തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്ക് തിരുവനന്തപുരം മേഖല മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് പമ്പയിൽനിന്ന് ട്രാക്ടറിൽ കൊണ്ടുപോയതിനു രേഖകളില്ല. നെയ്യ് സന്നിധാനത്ത് എത്തിയതായി ലെഡ്ഡറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുബന്ധരേഖകളൊന്നും ദേവസ്വം വിജിലൻസിനുമുൻപിൽ ഹാജരാക്കാൻ പമ്പയിലെ സ്റ്റോർ ചുമതലക്കാർക്കു കഴിഞ്ഞില്ല.

To advertise here,

ദേവസ്വം വിജിലൻസിന്റെ ഈ കണ്ടെത്തലിൽ എസ്.ഐ ടി. അന്വേഷണം തുടങ്ങി. കഴിഞ്ഞ തീർഥാടനസീസണിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം മേഖല മിൽമയിൽനിന്ന് നെയ്യ് വാങ്ങിയത്. 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനായിരുന്നു കരാർ. പമ്പയിലെ ലെഡ്ജർ പരിശോധിച്ചപ്പോൾ 1.61 ലക്ഷം ലിറ്റർ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ലെഡ്ജറിൽ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം നെയ്യ് സന്നിധാനത്തെത്തിയെന്ന് സ്ഥിരീകരിക്കാനാകില്ലെന്നതിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.

ഒന്നിനും ഉത്തരമില്ല

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ട്രാക്ടർ നമ്പർ, ഡ്രൈവറുടെ പേര്, തീയതി, സമയം, കൊണ്ടു പോയ സാധനം, അളവ്, ദേവസ്വത്തിൽ അടയ്ക്കേണ്ട 100 രൂപയുടെ രസീതിന്റെ പകർപ്പ് തുടങ്ങിയ വിവരങ്ങൾ രേഖകളിലുണ്ടാകണമെന്നാണ് വ്യവസ്ഥ.

നെയ്യ് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയതായി പറയുന്ന ട്രാക്ടർ യാത്രകളെ സംബന്ധിച്ച് ഈ രേഖകളൊന്നും ദേവസ്വം വിജിലൻസിനുമുൻപിൽ കാണിക്കാനായില്ല.

രേഖയിൽ മാത്രം?

നെയ്യ് സന്നിധാനത്തെത്തിയതിൻ്റെ തെളിവായി ലെഡ്ജർ രേഖ മാത്രമാണ് അവശേഷിക്കുന്നത്. മിൽമയിൽനിന്ന് നെയ്യ് എത്തിയത്, പമ്പയിൽ സ്വീകരിച്ചത്, സ്റ്റോക്കിൽ ചേർത്തത്, സന്നിധാനത്തേക്കു മാറ്റിയത് തുടങ്ങി ഓരോ ഘട്ടത്തിലുമുള്ള പൊരുത്തക്കേടുകളാണ് എസ്.ഐ. ടി. അന്വേഷണത്തിൽ നിർണായകമാവുക