ഇക്കാലത്ത് തകഴി ശിവശങ്കരപ്പിള്ള എന്ന എഴുത്തുകാരനെ നാട്ടിലുള്ളവരേക്കാള്‍ മറുനാട്ടിലുള്ള മലയാളികളാണ് ചങ്കോട് ചേര്‍ത്തുവെച്ചിരിക്കുന്നത്. വെറും തോന്നലാവാം. ഞാന്‍ മറുനാടന്‍ ആയതിനാലാവും. തകഴി (അപ്പൂപ്പന്‍- എന്റെ അമ്മയുടെ അച്ഛന്‍) ജീവിച്ചിരുന്ന കാലത്ത് നാടുവിട്ട മലയാളികള്‍ ധാരാളം വിദേശത്തുണ്ട് എന്നത് മറ്റൊരു സത്യം. കേരളത്തില്‍നിന്ന് വടക്കേ ഇന്ത്യ, അറബിനാടുകള്‍, പിന്നീട് അമേരിക്ക, യൂറോപ്പ്... ഇവിടേക്കെല്ലാം പലായനം ചെയ്ത  മലയാളികള്‍. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍നിന്നും അയര്‍ലണ്ടില്‍നിന്നുമുള്ള മലയാളികള്‍ ഒസ്‌ട്രേലിയയിലേക്ക്‌ എത്തുന്നുണ്ട്. ഞാന്‍ ഓസ്‌ട്രേലിയന്‍ കുട്ടനാട്ടുകാരനാണ്.

To advertise here,

നാട്ടില്‍ വരുമ്പോള്‍ പുതുതലമുറയോട് ഞാന്‍ ചോദിക്കാറുണ്ട്, 'തകഴിയെ അറിയുമോ?' പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ഒരിക്കല്‍ എന്റെ ഒരു സിനിമാ ചിത്രീകരണ സമയത്ത് നെടുമുടിയില്‍ ഞങ്ങള്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ചെറുപ്പക്കാരുടെയിടയില്‍ പ്രസിദ്ധനായ നായക നടനെ (പൃഥ്വിരാജ് സുകുമാരന്‍) കാണാന്‍ കോളേജ് കുമാരികളും കുമാരന്‍മാരും തിക്കിത്തിരക്കി. അവരോടും ഞാന്‍ ചോദിച്ചു: 'തകഴിയെ അറിയാമോ?' പലര്‍ക്കും ഒരു ചിരിയും തല കുലുക്കലും മാത്രമായിരുന്നു ഉത്തരം. 

ഈയടുത്ത് ജര്‍മ്മനിയില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി എക്‌സ്‌ചേഞ്ച് സ്റ്റുഡന്റ്‌സ് വീട്ടില്‍ വന്നു, എന്റെ മകളുടെ സുഹൃത്തുക്കള്‍. ഗുന്തര്‍ ഗ്രാസ്സിന്റെ 'ടിന്‍ ഡ്രം' എന്ന പുസ്തകം ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. അവരിലാര്‍ക്കും ആ എഴുത്തുകാരനെ അറിയില്ലായിരുന്നു. എഴുത്തുകാര്‍ ശരിക്കും ജീവിക്കുന്നത് വായനക്കാരന്റെ മനസ്സിലാണ് ആയതിനാല്‍ എഴുത്തുകാര്‍ക്ക് മരിച്ച് രക്ഷപ്പെടാനാവുമെന്ന് തോന്നുന്നില്ല. കഴമ്പുള്ള എഴുത്തിന് മാറ്റത്തിന്റെ പ്രതിബിംബമായ പുതിയ തലമുറകളിലേക്കും സമയമാവുമ്പോള്‍ പടര്‍ന്നുകയറാന്‍ കഴിയും. 

അപ്പൂപ്പന്റെ പ്രവചനം ഞാനോര്‍ക്കുന്നു. 'ഞാന്‍ മരിച്ചു കഴിഞ്ഞ് ഒരമ്പതു വര്‍ഷത്തിനോ മറ്റോ അപ്പുറം എന്നെയും എന്റെ എഴുത്തിനേയും ഓര്‍ക്കുന്നവരുണ്ടെങ്കില്‍ കൊള്ളാം, എന്റെ എഴുത്ത് ജീവിതം സഫലമായി.'

