രവിന്ദ് തുറന്നുപറയാൻ തയ്യാറായിരിക്കുന്നു.

To advertise here,

പ്രഭാതത്തിന്റെ ആദ്യകിരണങ്ങളോടൊപ്പം ആ സന്ദേശം എത്തി. രാത്രി കാവലുണ്ടായിരുന്ന രാജേന്ദ്രനാണ് ഇക്കാര്യം ആദിൽഖാനെ ഫോണിലൂടെ അറിയിച്ചത്. അയാളെ കാണണമെന്ന് അരവിന്ദ് ആവശ്യപ്പെട്ടിരിക്കുന്നു.

അത് പെട്ടെന്നുണ്ടായ മാനസിക പരിവർത്തനമല്ലെന്ന് ആദിൽ സംശയിച്ചു. ഇതുവരെയുള്ള സമീപനങ്ങളിൽ നിന്നുതന്നെ, അരവിന്ദ് സൂത്രശാലിയും മുൻകരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവനുമാണെന്ന് വ്യക്തമായിരുന്നു. അർദ്ധസത്യങ്ങളുടെ അടരുകൾ പണിയുന്നതിൽ അസാധാരണമായ കഴിവുള്ള ഒരാൾ. കഴിഞ്ഞ രാത്രി, ഒരുപക്ഷേ, അവന്റെ ആത്മവിശ്വാസം പൂർണ്ണമായും ചോർന്നുപോയിരിക്കണം. തണുത്ത മുറിയിലെ ഏകാന്തതയിൽ, ആവർത്തിച്ചുള്ള ചിന്തകൾ അവന്റെ പ്രതിരോധത്തിന്റെ പുറന്തോൽ ഉരിഞ്ഞിട്ടുണ്ടുണ്ടാവണം.

ആദിൽഖാൻ സമയം പാഴാക്കിയില്ല. ഉടൻതന്നെ സമർ ബെനഡിക്ടിനെ ഫോണിൽ വിളിച്ചു.

'സർ... അവൻ നമ്മുടെ വഴിക്കു വന്നിരിക്കുന്നു. സംസാരിക്കാൻ തയ്യാറാണ്.'

'ദെൻ ഒകെ, ഡോൺട് വെയ്റ്റ് ഫോർ മി. ഇപ്പോൾത്തന്നെ പൊയ്ക്കോളൂ. അവൻ ഫ്രസ്ട്രേറ്റഡ് ആണ്. മനസ്സു മാറുന്നതിനു മുൻപ് സത്യം പറയിക്കണം.'

ആദിൽ അപ്പോഴേക്കും ഇടനാഴിയിലേക്കിറങ്ങി നടക്കാൻ തുടങ്ങിയിരുന്നു.

രഹസ്യമുറിയിൽ തലേദിവസം ഇരുന്ന അതേ കസേരയിൽ, അതേ നിലയിൽ അരവിന്ദ് ഉണ്ടായിരുന്നു. പക്ഷേ, നോട്ടത്തിലും ഭാവത്തിലും മാറ്റം പ്രകടമാണ്. മുമ്പുണ്ടായിരുന്ന ചാഞ്ചല്യം ഇപ്പോഴില്ല.

ആദിൽഖാൻ കസേര വലിച്ചിട്ടിരുന്ന് അയാളുടെ മുഖത്തേക്കു നോക്കി.

'പറഞ്ഞോളൂ... സ്റ്റാർട്ട് ഫ്രം ദി ബിഗിനിങ്.'

അരവിന്ദ് ഒരു നിമിഷം മൗനത്തിലായി. മനസ്സിന്റെ കോണുകളിൽ ചിതറിക്കിടന്ന കാര്യങ്ങൾ കോർത്തിണക്കാൻ ഉപായം തേടുകയായിരുന്നു അയാൾ. നിശ്ശബ്ദതയുടെ ശവപ്പെട്ടിയിലായിരുന്നു കഴിഞ്ഞ രാത്രി മുഴുവൻ. ദീർഘനേരത്തെ ആലോചനകൾക്കൊടുവിലാണ് എല്ലാം തുറന്നുപറയാൻ അയാൾ തീരുമാനിച്ചത്.

'ബേബി ചെറിയാൻ എന്റെ ക്ലയന്റായിരുന്നു. പക്ഷേ, എമ്മ ഗ്രൂപ്പിന്റെ രഹസ്യങ്ങൾ ചോർത്തണമെന്ന് ഒരിക്കലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ തമ്മിലുള്ള കോൺട്രാക്ടിൽ അത്തരമൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല.'

അരവിന്ദ് മെല്ലെ പറഞ്ഞുതുടങ്ങി.

'ജാക്കിനെക്കുറിച്ച് എമ്മയ്ക്കുണ്ടായിരുന്ന പ്രതീക്ഷകളെപ്പറ്റി എനിക്ക് അറിയാമായിരുന്നു. ജാക്കിനെ ഒരു റസ്പോൺസിബിൾ പേഴ്സണാക്കാൻ അവർ പല തരത്തിൽ ശ്രമിച്ചു. നടന്നില്ല. അക്കാര്യം എന്നോട് നേഹ പറഞ്ഞിരുന്നു.'

കണ്ണടച്ച് കേട്ടിരിക്കുന്നതിനിടയിൽ ആദിൽ മെല്ലെ തലയാട്ടി- തുടരാൻ പ്രേരിപ്പിക്കുന്ന മൗനസൂചന.

'പതിവുരീതികളൊന്നും വർക്കുചെയ്യാത്ത സിറ്റ്വേഷനിൽ മാര്യേജ് ചലഞ്ചിനു സാധ്യതയുണ്ടെന്ന് എനിക്കു തോന്നി. നല്ല ഉദ്ദേശ്യത്തോടെയാണ് ഞാനതു പറഞ്ഞത്. ദോഷം വരുന്ന ഒന്നും അതിലുണ്ടായിരുന്നില്ല.'

അന്ന് അങ്ങനെയൊരു ആശയം അവതരിപ്പിച്ചപ്പോൾ നേഹയിലുണ്ടായ പ്രതികരണം ഇപ്പോഴും അരവിന്ദിന്റെ ഓർമ്മയിൽ ഉണ്ട്. ഒരു രഹസ്യായുധം കൈമാറിക്കിട്ടിയ കൗതുകം- അതായിരുന്നു അവളുടെ മുഖത്ത്. ആ ഓർമ്മയിലേക്ക് മറ്റൊരു കണ്ണിയായി ബേബി ചെറിയാനും വന്നുചേർന്നു. മാര്യേജ് ചലഞ്ചിനെക്കുറിച്ച് അരവിന്ദിൽനിന്ന് കേട്ടപ്പോൾ അയാൾക്ക് കൗതുകവും താൽപ്പര്യവും തോന്നി. മകൾ ജൂലിയെയും അതിൽ ഉൾപ്പെടുത്തണമെന്ന് അയാൾ താൽപ്പര്യപ്പെട്ടു. അരവിന്ദ് അത് നടപ്പാാക്കിയത് നേഹ വഴിയായിരുന്നു.

'നേഹയെ നീ എന്നാണ് പരിചയപ്പെട്ടത്? നിങ്ങൾ എങ്ങനെയാണ് അടുത്തത്?'

ആദിലിന്റെ ചോദ്യം ഉയർന്നു.

സംഭാഷണം തുടങ്ങിയ ശേഷം ആദ്യമായി അരവിന്ദിന്റെ മുഖം താഴേക്കു കുനിഞ്ഞു.

'അത്... മാര്യേജ് ചലഞ്ചിനും ആറുമാസം മുമ്പാണ്. അന്നാണ് ഞങ്ങൾ ആദ്യമായി കണ്ടത്.'

അരവിന്ദിന്റെ ശ്രദ്ധയിലേക്ക് നേഹയെ കൊണ്ടുവന്നത് ഫിലിപ്പ് മാത്യുവായിരുന്നു. അസാധാരണമായ ഒരു ആവശ്യവുമായാണ് അയാൾ അരവിന്ദിനെ സമീപിച്ചത്. അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ- എമ്മ ഗ്രൂപ്പിന്റെ- ഓരോ സ്പന്ദനവും ഉന്നതതല നീക്കങ്ങളും പിന്തുടരണം.

ആദ്യമത് ആഭ്യന്തര ആവശ്യങ്ങളുടെ ഭാഗമായ വ്യക്തിതല അന്വേഷണം മാത്രമാണെന്ന് അരവിന്ദ് കരുതി. അതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമായി ഫിലിപ്പ് നിർദ്ദേശിച്ച പേരാണ് നേഹ.

എല്ലാം നിരീക്ഷിക്കുന്നവൾ.

എല്ലാത്തിലും ഇടപെടുന്നവൾ.

അങ്ങനെയാണ് ഫിലിപ്പ് അവളെ വിശേഷിപ്പിച്ചത്.

എങ്കിലും സംശയപൂർവ്വമാണ് അരവിന്ദ് അവളിലേക്ക് അടുത്തത്. ആദ്യം മനസ്സു പിടിച്ചുപറ്റി. മന്ദഗതിയിൽ അടുപ്പം വളർന്നു. അങ്ങനെ എമ്മ ഗൂപ്പിനുള്ളിലെ അയാളുടെ കണ്ണും കാതുമായി നേഹ മാറി.

അരവിന്ദ് മെല്ലെ ശിരസ്സുയർത്തി.

'നേഹ... അവളായിരുന്നു എമ്മ ഗ്രൂപ്പിൽനിന്ന് വിവരങ്ങൾ അറിയാനുള്ള എന്റെ സോഴ്സ്. അകത്തുനിന്നൊരു സോഴ്സിനെ കണ്ടെത്തിയതോടെയാണ് എല്ലാം തുടങ്ങിയത്.'

ആദിൽഖാൻ ടേബിളിൽ പേനകൊണ്ട് ചെറുശബ്ദത്തിൽ താളമിട്ട് അരവിന്ദിന്റെ തുടർവാക്കുകൾ ശ്രദ്ധയോടെ കേട്ടു.

ഫിലിപ്പ് പലപ്പോഴും അയാളോട് പറഞ്ഞിരുന്നു- ഒരു വലിയ യന്ത്രത്തിലെ ശമ്പളക്കാരനായ ചക്രപ്പല്ലു മാത്രമാണ് താനെന്ന്. രേഖകളിൽ ഒപ്പിടുക എന്നതിനപ്പുറം അധികാരപരിധികളിലേക്കുള്ള പ്രവേശനം അയാൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. എമ്മ ഗ്രൂപ്പിൽ നേഹ ചേർന്നതോടെ, ഫിലിപ്പ് നിഴൽ മാത്രമായി ചരുങ്ങിയിരുന്നു.

'ഫിലിപ്പ് അവിടെ ജോലിക്കാരൻ മാത്രമായിരുന്നു. എമ്മയുടെ വിശ്വസ്തരുടെ കൂട്ടത്തിൽ അയാളുണ്ടായിരുന്നില്ല. നേഹ വന്നതോടെ, കോൺഫിഡൻഷ്യൽ ആയ കമ്പനി മാറ്റേഴ്സ് അറിയാൻ അയാൾക്ക് ഒരു മാർഗ്ഗവുമില്ലാതായി.'

ആദിലിന്റെ സംശയം പുരികക്കൊടികളെ വില്ലുപോലെ വളച്ചു.

'നേഹ... അത്രയ്ക്കു വിശ്വസ്തയായിരുന്നോ? അതെങ്ങനെ?'

'എമ്മയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അവൾ. പക്ഷേ പദവിക്കപ്പുറമാണ് എമ്മ അവളെ വിശ്വസിച്ചത്. ഒരു മനസ്സാക്ഷി സൂക്ഷിപ്പുകാരിയെപ്പോലെ... സ്വന്തം ജീവിതത്തിലെ ചെറിയ കാര്യങ്ങൾ മുതൽ ബിസിനസിലെ ഏറ്റവും ഗൗരവമുള്ള രഹസ്യങ്ങൾ വരെ എമ്മ പങ്കുവച്ചിരുന്നു.'

ആദിൽഖാൻ അർത്ഥഗർഭമായി ചിരിച്ചു. പിന്നെ, അരവിന്ദിന്റെ തന്ത്രമൊന്നും തന്റെ അടുത്തുവേണ്ടെന്ന മട്ടിൽ തെല്ലു പരിഹാസത്തോടെ പറഞ്ഞു.

'കമ്പനിയുടെ തന്ത്രങ്ങളും പദ്ധതികളുമൊന്നും ഫിലിപ്പിന് അറിയാൻ കഴിഞ്ഞിരുന്നില്ല. അതെല്ലാം നീ എത്തിച്ചുകൊടുക്കുകയായിരുന്നു. അതല്ലേ നിന്റെ വേർഷൻ?'

'ഞാൻ പറഞ്ഞല്ലോ സാർ... നേഹയായിരുന്നു അവിടെ എന്റെ സോഴ്സ്.'

ഒരു സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിൽ അരവിന്ദിന്റെ കൗശലം മോശമല്ലെന്ന് ആദിൽഖാൻ വീണ്ടും ഉറപ്പിച്ചു. ഒരു കോട്ടയ്ക്കുള്ളിലെ രഹസ്യങ്ങൾ അറിയാൻ ആദ്യം വേണ്ടത് ഗേറ്റുകൾ മറികടക്കുകയാണ്. നേഹയെന്ന താക്കോലുപയോഗിച്ച് അയാളത് നിഷ്പ്രയാസം സാധിച്ചു.

നേഹ അവനിലേക്കെത്തിയ വഴികളെക്കുറിച്ചാണ് പിന്നീട് അരവിന്ദ് വാചാലനായത്. ആദ്യഘട്ടങ്ങളിൽ നേഹ അയാളുടെ ഇംഗിതങ്ങൾക്കു വഴങ്ങിയിരുന്നില്ല. എന്നാൽ, ഇരുവരെയും ബന്ധിപ്പിക്കുന്ന ഘടകങ്ങൾ ക്രമേണ വർദ്ധിച്ചതോടെ, സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് അരവിന്ദ് പറഞ്ഞാൽപ്പോലും നേഹ അതു വിശ്വസിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

ചെറിയൊരു ഇടവേള. ടേബിളിലിരുന്ന കൂജയിൽനിന്ന് അയാൾ വെള്ളമെടുത്തു കുടിച്ചു. ആദിൽഖാൻ ഈ സമയം, അരവിന്ദന്റെ കുറ്റസമ്മതം വീഡിയോയിൽ പകർത്തപ്പെടുന്നുണ്ടെന്ന് വീണ്ടും ഉറപ്പുവരുത്തി. കടുത്ത നിസ്സഹകരണത്തിൽനിന്നു പിന്മാറി അയാൾ കീഴടങ്ങിയ രീതി ആദിലിനെ അതിശയിപ്പിച്ചിരുന്നു.

'ഫിലിപ്പിനുവേണ്ടി നീ ചെയ്തത് എന്തൊക്കെയാണ്? ഈ കൊലപാതകങ്ങളിൽ അയാളുടെ പങ്കെന്താണ്? അതിലേക്കുവരൂ.'

ആദിൽഖാൻ തിരക്കുകൂട്ടി.

'അതേ ... ഫിലിപ്പിൽ നിന്നാണ് എല്ലാം ആരംഭിച്ചത്.'

എമ്മ ഗ്രൂപ്പിന്റെ ഹെഡ്ഓഫീസിൽനിന്ന് അൽപ്പം അകലെയുള്ള ഒരു കഫേയിൽവച്ചാണ് ഫിലിപ്പ് പുതിയ ആവശ്യം അരവിന്ദിനോട് ഉന്നയിച്ചത്. എമ്മ ഗ്രൂപ്പിന്റെ രഹസ്യങ്ങൾ കൈമാറ്റം ചെയ്യുക എന്ന പതിവുജോലിക്കപ്പുറം, വ്യത്യസ്തവും അതീവഗൗരവമുള്ളതുമായിരുന്നു അത്.

'അരവിന്ദ്... ജാക്കിനെ വിവാഹം കഴിപ്പിക്കാൻ എംഡി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മാര്യേജ് ചലഞ്ച് സക്സസ് ആയാൽ കഥ മാറും. ജാക്ക് പിന്നെ എമ്മയുടെ ചൊൽപ്പടിയിലായിരിക്കും.'

ആ വാക്കുകളുടെ ഗൗരവം അപ്പോൾ അരവിന്ദിനു പൂർണമായി ബോധ്യപ്പെട്ടില്ല. അയാൾ സംശയത്തോടെ ഫിലിപ്പിനെ നോക്കി.

'മനസ്സിലായില്ലേ...എമ്മ ഗ്രൂപ്പിന് ഒരു പിൻഗാമി ഉണ്ടാകാൻ പാടില്ല.'

അവിശ്വസനീയമായ ആവശ്യമെന്നു തോന്നിയെങ്കിലും, അരവിന്ദിന്റെ ഉള്ളിൽ കൗതുകവും ജിജ്ഞാസയും വർദ്ധിച്ചു.

അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഫിലിപ്പ് പറഞ്ഞു.

'ഊട്ടിയിൽ മാര്യേജ് ചലഞ്ച് നടക്കണം. അത് അവസാനിക്കുമ്പോൾ ജാക്ക് അലക്സാണ്ടറും അവസാനിച്ചിരിക്കണം.'

അരവിന്ദ് ഞെട്ടി. പിന്നെ, അതൊരു തമാശയെന്നു കരുതി ചിരിച്ചു.

പക്ഷേ, അയാളെ അമ്പരപ്പിച്ചുകൊണ്ട് ഫിലിപ്പ് ആവശ്യം ആവർത്തിച്ചു. മാര്യേജ് ചലഞ്ച് നടക്കുന്ന വേള- സംശയാസ്പദമായ സാഹചര്യങ്ങൾക്കോ ആളുകൾക്കോ ഇടമില്ലാത്ത സ്ഥിതി. അതാണ് അവസരം. ആർക്കും സംശയം തോന്നാത്ത വിധത്തിൽ ഒരു മരണം.

ഒരിക്കലും തയ്യാറല്ലെന്നു പറഞ്ഞ് അരവിന്ദ് ഒഴിഞ്ഞുമാറി. പക്ഷേ, ഫിലിപ്പ് ഉടുമ്പിനെപ്പോലെ പിടിച്ചു. കളിക്കളത്തിലെ ചീട്ടുകളെന്നപോലെ പോലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിരത്തി- പണം, സമ്പത്ത്, പുതിയ ജീവിതം.

ഒടുവിൽ, അരവിന്ദിന്റെ ദൗർബല്യം കണ്ടെത്തിയതുപോലെ ഫിലിപ്പ് പറഞ്ഞു.

'ഇന്ത്യയിൽ എവിടെ വേണമെങ്കിലും നീ പുതിയ ഡിറ്റക്ടീവ് ഏജൻസി തുടങ്ങിക്കോളൂ. എത്ര ചെലവു വന്നാലും ഞാൻ വഹിക്കും. ലാഭമാകുന്നതുവരെ ഫിനാൻഷ്യൽ സപ്പോർട്ടും തരും... നിനക്ക് ഇപ്പോൾ നേഹ വഴി എന്തും ചെയ്യാനും എന്നെ സഹായിക്കാനും കഴിയും.'

സ്വന്തമായൊരു ഡിറ്റക്ടീവ് ഏജൻസിക്ക് പരിപൂർണ്ണ സാമ്പത്തിക പിന്തുണ. അരവിന്ദിന്റെ മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ വർഷങ്ങളായി ഉറങ്ങിക്കിടന്ന സ്വപ്നം. അതിൽ അയാൾ വീണു.

പിന്നീട,് വിദഗ്ധമായാണ് അരവിന്ദ് കാര്യങ്ങൾ നീക്കിയത്. ഊട്ടിയിൽ മാര്യേജ് ചലഞ്ച് തുടങ്ങുന്നു- വിദൂരമായ, കർശനമായി നിയന്ത്രിക്കപ്പെട്ട, ബാഹ്യ ഇടപെടലുകളിൽനിന്ന് മുക്തമായ പദ്ധതി. അവിടെ ജാക്ക് മരിച്ചാൽ, അത് നിർഭാഗ്യകരമായ അപകടം മാത്രമായിരിക്കും. അതിലപ്പുറം ഒന്നുമാവില്ല.

മാര്യേജ് ചലഞ്ച് പുരോഗമിക്കുന്തോറും, ജൂലിയും ജാക്കും തമ്മിൽ അടുപ്പം ഉടലെടുക്കുന്നതായി നേഹയിൽനിന്ന് അയാൾ മനസ്സിലാക്കി. അതിൽ ട്വിസ്റ്റുണ്ടാക്കി ഫിലിപ്പിന്റെ ആവശ്യം നിറവേറ്റുക- അതായിരുന്നു അയാളുടെ ചിന്ത. ജൂലിയെത്തന്നെ ഉപാധിയാക്കുന്ന പദ്ധതി.

ബേബി ചെറിയാന്റെ താൽപ്പര്യപ്രകാരം ജൂലിയെ ജാക്കിന്റെ ഭാര്യയാക്കാൻ ശ്രമിച്ച അരവിന്ദൻ, പെട്ടെന്നുതന്നെ നേരെ വിപരീതദിശയിലേക്കു തിരിഞ്ഞു. ജൂലിയെ ഉപയോഗിച്ച് ജാക്കിന് മരണക്കെണി ഒരുക്കുക- അതായിരുന്നു തന്ത്രം. അതു നടപ്പാക്കാൻ യൂണിയൻ നേതാവ് വഴി മുത്തുവിനെയും കണ്ടെത്തി.

'മുത്തു...?'

വിശദീകരണം തേടുന്നതുപോലെ ആദിൽഖാൻ നോക്കി.

'പരോളിലിറങ്ങിയ പ്രതിയാണവൻ. ഏൽപ്പിക്കുന്ന ജോലി ചെയ്യും. അതിന്റെ പിന്നിലെ കഥയൊന്നും തേടിപ്പോവില്ല.'

അതിന്റെ ഭാഗമായാണ് നേഹയുടെ മുന്നിൽ അരവിന്ദൻ ഒരു കെട്ടുകഥ നെയ്തത്. മുത്തു പാചകവിദഗ്ധനാണെന്നും മാര്യേജ് ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായി രുചികരമായ ഭക്ഷണം ഒരുക്കാൻ അയാൾക്കു കഴിയുമെന്നുമുള്ള കൃത്രിമവിശ്വാസം അവളിൽ വളർത്തി അയാളെ ബംഗ്ലാവിലേക്കെത്തിച്ചു. മുത്തുവിനും യൂണിയൻ നേതാവിനുമുള്ള പണം കൈമാറുന്ന ചുമതല ഫിലിപ്പ് ഏൽപ്പിച്ചിരുന്നതും അരവിന്ദിനെ ആയിരുന്നു.

നീണ്ട നിശ്ശബ്ദത മുറിയിൽ പരന്നു. അരവിന്ദിന്റെ നോട്ടം ആദിൽഖാനുമായി കൂട്ടിമുട്ടി. അതു താങ്ങാനാകാതെ ശിരസ്സുകുനിച്ച് അരവിന്ദ് പറഞ്ഞു.

'ഓരോ നീക്കവും കൃത്യമായിരുന്നു. എല്ലാ അറേഞ്ച്മെന്റ്സും കുറ്റമറ്റതാണെന്നു ഞാൻ കരുതി.'

'ആ കുറ്റമറ്റ പദ്ധതിയിലെ ചോരച്ചാൽ... അതു നീ കണ്ടില്ല. ചോര... അതെപ്പോഴായാലും കണക്കു ചോദിക്കും.'

എസി ഓഫ് ചെയ്തിരുന്ന മുറിയിൽ സീലിംഗ് ഫാനിന്റെ മുരൾച്ച മാത്രം. അതിന്റെ തുടർച്ച പോലെ ആദിലിന്റെ ശബ്ദം മുഴങ്ങി.

'ഫിലിപ്പ് എന്തിനാണ് ജാക്കിനെ കൊല്ലാൻ ഏൽപ്പിച്ചത്? ഒരു സ്ട്രോംഗ് റീസൺ അതിനുണ്ട്. എന്താണത്?'

'എനിക്കറിയില്ല സാർ... സത്യമാണു ഞാൻ പറയുന്നത്.'

അരവിന്ദിന്റെ നിസ്സംഗത മനസ്സിലാക്കിയതുകൊണ്ടാവണം, ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നതുപോലെ മുഷ്ടി ചുരുട്ടി മേശപ്പുറത്തിടിക്കാനോ പരുഷമായ വാക്കുകൾ കൊണ്ട് ശകാരിക്കാനോ ആദിൽ മുതിർന്നില്ല. തുടക്കം മുതൽ സ്വീകരിച്ച ശാന്തത അയാൾ തുടർന്നു.

'ജാക്കിനെ ടാർഗറ്റു ചെയ്തു- ശരി. എന്തിനാണ് തേവമ്മയെ കൊന്നത്? നേഹയെ മറച്ചത്?'

മനസ്സാന്നിധ്യത്തെ ശിഥിലമാക്കുന്ന ചോദ്യമായിരുന്നെങ്കിലും, അരവിന്ദിന് ഉത്തരമുണ്ടായിരുന്നു- ഭാവിയിൽ ജാക്കിന്റെ മരണത്തെക്കുറിച്ച് സംശയം ഉയർന്നാൽ, അത് നേഹയിൽ നിന്നായിരിക്കുമെന്ന് ഫിലിപ്പ് സംശയിച്ചു. ജാക്കിനോടും എമ്മയോടും നേഹയ്ക്കുണ്ടായിരുന്ന അടുപ്പം അത്രമേൽ ശക്തമായിരുന്നു.

'നേഹ ഒരു ബാധ്യതയായിരുന്നു. എമ്മ ഗ്രൂപ്പിൽ അവളെ നിലനിർത്തുന്നത് ഫിലിപ്പിന് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു.'

നേഹയുടെ മരണം- അതായിരുന്നു ആദ്യചിന്ത. നിശ്ശബ്ദമായ, അടയാളങ്ങളൊന്നും അവശേഷിപ്പിക്കാത്ത, പിന്തുടരാനാകാത്ത മരണം. അതിനായി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്യുക. അവിടെവച്ച് മറ്റാരുമറിയാതെ കൊലപ്പെടുത്തുക. പകർച്ചാഭീതി നിലനിന്ന കോവിഡ് മഹാമാരിയുടെ തിരക്കിൽ അതിനെ ലയിപ്പിക്കുക. പ്രോട്ടോക്കോളിന്റെ മറവിൽ തെളിവുകളില്ലാതെ അടക്കം ചെയ്യുക- അതായിരുന്നു പ്ലാൻ.

പക്ഷേ, നേഹ അവസാനനിമിഷം എങ്ങനെയോ ഒഴുക്കിനെതിരെ നീന്തി.

ജാക്കിന്റെ മരണത്തെത്തുടർന്നുണ്ടായ തിരക്കുകളും മാനസിക സംഘർഷവും ചൂണ്ടിക്കാട്ടി, അവളാകെ അവശയാണെന്നു വരുത്തിയാണ് ഹോസ്പിറ്റലിലെത്തിച്ചത്. എന്നാൽ ഓ.പി. വരെ എത്തിയെങ്കിലും തനിക്ക് പ്രത്യേകിച്ച് അസുഖമില്ലെന്ന നിലപാടിൽ അവൾ അഡ്മിറ്റാകാതെ മടങ്ങുകയായിരുന്നു.

ആശുപത്രി വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽനിന്ന് അവൾ ചോദിച്ചു.

'ഇല്ലാത്ത രോഗത്തിന് എന്തു ചികിത്സയ്ക്കാണ് ഞാനിവിടെ?'

അങ്ങനെയാണ് ആദ്യപദ്ധതി അലസിപ്പോയത്.

'അപ്പോൾ നീ അടവു മാറ്റി?'

അതെയെന്ന് അരവിന്ദ് സമ്മതിച്ചു. ഇരുവരുടെയും അടുപ്പത്തെക്കുറിച്ച് നേഹയുടെ വീട്ടുകാർക്കുണ്ടായിരുന്ന എതിർപ്പിനെയാണ് പിന്നീട് അയാൾ തുറുപ്പുചീട്ടായി ഉപയോഗിച്ചത്. അവരുടെ കർശനമായ നിരീക്ഷണത്തിൽ കഴിയുന്നിടത്തോളം, ഒരുമിച്ചൊരു ജീവിതം അസാധ്യമാണെന്ന ചിന്ത അവളുടെ മനസ്സിൽ കുത്തിവച്ചു. അത്തരം സാഹചര്യത്തിൽ, അവരിൽനിന്ന് കുറച്ചുകാലം മറഞ്ഞുനിൽക്കുക എന്നതാണ് ഏറ്റവും ഉചിതമെന്ന് അവളെ വിശ്വസിപ്പിച്ചു. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായി അയാൾ നിർദ്ദേശിച്ചത് ഗൾഫായിരുന്നു.

ദുബായിയിൽ സുഹൃത്തുക്കളുണ്ടെന്നും ഇരുവർക്കും ജോലി കണ്ടെത്താൻ സാധിക്കുമെന്നും കുറച്ചുകാലത്തേക്ക് നാടുമായി ബന്ധമില്ലാതെ കഴിയാമെന്നും അരവിന്ദ് പറഞ്ഞു. അതിലുപരി, കാര്യങ്ങൾ എമ്മ അറിഞ്ഞാൽ, നേഹ അവിടെനിന്നു പോകാൻ സമ്മതിക്കില്ലെന്ന മുന്നറിയിപ്പും നൽകി.

അങ്ങനെയാണ്, മനസ്സില്ലാമനസ്സോടെ നേഹ അതിനു സമ്മതിച്ചത്.

അതേസമയം നാട്ടിൽ-

വീട്ടിൽ-

നേഹയുടെ അടയാളങ്ങൾ അവളറിയാതെ മായ്ക്കപ്പെടുകയായിരുന്നു. അവൾ മരണമടഞ്ഞെന്നു വരുത്തുക- അതായിരുന്നു ലക്ഷ്യം. അതിന് കണ്ടെത്തിയതാണ് തേവമ്മയെ.

യൂണിയൻ നേതാവാണ് തേവമ്മയെ പരിചയപ്പെടുത്തിക്കൊടുത്തത്. സാധാരണജ്വരം ബാധിച്ച അവളെ നിർബന്ധിച്ച് ഹോസ്പിറ്റലിലേക്ക് അയച്ചതും അയാളായിരുന്നു. പിന്നെ സംഭവിച്ചതൊന്നും തേവമ്മ അറിഞ്ഞില്ല. യൂണിയൻ നേതാവു നിശ്ചയിച്ച സിസ്റ്റത്തിലൂടെ കാര്യങ്ങൾ മുന്നോട്ടുനീങ്ങി. ഓ.പിയിൽ രജിസ്റ്റർ ചെയ്ത നേഹയുടെ സ്ഥാനത്ത് തേവമ്മയായി. അഡ്മിറ്റു ചെയ്യപ്പെട്ട തേവമ്മയുടെ പേര്- നേഹ. തേവമ്മയുടെ പനിയും തലവേദനയും കൊറോണയായി രേഖപ്പെടുത്തി.

ഒരു മയക്കവേളയിൽ, ആരുടെയും സാന്നിധ്യമില്ലെന്നുറപ്പാക്കി അറുപ്പുക്കോട്ടൈ മുത്തു അവളുടെ അരികിലെത്തി. അവളുടെ കിടക്കയിൽ ഇരുന്ന്, പൊടുന്നനെ തലയണ വലിച്ചെടുത്ത്, തേവമ്മയുടെ മുഖം മറച്ച് അമർത്തി- അവളുടെ കൈവിരൽത്തുമ്പിലെ അവസാനവിറയലും ഇല്ലാതാകും വരെ.

പിന്നെയെല്ലാം നടന്നത് യൂണിയൻ നേതാവിന്റെ സ്വാധീനത്തിലായിരുന്നു. ആശുപത്രിരേഖകൾ ഒന്നൊന്നായി സജ്ജമായി. മൃതദേഹത്തിന്റെ ഐഡന്റിറ്റിയിലുള്ള മാറ്റം മറച്ചുവച്ച് മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി. മൃതദേഹം പൊതിഞ്ഞുകെട്ടി, കോവിഡ് മരണമെന്നു ടാഗ് ചാർത്തി, വിപുലമായ മതചടങ്ങുകൾ കൂടാതെ, ബന്ധുക്കളുടെ വിദൂരസാന്നിധ്യത്തിൽ കല്ലറയിലേക്കു താഴ്ത്തി.

'രണ്ടുപേർക്കും പണം നൽകിയത് ഞാനാണ്. എത്ര തുക വേണമെങ്കിലും തരാൻ ഫിലിപ്പ് തയ്യാറായിരുന്നു.'

ആദിൽ കയ്യിലിരുന്ന നോട്ട് പാഡിൽ ചുവന്ന മഷിപ്പേനകൊണ്ട് യാന്ത്രികമായി ചില അലസരൂപങ്ങൾ വരച്ചു. അതിനിടെ അയാൾ ചോദിച്ചു.

'ഗൾഫിൽ വച്ച് എന്താണു സംഭവിച്ചത്?'

നേഹ സത്യം അറിഞ്ഞുതുടങ്ങിയ ആ ദിവസങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അരവിന്ദിന്റെ മനസ്സിൽ മിന്നി. അയാളത് ഒരു വിധത്തിൽ പറഞ്ഞുതീർത്തു. ആദിൽഖാൻ സാകൂതം കേട്ടിരുന്നു. അക്കാര്യത്തിൽ, നേഹയിൽനിന്ന് ലഭിച്ച മൊഴിയുടെ മറ്റൊരു ഭാഷ്യമായിരുന്നു അത്. എങ്കിലും രണ്ടിലും കോർത്തിണക്കാവുന്ന ഘടകങ്ങൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞു.

'സോ... നീ അവളെ എല്ലാത്തരത്തിലും കുടുക്കി?'

ആദിൽ മറുപടിക്കു കാത്തെങ്കിലും അരവിന്ദ് മൗനം പാലിച്ചതേയുള്ളൂ. ആ നിശ്ശബ്ദതയിൽ അയാൾക്ക് സ്വന്തം ഹൃദയമിടിപ്പ് പോലും വ്യക്തമായി കേൾക്കാമായിരുന്നു.

രണ്ടു വലിയ ക്രൂരതകൾ നിസ്സംഗമായി നടപ്പാക്കിയവനെന്ന വിലയിരുത്തലോടെ ആദിൽഖാൻ മെല്ലെ എഴുനേറ്റു. ഫിലിപ്പ് ഇത്തരത്തിലൊരു നീക്കം നടത്തിയത് എന്തിനുവേണ്ടി ആയിരുന്നു? അതിനുവേണ്ടി വാരിക്കോരി ചെലവഴിക്കാൻ പണം ലഭിച്ചത് എവിടെനിന്ന്? ആദിൽ സംശയപ്പെരുക്കത്തോടെ അരവിന്ദിനെ തറപ്പിച്ചുനോക്കി.

'ഈ കളിയിൽ നിനക്കെന്തുകിട്ടി?'

ആദ്യമൊന്നു മടിച്ചെങ്കിലും ആ ചോദ്യത്തെ പ്രതിരോധിക്കാൻ അരവിന്ദിനു കഴിഞ്ഞില്ല,

'നാൽപ്പതു ലക്ഷം.'

ആദിൽ ഒരു ചെറുചിരിയോടെ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആ തുകയിൽ അയാൾക്ക് അതിശയകരമായ വലിപ്പം തോന്നി. ഒരു നിഷ്ഠൂരപ്രവൃത്തിക്ക് അത്രയും പണം ചെലവഴിക്കാൻ ഒരാൾ തയ്യാറായെങ്കിൽ, അന്തിമനേട്ടം അതിനെക്കാൾ വലുതായിരിക്കണം- വളരെ വലിയത്. അത് വ്യക്തിപമായ വൈരാഗ്യമോ തിടുക്കത്തിൽ എടുത്ത തീരുമാനമോ അല്ല. ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന ഗൂഢോദ്ദേശ്യം അതിനു പിന്നിലുണ്ട്.

ആ ലക്ഷ്യത്തിലേക്കെത്താൻ ആദിൽ ചില ചോദ്യങ്ങൾ കൂടി ഉന്നയിച്ചു.

പക്ഷേ, അരവിന്ദിന് ഉത്തരങ്ങളുണ്ടായിരുന്നില്ല.

 

(തുടരും)