ക്യാമറയിലേക്ക് തീക്ഷ്ണമായി നോക്കുന്ന, യുവതിയായ സോണിയ ഗാന്ധിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് 'ബിലോംഗിങ്: എ ജേണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന ഓർമക്കുറിപ്പിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്ന മുഖചിത്രം. 1966-ൽ സോണിയയെ വിവാഹം കഴിക്കാനുള്ള അനുവാദം തേടി പിതാവിനെ കാണാൻ ഇറ്റലിയിലെ ടൂറിനിൽ എത്തിയപ്പോൾ രാജീവ് ഗാന്ധി പകർത്തിയ ചിത്രമാണിത്. പുസ്തകത്തിന്റെ പിൻകവറിൽ പതിവ് പുസ്തകക്കുറിപ്പല്ല; മറിച്ച് 79-കാരിയായ സോണിയയുടെ മറ്റൊരു മനോഹര ചിത്രമാണ്.

To advertise here,

രാജീവ് ഗാന്ധി ഉപയോഗിച്ചിരുന്ന ഓഫീസിലെ തേക്ക് മേശയിൽ വിരലുകൾ കോർത്തുവെച്ച്, തടികൊണ്ടുള്ള പുസ്തക അലമാരയുടെ പശ്ചാത്തലത്തിലാണ് സോണിയ ഈ ചിത്രത്തിലുള്ളത്. കടും മെറൂൺ നിറത്തിലുള്ള കൈത്തറി ജംദാനി സാരിയും ബെയ്ജ് നിറത്തിലുള്ള ബ്ലൗസുമാണ് വേഷം. സോണിയ ഗാന്ധിയുടെ കൊച്ചുമകൻ റെയ്‌ഹാൻ വദ്രയും പ്രതിശ്രുതവധു അവിവ ബെയ്ഗും ചേർന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

മാതൃഭൂമി ഇംഗ്ലീഷിനോട്  നൽകിയ പ്രത്യേക പ്രതികരണത്തിൽ ഈ ചിത്രത്തെക്കുറിച്ച് സോണിയ ഗാന്ധി മനസ്സുതുറന്നു: "എന്റെ കൊച്ചുമകൻ ഏറെ പ്രതിഭയും സൂക്ഷ്മദൃഷ്ടിയുമുള്ള ഫോട്ടോഗ്രാഫറാണ്. അവന്റെ പ്രതിശ്രുതവധു അവിവയും അങ്ങനെത്തന്നെ. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എനിക്ക് പൊതുവേ മടിയാണെങ്കിലും, പണ്ട് രാജീവ്ജിക്കൊപ്പം അനുഭവിച്ചിരുന്ന അതേ സ്വാതന്ത്ര്യവും അനായാസതയും റെയ്‌ഹാനൊപ്പവും എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണ് അവനോടും അവിവയോടും ഈ ചിത്രമെടുക്കാൻ ആവശ്യപ്പെട്ടത്. 1966-ൽ രാജീവ്ജി എടുത്ത ചിത്രമാണ് മുഖചിത്രമായത്. കൃത്യം 60 വർഷത്തിനുശേഷം, അദ്ദേഹത്തിന്റെ കൊച്ചുമകനും ഭാവി കൊച്ചുമകളും പകർത്തിയ ചിത്രം പിൻകവറായി വരുന്നത് വളരെ മനോഹരമായിരിക്കുമെന്ന് എനിക്ക് തോന്നി."

പിൻകവർ ചിത്രത്തിന് പിന്നിലെ ക്യാമറാക്കണ്ണുകൾ

വയനാട് എം.പി.യും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വദ്രയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകനായ റെയ്‌ഹാൻ വദ്ര വിഷ്വൽ ആർട്ടിസ്റ്റും ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമാണ്.

അടുത്തിടെ, അദ്ദേഹത്തിന്റെ 'നോ ഐഡിയ ഈസ് ഫൈനൽ' (No Idea is Final) എന്ന ഫോട്ടോ പ്രദർശനത്തിലെ 105 ചിത്രങ്ങളിൽ 74 എണ്ണവും പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് നീക്കംചെയ്തത് വലിയ വാർത്തയായിരുന്നു.

ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളായിരുന്നു ഇവ. മകന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി വദ്ര അന്ന് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: "അധികാരമുള്ള ഒരാൾ മറ്റൊരാളുടെ ആവിഷ്കാരത്തെ ഭയപ്പെടുമ്പോൾ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന ആ അധികാരം തനിക്ക് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് അയാൾ തിരിച്ചറിയുന്നില്ല. നീ സത്യത്തിനൊപ്പം നിൽക്കുക; മനോഹരമായതെല്ലാം നിന്നെ തേടിയെത്തും."

ഈ പ്രദർശനം ഡിസംബർ 11 മുതൽ 15 വരെ ബെംഗളൂരുവിലെ 'ദ രജിസ്ട്രി: സെന്റർ ഫോർ ഡിസൈനിൽ' (The Registry: Centre for Design) നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

നേരത്തേ 'ഹാർപ്പേഴ്സ് ബസാർ' പ്രത്യേക പതിപ്പിന്റെ കവർ ചിത്രത്തിനുവേണ്ടിയും റെയ്‌ഹാൻ മുത്തശ്ശിയുടെ ഫോട്ടോ പകർത്തിയിരുന്നു; അന്ന് സോണിയയെ അണിയിച്ചൊരുക്കിയത് പ്രിയങ്കയായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമായ അവിവ ബെയ്ഗ്, 'അറ്റെലിയർ 11' എന്ന പ്രൊഡക്ഷൻ കമ്പനിയുടെ സഹസ്ഥാപകയാണ്. ദീർഘകാലമായി പ്രണയത്തിലായിരുന്ന റെയ്‌ഹാന്റെയും അവിവയുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബർ 29-നായിരുന്നു.

എന്താണ് 'ബിലോംഗിങ്: എ ജേണി ഓഫ് ലവ്'?

ഇന്ദിര ഗാന്ധിയുടെ മകന്റെ ഭാര്യയായി ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിൽനിന്ന് ഇന്ത്യയിലെത്തിയ പെൺകുട്ടിയുടെ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പാണ് 'ബിലോംഗിങ്: എ ജേണി ഓഫ് ലവ്'. ഭർത്താവ് രാഷ്ട്രീയത്തിലിറങ്ങുന്നത് ഒരിക്കലും ആഗ്രഹിക്കാതിരുന്ന സോണിയയുടെ ഏറ്റവും വലിയ ഭയംതന്നെ പിന്നീട് സത്യമായി. രാജീവ് ഗാന്ധിയുടെ വിയോഗം, താൻ ഒരിക്കൽ അകറ്റിനിർത്തിയിരുന്ന രാഷ്ട്രീയജീവിതത്തിലേക്ക് അവരെ എത്തിച്ചു. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷപദവി വഹിച്ച നേതാവായി മാറിയ സോണിയ ഗാന്ധി അഞ്ചുതവണ ലോക്സഭാംഗമായിരുന്നു. നിലവിൽ രാജ്യസഭാംഗമാണ്.