സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സ്വന്തം കൈയക്ഷരമേ മറന്നുവെന്നും ഇപ്പോള്‍ തീരെയെഴുതാറേയില്ലെന്നും തലമുറഭേദമന്യേ ആളുകള്‍ പരാതിപ്പെടാറുണ്ട്. കടലാസും പേനയുമെടുത്ത് എഴുതുന്നവരെ കാണുമ്പോള്‍  പരിഹസിക്കുന്നതും പുതിയകാലത്തെ ഒരു പ്രവണതയാണ്. ഈ ഇരുകൂട്ടര്‍ക്കിടയില്‍നിന്നും വ്യത്യസ്തയാണ് യശോദ അക്കമ്മ. അരനൂറ്റാണ്ടിലധികമായി ഒരു ദിവസംപോലും മുടങ്ങാതെ അവര്‍ ഡയറി എഴുതാന്‍ തുടങ്ങിയിട്ട്. കൈയെഴുത്ത് ദിനത്തില്‍ എടുത്തുപറയേണ്ടതാണ് യശോദ അക്കമ്മയുടെ എഴുത്തുശീലം.  

To advertise here,

വയനാട്ടിലെ കുപ്പാടിത്തറയ്ക്കടുത്തുള്ള ബാങ്ക് കുന്നിലെ തേറുമ്മല്‍ യശോദ അക്കമ്മയ്ക്ക് 86 ആണ് പ്രായം. കാഴ്ചക്കുറവടക്കം വാര്‍ധക്യസഹജമായ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും എന്നും എഴുതും. എഴുതിയ വിശേഷങ്ങള്‍ പിന്നീടെപ്പോഴെങ്കിലുമൊക്കെ എടുത്ത് വായിക്കുകയും ചെയ്യും.

placeholder
യശോദ അക്കമ്മ താന്‍ എഴുതിയ ചില ഡയറികളുമായി.
യശോദ അക്കമ്മ താന്‍ എഴുതിയ ചില ഡയറികളുമായി. 

ഏഴ് വയസ്സുള്ളപ്പോഴേ അവര്‍ ചെറിയതോതില്‍ എഴുത്താരംഭിച്ചിരുന്നു.'പണ്ടത്തെ മൂന്നാം ക്ലാസ് ജയിച്ചിങ്ങ് പോന്നതാ. അന്നത്തെ മൂന്നാംക്ലാസ് എന്ന് പറഞ്ഞാല്‍ ഇന്നത്തെ ആറാം ക്ലാസ് പോലെയാണ്. അന്നൊക്കെ എന്തെങ്കിലും കേട്ടാല്‍ മതി. അത് പഠിക്കാനും ഓര്‍ത്തുവെക്കാനും കഴിയുമായിരുന്നു.' - യശോദ അക്കമ്മ പറഞ്ഞു.

തെക്കുംതറ അമ്മ സഹായം സ്‌കൂളിലായിരുന്നു പഠനം. അക്കാലത്ത് വീട്ടില്‍ വന്നിരുന്ന ഗുരുനാഥന്മാരില്‍നിന്നും എഴുത്ത് പഠിച്ചെടുത്തു. രാമായണം, മഹാഭാഗവതം എന്നിവയുടെ പാരായണം വീട്ടില്‍ പതിവായിരുന്നു. പതിയെ വായന ശക്തിപ്പെട്ടു. പുരാണഗ്രന്ഥങ്ങള്‍ തന്നെയായിരുന്നു പ്രധാനമായും വായിച്ചത്. പിന്നീട് വായനയേക്കാള്‍ എഴുത്തായി കൂടുതല്‍.

ഒരു ദിവസത്തെ തിരക്കുകളെല്ലാമൊഴിഞ്ഞ് രാത്രിയാണ് ഡയറി എഴുതുക. എന്തിനാണ് എന്നും ഡയറി എഴുതുന്നതെന്ന് ചോദിച്ചാല്‍ അവര്‍ പറയും: 'വീട്ടിലെ കാര്യങ്ങള്‍ മറന്നുപോവാതിരിക്കാനാണ് എഴുതുന്നത്' എന്ന്. 'വീട്ടുകാര്യങ്ങളും, അടുത്ത വീട്ടിലെ കാര്യങ്ങളുമൊക്കെയാണ് എഴുതുക. എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ അതെഴുതും, വീട്ടില്‍ ആരെങ്കിലും വന്നുപോയാല്‍ അതുമെന്റെ ഡയറിയിലുണ്ടാകും. പിന്നീട് എപ്പോഴെങ്കിലും വീട്ടിലെ എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തെടുക്കേണ്ടതുണ്ടെങ്കില്‍ ഞാന്‍ വേഗം ഡയറിയെടുത്താണ് നോക്കുക.'

വീട്ടുവിശേഷങ്ങള്‍ മാത്രമല്ല, മറന്നുപോകാതിരിക്കാനായി പണ്ട് പഠിച്ച പാട്ടുകളും എഴുതിവെയ്ക്കാറുണ്ട്. പാട്ടുകള്‍ ആസ്വദിച്ച് പാടുന്ന യശോദ അക്കമ്മ കവിതയോ കഥയോ എഴുതാറില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുത്ത് ശീലമാക്കിയ ഒരു സ്ത്രീക്ക് അന്ന് വീട്ടില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യശോദ അക്കമ്മയുടെ മറുപടി.
'എന്റെ ഏഴാമത്തെ മകനെ പ്രസവിക്കാന്‍ കല്‍പ്പറ്റ ആശുപത്രിയില്‍ പോയപ്പോഴും ഞാന്‍ പുസ്തകവും പേനയും കൊണ്ടുപോയിരുന്നു'- അക്കമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

placeholder
യശോദ അക്കമ്മ.
യശോദ അക്കമ്മ

ഭര്‍ത്താവ് എന്‍.ടി. കേശവന്‍ നായര്‍ മരിച്ചിട്ട് 18 വര്‍ഷമായി. വീട്ടിലെ കൃഷിയും തോട്ടവുമെല്ലാം നോക്കിനടത്തിയിരുന്നത് അദ്ദേഹമായിരുന്നു. എന്നും പറമ്പില്‍ പണിക്കാരുണ്ടായിരുന്നതിനാല്‍ വീട്ടുജോലിയും കൂടുതലായിരുന്നു അക്കമ്മയ്ക്ക്. രോഗബാധിതരായ മക്കളെ പരിചരിക്കുന്നതും അവര്‍ തന്നെയായിരുന്നു. എട്ട് മക്കളായിരുന്നു ഇരുവര്‍ക്കും. 4 പെണ്ണും നാല് ആണും. നാലുപേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതില്‍ മൂന്ന് പേര്‍ മരിച്ചു. ഭര്‍ത്താവിന്റെ മരണശേഷം അക്കമ്മയ്ക്ക് ഉത്തരവാദിത്തങ്ങള്‍ കൂടിവന്നു. അപ്പോഴൊന്നും എഴുത്ത് മുടങ്ങിയിരുന്നില്ല.

'അന്നൊക്കെ കുറേ പ്രയാസപ്പെട്ടു. എനിക്ക് പ്രയാസങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മറ്റൊരാള്‍ക്ക് മറ്റൊരുവിധത്തിലാണ് എന്ന് മനസ്സിലായി. ഓരോരുത്തര്‍ക്ക് ഓരോതരം പ്രശ്‌നങ്ങള്‍.' - ദുരിതകാലത്തെക്കുറിച്ചോര്‍ത്തുകൊണ്ട് അവര്‍ പറഞ്ഞു. ഇപ്പോള്‍ വീഴ്ചയില്‍ കാലിന് പരിക്കുപറ്റി വിശ്രമത്തിലായ ഇളയമകളെ ശുശ്രൂഷിക്കുന്നത് അക്കമ്മയാണ്. സഹായത്തിന് മൂത്തമകള്‍ ശിവലക്ഷ്മിയുമുണ്ട്.

കാലങ്ങളായി എഴുതിയ ഡയറികളെല്ലാം ഒരു നിധിപോലെ അക്കമ്മ  സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പലതിനും കേടുപാടുകള്‍ സംഭവിച്ചു. പണ്ടേ വെറുതെയിരിക്കുന്ന പതിവില്ല. ചെയ്യാന്‍ എന്തെങ്കിലുമൊക്കെ പണികള്‍ കാണും. അതുകൊണ്ടുതന്നെ 'ഹോബികള്‍' എന്നുപറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. 

പണ്ട് കോപ്പിബുക്കിലും നോട്ട് പുസ്തകത്തിലുമൊക്കെയായിരുന്നു കുത്തിക്കുറിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പലരും ഡയറികളൊക്കെ അക്കമ്മക്ക് സമ്മാനമായി നല്‍കും. 'എല്ലാവരും എഴുതുന്നതൊക്കെ കണ്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞാന്‍ എഴുതുന്നത് കണ്ട് പലരും ഡയറികളൊക്കെ കൊണ്ടുതരും. എഴുതിക്കോ എന്ന് പറയും. ആശുപത്രിയില്‍നിന്നുപോലും തരാറുണ്ട്.'

ഇനിയും എഴുത്തൊക്കെ ഇതുപോലെതന്നെ തുടരണമെന്നാണ് യശോദ അക്കമ്മയുടെ ആഗ്രഹം. സ്‌കൂളില്‍ പഠിച്ച പാട്ടുകളൊക്കെ എഴുതിവെച്ചത് ഇടയ്‌ക്കെടുത്ത് നോക്കും, മറന്നുപോകരുതല്ലോ. അതൊക്കെ ആരെങ്കിലും എടുത്ത് വായിക്കുകയാണെങ്കില്‍ വായിക്കട്ടെ എന്ന് വിചാരിക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ യശോദ അക്കമ്മയുടെ കണ്ണില്‍ നേരിയ നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.