കാലൂക്കേറ്റു വെള്ളമണ്‍പൊടികളുയര്‍ന്നു. മാലയിട്ട മുണ്ഡിതരൂപങ്ങള്‍ അതില്‍ മേഘസഞ്ചാരം നടത്തുന്നതു പോലെ തോന്നി.

To advertise here,

നീണ്ട പാടവരമ്പു താണ്ടി തിരക്കിട്ടു നടക്കുകയാണ്, അവര്‍.

എന്തിനാണീ തിക്ക്? കാതങ്ങളപ്പുറത്ത് കൈ നീട്ടി കാത്തു നില്‍ക്കുന്ന വിധിയെ പ്രാപിക്കാനുള്ള തിടുക്കമാവാം.

നില്‍ക്കാനിടതരാതെ നാഴികകളും അവരെപ്പോലെ നടതുള്ളി പോകുന്നു. നാവാമണപ്പുറത്തേക്കാണാ നടവഴി. മണിപ്പന്തല്‍ മേലാപ്പിട്ട മണിത്തറയില്‍ അതിനൊരറുതിയുണ്ടാവും.

പെട്ടന്നൊരാന്തല്‍ തോന്നി. ഇല്ല, ഇത്തവണ നിയതി മാറും, നിശ്ചയം. ഗുരുനാഥന്റെ വായ്പ്പും ഉറപ്പുമുണ്ട്.

കുടുമ മുറിച്ചു വടിച്ച തലയില്‍ക്കൂടി വിയര്‍പ്പൊഴുകിത്തുടങ്ങി. മാറില്‍ ചാര്‍ത്തിയ തെച്ചിമാല മുഖത്തോടൊപ്പം വാടിത്തുടങ്ങിയോ... വറ്റില്ലൂരിലേക്കുള്ള ഈ നാലുനാഴികക്ക് നാല്‍പ്പതും കാതം ദൂരം പോലെ. വറ്റല്ലൂരില്‍, പുതുമന തറവാട്ടില്‍, അവസാന വറ്റുരുട്ടി തങ്ങളെ കാത്ത് ഇമയടയാതെ അവര്‍ കാത്തുനില്‍ക്കുന്നുണ്ടാവും.

 ചാവേര്‍ തറയിലെ ഭജനം തീര്‍ത്ത് അമ്മയെ തൊഴാന്‍ തെക്കേനട തീണ്ടിയപ്പോള്‍ കോവിലകത്തു നിന്ന് ഇളമുറകളും കാര്യക്കാരും വന്നു നില്‍ക്കുന്നതു കാണായി. സപ്തമാതൃശാലക്കു സമീപം നിന്ന് അവര്‍ എന്തൊക്കെയോ പറയുകയും ചെയ്യുകയും ചെയ്തു. മുറപോലുള്ള വാള്‍പ്പണം വീഴ്ത്തലും വാഴ്ത്തുചൊല്ലലുകളും തന്നെ.

 തിരുമുന്നില്‍ ചാവേറുകള്‍ വീരമരണത്തിനായി തൊഴുകൈനിന്നു.

അമ്മേ നിന്‍സവിധം അഭയം എന്ന പതിവു പ്രാര്‍ഥന പക്ഷെ മറന്നു.
പകരം ജയിച്ചു മരിക്കാതിരിക്കാന്‍ വരം ചോദിച്ചു.

നൂറുനൂറാണ്ടുകളായി ഇവിടെ നിന്നും ചാവേറാടാന്‍ ചാടിതുള്ളി പോകുന്നു. നെടിയിരിപ്പുകൂട്ടത്തിനിക്കാലംകൊണ്ടതൊരു നേരംപോക്കുമാത്രമായി, പൂതന്‍തിറപോലെ വള്ളുവനാട്ടാര്‍ക്കതൊരാചാരവും.

''അമ്മേ ഈവട്ടമെങ്കിലും...''

 ഇറുക്കിപൂട്ടിയ കണ്ണുകള്‍ മെല്ലെ തുറന്നു. അമ്മ കണ്‍താഴ്ത്തിയിരിക്കുന്നു..! അതോ കലങ്ങിയ കണ്ണങ്ങനെ തോന്നിച്ചതോ.

അമ്മയെ വലംചുറ്റി തിരിഞ്ഞുനോക്കാതെ ചാവേറുകള്‍ തെക്കോട്ടിറങ്ങി.
 
പടിഞ്ഞാറേക്കുള്ള നടത്തത്തിന് ആര്‍പ്പുവിളിക്കൂട്ടം വന്നുചേര്‍ന്നിരുന്നു. കുറവക്കോലോത്തു നിന്ന് ഏര്‍പ്പാടാക്കിയതായിരിക്കണം. കൂട്ടുകതിനകള്‍ പൊട്ടിയപ്പോള്‍ ആര്‍പ്പുകാര്‍ നടവിളിച്ചു.

''നടനടഹോ നട...''

ചെരക്കാപ്പറമ്പിലേക്കാണിനി. നീട്ടി വളര്‍ത്തിയ മുടിയും താടിയും മീശയും അവിടെ ചാവേറുകള്‍ ചെരച്ചുകളയും.

ഉയര്‍ന്ന ഒരു പറമ്പില്‍ ചെറുപന്തലുകള്‍ ആദ്യമേ കണ്ടു. തിണ്ടത്ത് നിന്നവര്‍ നടപ്പുകാരെ കണ്ടപ്പോള്‍തന്നെ വേഗം പന്തലുകളിലേക്കു മണ്ടി.

ചെരപ്പുകത്തി ഇലയില്‍ വെച്ച് ഒറ്റത്തിരി കത്തിച്ചുവെച്ച പന്തലിലൊന്നില്‍ നിന്ന് കറുത്തുണങ്ങിയ ഒരാള്‍ ആദ്യം തന്നെ മുന്നോട്ടാന്തി മാടി വിളിച്ചു.

ചാവറെ, ഇബടെ...ഇബടെ....

പനമ്പും പാന്തവും കെട്ടിയ പന്തലുകളിലേക്ക് ചാവേറുകള്‍ അനുസരണയുള്ള മാടുകളെപ്പോലെ കയറി. തൊട്ടുനമസ്‌കരിച്ച്. കത്തി നെഞ്ചോടുചേര്‍ത്ത് വിളക്കത്രമാര്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടു.

ചെരക്കാനും പ്രാര്‍ഥനകളോ.

വിളക്കത്ര നായന്‍മാര്‍ ചാവേറുകളുടെ ജടകെട്ടിയ മുടിപ്പടര്‍പ്പുകള്‍ ആസകലം ആയാസത്തോടെ ക്ഷൗരം ചെയ്തു. ചെരച്ചുവടിക്കാന്‍ കാര്യമായൊന്നുമില്ലാത്തതിനാലായിരിക്കണം ഇയാള്‍ ആദ്യമെ കൈവിളിച്ചിങ്ങോട്ടു കയറ്റിയത്. കല്ലുപ്പു വെള്ളം തേച്ച്, കല്ലില്‍ കത്തി രാകി അയാള്‍ വടിക്കാന്‍ തുടങ്ങിയപ്പോള്‍ തോലുരഞ്ഞു തുടങ്ങി. മറ്റു പന്തലുകളില്‍ പണിയെടുക്കുന്നുവര്‍ അയാളെ അര്‍ഥമിട്ടു നോക്കിചിരിക്കുന്നതു കണ്ടു. നാഴികയൊന്നു കഷ്ടി നീറിത്തീര്‍ന്നപ്പോള്‍ അയാള്‍ താടിപിടിച്ചു പൊക്കി തൃപ്തിയോടെ മൂളി. പിന്നെ മഞ്ഞളെടുത്തു മൊട്ടയില്‍പൊത്തി.

പുറത്തു ചെരപ്പു കഴിഞ്ഞു മഞ്ഞളാടിയ ചാവേറുകള്‍ നിരന്നിരിക്കുന്നു.

ഞെട്ടിപ്പോയി. രൂപം മാറി ഇറങ്ങിയ ഈ കോലങ്ങള്‍ ഏതാണ്. രുദ്രന്‍മാരെപ്പോലെ തോന്നിച്ചിരുന്നവര്‍ കങ്കാളങ്ങളായോ.
പുരികം പോലും വടിച്ചിറക്കിയ വികൃതരൂപികള്‍... ചിരിക്കണോ അതോ കരയണോ? ആകാരഗംഭീരനായ അമ്മാവന്‍ പോലും വിഢ്യാനെപ്പോലെ തോന്നിച്ചു.

placeholder
ചിത്രീകരണം: മദനന്‍

ഇങ്ങനെ വിദൂഷകവേഷത്തിലാണോ വീരന്‍മാര്‍ അലറിവിളിച്ചുപോകേണ്ടത്.

മനസ്സില്‍ സങ്കടവും കോപവും തിക്കുമുട്ടിതള്ളി.

''ഉണ്ണീ... സ്വരൂപത്തിനായി സ്വ രൂപം ഉറയൂരിയെറിഞ്ഞു എന്നു നിരൂപിച്ചാല്‍ മതി. അതുമാത്രം.''

പകപ്പ് കണ്ട് അമ്മാവന്‍ കവിളില്‍ തട്ടി പറഞ്ഞു.

''കൂട്ടരെ... രുധിരകാളിയുടെ കൂളിക്കൂട്ടമായി എതിരനില്‍ വിറതീര്‍ക്കുക... വരാഹി നയിക്കട്ടെ... ഇനി മാലാറമ്പിലേക്ക്..''

ഇളനീരുതൊണ്ടുകള്‍ താഴേയിട്ട് ചാവേറുകള്‍ വീണ്ടും നടതുടങ്ങി. കണ്ടര് തിരിഞ്ഞുനോക്കി. തറയില്‍ വീണത് തൊണ്ടൊ, ക്ഷൗരം ചെയ്തുകളഞ്ഞ പഴയ തലകളോ.

ആര്‍പ്പുവിളിക്കൂട്ടമൊക്കെ നേരത്തെ തന്നെ പിരിഞ്ഞുപോയെന്നു തോന്നുന്നു. വഴിയിറമ്പിലോന്നും ആരുമില്ല. മരുന്നിട്ട കതിനകുറ്റികള്‍ അനാഥമായി കിടക്കുന്നു.

ഒരു കുന്നിറങ്ങി വന്നപ്പോള്‍ വലിയൊരു കുളം കാണാറായി. കുണ്ടറക്കല്‍ മൂപ്പില്‍ നായരും കൂട്ടവും അവിടെ സ്വീകരിക്കാന്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ വെച്ചുനീട്ടിയ കരിക്കിന്‍ വെള്ളവും അവിലും ഉപചാരം മാത്രമാണ്. സ്വീകരിക്കാനുള്ളതല്ല. വറ്റില്ലൂരിലേക്കുള്ള വഴിക്കൊന്നും ഇനി ചാവേറുകള്‍ കുടിക്കാനും ഇറക്കാനും വാ തുറക്കില്ല.

''കതിന കാത്തുവൈകിയപ്പോ ഇറങ്ങിയതാണ്. ചെരക്കാപ്പറമ്പില്‍ കതിന കത്തിക്കാന്‍ ആളും അര്‍ഥവും തീര്‍ന്നോ? കൊശവന്മാര്‍.''
നായര്‍ കഷ്ടം പറഞ്ഞു.

സാധുവായൊരു മനുഷ്യന്‍. എല്ലാവരുടേയും കാല്‍തൊട്ടു തലയില്‍ ചേര്‍ക്കുന്നുണ്ട്. കുനിയാനാഞ്ഞപ്പോള്‍ അരുതെന്നു തടുത്തു. അയാള്‍ മുഖമുയര്‍ത്തിയപ്പോള്‍ കുഴിഞ്ഞ കണ്ണുകളില്‍ ആമ്പരപ്പാളി. അനുഗ്രഹിക്കണം ചാവേറെ എന്നു പറഞ്ഞയാള്‍ മുഖം നെറ്റിയില്‍ ബലമായി ചേര്‍ത്തു. വല്ലാത്ത അസ്‌കിതയാണു തോന്നിയത്.

അയാളുടെ വകയാണ് മാലാപ്പറമ്പത്തെ ക്ഷേത്രം. വീരശാസ്താവാണ്.

''ചാവേറിതാ മാലയിടുന്ന്, മാലയിടുന്ന,് മാലയിടുന്ന്..''

കുത്തുവിളക്കു പിടിച്ച വാര്യര്‍ വിളിച്ചു പറഞ്ഞു. വിളിക്കൂന്നല്‍ നല്‍കാന്‍ പിന്നിലേതോ വീക്കെന്‍ ചെണ്ടയില്‍ നിന്ന് ധും ധും ഒച്ചപൊന്തി.

ഭട്ടബന്ധത്തിലമര്‍ന്ന്, വീരാസനത്തിലിരിക്കുന്ന മൂര്‍ത്തിക്കു മുന്നില്‍ നേദിച്ച തെച്ചിമാലകള്‍ ഒരു താലത്തിലാക്കി സോപാനത്തില്‍ വെച്ച് നമ്പൂതിരി തീര്‍ഥം കുടഞ്ഞു.

കുണ്ടറക്കല്‍ മൂപ്പില്‍ അത് ഒരോ ചാവേറിന്റെയും കഴുത്തിലിട്ടു. വിധിയുടെ മാല മാറിലിട്ട കോമരങ്ങള്‍ പോലെ അവര്‍ കുറച്ചിട മാലാറമ്പപ്പന് മുന്നില്‍ മൂകരായി നിന്നു. പിന്നെ ഉപചാരം ചൊല്ലാതെ, തിരിഞ്ഞു നോക്കാതെ തിരക്കിട്ടിറങ്ങി.

 ഇനി ഒരു ചടങ്ങൂകൂടി മാത്രം. അതിനാണീ തിടുക്കപ്പാച്ചില്‍.
 അവിടെ കാത്തിരിക്കുന്നുണ്ടാവും. നെഞ്ചു തകര്‍ന്ന്, കണ്ണുനീര്‍ മറച്ച് ഒരമ്മ. കണ്ടുരിയാടാന്‍ അനുവാദമില്ല. ഒന്നു തൊടാനെങ്കിലും.

കനിലിലിട്ട ഉമിപോലെ മനസ്സ് നീറി. ഇല്ല. കരയില്ല. ജയിച്ചു വരാനുറച്ച ചാവേറാണു ഞാന്‍.

കണ്ടര് മുഷ്ടി ചുരുട്ടി കാലിനടിച്ചു.

 പരിചയിച്ചയിടങ്ങള്‍ മെല്ലെ മുന്നില്‍ വന്നു തെളിഞ്ഞു. കുറുവയായി. വിശാലമായ പാടത്തിനപ്പുറം കോവിലകത്തിന്റെ മതില്‍ക്കെട്ടുകളില്‍ നിന്ന് ഇടമാറി വറ്റിലൂരിലെ പുതുമന വീട്ടിലേക്കുള്ള വ്യക്ഷഛായയുള്ള വഴിയതാ ഒറ്റയ്ക്കു നീണ്ടുകിടക്കുന്നു.

താവഴികളും തിരക്കുമില്ല. തൂക്കുവിളക്കുകളും കുരുത്തോലത്തോരണങ്ങളുമില്ല. ചാവേര്‍ തറവാടിന്റെ മുറ്റം ചാവുനിലം പോലെ മൗനംപൂണ്ടു കിടന്നു. പടിപ്പുര താണ്ടിയെത്തിയ മൊട്ടയടിച്ചു മാലയിട്ട രൂപങ്ങള്‍ ഇടനേരമവിടെ അന്തിച്ചുനിന്നു. പിന്നെ പുതുമനപ്പണിക്കര്‍ കൈചൂണ്ടിയ ഇടത്ത് നിരത്തിവെച്ച കിണ്ടികളിലെ വെള്ളമെടുത്ത് നീണ്ടപാത്തിക്കല്ലില്‍ കാലുരച്ചു കഴുകി അകത്തുകയറി.

അമ്മയെവിടെ? കണ്ടര് ചുഴിഞ്ഞുനോക്കി. കാണാമറയത്തുനിന്ന് ധൈര്യം സംഭരിക്കുകയാവാം. നാവായ്ക്കിറങ്ങുമ്പോള്‍ സ്ത്രീകളുടെ കണ്ണുനീര്‍ വീഴരുത് എന്നാണ് കല്‍പ്പന.

 നെറ്റിയിലപ്പടി ഭസ്മം പൂശി പുതുമനയമ്മ അകായില്‍ നിന്നു പ്രത്യക്ഷപ്പെട്ടു. ഉള്ളിലെ തിരയോളങ്ങള്‍ നെറ്റിയിലെ ചുളിവുകളായി പരിണമിച്ചതൊഴിച്ചാല്‍ നിസ്തോഭ. മൗനം ഭുജിച്ചു നിന്ന ചാവേറുകളോട് തെക്കിനിയിലേക്ക് നടക്കാന്‍ അവര്‍ ആംഗ്യം കാണിച്ചു. പതിവായി തുറക്കാത്ത തറവാട്ടിലെ തെക്കിനി വീണ്ടുമന്നു തുറന്നിരിക്കുന്നു. മണ്ണുകൊണ്ടു നീളത്തിലുണ്ടാക്കിയ തറ ചാണകം മെഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്. വെളിച്ചം തികയാത്ത കോണുകളില്‍ എണ്ണവിളക്കുകള്‍ ശ്വാസംമുട്ടി പിടയുന്നു. ചാവേറുകള്‍ ഒന്നോന്നായി അവിടെ കയറി തെക്കോട്ടു തിരിഞ്ഞു ചമ്രംപടിഞ്ഞിരുന്നു.

കാലത്തിന്റെ കെട്ടമണം തെക്കിനിയെ ചൂഴുന്നപോലെ തോന്നി. ആരും പെരുമാറാത്ത, ആരും കടന്നുചെല്ലാത്ത തെക്കിനി. ഒടുക്കത്തെ വറ്റിറക്കുന്ന മുറി.

കണ്ടര് ഇടനാഴിയിലെ ഇരുട്ടിലേക്കു ചൂഴ്ന്നുനോക്കി.

എവിടെ... ഒന്നു വന്നു നോക്കൂ അമ്മേ. വീരനായ മകനിതാ വീടെത്തിയിരിക്കുന്നു. എപ്പോഴും ഓടിവന്ന് ആപാദം നോക്കുന്ന നിനക്കിപ്പോളെന്തു പറ്റി. എന്നെ കാണവേണ്ടേ. മോട്ടയടിച്ച് പുരകം വടിച്ച് കോലംകെട്ട ഉണ്ണിയോട് പിണങ്ങാത്തതെന്താണ്. നോക്കമ്മേ, പഴയ കുറുമ്പു കാണിക്കുന്ന ഉണ്ണിയല്ല ഞാനിപ്പോള്‍. തിരുനാവായ്ക്ക് ചാവേറു പോകുന്ന, ഗുരുനാഥന്‍ പറഞ്ഞ, വള്ളുവനാടിന്റെ പ്രതീക്ഷയുടെ കുന്തമുന. കയ്യും മെയ്യും തെളിഞ്ഞ, കുറ്റവും കുറയും തീര്‍ന്ന, പ്രായത്തെ ചാടിക്കടന്ന അഭ്യാസി. പിന്നെ എന്തിനു മനസ്സുരുക്കണം നീ... പിറന്നുവീണതു തന്നെയും പരിശീലിച്ചതൊക്കെയും ഇതിനുവേണ്ടിയല്ലെ. അച്ഛനെപ്പോലെ ഉപേക്ഷിച്ചു പോവില്ലമ്മേ. ജയിച്ചു തന്നെ തിരിച്ചുവരും. ഒന്നാ ഇടനാഴിയിലെ ഇരുട്ടില്‍ നിന്നു പുറത്തുവന്നു നില്‍ക്കൂ. തരിമ്പും പേടിയില്ലാതെ കണ്ടരിതാ ചിരിച്ചിരിക്കുന്നു...

തെക്കിനിത്തറയില്‍ ചോലക്കാട് നായര്‍ നിരന്നിരിക്കുന്ന ചാവേറുകളുടെ മുന്നില്‍ ഇല നിരത്തി. ഒന്നും വിളമ്പാനുതകാത്ത കീറിലകള്‍. വടക്കോട്ടു പലകയിട്ട്, ചാവേറുകള്‍ക്ക് മുഖം തിരിഞ്ഞ് പുതുമനയമ്മ  ഇരുന്നു. മുന്നിലിട്ട വലിയ നാക്കിലയില്‍ കാര്യസ്ഥന്‍ ചോറു വിളമ്പി. ചെറിയൊരു മണ്‍ഭരണി അയാള്‍ പിന്നെ അവിടെ കൊണ്ടുവെച്ചു. പ്ലാവിന്‍ കൈയിലിളക്കി അതില്‍ നിന്ന് വെളിച്ചെണ്ണ കോരി ചോറാകെ അവര്‍ വീഴ്ത്തി. പിന്നെ പതുക്കെ പതുക്കെ, ചുളിവീണ കൈകളാല്‍ ഉരുളകള്‍ കുഴക്കാന്‍ തുടങ്ങി.

അതു വരെ ഓടിപ്പോയുകയായിരുന്നു സമയം, വറ്റുരുട്ടുന്ന കാഴ്ച്ച കാണാന്‍ തെക്കിനിയില്‍ വന്ന് ശ്വാസമടക്കി നിന്നു.

ആരേയും അമ്മമ്മ കാണുന്നില്ല. കെട്ടിവെച്ച നരച്ച മുടിയില്‍ നിന്നും ഇഴകളഴിഞ്ഞ് മുഖമപ്പടി വീണുകിടന്നു. മകനും പൗത്രനും മരുമക്കളും താന്‍ വെച്ചുനീട്ടുന്ന അവസാന ഉരുള കാത്ത് മുന്നിലിരിക്കുകയാണെന്ന നരകയോഗത്തെ നിഷേധിച്ചപോലെ നിശിതമായ ഏതോ ഭാവം. നിശ്വാസങ്ങള്‍ അടക്കിവെച്ചു മുഖം കനത്തുകല്ലിച്ചിരിക്കുന്നു. ഇടക്കു മാത്രം ചുണ്ടുകള്‍ എന്തോ പിറുപിറുത്തു. പ്രാര്‍ഥനകളോ സ്വയം സമാശ്വസിപ്പിക്കലോ.

വെളിച്ചണ്ണെയും ഉപ്പും ചേര്‍ത്തുരുട്ടിയ ഉരുളകള്‍ ഇലയില്‍ നിരന്നു കിടന്നു. എണ്ണമൊത്തപ്പോള്‍ അവര്‍ ആയാസത്തോടെ എഴുന്നേറ്റു. ആദ്യത്തെ അവസാന ഉരുള അവര്‍ മകനായ പുതുമനപ്പണിക്കരുടെ വായിലേക്ക് നീട്ടി. കണ്ണുകളടച്ച് കുട്ടിയെപ്പോലെ അയാളത് വായിലേറ്റി. പക്ഷിക്കുഞ്ഞുങ്ങളെ പോലെ ചാവേറുകള്‍ ചുണ്ടുപിളര്‍ത്തി നിന്നു. തളളപ്പക്ഷിയെ പോലെ ഒരോരുത്തരയായി അവര്‍ ഊട്ടി. കുട്ടികളെ ഊട്ടുമ്പോള്‍ അമ്മ ചെയ്യാറുള്ള പോലെ ഒരോ ഉരുളക്കും അവരും അറിയാതെ ചുണ്ടു കൂര്‍പ്പിച്ചു.

ഉരുളയുമായി അരികിലേക്കു വന്ന അമ്മമ്മയെ കണ്ടര് സാകൂതം നോക്കി. ഇല്ല, ആ കണ്ണുകളില്‍ ഒന്നുമവശേഷിക്കുന്നില്ല. നിശ്ശൂന്യം. ആളിവിടെയൊന്നുമില്ല. അബോധത്തില്‍ ചാവേറാടുകയാണവര്‍. അവസാന ഉരുളക്കായി കണ്ടര് വാ തുറന്നു. അവസാന അന്നത്തിന് പിറന്നപാടെ നാവില്‍ തേച്ച ആദ്യ അന്നത്തിന്റെ അതേ രുചിയെന്ന് അത്ഭുതപ്പെട്ടു... അതെങ്ങനെ തോന്നിയെന്നും.

അപ്പോള്‍, തെക്കിനിയിലെ കട്ടിളപ്പടിയില്‍ പാതിരുട്ടിലമര്‍ന്നൊരു രൂപം നില്ക്കന്നതു കണ്ടു.

അമ്മ.

''എണീക്കാം ചാവേറുകളെ. അവസാന വറ്റും നിങ്ങളുണ്ടുകഴിഞ്ഞു. എന്റെ കര്‍മ്മവും ഞാന്‍ തീര്‍ത്തു. ഇനി പുതുമനയുടെ പടിയിറങ്ങാം. നാവായ്ക്കു പോവുക. കുലത്തിന്റെയും ദേശത്തിന്റെയും മാനം ചോരചീന്തി കാക്കുക. തിരുമാനാംകുന്നിലമ്മ തുണക്കട്ടെ..''

 ആര്‍ക്കും മുഖം നല്‍കാതെ പുതുമനയിലെ അമ്മ പതിയെ പറഞ്ഞു. പിന്നെ പടിയിറങ്ങി, ഇടനാഴിയിലെ ഇരുട്ടിലേക്കു മറഞ്ഞു.

ചാവേറുകള്‍ തലുനിച്ച് തെക്കിനിയിറങ്ങി.

കട്ടിളപ്പടിക്കു പിന്നില്‍ നിന്ന് വിറക്കുന്ന കൈ നീണ്ടു വന്നു. കണ്ടര് അതില്‍ മെല്ലെ തൊട്ടു.

തിരിച്ചുവരും അമ്മെ...

പുതുമനക്കളരിയില്‍ വിളക്കുകള്‍ തെളിഞ്ഞു. സ്ഥാനങ്ങളിലെല്ലാം നമസ്‌കരിച്ച ചാവേറുകള്‍ ബലിക്കല്ലില്‍ ചോരതേച്ചു ചണ്ഡികയെ ഉണര്‍ത്തി ഹുംകാരം മുഴക്കി അങ്കക്കലി പൂണ്ടു. പടിഞ്ഞാറുകോണില്‍ കുടിവെച്ച നരസിംഹത്തിനെ തൊട്ട് പുതുമനപ്പണിക്കര്‍ കളരി കുലുങ്ങുമാറ് അലറിയപ്പോള്‍ തണുകള്‍ വിറച്ചു. മെയ്യൊതുക്കി, കളരിയുടെ മുഖപ്പു ജനലിലൂടെ ചാടിമറിഞ്ഞ് ചാവേറുകള്‍ നാവായിലേക്ക് പടവിളിച്ച് കുതികൊണ്ടു

(തുടരും)