ഒരു ചോദ്യം അപ്പോഴും പ്രസക്തമായിരുന്നു- തേവമ്മയെ കാണാനില്ലെന്നു. പോലീസിൽ പരാതി നൽകിയിട്ടും, പിന്നീടൊരിക്കൽപ്പോലും അതിനു പിന്നാലെ പോകാനോ മറ്റേതെങ്കിലും വിധത്തിൽ അന്വേഷണം നടത്താനോ കറുപ്പ് തുനിയാതിരുന്നത് എന്തുകൊണ്ടാണ്?
ഡി.എൻ.എ. സാംപിളുകളുടെ പൊരുത്തം സ്ഥിരീകരിക്കപ്പെട്ടതോടെ, സമർ ബനഡിക്ടിനോട് ആലോചിച്ചശേഷം ഒരിക്കൽക്കൂടി ആദിൽഖാൻ മാരിയമ്മൻ തെരുവിലെത്തി. മദ്യപിച്ചു തെരുവിലേക്കിറങ്ങിയതായിരുന്നു കറുപ്പ്- ഒപ്പം ആരുമില്ല. ഇതുതന്നെ അവസരമെന്നു കരുതി, ആരോരുമറിയാതെ അയാളെ അവിടെനിന്നും കൂട്ടി ക്യാമ്പിലെത്തി.
ചുരുണ്ടുകൂടിയ ലുങ്കിയും കറപുരണ്ട കള്ളിഷർട്ടും ധരിച്ച മെലിഞ്ഞ രൂപത്തിന് ഈർപ്പത്തിന്റെയും പഴകിയ വിയർപ്പിന്റെയും കെട്ട ഗന്ധമായിരുന്നു.
കഴിഞ്ഞ തവണ പറഞ്ഞതിൽനിന്ന് മാറ്റങ്ങളൊന്നുമില്ലാതെ, നന്നായി പരിശീലിച്ച തിരനാടകത്തിലെന്ന പോലെയാണ് കറുപ്പ് സംസാരിച്ചത്. കടുത്ത സമ്മർദ്ദം ചെലുത്താനും, ആവശ്യമായാൽ ശാരീരികമായി കൈകാര്യം ചെയ്യാനും ആദിൽഖാൻ തീരുമാനിച്ചു. അതേസമയം, പോലീസ് തന്നെ വിശ്വസിക്കുന്നില്ലെന്ന് കറുപ്പിനും ബോധ്യമായി. അതോടെയാണ് അയാളുടെ
മുഖമറ മെല്ലെയെങ്കിലും ഇളകിത്തുടങ്ങിയത്. ഹോസ്പിറ്റലിൽ ബഹളമുണ്ടാക്കിയ രാത്രി. കോളനിയിൽ അയാളെ കാണാൻ ഒരു ചെറുപ്പക്കാരനെത്തി. തേവമ്മയെ അൽപ്പം ദൂരെയൊരിടത്ത് വീട്ടുജോലിക്കു കൊണ്ടുപോയിരിക്കുകയാണെന്നും അവർ അവിടെ സുഖമായി കഴിയുന്നുവെന്നും പറഞ്ഞു. കറുപ്പിന് കൈ നിറയെ പണവും രണ്ടു ഫുൾ ബോട്ടിൽ മദ്യവും നൽകി. ഒപ്പം ഒരു മുന്നറിയിപ്പും- തേവമ്മയെ
തിരഞ്ഞുവരാനോ പരാതിപ്പെടാനോ ശ്രമിക്കരുത്. അതിനുശേഷം, പോലീസിൽ ൽകിയിരുന്ന പരാതിയെപ്പറ്റി അന്വേഷിക്കാനോ തേവമ്മയെ കണ്ടെത്താനോ അയാൾ ഒരിക്കലും ശ്രമിച്ചില്ല.
ആദിൽഖാൻ ഏറെ നേരം കറുപ്പിനെ ചോദ്യം ചെയ്തു. കള്ളം പറയുന്നുണ്ടോയെന്നും മറുപടിയിൽ വൈരുദ്ധ്യമുണ്ടോയെന്നും സൂക്ഷ്മമായി പരിശോധിച്ചു.
“അതുക്കപ്പറം അവൻ വന്തിരിന്താനാ?”
“ഇല്ലൈ.”
ചിത്രത്തിലേക്ക് പുതിയൊരു ചെറുപ്പക്കാരൻ കൂടി പ്രവേശിച്ചിരിക്കുകയാണ്. കറുപ്പിന്റെ നാവടപ്പിക്കാൻ മദ്യവും പണവും. കൂടാതെ, തേവമ്മയെ അന്വേഷിച്ചുവരരുതെന്നു ഭീഷണിയും. ആദിൽഖാൻ ചില മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകി കറുപ്പിനെ തിരിച്ചയച്ചു. അയാൾ പറഞ്ഞ തരത്തിലുള്ള
ഒരു ചെറുപ്പക്കാരന്റെ സാന്നിധ്യം ഊട്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണം.
ആദിൽഖാനും ഇത്തവണ എസ്.ഐ. രാജേന്ദ്രനൊപ്പം ഹോസ്പിറ്റലിലേക്കു പോയി. പോലീസിന്റെ വീണ്ടുമുള്ള വരവിൽ വനിതാ ഡോക്ടർ ആദ്യമൊന്നു പകച്ചു. കറുപ്പ് പറഞ്ഞ ചെറുപ്പക്കാരനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതീക്ഷിച്ച ഉത്തരം തന്നെയായിരുന്നു- അങ്ങനെയൊരാൾ അവിടെ ചെന്നിരുന്നു.
തേവമ്മയുടെ കാര്യങ്ങൾ സംസാരിക്കാൻ യൂണിയൻ നേതാവിനൊപ്പമാണ് അയാളെത്തിയത്.
“അവങ്ക എന്ന കേട്ടാങ്ക?”
ഒരു മയവുമില്ലാത്തതായിരുന്നു ആദിലിന്റെ ചോദ്യം
“തേവമ്മാവിൻ ഇൻപേഷ്യന്റ് ഫയലെ മാട്രി അതുക്കു ബദലാ ഒ.പി. ആക്ക സൊല്ലിനാങ്ക.”
കഴിഞ്ഞ തവണത്തെ രാജേന്ദ്രന്റെ ചോദ്യങ്ങൾ പലതും ഇത്തവണ ആദിൽ ആവർത്തിച്ചു. സ്വതന്ത്രയായിട്ടില്ലെന്നും സംശയത്തിന്റെ വാളിനു താഴെയാണെന്നുമുള്ള അരക്ഷിതാവസ്ഥ ഡോക്ടറിൽ ബോധപൂർവ്വം സൃഷ്ടിച്ചശേഷമാണ് അവർ മടങ്ങിയത്.
അന്വേഷണത്തിനിടയിൽ ലഭിക്കുന്ന ചെറുവിവരങ്ങൾ പോലും ആദിൽഖാൻ അപ്പപ്പോൾ സമറിനെ വിളിച്ചറിയിച്ചിരുന്നു. ഹോസ്പിറ്റൽ രേഖയിലുണ്ടായ തിരിമറിയും, അവിചാരിതമായി പുതിയൊരു കഥാപാത്രം കൂടി അന്വേഷണപരിധിയിലേക്കു വന്നതും സമർ ശ്രദ്ധയോടെ കേട്ടു. തേവമ്മയുടെ
ഫയൽ എന്നെന്നേക്കുമായി ഇല്ലാതാക്കിയിരിക്കുന്നു. അതാണവരുടെ ജീവിതത്തെയും മായിച്ചത്.
യൂണിയൻ നേതാവിന്റെ ഇടപെടലിനു പിന്നിൽ അജ്ഞാതനായ ചെറുപ്പക്കാരനാണെന്ന് സമർ ബനഡിക്ട് ഉറപ്പിച്ചു. അങ്ങനെയെങ്കിൽ നേഹയുടെ തിരോധാനത്തിലും അയാൾക്ക് പങ്കുണ്ട്. നേഹയെ നന്നായി അറിയുന്ന ഒരാളായിരിക്കണം അത്. എങ്ങനെ കണ്ടുപിടിക്കും?
പെട്ടെന്നാണ് നേഹയുടെ മൊബൈൽ ഫോണിനെക്കുറിച്ച് അയാൾക്ക് ഓർമ്മ വന്നത്. മേരി ഉപയോഗിച്ചുകൊണ്ടിരുന്നത്, അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നതാണ്. സമർ വീണ്ടുമത് വിശദമായി പരിശോധിച്ചു. അതിൽ കുറേയധികം ചിത്രങ്ങളുണ്ട്. നേഹ ഉൾപ്പെടുന്ന
ചിത്രങ്ങൾ മേരി ഡിലീറ്റ് ചെയ്തിരുന്നില്ല. സംശയാസ്പദമായ ആരും, പ്രത്യേകിച്ച് ആദിൽഖാൻ വിവരിച്ച തരത്തിലുള്ള ചെറുപ്പക്കാരൻ, അതിലില്ല.
വലിയ പ്രതീക്ഷയോടെയല്ലെങ്കിലും, സംശയം അവശേഷിപ്പിക്കേണ്ടെന്നുകരുതി മൊബൈൽ ഫോൺ അയാൾ ഫൊറൻസിക് ലാബിലേക്കയച്ചു. ഡിലീറ്റായ രേഖകൾ ഫൊറൻസിക് സോഫ്റ്റ്വെയർ ഉപയോഗിച്ച് കണ്ടെത്തണം. എന്തെങ്കിലും ചിത്രങ്ങളോ സഹായകമായ മെസ്സേജുകളോ ഉണ്ടെങ്കിൽ
അതറിയാൻ വൈകില്ല.
മണിക്കൂറുകൾക്കകം തന്നെ വിശദാംശങ്ങൾ ലഭ്യമായി. വീണ്ടെടുത്ത ഫോട്ടോകൾക്കിടയിൽ ഒരെണ്ണത്തിൽ സമറിന്റെ കണ്ണുടക്കി. ഹൂഡി ഡ്രസ് ധരിച്ച ഒരു ചെറുപ്പക്കാരനെ ചാരി നിൽക്കുന്ന നേഹ. പിന്നിൽ പുരാതനമായ കരിങ്കൽക്കെട്ട്. അതെവിടെയെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമല്ല.
പശ്ചാത്തലമായിരുന്നില്ല സമറിനു പ്രധാനം- ഇരുവർക്കുമിടയിലെ പറഞ്ഞറിയിക്കാനാകാത്ത സമവാക്യമായിരുന്നു. നേഹയുടെ വിരലുകൾ അവന്റെ കൈത്തണ്ടയിൽ ചുറ്റിയിരിക്കുന്ന രീതിയിൽപ്പോലും ദൃഢമൈത്രി പ്രകടമാണ്. നേഹ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ ഒരുപക്ഷേ
അയാളായിരിക്കണമെന്ന് സമർ ഊഹിച്ചു. ഒരിക്കൽക്കൂടി ഫോട്ടോകളെല്ലാം പരിശോധിച്ചെങ്കിലും മറ്റൊന്നിലും അയാളുടെ സാന്നിധ്യം കണ്ടില്ല.
സമർ അപ്പോൾത്തന്നെ ഫോട്ടോ ആദിൽഖാന് വാട്സ്ആപ്പ് ചെയ്തു. തിരിച്ചറിയണം- തേവമ്മയുടെ അസ്തിത്വം ഇല്ലാതാക്കാൻ ശ്രമിച്ചത് ഇയാളാണോയെന്ന്.
ആദിൽഖാൻ ഫോട്ടോയുമായി ആദ്യമെത്തിയത് തേവമ്മയുടെ വീട്ടിലാണ്. ഒറ്റനോട്ടത്തിൽത്തന്നെ കറുപ്പ് ആളെ തിരിച്ചറിഞ്ഞു.
“ഇവന്താൻ... ഇവന്താൻ എനക്കു പണം കൊടുത്തവൻ.”
മെഡിക്കൽ റക്കോർഡ്സ് ബ്യൂറോയിലെ വനിതാ ഡോക്ടറും ആളെ ഉറപ്പിച്ചു.
“സാർ. ഈ ക്രൈം ഓപ്പറേറ്റു ചെയ്തത് ഇയാളാണ്. എന്റെ സംശയം...” നേഹയുടെ മിസ്സിംഗിനു പിന്നിലും ...
ആദിൽഖാൻ ഫോണിൽ സമറിനോടു സംശയം പങ്കുവച്ചു.
“റൈറ്റ്... ഒരു സ്ത്രീയെ കല്ലറയിലാക്കാൻ അയാൾക്കു കഴിഞ്ഞെങ്കിൽ മറ്റൊരാളെ ഒളിപ്പിക്കാനെന്താ പ്രയാസം...”
സംഭവത്തിലെ പ്രധാനകണ്ണി നേഹയോടൊപ്പം ഫോട്ടോയിൽ ഉള്ളയാളാണെന്ന സ്ഥിരീകരണം അന്വേഷണത്തിന് പുതിയ അടരുകൾ നൽകിയിരിക്കുന്നു.
അയാൾ ആരോ ആകട്ടെ- നേഹയുമായി അടുപ്പമുള്ളയാളാണെന്നു വ്യക്തം. അവളുടെ കാമുകൻ ആരെന്നും എവിടെയെന്നും ഇനിയും കണ്ടെത്താനായിട്ടില്ല. ഒരാൾ അങ്ങനെ അപ്രത്യക്ഷനാകണമെങ്കിൽ അതിൽ ദുരൂഹതയുണ്ട്.
മൊബൈൽഫോണിൽ നിന്നു വീണ്ടെടുത്ത ചിത്രം എമ്മ ഫെർണാണ്ടസിനെക്കൂടി കാണിച്ചാലേ ഇമേജ് വെരിഫിക്കേഷൻ പൂർത്തിയാകൂ. സമർ ഫോണിൽ എമ്മയെ ട്രൈ ചെയ്തു. അന്വേഷണത്തിന്റെ പുതിയ വിവരങ്ങളൊന്നും അറിയാത്തതിന്റെ നിരാശയിലായിരുന്നു അവർ. രാവിലെ എമ്മ വില്ലയിലേക്ക് താൻ വരുന്നുണ്ടെന്ന് സമർ അറിയിച്ചു.
വാക്കുകൾ നിയന്ത്രിക്കുന്നതും കാച്ചിക്കുറുക്കി സംസാരിക്കുന്നതും സമറിന്റെ ശീലമാണെന്ന് എമ്മയ്ക്ക് ബോധ്യപ്പെട്ടിരുന്നെങ്കിലും, അയാൾ നേരിട്ടുവരുന്നത് എന്തോ ഗൗരവമുള്ള വിഷയവുമായിട്ടാണെന്ന് അവർക്കു തോന്നി. അതുകൊണ്ടുതന്നെ രാവിലെ ഷെഡ്യൂൾ ചെയ്തിരുന്ന ഓഫീസ് മീറ്റിംഗുകൾ
ചിലതെല്ലാം നീട്ടിവയ്ക്കാൻ അവർ തീരുമാനിച്ചു.
മൈനർ സ്റ്റേക് ഹോൾഡറായ മെറിസോൺ ഡസേർട്ട് ഗ്ലോബൽ ട്രേഡേഴ്സുമായുള്ള മീറ്റിംഗായിരുന്നു അതിൽ പ്രധാനം. ഓപ്പറേഷണൽ റസ്പോൺസിബിലിറ്റി ഔപചാരികമായി കൈമാറുന്നതിനു
മുന്നോടിയായുള്ള വിർച്വൽ മീറ്റിങ്. ഫിലിപ്പ് മാത്യു നിയമപരമായ രേഖകളെല്ലാം കാലേക്കൂട്ടി തയ്യാറാക്കിയിരുന്നു. കാര്യക്ഷമതയിൽ ബ്ലേഡിന്റെ മൂർച്ചയുള്ള അയാളെ പൂർണ്ണമായി മുഖവിലയ്ക്കെടുത്താണ് എമ്മ മുന്നോട്ടുനീങ്ങിയിരുന്നത്. ഗൾഫ് മേഖലയിലെ പ്രവർത്തനഭാരം എമ്മയിൽ നിന്നു
കുറയുമെന്നും പ്രാദേശിക ലൊജിസ്റ്റിക്സുമായി വേഗത്തിൽ ഒത്തുചേർന്നു പ്രവർത്തിക്കാനാവുമെന്നും ഫിലിപ്പു നൽകിയ ഗ്യാരണ്ടി അവർ വിശ്വസിച്ചു.
തുടർനടപടികൾക്കുള്ള മീറ്റിംഗാണ് സമറിന്റെ വരവു കണക്കിലെടുത്ത് ഉച്ചയ്ക്കുശേഷം പുനക്രമീകരിച്ചത്. മീറ്റിംഗ് നീട്ടി വച്ച തീരുമാനം ഫിലിപ്പിനെ തെല്ലൊന്ന് അസ്വസ്ഥനാക്കി. വീഡിയോ കോൺഫറൻസിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിരുന്ന അയാൾ രാവിലെ മുതൽ മെറിസോണിന്റെ മാനേജ്മെന്റുമായി നിരന്തരം ബന്ധം പുലർത്തി വരികയായിരുന്നു.
“മാഡം. യു.എ.ഇ. ഡലിഗേഷൻ തിരക്കു കൂട്ടുന്നുണ്ട്. ഉച്ചയ്ക്കുമുമ്പ് മാഡത്തിന്റെ അപ്രൂവൽ കിട്ടുമോയെന്ന് അവർ ചോദിച്ചുകൊണ്ടിരിക്കുന്നു.”
“ഫിലിപ്പ് ... ഞാൻ മനപ്പൂർവ്വം കാലതാമസമൊന്നും വരുത്തില്ല.” അവർ തെല്ലു നീരസത്തോടെ ഫിലിപ്പിനെ നോക്കി.
“എമ്മ ഫെർണാണ്ടസ് റെഡിയാവുന്നതെപ്പോഴാണോ അപ്പോൾ ഡോക്യമെന്റ്സ് സൈൻ ചെയ്യുമെന്ന് പറയൂ. അല്ലാതെ തിരക്കു കൂട്ടിയിട്ടു
കാര്യമില്ല.”
“അല്ല മാഡം...”
അയാളെന്തോ പറയാൻ തുടങ്ങിയതാണ്. എമ്മ അതു വിലക്കി.
“പറഞ്ഞില്ലേ. ഉച്ചയ്ക്ക് ശേഷം മീറ്റിംഗ്... അവരോടു പറയൂ ഞാൻ അപ്രത്യക്ഷയാകാനൊന്നും പോകുന്നില്ലെന്ന്.”
ഫിലിപ്പ് മാത്യു മനസ്സില്ലാമനസ്സോടെ മുറിവിട്ടു.
സത്യത്തിൽ യു.എ.ഇ. കമ്പനിയുടെ മീറ്റിംഗ് നീട്ടിവയ്ക്കുന്നതിന് സമറിന്റെ വരവു മാത്രമാണോ കാരണം? എമ്മ ഫെർണാണ്ടസ് സ്വയം വിമർശനത്തിനുതുനിഞ്ഞു. ഒരു കാലത്ത് കമ്പനി വിറ്റൊഴിവാക്കുന്നതുപോലും ആലോചിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴതിന്റെ
പ്രവർത്തനപരിധിയിലൊരു ചെറിയ ഭാഗം പോലും മറ്റൊരാൾക്കു വിട്ടു കൊടുക്കാൻ മനസ്സുറയ്ക്കുന്നില്ലെന്നുണ്ടോ? പറയാനെല്ലാം എളുപ്പമാണ്.
പക്ഷേ, പ്രവൃത്തിയിലെത്തുമ്പോഴാണ് അതങ്ങനെയല്ലെന്നു വ്യക്തമാകുന്നത്. ഫെർണാണ്ടസും അലക്സാണ്ടറും സൃഷ്ടിച്ച വിശ്വാസ്യതയ്ക്കു കോട്ടം തട്ടാതെ, കുട്ടികളെപ്പോലെ സ്ഥാപനത്തെ വളർത്തുകയായിരുന്നു അവർ. ഇപ്പോൾ ഓപ്പറേഷണൽ റസ്പോൺസിബിലിറ്റി മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ ഏൽപ്പിക്കുന്നത് സ്വന്തം രക്തത്തിന്റെ ഭാഗം കൈമാറുന്നതു പോലെയാണ് എമ്മയ്ക്കു തോന്നിയത്. മനസ്സിന്റെ ചാഞ്ചാട്ടം അവർ അനുഭവിച്ചറിയുകയായിരുന്നു.
സമറിനു വേണ്ടിയുള്ള കാത്തിരിപ്പിൽ ഓർമ്മയുടെ വലക്കണ്ണികൾ കൊരുത്തതോടെ എമ്മ മെല്ലെ ജാക്കിന്റെ മുറിയിലേക്കു കയറി. മരപ്പലകകളുടേതെങ്കിലും മടുപ്പുളവാക്കാത്ത ഗന്ധത്തിനൊപ്പം ജാക്കിന്റെ സംഗീതവും അവിടെ നിറഞ്ഞുനിൽക്കുന്നതായി അവർക്കു തോന്നി. മുറിയുടെ
മൂലയിൽ പിയാനോ മൂടിവച്ചിരുന്നു. ജാക്കിനെയെന്നപോലെ അതിനെ തഴുകുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. അതേസമയം പിന്നിൽ, ജാലകത്തിനരികിൽ, അന്ന സങ്കടപ്പെട്ടുനിൽക്കുന്നുണ്ടായിരുന്നു. അതു കണ്ടതോടെ, സമചിത്തത കൈവരിച്ച് എമ്മ ധൃതിയിൽ ലിവിങ്ങ് റൂമിലേക്കു മടങ്ങി.
സമർ ബനഡിക്ട് പലപ്പോഴായി അന്വേഷണ വിവരങ്ങളിൽ ചിലതെല്ലാം എമ്മയെ അറിയിച്ചിരുന്നു. നേഹയുടെ ജീവൻ ഇതിനകം ആരെങ്കിലും അപഹരിച്ചിട്ടുണ്ടാവാം. ആളുമാറി മറ്റൊരു മൃതദേഹം അവളുടെ പേരിൽ മറവു ചെയ്തതുപോലെ മറിച്ചും സംഭവിച്ചിരിക്കാം. മഹാമാരിക്കിടയിൽ
ഔദ്യോഗികരേഖകൾ തീർത്ത ആശയക്കുഴപ്പത്തിൽ അവളുടെ മരണം മറച്ചുവയ്ക്കപ്പെട്ടതാകാം. സാധ്യതകൾ പലതുമുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാനുള്ള മനസ്സ് അയാൾക്കുണ്ടായിരുന്നില്ല.
“മരിച്ചെങ്കിൽ ആളുകളെങ്ങനെ അവളെ ഗോവയിൽ കണ്ടു?”
ഉള്ളിലുയരുന്ന ചോദ്യം നെഞ്ചിലെ ഭാരമായി. നേഹ അപകടത്തിൽപ്പെട്ടിരിക്കുന്നു- പക്ഷേ ജീവിച്ചിരിപ്പുണ്ട്. അങ്ങനെ വിശ്വസിക്കാനാണ് എമ്മ ആഗ്രഹിച്ചത്.
നേഹയുടെ വീട്ടിൽനിന്നുള്ള വിവരം കൂടി ലഭിച്ചതിനുശേഷമാണ് എമ്മ വില്ലയിലേക്ക് സമർ യാത്ര തിരിച്ചത്. തോമസും മേരിയും ഫോട്ടോ കണ്ടെങ്കിലും, നിശ്ശബ്ദരായി നിന്നതേയുള്ളൂ. അങ്ങനെയൊരാളെ ഇതുവരെ അവർ കണ്ടിട്ടില്ല. അതുമാത്രമല്ല, ഇഷ്ടപ്പെട്ട ചെറുപ്പക്കാരനെപ്പറ്റി നേഹ
കൂടുതലൊന്നും പറഞ്ഞിട്ടില്ലെന്ന പഴയ പല്ലവി ആവർത്തിക്കുകയും ചെയ്തു.
എത്ര ആലോചിച്ചിട്ടും സമറിന് അതിന്റെ പൊരുൾ പിടി കിട്ടിയില്ല.
തോമസിന്റെയും മേരിയുടെയും കാഴ്ചവട്ടത്തിൽ നേർത്ത അടയാളം പോലും ബാക്കിയാക്കാതെ ഒരാൾ അവരുടെ മകളുടെ ലോകം കീഴടക്കുക- അവിശ്വസനീയമായിരുന്നു അത്.
സമർ എന്താണ് പറയാൻ പോകുന്നതെന്ന ആകാംക്ഷയിലായിരുന്നു എമ്മ. എന്നാൽ ആമുഖമൊന്നും കൂടാതെ അയാൾ മൊബൈൽ ഗ്യാലറിയിലുള്ള ഫോട്ടോ എമ്മയെ കാണിക്കുകയാണുണ്ടായത്.
“ഇല്ല. ഇങ്ങനൊരാളെ ഞാൻ കണ്ടിട്ടില്ല.”
കരിങ്കൽക്കെട്ടിന്റെ പശ്ചാത്തലത്തിൽ ഇരുവരും നിൽക്കുന്ന ചിത്രത്തിലേക്കു വീണ്ടും നോക്കി എമ്മ തുടർന്നു.
“ഇതിപ്പോ, കുറെക്കാലമായി പരിചയമുള്ള രണ്ടുപേരെപ്പോലെയാണല്ലോ നിൽപ്പും നോട്ടവും...”
സമർ മൗനം പാലിച്ചു. എമ്മയുടെ ചിന്തകളിൽ എവിടെയെങ്കിലും ആ ചെറുപ്പക്കാരന്റെ മുഖം തെളിയുമോയെന്ന് അയാൾ അൽപ്പസമയം കാത്തു. നേഹയ്ക്ക് ഇത്രത്തോളം അടുപ്പമുള്ള ചെറുപ്പക്കാരൻ തന്റെ കണ്ണിൽപ്പെടാതിരുന്നതിനെപ്പറ്റിയാണ് എമ്മയപ്പോൾ ആലോചിച്ചത്.
ഒരുപക്ഷേ, അയാളെ തന്റെ കണ്ണിൽ നിന്ന് നേഹ മറച്ചുനിർത്തിയതായിരിക്കും.
“ക്വാർട്ടേഴ്സിൽ കുറെക്കാലം താമസിച്ചതല്ലേ. അവിടെയൊന്നന്വേഷിക്കണ്ടേ?”
സമർ ചോദിച്ചു.
“തീർച്ചയായും.”
എമ്മ ഇൻർകോമിൽ ഡയൽ ചെയ്ത് ക്്വാർട്ടേഴ്സ് ഇൻ ചാർജ്ജിനെയും സെക്യൂരിറ്റി ചീഫിനെയും അവിടേക്കു വിളിച്ചു. മിനുട്ടുകൾക്കുള്ളിൽ ഇരുവരും കിതച്ചെത്തി. എമ്മ മൊബൈൽ അവർക്കുനേരെ നീട്ടി.
“ഇയാളെ നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? നേഹയുടെ കൂടെ… ക്വാർട്ടേഴ്സിലോ ഓഫീസ് പരിസരത്തോ, എവിടെയെങ്കിലും?”
ഇല്ലെന്നായിരുന്നു ഇരുവരുടെയും ഉത്തരം. കൂടുതൽ കൃത്യതയ്ക്കുവേണ്ടി ക്വാർട്ടേഴ്സിലെ മറ്റു ജീവനക്കാരെയും മുഴുവൻ സെക്യൂരിറ്റി സ്റ്റാഫിനെയും വിളിച്ചുകൂട്ടാൻ എമ്മ അവരോടാവശ്യപ്പെട്ടു. നിരാശയായിരുന്നു ഫലം.
അവരിൽ ആരും അങ്ങനെയൊരാളെ മുമ്പ് കണ്ടിരുന്നില്ല.
“ഇല്ല മാഡം. ഇയാൾ നമ്മുടെ ഗേറ്റു കടന്ന് ഇവിടെ വന്നിട്ടില്ല. സെക്യൂരിറ്റി സ്ട്രിക്ടായിരുന്നു. എൻട്രികളെല്ലാം രജിസ്ടറിലുണ്ട്.”
സെക്യൂരിറ്റി ചീഫ് ഉറപ്പു പറഞ്ഞതിനു പിന്നാലെ ക്വാർട്ടേഴ്സ് ഓഫീസർക്കുനേരെ സമർ ബനഡിക്ട് തിരിഞ്ഞു.
“നേഹയ്ക്ക് വിസിറ്റേഴസ് പതിവുണ്ടായിരുന്നോ?”
“ഇല്ല സാർ. നമ്മുടെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലെ രണ്ടുപേർ... രണ്ടും ലേഡീസാണ്. അവരാണ് വല്ലപ്പോഴും വന്നിരുന്നത്.”
ജീവനക്കാരെ മടക്കി അയച്ചതോടെ മുറിയിൽ വീണ്ടും എമ്മയും സമറും മാത്രമായി. എമ്മ, ടേബിളിലിരുന്ന ഡയറിക്കുള്ളിൽ മടക്കിവച്ചിരുന്ന കടലാസെടുത്ത് സമറിനു നൽകി.
“സീ ...ഇതവൾ ഒടുവിൽ താമസിച്ച ഹോസ്റ്റലിന്റെ അഡ്രസും നമ്പരുമാണ്. സമറിന് ആവശ്യം വന്നാലോയെന്നു കരുതി കളക്ട് ചെയ്തതാണ്.”
“താങ്ക്യൂ ആന്റി.”
എമ്മ ഫെർണാണ്ടസ് തെല്ലു മടിയോടെയാണെങ്കിലും മുമ്പൊരിക്കൽ ചോദിച്ച
കാര്യം മറ്റൊരു വിധത്തിൽ ആവർത്തിച്ചു.
“സമർ... അവൾ ജീവിച്ചിരിപ്പുണ്ടാവും. അല്ലേ?”
അനുകൂലമായി തലയാട്ടണമെന്ന് ഇത്തവണ അയാൾക്കു തോന്നി. വലിയ പ്രതീക്ഷയോടെയല്ല എമ്മ വില്ലയിലേക്കു വന്നതെങ്കിലും അന്വേഷണത്തെ മുന്നോട്ടു നയിക്കുന്ന ഒരു വയ്ക്കോൽത്തുരുമ്പെങ്കിലും കിട്ടുമെന്ന് അയാൾ കരുതിയിരുന്നു. അതുണ്ടാകാത്തതിന്റെ നിരാശയോടെ മടങ്ങിയ അയാളുടെ
അടുത്ത ലക്ഷ്യം വിമൻസ് ഹോസ്റ്റലായിരുന്നു.
മഞ്ഞപ്പെയിന്റുള്ള ചുമരിൽ മഞ്ഞവെളിച്ചം കൂടി വീണതോടെ മഞ്ഞപ്പിത്തം പിടിച്ചു കിടക്കുകയായിരുന്നു സന്ദർശകമുറി. നേഹയെപ്പറ്റി വ്യക്തിപരമായി അറിയുന്ന ഒരാൾ മാത്രമേ ഇൻമേറ്റായി ഇപ്പോഴവിടെയുള്ളൂ. മറ്റുള്ളവരെല്ലാം പുതിയ ആളുകളാണ്. വാർഡൻ വിളിച്ചതനുസരിച്ച് അമല സന്ദർശകമുറിയിലേക്കെത്തി. നേഹ താമസമാരംഭിച്ച കാലം മുതൽ തൊട്ടടുത്ത
മുറിയിൽ അവളുണ്ട്- അടുത്ത കൂട്ടുകാരിയുമായിരുന്നു. കിച്ചനിൽ നിന്ന് ഒരു മിക്സി വലിയവായിൽ കരയുന്ന ശബ്ദത്തിൽ അവളുടെ ഗുഡ്മോണിംഗ് ശബ്ദംമുങ്ങിത്തോർത്തി.
അമലയ്ക്കു മുന്നിലും സമർ മൊബൈൽ ഗ്യാലറി തുറന്നു. കൈകൾ മടിയിൽ കെട്ടി ശാന്തമായിരുന്ന അവൾ കൗതുകത്തോടെ ഫോട്ടോയിലേക്കു നോക്കി. അടുത്ത നിമിഷം- സമർ ബനഡിക്ട് ആഗ്രഹിച്ച വാക്കുകൾ അവളിൽ നിന്നു പുറത്തുവന്നു.
“ഇത് അരവിന്ദാണ്... നേഹയുടെ ബോയ്ഫ്രണ്ട്.”
വയ്ക്കോൽത്തുരുമ്പല്ല, വ്യക്തമായ ചവിട്ടുപടി തന്നെയാണ് കിട്ടിയിരിക്കുന്നത്. സമറിനുണ്ടായ ആശ്വാസം ചെറുതായിരുന്നില്ല. ആരെന്നറിയാത്ത ചെറുപ്പക്കാരനെപ്പറ്റിയുള്ള ഊഹാപോഹത്തിന്റെ കവചം നീങ്ങുന്നു. നേഹയുടെ കാമുകനായിരിക്കും അയാൾ എന്നത് ഇതുവരെ കേവല
സംശയമായിരുന്നു. ഇപ്പോഴത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. തേവമ്മയ്ക്കു പിന്നിലെ ദുരൂഹതയിൽ പങ്കാളിയാണെന്നു മാത്രമല്ല, നേഹയുടെ തിരോധാനത്തെക്കുറിച്ചും അയാൾക്കറിവുണ്ടാകണം.
അതേസമയം, അരവിന്ദനും നേഹയും ചേർന്നുള്ള ചിത്രം പോലീസ് ഓഫീസർ തന്നെ കാണിച്ചതെന്തിനെന്ന ആശയക്കുഴപ്പത്തിലായിരുന്നു അമല. അതു മനസ്സിലാക്കി സമർ മെല്ലെ ചോദിച്ചു.
“സോ, വാട്ട് വാസ് ദെയർ റിലേഷൻ ലൈക്? വാസ് ഇറ്റ് സീരിയസ് ഓർ ജസ്റ്റ് കാഷ്വൽ?”
“ഡഫനിറ്റ്ലി സീരിയസ് സാർ. പ്രാക്ടിക്കലി അതൊരു ലിവിങ് ടുഗദർ റിലേഷൻ ആയിട്ടാണ് എനിക്കു തോന്നിയത്. ബട്ട്, ലൈക് ... അതാർക്കും അറിയില്ലായിരുന്നു. അത്രമാത്രം രഹസ്യമായിട്ടാണ് അവളാ റിലേഷൻ കീപ് ചെയ്തത്.”
“ഇരുവരും ചേർന്ന് യാത്രകളൊക്കെ പോയിരുന്നോ?”
അവളുടെ ഉത്തരങ്ങളിൽനിന്ന് പുതിയ പഴുതുകൾ തേടാനുള്ള ശ്രമത്തിലായി സമർ.
“വീക്കെൻഡ്സിൽ വീട്ടിൽ പോകുന്നെന്നാണ് പലപ്പോഴും ഹോസ്റ്റലിൽ പറഞ്ഞിരുന്നത്. പക്ഷേ അങ്ങനെ ആയിരുന്നില്ല. അവർ എവിടെയൊക്കെയോ യാത്രയായിരുന്നു. റൂമെടുത്തു തങ്ങിയിരുന്നു. ഷി യൂസ്ഡ് റ്റു സേ… ഷി ഫെൽറ്റ് ഫ്രീ വിത്ത് ഹിം.”
“അയാളുടെ പേഴ്സണൽ ഡീറ്റയിൽസ് നേഹ പറഞ്ഞിട്ടുണ്ടോ? ആരാണ്, എവിടത്തുകാരനാണ്, എന്താണ് ജോലി? അങ്ങനെ എന്തെങ്കിലും?”
“ഇല്ല സാർ.”
മരിക്കുന്നതിന് ഒരു മാസം മുമ്പാണ് നേഹയെ അവസാനമായി അമല കണ്ടത്. ഊട്ടിയിൽ കമ്പനി ആവശ്യത്തിനു പോകുമെന്ന് പറഞ്ഞെങ്കിലും, അരവിന്ദുമായുള്ള കറക്കമായിരിക്കും അതെന്നാണ് അവളാദ്യം കരുതിയത്.
പിന്നീടറിഞ്ഞു നേഹ പറഞ്ഞതു ശരിയായിരുന്നെന്നും അവൾ ഊട്ടിയിൽ ഉണ്ടായിരുന്നെന്നും അവിടെ വച്ച് അസുഖബാധിതയായി മരിച്ചെന്നും.
അമലയിൽ നിന്നുള്ള വിവരങ്ങൾ പരമാവധി ശേഖരിച്ച ശേഷം സമർ മടങ്ങിപ്പോകാനെഴുനേറ്റു.
“എന്താണു സാർ, ഇപ്പോഴിതൊക്കെ അന്വേഷിക്കുന്നത്?”
അമല അറച്ചറച്ചു ചോദിച്ചു.
സമർ ചെറു ചിരിയോടെ തിരിഞ്ഞുനിന്നു.
“നത്തിങ് സ്പെഷ്യൽ... ജസ്റ്റ് റൂട്ടിൻ പ്രോസസ്.”
(തുടരും)
Content Highlights: Investigating officer Samar Benedict makes a breakthrough in Neha's disappearance case after recovering a deleted photo from her phone and identifying her secret boyfriend, Aravind, who is also linked to the cover-up surrounding Thevamma.
Published: 20 Jul 2026, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented