കൂട്ടുകാർക്ക് നാടകം കാണാൻ  ഇഷ്ടമാണോ? നമ്മളില്‍ പലരും കലോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചിട്ടുമുണ്ടാവും. വളരെ പുരാതനമായ ഒരു കലാരൂപമാണ് നാടകം. നമുക്കും ഒരു നാടകം ഉണ്ടാക്കിയാലോ?
  നാടകത്തിന് ആദ്യം വേണ്ടത് ഒരു കഥയോ സംഭവമോ ആണ്. ഇഷ്ടമുള്ള കഥയോ, അല്ലെങ്കിൽ പത്രത്തിലെ വാർത്തയോ ഒക്കെ ഇതിനായി തിരഞ്ഞെടുക്കാം. ഇനി കഥയിൽനിന്ന്‌ ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കണം. കഥ വായിക്കുന്ന സമയത്ത് അതിലെ കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് ആദ്യം എഴുതിവയ്ക്കാം. പിന്നീട് കൂടുതൽ കഥാപാത്രങ്ങളുണ്ടായാൽ നന്നാകുമെന്ന് തോന്നുകയാണെങ്കിൽ കഥയ്ക്ക് ചേരുന്ന വേറേയും കഥാപാത്രങ്ങളെ കൂട്ടിച്ചേർക്കാം.         
കഥ വായിച്ച്, കഥാപാത്രങ്ങൾ പരസ്പരം സംസാരിക്കാനിടയുള്ള സംഭാഷണങ്ങളും സന്ദർഭങ്ങളും എഴുതി നാടകത്തിന്റെ സ്‌ക്രിപ്റ്റ് പൂർത്തിയാക്കാം. ഇനി കഥാപാത്രങ്ങളെ അഭിനേതാക്കൾക്ക് വീതിച്ചുനൽകണം. എല്ലാകൂട്ടുകാർക്കും അവർക്ക് ചെയ്യാൻ താത്‌പര്യമുള്ളതോ അവർക്ക് പറ്റുന്നതോ ആയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാം. ഇനി നമുക്കൊരു സംവിധായകൻ വേണം. നിങ്ങൾതന്നെ കൂട്ടത്തിൽനിന്നൊരു സംവിധായകനെ തിരഞ്ഞെടുക്കൂ.

To advertise here,

കഥയായി; ഇനി കളിതുടങ്ങാം
കഥയും തിരക്കഥയും സംഭാഷണങ്ങളും കഥാപാത്രങ്ങളും സംവിധായകനും ആയാൽ ഇനി വട്ടത്തിൽ കൂടിയിരുന്ന് സ്‌ക്രിപ്റ്റ് വായിക്കണം. നാടകമായതുകൊണ്ട് സ്ക്രിപ്റ്റിൽ കൂടുതലും സംഭാഷണങ്ങളായിരിക്കും.  ഓരോ കഥാപാത്രവും അവരുടെ ഭാഗങ്ങൾ ക്രമത്തിൽ ഒരു നാടകംപോലെ വായിച്ചുപോകണം. അങ്ങനെ സംഭാഷണം എല്ലാവരുടെയും മനസ്സിൽ ഉറച്ചുകഴിഞ്ഞാൽ പതിയെ പരിശീലനം ആരംഭിക്കാം. സംവിധായകൻ നേതൃത്വം നൽകട്ടെ. ചെറിയ ചെറിയ ഭാഗങ്ങളായി ഓരോ ദിവസവും പരിശീലനം നടത്താം. ഈ ഭാഗങ്ങൾ, ഓരോ സീനുകൾ എന്ന് നമുക്ക് പറയാം. ഓരോ ദിവസവും പരിശീലനം അഥവാ റിഹേഴ്‌സൽ നടത്തുക. എല്ലാ ഭാഗവും പൂർത്തിയായതിനുശേഷം അവ ഒരുമിച്ച് റിഹേഴ്‌സൽ നടത്തി സംഭാഷണങ്ങൾ, അഭിനയം, ശബ്ദം എല്ലാം കൃത്യമാക്കണം.
       
ഇനി കഥയ്ക്കനുസരിച്ചുള്ള സെറ്റ്, പ്രോപ്പർട്ടി, വസ്ത്രങ്ങൾ അഥവാ കോസ്റ്റ്യൂം എന്നിവ വേണം. നമ്മുടെ വീട്ടിൽനിന്നും ചുറ്റുവട്ടത്തുനിന്നും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചും മുതിർന്നവരുടെ സഹായം തേടിയും ഇവയെല്ലാം ഒരുക്കാം. 
സെറ്റ്, പ്രോപ്പർട്ടികൾ, സംഗീതം, വസ്ത്രം എല്ലാം വെച്ചുകൊണ്ട് റിഹേഴ്‌സൽ നടത്തിയശേഷം നന്നായി എന്ന് തോന്നുമ്പോൾ നമുക്ക് നമ്മുടെ വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും ഒക്കെ വിളിച്ചുചേർത്ത് നാടകം അവതരിപ്പിക്കാം.

തുടക്കം ഗ്രീസിൽ

ഒരു വിനോദ കലാരൂപം എന്നതിനും അപ്പുറത്തേക്ക് നാടകത്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയൊരു ചരിത്രമുണ്ട്. പുരാതന ഗ്രീസിൽ അവരുടെ ഇഷ്ടദൈവങ്ങളെ ആരാധിക്കുന്നതിന്റെ ഭാഗമായി, പ്രത്യേകിച്ചും ഡയനീഷ്യസ് ദേവനെ ആരാധിക്കാൻവേണ്ടി തയ്യാറാക്കിയ ഒരു കലാരൂപത്തിൽനിന്ന്‌ രൂപപ്പെട്ടുവന്നതാണ് നാടകം എന്ന് കരുതപ്പെടുന്നു. ‘കാണാനുള്ള സ്ഥലം’ എന്നർഥമുള്ള ഗ്രീക്ക് പദത്തിൽനിന്നാണ് ‘തിയേറ്റർ’ എന്ന വാക്ക് ഉദ്‌ഭവിച്ചത്.     
1000 ബിസിയിൽ ആതൻസിൽ പുരാതന ഗ്രീക്ക് നാടകങ്ങൾ ആരംഭിച്ചു. സങ്കടകരമായ കഥകളും രസകരമായ കഥകളും ദൈവപ്രീതിക്കായുള്ള അവതരണങ്ങളും കുന്നിൻചരിവുകൾ അർധവൃത്താകൃതിയിൽ വെട്ടിനിരപ്പാക്കി ഇരിപ്പിടങ്ങൾ ഒരുക്കി നിരന്തരം അവതരിപ്പിച്ചു. തെസ്പിസ് എന്ന വ്യക്തിയെ ആദ്യത്തെ നാടകകൃത്തും നടനുമായി കണക്കാക്കുന്നു. 
     753 BC - AD 476  കാലഘട്ടത്തിൽ റോമാക്കാർ ഗ്രീക്ക് നാടകപാരമ്പര്യം പിന്തുടർന്ന് പുരാതന റോമൻ തിയേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തു. മധ്യകാലഘട്ടത്തിൽ (900-1500) നാടകം മിക്കവാറും അപ്രത്യക്ഷമായെങ്കിലും നവോത്ഥാന കാലഘട്ടത്തിൽ ഒന്നാം എലിസബത്ത് രാജ്ഞി (1558-1603) യുടെ കീഴിൽ ഇംഗ്ലണ്ടിൽ നാടകം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. വില്യം ഷെയ്ക്‌സ്പിയറിനെപ്പോലുള്ള പ്രശസ്ത നാടകകൃത്തുക്കൾ കാലാതീതമായ 

 

ലോക നാടകദിനം എന്തിന്? 

നാടകം സാംസ്കാരികവും സാമൂഹികവുമായ വികസനത്തിന് എങ്ങനെ സഹായിക്കുന്നു എന്നു മനസ്സിലാക്കുന്നതിനുള്ള ഒരു പ്രത്യേക ദിവസമാണിത്. 1962-ൽ ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ആണ്  ലോക നാടകദിനം ആരംഭിച്ചത്. 
എല്ലാവർഷവും ഒരു പ്രശസ്ത നാടകകലാകാരൻ നാടകത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും ഒരു പ്രത്യേകസന്ദേശം ലോകത്തോട് പങ്കുവയ്ക്കുന്നു. 1962-ൽ ജീൻ കോക്ടിയുവാണ് ആദ്യത്തെ സന്ദേശം നൽകിയത്. ഈ സന്ദേശം 50-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ അച്ചടിക്കുകയും ചെയ്തു. 
മാർച്ച് 27 മുതൽ 30 വരെ ബ്രസീലിലെ റിയോ ഡി ജനൈറോയിൽ ആണ് ഈ വർഷത്തെ ലോകനാടകദിനത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുക. തിയേറ്റർ ഡയറക്ടർ, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ തിയോഡോറോസ് ടെർസോപൗലോസ് ആണ് ഈ വർഷത്തെ ലോക നാടകദിനസന്ദേശം നൽകുന്നത്.