ട്രാൻസ്ജൻഡർ എന്ന പദത്തിന് തത്തുല്യമലയാളം എന്തു നൽകും എന്ന ചർച്ച കനക്കുമ്പോൾ സാംസ്കാരിക-സാഹിത്യമേഖലകളിലെ നിരവധിയാളുകളുടെ പ്രതികരണങ്ങളാണ് ലഭിച്ചത്. ട്രാൻസ്ജൻഡർ എന്ന ഇംഗ്ളീഷ് പദം നമ്മൾ അതേപടി ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ തത്തുല്യ മലയാളപദം ഇന്നേവരെ കണ്ടെത്താൻ കഴിയാത്തത് മലയാളഭാഷയുടെ പോരായ്മയായി ഒരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്ജൻഡർ കവയിത്രിയായ വിജയരാജ മല്ലിക മുന്നോട്ടു വച്ച 'സഹജർ' എന്ന പദത്തോട് ധാരാളമാളുകൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയുണ്ടായി. അതേസമയം പുരുഷനെയും സ്ത്രീയെയും യഥാക്രമം അഭിസംബോധന ചെയ്യുന്ന ശ്രീ, ശ്രീമതി എന്നീ പദങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ട്രാൻസ്ജൻഡറിനെയും ഉൾപ്പെടുത്തി 'ബഹുമാനപ്പെട്ട' എന്ന പദത്താൽ അഭിസംബോധന ചെയ്താൽ മതിയെന്നുമാണ് കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ഡോ. വി. കാർത്തികേയൻ നായർ അഭിപ്രായപ്പെടുന്നത്.

To advertise here,
placeholder
ഗ്രാഫിക്സ്: ഷമീഷ് കാവുങ്ങൽ

സമൂഹമാധ്യമങ്ങളിലൂടെ നിരവധിയാളുകൾ പ്രതികരണമറിയിച്ചുകൊണ്ടേയിരിക്കുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ്, ഫെയ്സ്ബുക്ക്, മാതൃഭൂമിഡോട് കോം വെബ്സൈറ്റ്, ഇമെയിൽ തുടങ്ങിയവയിലൂടെ പ്രതികരണമറിച്ചവരിൽ നാല്പത്തഞ്ച് ശതമാനം പേർ നിർദ്ദേശിക്കുന്നത് ട്രാൻസ്ജൻഡർ എന്ന പദത്തിനു തത്തുല്യമായ മലയാളപദം നിർദ്ദേശിക്കേണ്ടത് അതേ വിഭാഗത്തിലുള്ളവർതന്നെയാണ് എന്നാണ്. അവർക്കിടയിൽ അധ്യാപകരും വിദ്യാർഥികളും കലാ-സാംസ്കാരിക പ്രവർത്തകരും ഉണ്ടെന്നിരിക്കേ കൂട്ടായ തീരുമാനത്തിലൂടെ തങ്ങളെ എന്തുപേര് വിളിച്ച് അഭിസംബോധന ചെയ്യണം എന്ന് അവർക്ക് നിർദ്ദേശിക്കാവുന്നതാണ് എന്ന അഭിപ്രായക്കാരാണ് കൂടുതൽ.

Read More: ട്രാന്‍സ്ജന്‍ഡറിന് നമ്മളെന്ത് മലയാളം നല്‍കി? ഒരു തുറന്ന ചര്‍ച്ച.

മുപ്പത് ശതമാനം പേർ 'ട്രാൻസ്ജൻഡർ' എന്നു തന്നെ വിളിച്ചാൽ പോരേ എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ഡോ.വി. കാർത്തികേയൻ നായരുടെ നിരീക്ഷണമാണ്-പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളപാണിനീയം രചിക്കപ്പെടുമ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പേരായ രണ്ട് ലിംഗങ്ങൾ മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുള്ളൂ. ആയതിനാൽ അവരെ ശ്രീമതി എന്നും ശ്രീ എന്നും യഥാക്രമം അഭിസംബോധന ചെയ്തു. ട്രാൻസ്ജൻഡർ എന്നത് പാശ്ചാത്യചിന്തയിൽ നിന്നുയിർകൊണ്ടതാണ്. അതിനാൽ തത്തുല്യമലയാളപദം വിഷമകരമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യർ, മനിതർ, മനുജർ, തുല്യ,വിശ്വപ്രഭ,അർധനാരി,നാരീനരൻ, നേർദൈവം, സ്ത്രീമാൻ, അനന്യലിംഗർ, സമലിംഗർ, പരിവർത്തകർ,ഷീമാൻ,ബഹുലിംഗർ, ഭിന്നലിംഗർ, പുസ്ത്രീ, വരദാനം, ഫിമ തുടങ്ങിയ പദങ്ങൾ നിർദ്ദേശിച്ചവരും കുറവല്ല. പത്തുശതമാനമാളുകൾ അത്തരത്തിൽ പുതുവാക്കുകളെ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് ചർച്ചയിൽ സജീവമായിരിക്കുന്നു.

Read More: ട്രാന്‍സ്ജന്‍ഡറിന് തുല്യമലയാളം എന്തു നല്‍കും? പ്രമുഖര്‍ പ്രതികരിക്കുന്നു

ശിഖണ്ഡി, നപുംസകം, ഹിജഡ, തുടങ്ങിയ പദങ്ങൾക്ക് സാംസ്കാരിക കേരളത്തിൽ യാതൊരു കോട്ടമോ പുരോഗതിയോ സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മറ്റൊരു പത്തുശതമാനം പേരുടെ പ്രതികരണം.

ട്രാൻസ്ജൻഡർ എന്ന പദത്തിന് തത്തുല്യപദം നിർദ്ദേശിക്കാനും അഭിപ്രായങ്ങൾ എഴുതാനുമുള്ള അവസരത്തെ അങ്ങേയറ്റം ആക്ഷേപാർഥത്തിൽ കാണുകയും തികച്ചും പരിഹാസ്യമായ രീതിയിൽ പ്രതികരണം നടത്തിയവരുമായിരുന്നു ശേഷിക്കുന്ന അഞ്ച് ശതമാനം പേർ. ട്രാൻസ്ജൻഡർ സമൂഹത്തെ തങ്ങളുടെ ജീവിതത്തിന്റയോ സമൂഹത്തിന്റെയോ ഭാഗമായി പരിഗണിക്കാനുള്ള ഇക്കൂട്ടരുടെ വൈമനസ്യവും ഈ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

Content Highlights: Viswaprabha ,Manithar, Thulyar Responses of an open discussion on finding out apt word for Transgender in Malayalam