സക്കറിയയുടെ യാത്രാവിവരണങ്ങള്‍ സഞ്ചാരം ഇഷ്ടപ്പെടുന്നവരുടെ ഗുഡ്‌ലിസ്റ്റില്‍ ഇടം പിടിക്കുന്നവയാണ്. ജീവിതം സഞ്ചരിച്ചുതീര്‍ക്കാനുള്ളതാണ് എന്ന സന്ദേശം കൂടി തരുന്നവയാണ് അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകള്‍. സക്കറിയയുടെ തുര്‍ക്കി യാത്രാനുഭവമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തുര്‍ക്കി പ്രദക്ഷിണം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
യാത്ര അവസാനഘട്ടത്തിലേക്ക് എത്തി. എഫേസസില്‍നിന്ന് ഞങ്ങളുടെ ലക്ഷ്യം ഈസ്താംബൂള്‍ ആണ്. മദ്ധ്യധരണ്യാഴി തീരത്തുനിന്ന് കരിങ്കടല്‍ത്തീരത്തേക്ക്. എന്നാല്‍, അഞ്ചരമണിക്കൂര്‍ നേരം തുടര്‍ച്ചയായ വണ്ടി ഓടിക്കല്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ബുര്‍സ പട്ടണത്തെ ഇടത്താവളമാക്കി. മറ്റു പല തുര്‍ക്കി നഗരങ്ങളെയുംപോലെ ബുര്‍സയുടെ ചരിത്രവും ഉയര്‍ച്ചയുടെയും താഴ്ചയുടെയും ദുരിതങ്ങളുടെയുമാണ്. ഓട്ടോമനുകളുടെ ആദ്യത്തെ തലസ്ഥാനമായിരുന്നു ബുര്‍സ. പതിനാലാം നൂറ്റാണ്ടില്‍ അത് സാമ്പത്തികവും ബൗദ്ധികവുമായ പുരോഗതിയുടെ കേന്ദ്രമായിരുന്നു. ലോകത്തിലെ ആദ്യത്തെ ഓഹരിവിപണി ബുര്‍സയിലാണുണ്ടായത്. യൂറോപ്പിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ വിളിക്കുന്ന ബോഴ്സ് (Bourse) എന്ന പേര് ബുര്‍സ എന്ന പേരില്‍ നിന്നുണ്ടായതാണത്രേ. ഈസ്താംബൂളില്‍നിന്ന് 156 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബുര്‍സയില്‍ നിലയുറപ്പിച്ചുകൊണ്ടാണ് ഓട്ടോമന്‍ സുല്‍ത്താന്‍ ഓര്‍ഹന്‍ ഗാസി ബൈസാന്റൈന്‍ സാമ്രാജ്യത്തെ വെല്ലുവിളിച്ചത്. ബൈസാന്റൈന്‍ വരുതിയിലായി, ഓര്‍ഹനും ചക്രവര്‍ത്തി ജോണ്‍ ആറാമനും കൂട്ടുകാരായി, ജോണിന്റെ മകളെ-വീണ്ടും ലൗ ജിഹാദ്-ഗാസി കല്യാണവും കഴിച്ചു. എല്ലാം ശുഭം. ഓര്‍ഹന്റെ പിതാവ് ഒസ്മാന്റെ പേര് അവരുണ്ടാക്കിയ സാമ്രാജ്യത്തിന് ലഭിച്ചു- ഒസ്മാന്‍ലി/ഒത്മാന്‍ലി. അതാണ് ഓട്ടോമന്‍ ആയി മാറിയത്. ബുര്‍സ സാമ്പത്തികശേഷി തലയുയര്‍ത്തിനില്‍ക്കുന്ന നഗരമാണ്. ആധുനികതയും പാരമ്പര്യവും സമ്മേളിക്കുന്നു. ബുര്‍സയിലെ ഇസ്‌കന്ദര്‍ കബാബ് സുപ്രസിദ്ധമാണ്. റസിയയെയും ഗഫൂറിനെയും കുറ്റബോധത്തോടെ നോക്കിക്കൊണ്ട് മനോഹറും ഞാനും അത് ആസ്വദിച്ചു.
ബുര്‍സയില്‍നിന്ന് ഈസ്താംബൂളിലേക്കുള്ള വഴിയില്‍നിന്ന് ഞങ്ങള്‍ അല്‍പ്പം മാറി സഞ്ചരിച്ച് ഇസ്നിക് പട്ടണം സന്ദര്‍ശിച്ചു. ക്രിസ്തുമതചരിത്രവുമായി പരിചയമുള്ളവര്‍ തിരിച്ചറിഞ്ഞേക്കാവുന്ന പഴയ നൈഖ്യ അഥവാ നിഖ്യ ആണ് ഇസ്നിക്. ശരിയായ ഉച്ചാരണം നൈസ്സിയ എന്നാണെന്ന് ഇന്റര്‍നെറ്റ് പറയുന്നു. നാമിന്നറിയുന്ന ഔദ്യോഗിക ക്രിസ്തുമതത്തിന് അടിത്തറയിട്ട ചില തീരുമാനങ്ങള്‍ എ.ഡി. 325-ല്‍ കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തി ഇവിടെ വിളിച്ചുകൂട്ടിയ ഒന്നാം സൂനഹദോസിലാണ് എടുത്തത്. ആ സൂനഹദോസിന്റെ രസകരമായ വിശദാംശങ്ങളിലേക്ക് കടക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. റോമാസാമ്രാജ്യമൊട്ടാകെനിന്ന് 300-ലേറെ മെത്രാന്മാര്‍ പങ്കെടുത്തു. ചക്രവര്‍ത്തിക്ക് താന്‍ സാമ്രാജ്യത്തിന് കല്‍പ്പിച്ചുകൊടുത്ത ഈ പുതിയ മതത്തെപ്പറ്റി ചില തീര്‍പ്പുകള്‍ വേണമായിരുന്നു. (അദ്ദേഹം സ്വയം രണ്ടുവഞ്ചിയിലും കാല്‍കുത്തി നിന്നു. മരണക്കിടക്കയിലാണ് മാമ്മോദീസ മുങ്ങിയത്.) യോഗം ആദ്യം പരിഹരിച്ചത് യേശുവിന്റെ 'ദൈവികത്വ'ത്തിന്റെ സ്വഭാവത്തെപ്പറ്റി നടന്നുപോന്നിരുന്ന ഒരു തര്‍ക്കമായിരുന്നു. തര്‍ക്കക്കാരനായിരുന്ന ആരിയൂസ് മെത്രാനെയും കൂട്ടാളികളെയും നാടുകടത്തി അത് പരിഹരിച്ചു. സൂനഹദോസിന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ലോകമെങ്ങുമുള്ള വിശ്വാസികളായ ക്രിസ്ത്യാനികള്‍ ഉരുവിടുന്ന വിശ്വാസപ്രമാണം - ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ല്. ഇത് ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു ചക്രവര്‍ത്തി മെത്രാന്‍മാരെ നിര്‍ബന്ധിച്ചത്. തീരുമാനം നീണ്ടുപോയപ്പോള്‍ സമ്മേളനസ്ഥലത്തിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടി ഒരു ദിവസം അവരെ പട്ടിണിക്കിട്ടു എന്ന് ഒരു കഥ വായിച്ചു. സത്യാവസ്ഥ അറിഞ്ഞുകൂട. (381-ല്‍ നടന്ന രണ്ടാം സൂനഹദോസില്‍ പരിഷ്‌കരിച്ച വിശ്വാസപ്രമാണമാണ് ഇപ്പോള്‍ നിലവിലുള്ളത്) മറ്റൊരു പ്രധാന തീരുമാനം ഈസ്റ്ററിന്റെ തീയതിയെ സംബന്ധിച്ചതായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് തീരുമാനിച്ചുപോന്ന ഈസ്റ്റര്‍ തീയതി റോമന്‍ പഞ്ചാംഗപ്രകാരമാക്കി. അങ്ങനെ യേശുവിന് പൂര്‍വ്വകാല പ്രാബല്യത്തോടെയല്ലെങ്കിലും ഒരു പുതിയ ഉയിര്‍പ്പുദിനം ലഭിച്ചു-മരണദിനവും. 20- ഓളം സഭാനിയമങ്ങള്‍ പ്രഖ്യാപിച്ചു- അങ്ങനെ സഭയുടെ സ്ഥാപനവത്കരണം തുടങ്ങിവെച്ചു. ഒന്നാം സൂനഹദോസുണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് ഇതൊന്നുമായിരുന്നില്ല. ഇവിടെനിന്നാണ് ക്രിസ്തുമതം സാമ്രാജ്യങ്ങളും ചക്രവര്‍ത്തിമാരും അധികാരശക്തികളുമായുള്ള അതിന്റെ ആത്മബന്ധം ആരംഭിച്ചത്- യേശു എന്ന ആശാരി യുവാവിനെ അവസാനം രാജാക്കന്മാരുടെ രാജാവായി വാഴിച്ച പാത ഇവിടെയാണ് തുടങ്ങുന്നത്. നൈഖ്യ ഇന്ന് സുന്ദരവും പ്രശാന്തവുമായ ഒരു കൊച്ചു പട്ടണമാണ്. ഞങ്ങള്‍ അതിന്റെ മരത്തണലുകള്‍ക്ക് കീഴിലെ നടപ്പാതകളിലൂടെ കുറച്ചുസമയം അവിടെ അലഞ്ഞുനടന്നു.
ഗൂഗിളിനുപോലും ഈസ്താംബൂളിലെ ഹോട്ടലിലേക്ക് ഞങ്ങളെ വഴിതെറ്റിക്കാതെ എത്തിക്കാന്‍ കഴിഞ്ഞില്ല. കാര്‍ ഒരു നിമിഷംപോലും എവിടെയും ഒതുക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് ഞാനും മനോഹറും ഇറങ്ങി കാല്‍നടയായി അന്വേഷണം തുടങ്ങി. ഗഫൂര്‍ കാറുമായി മുന്നോട്ടു പോയി. ഗഫൂര്‍ ചെന്നെത്തിയത് അതേ പേരുള്ള മറ്റൊരു ഹോട്ടലിലായിരുന്നു. മനോഹറിനെ കാണാതെയുമായി. ഞാന്‍ ഫോണിലെ ഗൂഗിളിനെ ആശ്രയിച്ചുകൊണ്ട് കുത്തനെയുള്ള ഒരു തെരുവ് കയറിച്ചെന്ന് അന്വേഷണം തുടരുമ്പോള്‍ ഇതാ തെരുവിന്റെ മറ്റേ അറ്റത്തുനിന്ന് ഒരു യുവതി കൈകാണിക്കുന്നു! ഈസ്താംബൂളിലും പരിചയക്കാരോ എന്ന് അതിശയിച്ച് അടുത്തുചെന്നപ്പോള്‍ അത് ഞങ്ങള്‍ തേടിയ ഹോട്ടലിന്റെ ഉടമസ്ഥയാണ്. ഹോട്ടലിന്റെ മുമ്പിലാണ് അവര്‍ നില്‍ക്കുന്നത്. ഞങ്ങളെ കാണാഞ്ഞതുകൊണ്ട് പുറത്തിറങ്ങി നോക്കിനില്‍ക്കുമ്പോള്‍ മിഴിച്ചുനോക്കി നടക്കുന്ന ഇന്ത്യക്കാരന്‍തന്നെയാണ് അതിഥി എന്നു മനസ്സിലായതാണ്. പരമസുന്ദരിയായ ഒരു ഉടമസ്ഥ- ഈസ്താംബൂളിനെപ്പോലെത്തന്നെ മനോഹരി. അവര്‍ ഉടന്‍തന്നെ കാറെടുത്ത് ഗഫൂര്‍ കാത്തുനിന്ന ഹോട്ടലില്‍ പോയി റസിയയെയും ഗഫൂറിനെയും കൂട്ടിക്കൊണ്ടുവന്നു. അപ്പോഴേക്കും നഷ്ടപ്പെട്ടുപോയ മനോഹറും എങ്ങനെയോ അവിടെയെത്തി. ഒരേപേരിലുള്ള ഹോട്ടലുകളുടെ പ്രശ്നത്തെപ്പറ്റി യുവതിയും മറ്റേ ഹോട്ടലിന്റെ ഉടമയുമായി വാഗ്വാദമല്ലെങ്കിലും ഗൗരവമായ സംവാദംനടന്നുവെന്ന് ഗഫൂര്‍ പറഞ്ഞു. തന്റെ അതിഥികള്‍ മറ്റേ ഹോട്ടലിലെത്തുന്നത് സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നമാണെന്ന് യുവതി ക്ഷമാപണപൂര്‍വ്വം ഞങ്ങളോട് പറഞ്ഞു. അങ്കാറയില്‍ ഞങ്ങള്‍ക്ക് കാര്‍ കൊണ്ടുവന്നുതന്ന ഉടമ അത് തിരിച്ചുവാങ്ങാന്‍ എത്തി. അദ്ദേഹം കാര്‍ ആകമാനമൊന്ന് പരിശോധിച്ചു. സെക്യൂരിറ്റി ഡിപ്പോസിറ്റ് കൃത്യമായി മടക്കിത്തന്നു. ഞങ്ങള്‍ അദ്ദേഹത്തിന് ധാരാളം നന്ദി പറഞ്ഞു-കാര്‍ എന്തെല്ലാം സഹിച്ചു എന്ന് ഞങ്ങള്‍ക്കറിയാമല്ലോ. അദ്ദേഹം സന്തോഷപൂര്‍വ്വം കാറെടുത്ത് മടങ്ങി.
അങ്ങനെ ഞങ്ങള്‍ ഓര്‍ഹന്‍ പാമുക്കിന്റെയും അഹ്‌മെറ്റ് ഹംദി തന്‍പിനാറിന്റെയും യാസര്‍ കെമാലിന്റെയും നഗരത്തില്‍ തമ്പടിച്ചു.
ഈസ്താംബൂളിനെ അനുഭവിക്കാനേ സാധിക്കൂ-വിവരിക്കുക ഒരു ഹ്രസ്വസഞ്ചാരിക്ക് അസാദ്ധ്യമാണ്. പാമുക്കിനെപ്പോലെയുള്ള എഴുത്തുകാര്‍ ഈസ്താംബൂളില്‍ ജനിച്ചുവളര്‍ന്നവരാണെങ്കിലും അവരുടെ പ്രതിഭ മാത്രമായിരിക്കാം ഈ അസാധാരണ നഗരത്തിന്റെ സത്തയെ വാക്കുകളില്‍ പിടിച്ചെടുക്കാന്‍ അവരെ പ്രാപ്തരാക്കിയത് എന്നു കരുതണം. ഈസ്താംബൂള്‍ ഏഷ്യയിലും യൂറോപ്പിലുമായി, നടുവില്‍ ബോസ്ഫറസ്, ഗോള്‍ഡന്‍ ഹോണ്‍ എന്നീ കടലിടുക്കുകളുടെ നീലത്തടാകങ്ങളുമായി, കയറ്റങ്ങളും ഇറക്കങ്ങളുമായി, മിന്നിത്തിളങ്ങുന്ന വീഥികളും കല്ലു പാകിയ കുടുസ്സുവഴികളും മുംബൈയോ കൊല്‍ക്കത്തയോപോലെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന സാധാരണക്കാരുടെ ജീവിതത്തിരക്കുമായി, ലോകപ്രസിദ്ധങ്ങളായ ചരിത്രസ്മാരകങ്ങളെ അനായാസമായി വഹിച്ചുകൊണ്ട് പരന്നുകിടക്കുന്നു. എന്നെപ്പോലെയൊരു സാധാരണ സഞ്ചാരിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് അതു നമുക്ക് ഇടപെടാന്‍ അനായാസമായ നഗരമാണ് എന്നതാണ്. ന്യൂയോര്‍ക്കോ ലണ്ടനോ പാരീസോ പോലെയുള്ള മഹാനഗരങ്ങള്‍ നമ്മുടെ മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളില്ല. നഗരം അതിന്റെ പാട്ടിന്; നമ്മള്‍ നമ്മുടെ പാട്ടിന്.
ഭാഷകൂടിയറിയാമെങ്കില്‍ ഈസ്താംബൂള്‍ നമ്മെ സമ്പൂര്‍ണ്ണമായി വശീകരിക്കും. ചെന്നൈയും മുംബൈയും കൊല്‍ക്കത്തയുംപോലെ അദ്ധ്വാനിക്കുന്ന മനുഷ്യരുടെ നഗരമാണ്. അവിടങ്ങളിലെപ്പോലെത്തന്നെ നടപ്പാതകളില്‍ തൊഴില്‍ചെയ്യുന്നവര്‍ ധാരാളം. ചെറുഭക്ഷണശാലകള്‍ എങ്ങും. സഞ്ചാരിക്ക് എപ്പോഴും ഒരു പുഞ്ചിരി ലഭിക്കും. ഉയര്‍ന്ന വിലകളില്ല. ഞങ്ങള്‍ താമസിച്ചതുപോലെയുള്ള ഒരു സാധാരണ ഹോട്ടലിന്റെ വാടക ഇന്ത്യയിലെ മഹാനഗരങ്ങളുടേതിനെക്കാള്‍ കുറവാണ്. മഹത്ത്വവും പ്രശസ്തിയും ഒട്ടും തലയ്ക്കുപിടിക്കാത്ത നഗരമാണ് ഈസ്താംബൂള്‍ എന്നാണ് എന്റെ സാമാന്യബുദ്ധി മനസ്സിലാക്കിയത്. അല്‍പ്പം തുര്‍ക്കിഭാഷയറിയാമെങ്കില്‍ ഒരിന്ത്യക്കാരന് നന്നായി ഇണങ്ങിച്ചേരാന്‍ കഴിയുന്ന നഗരം. അല്‍പ്പം ഇംഗ്ലീഷറിയാവുന്നതുകൊണ്ടുമാത്രം നമുക്ക് ന്യൂയോര്‍ക്കോ ലണ്ടനോ ആയി ഇതുപോലെ ഇണങ്ങിച്ചേരുക സാദ്ധ്യമല്ല എന്നോര്‍ക്കുമ്പോഴാണ് ഈ വ്യത്യാസം മനസ്സിലാകുന്നത്. ഈസ്താംബൂളിന്റെ അതിശയകരമായ ഏഷ്യന്‍-യൂറോപ്യന്‍ മിശ്രിതമായിരിക്കാം, അതിന് ഈ മനുഷ്യപ്പറ്റ് നല്‍കിയത്. 1123 വര്‍ഷം നീളെ, അതായത് എ.ഡി. 330 മുതല്‍ 1453 വരെ ഈസ്താംബൂള്‍ കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ-ബൈസാന്റൈന്‍-തലസ്ഥാനവും റോം കഴിഞ്ഞാല്‍ ക്രിസ്തുമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവുമായിരുന്നു. 324-ലാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ റോമന്‍ എതിരാളിയെ തോല്‍പ്പിച്ച് 'പുതിയ റോം' എന്ന പേരില്‍ ഈസ്താംബൂളിന് തുടക്കമിട്ടത്. 330-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന് സ്വന്തം പേരിട്ട് അത് ഉദ്ഘാടനംചെയ്തു. 1123 വര്‍ഷങ്ങള്‍ക്കുശേഷം 1453 മേയ് 29-ന് ഓട്ടോമന്‍ സുല്‍ത്താന്‍ മെഹ്‌മെറ്റ് രണ്ടാമന്‍ അതു പിടിച്ചെടുത്തതോടെ കിഴക്കന്‍ റോമാസാമ്രാജ്യവും ക്രിസ്തുമതത്തിന്റെ കിഴക്കന്‍ പ്രമാണിത്തവും അസ്തമിച്ചു. ഇസ്ലാമായിത്തീര്‍ന്നു അധിനിവേശശക്തി. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഈസ്താംബൂള്‍ ആയി മാറുന്നത് 1930-ല്‍ അത്താതുര്‍ക്കിന്റെ കാലത്താണ്. അനറ്റോളിയയുടെ ഗ്രീക്ക് പാരമ്പര്യത്തില്‍നിന്നാണ് 'നഗരത്തിലേക്ക്' എന്നര്‍ത്ഥമുള്ളതും പണ്ടേ പ്രചാരത്തിലുണ്ടായിരുന്നതുമായ 'ഇസ്തിന്‍പോലി' എന്ന ഗ്രീക്ക് പദം വന്നത്.
1453-ല്‍ ഓട്ടോമന്‍ ആക്രമണം ഉണ്ടാകുംമുമ്പേതന്നെ ഏതാണ്ട് തകര്‍ന്നുകഴിഞ്ഞിരുന്ന ബൈസാന്റൈന്‍ അഥവാ കിഴക്കന്‍ റോമാസാമ്രാജ്യം ഭരിച്ചിരുന്നത് കോണ്‍സ്റ്റന്റ്റൈന്‍ പതിനൊന്നാമന്‍ എന്ന ചക്രവര്‍ത്തിയായിരുന്നു. ഒന്നാം അദ്ധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ ലോകത്തിലെ ഏറ്റവും വമ്പിച്ച ക്രൈസ്തവ സാമ്രാജ്യമായിരുന്ന ബൈസാന്റൈനിന് ഏറ്റവും മാരകമായ പ്രഹരംനല്‍കിയത് 1204-ല്‍ മാര്‍പാപ്പ കുരിശുയുദ്ധത്തിനു വിട്ട ഒരു ക്രിസ്ത്യാനിപ്പടതന്നെയായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച് തകര്‍ത്തുകൊണ്ടും സാമ്രാജ്യം ഛിന്നഭിന്നമാക്കിക്കൊണ്ടും അവര്‍ നടത്തിയ താണ്ഡവത്തില്‍നിന്ന് ബൈസാെന്റെന്‍ സാമ്രാജ്യത്തിന്റെ പടിപടിയായുള്ള സര്‍വ്വനാശത്തിലേക്ക് വഴുക്കുള്ള വഴുതല്‍ ആരംഭിച്ചു. അതിന്റെ ഭീകരമായ പൂര്‍ത്തീകരണമായിരുന്നു 1453-ല്‍ നടന്ന ഓട്ടോമന്‍ പിടിച്ചടക്കല്‍. 55 ദിവസം മെഹ്‌മെറ്റ് രണ്ടാമന്റെ പട കടലില്‍നിന്നും കരയില്‍നിന്നും നഗരത്തെ വളഞ്ഞുവെച്ചു. ഓട്ടോമന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്ന കാലത്തുതന്നെ കോണ്‍സ്റ്റന്റ്റൈന്‍ 11-ാമന്‍ റോമിലെ മാര്‍പാപ്പയോട് സഹായം അപേക്ഷിച്ചിരുന്നു. പക്ഷേ, മാര്‍പാപ്പ (നിക്കോളാസ് അഞ്ചാമന്‍) കിഴക്കന്‍സഭയെ (ഓര്‍ത്തഡോക്സ്) കത്തോലിക്കാസഭയുമായി യോജിപ്പിച്ച് അദ്ദേഹത്തിന്റെ വരുതിയില്‍ കൊണ്ടുവരാനുള്ള വ്യവസ്ഥ മുന്നോട്ടുവെച്ചു. പിന്നീട് അദ്ദേഹം അയച്ച മൂന്നു കപ്പലുകളെത്തിയപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. യാതൊരു ക്രിസ്ത്യന്‍രാജ്യവും-വെനീസ്, ജെനോവ എന്നീ നഗരരാഷ്ട്രങ്ങളൊഴികെ-സഹായത്തിനെത്തിയില്ല. മെഹ്‌മെറ്റിന്റെ യുദ്ധം ജയിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചത് ഉര്‍ബന്‍ എന്ന ഹംഗറിക്കാരനും ക്രിസ്ത്യാനിയുമായ എന്‍ജിനീയറും പീരങ്കി നിര്‍മ്മാതാവുമാണ്. അദ്ദേഹം തന്റെ-അക്കാലത്തെ ഏറ്റവും വലുപ്പവും പ്രഹരശേഷിയുമുള്ള-പീരങ്കികളെ ആദ്യം കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിക്കാണ് വില്‍ക്കാന്‍ ശ്രമിച്ചത്. പക്ഷേ, ചക്രവര്‍ത്തിക്ക് അവ വാങ്ങാനുള്ള സാമ്പത്തികശേഷിയില്ലായിരുന്നു. ഉര്‍ബന്‍ നേരെ മെഹ്‌മെറ്റിനെ സമീപിച്ചു. മെഹ്‌മെറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൊടുംഭീമന്‍ പീരങ്കിയും ഉണ്ടാക്കി. അതില്‍നിന്ന് പുറപ്പെട്ട 500 കിലോഗ്രാം തൂക്കമുള്ള പീരങ്കിയുണ്ടകളുടെ വര്‍ഷമാണ് ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള കോണ്‍സ്റ്റാന്റിനോപ്പിള്‍ കോട്ടയെ തകര്‍ത്തത്. ആയുധക്കച്ചവടക്കാരുടെ രീതികള്‍ എന്നും ഒന്നായിരുന്നുവെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു.
മെഹ്‌മെറ്റ് സൃഷ്ടിച്ച മറ്റൊരു യുദ്ധമുറ അതിശയിപ്പിക്കുന്നതാണ്. മെഹ്‌മെറ്റിന്റെ യുദ്ധവഞ്ചികള്‍ക്ക് ബോസ്ഫറസ് കടലിടുക്കില്‍നിന്ന് ഗോള്‍ഡന്‍ ഹോണ്‍ കടലിടുക്കിലേക്കു കടന്നുചെന്ന് മറ്റൊരു യുദ്ധമുഖം തുറക്കാന്‍ ഇവയ്ക്കിടയിലുള്ള കടലിലൂടെ ബൈസാന്റൈന്‍ വലിച്ചുകെട്ടിയ ഒരു വന്‍ ചങ്ങലമൂലം കഴിഞ്ഞില്ല. മെഹ്‌മെറ്റ് വഞ്ചികള്‍ കരയ്ക്കെത്തിച്ച് എണ്ണപുരട്ടിയ ഉരുളന്‍ തടികളിലൂടെ അവ ഒരു കുന്നിന്മേല്‍ ഉരുട്ടിക്കയറ്റി തടികളിലൂടെത്തന്നെ മറുവശത്ത് എത്തിച്ച് കടലിലിറക്കി. ഓട്ടോമന്‍പട നഗരത്തില്‍ കടന്നപ്പോളുണ്ടായ നേര്‍ക്കുനേര്‍ യുദ്ധത്തിലാണ് ചക്രവര്‍ത്തി മരിച്ചതെന്നും അതല്ല ആത്മഹത്യ ചെയ്തതാണെന്നും ഭാഷ്യങ്ങളുണ്ട്. ഏതായാലും അതായിരുന്നു 1123 വര്‍ഷം നീണ്ടുനിന്ന കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ (Eastern Roman Empire) അന്ത്യം. ഏഷ്യാമൈനറില്‍നിന്ന് ഒരു മതത്തിന്റെ മേല്‍ക്കോയ്മ മാഞ്ഞുപോയി. മറ്റൊരു മതത്തിന്റേത് വന്നുചേര്‍ന്നു. ഓട്ടോമന്‍ പട നഗരത്തില്‍ പ്രവേശിച്ചുകഴിഞ്ഞ് ഉണ്ടായ സംഭവങ്ങള്‍ ഇവിടെ കുറിക്കാന്‍ മനസ്സ് തോന്നാത്തവിധം ദാരുണങ്ങളാണ്. സുല്‍ത്താനെപ്പോലും അതു വേദനിപ്പിച്ചു. നഗരത്തിലെ അവസ്ഥ കണ്ട് അദ്ദേഹം കണ്ണീരോടെ വിലപിച്ചുവത്രേ:'എന്തൊരു നഗരത്തെയാണ് നാം കൊള്ളയ്ക്കും നശീകരണത്തിനും ഏല്‍പ്പിച്ചുകൊടുത്തത്!' പക്ഷേ, അതില്‍ പുതുതായി ഒന്നുമില്ലതാനും. ചരിത്രത്തിന്റെ നിഷ്ഠുരമായ ആവര്‍ത്തനം മാത്രമാണ് ഉണ്ടായത്. ക്രൂരത ഒരു മതത്തില്‍നിന്ന് അടുത്തതിലേക്കും ഒരു രാഷ്ട്രീയശക്തിയില്‍നിന്ന് അടുത്തതിലേക്കും ഒരു പട്ടാളത്തില്‍നിന്ന് അടുത്തതിലേക്കും കൈമാറപ്പെടുന്നു, അത്രമാത്രം.
ഈസ്താംബൂളിനെക്കുറിച്ച് പ്രശസ്തങ്ങളായ നോവലുകള്‍ കൂടാതെ നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ താളുകളിലൊതുങ്ങുന്ന നഗരമല്ല ഈസ്താംബൂള്‍. കാരണം ഒരുവശത്ത് ചരിത്രം അതിന്റെ കൂറ്റന്‍ രംഗപടം നിവര്‍ത്തിപ്പിടിക്കുന്നു. മറുവശത്ത് ചരിത്രത്തില്‍നിന്ന് അടര്‍ന്നുപോന്ന ഇടങ്ങളും ദൃശ്യങ്ങളും നിര്‍മ്മിതികളും അണിനിരക്കുന്നു. ഇതിനിടയിലൂടെ സമൃദ്ധമായ ഒരു ജനജീവിതം പ്രവഹിക്കുന്നു. എര്‍ദോഗന്റെ തീവ്രമതരാഷ്ട്രീയത്തിന് അതീതമായ ഒരു ആധുനികത ഈസ്താംബൂളില്‍-തുര്‍ക്കിയിലെ ഞങ്ങള്‍ സന്ദര്‍ശിച്ച എല്ലാ നഗരങ്ങളിലുമെന്നപോലെ-വിളങ്ങുന്നു. ഈസ്താംബൂളിന്റെ രാത്രികളും പകലുകളും വെവ്വേറെ അനുഭവങ്ങളാണ്. നടന്നുപോകുമ്പോള്‍, വളവിലും തിരിവിലും മുക്കിലും മൂലയിലും ഏകാന്തതയും പ്രശാന്തതയും നമ്മെ കാത്തിരിക്കുന്നു. പ്രധാന തെരുവുകളിലെ ആള്‍ക്കൂട്ടത്തിരക്ക് നമ്മെയുംകൊണ്ട് ഒഴുകുന്നു. ഏഷ്യയില്‍നിന്ന് കടലിടുക്കുകള്‍ക്ക് കുറുകെ യൂറോപ്പിലേക്ക് നോക്കുന്നത് വിചിത്രമായ അനുഭവമാണ്-ഏഷ്യ എന്നതും യൂറോപ്പ് എന്നതും വെറും പേരുകള്‍ മാത്രമാണെങ്കില്‍പ്പോലും. അതുപോലെതന്നെ മറിച്ചുമുള്ള കാഴ്ച. നഗരവാസികളുടെ സൗമനസ്യവും സൗഹൃദാത്മകതയും സഞ്ചാരിയെ ആശ്വസിപ്പിക്കുന്നു. അതിരുചികരമായ ഭക്ഷണം മറ്റൊരു നല്ല അനുഭവമാണ്. ഈസ്താംബൂളില്‍ പേരുകേട്ട കാഴ്ചകള്‍ കാണാനായി മാത്രം പോകാതിരിക്കുക എന്ന് സഞ്ചാരികളോട് പറയാന്‍ തോന്നുന്നു. ആ നഗരത്തെ സ്വസ്ഥമായി അനുഭവിക്കാന്‍ പോകുക. കാഴ്ചകാണലുകളും വേണം. പക്ഷേ, ഈസ്താംബൂള്‍ എന്ന നഗരംതന്നെയാണ് പ്രധാന കാഴ്ച-പ്രധാന അനുഭവവും.
കാഴ്ചകള്‍ അനവധിയാണ്. അവയുടെ ഒരു ഓട്ടപ്രദക്ഷിണംപോലും ദിവസങ്ങളെടുക്കും. ഒന്ന് ഒന്നിനെക്കാള്‍ പ്രശസ്തമാണ്. ഓരോന്നിന്റെയും ചരിത്രം മനുഷ്യന്‍ ഉണ്ടാക്കിയ ചരിത്രത്തില്‍ ആഴ്ന്നുകിടക്കുന്നു. ചോര വീഴാത്ത ഇടങ്ങള്‍ അപൂര്‍വ്വമാണ്. കണ്ണീര്‍ വീഴാത്തവയും നിലവിളികളുയരാത്തവയും വിരളമാണ്. അധികാരത്തിന്റെയും നിര്‍ദ്ദയശക്തിയുടെയും ആഡംബരാസക്തിയുടെയും സൃഷ്ടികളാണ് എല്ലാം. അടിമകളുടെ വിയര്‍പ്പ് ചേരാത്തവയൊന്നുംതന്നെയില്ല. മതങ്ങളും രാഷ്ട്രീയാധികാരവും ചേര്‍ന്ന് ജ്ഞാനസ്നാനങ്ങള്‍ മാറി മാറി നടത്തിയവയുണ്ട്. ആയാ സോഫിയ (Hagia Sofia) എന്ന ലോകപ്രസിദ്ധമായ പള്ളി, ഒരു ക്രൈസ്തവേതര ആരാധനാലയത്തിന്റെ അടിത്തറമേല്‍ എ.ഡി. 325-360-ല്‍ കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തി പണിയിപ്പിച്ചതാണ്. തീവെക്കലുകളിലൂടെയും ഭൂകമ്പങ്ങളിലൂടെയും പുതുക്കിപ്പണിയലുകളിലൂടെയും അത് നിലനിന്നുപോന്നു. 1204-ല്‍ ഈസ്താംബൂള്‍ ആക്രമിച്ച ക്രിസ്ത്യാനികളുടെ കുരിശുയുദ്ധപ്പട പള്ളി ആക്രമിച്ച് അതിലെ സ്വര്‍ണ്ണവും വെള്ളിയും പിത്തളയും, അടിച്ചും ഉടച്ചും പൊളിച്ചെടുത്തും കൈക്കലാക്കി. പള്ളിക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. 1453-ല്‍ സുല്‍ത്താന്‍ മെഹ്‌മെറ്റ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയശേഷം ആയാ സോഫിയയില്‍ കാലുകുത്തി ആദ്യം ചെയ്തത് അതിനെ മോസ്‌ക്ക് ആയി പ്രഖ്യാപിക്കുകയാണ്. 1934/35ല്‍ തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടപ്പോള്‍ അത്താതുര്‍ക്ക് ആയാ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അതിന്റെ മിനാരറ്റുകള്‍ വിമാനവേധ തോക്കുകളുടെ ഒളിയിരിപ്പിടമായി. ഇപ്പോഴത്തെ പ്രധാനമന്ത്രി എര്‍ദോഗന്‍ സോഫിയയെ മോസ്‌ക്ക് ആക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അവസാനം 2020-ല്‍ അദ്ദേഹം അതിനെ മോസ്‌ക്ക് ആയി പ്രഖ്യാപിച്ചു. അത്താതുര്‍ക്കിനെ തള്ളിപ്പറയുകയും ചെയ്തു.
കോണ്‍സ്റ്റന്റ്റൈന്‍ ആയാ സോഫിയ പണിതത് ഒരു പുരാതന ദേവിയുടെ ക്ഷേത്രത്തിന്റെ അടിത്തറമേലായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ. ആ ദേവി തന്റെ ക്ഷേത്രത്തിനു സംഭവിച്ച ഈ പരിണാമങ്ങള്‍ കണ്ട് അതിശയിക്കുന്നുണ്ടാവണം. 1763 വര്‍ഷങ്ങള്‍ക്കുശേഷവും ആയാ സോഫിയ എന്ന നിര്‍മ്മിതി സഞ്ചാരികള്‍ക്ക് അതിശയപൂര്‍വ്വം മിഴിച്ചു നോക്കാനായി നിലനില്‍ക്കുന്നു എന്നത് അതിന്മേല്‍ ഉടമസ്ഥാവകാശം മാറിമാറി സ്ഥാപിച്ച മതങ്ങളുടെ ആയുസ്സുമായി കൂട്ടിവായിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. എങ്കില്‍ പിരമിഡുകളുടെ കാര്യമോ? അവ 3000-ലേറെ വര്‍ഷങ്ങളായി യാതൊരു മനുഷ്യപിന്തുണയുമില്ലാതെ പിടിച്ചുനില്‍ക്കുന്നതെന്തുകൊണ്ടാവാം? എന്‍ജിനീയറിങ്ങിന്റെ ഗുണം എന്നതാവാം ഉത്തരം.
ഈസ്താംബൂളിലെ പ്രശസ്തങ്ങളായ കാഴ്ചകളെല്ലാം ലോകത്തിലെ മറ്റ് അത്തരം കാഴ്ചകളെപ്പോലെ അസാധാരണങ്ങളാണ്. അവയ്ക്കുള്ളിലൂടെയുള്ള നടത്തങ്ങള്‍ ഇത്തരം മറ്റെല്ലാ സന്ദര്‍ശനങ്ങളെയുംപോലെ മടുപ്പിക്കുന്നവയുമാണ്. അവസാനമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ യാതൊന്നും ശാന്തമായി നോക്കിക്കാണാന്‍ അനുവദിക്കുകയില്ല. ഫ്രെയിമില്‍ ഉയര്‍ന്നുനില്‍ക്കുന്ന തലകളില്ലാതെ ഒരു ചിത്രമെടുക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, ഈ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് വേണ്ടിയല്ലെങ്കില്‍ മറ്റാര്‍ക്കുവേണ്ടിയാണ്? എനിക്ക് തോന്നുന്നത് സഞ്ചാരികളുടെ ആഹ്ലാദവും അതിശയവും അവയെ പുനരുജ്ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ്.
എന്നാല്‍, എല്ലായിടത്തും ചില നിമിഷങ്ങള്‍ സ്വസ്ഥമായി ലഭിക്കുന്നു.
ആയാ സോഫിയയുടെ ഉയര്‍ന്ന മേല്‍ത്തട്ടിനു കീഴില്‍ ഞങ്ങള്‍ ഒരു കോണില്‍ നിലത്ത് തൂണുകളില്‍ ചാരിയിരുന്ന് വിശ്രമിച്ചു. മനോഹര്‍ സുഖമായി ഉറങ്ങി. ഉച്ചപ്രാര്‍ത്ഥനസമയത്ത് മുസ്ലിങ്ങളല്ലാത്ത സഞ്ചാരികള്‍ പുറത്തിറങ്ങണമെന്ന അറിയിപ്പ് വന്നപ്പോള്‍ മാത്രമാണ് ഞങ്ങള്‍ എണീറ്റ് പുറത്തേക്കു പോയത്. അതിസുഖകരമായിരുന്നു 1763 വര്‍ഷങ്ങളുടെ ആലിംഗനത്തിലുള്ള ആ ചെറുവിശ്രമം. ഞങ്ങളുടെ സമീപത്ത് കൂട്ടുകാരനുമായി ഭിത്തിചാരിയിരുന്ന ആധുനിക വേഷധാരിയായ യുവതി, അറിയിപ്പ് വന്നപ്പോള്‍, ബാഗിനകത്തുനിന്ന് ഹിജാബ് പുറത്തെടുത്ത് ചിരിച്ചുകുഴഞ്ഞുകൊണ്ട് അത് അണിഞ്ഞു. അവരെയെല്ലാം ഒരു ദിവസം ആരെങ്കിലും ചിരിക്കാത്തവരാക്കി മാറ്റുമോ എന്നു ഞാന്‍ അദ്ഭുതപ്പെട്ടു.
ആയാ സോഫിയയും ടോപ്കാപി കൊട്ടാരവും ബ്ലൂമോസ്‌ക്കും സന്ദര്‍ശിച്ചുകഴിഞ്ഞാല്‍ ഈസ്താംബൂളില്‍ ഉത്തരവാദിത്വവാനായ ഒരു സഞ്ചാരി കാണാന്‍ കടപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകള്‍ കണ്ടുതീര്‍ന്നു എന്നു പറയാം. ബോസ്ഫറസ് കടലിലും ഗോള്‍ഡന്‍ ഹോണ്‍ കടലിലും ബോട്ടുസവാരി നടത്തുമ്പോള്‍ എല്ലാ പ്രധാന കടമകളും പൂര്‍ത്തിയായി. പക്ഷേ, യഥാര്‍ത്ഥത്തില്‍ കുരുടന്മാര്‍ ആനയെ കാണാന്‍ പോയതുപോലെയാണ് സഞ്ചാരിയുടെ അവസ്ഥ. കാണാന്‍ കടപ്പെട്ട കാഴ്ചകള്‍ ആനവാലിലെ രോമം മാത്രമാണ്. സുന്ദരികളും സുന്ദരന്മാരുമായ മനുഷ്യരുടെയും ബസാറുകളുടെയും ഭക്ഷണശാലകളുടെയും വാഹനങ്ങള്‍ നിറഞ്ഞ തെരുവുകളുടെയും നൈറ്റ് ക്ലബ്ബുകളുടെയും ബാറുകളുടെയും ഉദ്യാനങ്ങളുടെയും ഒരു ഗംഭീര മനുഷ്യപ്രപഞ്ചം അപ്പുറത്തുണ്ട്. അതു കാണാന്‍ ടിക്കറ്റുമെടുക്കേണ്ട.
അങ്ങനെ ഞങ്ങളുടെ കൂട്ടായ്മ തത്കാലത്തേക്ക് പിരിഞ്ഞു. മനോഹറിന്റെ ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് അങ്കാറയില്‍ നിന്നായിരുന്നതുകൊണ്ട് മനോഹര്‍ ഒരു ബസ്സില്‍ അങ്കാറയിലേക്ക് പോയി. റസിയയും ഗഫൂറും കൊച്ചിയിലേക്കും. ഞാന്‍ തിരുവനന്തപുരത്തേക്കും മടങ്ങി. അനറ്റോളിയയ്ക്ക് നല്ലതു വരട്ടെ. അതിന്റെ നന്മകളുടെ മേല്‍ ഒരു സ്വേച്ഛാധിപത്യവും ഒരു മതാധിപത്യവും നിഴല്‍ വീഴ്ത്താതിരിക്കട്ടെ.
Content Highlights: zacharia travelogue turk istanbul mathrubhumi books
Published: 30 May 2025, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented