'ജ്ഞാനം സന്ന്യാസലക്ഷണം' എന്ന തത്ത്വം സാക്ഷാത്കരിച്ച ആധുനിക മഹർഷിയാണ് ചട്ടമ്പിസ്വാമികൾ. ഇരുപത്തിയേഴാമത്തെ വയസ്സിൽ ബ്രഹ്‌മസായൂജ്യം വന്നതുമുതൽ എഴുപതു പിന്നിട്ട് മഹാസമാധി പൂകുംവരെ നടത്തിയ അദ്ഭുതലീലകളും ജ്ഞാന-സമൂഹ നിർമാണകർമങ്ങളും വിവരണാതീതം. അവയ്ക്കനുസൃതമായി സ്വാമികൾക്കു ചാർത്തപ്പെട്ട വിശേഷണങ്ങൾക്കോ കണക്കുമില്ല. അവയിൽ അതിപ്രധാനമായ ഒന്നത്രേ 'പരമഭട്ടാരകൻ' എന്നത്.

To advertise here,

ഭട്ടാരകൻ എന്നതിന് അറിവിന്റെ പോഷകനും സംരക്ഷകനുമായ ഋഷി എന്നു മുഖ്യാർഥം. പരമഭട്ടാരകനാകുമ്പോൾ അദ്ദേഹം പരമപൂജനീയനും പരമേശ്വരസമാനനുമായ മഹർഷീശ്വരനാകുന്നു. ഭട്ടാരകന് ദേവിയുമായുള്ള ബന്ധവും സുപ്രധാനംതന്നെ. സംസ്‌കൃതത്തിൽ ഭട്ടാരകപദത്തിനു സ്ത്രീലിംഗമായി 'ഭട്ടാരിക' എന്നുണ്ട്. പരമഭട്ടാരകന് ആദിപരാശക്തിയുടെ പുത്രൻ, ശക്തിയുടെ ഉപാസകൻ, പരമഹംസൻ എന്നീ അർഥങ്ങളുമുണ്ട്. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ നിത്യനിരന്തരദേവ്യുപാസകനുമായിരുന്നു.

ചട്ടമ്പിസ്വാമികളുടെ അച്ഛൻ വാസുദേവശർമ തിരുവനന്തപുരം കണ്ണമ്മൂല, കൊല്ലൂർ ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അതുകൊണ്ട് കുഞ്ഞനും (ചട്ടമ്പിസ്വാമികളുടെ വിളിപ്പേര്) കുഞ്ഞിലേ ദേവീഭക്തനായിരുന്നിരിക്കണം. കുഞ്ഞന് ഏഴെട്ടു വയസ്സുള്ളപ്പോൾ കരപ്പൻ എന്ന ത്വഗ്രോഗം പിടിപെട്ടു. അമ്മ നങ്ങമ്മപ്പിള്ള (തിരുനങ്ക) മകനെ ആറ്റുകാൽ ഭഗവതീക്ഷേത്രത്തിൽ ഭജനമിരുത്തുകയും പൊങ്കാല ഇടുവിക്കുകയും ചെയ്തതോടെ കുഞ്ഞന്റെ അസുഖം മാറി. സ്വാമികൾക്ക് അമ്മ(ആറ്റുകാൽദേവി)യിലുള്ള ഭക്തി ദൃഢപ്പെടുന്നതിനും അവിടത്തെ ചില അനാചാരങ്ങൾ അവസാനിപ്പിക്കണമെന്നു തീരുമാനിക്കുന്നതിനും ഈയനുഭവം നിമിത്തമായി.

സ്ത്രീകളുടെ ശബരിമലയെന്ന് ഇപ്പോൾ വിശ്രുതമായ ആറ്റുകാൽ ഭഗവതീക്ഷേത്രത്തിൽ ചട്ടമ്പിസ്വാമികൾ ആദ്യം ചെല്ലുമ്പോൾ നാലഞ്ചു ഭക്തരേ പൊങ്കാലയർപ്പിക്കാൻ വന്നിരുന്നുള്ളൂ. അത്യന്തം ലളിതവും പ്രകൃതിയോടിണങ്ങിയതുമായ ഓലപ്പുരയായിരുന്നു മുടിപ്പുര എന്നറിയപ്പെട്ടിരുന്ന, പാടശേഖരത്തിനു നടുവിലായി നിലകൊണ്ടു ആ ക്ഷേത്രം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനംവരെ അവിടെ 'കുരുതി' എന്ന പേരിൽ കോഴി, ആട് എന്നീ ജീവികളെ ബലികൊടുത്തിരുന്നു. കളമെഴുത്തും പാട്ടും കഴിഞ്ഞ് അവയുടെ രക്തം കലത്തിൽ ശേഖരിക്കുന്ന പതിവുമുണ്ടായിരുന്നു. ചട്ടമ്പിസ്വാമികൾ ഈ അനാചാരങ്ങൾ അവസാനിപ്പിച്ചു. കേരളത്തിൽ ജന്തുബലി നിരോധിക്കപ്പെട്ടത് ഇതിനും മുക്കാൽ നൂറ്റാണ്ടു പിന്നീടാണ്. അതിനു നിലമൊരുക്കിയത് ചട്ടമ്പിസ്വാമികളാണ്.

വേദത്തെ ദുർവ്യാഖ്യാനം ചെയ്തുപോന്നവരെ യഥാർഥ വേദാർഥം ഗ്രഹിപ്പിച്ചുകൊണ്ടാണ് 'വേദാധികാരനിരൂപണ' കർത്താവായ ചട്ടമ്പിസ്വാമികൾ ധാർമികമാർഗത്തിലേക്കു തിരിച്ചുവിട്ടത്. വേദത്തിലെ 'അജം' എന്നത് ആടല്ല; ജനിക്കാത്തത്, ഉള്ളിലെ അഹങ്കാരമാണ്. അതിനെയാണു ബലി കൊടുക്കേണ്ടത്. അല്ലാതെ കോഴി, ആട് തുടങ്ങി ഒരു പ്രാണിയെയും കൊല്ലാൻ പാടില്ലെന്ന്‌ അഹിംസാമൂർത്തിയായ ആ 'ജീവകാരുണ്യ' പ്രവാചകൻ ബോധ്യപ്പെടുത്തിക്കൊടുത്തു. ലളിതാസഹസ്രനാമത്തിൽ പറയുന്നുണ്ടല്ലോ, ദേവി മാംസനിഷ്ഠയല്ല; മാംസനിഷ്ഠയെ നിയന്ത്രിക്കുന്നവൾ ആണെന്ന്. പോരാത്തതിന് സകലശരീരത്തിലും പുറത്തും അകത്തും അവൾ അധിവസിക്കുമ്പോൾ ആ ദേഹം നശിപ്പിച്ചു സമർപ്പിച്ചാൽ ദേവി സംപ്രീതയാകുന്നതെങ്ങനെ? ക്ഷേത്രാധികാരികളെയും സ്വാമികൾ പരമാർഥം ബോധിപ്പിച്ചു: 'അരികൊണ്ടു പൊങ്കാലയിട്ടാൽത്തന്നെ ബലിയാകും. അന്നത്തെക്കാൾ വലിയ ബലിയില്ല. ജീവനെ ഹനിക്കാതെ അന്നം സമർപ്പിച്ച് ദേവിയെ പ്രസാദിപ്പിക്കുന്നതാണ് ഉത്തമം, സാത്ത്വികം.'

ചട്ടമ്പിസ്വാമികളുടെ ഉപദേശം ആധുനിക വേദസൂക്തമായി സ്വീകരിക്കപ്പെട്ടു. പിന്നീട് ജീവനു പകരം കുമ്പളങ്ങ മുറിക്കലും പൊങ്കാല നിവേദ്യവും നടപ്പായി. ശങ്കരാചാര്യർ 'അന്നപൂർണാഷ്ടക'ത്തിൽ ദേവിയെ വിശേഷിപ്പിക്കുന്നത് 'പായസാന്നപൂരിതമാണിക്യപാത്രഹസ്താ' എന്നാണെന്നതും സ്വാമികൾ ഓർമ്മിപ്പിച്ചിരുന്നു. കാശിയിലെ അന്നപൂർണേശ്വരി തന്നെയാകുന്നു ആറ്റുകാലിൽ വാണരുളുന്ന ഭഗവതിയും. പൊങ്കാലയിൽ മധുരപ്പായസം ഉൾപ്പെടാൻ കാരണമിതാണ്.

പൊങ്കാലയുടെ പൊരുളും പരമഭട്ടാരക ദർശനവും ക്ഷേത്രങ്ങളിൽനിന്നു മറ്റിടങ്ങളിലേക്കും ഭൂമുഖത്താകെയും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ചട്ടമ്പിസ്വാമികളുടെ അനന്തമായ യുഗകൃത്യനിർവഹണങ്ങളിൽ ഇത് ഒന്നുമാത്രം!