
കോട്ടയം ജില്ലയിലെ തന്റെ ഗ്രാമത്തില്‍നിന്ന് അങ്ങ് ദൂരെ ദൂരെ മൈസൂരുവില്‍ പഠിക്കാനെത്തുകയാണ് ആ യുവാവ്. ചാമുണ്ഡിക്കുന്ന് കാവല്‍നില്‍ക്കുന്ന നഗരം, ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ കോട്ട, മസാലദോശയുടെയും കുതിരച്ചാണകത്തിന്റെയും മുല്ലപ്പൂവിന്റെയും ചാണകവരടിപ്പുകയുടെയും ഗന്ധം, പാട്ടുകള്‍ പൊഴിയുന്ന ജൂക് ബോക്‌സുകള്‍.... 'മൈസൂരു മല്ലിഗെ' പരമ്പര ആരംഭിക്കുന്നു.
പണ്ട് പോഴന്‍ ആദമിനെ ഏദന്‍തോട്ടത്തിലേക്ക് തുറന്നുവിട്ടതുപോലെയാണ് കാലം മണ്ടശിരോമണിയായ എന്നെ വാലും തുമ്പുമില്ലാത്ത പതിനാറാംവയസ്സില്‍ ഉരുളികുന്നത്തെ കയ്യാലപ്പുരയിടത്തില്‍നിന്ന് മൈസൂരുപട്ടണത്തിലേക്ക് അഴിച്ചുവിട്ടത്. അന്നത് മൈസൂറാണ്. ഞാന്‍ നേരുംനെറിയുമില്ലാത്ത ഒരു വിളഞ്ഞ സ്വപ്നാടകനായിരുന്നു. കള്ളന് കഞ്ഞിവെച്ചവന്‍. മൈസൂരുവിലാകമാനം മനോഹരപാപങ്ങള്‍ പതിയിരിപ്പുണ്ട് എന്ന് വിഭാവനംചെയ്തുകൊണ്ടാണ് ഞാനവിടെ തീവണ്ടിയിറങ്ങിയത്. ഞാന്‍ സമ്പൂര്‍ണ സ്വതന്ത്രനായെന്ന് ഞാന്‍ വിശ്വസിച്ചുവശായി. ആ പാപസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയാകുന്നത് ഞാന്‍ സ്വപ്നംകണ്ടു.
വെറുമൊരു ഒറ്റയാള്‍ പട്ടാളമായിരുന്ന എന്റെ ആവനാഴിയിലുണ്ടായിരുന്നത് ഒരു പതിനാറുവയസ്സുകാരന്‍ പുസ്തകപ്പുഴുവിന് അതുവരെ കരണ്ടുതിന്നുതീര്‍ക്കാവുന്ന മലയാളസാഹിത്യം മുഴുവനുമായിരുന്നു. സി.വി. കുഞ്ഞുരാമന്റെ അറബിക്കഥകളില്‍ തുടങ്ങി മാര്‍ത്താണ്ഡവര്‍മയും സി. മാധവന്‍ പിള്ളയുടെ വിജയഭാനുവിന്റെ ലക്കങ്ങളും ദേശസേവിനി രണ്ടുഭാഗങ്ങളും രതിസാമ്രാജ്യവും റാവുസാഹിബ് ഒ.എം. ചെറിയാന്റെ കാലന്റെ കൊലയറയും ബാബു ചെങ്ങന്നൂരിന്റെ കൊലയില്‍ കുടുങ്ങിയ കള്ളനോട്ടുകളും അനുജന്‍ തിരുവാങ്കുളത്തിന്റെ കുളിക്കടവിലെ കാമുകിയും ബഷീറും പൊറ്റെക്കാട്ടും മാധവിക്കുട്ടിയും പൊന്‍കുന്നംവര്‍ക്കിയും തകഴിയും മുട്ടത്തുവര്‍ക്കിയും പാറപ്പുറത്തും ഇ.എം. കോവൂരും കാനം ഇ.ജെ.യും വല്ലച്ചിറ മാധവനും കുഞ്ചന്‍ നമ്പ്യാരും ജി. ശങ്കരക്കുറുപ്പും കുമാരനാശാനും വൈലോപ്പിള്ളിയും അടക്കം സര്‍വരെയും ഞാന്‍ വകവരുത്തിയിരുന്നു.
പ്രശാന്തവും സുന്ദരവുമായ എന്റെ ഗ്രാമത്തില്‍ പാപം തഴച്ചുവളര്‍ന്നിരുന്നു. തെങ്ങിനും കുരുമുളകിനും ഇഞ്ചിക്കും കപ്പയ്ക്കും ചക്കയ്ക്കുമെല്ലാം ഇടയില്‍ അത് സുലഭമായി പൂക്കുകയും കായ്ക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ തോട്ടിലെ പാറക്കല്ലുകളിലൂടെ പതച്ചൊഴുകിയ വെള്ളത്തില്‍പ്പോലും പാപം മഴവില്ലണിഞ്ഞ കുമിളകളായി നൃത്തംചെയ്തു. എല്ലാവരും പങ്കുവെച്ച ആത്മാര്‍ഥരഹസ്യമായിരുന്നു പാപം. പാപബോധമാവട്ടെ എന്നെപ്പോലെ ചില പരമമണ്ടന്മാര്‍ ചുമന്ന ചുമടും. എന്നാല്‍, എത്ര കുമ്പസാരിച്ചാലും പാപം വീണ്ടും എന്തിനും തയ്യാറായിരുന്നുതാനും. ഒരുരക്ഷയുമില്ല. എല്ലാറ്റിന്മേലും ഒരുകണ്ണ് പതിപ്പിച്ച് ദൈവം അവിടെ നിരന്തരം റോന്തുചുറ്റുന്നുമുണ്ടായിരുന്നു. വാസ്തവത്തില്‍ മൂപ്പര്‍ ഞങ്ങളുടെ പാപങ്ങളില്‍ രഹസ്യമായി പങ്കെടുക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും റബ്ബര്‍ത്തോട്ടത്തിലെ ഇരുണ്ടുമൂടിയ ഏതോ ഇടത്തിലിരുന്ന് സ്വന്തം ഇരട്ടത്താപ്പിനെ നാണമില്ലാതെ ആസ്വദിക്കുകയുമായിരുന്നു എന്നതില്‍ ഒരു സംശയവുമില്ലായിരുന്നു. പക്ഷേ, എന്തുചെയ്യാന്‍.
അന്നൊക്കെ ഉരുളികുന്നത്തുനിന്ന് എത്രയോ ദൂരെയായിരുന്നു മൈസൂരു. തകരപ്പെട്ടിയും കിടക്കയുമായി അതിരാവിലെയുള്ള കെ.എം.എസ്. ബസില്‍ പാലായിലെത്തി, അവിടന്ന് അടുത്തബസില്‍ ഏറ്റുമാനൂരെത്തി ബസ് മാറിക്കയറി എറണാകുളത്തെത്തി, പിന്നെയൊരു ബസില്‍ കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസിലെത്തി, മദ്രാസ് മെയിലില്‍ ജോലാര്‍പേട്ടയിലെത്തി, ഞങ്ങളുടെ കമ്പാര്‍ട്ട്‌മെന്റ് വേറൊരു വണ്ടിയില്‍ കെട്ടിവലിച്ച് ബെംഗളൂരുവിലെത്തി, അടുത്തവണ്ടിയില്‍ മൈസൂരുവിലെത്തുമ്പോള്‍ പിറ്റേന്ന് വൈകുന്നേരമായി. കണ്ണിലും മൂക്കിലും തലയിലും ഉടുപ്പിലും കരി നിറഞ്ഞു.

മൈസൂരുവിന് അന്ന്, 1961-ല്‍, കുതിരച്ചാണകത്തിന്റെയും കുതിരമൂത്രത്തിന്റെയും മുല്ലപ്പൂവിന്റെയും മസാലദോശയുടെയും വറുത്തുപൊടിക്കുന്ന കാപ്പിയുടെയും ചാണക വരടിപ്പുകയുടെയും മണമായിരുന്നു. പാവങ്ങളുടെ അടുപ്പുകളില്‍നിന്ന് വരടിയുടെ നീലപ്പുക വളഞ്ഞുപുളഞ്ഞ് ആകാശത്തേക്കുയര്‍ന്ന് ഭൂതങ്ങളെപ്പോലെ പാറിപ്പോയി. താമസിയാതെ ഞാനൊരു ഭയങ്കരസത്യം കണ്ടുപിടിച്ചു. ഉദ്ദേശിച്ചതുപോലെ സ്വതന്ത്രനല്ല ഞാന്‍! ദൈവം ഉരുളികുന്നത്തെന്നപോലെ മൈസൂരുവിന്റെയും മുക്കിലും മൂലയിലും ഇരുപത്തിനാലു മണിക്കൂറും കവാത്ത് ചെയ്യുന്നുണ്ട്! എന്റെ പാപങ്ങള്‍ക്ക് കുടപിടിച്ചുകൊണ്ടും അതേസമയം, എനിക്കുള്ളിലിരുന്ന് ശകാരം പൊഴിച്ചുകൊണ്ടും മൂപ്പര്‍ മൈസൂരുവിലുമുണ്ട്! അയ്യോ!
തണുത്ത രാത്രികളില്‍ അകലെ ചാമുണ്ഡിക്കുന്നിന്റെ മുകളിലെരിയുന്ന വിളക്കുകളുടെ നീണ്ടനിരയായി മൂപ്പര്‍ വേഷം മാറും. ഹോസ്റ്റല്‍മുറിയിലെ ഞങ്ങളുടെ കട്ടിലിനെ പൊതിഞ്ഞ കൊതുകുവലയുടെ വെളുത്ത് മാന്ത്രികമായ മൂടുപടത്തിലൂടെ ചാമുണ്ഡിമലയിലെ വെളിച്ചങ്ങളിലേക്ക് നോക്കിക്കിടന്ന ഞങ്ങളുടെ ഹൃദയങ്ങളില്‍, കറുത്തിരുണ്ട് കാണപ്പെട്ട ആകാശത്തിനുവേണ്ടിയുള്ള പറഞ്ഞുകൂടാത്ത ആശകള്‍ മൂപ്പര്‍ നിക്ഷേപിക്കും. ദൈവം അന്ന് മൈസൂരുവിനെ പാട്ടുകൊണ്ട് നിറച്ചിരുന്നു. പട്ടണംതന്നെ ഒരു വമ്പിച്ച ജൂക് ബോക്‌സ് ആയിരുന്നു. അതിന്റെ കോണിലും മൂലയിലുംനിന്ന് ഗ്രാമഫോണുകളുടെ യന്ത്രക്കൈകളിലെ സൂചി ചുറ്റിക്കൊണ്ടുരസിയ എല്‍.പി. റെക്കോഡുകളില്‍നിന്നും പാട്ട് ആനന്ദമഴയായി പൊഴിഞ്ഞു. ഒരു കാന്തവലയംപോലെ പട്ടണത്തിനുമീതേ തങ്ങിനിന്നു. ഞങ്ങളുടെ ക്ലാസിലേക്കും കളിക്കളത്തിലേക്കും കുളിമുറിയിലേക്കും ഊണ്‍മുറിയിലേക്കും ഉറക്കത്തിലേക്കും കടന്നുവന്നു. ഞങ്ങളുടെ പകല്‍ക്കിനാവുകള്‍ക്കും പേടികള്‍ക്കും സങ്കടങ്ങള്‍ക്കും കൂട്ടുനിന്നു.
ഞങ്ങളുടെ കോളേജ്, സെയ്ന്റ് ഫിലോമിനാസ്, അന്ന് മൈസൂരുവില്‍നിന്നും ബെംഗളൂരുവിനുള്ള റോഡ് രണ്ടായിപ്പിരിഞ്ഞ് നഗരം വിട്ടുപോകുന്നതിനുമുമ്പുള്ള അവസാന വഴിയടയാളമായിരുന്നു. അതിനപ്പുറത്തേക്ക് കരിമ്പുതോട്ടങ്ങളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും തക്കാളിയുടെയും നിലക്കടലയുടെയും മറ്റും കൃഷിയുമാണുണ്ടായിരുന്നത്. അവിടെയൊരിടത്ത് പിരിഞ്ഞപാത കൂടിച്ചേരുകയും ചെയ്തു. വീണ്ടും കിലോമീറ്ററുകള്‍ മുന്നോട്ടുപോകുമ്പോള്‍ ടിപ്പുവിന്റെ ശ്രീരംഗപട്ടണവും കാവേരിയും വന്നെത്തും. ഞങ്ങള്‍ ഫിലോമിനാസ് പള്ളിയുടെ ഒരുവശത്തുള്ള സൈക്കിള്‍ക്കടയില്‍നിന്ന് മണിക്കൂറിന് പത്തുപൈസയ്ക്ക് വാടകയ്‌ക്കെടുത്ത സൈക്കിളുകളില്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ബെംഗളൂരു റോഡിലൂടെ ഉന്മാദികളെപ്പോലെ ശ്രീരംഗപട്ടണത്തെ ടിപ്പുകോട്ടയിലേക്ക് പാഞ്ഞുപോകും. എന്തിനെന്നു ചോദിച്ചാല്‍, പാഞ്ഞുപോകാന്‍വേണ്ടി. അത്രതന്നെ.
സൈക്കിള്‍ കുഴിയില്‍ചാടുമ്പോള്‍ ഞങ്ങളുടെ പൃഷ്ഠങ്ങള്‍ നൊന്തു, പല്ലുകള്‍ കൂട്ടിയടിച്ചു. ഞങ്ങളല്ലാതെ വഴിയിലുണ്ടായിരുന്നത് കുലുങ്ങിയാടിപ്പോകുന്ന ഒന്നോ രണ്ടോ കാളവണ്ടികളാണ്. ഒരു മണിക്കൂറിലൊരിക്കല്‍ ഒരു ബസോ നാലുചക്രവാഹനമോ കടന്നുപോയാല്‍ അദ്ഭുതം. ഇടയ്ക്ക് യാത്രനിര്‍ത്തി കരിക്കുകുടിക്കും. ഇടയ്ക്ക് സൈക്കിളുമായി തകിടംമറിയും. നീറുന്ന മുറിവുകളുമായി ഉരുണ്ടുപിടഞ്ഞ് എണീറ്റ് വീണ്ടും പായും. കോട്ടയ്ക്കുള്ളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരുകാര്യവുമില്ലാതെ ചുറ്റിത്തിരിയും. ടിപ്പു മരിച്ചുവീണിടത്ത് എന്തിനോവേണ്ടി മിഴിച്ചുനോക്കിനില്‍ക്കും. പുറത്തിറങ്ങി, കാവേരി ഇരുണ്ട്, പച്ചച്ച്, ദേഷ്യപ്പെട്ട്, തിട്ടകളിലെ ആറ്റുവഞ്ചിക്കാടുകള്‍ക്കും ഞാങ്ങണക്കൂട്ടങ്ങള്‍ക്കുമിടയിലൂടെ ഗുളും... ഗുളും... ഗുളും... ഗുളും.... എന്ന് ഒച്ചവെച്ചുകൊണ്ട് ആര്‍ക്കും പിടികൊടുക്കാതെ പാഞ്ഞുപോകുന്നത് നോക്കിനില്‍ക്കും.
ഒരുദിവസം ഞാന്‍ ഒറ്റയ്ക്ക് ഒരു ശ്രീരംഗപട്ടണ പര്യവേക്ഷണം നടത്താന്‍ തീരുമാനിച്ചു. ബെംഗളൂരുവിലേക്ക് സ്ഥലംമാറിപ്പോയ ജ്യേഷ്ഠന്റെ രണ്ടുഗിയറുള്ള സൈക്കിള്‍ എന്റെ കൈവശമായതായിരുന്നു അതിന്റെ പ്രചോദനം. എനിക്ക് സുപരിചിതമാണ് ആ കുന്നും കുഴിയും നിറഞ്ഞ 18 കിലോമീറ്റര്‍ വഴി. ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം മത്തുപിടിപ്പിക്കുന്നതാണ്. പാതയും സൈക്കിളും തോപ്പുകളും ഞാനുംമാത്രം. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. ഞാനിരിക്കുന്ന സൈക്കിള്‍തന്നെയാണ് ഞാന്‍. ഞാന്‍ ടിപ്പുവിന്റെ കോട്ടയിലെത്തി. സാധാരണപോലെ എല്ലായിടത്തും മിഴിച്ചുനോക്കിനിന്നു. അപ്പോഴാണ് മുന്‍പ് ശ്രദ്ധിച്ചിട്ടില്ലാത്ത, ടിപ്പുവിന്റെ കാലത്തുനിന്നുള്ള ഒരു ചെറിയപള്ളിയും അതിന്റെ മിനാരവും കണ്ണില്‍പ്പെട്ടത്. അതിനെന്തോ ചരിത്രപ്രാധാന്യമുണ്ടായിരുന്നു.

ഞാന്‍ സൈക്കിള്‍ പൂട്ടിവെച്ച് ഉള്ളില്‍ക്കയറി. മിനാറിന്റെ മുകളിലേക്കുള്ള നടക്കല്ലുകള്‍കണ്ടു. ഒന്നും ആലോചിക്കാതെ ഞാന്‍ നടന്നുകയറാന്‍ തുടങ്ങി. ശ്വാസംമുട്ടിക്കുംവിധം ഇടുങ്ങിയ ഒരു തുരങ്കത്തിലൂടെയാണ് നടകള്‍ മുകളിലേക്കുപോകുന്നത്. വളഞ്ഞുപിരിഞ്ഞുപോകുന്ന ഒരു കുഴല്‍. കുനിഞ്ഞില്ലെങ്കില്‍ തലമുട്ടും. തിരിച്ചിറങ്ങിയാലോ എന്നാലോചിച്ചു. എന്നാല്‍, തിരിയാന്‍പോലും വിഷമമായിരുന്നു. ഞാന്‍ കയറ്റംതുടര്‍ന്നു. അവസാനം മുകളിലെ തട്ടിലേക്ക് ആശ്വാസത്തോടെ പിടിച്ചുകയറി. ശുദ്ധവായു ശ്വസിച്ചു. വെളിച്ചംകണ്ടു. എന്റെ വിജയം ആഘോഷിച്ചുകൊണ്ട് ഞാനവിടെനിന്ന് കാഴ്ചകള്‍ കണ്ടു. കാവേരി ഒഴുകിപ്പോകുന്നത് കണ്ടു. കോട്ടയുടെ പുല്‍ത്തകിടി പരന്നുകിടക്കുന്നത് കണ്ടു. എന്റെ സൈക്കിള്‍ അങ്ങുതാഴെ എന്നെക്കാത്തിരിക്കുന്നത് കണ്ടു.
എനിക്ക് സന്തോഷമായി. ഞാന്‍ തിരിച്ചിറങ്ങാന്‍ നടയുടെ തലയ്ക്കലെത്തി. നിലത്തിരുന്ന് കാലുകള്‍ നടകളിലേക്ക് നീട്ടി. എന്നിട്ട് ഇറങ്ങാന്‍ മുന്നോട്ടാഞ്ഞു. എന്റെ ഉള്ളിലൂടെ ഒരു ഇടിത്തീ പാഞ്ഞു. നടയ്ക്ക് ഇവിടെയുള്ള വളവിലേക്ക് കടന്നുകൂടാന്‍ എനിക്ക് കഴിയുന്നില്ല. ഞാന്‍ ദേഹം പലതരത്തില്‍ തിരിച്ചു. സാധിക്കുന്നില്ല. കമിഴ്ന്നുകിടന്ന് പുറകോട്ട് നിരങ്ങിയിറങ്ങാന്‍ ശ്രമിച്ചു. പറ്റുന്നില്ല. ഇനിയുള്ളത് തല മുന്നിലാക്കി താഴേക്ക് ഇഴയാന്‍ ശ്രമിക്കുകയാണ്. അതെനിക്ക് ആലോചിക്കാന്‍കൂടി വയ്യായിരുന്നു. അതോടെ ഉയരങ്ങളോടും ഇടുങ്ങിയ ഇടങ്ങളോടുമുള്ള എന്റെ പേടി അണപൊട്ടിച്ച് പുറത്തുചാടി. ഞാന്‍ തളര്‍ന്നു. വിറച്ചു.
മൃതപ്രായനായി കുറച്ചുസമയം ഇരുന്നശേഷം എണീറ്റ് താഴേക്കുനോക്കി. ഒരു മനുഷ്യനെപ്പോലും കാണാനില്ല. എന്റെ സൈക്കിള്‍മാത്രം എന്നെ കാത്തിരിപ്പുണ്ട്. അപ്പോള്‍ തലയില്‍ വെള്ളത്തൊപ്പിവെച്ച ഒരാള്‍ പള്ളിക്കുനേരേ നടന്നുവരുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തെ ഉറക്കെവിളിച്ചു. സഹായംതേടി. എന്നെക്കണ്ട് അദ്ദേഹം അദ്ഭുതപ്പെട്ടതായി തോന്നിയില്ല. ഇതാ വരുന്നുവെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുകമാത്രം ചെയ്തു. അല്പസമയംകൊണ്ട് അദ്ദേഹം മുകളിലെത്തി. എന്നെനോക്കി ഒന്നുചിരിച്ചു. എന്നിട്ട് മൂന്നുനാല് നടയിറങ്ങിനിന്ന് എനിക്ക് കൈതന്ന് ദേഹം എങ്ങോട്ട്, എങ്ങനെ വളയ്ക്കണമെന്ന് പറഞ്ഞുതന്ന് പടിപടിയായി എന്നെ താഴെയെത്തിച്ചു. എന്റെ പുറത്തൊന്നുതട്ടി. എന്നിട്ട് കന്നഡത്തില്‍ പറഞ്ഞു.
''ഞാന്‍ ഇവിടത്തെ മുക്രിയാണ്.''
അദ്ദേഹം വീണ്ടും ചിരിച്ചു. എന്നിട്ടുപറഞ്ഞു: ''നിങ്ങളുടെ ധൈര്യം കൊള്ളാം. താഴേക്ക് എങ്ങനെ ഇറങ്ങുമെന്ന് ചിന്തിക്കാതെ മുകളിലേക്ക് കയറിപ്പോയ ധൈര്യം.''
അദ്ദേഹം വീണ്ടും മുകളിലേക്ക് കയറിപ്പോയി. ഞാന്‍ സൈക്കിളിന്റെ പൂട്ട് തുറക്കുമ്പോള്‍ മുകളില്‍നിന്ന് വാങ്കുവിളി മുഴങ്ങി.
തുടരും
Content Highlights: Paul Zacharia writes column named 'Mysooru mallige'
Published: 14 Jul 2024, 06:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented