പത്തനംതിട്ട: തട്ട ഭഗവതിക്കുംപടിഞ്ഞാറ് തോട്ടയ്ക്കാട് വീട്ടില്‍ സജിയും ഇടത്തിട്ട ഐക്കര വീട്ടില്‍ മനോജും ചെറുപ്പകാലംമുതല്‍ സുഹൃത്തുക്കളും നാടകാഭിനേതാക്കളുമാണ്. ഇരുവരുടെയും നാടക ജീവിതവും ഏറെ സമാനതകള്‍ നിറഞ്ഞതാണ്. ഇരുവരും സ്‌കൂള്‍ കാലഘട്ടംമുതല്‍തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു. സ്‌കൂള്‍ ജീവിതത്തിനുശേഷം 90-കളിലാണ് നാട്ടിലെ സ്വാഗത് മാതൃഭൂമി സ്റ്റഡി സര്‍ക്കിളിനൊപ്പം ചേര്‍ന്ന് സജി നാടകങ്ങളില്‍ കൂടുതല്‍ സജീവമാകുന്നത്. 1995-ല്‍ ഓച്ചിറ സരിഗ നാടകസമിതിയില്‍ചേര്‍ന്ന് പ്രൊഫഷണല്‍ നാടക രംഗത്തേക്കെത്തി. 

To advertise here,

2000-ല്‍ കെപിഎസിയുടെ മാനവീയം എന്ന നാടകത്തില്‍ അഭിനേതാവിനെ ആവശ്യമുണ്ടെന്ന് അറിഞ്ഞാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യംതന്നെ ഇരട്ട വേഷം ചെയ്തു. പിന്നെയിങ്ങോട്ട് 25 വര്‍ഷക്കാലം കെപിഎസിയിലും മറ്റ് പല നാടക വേദികളിലും മാറിമാറി പ്രവര്‍ത്തിച്ചു. 

മനോജും സ്‌കൂള്‍കാലംതൊട്ടുതന്നെ നാടകങ്ങളില്‍ സജീവമായിരുന്നു. 1992 അഖില കേരള അമച്വര്‍ നാടക മത്സരത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് വിവിധ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു. സജിയെപ്പോലെതന്നെ ഓച്ചിറ സരിഗയില്‍നിന്നാണ് കെപിഎസിയിലേക്ക് എത്തുന്നത്. 2008-ല്‍ കെപിഎസിയുടെ സൂത്രധാരന്‍ എന്ന നാടകത്തില്‍ അഭിനേതാവിനെ ആവശ്യമായി വന്നപ്പോള്‍ സജിയാണ് സുഹൃത്തായ മനോജിനെ അവിടെ എത്തിക്കുന്നത്. 

അന്നുമുതല്‍ കഴിഞ്ഞ 17 വര്‍ഷമായി മനോജ് കെപിഎസിയിലുണ്ട്. നിലവില്‍ ഒളിവിലെ ഓര്‍മകള്‍ എന്ന നാടകത്തില്‍ പരമുനായര്‍ എന്ന കഥാപാത്രത്തെ സജിയും ചേന്നന്റെ വേഷം മനോജും അവതരിപ്പിക്കുന്നു. ഒപ്പം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തില്‍ പപ്പുവിന്റെ വേഷം മനോജും മാത്യു എന്ന കഥാപാത്രത്തെ സജിയും അവതരിപ്പിക്കുന്നു.