കോട്ടക്കല്‍ ആര്യവൈദ്യശാലാ സ്ഥാപനങ്ങളുടെ സ്ഥാപകനായ പി.എസ്. വാരിയരുടെ ജീവിതത്തിന്റെ നാടകാവിഷ്‌കാരമായിരുന്നു കഴിഞ്ഞദിവസം കോട്ടക്കല്‍ ആയുര്‍വേദ കോളേജ് അങ്കണത്തില്‍ അവതരിപ്പിച്ച സ്ഥാപകന്‍ എന്ന നാടകം. പ്രശസ്ത നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ രചിച്ച നാടകത്തിന് രംഗപാഠമൊരുക്കി സംവിധാനം ചെയ്ത് അവതരിപ്പിച്ചത് ഇ.വി. ഹരിദാസ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. വാരിയര്‍ ഉള്‍പ്പെടെ കോട്ടക്കല്‍ സ്ഥാപനങ്ങളിലെ മുപ്പതോളം ജീവനക്കാരാണ് അരങ്ങിലെത്തിയത്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പി.എസ്. വാരിയരെ പുതിയൊരു തരത്തില്‍ സ്ഥാനപ്പെടുത്തുകയാണ് ഈ നാടകം.
തിങ്ങിയ ഇരുട്ട് അവസാനത്തെ രംഗവിതാനവും വലിച്ചുകെട്ടി. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജിന്റെ വിശാലമൈതാനിയില്‍ ഒരുക്കിയ നാടകവേദിയില്‍ അതോടെയാണ് മിനുക്കുപണികള്‍ പൂര്‍ത്തിയായത്. വിശാലമായ അരങ്ങ്. രണ്ടു വശങ്ങളിലും വീതിയുള്ള രണ്ടു ചരിവുതലങ്ങള്‍. അരങ്ങിനു മുന്നിലേക്കും നടുവിലൂടെ ഒരു ചരിവുതലം. അരങ്ങിലെ ചരിവുതലങ്ങള്‍ കയറിച്ചെല്ലുന്ന മേല്‍ത്തട്ടും കീഴിലെ തട്ടുമായി രണ്ടു പടവുകളായാണ് വേദി. അതിനപ്പുറം കാര്യമായ രംഗപടങ്ങളൊന്നുമില്ല. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകനും ആയുര്‍വേദമെന്ന ജ്ഞാനസാംസ്‌കാരികതയെ പുതിയൊരു കാലത്തേക്ക് കൈപിടിച്ചുയര്‍ത്തിയ മഹാപ്രതിഭനുമായ വൈദ്യരത്‌നം പി.എസ്. വാരിയരുടെ ജീവചരിത്രമാണ് അരങ്ങിലെത്തുന്നത്.
സ്ഥാപകന്‍ എന്ന നാടകം. പ്രശസ്ത നിരൂപകന്‍ ഇ.പി. രാജഗോപാലനാണ് നാടകരചന. രംഗപാഠമൊരുക്കി സംവിധാനം ചെയ്തത് ഇ.വി. ഹരിദാസ്. അരങ്ങിലെത്തിയത് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി.എം. വാര്യര്‍ ഉള്‍പ്പെടെ കോട്ടക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരായ മുപ്പതോളം പേര്‍. ജീവനക്കാരില്‍ ചിലരുടെ മക്കളും. ജീവചരിത്രം നാടകമാക്കി അവതരിപ്പിക്കുമ്പോളുള്ള പ്രതിസന്ധികള്‍ ചെറുതല്ലല്ലോ. ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പുള്ള ചരിത്രമാണ്, ജീവിതമാണ്. നാടകീയത ചോര്‍ന്നുപോകാന്‍ പാടില്ല. അതിനാടകീയത വന്നുകയറിയാല്‍ അവതരണം നിഷ്ഫലമായിപ്പോകും. ഒരു സൂപ്പര്‍ഹീറോ ആയി വൈദ്യരത്‌നം പി.എസ്. വാരിയരെ അവതരിപ്പിക്കാനുമാവില്ലല്ലോ! എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് വൈകാരികതയുടെ പ്രഫുല്ലചാരുത തെല്ലും മങ്ങാതെ ഹൃദ്യമായി അവതരിപ്പിച്ചു സ്ഥാപകന്‍ നാടകം.
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലോകമെമ്പാടും ജീവചരിത്ര സിനിമകള്‍ ഒരു തരംഗമായി മാറിയിരുന്നു. മലയാളത്തിലും ഹിന്ദിയിലും തമിഴിലും ഒക്കെ പല മട്ടില്‍ ജീവചരിത്ര സിനിമകള്‍ വന്നു. ഹോളിവുഡിലും വന്നു വമ്പന്‍ ജീവചരിത്ര സിനിമകള്‍. എന്നാല്‍, ജീവചരിത്ര നാടകങ്ങള്‍ അത്രയെളുപ്പമാവാറില്ല പലപ്പോഴും. ഇ.പി. രാജഗോപാലന്‍ തന്നെ ഭാഗഭാക്കായ കേളു നാടകമൊക്കെ ആയിരിക്കണം മലയാളത്തില്‍ അടുത്ത കാലത്ത് ശ്രദ്ധനേടിയ ജീവചരിത്ര നാടകങ്ങളിലൊന്ന്.
ചരിത്രവും ജീവചരിത്രവും വൈകാരിക ലാവണ്യത്തോടെ, നാടകീയ ഭദ്രതയോടെ അവതരിപ്പിക്കുമ്പോള്‍ത്തന്നെ വൈദ്യരത്‌നം പി.എസ്. വാര്യരുടെ ജീവിത്തെ പുതിയൊരു മൂല്യബോധത്തോടെ പുനര്‍നിര്‍വചിക്കുകകൂടി ചെയ്യുന്നുണ്ട് നാടകം. ആര്യവൈദ്യശാലാ സ്ഥാപകന്റെ ജീവചരിത്രത്തിന് ഒരു നാടകാവിഷ്‌കാരമുണ്ടായി എന്നതിനപ്പുറം സ്ഥാപകന്‍ നാടകത്തിന്റെ അധികമൂല്യം അതാണ്. കേരളീയ നവോത്ഥാനനായകരുടെ കൂട്ടത്തില്‍ പ്രാതസ്മരണീയനാണ് വൈദ്യരത്‌നം പി.എസ്. വാരിയര്‍ എന്ന ചൂണ്ടിക്കാണിക്കലാണ് അത്.
മനുഷ്യശരീരം മതേതരമാണ്
ശരീരിയായ മനുഷ്യന്റെ അകം പുറങ്ങള്‍ അന്വേഷിക്കുകയും ശരീരപ്രവര്‍ത്തനങ്ങളുടെ ദോഷങ്ങളകറ്റി സാമ്യപ്പെടുത്തുകയുമാണല്ലോ വൈദ്യധര്‍മം. മനുഷ്യശരീരത്തിന് ജാതിമത ഭേദങ്ങളില്ലെന്ന് ഏറ്റവും കൃത്യമായി തിരിച്ചറിയുന്നയാളും വൈദ്യന്‍ തന്നെ. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെയാണ് ഓരോ മനുഷ്യവ്യക്തിയും ശരീരിയായിരിക്കുന്നത് എന്ന ആ തിരിച്ചറിവ് ഉള്ളിലറിഞ്ഞ മഹാമനുഷ്യനായിരുന്നു വൈദ്യന്‍ പി.എസ്. വാരിയര്‍ എന്ന് നാടകം വിശദീകരിക്കുന്നു.
നാടകകലയെ പ്രഹര്‍ഷപ്പെടുത്തുന്ന അവതരണം
നാടകം എന്ന കലാരൂപത്തെ തന്നെ പലമട്ടില്‍ പ്രഹര്‍ഷപ്പെടുത്തുന്നതായി സ്ഥാപകന്റെ അവതരണം. ഒരു നാടകം അവതരിപ്പിക്കാം എന്ന ഉത്സാഹത്തിമിര്‍പ്പില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാര്‍ ഒത്തുകൂടുന്നിടത്താണ് തുടക്കം. മുന്‍പ് ഒരിക്കല്‍ നാടകാവതരണത്തിന് ഒരുക്കിയ പഴയ സാധനങ്ങളെല്ലാം പൊടിതട്ടിയെടുത്ത് വീണ്ടും അവര്‍ ആഘോഷക്കലമ്പല്‍ കൂട്ടുന്നു. അവിടേക്ക് ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം. വാരിയര്‍ കടന്നുവന്ന് ആഘോഷം കൊഴുപ്പിക്കുന്നു. സ്ഥാപനത്തിനുള്ളിലെ കൂട്ടായ്മയുടെ ആന്തരികോര്‍ജം വെളിപ്പെടുത്തുന്ന അകമേനിന്നുള്ളൊരു പ്രോത്സാഹനം കൂടിയാകുന്നുണ്ട് ഈ തുടക്കം. സ്‌റ്റേജിന്റെ രണ്ടു വശത്തും പ്രത്യേകമായി ഒരുക്കിയ രണ്ട് ഉയര്‍ന്ന മണ്ഡപങ്ങളിലൊന്നില്‍ മേല്‍ക്കുപ്പായവും കോട്ടും തലപ്പാവും ധരിച്ച പി.എസ്. വാരിയര്‍ ഇരുന്ന് നടത്തുന്ന ചില ആഖ്യാനങ്ങള്‍ കഥയെ സന്ധിചേര്‍ക്കുകയും അവതരണത്തെ കൂടുതല്‍ നാടകീയമാക്കുകയും ചെയ്യുന്നു.

പി.എസ്. വാരിയരുടെ രണ്ടു പ്രതിമകളുണ്ട് കോട്ടക്കലില്‍. മേല്‍ക്കുപ്പായവും കോട്ടും തലപ്പാവും ധരിച്ച് പ്രൗഢിയോടെ നില്‍ക്കുന്ന ഒന്നും ഒറ്റമുണ്ടു മാത്രം ഉടുത്ത് ഊന്നുവടിയുമായി നില്‍ക്കുന്ന മറ്റൊന്നും. പ്രതിമയുടെ ഈ രണ്ടു വിധാനങ്ങള്‍ പി.എസ്. വാരിയരുടെ വ്യക്തിത്വത്തിന്റെ രണ്ടു മുഖങ്ങളുടെ ആവിഷ്‌കാരം കൂടിയാവുന്നതിനെക്കുറിച്ച് നാടകരചയിതാവു കൂടിയായ ഇ.പി. രാജഗോപാലന്‍ മുമ്പ് എഴുതിയിട്ടുണ്ട്. നവീനതയോടും പാരമ്പര്യത്തോടും ഒരേ മട്ടില്‍ ആഭിമുഖ്യം പുലര്‍ത്തുകയും പാരമ്പര്യങ്ങളെ സര്‍ഗാത്മകമായി നവീകരിക്കുകയും ചെയ്ത അപൂര്‍വ പ്രതിഭയായിരുന്നു പി.എസ്. വാര്യര്‍ എന്ന് ചൂണ്ടിക്കാണിക്കുന്നു ഈ ആവിഷ്‌കാരങ്ങളെല്ലാം.
ജ്ഞാനസംരംഭകന്‍
അഷ്ടവൈദ്യന്‍ കുട്ടഞ്ചേരി മൂസിന്റെ പ്രിയശിഷ്യനായി ഗുരുകുലത്തില്‍ വൈദ്യം പഠിക്കുകയാണ് നാടകത്തിന്റെ തുടക്കത്തില്‍ ശങ്കുണ്ണി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളമാണ്. നടക്കുകയല്ലാതെ മറ്റ് സഞ്ചാരമാര്‍ഗങ്ങള്‍ അധികമില്ല. ഭാണ്ഡവും പേറി നടന്നു വലയുന്നതിന്റെ അവതരണത്തിലൂടെയാണ് ആ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. നേത്രചികിത്സയ്ക്കായി മഞ്ചേരി ആശുപത്രിയില്‍ ഡോക്ടര്‍ വര്‍ഗീസിനെ സമീപിക്കുന്ന ശങ്കുണ്ണി അവിടെ അദ്ദേഹത്തിന്റെ ശിഷ്യനായി ചേര്‍ന്നു. മൂന്നു വര്‍ഷം താമസിച്ച് ആധുനിക വൈദ്യം പഠിച്ചു. പാശ്ചാത്യവൈദ്യശാസ്ത്രത്തിന്റെ സമ്പ്രദായങ്ങളിലേക്കും ആധുനിക ലോകക്രമങ്ങളിലേക്കും ഒക്കെ ശങ്കുണ്ണി വാരിയരെ ഉന്മുഖനാക്കിയത് ആ മൂന്നു വര്‍ഷങ്ങളായിരുന്നു. വര്‍ഗീസ് ഡോക്ടറോടൊപ്പമുള്ള രംഗങ്ങള്‍ നാടകത്തില്‍ വളരെ ചെറുതെങ്കിലും ആഴമാര്‍ന്ന ദൃശ്യപ്പെടുത്തലുകളാണ്.
മികച്ച വൈദ്യന്‍ എന്നതിനപ്പുറം ആയുര്‍വേദജ്ഞാനസംരംഭകന്‍ എന്ന അനിതരസാധാരണ മഹിമയിലേക്ക് സ്വയം പരിണമിക്കുകയായിരുന്നു പി.എസ്. വാരിയര്‍. എക്കാലത്തും താങ്ങായിരുന്ന അമ്മ പന്നിയംപള്ളി കുഞ്ഞുക്കുട്ടി വാരസ്യാരുടെ പക്കല്‍ നിന്ന് ലഭിച്ച ചെറിയ പണം മുടക്കി അദ്ദേഹം കോട്ടയ്ക്കലില്‍ ഒരു വൈദ്യശാല തുടങ്ങി. ഏതൊരു കലാആവിഷ്‌കാരത്തെയും ഹൃദ്യമാക്കുന്ന വൈകാരിക ലാവണ്യം പകരുന്നതായി ഈ രംഗങ്ങള്‍. പുതുതായി തുടങ്ങിയ വൈദ്യശാലയില്‍ വാരിയരുടെ അറിവും ഉത്സാഹവും തന്നെ മുഖ്യ ആസ്തി. ആയുര്‍വേദ മരുന്നുകള്‍ വലിയ അളവില്‍ ഉണ്ടാക്കി കുപ്പികളിലാക്കി ന്യായവിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനം അന്നോളം കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. കുപ്പിമരുന്നിനെ മ്ലേച്ഛമായിട്ടാണ് അന്ന് കണ്ടിരുന്നത്. എന്നാല്‍, ചികിത്സാ മികവും സൗകര്യങ്ങളും തിരിച്ചറിഞ്ഞ സമൂഹം വൈദ്യശാലയെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു.
തലേത്തട്ടി എന്ന വിഷൂചികാബാധ ദേശത്തെയാകെ ബാധിക്കുന്നതും ഒറ്റയാള്‍പ്പോരാളിയായി പി.എസ്.വാരിയര്‍ സാംക്രമിക രോഗത്തെ ചെറുക്കുന്നതും നാടകീയ ഭംഗിയോടെ അവതരിപ്പിച്ചു. പന്തങ്ങളോ ചൂട്ടുകറ്റകളോ കൈയിലേന്തി ഗ്രാമീണ ജനത എത്തുന്നതും രോഗത്തോടുള്ള പോരാട്ടം അവതരിപ്പിക്കുന്നതുമായ രീതി ഇത്തരം രംഗങ്ങളില്‍ ഇപ്പോള്‍ നാടകാവതരണങ്ങളില്‍ പൊതുവേ കാണാറുള്ളതാണ്. ഒരു തരം ആഭിചാരാനുഭവം പകരുന്ന ദൃശ്യത്തിളക്കം ആളിപ്പിടിക്കുമെങ്കിലും നാടകങ്ങളില്‍ ക്രിഞ്ച് ആയി മാറിയ അത്തരം പന്തംകൊളുത്തി പ്രകടനം ഉണ്ടായില്ല എന്നത് എടുത്തു പറയട്ടെ!
ഊര്‍ജകണങ്ങള്‍ കൊരുത്ത പ്രകാശധാര
മുക്കാല്‍ നൂറ്റാണ്ടു നീണ്ട സംഭവബഹുലജീവിതത്തെ രണ്ടു മണിക്കൂറിന്റെ നിമിഷക്കണക്കുകളിലേക്ക് ചുരുക്കി അവതരിപ്പിക്കുന്നതിനാല്‍ രംഗങ്ങള്‍ ഒന്നിനു പിറകേ ഒന്നായി അതീവ ചടുലതയോടെ അരങ്ങ് നിറഞ്ഞൊഴിഞ്ഞുകൊണ്ടേയിരുന്നു. ചെറിയ ചെറിയ കഥാഖണ്ഡങ്ങളുടെ ഊര്‍ജകണങ്ങള്‍ കൊരുത്ത ഒരു പ്രകാശധാര. മുത്തുകള്‍ ചേര്‍ത്തു കൊരുത്തതു പോലെ ഇണക്കിയ ഈ രംഗപാഠത്തില്‍ ടക്..ടക്..ടക്... എന്ന് ആഖ്യാനഖണ്ഡങ്ങള്‍ വന്നുപോകുന്നു. അതുകൊണ്ടുതന്നെ ഉദ്വേഗം ചോരാതെ ഓരോനിമിഷവും നാടകം പൊന്തി നിന്നു. യാഥാര്‍ഥ്യത്തില്‍ ഒരു സൂപ്പര്‍ ഹീറോ ആയിരുന്ന നായകനെയാണല്ലോ നാടകത്തില്‍ അവതരിപ്പിക്കുന്നത്.

നാടകം നടക്കുന്ന ഇടത്തും നാടകപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ഉള്ളിലും പണ്ടേ തന്നെ സൂപ്പര്‍ഹീറോ ആണ് നായകന്‍. അതുകൊണ്ടു തന്നെ നായകനെ സൂപ്പര്‍ഹീറോ ആക്കാന്‍ വേണ്ട ലൊടുക്കു വിദ്യകളൊന്നും നാടകത്തില്‍ ആവശ്യമേയല്ല. എങ്ങനെയാണ് സ്ഥാപകന് ആ നായകത്വം കൈവന്നത് എന്ന് വൈകാരിക ലയത്തോടെ അവതരിപ്പിക്കുകയേ വേണ്ടൂ. കൃത്യമായ ആ തിരിച്ചറിവില്‍ ഒരുക്കിയതാണ് രംഗപാഠം. വലിയ സ്റ്റേജ് ഒരുക്കങ്ങളോ രംഗപടങ്ങളോ മറ്റ് അനുസാരികളോ ഉപയോഗിക്കാതെ തന്നെ നാടകം ഹൃദയത്തില്‍ തൊടുന്ന ഒരനുഭവമായത് അതുകൊണ്ടു കൂടിയാവാം. രംഗപാഠം നന്നായാല്‍ രംഗപടം വേറെയെന്തിന്!
കേരളീയ നവോത്ഥാന നായകരിലൊരാള്‍
1921-ലെ മലബാര്‍ ലഹളകളുടെ കാലത്ത് പ്രായേണ കലാപമുക്തമായിരുന്നു കോട്ടയ്ക്കല്‍ പ്രദേശങ്ങള്‍. മുഖ്യമായും പി.എസ്.വാരിയരുടെ ഇടപെടലുകളാണ് ആ പ്രദേശത്തെ സമാധാനം നിലനിര്‍ത്തിയിരുന്നത്. എല്ലാ വിഭാഗം ചരിത്രരചയിതാക്കളും ഒരു പോലെ അംഗീകരിക്കുന്നതാണ് അക്കാര്യം. കലാപകാലത്ത് പി.എസ്. വാരിയര്‍ക്ക് ഒരൊറ്റ രാഷ്ട്രീയമേ ഉണ്ടായിരുന്നുള്ളൂ. ദുരിതമനുഭവിക്കുന്ന മനുഷ്യരോടുള്ള സഹാനുഭൂതിയുടെ രാഷ്ട്രീയം. അതീവജാഗ്രതയോടെയാണ് നാടകത്തില്‍ ഈ രംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. എത്രമേല്‍ ജാഗ്രതപ്പെട്ടാലും അപകടരഹിതമായി കടന്നുപോകാന്‍ കഴിയാത്തതാണല്ലോ മലബാര്‍ കലാപത്തിന്റെ ഏതുതരം ആവിഷ്‌കാരവും. കലാപകാലത്തെ അതിസങ്കീര്‍ണമായ സാമൂഹിക രാഷ്ട്രീയഅവസ്ഥകളിലേക്ക് നൂണ്ടിറങ്ങാനാവും വിധമുള്ള അംശഘടകങ്ങള്‍ നാടകരംഗത്തില്‍ ഭദ്രസൂക്ഷ്മതയോടെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു പറയാം.
അക്കാലത്തെ ബ്രിട്ടീഷ് ഭരണത്തോട് പി.എസ്.വാരിയര്‍ അഭിമുഖം വരുന്ന ഒരേയൊരു സന്ദര്‍ഭം ഇതു മാത്രമാണ് നാടകത്തില്‍. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലബാറില്‍ സജീവമായിരുന്ന ദേശീയപ്രസ്ഥാനത്തോടും സമരങ്ങളോടും അദ്ദേഹം പുലര്‍ത്തിയിരുന്ന കാഴ്ചപ്പാട് എന്തായിരുന്നു എന്നതിലേക്ക് ചില പാളിനോട്ടങ്ങളാകുന്നുണ്ട് നാടകരംഗങ്ങള്‍. അത് അതീവപ്രാധാന്യമുള്ളതാണ്. കേരളീയ നവോത്ഥാനനായകരിലൊരാള്‍ എന്ന നിലയില്‍ പി.എസ്. വാരിയരെ സ്ഥാനപ്പെടുത്തുകയാണ് നാടകം എന്നതിനാല്‍ പ്രത്യേകിച്ചും. ബ്രിട്ടീഷ് ഭരണകൂടം പി.എസ്. വാരിയര്‍ക്ക് വൈദ്യരത്‌നം എന്ന ബഹുമതി നല്‍കിയത് നാടകത്തില്‍ അവതരിപ്പിച്ചിട്ടില്ല!
സാഹോദര്യം എന്ന മൂല്യം
ജാതിക്കും മതത്തിനും ദേശകാലങ്ങള്‍ക്കും അപ്പുറത്ത് തനിക്കു മുന്നില്‍ ജീവിക്കുന്ന മനുഷ്യരോടുള്ള സാഹോദര്യം എന്നത് വൈദ്യര്‍ക്ക് ആത്മാവിലുറയുന്ന മാനവികരാഷ്ട്രീയമായിരിക്കണം. സഹജമായ ആ സാഹോദര്യ ബോധ്യത്തിലാണ് ജാതിമതഭേദമെന്യേ ഏവര്‍ക്കും ആരാധന നടത്തുന്നതിനായി അദ്ദേഹം വിശ്വംഭര ക്ഷേത്രം നിര്‍മിച്ചത്. ദൈവങ്ങളെയും ആരാധനാലയങ്ങളെയും നിര്‍മിക്കുന്നത് മനുഷ്യനാണ് എന്ന ആന്തരിക ബോധ്യവും സാഹോദര്യ ബോധവും ഒക്കെയാവാം അങ്ങനെയൊരു ക്ഷേത്ര സങ്കല്പത്തിലേക്ക് അദ്ദേഹത്തെ നയിച്ചതും.
1930-കളിലാണ് ജാതി മത ഭേദമില്ലാതെ ഒരു ക്ഷേത്രം സ്ഥാപിക്കുന്നത് എന്ന് ഓര്‍ക്കണം. പുറംപടിയില്‍ നിന്ന് അകംപടിയോളം ജാതിഭേദം ഒഴിവാക്കിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന ചില ക്ഷേത്രങ്ങളിലൊഴികെ മതഭേദം ഭദ്രമാണല്ലോ കേരളത്തില്‍. ജാതി, മത, ലിംഗ ഭേദങ്ങളൊന്നുമില്ലാത്ത ആരാധനാലയം എന്ന പരികല്പന കേരളീയ നവോത്ഥാന മുന്നേറ്റങ്ങളിലെ നാഴികക്കല്ലുകളിലൊന്നാണെന്ന് നമുക്കറിയാം. ഒരു നവോത്ഥാന നായകന്‍ എന്ന നിലയില്‍ കൃത്യമായും കണിശമായും വൈദ്യരത്‌നം പി.എസ്. വാരിയരെ അടയാളപ്പെടുത്തുന്നതാണ് സ്ഥാപകന്‍ നാടകം.
അറിവിന്റെ ജനാധിപത്യവത്കരണം
1917-ല്‍ കോഴിക്കോട്ട് ആധുനിക രീതിയിലുള്ള ഒരു ആയുര്‍വേദ പാഠശാല സ്ഥാപിച്ചത് ആയുര്‍വേദമെന്ന വിജ്ഞാനശാഖയുടെ തന്നെ പുനരുജ്ജീവനത്തിനാണ് വഴിയൊരുക്കിയത്. പാരമ്പര്യ വഴിക്കുള്ള വൈദ്യപഠനം മാത്രം നടന്നിരുന്ന ഒരു കാലത്തും സ്ഥലത്തുമാണ് വൈദ്യവിജ്ഞാനത്തെ ജനാധിപത്യവത്കരിക്കുകയും മതേതരമാക്കുകയും ആധുനികീകരിക്കുകയും ചെയ്ത പാഠശാല നിലവില്‍ വന്നത്. പിന്നീട് 1924-ല്‍ പാഠശാല ആയുര്‍വേദ കോളേജായി കോട്ടക്കലേക്ക് മാറി. ഇന്ന് നൂറ്റാണ്ടു പിന്നിട്ട ഈ വൈദ്യകലാലയം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആയുര്‍വേദ കോളേജുകളിലൊന്നാണ്.
ചികിത്സയില്‍ ജനാധിപത്യപരവും മതേതരവുമായ കാഴ്ചപ്പാട് പുലര്‍ത്തുന്നതിനെക്കാള്‍ വളരെയേറെ ദൂരവ്യാപകപ്രാധാന്യമുള്ളതാണ് ചികില്‍സാജ്ഞാനത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പാഠശാല. അറിവിന്റെ പാരമ്പര്യാധീശത്വങ്ങളെ ആകെ തകര്‍ക്കുന്ന ഒരുതരം വിധ്വംസകമൂല്യമുള്ളതുമാണ്. ഓരോ രോഗിക്കും കഷായൗഷധങ്ങളൊക്കെ അപ്പപ്പോള്‍ തയ്യാറാക്കുന്ന സമ്പ്രദായങ്ങള്‍ക്കു പകരം കുപ്പിമരുന്നുകള്‍ ഏര്‍പ്പെടുത്തിയതിലൂടെ അറിവിന്റെ പാരമ്പര്യമൂല്യങ്ങളെ തകര്‍ത്ത് പാശ്ചാത്യ വ്യാവസായിക ആധുനികതയോട് അഭിമുഖമായി നിര്‍ത്തിയപ്പോളും പാരമ്പര്യമഹിമകളോട് ഇതേ വിധ്വംസകമൂല്യത്തോടെയാണ് സ്ഥാപകന്‍ ഇടപെട്ടതെന്നു കാണാം. ചില സംഭാഷണങ്ങളിലൂടെയും ചെറുസൂചനകളിലൂടെയും ഈ മൂല്യബോധം നാടകം വെളിപ്പെടുത്തുന്നുണ്ട്.
കലയുടെ നാടകീയ ലാവണ്യം
കലാപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള വാരിയരുടെ പരിശ്രമങ്ങളുടെ ചിത്രീകരണമാണ് ഏറ്റവും നാടകീയലാവണ്യം പകരുന്ന രംഗങ്ങളായി അനുഭവപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം കേരളത്തില്‍ സംഗീതനാടകങ്ങളുടെ കാലമായിരുന്നുവല്ലോ. മൂന്നു നാലു ദശകങ്ങളോളം കേരളത്തിലെ വലിയ ജനപ്രിയ ആവിഷ്‌കാരങ്ങളിലൊന്ന് സംഗീത നാടകങ്ങളായിരുന്നു. പ്രഹ്ലാദചരിതവും സംഗീത ശാകുന്തളവും ഉള്‍പ്പെടെ നാല്പതോളം സംഗീതനാടകങ്ങള്‍ എഴുതുകയും അരങ്ങുകളിലെത്തുകയും ചെയ്ത നാടകപ്രവര്‍ത്തകന്‍ കൂടിയാണ് പി.എസ്. വാരിയര്‍. നാടകത്തിനുള്ളിലെ നാടകമായി സംഗീത ശാകുന്തളവും പ്രഹ്‌ളാദചരിതവും അവതരിപ്പിച്ചത് അങ്ങേയറ്റം ഹൃദ്യമായി.
നാടകത്തിന്റെ ഹൃദയസ്പന്ദനമറിയാനും ആ മിടിപ്പ് പ്രേക്ഷകരിലേക്കു പകരാനുമുള്ള സംവിധായകന്റെ ശേഷി വെളിവാക്കുന്നതായി ഈ രംഗങ്ങള്‍. സിനിമ ഉള്‍പ്പെടെയുള്ള പുതിയ കലാരൂപങ്ങള്‍ വരുന്നതോടെ സംഗീതനാടകങ്ങള്‍ക്ക് അരങ്ങുകള്‍ ഇല്ലാതാവുന്നതും വയോധികരുടെ മാത്രം താത്പര്യകലയായി അവ മാറുന്നതും ഭംഗിയായി അവതരിപ്പിച്ചു. തികഞ്ഞ നാടകീയ ഭംഗിയോടെയും വൈകാരിക ഭദ്രതയോടെയുമാണ് പരമശിവവിലാസം നാടകക്കമ്പനിയുടെ അവസാനം അവതരിപ്പിച്ചത്. നിന്ന നില്പില്‍ എന്നോണം നാടകക്കമ്പനിയെ കഥകളി സംഘമായി പരിവര്‍ത്തിപ്പിക്കുകയാണ് പി.എസ്. വാരിയര്‍.
പരമശിവവിലാസം നാടകക്കമ്പനി അങ്ങനെ പി.എസ്.വി. നാട്യസംഘമായി മാറി. ജീവശരീരത്തില്‍ നിന്ന് നാഡിമിടിപ്പു തൊട്ടറിഞ്ഞ് ചികിത്സ നിശ്ചയിക്കുന്ന വൈദ്യന്റെ സവിശേഷ പ്രാഗല്ഭ്യം പി.എസ്. വാരിയര്‍ പ്രകടിപ്പിച്ചത് മനുഷ്യരെ ചികില്‍സിക്കുന്നതില്‍ മാത്രമായിരുന്നില്ല. സമൂഹത്തിന്റെയും കാലത്തിന്റെയും നാഡീസ്പന്ദനം തൊട്ടറിയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനനുസരിച്ച് സ്വയം പരുവപ്പെടാനും പരിവര്‍ത്തിപ്പിക്കാനും. കലാപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പ്രത്യേക മികവോടെ അത് സാധ്യമായി. അതുകൊണ്ടാണ് സംഗീതനാടകങ്ങളുടെ കാലം കഴിഞ്ഞെന്നു മനസ്സിലാക്കാനും ശരിയായ സമയത്തു തന്നെ നാടകക്കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്യസംഘം തുടങ്ങാനും കഴിഞ്ഞത്. കേരള കലാമണ്ഡലം തുടങ്ങി ഒരു ദശകം എത്തും മുമ്പ്, 1939-ല്‍ പി.എസ്.വി. നാട്യസംഘത്തിനു തിരിതെളിഞ്ഞു. നാടകക്കമ്പനിയുടെ കര്‍ട്ടന്‍ പൊലിഞ്ഞു വീഴുന്നതും അവിടെ കഥകളിത്തിരശ്ശീല തിരനോട്ടം നടത്തുന്നതുമായ രംഗാവിഷ്‌കാരങ്ങള്‍ അത്യന്തം വൈകാരിക ചാരുതയുറ്റതും നാടകീയ ഭംഗി നിറഞ്ഞതുമായി. ഉജ്വലമായ അവതരണം.
പ്രതിബദ്ധത വെളിപ്പെടുത്തുന്ന പ്രമാണം
പാരമ്പര്യങ്ങളുടെ ലാവണ്യാംശങ്ങളെ ഉള്‍ക്കൊള്ളുകയും നേരത്തേ പറഞ്ഞ വിധ്വംസക മൂല്യങ്ങളോടെ അവയെ പുതുക്കുകയോ പൊളിച്ചു പണിയുകയോ ചെയ്യുകയുമാണ് പി.എസ്.വാരിയര്‍ ചെയ്തത്. തായ് വേരുകളില്‍ ഊന്നിയുറച്ച് ലോകത്തോടും കാലത്തോടും അഭിമുഖം നിന്ന ആ മഹിതപ്രതിഭയുടെ ആത്മബോധത്തിനും കാലദൂരങ്ങളെ കടന്നുകാണുന്ന കാഴ്ചപ്പാടിനും സാക്ഷ്യം പറയുന്നതാണ് അദ്ദേഹത്തിന്റെ ഒസ്യത്ത്. ജനാധിപത്യമൂല്യങ്ങളോടും ചുറ്റുമുള്ള മനുഷ്യസമൂഹത്തോടും കലാസപര്യയോടുമുള്ള പ്രതിബദ്ധത എത്രമേല്‍ ആഴമാര്‍ന്നതെന്ന് വെളിപ്പെടുത്തുന്ന പ്രമാണം.

വ്യവസായം, ലാഭം, ഉത്പാദന ബന്ധങ്ങള്‍, മാനേജ്‌മെന്റ്, സാമൂഹ്യപ്രതിബദ്ധത, ജ്ഞാനവ്യാപനം, ജ്ഞാനോത്പാദനം തുടങ്ങി ഏതെല്ലാം മേഖലകളിലേക്കു കടന്നുനിറയുന്നതാണ് അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി എന്നു ബോധ്യപ്പെടുത്തുന്ന ആ ഒസ്യത്തിലെ കാഴ്ചപ്പാട് ഗ്രന്ഥീര്‍ഘമായ ഒരു വിവരണം തന്നെ അര്‍ഹിക്കുന്നുണ്ട്. ആ പ്രാധാന്യം വെളിപ്പെടുത്തും വിധം തിളക്കത്തോടെ തന്നെ അവതരിപ്പിക്കുന്നുണ്ട് നാടകത്തില്‍ ആ ഒസ്യത്തിനെ.
മഹാമനുഷ്യന്റെ ഘനമൗനം
സ്വച്ഛന്ദമൃത്യുവായ പി.എസ്. വാരിയരെയാണ് നാടകാന്ത്യത്തില്‍ അവതരിപ്പിക്കുന്നത്. മനുഷ്യവംശത്തെയാകെ ഭയസംഭ്രമങ്ങളിലാക്കിയ രണ്ടാംലോകമഹായുദ്ധത്തിന്റെ ആകുലതകള്‍ ഉള്ളിലേറ്റിയ ഒരു ലോകമനുഷ്യനെ. മരണത്തിന്റെ വിഹ്വലതകളിലാണ്ട ഒരു ആധുനിക നാട്ടുമനുഷ്യനെ. സ്വയം കൊളുത്തിയ ദീപത്തിന്റെ ഭദ്രപ്രകാശത്തില്‍ സ്വച്ഛന്ദം ശയിക്കുന്ന ആ മഹാമനുഷ്യന്റെ ഘനമൗനത്തില്‍ നാടകം വിലയം പ്രാപിക്കുന്നു. പാരമ്പര്യത്തിന്റെ നാട്ടുമൂല്യങ്ങളില്‍ ഒറ്റമുണ്ടും ഉത്തരീയവുമായി ഉത്തുംഗം നിലകൊള്ളുന്ന നാട്ടുകാരണവരായും, തലപ്പാവും മേലാപ്പുമായി നവീനലോകത്തിന്റെ പകിട്ടാര്‍ന്ന ഗരിമകളോട് അഭിമുഖം നില്‍ക്കുന്ന പ്രഭുവായും, രണ്ടു മട്ടിലുള്ള ആ പ്രതിമകളുടെ രൂപകത്തിലാണ് നാടകം വേദിക്ക് പുറത്തേക്കുമെത്തി പൂര്‍ണമാകുന്നത്.
പ്രതിഷ്ഠാനാടകം!
പി.എസ്. വാരിയരുടെ ജീവചരിത്രത്തിന് ഒരു നാടകരൂപം എന്നതിനപ്പുറം ചരിത്രത്തില്‍ പി.എസ്. വാരിയരെ പുനപ്രതിഷ്ഠിക്കുന്ന മഹിമയാര്‍ന്ന ഉദ്യമമായി സ്ഥാപകന്‍ നാടകം. ഭാസന്റെ പ്രതിമാനാടകത്തിന്റെ ഓര്‍മയുണര്‍ത്തുന്ന കൗതുകത്തില്‍ പറഞ്ഞാല്‍ പ്രതിഷ്ഠാനാടകം! നാടകാവതരണത്തിനു ശേഷം രചയിതാവും സാംസ്‌കാരിക നിരൂപകനുമായ ഇ.പി. രാജഗോപാലന്‍ പറഞ്ഞതും പി.എസ്. വാരിയര്‍ എന്ന കേരളീയ നവോത്ഥാന നായകനെ ഇനിയും നാം അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു എന്നാണ്.
നവോത്ഥാനനായകരെ നിര്‍ണയിക്കുന്ന ഇടതുമൂല്യങ്ങള്‍ വ്യവസായിയും സംരംഭകനുമായ പി.എസ്. വാരിയരെ മാറ്റി നിര്‍ത്തിയതായിരിക്കുമോ! നാടകം തുടങ്ങിയിട്ടേയുള്ളൂ. കോട്ടക്കലെ വേദിയില്‍ തിരശ്ശീല ഉണ്ടായിരുന്നില്ല. പി.എസ്. വാരിയര്‍ തുടങ്ങിയ ധര്‍മാശുപത്രിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഈ നാടകം കേരളീയ സാംസ്‌കാരിക ലോകത്ത് അദ്ദേഹത്തിന്റെ ഒരു പുനഃസ്ഥാപനമായി മാറാന്‍ പോന്ന സര്‍ഗാഭയും പ്രതിഭാബലവുമുള്ളതാണ്. പുതിയ പ്രതിമകള്‍ സ്ഥാപിതമാകട്ടെ!





Content Highlights: About 'Sthapakan' a theatrical biography of P.S. Variyer
Published: 27 Mar 2025, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented