അക്കാലയളില് കിട്ടിയ അവാര്ഡുതുകകളെല്ലാം തുഞ്ചന് പറമ്പിലെ ഓരോ കോട്ടേജുകളും കെട്ടിടങ്ങളും പണിയാനുള്ള കല്ലും സിമന്റുമായി മാറി.

കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ എഴുത്തുകാരുടെയും പ്രതിഭകളുടെയും സ്മരാണാർഥം അനേകം സ്മാരകങ്ങൾ നിലവിലുണ്ടെങ്കിലും നടത്തിപ്പിൽ വിജയം കൈവരിക്കുന്നവ ചുരുക്കം ചിലതു മാത്രമാണ്. സർക്കാരുകൾ മാറിവരുമ്പോഴും മൺമറഞ്ഞു പോയവരുടെ പേരിൽ സ്മാരകങ്ങൾ പ്രഖ്യാപിക്കുന്നത് പതിവാണ്. പലതും കടലാസിലൊതുങ്ങുകയും സ്ഥലം അനുവദിച്ചു കിട്ടാത്തതിനാൽ അനിശ്ചിതത്വത്തിലാവുകയുമാണ് പതിവ്. സർക്കാറിൽനിന്നു മതിയായ പണം അനുവദിച്ചു കിട്ടാതിരിക്കുക, അനുവദിക്കപ്പെട്ട പണം കൈമാറുന്നതിൽ കാലതാമസം വരിക തുടങ്ങിയവ സ്മാരകങ്ങളുടെ നടത്തിപ്പുകാരുടെ സ്ഥിരം തലവേദനകളിൽ ഒന്നാണ്. എന്നാൽ, അതിൽനിന്നു തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ സാംസ്‌കാരിക സ്മാരകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ തുഞ്ചൻ സ്മാരകം. തുഞ്ചൻ സ്മാരകത്തെ അർഹിക്കുന്ന വിധത്തിൽ കേരളത്തിന്റ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോനാണ്. ദശാബ്ദങ്ങളുടെ ഇടവേളയുണ്ടായെങ്കിലും കേശവമേനോൻ സ്വപ്‌നം കണ്ട തുഞ്ചൻ പറമ്പിനെ സാക്ഷാത്ക്കരിച്ചത് എം.ടി. വാസുദേവൻ നായരാണ്. സ്മാരകങ്ങളുടെ നടത്തിപ്പിൽ തുഞ്ചൻ പറമ്പ് ഒരു മാതൃക തന്നെയാണ്.
ഭാഷാപിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനായി ഒരു സ്മാരകം പണിയണമെന്ന ആവശ്യം സഫലമാക്കപ്പെടുന്നത് 1964-ലാണ്. തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റ ജന്മദേശമായി കണക്കാക്കപ്പെടുന്ന തുഞ്ചൻ പറമ്പിൽ നാലരയേക്കറോളം വരുന്ന വിശാലമായ പ്രദേശത്ത് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്മാരകം മാത്രമായി ആദ്യകാലത്ത് നിലകൊണ്ടെങ്കിലും പിന്നീട് മലയാളഭാഷയ്ക്കുതന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള വളർച്ച കൈവരിക്കാൻ തുഞ്ചൻ പറമ്പിനു കഴിഞ്ഞു. ആദ്യകാലങ്ങളിൽ സർക്കാർ നൽകി വന്ന ഗ്രാന്റിൽ പിടിച്ചുനിൽക്കാൻ കഴിയാതെ, ജീവനക്കാർക്ക് നാമമാത്ര വേതനം നൽകിയ അരിഷ്ടതയിൽ കഴിഞ്ഞിരുന്ന തുഞ്ചൻ പറമ്പിനെ ഇന്നു കാണുന്ന തരത്തിൽ അടിമുടി പുതുക്കിപ്പണിതത് എം.ടി. വാസുദേവൻ നായരുടെ ദീർഘവീക്ഷണങ്ങളായിരുന്നു.
മാതൃഭൂമി പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ സമ്മർദ്ദം ചെലുത്തിയാണ് 1962-ൽ തുഞ്ചൻ സ്മാരകത്തിനായി സർക്കാർ ഭൂമി വാങ്ങുന്നത്. പട്ടം താണുപ്പിള്ളയായിരുന്നു മുഖ്യമന്ത്രി. ഭാഷാപിതാവിനായി അദ്ദേഹത്തിന്റെ ജന്മനാട്ടിൽ ഒരു സ്മാരകം വേണമെന്ന് അഭ്യർഥിച്ചുകൊണ്ട് കെ.പി. കേശവമേനോനും സംഘവും ഒരു നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു. പട്ടം താണുപ്പിള്ള ഉടൻതന്നെ തുടർ നടപടികൾ സ്വീകരിച്ചു. സ്മാരകത്തിന് തറക്കല്ലിട്ടതും കുറച്ചു പണം വേണ്ടപ്പെട്ടവരിൽനിന്നു സമാഹരിച്ചുകൊടുത്തതും പട്ടം താണുപ്പിള്ളയായിരുന്നു. സ്മാരകം പൂർത്തിയായപ്പോഴേക്കും അദ്ദേഹം പഞ്ചാബ് ഗവർണറായി പോകുകയും പകരം മുഖ്യമന്ത്രിയായി ആർ. ശങ്കർ ചുമതലയേൽക്കുകയും ചെയ്തിരുന്നു. രണ്ടുപേരും ചേർന്നാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്മാരകം നടത്തിക്കൊണ്ടുപോകാൻ ഒരു കമ്മിറ്റി രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്- തുഞ്ചൻ സ്മാരക മാനേജ്‌മെന്റ് കമ്മറ്റി. കേശവമേനോൻ തന്നെയായിരുന്നു ആദ്യ പ്രസിഡണ്ട്. പന്ത്രണ്ടംഗ കമ്മിറ്റിക്കായിരുന്നു ഭരണച്ചുമതലയുണ്ടായിരുന്നത്. അന്ന് കമ്മിറ്റിയിലുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു എം.ടി. വാസുദേവൻ നായർ; 29 വയസ്സ്. കെ.പി. കേശവമേനോന്റെ നിർദ്ദേശപ്രകാരമായിരുന്നു അദ്ദേഹം പത്രാധിപരായിരിക്കുന്ന മാതൃഭൂമിയിലെ ഉപപത്രാധിപരായ എം.ടിയെ കമ്മറ്റിയിലേക്കെടുത്തത്. തുഞ്ചൻ സ്മാരകത്തിന്റെ ബാലദശമുതൽ എം.ടി. ഒപ്പം സഞ്ചരിച്ചു. കമ്മിറ്റിയുടെ രണ്ടു ടേം കെ.പി. കേശവമേനോൻ തന്നെയായിരുന്നു പ്രസിഡണ്ട്. പിന്നീട് എസ്.കെ. പൊറ്റക്കാട് അധ്യക്ഷസ്ഥാനമേറ്റെടുത്തു. സർക്കാർ ഭൂമിയേറ്റെടുത്ത് നൽകിയെങ്കിലും നടത്തിപ്പിനാവശ്യമായ പണം കൃത്യമായി ഒരു സാംസ്‌കാരിക ട്രസ്റ്റിനും ലഭിക്കാതിരുന്ന കാലത്തിലൂടെയായിരുന്നു പൊറ്റക്കാടിന് തുഞ്ചൻ പറമ്പിനെ നയിക്കേണ്ടി വന്നത്. അവിടെ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നവർക്ക് മാസാന്തം കൊടുക്കാൻ വേതനയിനത്തിൽ ഒന്നും ലഭിക്കാതെയായപ്പോൾ നിവൃത്തിയില്ലാതെ പൊറ്റക്കാട് തിരുവനന്തപുരത്തേക്ക് വണ്ടികയറി. സെക്രട്ടേറിയേറ്റിൽ നിരാഹാരമിരിക്കാൻ പോകുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അത് വലിയ വാർത്തയായി. കേട്ടറിഞ്ഞ കേശവമേനോൻ ഇടപെട്ട് എസ്.കെയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. വഴിയുണ്ടാക്കാമെന്ന് കെ.പി. കേശവമേനോൻ ഉറപ്പുകൊടുത്തുവെങ്കിലും അതൊന്നും ശാശ്വത പരിഹാരമായിരുന്നില്ല. എസ്.കെയ്ക്ക് പിന്നാലെ കമ്മിറ്റി പ്രസിഡണ്ടായ പി.എൻ. ജയചന്ദ്രനും എം.എസ്. മേനോനും തുഞ്ചൻ പറമ്പ് നടത്തിക്കൊണ്ടുപോകാൻ അമ്പേ പണിപെട്ടു. സാംസ്‌കാരിക ട്രസ്റ്റുകളിൽനിന്ന് എന്തു വരുമാനം കിട്ടാനാണ്? വരുമാനം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കേണ്ടതാണോ സാംസ്‌കാരിക സ്ഥാപനങ്ങൾ? സർക്കാറിന് എന്തുകൊണ്ട് വകയിരുത്തുന്ന പണം തന്നുകൂടാ? തുടങ്ങി ചോദ്യങ്ങൾ മാത്രം തുഞ്ചൻ പറമ്പിൽ ഉയർന്ന കാലം. നാലരയേക്കറോളം പരന്നുകിടക്കുന്ന ആ സാംസ്‌കാരിക ഭൂമിയുടെ സാധ്യതകളുടെ വാതിലുകളെല്ലാം അടഞ്ഞുതന്നെ കിടന്നു. കാലം ആവശ്യപ്പെട്ട ചില മാറ്റങ്ങൾ വന്നുചേർന്നു എന്നതൊഴികെ തുഞ്ചൻ പറമ്പ് അരിഷ്ടതയുടെ നിഴലിൽനിന്നു മുക്തി നേടിയിരുന്നില്ല.
സർക്കാറുകൾ മാറിവരുന്നതിനനുസരിച്ച് അനിശ്ചിതാവസ്ഥകളും അരക്ഷിതാവസ്ഥകളും ഏറിയും കുറഞ്ഞുമിരുന്നു. 1992-ൽ കെ. കരുണാകരന്റെ മന്ത്രിസഭയിൽ ടി.എം. ജേക്കബ് സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തകാലത്ത്. മന്ത്രിസഭയിലുണ്ടായിരുന്ന തിരൂർ എം.എൽ.എ കൂടിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീർ ഒരു അഭിപ്രായം മുന്നോട്ടുവെച്ചു. തുഞ്ചൻപറമ്പിന് ഒരു നാഥൻ വേണം. അത് എം.ടി. വാസുദേവൻ നായർ തന്നെയായിരിക്കണം. ടി.എം. ജേക്കബ് ആ അഭിപ്രായത്തെ സാധൂകരിച്ചു. കമ്മിറ്റിയുടെ അധ്യക്ഷനാവാൻ എം.ടിയെ സാംസ്‌കാരിക വകുപ്പ് ക്ഷണിച്ചു. എം.ടി. പക്ഷേ മുഖം തിരിച്ചു. തുഞ്ചൻ പറമ്പിലെ ഒരു അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നിലനിൽക്കുന്ന സമയമായിരുന്നു. ആ അഴിമതിയാരോപണം പൂർണമായും പരിഹരിച്ചതിനുശേഷം, ബോധ്യമായ നടപടി കൈക്കൊണ്ടതിനുശേഷം മാത്രമേ സ്ഥാനമേറ്റെടുക്കൂ എന്ന നിലപാടിൽ എം.ടി. ഉറച്ചുനിന്നു. ഒരു വർഷമെടുത്തു തുഞ്ചൻ പറമ്പിന്റെ ആ കരിനിഴൽ മാറിക്കിട്ടാൻ. 1993-ൽ എം.ടി. തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായി. മരണംവരെ ഒരു സാംസ്‌കാരിക ട്രസ്റ്റിന്റെ അധ്യക്ഷനായിരിക്കുക എന്ന അപൂർവ്വതയും എം.ടിക്കു കൈവന്നു. 2024 ഡിസംബർ 25-ന് എം.ടി. ലോകത്തോട് വിട പറയുന്നതുവരെ അദ്ദേഹം തന്നെയായിരുന്നു 32 വർഷക്കാലം തുഞ്ചൻ പറമ്പിനെ നയിച്ചത്.
ഇന്ത്യയിലെ പലഭാഷകളിലുള്ള എഴുത്തുകാർ വരികയും താമസിക്കുകയും എല്ലാ എഴുത്തുകാരുമായുള്ള സാഹിത്യസൗഹൃദം ഊട്ടിയുറപ്പിക്കുന്ന മണ്ണായി മാറുകയും മലയാളഭാഷയിലും സംസ്‌കാരത്തിലും ഗവേഷണം നടത്തുന്നവർക്ക് വേണ്ടവിധത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കിക്കൊടുക്കുന്ന തരത്തിൽ ഉയർന്നുവരണം തുഞ്ചൻ പറമ്പ് എന്നായിരുന്നു പ്രഥമ അധ്യക്ഷനായിരുന്ന കെ.പി. കേശവമേനോൻ തുഞ്ചൻപറമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രധാനമായും എഴുതിവെച്ചിരുന്നത്. തന്റെ പത്രാധിപരുടെ സ്വപ്നം സാധ്യമാക്കാനുള്ള വഴികൾ തുറക്കുക എന്നതായിരുന്നു എം.ടി. ഉത്തരവാദിത്തമേറ്റെടുത്തയുടനേ തന്നെ ചെയ്തത്. തുഞ്ചൻപറമ്പ് എം.ടിയുടെ ആത്മാവായി മാറുന്നത് അങ്ങനെയാണ്. മാറിവരുന്ന സർക്കാറിന്റെ ദയാവായ്പുകൾ പ്രതീക്ഷിച്ചുനിന്നാൽ നടപടിയാവില്ല എന്നദ്ദേഹം ആദ്യമേ ഉൾക്കൊണ്ടിരുന്നു. അതിനിടയിൽ ഭരണവും മാറിമറിഞ്ഞു. കെ. കരുണാകരനുശേഷം എ.കെ. ആന്റണി 1995-96 കാലയളവിൽ കേരളമുഖ്യനായി. പിന്നാലെ 1996-ൽ നായനാർ മന്ത്രിസഭ നിലവിൽ വന്നു. ടി.കെ. രാമകൃഷ്ണനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ ചുമതല. അദ്ദേഹം തുഞ്ചൻപറമ്പിൽ നിർണായകമായ മാറ്റം കൊണ്ടുവന്നു. തുഞ്ചൻ സ്മാരക കമ്മിറ്റിയെ തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റ് ആൻഡ് റിസർച്ച് സെന്റർ ആക്കി പരിഷ്‌കരിച്ചു. ചെയർമാൻ എം.ടി. തന്നെ. സർക്കാർ പ്രതിനിധികളായി കലക്ടറും പൊന്നാനി എം.എൽഎയും ട്രസ്റ്റ് അംഗങ്ങളായി.
ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ആദ്യം നാട്ടുകാരുടെ സഹകരണം വേണം. കലയെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്ന പ്രവാസികളുടെയും ബിസിനസ്സുകാരുടെയും സഹായം, അറിയാവുന്നവരുടെ സഹായം... ഇതെല്ലാമൊത്തുചേർന്നാൽ തുഞ്ചൻ പറമ്പിന് അതിജീവിക്കാൻ ആരുടെയും മുന്നിൽ കൈനീട്ടേണ്ടി വരില്ലെന്ന് എം.ടി. മനസ്സിലാക്കി. ഒരു കാര്യത്തിന് എം.ടി മുന്നിട്ടിറങ്ങുന്നത് വളരെ സൂക്ഷിച്ചായിരിക്കും. മുന്നിട്ടിറങ്ങിയതൊന്നും വൃഥാവിലായിട്ടുമില്ല. ഫലം കാണാതെ അദ്ദേഹം വിശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ തനിക്കുമുന്നിലുള്ള എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം തന്റെതാക്കി മാറ്റി മുന്നിട്ടിറങ്ങാറുമില്ല. പക്ഷേ, തുഞ്ചൻ പറമ്പ് എം.ടിക്ക് സ്വഗേഹം തന്നെയായിരുന്നു. എം.ടി. സഹായം അഭ്യർഥിച്ചു. അക്കാലയളിൽ കിട്ടിയ അവാർഡു തുകകളെല്ലാം തുഞ്ചൻ പറമ്പിലെ ഓരോ കോട്ടേജുകളും കെട്ടിടങ്ങളും പണിയാനുള്ള കല്ലും സിമന്റുമായി മാറി. തന്നെ ആവശ്യപ്പെട്ട എല്ലാ വിദേശ പരിപാടികൾക്കും പോയി. തുഞ്ചൻ പറമ്പിനെക്കുറിച്ച് സംസാരിച്ചു. മലയാളഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വാചാലനായി. ''ചെറിയ സംഘങ്ങളിൽനിന്നും വലിയ വ്യക്തികളിൽനിന്നും ചെറിയ കൂട്ടായ്മകളിൽ നിന്നുമൊക്കെയായി ഞാൻ പ്രതീക്ഷിച്ചതിലുമധികം പണം വന്നു. ആരും എന്നെ നിരാശപ്പെടുത്തിയില്ല. കെ.പി. കേശവമേനോൻ അന്ന് സ്വപ്‌നം കണ്ട ഒരു തുഞ്ചൻപറമ്പ് ഒരുവിധം പൂർത്തിയായി എന്നുപറയാം.'' - അക്ബർ കക്കട്ടിൽ നടത്തിയ അഭിമുഖത്തിൽ തുഞ്ചൻ പറമ്പിനെക്കുറിച്ച് എം.ടി. മനസ്സുതുറന്നത് ഇങ്ങനെയായിരുന്നു.
എം.ടി. ഭരിച്ച 32 കൊല്ലക്കാലം ഒരു സർക്കാറിനും തുഞ്ചൻ പറമ്പിലേക്ക് കാര്യങ്ങളന്വേഷിച്ച് ചെല്ലേണ്ടി വന്നില്ല. എല്ലാ സാംസ്‌കാരിക ട്രസ്റ്റുകൾക്കുമെന്നപോലെ, ട്രസ്റ്റുകളുടെ വലിപ്പച്ചെറുപ്പമനുസരിച്ച് പ്രതിവർഷം നൽകിവരുന്ന ഗ്രാന്റ് അഞ്ചു ഗഡുക്കളായി പത്തുലക്ഷം രൂപ തുഞ്ചൻ പറമ്പിനും വകയിരുത്തി സർക്കാർ. അതും മെയിന്റനൻസ് വകയിൽ. പക്ഷേ 20 പേരടങ്ങുന്ന തുഞ്ചൻ സ്മാരക ട്രസ്റ്റ് എം.ടി. നയിച്ച വഴിയേ സ്ഥാപനത്തെ നയിക്കുന്നു. എം.ടിയുടെ വിയോഗത്തിനുശേഷം ട്രസ്റ്റ് അംഗങ്ങൾ വൈശാഖനെ ചെയർമാനാക്കി നിയമിച്ചു.
രാഷ്ട്രീയ വ്യവസ്ഥാപിത ഇടപെടലുകൾ നടത്താൻ പല തൽപ്പരകക്ഷികളും ശ്രമിച്ചെങ്കിലും നിലപാടുകൾ കൊണ്ടാണ് തുഞ്ചൻ പറമ്പ് നിവർന്നുനിന്നത്. ഒരൊറ്റ രാഷ്ട്രീയ കാര്യപരിപാടികളുമായി ആർക്കും കയറിച്ചെല്ലാൻ പറ്റാത്ത ഇടമായി തുഞ്ചൻ പറമ്പിനെ എസ്റ്റാബ്ലിഷ് ചെയ്യുകയാണ് എം.ടി. ആദ്യം ചെയ്തത്. ഒരു പാർട്ടിയുടെയും കൊടി ഉയർത്താൻ പാടില്ല, മുദ്രാവാക്യം വിളിക്കാൻ പാടില്ല. ഇതാണ് തുഞ്ചൻ പറമ്പിലെ കർശനനിയമം.
അന്ന് എസ്.കെ. പൊറ്റക്കാട് ജീവനക്കാരുടെ വേതനം ലഭിക്കാൻ നിരാഹാമിരിക്കാൻ പോയതിനും തുഞ്ചൻ പറമ്പ് ശാശ്വതമായ പരിഹാരം കണ്ടു. 350 പേർക്കിരിക്കാവുന്ന സ്വന്തമായൊരു ഓഡിറ്റോറിയം, 150 പേരെ ഉൾക്കൊള്ളിക്കാവുന്ന എ.സി. ഹാൾ, ലിറ്റററി മ്യൂസിയം, പുസ്തകപ്പുര, വിദ്യാരംഗം സ്റ്റാളുകൾ, ഊട്ടുപുര... വിശാലമായ നാലരയേക്കർ കാലത്തിനൊത്ത് വരുമാന മാർഗവുമായി. വീഡിയോ- ഫോട്ടോ ഷൂട്ടിനും സേവ് ദ ഡേറ്റിനും ആളുകൾക്ക് തുഞ്ചൻ പറമ്പിലെ വാസ്തുശില്പങ്ങളും കെട്ടിടങ്ങളും മറ്റൊരു പകിട്ടു പകർന്നു. തുഞ്ചൻ പറമ്പ് രൂപകല്പന ചെയ്ത പ്രശസ്ത ആർക്കിടെക്റ്റ് ആർ.കെ. രമേശ് പോലും അന്നോർത്തിട്ടുണ്ടാവില്ല ഭാവിയിൽ തന്റെ രൂപകല്പനകൾ ഏതെല്ലാം സേവ് ദ ഡേറ്റുകളിൽ ഇടം പിടിക്കുമെന്ന്! വീഡിയോയ്ക്ക് മണിക്കൂറിന് 600 രൂപയും ഫോട്ടോ ഷൂട്ടിന് 100 രൂപയും ഓഡിറ്റോറിയം എട്ടുമണിക്കൂർ നേരത്തേക്ക് 15,000 രൂപയും എ.സി. ഹാൾ 10,000 രൂപയും ഈടാക്കിക്കൊണ്ടിരിക്കുന്നു. വിവാഹം, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ എന്നിവയ്ക്ക് ഹാൾ അനുവദിക്കാറില്ല. മ്യൂസിയം കാണാൻ മുതിർന്നവർ 20 രൂപയും കുട്ടികൾ 10 രൂപയും ടിക്കറ്റിന് മുടക്കണം. പുസ്തകപ്പുര പ്രതിമാസം അറുപത് -എഴുപതിനായിരം രൂപയുടെ പുസ്തകങ്ങൾ വിറ്റഴിക്കുന്നുണ്ട്. വിദ്യാരംഭം നാളുകളിലും രാമായണ മാസത്തിലും വിൽപന കുതിച്ചുയരും.
വിദ്യാരംഭത്തിനായി ആളുകൾ തുഞ്ചൻ പറമ്പ് തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ അത് ഉത്സവമായി കൊണ്ടാടാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. 12 ലക്ഷത്തോളം ചെലവാക്കിയാണ് തുഞ്ചൻ പറമ്പ് വിദ്യാരംഭം മികവുറ്റ രീതിയിൽ നടത്തുന്നത്. മൂന്നു ലക്ഷത്തോളം മിച്ചം വരുന്നുണ്ട്. അതുപോലെതന്നെ തുഞ്ചൻ സാഹിത്യോത്സവം കേളികേട്ട നിലയിൽത്തന്നെയാണ് ഇതുവരെ നടത്തിപ്പോന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖരായ എഴുത്തുകാരെ കൊണ്ടുവന്ന് അവരുടെ ഭാഷയിൽ എഴുത്തിനെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നു. എഴുത്തുകാർക്കും വിദ്യാർഥികൾക്കും അവരുമായി സംവദിക്കാനുള്ള അവസരമൊരുക്കുന്നു. അങ്ങനെ ഉത്സവങ്ങളുടെ വേദിയായി വർഷമുടനീളം തുഞ്ചൻ പറമ്പ് നിലകൊള്ളുകയാണ്. ഇതിനൊക്കെ പുറമേ തുഞ്ചൻ ബാലസമാജവും സജീവമാണ്. ധാരാളം സാഹിത്യക്യാംപുകളും ചർച്ചകളും പുസ്തകപ്രകാശനവും ഇവർ നയിക്കുന്നു.
സൂപ്രണ്ടും അഡ്മിനിസ്‌ട്രേറ്ററും ഉൾപ്പെടെ പത്ത് ജീവനക്കാരാണ് തുഞ്ചൻ പറമ്പിലുള്ളത്. ട്രസ്റ്റ് നേരിട്ട് ശമ്പളം കൊടുക്കുന്നതിനാൽ ഒരിക്കൽപോലും ശമ്പളം മുടങ്ങിയിട്ടില്ല. ശമ്പളയിനത്തിൽ 2.45 ലക്ഷം രൂപയാണ് പ്രതിമാസം ട്രസ്റ്റിന്റെ ചെലവ്. വിശേഷദിവസങ്ങളിൽ അധികസമയം ജോലിചെയ്യുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് ഉൾപ്പെടെ നൽകിയാലും ട്രസ്റ്റിന് പേടിക്കാനില്ല. ഒരു സാംസ്‌കാരിക സ്ഥാപനം അതിന്റെ സാധ്യതകളെ ഏതുവിധത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു, എങ്ങനെ സ്വയം പര്യാപ്തമാകുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് തുഞ്ചൻ പറമ്പ്.
Published: 04 Sept 2026, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented