യൂണിയൻ നേതാവിന്റെ ഭാര്യ അവിടെക്ക് ഓടിയെത്തി. അയാൾക്ക് ഒന്നും ഓർമ്മയില്ലത്രേ- മറവി രോഗത്തിന്റെ പിടിയിലാണ്. നിരാശയോടെ തിരിച്ചു മടങ്ങാനേ ഇരുവർക്കും കഴിഞ്ഞുള്ളൂ.
രണ്ടുദിവസത്തെ സന്ദർശനത്തിനുശേഷം, വൈകുന്നേരം എറണാകുളത്തേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു സമർ ബനഡിക്ട്. അതിനിടയിലാണ് ഡി.എൻ.എ. ടെസ്റ്റിന്റെ റിസൾട്ട് ഇ മെയിലിൽ ലഭിച്ചത്. മൂന്നു വരികളിൽ എല്ലാം ഒതുങ്ങിയിരുന്നു. സാംപിൾ ജൈവികമായി യോജിക്കുന്നില്ല. തോമസിന്റെയും മേരിയുടെയും സാമ്പിളുകളുമായി കല്ലറയിലെ സാംപിൾ പൊരുത്തപ്പെടുന്നില്ല. പരീക്ഷണവ്യക്തി നേഹ അല്ല. അന്തിമ തീർപ്പാണത്.
വഴുതിമാറുന്ന സത്യമാണിപ്പോൾ നേഹ. ഡി.എൻ.എ. റിസൾട്ടിനൊപ്പം ഇതുവരെയുള്ള അന്വേഷണവിവരങ്ങളും ചേരുന്നതോടെ കേസ് കൂടുതൽ ദുരൂഹമാവുകയാണ്. നേഹയുടെപേരിൽ ഒളിച്ചു കടത്തിയത് ആരുടെ മൃതദേഹമാണ്?
ജീവിതത്തിൽ നിന്ന് നേഹയുടെ പേര് മായിച്ചു കളഞ്ഞതാരാണ്?അതിവിദൂരത്തല്ലാതെ, അതിനുള്ള ഉത്തരമുണ്ടെന്ന് സമറിന്റെ മനസ്സു പറഞ്ഞു.
ഇനി നിഴലിനു പിന്നാലെ പോകണ്ട. നേഹയ്ക്കു പിന്നാലെ തന്നെ പോകാം. അയാൾ ലാപ്ടോപ്പ് ആദിൽഖാനു നേരെ തിരിച്ചു. സമർ യാത്ര തിരിക്കും മുമ്പ് ഒരിക്കൽക്കൂടി അയാളെ കാണാൻ ഹോട്ടൽ റൂമിലെത്തിയതായിരുന്നു ആദിൽഖാൻ. അയാൾ റിപ്പോർട്ടിലൂടെ തിരക്കിട്ട് കണ്ണുപായിച്ചു.
'സ്റ്റിക് റ്റു ദി പ്ലാൻ. കീപ് തിങ്‌സ് അപ്ഡേറ്റഡ് ഫാസ്റ്റ്'.
'ഷുവർ സാർ'.
'ആദിൽഖാൻ...'
ഒരു സിഗർട്ട് കത്തിക്കാനുള്ള സമയമെടുത്തിട്ട് സമർ തുടർന്നു.
'ആ ഡഡ് ബോഡി... എക്സാക്റ്റ്ലി അതൊരു നാച്വറൽ ഡത്തായിരുന്നോ കൊലപാതകമായിരുന്നോ? ദാറ്റ് ഈസ് ദി പോയിന്റ് റ്റു ബി എസ്റ്റാബ്ലിഷ്ഡ്'. സമറിന്റെ വാക്കുകളെ പുകവലയം നാലുപാടുനിന്നും വലിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു.
(തുടരും)
Content Highlights: In this gripping novel excerpt, investigator Samar Benedict uncovers a dark medical cover-up at an Ooty hospital where a stranger's body was falsely logged as a COVID death, a conspiracy blown wide open by a negative DNA report proving the buried remains do not belong to Neha.
Published: 06 Jul 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented