കൊല്ലം: നാടകമെഴുത്തിന്റെ അന്‍പതാം വര്‍ഷത്തിലാണ് മണിലാല്‍. അരങ്ങിലെ ഈ അഭിഭാഷകപ്രതിഭ ഇതിനകം എഴുതിയത് 150-ലധികം പ്രൊഫഷണല്‍ നാടകങ്ങള്‍. അതില്‍ മിക്കതും ഹിറ്റും സൂപ്പര്‍ഹിറ്റും. ഇപ്പോഴും നാടകസപര്യ തുടരുന്ന ആ തൂലികയ്ക്ക് വിശ്രമമില്ല.
എഴുത്തിന്റെ ഈ അന്‍പതാംവര്‍ഷത്തില്‍ രചനാവഴിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായ ഇരുപത്തഞ്ച് നാടകങ്ങള്‍ പുസ്തകമായി പുറത്തിറക്കുന്നുണ്ട് അദ്ദേഹം.
ലോക നാടകദിനത്തില്‍ ഓര്‍മകളുടെ അരങ്ങില്‍ തിരശ്ശീല ഉയര്‍ത്തുകയാണ് അദ്ദേഹം. ശാസ്താംകോട്ട കോളേജില്‍ പഠിക്കുന്ന കാലം. എഴുതിയ നാടകം ശങ്കരപ്പിള്ളസാറിനെ കാണിക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. സാര്‍ 'ഒകെ' പറഞ്ഞാല്‍ സര്‍വകലാശാലാ നാടകമത്സരത്തില്‍ കൊണ്ടുപോകാം. അഭിപ്രായം ചോദിക്കാന്‍ ചെന്നപ്പോള്‍, എഴുതിയേല്‍പ്പിച്ച കടലാസ് നാലായി കീറിയിട്ടിരിക്കുന്നു.
'ചാവാലികള്‍ക്കിടയില്‍ നിന്റെ കുതിര പിടിച്ചുനില്‍ക്കുന്നെന്ന് കരുതി അത് നല്ല കുതിരയാണെന്ന് വിചാരിക്കരുത്' എന്നായിരുന്നു ഉപദേശം. പിന്നെ ഒരുമണിക്കൂര്‍ എനിക്കൊരു ക്ലാസും. കുറേ പുസ്തകങ്ങളും തന്നു. വായിക്കാന്‍ നിര്‍ദേശങ്ങളും. പഠിച്ച മറ്റെല്ലാം മറന്നു. പക്ഷേ ആ ഒരുമണിക്കൂര്‍ ക്ലാസ് ഓര്‍മയിലിന്നുമുണ്ട്-മണിലാല്‍ പറഞ്ഞു.
അമെച്ചര്‍ നാടകങ്ങളില്‍ പയറ്റിത്തെളിഞ്ഞശേഷം 1983-ലാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. 'പടയൊരുക്കം' എന്ന തുടക്കം. പിന്നെയൊരു പടയോട്ടമായിരുന്നു. അടുത്തവര്‍ഷം നാല് നാടകമാണ് എഴുതിയത്. സംസ്ഥാന അവാര്‍ഡുകളും അക്കാദമി അവാര്‍ഡുകളും ഏറ്റുവാങ്ങിയതിനപ്പുറം കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടകപ്രേമികള്‍ നെഞ്ചേറ്റിയ നാടകങ്ങളായിരുന്നു എല്ലാം. 'ഉദയഗീതം', 'പമ്പാമേള', 'കൊടിമരം' തുടങ്ങി 'കനല്‍ക്കാറ്റ്' വരെയായി നാടകങ്ങള്‍ 150 കടന്നു.
നടന്‍ തിലകന്‍ സിനിമയില്‍നിന്നു പിണങ്ങി നാടകത്തിലേക്ക് തിരിച്ചുപോകുന്നെന്നു പ്രഖ്യാപിച്ചപ്പോള്‍ തിരഞ്ഞെടുത്തത് മണിലാലിന്റെ രചനയായിരുന്നു. 'ഇതോ ദൈവത്തിന്റെ സ്വന്തം നാട്' എന്ന നാടകം അദ്ദേഹംതന്നെ സംവിധാനം ചെയ്തു. 'ആദിശങ്കരന്‍ ജനിച്ച നാട്ടില്‍' എന്ന നാടകവും തിലകനാണ് സംവിധാനം ചെയ്തത്.
ഉഷാ ഉദയന് ഏറെ പ്രശസ്തി നേടിക്കൊടുത്ത നാടകമായിരുന്നു 'അങ്കം ജയിക്കാന്‍ ഒരമ്മ'. രാജീവ് ഗാന്ധി വധത്തില്‍ അദ്ദേഹത്തോടൊപ്പം മരിച്ച സുരക്ഷാഭടന്‍മാരെയോ അവരുടെ കുടുംബത്തെപ്പറ്റിയോ ആരും പറയാറില്ല. അതായിരുന്നു ആ നാടകത്തിന്റെ വിഷയം. മണിലാലിന്റെ എല്ലാ നാടകങ്ങളും ഇങ്ങനെ സാമൂഹികമായ വിഷയങ്ങളെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്നവയാണ്.
ചവറ തട്ടാശ്ശേരിയില്‍ കൊളുത്തിയ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പോലുള്ള നാടകങ്ങള്‍ ഈ മണ്ണിലേകിയ ഊര്‍ജംതന്നെയാണ് തന്റെയും പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. നാടകം നഷ്ടത്തിലാകരുത്, സമിതികള്‍ കുത്തുപാളയെടുക്കരുത് എന്ന വിചാരത്തോടെയാണ് ഓരോ നാടകത്തെയും സമീപിക്കുന്നതെന്നും പ്രേക്ഷകമനസ്സിലെ നീതിബോധത്തില്‍ കൃതികള്‍ക്ക് അവര്‍ തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: Celebrating 50 years, playwright Manilal releases 25 of his acclaimed plays
Published: 27 Mar 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented