
'നില്‍ക്കാനൊരു തറ പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും' - ഉള്ളുനീറുന്ന നാടകക്കാലത്തെക്കുറിച്ച് എന്‍.എന്‍. പിള്ള ഒരിക്കല്‍ എഴുതി. ഉള്ളില്‍ ഉണരുന്ന നാടകമാണ് നാടകകൃത്തിന്റെ തീ. ഈ തീയൂതി അയാള്‍ അരങ്ങുപൊലിപ്പിക്കുന്നു. ആ നാടകം എഴുതാന്‍ അയാള്‍ അടയിരിക്കുന്ന കാലം കൊറോണക്കാലത്തേക്കാള്‍ ഏകാന്തമാണ്.
പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയുടെ മകന്‍ കറന്റ് തോമസ്, കറന്റ് എന്ന പേരില്‍ പ്രസാധനം നടത്തുന്ന കാലം. തോമസ് ഒരു ദിവസം കാറുമെടുത്ത് ഒളശ്ശയിലെത്തി എന്‍.എന്‍. പിള്ളയെ കാണുന്നു. ''പിള്ളച്ചേട്ടന്‍ ഒരു നാടകം തന്നേ പറ്റൂ.'' തോമസ് സ്‌നേഹപൂര്‍വം പിള്ളയെ കാറില്‍ കയറ്റി തൃശ്ശൂരില്‍ എത്തിക്കുന്നു. രാമനിലയത്തില്‍ എഴുതാനും മറ്റുമുള്ള എല്ലാ കാര്യങ്ങളും ഒരുക്കി തോമസ് പിന്‍വാങ്ങുന്നു. രാമനിലയത്തില്‍ ഒരാഴ്ച കഴിഞ്ഞു. നാടകം കിട്ടുമെന്ന് തോമസിന് ഉറപ്പായിരുന്നു. എട്ടാമത്തെ ദിവസം നാടകകൃത്ത് വീട്ടിലെത്തി. രണ്ടേ രണ്ടു ദിവസം. നാടകം പുറത്തു വന്നു. ഈശ്വരന്‍ അറസ്റ്റില്‍. ഇങ്ങനെ നാടകാചാര്യന്‍ വീട്ടില്‍ സ്വയമൊരു ഏകാന്തത സൃഷ്ടിച്ച് എഴുതിയതാണ് കാപാലികയും ഗറില്ലയും മന്വന്തരവും ടുബി ഓര്‍ നോട്ടു ടുബിയും.
മലബാറിന്റെ സാമൂഹികജീവിതം, തീക്ഷ്ണതയോടെ അരങ്ങിലെത്തിച്ച കെ.ടി. മുഹമ്മദ്, 1953-ല്‍ 'ഇത് ഭൂമിയാണ്' എന്ന നാടകമെഴുതിയത് വീട്ടില്‍ രണ്ടാഴ്ചക്കാലം രാപകലില്ലാതെ എഴുതിയാണ്. നിലമ്പൂരില്‍ ഡോ. ഉസ്മാന്റെ നഴ്സിങ്ഹോമില്‍ ചികിത്സയ്ക്കായി കിടക്കുമ്പോള്‍ അല്പം മണ്ണെണ്ണയ്ക്കുവേണ്ടി ഒരു പെണ്‍കുട്ടി പലപ്പോഴും ഡോക്ടറുടെ അടുത്തേയ്ക്ക് വരാറുണ്ടായിരുന്നു. ആ മുസ്ലിം പെണ്‍കൊടിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ എന്താവും പില്‍ക്കാലത്ത് സംഭവിച്ചിരിക്കുകയെന്ന് കെ.ടി. വെറുതെ ചിന്തിച്ചു. അത് വളര്‍ന്നുവന്ന് നാടകത്തിന്റെ ഇതിവൃത്തമായി മാറി.
മംഗളോദയത്തില്‍ പ്രൂഫ് വായിക്കാന്‍ ചേര്‍ന്ന വി.ടി. ഭട്ടതിരിപ്പാട് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ഒരു നോവലായാണ് എഴുതിത്തുടങ്ങിയത്. പക്ഷേ അങ്ങേയറ്റം നാടകീയമായിരുന്നു ആദ്യ അധ്യായം. അതുവായിച്ച് കേട്ട കഥാകാരന്‍ എം.ആര്‍.കെ.സിയും അനന്തനാരായണ ശാസ്ത്രികളും ഒരേ ശബ്ദത്തില്‍ 'ഇതു മികച്ച നാടകമാണ്' എന്നുപറഞ്ഞു. പിന്നീട് 15 രാത്രികള്‍ പതിനഞ്ച്രംഗങ്ങളായി വി.ടി. എഴുതിത്തീര്‍ത്തു.
ഈ കൊറോണക്കാലം പോലെ ഇതേനാളുകളില്‍, തനിക്കൊരു നാടകക്കാലമുണ്ടായിരുന്നുവെന്ന് ഇന്‍സ്റ്റന്റ് നാടകവേദിയുടെ പ്രയോക്താക്കളിലൊരാളായ ജോസ് പായമ്മേല്‍ പറയുന്നു.
വീട്ടില്‍ത്തന്നെ കഴിയുക. രാവിലെ പത്രം വായിക്കലല്ല, കഥകള്‍ തേടിയുള്ള ഒരു പരതലാണ്. ഏതെങ്കിലും ഒരു വാര്‍ത്തയില്‍നിന്ന് കഥയുണ്ടാക്കും. പിന്നീട് അതൊരു നാടകമായി മനസ്സില്‍ വളരും. നാടകം ആദിമധ്യാന്തം തെളിഞ്ഞാല്‍, ഷര്‍ട്ടിട്ട് പൂരംപ്രദര്‍ശന നഗരിയിലേക്ക് പായും. പ്രദര്‍ശനനഗരിയിലെ നാടകവേദിയില്‍ വെച്ച് സംഭാഷണം അപ്പപ്പോള്‍ പറയും. ഈ നാടകം തൃശ്ശൂരിനെ ചിരിപ്പിച്ചുകൊണ്ടിരുന്നു, ഒന്നും രണ്ടുമല്ല അമ്പതുവര്‍ഷം.
അമെച്ചര്‍ നാടകവേദിയുടെ വര്‍ത്തമാന കാലത്തെ സംവിധായകരില്‍ പ്രമുഖനായ ശശിധരന്‍ നടുവില്‍ പറയുന്നത് വീട്ടിലിരിക്കുന്ന ഈ കൊറോണക്കാലം, നാടക രചനയുടെ വസന്തകാലമാക്കിമാറ്റണമെന്നാണ്.
Content Highlights: world drama day feature
Published: 27 Mar 2020, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented