കാസർകോട്: കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ അംഗവുമായ എ. ആശാലത(42) ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. എ.ഡി.എം. പി.ഉദയകുമാറാകും അന്വേഷണം നടത്തുക. വിദ്യാനഗർ പോലീസിന്റെ അന്വേഷണത്തിനു പുറമേയാണിത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
എലിവിഷം ഉള്ളിൽച്ചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഒാഗസ്റ്റ് ഒൻപതിനാണ് ആശാലത മരിച്ചത്. ഏഴിന് രാവിലെ സ്വന്തം കാറിൽ കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്വസ്ഥതയനുഭവപ്പെട്ടതോടെ സ്വയം കാറോടിച്ച് ആദ്യം വീട്ടിലും തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയിലുമെത്തി. നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാനഗർ പോലീസ് ആശാലതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ‘ഏഴിന് രാവിലെ പത്തോടെയാണ് മൂന്ന് പായ്ക്കറ്റ് എലിവിഷം (റാറ്റോൾ) ഐസ്‍ക്രീമിൽ കലർത്തി കഴിച്ചത്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണിത്. കഴിക്കാനുള്ള കാരണം വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലാണ്. അതുമൂലമുള്ള ‘മെന്റൽ സ്ട്രസ്’ കാരണം കുറച്ച് ദിവസമായി മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് ആർക്കെതിരെയും പരാതിയില്ല.'- എന്നാണ് മൊഴിയിലുള്ളത്.
കളക്ടറേറ്റിലെ എ5 സെക്ഷനിലായിരുന്ന ആശാലതയെ പുതിയ സർക്കാർ ചുമതലയേൽക്കുംമുമ്പ് മേയ് 12-നാണ് കളക്ടറേറ്റിലെ തന്നെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിലേക്ക് ജോലിക്രമീകരണ വ്യവസ്ഥയിൽ സീറ്റുമാറ്റിയത്. ഇവരുൾപ്പെടെ മൂന്ന് സീനിയർ ക്ലാർക്കുമാരെയാണ് കളക്ടറുടെ ഉത്തരവുപ്രകാരം മാറ്റിയത്. എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിലും മികച്ച രീതിയിലാണ് ഇവർ സേവനം ചെയ്തിരുന്നതെന്ന് സ്പെഷ്യൽ സെൽ ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചു.
Published: 11 Aug 2026, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented