പുസ്തകപ്രകാശനങ്ങളില്‍ ആളില്ലാക്കസേരകള്‍ എഴുത്തുകാരനെയും പ്രസാധകരെയും അലട്ടാതായിട്ട് കാലമൊരുപാടായി. പ്രകാശനച്ചടങ്ങുകള്‍ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പീഡാനുഭവങ്ങളാവുന്നു. നിശ്ചയിച്ച സമയം കഴിഞ്ഞാലും ആളുകള്‍ എത്തിത്തുടങ്ങുന്നതേയുണ്ടാവൂ. എഴുത്തുകാരനെ പരിചയമുള്ള കുറച്ചാളുകള്‍. പ്രസാധകര്‍ നിര്‍ബന്ധിച്ച് ക്ഷണിച്ചു വരുത്തിയ മറ്റ് കുറച്ചാളുകള്‍. പിന്നെ, കേട്ടറിഞ്ഞു വന്ന വിരലിലെണ്ണാവുന്ന പുസ്തകാസ്വാദകര്‍. ഒന്നു കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ അവര്‍ ആ ചടങ്ങിലൂടെ കടന്നുപോവുന്നു.
പക്ഷേ, സെപ്റ്റംബര്‍ രണ്ടിന് എറണാകുളത്ത് സെന്‍റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ എന്ന ആത്മകഥയുടെ പ്രകാശനം ഈ സങ്കല്‍പത്തെ അടിമുടി തകര്‍ത്തുകളയുകയായിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. പ്രധാന വേദി നിറഞ്ഞുകവിഞ്ഞതോടെ താഴത്തെ നിലയിലുള്ള ഒരു ഹാള്‍ കൂടി പുസ്തകാസ്വാദകര്‍ക്കായി സംഘാടകര്‍ ഒരുക്കുന്നു. മുകളിലത്തെ നിലയില്‍ പരിപാടി നടക്കുമ്പോള്‍ അത് താഴത്തെ നിലയിലെ ആസ്വാദകര്‍ക്കു കാണുന്നതിനായി ഡിജിറ്റല്‍ സ്ക്രീനില്‍ തല്‍സമയം കാണിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ആസ്വാദകര്‍ ഗ്രന്ഥകര്‍ത്രിയെ കാണുന്നതിനും കേള്‍ക്കുന്നതിനുമായി ആകാംക്ഷയോടെ കാത്തിരുന്നു.
എന്നായിരുന്നു ഒരെഴുത്തുകാരിയെ കാണാനായി ആളുകള്‍ ഇങ്ങനെ കാത്തിരുന്നത് ?
പുസ്തകം ഒരാഴ്ച മുന്‍പ് തന്നെ വായനക്കാരുടെ കയ്യിലെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വായനക്കാരുടെ ആസ്വാദനക്കുറിപ്പുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. അരുന്ധതി റോയ് എന്ന എഴുത്തുകാരിയും മേരി റോയ് എന്ന അവരുടെ അമ്മയും സാഹിത്യാസ്വാദകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞു. അധികാരകേന്ദ്രങ്ങള്‍ക്കെതിരെ നിര്‍ഭയം, നിരന്തരം ശബ്ദമുയര്‍ത്തുന്ന ഒരു എഴുത്തുകാരിയെ കാണാനും കേള്‍ക്കാനുമായി യുവതലമുറ തിക്കിത്തിരക്കി. എറണാകുളത്തെ പുസ്തകപ്രകാശനം സാഹിത്യലോകത്തിന് നവോന്മേഷം പകരുന്നതായിരുന്നു. വായന മരിച്ചു എന്നു മുറവിളി കൂട്ടിയവരോട് യുവത്വം മറുപടി പറഞ്ഞു. ഒരു പുസ്തകവും ഒരെഴുത്തുകാരിയും, പുസ്തകത്താളുകളില്‍ ചിറകുകള്‍ വീശി നിവര്‍ന്നു നില്‍ക്കുന്ന മറ്റൊരു സ്ത്രീയും വായനക്കാരുടെ ചര്‍ച്ചകളെയും ചിന്തകളെയും തീ പിടിപ്പിച്ചു. സമീപകാലത്തൊന്നും സംഭവിക്കാത്തതുപോലെ ഒരു പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി.
ഇതിനു മുന്‍പ് എപ്പോഴായിരുന്നു വായനക്കാര്‍ ഒരു പുസ്തകം കാത്തിരുന്നു വാങ്ങിച്ചത് ?
കേരളത്തിലെ പൊതുവായനക്കാരെ സംബന്ധിച്ചിടത്തോളം 899 രൂപ എന്നു പറയുന്നത് ഒരു പുസ്തകത്തിനു മുടക്കാവുന്ന വലിയ ഒരു തുകയാണ്. എന്നിട്ടും പുസ്തകം ഇപ്പോഴും വിറ്റുപോവുന്നതായാണ് പുസ്തക വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
സ്വന്തം ജീവിതത്തെ ആടയാഭരണങ്ങളില്ലാതെ, നിസ്സന്ദേഹം, വായനക്കാര്‍ക്കു മുന്നില്‍ അടയാളപ്പെടുത്തുന്നുണ്ട് അരുന്ധതി. സ്വന്തം കഥ പറയുമ്പോള്‍ തന്നെ മേരി റോയ് എന്ന മെരുങ്ങാത്ത പോരാളി തന്‍റെ ജീവിതത്തെ പാകപ്പെടുത്തിയതെങ്ങനെ എന്നു കൂടി അവര്‍ പറയുന്നുണ്ട് 376 പുറങ്ങളുള്ള ആത്മകഥാ കഥനത്തിലൂടെ.
വായിച്ചു തുടങ്ങിയാല്‍ താഴെ വയ്ക്കാതെ വായിച്ചു പോകാം എന്നത് ആവര്‍ത്തിച്ച് മൂര്‍ച്ച കുറഞ്ഞ ഒരു പ്രയോഗമാണ്. പക്ഷേ, ഈ പുസ്തകത്തെ കുറിച്ച് പറയുമ്പോള്‍ മറ്റൊന്നും പറയാനാവില്ല. ഓര്‍മകളും അനുഭവങ്ങളും അനായാസമായ വായനയാവുകയാണ്. വറുതിയുടെയും അനിശ്ചിതങ്ങളുടെയും സംഘര്‍ഷഭരിതമായ കുട്ടിക്കാലവും കൗമാരവുമെല്ലാം തെളിഞ്ഞ ഭാഷയില്‍ ഒരു കവിത പോലെ പ്രവഹിക്കുന്നു. പ്രിയപ്പെട്ട സഹോദരന്‍ ലളിത് കുമാര്‍ ക്രിസ്റ്റഫറുമായുള്ള ഗാഢമായ സ്നേഹബന്ധത്തെ അതിവൈകാരികമാവാതെ, അതിവാചാലമാവാതെ അരുന്ധതി വരച്ചിടുന്നു. മേരി റോയിയുടെ കടുത്ത ശകാരത്തിനുശേഷം നിശബ്ദനായി ഒരിടത്തിരിക്കുന്ന സഹോദരന്‍റെ അടുത്ത് ചെന്നിരിക്കുന്ന അരുന്ധതിയെ ഒരിടത്തു കാണാം. “ഞങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍, മൂന്നാമതൊരാളെ പോലെ നിശബ്ദത കയറിയിരുന്നു” എന്നു പറയുമ്പോള്‍ ആ നിശബ്ദതയുടെ ഭാരം വായനക്കാരുടെ മനസിലേക്ക് കയറിച്ചെല്ലുന്നുണ്ട്. LKC എന്നു വിളിക്കുന്ന സഹോദരനുമായുള്ള ആഴത്തിലുള്ള, എന്നാല്‍ അതിവാചാലമല്ലാത്ത ബന്ധം പല സന്ദര്‍ഭങ്ങളിലും ഈ ആഖ്യാനത്തില്‍ കടന്നുവരുന്നു.
കടുത്ത വെല്ലുവിളികളില്‍ പതറാതെ, ആരോടും ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്ത മേരി റോയിയും അവരുടെ ജീവിതവും പോരാട്ടവുമെല്ലാം അരുന്ധതി വിവരിക്കുന്നു. ഉപാധികളില്ലാത്ത കാര്‍ക്കശ്യം മക്കളിലേക്കും അവര്‍ക്കു ചുറ്റും നിലകൊള്ളുന്നവരിലേക്കുമെല്ലാം കടന്നുചെല്ലുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. തല ചായ്ക്കാനൊരു വീട് പോലുമില്ലാത്തിടത്തു നിന്ന് പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയായി മാറുന്നതിലേക്ക് അവരെ എത്തിക്കുന്നത് ജീവിതം അവരില്‍ നിന്ന് ആവശ്യപ്പെട്ട ആ പരുക്കന്‍ ഭാവത്തിലൂടെ തന്നെയാണ്. ആ സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ അവര്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യം രണ്ടു സംഭവങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട് പുസ്തകത്തില്‍.
ആദ്യത്തെ സംഭവത്തില്‍, അന്നത്തെ കോട്ടയം കലക്ടര്‍, (പിന്നീട് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതായി അരുന്ധതി പറയുമ്പോള്‍ വായനക്കാര്‍ക്ക് ആള്‍ ആരാണെന്നു വ്യക്തമാവുന്നു) സ്കൂള്‍ പ്രവേശനത്തിനായി ഒരു ശുപാര്‍ശ നടത്തുന്നു. മേരി റോയ് പതിവുപോലെ അവരോട് പ്രവേശന പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടു. പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതോടെ അവര്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് സ്കൂള്‍ നിലപാടെടുക്കുകയും അത് കലക്ടറെ അറിയിക്കുകയും ചെയ്തു.
കുറച്ചു നാളുകള്‍ക്കു ശേഷം സ്കൂളില്‍ വിദ്യാര്‍ഥികള്‍ ‘ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍’ എന്ന പ്രശസ്തമായ നാടകം അവതരിപ്പിക്കുന്നതിനായി തയ്യാറെടുക്കുന്നു. പക്ഷേ, കുട്ടികള്‍ നാടകാവതരണത്തിനായി തയാറെടുക്കുമ്പോള്‍, മതവികാരം വ്രണപ്പെടുമെന്ന് കാണിച്ച് അവസാന നിമിഷം കലക്ടര്‍ നാടകാവതരണം വിലക്കുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിനെതിരെയുള്ള മേരി റോയിയുടെ പോരാട്ടത്തില്‍ അമര്‍ഷമുള്ള ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ പിന്തുണയും കലക്ടര്‍ക്കുണ്ടായിരുന്നു. പക്ഷേ, മേരി റോയ് എന്ന പോരാളി അവിടെയും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. 25 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷം അവര്‍ സ്കൂളില്‍ ആ നാടകം അവതരിപ്പിക്കുക തന്നെ ചെയ്തു. മതവികാരം വ്രണപ്പെടുന്നതിനെക്കുറിച്ച് ആശങ്കാകുലനായിരുന്ന കലക്ടര്‍ പിന്നീട് ബിജെപിയിലേക്ക് എത്തിയതിനെക്കുറിച്ച് പരിഹാസപൂര്‍വം അരുന്ധതി പറയുന്നുണ്ട്.
മേരി റോയിയുടെ അവസാന നാളുകളില്‍ അവര്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു സന്ദര്‍ഭം. ബിജെപി കേന്ദ്രത്തില്‍ ഭരണത്തിലെത്തിയിട്ടുണ്ട്. കേരളത്തിലും ബിജെപിക്കാര്‍ ശക്തി പ്രാപിച്ചു വരുന്നു. ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ മേരി റോയിയുടെ സ്കൂളിലെത്തി കനത്ത സംഖ്യ സംഭാവന ചോദിക്കുന്നു. അതിലെ ഭീഷണിയുടെ സ്വരം മനസ്സിലാക്കിയ സ്കൂള്‍ അധികൃതര്‍ വിവരം മേരി റോയിയെ അറിയിക്കുന്നു. അവശനിലയിലായ മേരി റോയ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ശക്തമായി പറയുന്നു ‘സാധ്യമല്ല’.
മേരി റോയിയുടെ മൂത്ത സഹോദരന്‍ ഐസക്കിനെക്കുറിച്ചും സഹോദരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചുമെല്ലാം വിശദമായും സരസമായും അരുന്ധതി പറഞ്ഞുപോകുന്നുണ്ട്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മേരി റോയ് നടത്തിയ പോരാട്ടം വിജയിച്ചതിനെത്തുടര്‍ന്നുണ്ടായ ഒരു സന്ദര്‍ഭം രസകരമായ രീതിയില്‍ അരുന്ധതി പറയുന്നു. വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതിനെത്തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ കോട്ടയത്തെത്തുന്നു. അയാള്‍ ആദ്യം മേരി റോയിയുമായും പിന്നീട് ഐസക്കുമായും അഭിമുഖങ്ങള്‍ നടത്തുന്നു. ഐസക്കുമായുള്ള അഭിമുഖത്തിനിടയില്‍ ലേഖകന്‍ ചോദിക്കുന്നു, ‘കേരളത്തിലെ ക്രൈസ്തവരുടെ നേതാവെന്ന നിലയില്‍ ഈ പുതിയ സംഭവവികാസങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?’ സഹോദരിക്കെതിരായി ആഞ്ഞടിക്കും എന്ന് പ്രതീക്ഷിച്ച് മാധ്യമ പ്രവര്‍ത്തകന്‍ തന്‍റെ വരാനിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ഏറ്റവും ആവേശകരമായ ഭാഗത്തിനായി കാത്തിരിക്കുകയാണ്. ഐസക്കിന്‍റെ മറുപടി: ‘കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരുപാട് വിഭാഗങ്ങളുണ്ട്. അവര്‍ പല കാര്യങ്ങളിലും വ്യത്യസ്തരായിരിക്കുന്നു. അവരുടെ ആരാധനാരീതികള്‍ വ്യത്യസ്തമാണ്. പക്ഷേ, ഒരു കാര്യത്തില്‍ അവര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ്.’ മാധ്യമപ്രവര്‍ത്തകന്‍ ഏറ്റവും വൈകാരികമായ ഭാഗത്തിനായി തയ്യാറെടുത്തു. അതാ വരുന്നു ഐസക്കിന്‍റെ മറുപടി. ‘അത്, ഞാന്‍ അവരുടെ ആരുടെയും നേതാവല്ല എന്നതാണ്.’ അതോടെ വെടിതീര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ഡോക്യുമെന്‍ററി പിന്നീട് വെളിച്ചം കണ്ടോ എന്ന കാര്യം സംശയമാണെന്ന് അരുന്ധതി ചിരിയോടെ പറയുന്നു.
പരാജയത്തെയും ചിരിയോടെ നേരിടാന്‍ തന്നെ പഠിപ്പിച്ചത് ഐസക് ആണെന്ന് അരുന്ധതി ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
വ്യക്തികളും സംഭവങ്ങളും അസാമാന്യമായ തെളിച്ചത്തോടെ ഈ താളുകളില്‍ നിറയുന്നു. ഒരു കൌമാരക്കാരി ബാഗില്‍ ഒളിപ്പിച്ചു വച്ച കത്തിയുമായി ആശങ്കകളോടെ നിസാമുദ്ദീന്‍ റയില്‍വേ സ്റ്റേഷനിലെത്തിയതും അവിടെ നിന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന എഴുത്തുകാരിയായതുമെങ്ങനെ എന്നും നാം ആവേശത്തോടെ വായിച്ചറിയുന്നു. ആ യാത്രയില്‍ സ്നേഹമുണ്ട്. രോഷമുണ്ട്. അമര്‍ഷമുണ്ട്. കണ്ണീരുണ്ട്. വിലാപമുണ്ട്. സാഹിത്യവും രാഷ്ട്രീയവും സിനിമയുമുണ്ട്. എല്ലാറ്റിലുമുപരി മനുഷ്യനെക്കുറിച്ചുള്ള ചിന്തകളും ആശങ്കകളുമുണ്ട്.
സമകാലിക ഇന്തോ-ആംഗ്ളിയന്‍ സാഹിത്യം എത്തിനില്‍ക്കുന്നതെവിടെ എന്നറിയാന്‍ ഈ ഗ്രന്ഥം വായിക്കാം. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം എത്തിനില്‍ക്കുന്നതെവിടെ എന്നറിയാനും ഈ പുസ്തകത്തിന്‍റെ വായനയിലൂടെ സാധ്യമാവുന്നു. അതിനെല്ലാം മുകളിലായി, ഒരമ്മയും മകളും എങ്ങനെ ഒരാള്‍ മറ്റൊരാളിലേക്ക് എത്തിച്ചേര്‍ന്നതെന്നറിയാനും ഈ പുസ്തകം വായിക്കാം. എന്നായിരുന്നു ഇതുപോലൊരു പുസ്തകം നാം അവസാനമായി വായിച്ചത് ?
Published: 26 Sept 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented