
തിരുവിതാംകൂറും കടന്ന്, തമിഴിനെ തൊട്ടുകിടക്കുന്ന വേളിമലത്താഴ് വരയില്‍ പിറന്ന്, താമരക്കുളങ്ങളും നെല്‍പ്പാടങ്ങളും മാരിയമ്മന്‍ കോവിലുകളും കണ്ട്, പൊങ്കലുകളിലും തിരുവിഴകളിലും ലയിച്ചുവളര്‍ന്ന ഒരു കുട്ടിയുടെ പെട്ടെന്ന് പറിച്ചുനടപ്പെട്ട ജീവിതത്തിന്റെ അനുഭവകഥനമാണിത്. പഠിക്കാന്‍ ഗതിയില്ലാതെ അവന്‍ വീടുവിട്ടുപോയി നഗരങ്ങളിലെ ഹോട്ടലുകളില്‍ എച്ചില്‍മേശകള്‍ തുടച്ചു. പന്ത്രണ്ട് മണിക്കൂര്‍ എച്ചില്‍പ്പാത്രങ്ങള്‍ കഴുകി. ലോട്ടറി വിറ്റു, റോഡുപണിക്ക് ടാറ് ചുമന്നു. അതിനിടയിലും അവന്‍ വായിച്ചു, സ്വയം പഠിച്ചു, സ്വന്തം അനുഭവങ്ങള്‍ എഴുതാന്‍ തുടങ്ങി... മലയാളത്തിന്റെ എഴുത്തുലോകത്ത് അയാള്‍ക്കിന്നൊരു ഇരിപ്പിടമുണ്ട്; അയാളുടെ ഭാഷയ്ക്ക് മറ്റൊരു മുഴക്കവും താപവുമുണ്ട്...
ഐക്യ കേരളത്തിനുമുമ്പ് മലബാറില്‍നിന്ന് ഒരുപാട് കുടുംബങ്ങള്‍ അന്നത്തെ തിരുവിതാംകൂറിലേക്ക് കുടിയേറി. വലിയ വലിയ തറവാട്ട് പേരുകളുടെ ഭാരംചുമക്കുന്ന അവര്‍ക്ക് ജീവിക്കാന്‍ തൊഴില്‍വേണമായിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍നിന്ന് ഒരു നവവരന്‍ തന്റെ വധുവിനെയുംകൊണ്ട് കുമാരപുരത്തിനും പെരുംചിലമ്പിനും ഇടയിലുള്ള വേളിമലയിലേക്ക് കുടിയേറി. ആ വേളിമലയെ നിങ്ങള്‍ സി.വി. രാമന്‍പിള്ളയുടെ നോവലുകളില്‍നിന്ന് അറിഞ്ഞിട്ടുണ്ടാവും. തക്കലയിലെ കൊട്ടാര മട്ടുപ്പാവിലിരുന്ന് സന്ധ്യ ആഘോഷിച്ച മാര്‍ത്താണ്ഡവര്‍മ വേളിമലയുടെ ഗാംഭീര്യം നോക്കിക്കണ്ടു. അവരുടെ അധികാരപരിധിയിലാണ് വേളിമലയും പരിസരപ്രദേശവും നിന്നത്.
കുടിയേറ്റക്കാര്‍ വേളിമലയില്‍ ടാപ്പിങ് ജോലിചെയ്തു. രാജാക്കന്മാരുടെ കണ്ണിന് കുളിര്‍മ നല്‍കിയ വേളിമല അതിനുള്ളില്‍ പാര്‍ത്തവര്‍ക്ക് ദുരിതങ്ങളാണ് നല്‍കിയത്. പാടിയെന്ന് വിളിപ്പേരുള്ള നീണ്ട കോമ്പുരകളിലെ ചെറിയ ചെറിയ അറകളില്‍ അവര്‍ ജീവിച്ചു. അതിരാവിലെ ഉണര്‍ന്ന് അനേകം ചെറുജീവികളുടെ കടിയേറ്റ് അവര്‍ റബ്ബര്‍മരങ്ങള്‍ ടാപ്പ് ചെയ്തു. പാടിയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന ഇത്തിരിച്ചോറും മധുരമില്ലാത്ത കട്ടന്‍ ചായയും കുടിച്ച് വിശപ്പാറ്റി, അവര്‍ പാലെടുത്തു. പിന്നെ അത് വലിയ ബാരലുകളിലും ഇരുമ്പ് തൊട്ടികളിലുമാക്കി ദൂരങ്ങള്‍ താണ്ടി റാട്ടയിലെത്തി ഉറയൊഴിച്ചുവെച്ചു. തലേന്നത്തേത് എടുത്ത് കൈകൊണ്ട് തിരിക്കുന്ന മെഷീനുകളിലിട്ട് അടിച്ച് റബ്ബര്‍ഷീറ്റുകളാക്കി. ശേഷം അതിനെ പുകപ്പുരകളില്‍ ഉണങ്ങാനിട്ടു.
പലയിടത്തുനിന്നായി കുടിയേറിയ ആ മനുഷ്യജീവികളില്‍ ചിലര്‍ വേളിമലയ്ക്കുതാഴെ കരിമ്പാറ എന്ന സ്ഥലത്ത് തങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ ഒരു പള്ളിയുണ്ടാക്കി. മയ്യത്ത് മറവുചെയ്യാന്‍ കബറിസ്ഥാന്‍ ഉണ്ടാക്കി. കുട്ടികള്‍ക്ക് മതം പഠിക്കാന്‍ മദ്രസയുണ്ടാക്കി. ആ മദ്രസയിലേക്ക് അന്നത്തെ മലബാറില്‍നിന്ന് ഉസ്താദുമാര്‍ ജോലിക്കുവന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ വേളിമലയിലേക്ക് തൊഴില്‍തേടിയെത്തിയ ആ നവവരന്‍ തത്രംപള്ളി മുഹമ്മദ് എന്ന എന്റെ ഉപ്പയായിരുന്നു. ഉപ്പാക്ക് വേളിമലയില്‍ താമസിക്കാന്‍ പാടി കിട്ടിയില്ല. താഴെ കരിമ്പാറയില്‍ പള്ളിക്കുനേരെ എതിര്‍വശത്തായി അഞ്ച് സെന്റ് സ്ഥലത്ത് ഉപ്പ ഒരു ഓലവീട് പണിതു. അതിനുള്ളില്‍ അടാട്ടില്‍ സൈനബയെന്ന എന്റെ ഉമ്മ ജീവിച്ചു. പതിമ്മൂന്നാം വയസ്സില്‍ വിവാഹിതയായ ഒരു പെണ്‍കുട്ടി തനിക്ക് ഒട്ടും പരിചയമില്ലാത്ത ആ ഭൂവിഭാഗത്തിലും സംസ്‌കാരത്തിലും അന്തിച്ചുനിന്നു.
അവര്‍ക്ക് കഴിക്കാന്‍ വേണ്ടത്ര ഭക്ഷണമുണ്ടായിരുന്നില്ല. ധരിക്കാന്‍ രണ്ട് ജോഡിയില്‍ കവിഞ്ഞ വസ്ത്രമുണ്ടായിരുന്നില്ല. വീടിന്റെ ഓലച്ചുമരുകളുടെ പഴുതിലൂടെ മഴയും മഞ്ഞും വെയിലും അവരെ തൊട്ടു. അവര്‍ക്ക് കുട്ടികളുണ്ടായി. പടച്ചോന്‍ തരുന്നത് കൈനീട്ടി വാങ്ങുക എന്ന ലളിതയുക്തിയുടെ ഫലമായി എട്ടാം സന്തതിയായി അബ്ബാസെന്ന ഞാന്‍ പിറന്നു. എനിക്കുശേഷം രണ്ടുപേര്‍ കൂടി ജനിച്ചു. പത്ത് മക്കള്‍. പന്ത്രണ്ട് പാത്രങ്ങള്‍. മണ്‍തറയില്‍ നിരത്തിവെച്ച പതിനൊന്ന് പാത്രങ്ങളിലേക്കും അന്നം അളന്നൊഴിച്ച് കാലിയായ മണ്‍കലത്തില്‍ വെള്ളമൊഴിച്ച് അടുക്കളച്ചുമരിന്റെ ദൈന്യതയില്‍ ചാരിനിന്ന് എന്റെയുമ്മ ആ കാടിവെള്ളം കുടിച്ച് വിശപ്പാറ്റി.

ഉപ്പാന്റെ വരുമാനം ഒന്നിനും തികയാതെവന്നപ്പോള്‍ ഉമ്മ നാടാര്‍മാരുടെ മരച്ചീനിത്തോട്ടങ്ങളില്‍ കുറഞ്ഞവേതനത്തിന് നടുവൊടിയെ പണിയെടുത്തു. തേവര്‍മാരുടെ ഉരല്‍പ്പുരകളില്‍ നാഴിയരിക്കുവേണ്ടി ഉരലിടിച്ചു. മുമ്പില്‍ വിളമ്പപ്പെട്ട അന്നത്തില്‍ ചോരയുടെ വിലയുള്ള വിയര്‍പ്പ് കലര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാതെ ഞാന്‍ വളര്‍ന്നു. ഞാന്‍ ജനിക്കുന്നകാലത്ത് തിരുവിതാംകൂറില്‍നിന്ന് വേര്‍പെട്ട്, പെരുംചിലമ്പും വേളിമലയും മാര്‍ത്താണ്ഡവര്‍മയുടെ കൊട്ടാരവുമൊക്കെ തമിഴ്‌നാടിന്റെ ഭാഗമായിമാറി കന്യാകുമാരി ജില്ലയുടെ ഉള്ളിലായി. പെരുംചിലമ്പില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വന്നപ്പോള്‍ മൂത്തവരെയൊക്കെ ചേര്‍ത്ത കൂട്ടത്തില്‍ സ്‌കൂളിലേക്കുവേണ്ട കുട്ടികളുടെ എണ്ണം തികയ്ക്കാനായി ഉപ്പ മൂന്ന് വയസ്സുള്ള എന്നെയും സ്‌കൂളില്‍ ചേര്‍ത്തു. എട്ടുവരെ ഞാനവിടെ പഠിച്ചു. വീട്ടില്‍ മലയാളവും സ്‌കൂളിലും പുറത്തും തമിഴും സംസാരിച്ചാണ് ഞാന്‍ വളര്‍ന്നത്.
ഒരു പതിമ്മൂന്നുകാരന്റെ ബാല്യം പെരുംചിലമ്പിലെ അരസുനടുനിലൈ പള്ളിയിലും താമരക്കുളങ്ങളിലും നെല്‍പ്പാടങ്ങളിലും മാരിയമ്മന്‍ കോവിലുകളിലും പൊങ്കലുകളിലും തിരുവിഴകളിലും മദ്രസയിലും ചൂരലടിയിലും വഴങ്ങാത്ത അറബിഭാഷയിലും പള്ളിക്കാട്ടിലും ഓലച്ചുമരുകളുള്ള വീട്ടിലും ചിതറിപ്പരന്നു. അവന് അവിടെ കൂട്ടുകാരുണ്ടായിരുന്നു. സെന്തിലും തങ്കരാജും മുത്തുലച്ച്മിയും ഗിരീഷും ആബിദയും അവന്റെ ബാല്യത്തിന്റെ ഇല്ലായ്മകള്‍ക്കും വേദനകള്‍ക്കും കൂട്ടായി. തിന്നാന്‍ ഒന്നുമില്ലാഞ്ഞിട്ട് റബ്ബര്‍ക്കുരു പെറുക്കി തിന്നുന്ന, ഉച്ചച്ചോറിന്റെ വരിയില്‍ എന്നും ആദ്യമെത്തുന്ന, പാഠങ്ങളൊന്നും തലമണ്ടയില്‍ കയറാത്ത സെന്തിലെന്ന കൂട്ടുകാരന്‍ തന്റെ സ്‌കൂള്‍ശിക്ഷകളെ ഏറ്റുവാങ്ങിയത് നന്നായിപഠിക്കുന്ന എന്നെയും തോളില്‍ ചുമന്ന് പെരുംചിലമ്പിലെ വിശാലമായ സ്‌കൂള്‍മുറ്റത്തിലൂടെ മൂന്ന് റൗണ്ട് ഓടിക്കൊണ്ടാണ്.
പ്രാകൃതമായ ആ ശിക്ഷയില്‍ കുതിരപ്പുറത്തെന്നപോലെ സെന്തിലിന്റെ തോളില്‍ കയറാന്‍ വിധിക്കപ്പെട്ട ഞാനെന്ന കുട്ടി ആ ശിക്ഷാവേളകളിലൊക്കെ ഉള്ളില്‍ കരഞ്ഞു. എന്നെയും ചുമന്ന് പൊരിവെയിലത്ത് ഓടുന്ന അവന്റെ തോളില്‍നിന്ന് ഞാന്‍ പലതവണ പിടഞ്ഞിറങ്ങി. അപ്പോഴൊക്കെ അവന്‍ അതിനും അധ്യാപകരുടെ അടികൊണ്ടു. റബ്ബര്‍ക്കുരുവിന്റെ ഗന്ധമുള്ള അവന്റെ നിശ്വാസങ്ങള്‍. ഓട്ടത്തിനിടയില്‍ വഴിമുട്ടിയപ്പോള്‍ പൊരിവെയിലത്ത് അവന്‍ കമിഴ്ന്നുവീണു. ആ വീഴ്ചയില്‍ തെറിച്ചുപോയ എന്റെ നെറ്റിയില്‍ അവന്റെ നിസ്സഹായതകള്‍ മുറിപ്പാടായി അടയാളപ്പെട്ടു.

സ്‌കൂളില്‍ വരാതെ താമരക്കുളങ്ങളില്‍ ചൂണ്ടയിട്ട് തേളിമീനുകളെ പിടിച്ച് അധ്യാപകര്‍ക്ക് വിറ്റിരുന്ന, ആ ചുരുങ്ങിയ പണംകൊണ്ട് തന്റെ അമ്മയെയും തങ്കച്ചിയെയും പോറ്റിയ തങ്കരാജെന്ന കൂട്ടുകാരന്‍ എനിക്കായി ഗിരീഷിന്റെ എച്ചില്‍പ്പാത്രങ്ങള്‍ കൊണ്ടുവന്നു. സമ്പന്നവീട്ടിലെ കുട്ടിയായിരുന്ന ഗിരീഷിന് എന്നും ഉച്ചച്ചോറ് വീട്ടില്‍നിന്ന് അച്ഛന്‍ കൊണ്ടുവരുമായിരുന്നു. അവന്റെ തീറ്റ തീരാന്‍ തങ്കരാജ് കാത്തുനിന്നു. ആ പാത്രങ്ങള്‍ അവന്‍ ഗിരീഷിന് കഴുകിക്കൊടുത്തത് അതില്‍ ബാക്കിയായ എച്ചില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന എനിക്ക് കൊണ്ടത്തരാനായിരുന്നു. എന്റെയാ എച്ചില്‍ തീറ്റയ്ക്ക്, ഊര്‍ന്നുപോകുന്ന നിക്കറും വലിച്ചുകേറ്റി, ചെവിയില്‍ നിന്നൊലിക്കുന്ന നാറുന്ന മഞ്ഞ ചലവുമായി അവന്‍ കാവല്‍നിന്നു.
എനിക്ക് ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. മുത്തയ്യന്‍ സാറും പൊന്നഴകി ടീച്ചറും ഗണപതി സാറും വിദ്യ പകര്‍ന്നുതന്നു. അതില്‍ മുത്തയ്യന്‍ സാറാണ് ചിലപ്പതികാരവും തിരുക്കുറളും ഭാരതീയാരെയും ടോള്‍സ്റ്റോയിയെയും ടാഗോറിനെയും തന്തൈ പെരിയോരെയും എനിക്ക് പഠിപ്പിച്ചുതന്നത്. കൈയില്‍ വടി കരുതാത്ത ആ മനുഷ്യന്‍ കുട്ടികളുടെ ഇല്ലായ്മകളെ മനസ്സിലാക്കുന്നവനായിരുന്നു. കളഭമണമുള്ള ആ കൈകളാണ് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് സഹപാഠിയുടെ എച്ചില്‍ തിന്നുന്ന എന്നെക്കണ്ടുപിടിച്ച് നെഞ്ചുപൊട്ടി വിലപിച്ചത്. പിന്നീടങ്ങോട്ട് വീട്ടില്‍നിന്ന് എനിക്കുംകൂടിയുള്ള തൈര് സാദവും കൊണ്ടാട്ടം മുളകും ഊറുകായും വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്നത്.
ബാല്യത്തിന്റെ ആ കളിപ്പറമ്പുകള്‍ വിട്ട്, കൂട്ടുകാരെയും ഗുരുക്കന്മാരെയും വിട്ട്, അക്കാലമത്രയും അന്തിയുറങ്ങിയ വീട് വിട്ട്, താമരക്കുളങ്ങളും നെല്‍പ്പാടങ്ങളും വിട്ട്, ഉപ്പാന്റെ നാട്ടിലേക്ക് പറിച്ചുനടപ്പെട്ട പതിമ്മൂന്നുകാരനെ നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ? ഒരു സന്ധ്യയില്‍ വീട്ടുസാധനങ്ങളൊക്കെ കയറ്റിയ ലോറിയില്‍ കൂടപ്പിറപ്പുകളോടൊപ്പം ഗ്രാമത്തിന്റെ അതിരുവിട്ട് യാത്രയാകുമ്പോള്‍ അവനാ ലോറിയിലിരുന്ന് കരഞ്ഞ കരച്ചിലിനെ നിങ്ങള്‍ക്കു സങ്കല്പിക്കാനാകുമോ? പിറന്നമണ്ണില്‍നിന്ന് തന്റെ വേരുകള്‍ പറിയുമ്പോള്‍ അവന്‍ നൊന്തുവിളിച്ച ദൈവങ്ങളെ നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ? കണ്‍പരിചയമുള്ള ഒടുക്കത്തെ പാതയും പിന്നിട്ടുകഴിഞ്ഞപ്പോള്‍ അവന്റെയുള്ളില്‍ പടര്‍ന്ന ദുഃഖത്തിന്റെ മേലാടയണിഞ്ഞ മരവിപ്പിനെ സങ്കല്പിക്കാനാകുമോ?
ആ യാത്രയിലുടനീളം അവന്റെ കണ്ണ് ചുവന്നുനിന്നു. അപരിചിതമായ നഗരങ്ങളും വെളിച്ചങ്ങളും പിന്നിട്ട് താന്‍ യാത്രയാവുന്നത് മരണത്തിലേക്കാണെന്ന് ആ പതിമ്മൂന്നുകാരന്റെ ഉള്ളം അവനോട് പറഞ്ഞു. കരയാന്‍ അവന് കണ്ണീര് ബാക്കിയില്ലായിരുന്നു. വീട്ടുസാധനങ്ങള്‍ കയറ്റിയ ലോറിയില്‍ അവിടവിടെയായി സ്ഥലമുണ്ടാക്കി അവന്റെ കൂടെപ്പിറപ്പുകള്‍ കിടന്നു. അവന്‍ മാത്രം ഉണര്‍ന്നിരുന്നു. വലിയ വലിയ കെട്ടിടങ്ങള്‍. പകലിനെ തോല്‍പ്പിക്കുന്ന വെളിച്ചങ്ങള്‍. പിന്നിലേക്കു മറയുന്ന അപരിചിതമായ അന്തരീക്ഷങ്ങള്‍. പുലര്‍ച്ചെ ഒരു ചെമ്മണ്‍പാതയിലേക്കു കടന്ന് ഓട്ടംനിര്‍ത്തി ലോറി കിതപ്പാറ്റുമ്പോള്‍ അവന്‍ ചുറ്റുംനോക്കി. അനന്തമായ വെളിമ്പറമ്പുകള്‍. ചെങ്കല്‍പ്പാറകള്‍. പറങ്കിമാവിന്‍ തോട്ടങ്ങള്‍. പാറകളില്‍ പച്ചച്ചുകിടന്ന കാട്ടെള്ളുകളുടെ പടര്‍പ്പുകള്‍. കുറുക്കന്‍ മൈലാഞ്ചിക്കാടുകള്‍. നോക്കെത്തുന്നിടത്തൊന്നും നെല്‍പ്പാടങ്ങളില്ല. താമരക്കുളങ്ങളില്ല. ചാണകവരളികള്‍ ഒട്ടിച്ചുവെച്ച വീടുകളില്ല. ജമന്തിയുടെയും മുല്ലയുടെയും മണങ്ങളില്ല. മഞ്ഞള്‍ പൂശിയ മുഖങ്ങളില്ല. മാരിയമ്മന്‍ കോവിലുകളോ മാട്ടിന്‍കൂട്ടങ്ങളോ ഇല്ല.
ശൂന്യതയുടെ ശിഖരങ്ങളില്‍ അവന്‍ തൊട്ടത് അന്നാണ്. അവിടെ, ആ ഒഴിഞ്ഞ പറമ്പുകളുടെ അങ്ങേയറ്റത്ത് അവന്റെ പുതിയവീട് നിന്നു. അതിനുപിറകില്‍ പറങ്കിമാവുകള്‍ കുന്നിറങ്ങി. ഓലമേഞ്ഞ മേല്‍ക്കൂരയും ചുമരുകളുമുള്ള ആ വീട് മാത്രം അവന് അപരിചിതമായിരുന്നില്ല. ഇനിയങ്ങോട്ട് ഇവിടെയാണ് തനിക്ക് ജീവിക്കാനുള്ളതെന്ന് അവന്‍ മനസ്സിലാക്കുകയായിരുന്നു. ആ അറിവിനെ വേദനയോടെ അവന്‍ ഉള്‍ക്കൊള്ളുകയായിരുന്നു.
പുതിയമണ്ണില്‍ അവന് പെട്ടെന്ന് വേരുകള്‍ പിടിച്ചില്ല. അണ്ണാച്ചിയെന്ന പരിഹാസവിളി അവന്‍ നിരന്തരം കേട്ടു. അവനുമുമ്പില്‍ അറിയാത്ത ഭാഷയില്‍ ബോര്‍ഡുകളും പത്രമാസികകളും വഴിയടയാളങ്ങളും നിരന്നുനിന്നു. ആ അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ അവന് അറിയുമായിരുന്നില്ല. ഉള്ളിലെ താമരക്കുളങ്ങളെ ധ്യാനിച്ച് ചെങ്കല്‍പ്പാറകളിലെ ഒറ്റയടിപ്പാതയിലൂടെ അവന്‍ തലകുനിച്ചുനടന്നു. ബോര്‍ഡ് വായിക്കാനറിയാതെ അവന്‍ ബസുകള്‍ മാറിക്കയറി.

പറയാനറിയുന്ന മലയാളം വായിക്കാനറിയില്ലെന്ന് ഉള്ളുനൊന്ത് പറഞ്ഞിട്ടും അവന്‍ ബസുകളില്‍നിന്ന് വഴിയിലിറക്കിവിടപ്പെട്ടു. അപമാനിതനായി തലകുനിച്ചുനിന്ന ആ പാതകളെ ചുവന്നമഷിയാല്‍ അടിവരയിട്ട് അവന്‍ ഉള്ളില്‍ വരച്ചുവെച്ചു. ഫാന്‍സിക്കടകളില്‍ കയറി അവന്‍ പരിപ്പും പഞ്ചസാരയും ചോദിച്ചു. തന്റെ സമപ്രായക്കാര്‍ സ്‌കൂളിലേക്കുപോകുന്നത് വേദനയോടെ അവന്‍ കണ്ടുനിന്നു. മലയാളം എഴുതാനും വായിക്കാനും അറിയാത്ത തന്നെ, രണ്ടാം ക്ലാസില്‍ ഇരുത്താമെന്നുപറഞ്ഞ ഇവിടുത്തെ അധ്യാപകരോട് അവന് ദേഷ്യം തോന്നിയില്ല.
വിദ്യാലയത്തിന്റെ വാതിലുകള്‍ തനിക്കുമുമ്പില്‍ എന്നെന്നേക്കുമായി അടയുന്ന ശബ്ദം അവന്‍ കേട്ടു. പിച്ചവെക്കാന്‍ പഠിക്കുന്ന കുട്ടിയെപ്പോലെ അവന്‍ മലയാള അക്ഷരങ്ങളില്‍ തടഞ്ഞുവീണു. 'അ' യുടെ കയറ്റിറക്കങ്ങളില്‍ അവന്‍ കിതച്ചു.'ഋ' വിന്റെ വളവുതിരിവുകളില്‍ അവന്റെ കൈകള്‍ വിറച്ചു. കാക്ക കൂടുകൂട്ടുന്നപോലെ ഓരോ അക്ഷര നാരുകളും കൊത്തിയെടുത്ത് അവന്‍ കൂടുണ്ടാക്കി. അതത്ര എളുപ്പമായിരുന്നില്ല. ബാലമംഗളവും ബാലഭൂമിയും തപ്പിത്തടഞ്ഞുവായിക്കാന്‍ അവന് പലവട്ടം മരിച്ച് പലവട്ടം ജനിക്കേണ്ടിവന്നു. ജനിമൃതികളുടെ ആ വഴുക്കുന്ന പാതയില്‍ അവന്‍ ഇടറിനിന്നു.
അവന്‍ വീടുവിട്ടുപോയി നഗരങ്ങളില്‍ എച്ചില്‍മേശകള്‍ തുടച്ചു. ലോട്ടറി വിറ്റു. റോഡുപണിക്ക് ടാറ് ചുമന്നു. തന്നെ പോറ്റിവളര്‍ത്തിയ പൊങ്കലിന്റെ സംസ്‌കാരത്തില്‍നിന്ന് ഓണത്തിന്റെ സംസ്‌കാരത്തിലേക്ക് അവന്‍ ഇഴുകിച്ചേര്‍ന്നു. പന്ത്രണ്ട് മണിക്കൂര്‍ എച്ചില്‍പ്പാത്രങ്ങള്‍ കഴുകി ക്ഷീണിച്ച്, പഴന്തുണിയായിമാറിയ ശരീരവുമായി അവന്‍ ടെറസുകളില്‍ ചെന്നുകിടന്നു. അവിടേക്ക് പാറിവന്ന തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍ അവന്‍ മനോരമയും മംഗളവും വായിച്ചു.
തന്റെയരികിലേക്ക് അരിച്ചെത്തുന്ന സ്വവര്‍ഗരതിയുടെ പൂച്ചകള്‍ക്കും അവയുടെ നഖങ്ങള്‍ക്കും കിതപ്പുകള്‍ക്കും അവന് വഴങ്ങിക്കൊടുക്കേണ്ടിവന്നു. രക്ഷപ്പെടാന്‍ നോക്കിയപ്പോഴൊക്കെ അവന്റെ വായ മൂടപ്പെട്ടു. കവിളത്തും ദേഹത്തും അടി വീണു. പെരുംചിലമ്പില്‍ അപൂര്‍വവും മഹാപാപവുമായി കരുതപ്പെട്ട നിര്‍ബന്ധിത സ്വവര്‍ഗരതി, അവന്‍ ചെന്നുപറ്റിയ നഗരത്തില്‍ കെട്ടിടങ്ങള്‍പോലെ സുലഭമായിരുന്നു. പാപമല്ലായിരുന്നു. അക്കാലത്ത് നഗരത്തില്‍ ജീവിക്കാനായി അമ്പത് രൂപയ്ക്ക് ഉടലുകള്‍ വിറ്റ ലക്ഷ്മിയേച്ചിയും സൈനാത്തയും അവനെ വാക്കുകള്‍ എഴുതാന്‍ പഠിപ്പിച്ചു. കടല്‍ക്കാറ്റുകള്‍ ഉപ്പുതിര്‍ക്കുന്ന മണല്‍ത്തീരങ്ങളിലിരുന്ന്, കമഴ്ത്തിയിട്ട തോണികളുടെ മുകളില്‍ പേപ്പര്‍ വെച്ച് ഒരു രൂപയുടെ പേനകൊണ്ട് ലക്ഷ്മിയേച്ചി അവന് 'കടല്‍' എന്ന് എഴുതിക്കൊടുത്തു. അതിന്റെ ചുവട്ടിലായി അവനാ അക്ഷരങ്ങളെ എഴുതി.
അക്കാലത്ത് മലയാളം വായിക്കുമെങ്കിലും അവന് മലയാള അക്ഷരങ്ങള്‍ എഴുതാന്‍ അറിയുമായിരുന്നില്ല. ചെറിയ ചെറിയ വാക്കുകളിലൂടെ ലക്ഷ്മിയേച്ചി അവനെ വലിയവാക്കുകളിലേക്കും വരികളിലേക്കും നയിച്ചു. ഗുരുദക്ഷിണയായി അവനും കൂട്ടുകാരന്‍ മണിയും അവര്‍ക്ക് കാവല്‍ നിന്നു. ഉടല്‍വിശപ്പകറ്റി പണം കൊടുക്കാതെ കടന്നുകളയുന്നവരെ അവര്‍ രണ്ടാളുംചേര്‍ന്ന് ഓടിച്ചിട്ടുപിടിച്ചു. ചിലര്‍ കൈയിലാകെയുള്ള പത്തുരൂപയുമായി സൈനാത്തയുടെയും ലക്ഷ്മിയേച്ചിയുടെയും കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അവരില്‍നിന്ന് പണംവാങ്ങാത്ത ആ ഉടല്‍വില്‍പ്പനക്കാരികളില്‍ അവന്‍ തന്റെ ദൈവങ്ങളെ കണ്ടു. ഉന്മാദത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി നഗരത്തില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് അവര്‍ വാങ്ങിക്കൊടുത്ത അന്നത്തില്‍ അവന്‍ തന്റെ മതങ്ങളെ കണ്ടു.

നഗരം ഉപേക്ഷിച്ച് അവന്‍ പിന്നെയും പലപല ജോലികള്‍ ചെയ്തു. അമ്മാവന്റെ നാട്ടില്‍ റബ്ബര്‍ടാപ്പിങ് ചെയ്തു. റബ്ബര്‍തോട്ടങ്ങളുടെ കുളിരിലും ഏകാന്തതയിലും അവന്‍ വേളിമലയെ കണ്ടു. ബാല്യത്തിന്റെ താമരക്കുളങ്ങളെ കണ്ടു. അവിടത്തെ ഒരു വിജനമായ കുന്നിന്‍മുകളില്‍ അവന്‍ തനിച്ചുതാമസിച്ചത് മൂന്നുകൊല്ലമാണ്. പരിസരത്തൊന്നും ഒറ്റ മനുഷ്യജീവിപോലുമില്ലാത്ത ആ ഏകാന്തതയില്‍ അവന് പുസ്തകങ്ങള്‍ കൂട്ടായി.
നാടുവിടലിന്റെ കമ്പങ്ങളെല്ലാം കഴിഞ്ഞ് അവന്‍ തിരികെവന്നപ്പോഴും ആ വെളിമ്പറമ്പുകള്‍ അതേപോലെ അവിടെയുണ്ടായിരുന്നു. പറങ്കിമാവുകള്‍ പൂത്തു. കുറുക്കന്‍ മൈലാഞ്ചികളും മഴയും വെയിലും മഞ്ഞും ആവര്‍ത്തിച്ചു. വായനയിലൂടെ പലവട്ടം വീണ് പലവട്ടം എണീറ്റ്, പലവട്ടം ജനിച്ച് മരിച്ച മലയാളഭാഷയില്‍ അവന്‍ കൂട്ടുകാര്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തു. അതിനുകിട്ടിയ മറുപടികള്‍ കൂട്ടുകാര്‍ അവനെ വായിച്ചുകേള്‍പ്പിച്ചു.
(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: Writer Muhammed Abbas's life story, Weekend, Visappu pranayam unmadam Book, Mathrubhumi books
Published: 30 Jul 2023, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented