മുപ്പതിലേറെ വർഷം ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ, കറുത്ത ചട്ടയുള്ള ഒരു ഡയറിയിൽ ചെറിയ, ചരിഞ്ഞ അക്ഷരങ്ങളിൽ സ്വകാര്യ കുറിപ്പുകൾ എഴുതിക്കൊണ്ടിരുന്നു. താൻ കണ്ട മനുഷ്യർ, തന്റെ ഭയങ്ങൾ, പിഴവുകൾ, പിന്നെ പിശാചുമായുണ്ടായ കണ്ടുമുട്ടലുകളെന്ന് താൻ വിശ്വസിച്ച അനുഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അതിൽ കുറിച്ചു. ആ കുറിപ്പുകളാണ് ഇപ്പോൾ 'ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്' എന്ന പേരിൽ ഇന്ന് അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിൽ പുറത്തിറങ്ങിയത്.

To advertise here,

1960-കൾക്കുശേഷം ഒരു മാർപാപ്പയുടെ ഡയറി പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായാണ്. 12 വർഷം കത്തോലിക്കാ സഭയെ നയിച്ച ഫ്രാൻസിസ് മാർപാപ്പ 2025 ഏപ്രിലിൽ 88-ാം വയസ്സിൽ അന്തരിച്ചു. 1992 മുതൽ 2024 വരെയുള്ള കാലയളവിലെ ഡയറിക്കുറിപ്പുകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

‘പിശാചിനെ മൂന്നുവട്ടം കണ്ടു’
ഡയറിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങൾ പിശാചിനെക്കുറിച്ചുള്ളവയാണ്. 2021-ലെ ഒരു കുറിപ്പിൽ മൂന്നുതവണ ചെകുത്താനെ ദർശിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യത്തേത് ഒരു കാർ യാത്രയിലായിരുന്നു. രണ്ടാമത്തേത് ഒരു കുർബാനയ്ക്കിടെ ഗായകസംഘത്തിന് മുകളിൽ നിലയുറപ്പിച്ച നിലയിലും  മൂന്നാമത്തേത് വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തിനിടെയുമായിരുന്നു. റോമൻ കൂരിയയുടെ ഭരണവുമായി ബന്ധപ്പെട്ട ചില സന്ദർഭങ്ങളിലും പിശാചിന്റെ സാന്നിധ്യം മാർപാപ്പ അനുഭവിച്ചതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പിശാചിന്റെ "ഭീഷണിപ്പെടുത്തുന്ന" കണ്ണുകൾ തനിക്ക് മറക്കാനാവില്ലെന്ന് ഫ്രാൻസിസ് എഴുതി. ആ ശബ്ദവും ഓർമയിൽനിന്ന് മായുന്നില്ല. അതിന്റെ "ശക്തമായ പരുപരുപ്പിനെ"ക്കുറിച്ച് അദ്ദേഹം കുറിച്ചു. എല്ലാം കീഴടക്കിയ ഒരു വിജയിയുടേതുപോലുള്ള ശബ്ദമായാണ് അത് തനിക്ക് തോന്നിയതെന്നും അദ്ദേഹം എഴുതി.

തന്റെ ചില യാത്രകളിലും പിശാച് കടന്നുകയറിയെന്ന് മാർപാപ്പ എഴുതുന്നു. ക്രൈസ്തവ പുരോഹിതർ ഉൾപ്പെട്ട ലൈംഗിക പീഡന വിവാദത്തിനിടെ നടത്തിയ 2018-ലെ ചിലി സന്ദർശന സമയത്താണ് അതിലൊന്ന്. റോമിൽ മടങ്ങിയെത്തി ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു യോഗത്തിലാണ് അടുത്തത്. എങ്കിലും ചെകുത്താനുമായുള്ള കണ്ടുമുട്ടലുകളുടെ ആഘാതത്തിൽനിന്ന് സ്വയം മോചിതനാകാൻ കർത്താവ് അവസരം നൽകിയെന്ന് ഫ്രാൻസിസ് എഴുതി.

"നരകത്തിന്റെ കവാടങ്ങൾ" കണ്ടതിന്റെ വിവരണവും ഡയറിയിലുണ്ട്. 2018 ജൂണിലെ ഒരു രാത്രി ഉറങ്ങാനൊരുങ്ങുമ്പോൾ നരകത്തിലേക്കുള്ള പ്രവേശനകവാടം കണ്ടതായി ഫ്രാൻസിസ് എഴുതി. "അത് എന്നെ ഭയപ്പെടുത്തി" എന്നു കുറിച്ച അദ്ദേഹം "ജപമാലയെ ആയുധമായി എടുത്തു" എന്നും പറയുന്നു.

ഭയം തുറന്നെഴുതിയ മാർപാപ്പ

ലോകത്തിലെ ഏറ്റവുംവലിയ ക്രിസ്തീയ സഭയുടെ അധിപനായിരിക്കുമ്പോഴും സ്വയം സംശയിച്ച ഒരു മനുഷ്യൻ എന്ന നിലയിലാണ് ഫ്രാൻസിസ് മാർപാപ്പയെ പുസ്തകം കാണിക്കുന്നത്. "എനിക്കു ഭയമാണ്" എന്ന് ഫ്രാൻസിസ് തുറന്നെഴുതിയതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റെടുത്ത ചുമതലയ്ക്കു തക്ക കഴിവ് തനിക്കില്ലെന്നും താൻ മറ്റുള്ളവർക്ക് ദോഷം വരുത്തിയേക്കുമെന്നും അദ്ദേഹം ഭയന്നു.

ജീവിതത്തിലെ വലിയ വഴിത്തിരിവുകളും ഡയറിയിൽ കടന്നുവരുന്നു. 2013 ഫെബ്രുവരി 12-ലെ കുറിപ്പ് ഇങ്ങനെ: "ഇന്നലെ മാർപാപ്പ രാജിവച്ചു." 2013 ജൂലൈ 21-ന് അദ്ദേഹം എഴുതി: "മാർച്ച് 13-ന് അവർ എന്നെ മാർപാപ്പയായി തിരഞ്ഞെടുത്തു."

ചിലിയിലെ ഒരു വൈദികൻ നടത്തിയ ലൈംഗിക പീഡനം മറച്ചുവച്ചെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിനെ പ്രതിരോധിച്ചതിന് മാർപാപ്പ വിമർശിക്കപ്പെട്ടിരുന്നു. പിന്നീട് ഫ്രാൻസിസ് മാർപാപ്പ അതിൽ മാപ്പുപറഞ്ഞു. ആ സാഹചര്യം തന്നെ "തകർത്തുകളഞ്ഞു" എന്ന് അദ്ദേഹം എഴുതി.

ഇരുണ്ട രണ്ടു വർഷങ്ങൾ

ഏറ്റവും തീവ്രമായ ഭാഗങ്ങളിലൊന്ന് തന്റെ ആത്മീയ പ്രതിസന്ധിയെക്കുറിച്ചാണ്. 2021 തുടക്കം മുതൽ 2022 വരെ, ഏകദേശം രണ്ടുവർഷം അത് നീണ്ടുനിന്നു. വരൾച്ച, ശൂന്യത, ഇരുണ്ട കാലം തുടങ്ങിയ വാക്കുകൾ ആ സമയത്തെ കുറിപ്പുകളിൽ കാണാം.

പ്രതിസന്ധി ഘട്ടങ്ങളിൽ താൻ ദൈവത്തിൽ പൂർണമായി സമർപ്പിച്ചുവെന്ന് ഫ്രാൻസിസ് മാർപാപ്പ എഴുതി. ചാപ്പലിൽ അദ്ദേഹം കർത്താവിനോട് സംസാരിച്ചു. "അവൻ പുഞ്ചിരിച്ചു" എന്നും യേശുവിന്റെ "കാരുണ്യദർശനം" അനുഭവിച്ചുവെന്നും അദ്ദേഹം കുറിച്ചു. 2019 മേയ് ഒന്നിലെ ഒരു ഭാഗവും സമാനമായ ആശ്വാസം വിവരിക്കുന്നു. കർത്താവ് തന്നെ പ്രത്യേകം സ്നേഹിക്കുന്നുവെന്ന് "ഉറപ്പോടെ" തോന്നിയെന്ന് അദ്ദേഹം പറയുന്നു. തന്നെ ചുറ്റിയ ഒരു മെത്തപോലെയായിരുന്നു അത്; തകർന്നുപോകാതെ അത് തന്നെ കാത്തു.

ലളിതമായ ഭക്തിയുള്ള ഒരു മനുഷ്യനായിട്ടാണ് ഡയറി ഫ്രാൻസിസ് മാർപാപ്പയെ അവതരിപ്പിക്കുന്നത്. ലിസ്യൂവിലെ വിശുദ്ധ തെരേസ, വിശുദ്ധ യൗസേപ്പ്, പരിശുദ്ധ മറിയം എന്നിവരിൽ അദ്ദേഹം ആശ്രയിച്ചു. മരണത്തിന് ഒരു വർഷത്തിന് മുൻപ്, തന്നെ കാക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം മറിയത്തോട് അപേക്ഷിച്ചു.

ഡയറി വെളിച്ചം കണ്ടത് ഇങ്ങനെ

ഫ്രാൻസിസ് മാർപാപ്പയുടെ ദീർഘകാല സുഹൃത്തും വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വകുപ്പിന്റെ (ഡിക്കാസ്റ്ററി ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്ത്) തലവനുമായ കർദിനാൾ ഫെർണാണ്ടസാണ് ഡയറി എഡിറ്റ് ചെയ്തത്.

വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ ഡയറിക്കുറിപ്പുകൾ പുസ്തകമായതിന്റെ കഥ കർദിനാൾ പറയുന്നുണ്ട്. ഒരു വൈകുന്നേരം ഫ്രാൻസിസ് മാർപാപ്പ താമസിച്ചിരുന്ന വത്തിക്കാൻ വസതിയായ കാസ സാന്ത മാർത്തയിൽവച്ച് മാർപാപ്പ പറഞ്ഞ കാര്യങ്ങളാണവ. തനിക്ക് ബോധം എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു രേഖയെക്കുറിച്ച് അവർ സംസാരിച്ചു. ആ ആശയം മുന്നോട്ടുപോയില്ല. എന്നാൽ, മൂന്നു രേഖകളും ഒരു അപ്പോയിന്റ്മെന്റ് പുസ്തകവും സൂക്ഷിച്ചിരുന്ന സ്ഥലം ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. രേഖകളിൽ ചില ഭാഗങ്ങൾ അദ്ദേഹം അടിവരയിട്ടിരിക്കുന്നത് കർദിനാൾ കണ്ടു.

ലിയോ പതിനാലാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് കർദിനാൾ ഫെർണാണ്ടസ് ഈ കുറിപ്പുകളെപ്പറ്റി അദ്ദേഹത്തോട് പറയുന്നത്. രണ്ടുദിവസത്തിനുള്ളിൽ ഈ ഡയറിയുള്ള പെട്ടി ലിയോ മാർപാപ്പ കണ്ടെത്തി കർദിനാളിന് അയച്ചുകൊടുത്തു. കുറിപ്പുകൾ മാത്രം പ്രസിദ്ധീകരിക്കുന്നത്, ഫ്രാൻസിസ് മാർപാപ്പയെ നന്നായി അറിയാത്ത വായനക്കാരെ ആശയക്കുഴപ്പത്തിലാക്കിയേക്കുമെന്ന് ലിയോ മാർപാപ്പയ്ക്ക് തോന്നിയതിനാൽ, കർദിനാളിന്റെ വിശദീകരണങ്ങൾ കൂടി ചേർത്ത് ഒരു എഡിറ്റഡ് പുസ്തകമായി അത് ഇറക്കാൻ നിർദേശം നൽകുകയായിരുന്നു.

സാമൂഹിക, രാഷ്ട്രീയ, സഭാ വിഷയങ്ങളിൽ മാർപാപ്പ ശക്തമായ നിലപാടുകൾ പങ്കുവച്ചിരുന്നെങ്കിലും തന്റെ സ്വകാര്യ ആത്മീയജീവിതത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും സംസാരിച്ചിരുന്നില്ലെന്ന് ഫെർണാണ്ടസ് പറയുന്നു. പിശാചിനെക്കുറിച്ചുള്ള ദർശനങ്ങൾ ഒരു വായനക്കാരന് ഭാവനയുടെ സൃഷ്ടിയായി തോന്നിയേക്കാമെന്നും എന്നാൽ, അവയുടെ അർഥം ആഴമേറിയതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കർദിനാൾ വ്യക്തമാക്കുന്നു.