ഈയടുത്ത് ബ്രിസ്‌ബെന്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിപ്പെട്ടപ്പോള്‍ ഇന്ത്യക്കാരായ എഴുത്തുകാരെ വെറുതെ തിരഞ്ഞു. ബ്രൗണ്‍ മുഖങ്ങള്‍ പുസ്തകക്കവറില്‍ ആകെയുള്ളത് സ്പിരിച്ച്വല്‍ വെല്‍ബീയിങ്ങ് അല്ലെങ്കില്‍ സെല്‍ഫ് ഹെല്‍പ്പ് സെക്ഷനില്‍ മാത്രമാണ്. അവരും അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലോ ജീവിക്കുന്ന ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരാണ്. ഫിക്ഷന്‍ (Fiction) എന്ന സെക്ഷന് കീഴില്‍ ഇന്ത്യയില്‍ ജീവിക്കുന്ന എഴുത്തുകാരുടെ ഇംഗ്ലീഷ് കൃതികളോ വിവര്‍ത്തനങ്ങളൊ കാണാറില്ല. മറിച്ച് ഇന്ത്യന്‍വംശജരായ വിദേശത്ത് താമസക്കാരായ ചില പേരുകള്‍ കണ്ടെന്നിരിക്കാം. അവയില്‍ മലയാളികള്‍ ഉണ്ടാവാറില്ല. ഇത് ഒരു ഓസ്‌ട്രേലിയൻ പ്രതിഭാസമല്ല. ലോകത്ത് എവിടെപ്പോയാലും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെ. കൂട്ടത്തില്‍ ഇംഗ്ലണ്ട് ഭേദമാണ് എന്ന് തോന്നുന്നു. അതിന് കാരണം അവിടുത്തെ പ്രസിദ്ധീകരണ കമ്പനികള്‍ ആവണം. കറികളില്‍ എന്ന പോലെ ഇന്ത്യയിലെ കഥകളില്‍ അവര്‍ക്കിന്നും മമത എന്നും വ്യാഖ്യാനിക്കാം.

ഇടത്തരത്തിലുള്ള (mediocre) വിദേശ പുസ്തകശാലകളില്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ മലയാളികളുടെ പുസ്തകങ്ങള്‍ നന്നേ കുറവാണ്, ഇല്ല എന്നും പറയാം. ഒരാശ്വാസമായി അരുന്ധതി റോയിയുടെ 'God of Small Things'  ഷെല്‍ഫുകളില്‍ ഒതുങ്ങിയിരിപ്പുണ്ടാവും. മലയാളത്തില്‍ നിന്നുള്ള ഫിക്ഷന്‍ വിവര്‍ത്തനങ്ങള്‍ വിദേശ പുസ്തകശാലകളില്‍ കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതിനായി പ്രത്യേക വിഭാഗം സ്വരൂപിച്ചിട്ടുള്ള അത്യപൂര്‍വമായ ചില പുസ്തകശാലകള്‍ ഒഴികെ. പല വിദേശ പബ്ലിക്ക് ലൈബ്രറികളിലും യൂണിവേഴ്‌സിറ്റി ലൈബ്രറികളിലും മലയാള പുസ്തകശേഖരങ്ങളും ചില തര്‍ജമകളും സൂക്ഷിച്ചിരിക്കുന്നു എന്നത് അഭിമാനാര്‍ഹമാണ്.

1970-കളില്‍ വിദേശികളുടെ കൈവശം എത്തപ്പെട്ട മലയാള നോവല്‍ തകഴിയുടെതായിരുന്നു. ഈയടുത്ത് അന്തരിച്ച റൊണാള്‍ഡ് ഇ. ആഷറിന്റെ ആദ്യത്തെ മലയാള വിവര്‍ത്തനം തകഴിയുടെ 'തോട്ടിയുടെ മകന്‍' (1974). തകഴി അങ്ങനെ മലയാളികള്‍ക്ക് വിശ്വസാഹിത്യകാരനായി. വിദേശികള്‍ അപ്പൂപ്പനെ തേടി തകഴിയില്‍ വന്നിരുന്നത് എന്റെ ഓര്‍മയിലുണ്ട്. ഒറ്റമുണ്ടുടുത്ത, ഷര്‍ട്ടിടാത്ത, ചെരുപ്പിടാത്ത തകഴി നല്ല ഇംഗ്ലീഷില്‍ അവരോട് സംസാരിക്കുന്നത് കേട്ട് അവര്‍ അത്ഭുതപ്പെട്ടിരുന്നു. ഒരിക്കല്‍ ഒരു ഫ്രെഞ്ച് സായിപ്പ് വന്നപ്പോള്‍ അപ്പൂപ്പന്റെ ഇംഗ്ലീഷ് മനസ്സിലാവാതെ തൊട്ടടുത്ത് നിലത്തിരുന്നു. അപ്പൂപ്പന് ഫ്രെഞ്ചും പിടുത്തമില്ല. അങ്ങോട്ടും ഇങ്ങോട്ടും ചിരിച്ചുകൊണ്ട് രണ്ട് വ്യത്യസ്ത ഭാഷയില്‍ അവര്‍ എന്തൊക്കെയോ പറഞ്ഞു. അപ്പൂപ്പന്റെ വലംകൈ ഫ്രെഞ്ച് സായിപ്പിന്റെ കൈക്കുമ്പിളില്‍ ചേര്‍ത്ത് കുട്ടനാട്ടിലെ മോപ്പസാങ്ങിനെ നോക്കി കണ്ണുംനട്ടിരിക്കുന്ന ഒരു ചിത്രം എന്റെ മനസ്സിലുണ്ട്. 

placeholder
തകഴിയും പ്രൊഫ. ആഷറും

വളരെ വിലകുറഞ്ഞ തരം പേപ്പറില്‍ അച്ചടിച്ച വിയറ്റ്‌നാമീസ് ഭാഷയിലെ ചെമ്മീന്‍ പരിഭാഷയുടെ കോപ്പി തപാലില്‍ വന്നെത്തുന്നത് ഞാനിന്നും ഓര്‍ക്കുന്നു. അപ്പൂപ്പന്‍ ആ പുസ്തകം നോക്കിയിരുന്ന് പറഞ്ഞ വാചകങ്ങള്‍, 'അവരേക്കൊണ്ടാവുന്നത് വളരെ വൃത്തിയായ് അവര്‍ ചെയ്തിരിക്കുന്നു'. ആ പുസ്തകം ഇന്നും എന്റെ കൈവശമുണ്ട്.

1965-ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിദ്ധീകരണം 'തകഴിയുടെ കഥകള്‍' എന്ന സമാഹാരമായിരുന്നു. ആ പുസ്തകത്തിന്റെ അവതാരികയില്‍ അടുത്ത സുഹൃത്താണ് സൂക്ഷിക്കണം എന്ന് പലവട്ടം ഏറ്റുപറഞ്ഞുകൊണ്ട് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി അപ്പൂപ്പന്റെ ഭാഷാശൈലിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ''പല പ്ലാറ്റ്‌ഫോമുകളിൽ നിന്നദ്ദേഹം തട്ടിമുളച്ചിട്ടുണ്ട്. താന്‍ വ്യാകരണം പഠിച്ചിട്ടില്ലെന്നും തനിക്ക് ഭാഷാപാണ്ഡിത്യമില്ലെന്നുംമറ്റും. ഒരര്‍ത്ഥത്തിലതു ശരിയാണ്. അദ്ദേഹം പഠിച്ചതു ജീവിതത്തിന്റെ വ്യാകരണമാണ്; എഴുതിയതു ജീവിതത്തിന്റെ ഭാഷയും. ജീവിതത്തിലവഗാഹം നേടി പറയേണ്ടതു പറയാന്‍ തുടങ്ങിയപ്പോള്‍ അതിനു പാകത്തില്‍ അദ്ദേഹത്തിനൊരു ഭാഷയുണ്ടായി. പറയാനുള്ള കാര്യം ശരിക്കു വ്യാകരിച്ചൊപ്പിച്ചു എന്നിരിക്കട്ടെ, പിന്നെ അതവനവന്റെ ഭാഷയില്‍ പറയുമ്പോള്‍ ആ ഭാഷയ്ക്കു വ്യാകരണം താനേ ഉണ്ടായിക്കൊള്ളും.''

തകഴി എഴുതിത്തുടങ്ങിയ കാലം മലയാളഭാഷയില്‍ കഥകള്‍ പിച്ചവെച്ച് നടക്കുന്ന കാലം ആണെന്നും ഓര്‍ക്കണം. നോവല്‍ സങ്കല്പങ്ങളെല്ലാം കഥകളിലെന്നപോലെ വിദേശമാതൃകകളില്‍, ചിലപ്പോള്‍ അവയുടെ തര്‍ജമകള്‍ എന്ന് തോന്നിപ്പിക്കുന്ന ശൈലിയില്‍വരെ എഴുതപ്പെട്ടിരുന്നു.

''ടെന്നീസ്സു കളി കഴിഞ്ഞ് ആ സ്‌നേഹിതന്‍മാര്‍ അവരുടെ കോളേജ്മുറ്റത്തെ സുപ്രസിദ്ധമായ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുകയാണ്. കേശവന്‍ നായര്‍ പുല്‍ത്തകിടിയില്‍, തല ഉയര്‍ത്തിപ്പിടിച്ച് കമിഴ്ന്നു കിടക്കുന്നു. ഭാസ്‌കരപിള്ള കൈമുട്ടു നിലത്തൂന്നി, പാണിതലത്തില്‍ ശിരസ്സുതാങ്ങി ചരിഞ്ഞു കിടക്കുന്നു. ഗോപി കാലുമടക്കി പുറകിലേക്കിട്ട്, വലതുകൈ നിലത്തൂന്നി ഇരിക്കുകയാണ്. തലയ്ക്കു മുകളില്‍ മന്ദാനിലചാലിതമായ പച്ചിലകള്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. റോഡരുകില്‍ ഒരു കുരുടന്‍ ഇരുന്ന് ''മഹാരാജുകളെ! കണ്ണു കാണാത്ത കുരുടന്‍'' എന്നു മുന്‍പിലിരിക്കുന്ന ശൂന്യമായ ചട്ടിയില്‍ തപ്പിത്തടഞ്ഞ്, നിരാശനായി നിലവിളിക്കുന്നു. ധന്യരുടെ വണ്ടികള്‍ അധികാരഭാവത്തോടെ പിന്നില്‍ ധൂളിപടലത്തെ ഉയര്‍ത്തിക്കൊണ്ടു.
ആ സൗധം മൂകം! ലാവണ്യധാമങ്ങളുടെ ആ സമ്മേളനസ്ഥലം കേവലം വിവിക്തമായിരിക്കുന്നു. അത് തരുണഹൃദയത്തെ വികാരതരളമാക്കി.''

ഈ വരികള്‍ ഏത് മലയാള നോവലിസ്റ്റ് എഴുതി? ഒരു ചോദ്യക്കടലാസിന്റെ ഭാഗമായി വിദ്യാര്‍ഥികളോടോ അല്ലെങ്കില്‍ മലയാള സമൂഹത്തോടെ ചോദിച്ചാല്‍ 'തകഴി' എന്ന ഉത്തരം ലഭിക്കും എന്ന് എനിക്ക് തോന്നുന്നില്ല. 1934-ല്‍ പ്രസിദ്ധീകൃതമായ 'ത്യാഗത്തിന് പ്രതിഫലം' എന്ന  അപ്പൂപ്പന്റെ ആദ്യത്തെ നോവല്‍ ഇങ്ങനെയാണ് തുടങ്ങുന്നത്. നോവല്‍ പുറത്തിറങ്ങുമ്പോള്‍ കെ. ശിവശങ്കരപ്പിള്ള എന്ന തകഴിയ്ക്ക് പ്രായം ഇരുപത്തിരണ്ട് വയസ്സ്.

''ഒരു വലിയ വളപ്പ്. നിറയെ തെങ്ങുകളാണ്. പഴക്കമുള്ള തെങ്ങുകള്‍. അരികുചേര്‍ന്ന് ഇടമുള്ളിടത്ത് ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മൂത്തുവിളഞ്ഞ വന്‍മരങ്ങളുണ്ട്. നന്നായി പരിപാലിച്ചുവരുന്ന ഒരു വളപ്പായിരുന്നില്ല അത്. പഴയ ഒരു തറവാട്ടുപറമ്പ്. പഴക്കത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. 
സന്ധ്യാസമയം നാലുപാടു നിന്നും എല്ലാ ജാതി പക്ഷികളും ചേക്കേറുന്നതിവിടെയാണ്. അവിടെ വലിയ ശബ്ദകോലാഹലമാണ്. സന്ധ്യ കഴിഞ്ഞാല്‍ അവ ശാഖകളും വൃക്ഷങ്ങളും മാറി ഇടം പിടിക്കുന്നതിന്റെ ചിറകടിശബ്ദം ഇടയ്ക്കും മുറയ്ക്കും കേള്‍ക്കുന്നത് ഒരു പ്രത്യേകതയാണ്. അപ്പോള്‍ അപൂര്‍വമായേ കരച്ചില്‍ കേള്‍ക്കാറുള്ളു. പടിഞ്ഞാറുനിന്ന് അടിക്കുന്ന ഇളംകാറ്റില്‍ കന്യാക്കോണിലെ സര്‍പ്പക്കാവില്‍ സ്ഥാപിച്ചിട്ടുള്ള കല്ലുവിളക്കിലെ തിരി ആടിയിളകുന്നുണ്ടായിരുന്നു. ആ കാറ്റിലെന്നല്ല, ഒരു കാറ്റിലും അത് അണയുകയില്ല എന്ന് തോന്നിപ്പോകും. അത്ര കരുത്താണ് തിരിക്ക്. എണ്ണ വറ്റിയേ അണയുകയുള്ളു.''

അപ്പൂപ്പന്‍ അവസാനം എഴുതിയ എരിഞ്ഞടങ്ങല്‍ (1990) എന്ന നോവല്‍ ഇങ്ങനെയാണ് തുടങ്ങുന്നത്. ഇത് തകഴി എഴുതിയതാണ് എന്ന് തോന്നാം. ഊഹത്തില്‍ ഉത്തരം 'തകഴി' എന്ന് എഴുതിയ വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് ഉറപ്പ്! അങ്ങനെ അപ്പൂപ്പന്‍ ഒരു തകഴീകൃത എഴുത്തുഭാഷ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും തകഴി സാഹിത്യത്തെപ്പറ്റി പറയാന്‍ ഞാന്‍ അര്‍ഹനല്ല. 

'എരിഞ്ഞടങ്ങല്‍' പൂര്‍ണമായും സ്വന്തം കൈപ്പടയില്‍ എഴുതപ്പെട്ട നോവല്‍ അല്ല. ഇ.വി. ശ്രീധരന്‍ തിരുവനന്തപുരത്ത് നിന്ന് വന്ന് തകഴിയില്‍ താമസിച്ച് എഴുതിയെടുത്തതാണ് 'എരിഞ്ഞടങ്ങല്‍' എന്ന് ഞാന്‍ എവിടെയോ ഈയടുത്ത് വായിച്ചു. പറഞ്ഞുകൊടുത്ത് എഴുതാന്‍ കഴിയില്ല എന്ന് അപ്പൂപ്പന്‍ അക്കാലത്ത് തീര്‍ത്ത് പറഞ്ഞിരുന്നു. ആ ശീലം ഇല്ലായിരുന്നു. പക്ഷെ ഇ.വി. ശ്രീധരന്‍ അല്ല 'എരിഞ്ഞടങ്ങല്‍' എഴുതിയെടുത്തത് എന്നദ്ദേഹം എന്നോട് ഈയിടെ സംസാരിച്ചപ്പോള്‍ പറഞ്ഞു. ഏകദേശം മൂന്ന് വര്‍ഷങ്ങളോളം ഇ.വി. ശ്രീധരന്‍ തിരുവനന്തപുരത്തു നിന്ന് വെള്ളിയാഴ്ച്ച എത്തി ശങ്കരമംഗലത്ത് തങ്ങി ഞായറാഴ്ച്ച തിരികെപ്പോയിരുന്നു എന്നത് സത്യമാണ്. അക്കാലയളവില്‍ 'കലാകൗമുദി'യില്‍ വന്ന ആത്മകഥയുടെ ചില ഭാഗങ്ങളും മറ്റ് ചെറുകഥകളും ഇ.വി. ശ്രീധരന്‍ പകര്‍ത്തിയെഴുതിയിരുന്നു. ഞാന്‍ ആ കാലം നന്നായി ഓര്‍ക്കുന്നുണ്ട്. ഞങ്ങളുടെ വീട്ടിനടുത്തുള്ള തകഴി ശാസ്താ സിനിമാ കൊട്ടകയ്ക്ക് മുമ്പിലുള്ള മുറുക്കാന്‍ കടയില്‍നിന്ന് എനിക്ക് കൊച്ചുബീഡിയും മുറുക്കാനും ഇ.വി. ശ്രീധരന്‍ വാങ്ങിത്തന്നതും ഓര്‍ക്കുന്നു. അന്നൊക്കെ ഞാന്‍ വെറ്റില മുറുക്കുന്നത് ബീഡിയുടെ മണം അപ്പൂപ്പനില്‍നിന്ന് ഒളിപ്പിക്കാനാണ്. പക്ഷെ, അക്കാര്യം അപ്പൂപ്പന് അറിയാമായിരുന്നു.

തകഴി ശാസ്താ എന്ന സിനിമാ കൊട്ടക ഇരുന്ന സ്ഥലം അപ്പൂപ്പന്റെതായിരുന്നു. സിനിമാ കൊട്ടക വരുന്നതിന് വളരെ നാളുകള്‍ക്ക് മുമ്പ് ആ പറമ്പിലാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' സിനിമ ചിത്രീകരണത്തിന് വേണ്ടി ഒരു കുടില്‍ കെട്ടിയത്. സത്യന്‍ അഭിനയിച്ച ചെല്ലപ്പന്‍ എന്ന കഥാപാത്രത്തിന്റെ വീട്.

placeholder
തകഴിയും ഭാര്യ കാത്തയും

ആ കാലത്തെപ്പറ്റി അപ്പൂപ്പനേക്കാള്‍ കൂടുതല്‍ അമ്മൂമ്മ പറഞ്ഞത് ഓര്‍മ്മയിലുണ്ട്. നായകനടന്‍ സത്യന്‍ രോഗബാധിതനായിരുന്നു അപ്പോഴേയ്ക്കും. ക്ഷീണം അഭിനയിച്ചു പോലും കാട്ടാത്ത സത്യന്‍. പക്ഷെ, രോഗം ശരീരത്തെ തളര്‍ത്തിയിരുന്നു. ഒരു പരിധി വരെ അദ്ദേഹം അത് രഹസ്യമായിവെച്ചു. ശങ്കരമംഗലം എന്ന തകഴിയിലെ ഞങ്ങളുടെ വീട് ഈ പറമ്പിനടുത്താണ്. ഷോട്ടുകള്‍ക്കിടയില്‍ അദ്ദേഹം വളരെ ക്ഷീണിതനാവുകയും ഞങ്ങളുടെ വീട്ടിലെത്തി പടിഞ്ഞാറെ മുറിയില്‍ കട്ടിലില്‍ തളര്‍ന്ന് കിടന്നുപോയി എന്ന് അമ്മൂമ്മ പറഞ്ഞതോര്‍ക്കുന്നു. സത്യന്‍ സാധാരണഗതിയില്‍ ചെയ്യാന്‍ സാധ്യത ഇല്ലാത്ത കാര്യം.

അപ്പോള്‍ സത്യന്‍ പറഞ്ഞു, 'ഇദ്ദേഹമെഴുതിവച്ചിരിക്കുന്ന ഈ പടികളെല്ലാം ചവിട്ടിക്കയറാന്‍ എനിക്കാകുമെന്ന് തോന്നുന്നില്ല'. സത്യന്‍ ഉദ്ദേശിച്ചത് തകഴിയുടെ 'ഏണിപ്പടികള്‍' എന്ന നോവലിനെ ആസ്പദമാക്കി സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ചാണ്. ആ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ സത്യന്‍ അഭിനയിച്ചു പക്ഷെ, സത്യന്‍ ഭയന്നപോലെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മധു ആ കഥാപാത്രത്തെ അവതരിപ്പിച്ച് 'ഏണിപ്പടികള്‍' എന്ന സിനിമ പുറത്തിറങ്ങി.

എഴുപത്തിരണ്ടാം വയസ്സില്‍, 1984-ലാണ് തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിക്കുന്നത്. ശാരീരികമായ അസ്വസ്ഥതകൾ വന്നുചേരുന്നത് ജ്ഞാനപീഠം കിട്ടിക്കഴിഞ്ഞാണ് എന്ന് അപ്പൂപ്പന്‍ എപ്പോഴും പറയറാറുണ്ടായിരുന്നു. ജ്ഞാനപീഠം പുരസ്‌കാരം കിട്ടിയതിന്റെ പിന്നാലെ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വീകരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിനായുള്ള യാത്രകള്‍ അപ്പൂപ്പന്റെ ദിനചര്യകള്‍ തെറ്റിച്ചു. ഭക്ഷണക്രമത്തില്‍ ഒരുപാട് കൃത്യത പാലിച്ചിരുന്ന ശരീരം താറുമാറായി, പ്രത്യേകിച്ച് വീട്ടിലുണ്ടാക്കാത്ത ഭക്ഷണം. കഴിവതും വീടുകളില്‍ ഉണ്ടാക്കിയ ഭക്ഷണമായിരുന്നു പ്രിയം.

റെസ്റ്റോറന്റില്‍ നിന്ന് കഴിക്കാത്തത് പിശുക്ക് കൊണ്ടാണ് എന്ന് കുഞ്ഞുന്നാളില്‍ ഞാനും ഒരു പരാതിപോലെ ഉള്ളില്‍ കരുതിയിരുന്നു. അതില്‍ അല്‍പം സത്യമുണ്ടുതാനും. 'ഞാന്‍ പണക്കാരനല്ല എന്റെ മക്കളെ' എന്ന് എപ്പോഴും അപ്പൂപ്പന്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കും. യാത്ര ചെയ്യുമ്പോള്‍ വില കൂടിയ കഴിക്കാന്‍ കൊതിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിട്ടുന്ന കടകള്‍ കടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറയും, 'ദേ ഇവിടെ ബിരിയാണി കിട്ടും കരിമീന്‍ മോളി കിട്ടും ബത്തൂറ കിട്ടും നൂഡില്‍സ് കിട്ടും' എന്നൊക്കെ. പക്ഷെ അംബാസഡര്‍ മാര്‍ക്ക്‌ ടൂ കാറില്‍ തിങ്ങിക്കയറിയിരിക്കുന്ന എട്ടും ഒമ്പതും പേര്‍ക്ക്, വയര്‍ നിറയെ ബിരിയാണി വാങ്ങിക്കൊടുക്കാന്‍ ആ പാവം എഴുത്തുകാരന്‍ അപ്പൂപ്പന് കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു സത്യം. കട നോക്കി വണ്ടി നിരങ്ങി നീങ്ങും ഏതെങ്കിലും സാദാദോശയും ഉഴുന്നുവടയും ഊണും വില്‍ക്കുന്ന കടയുടെ മുമ്പില്‍ ഉന്നക്കാരന്‍ (കാറോടിക്കുന്നയാളെ അങ്ങനെയായിരുന്നു നര്‍മ്മരസത്തില്‍ വിളിച്ചിരുന്നത്) നിറുത്തും. 

അപ്പൂപ്പന് കേരളത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം ഇത്തരത്തിലുള്ള കടകളുടെ ലൊക്കേഷന്‍ നല്ല നിശ്ചയമുണ്ടായിരുന്നു. ഡ്രൈവര്‍മാരെ അതിശയിപ്പിച്ചുകൊണ്ട് ഒരിക്കലും ഒരു വാഹനവും ഓടിക്കാത്ത തകഴി ശിവശങ്കരപ്പിള്ള പട്ടണങ്ങളിലെ കുടുക്കുവഴികള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.

കേട്ടറിഞ്ഞ ഒരു കഥ ഞാന്‍ ഓര്‍ത്തുപോകുന്നു. ആലപ്പുഴയില്‍ മാതൃഭൂമി പത്രമാഫീസ്, ആ വളപ്പിനുള്ളില്‍ ബ്യൂറോ ചീഫ് എം എം. വര്‍ഗ്ഗീസ് കുടുംബസമേതം താമസം. പിന്നീട് ബ്യൂറോ ചീഫായ എം എം. വര്‍ഗ്ഗീസിന്റെ മകന്‍ ജോയ് വര്‍ഗ്ഗീസ് അന്ന് സ്‌കൂളിലോ കോളേജിലോ പഠിക്കുന്ന കാലം. ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെച്ചുപിടിച്ചുള്ള നടപ്പ്. അപ്പൂപ്പന്റെ നിഴല്‍ വെട്ടം കണ്ടാലുടന്‍ മുറുക്കാന്‍, കൊച്ചുബീഡി, ചായ മുതലായവ ഒരു മഞ്ഞ കലര്‍ന്ന സ്വര്‍ണ്ണ നിറത്തിലുള്ള ബി എസ് എ സൈക്കിളില്‍ ഗ്രിഗറി എന്ന സ്റ്റാഫ് എത്തിക്കും. എഴുതാനുള്ള ന്യൂസ്‌പേപ്പര്‍ പത്രക്കടലാസിന്റെ കട്പീസുകള്‍ ചുരുട്ടി വയ്ക്കും. പിന്നെ എം.എം. വര്‍ഗ്ഗീസും അപ്പൂപ്പനുമായി ചിരിച്ച് നാട്ടുവര്‍ത്തമാനങ്ങള്‍. രാഷ്ട്രീയം, സാഹിത്യം ഇവയെല്ലാം ചര്‍ച്ച. അതിനിടയ്ക്ക് ഫോണില്‍ വിളിക്കേണ്ടവരെ വിളിക്കും, സാഹിത്യകാരന്‍മാര്‍, രാഷ്ട്രീയക്കാര്‍... അങ്ങനെ അന്നത്തെ പ്രമാണിമാര്‍. സിനിമാക്കാര്‍ അന്ന് പ്രമാണിമാരായിരുന്നില്ല. ഫോണ്‍ എല്ലാ വീടുകളിലും ഇല്ലായിരുന്നു, ഫോണ്‍ വിളിക്കുക എന്നത് ചെലവുള്ള കാര്യം. അങ്ങനെ ആലപ്പുഴയിലെ ഏതോ ഒരു പ്രധാനിയോട് സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: വേമ്പനാട്ട് കായലോരത്ത് എവിടെയോ ഉഗ്രന്‍ കള്ള് കിട്ടുന്ന ഒരു ഷാപ്പ് ഒണ്ടുപോലും. അവിടേയ്ക്ക് അയാള്‍ക്ക് തകഴിയേയും എം.എം. വര്‍ഗീസിനേയും കൊണ്ടുപോകാന്‍ ആഗ്രഹം. അയാള്‍ ആരാഞ്ഞു, തകഴിച്ചേട്ടന്‍ ആ ഷാപ്പിനെപ്പറ്റി കേട്ടിട്ടുണ്ടോ? 'ഇല്ല' എന്നുത്തരം. എന്നാല്‍ ഇന്നു വൈകിട്ട് നമുക്ക് ഒരുമിച്ച് അങ്ങോട്ട് പോകാം. പക്ഷെ ഒരു നിബന്ധന മാത്രം തകഴിക്കുള്ള അവസാനത്തെ വണ്ടിക്ക് തിരികെ പോണം. അതങ്ങനെയായിരുന്നു. അപ്പൂപ്പന് രാത്രിയായാല്‍ ശങ്കരമംഗലത്തെത്തണം. 

അവര്‍ പദ്ധതിയിട്ടു. ജോലിയൊക്കെ കഴിഞ്ഞ് മൂവര്‍സംഘം കള്ളുഷാപ്പിലേയ്ക്ക് കാല്‍നടയായി യാത്രതിരിച്ചു. പുന്നമട വഴി കായലോരത്തുകൂടി സന്ധ്യയുടെ നിറവിന്യാസങ്ങള്‍ ആസ്വദിച്ചുള്ള നടപ്പ്. കുറെയേറെ ദൂരം നടന്നു. ഇരുട്ട് വന്നു കേറി. ഒറ്റത്തടി പാലങ്ങള്‍ കയറിയിറങ്ങി. മുന്നില്‍ വഴികാട്ടിയായി ക്ഷണിച്ച നല്ല മനുഷ്യന്‍. പിന്നില്‍ എം.എം. വര്‍ഗീസ് അതിനും പിന്നില്‍ തകഴി. കുറ്റാക്കൂറ്റിരുട്ടില്‍ ഷാപ്പിനടുത്തെത്താറായപ്പോള്‍ പെട്ടെന്ന് അപ്പൂപ്പന്‍ ഒച്ചത്തില്‍ പറഞ്ഞുവത്രെ, 'അയ്യോ സൂക്ഷിക്കണം അവിടെ ഒരു തെങ്ങ് വെലങ്ങനെ വീണ് കിടപ്പുണ്ട്.'' കൂടുതല്‍ ഞാന്‍ ഇവിടെ പറയേണ്ടല്ലോ. സ്‌നേഹനിധിയായ ആതിഥേയനെന്ന  വഴികാട്ടിയേക്കാള്‍ നിശ്ചയമായിരുന്നു അപ്പൂപ്പന് കേട്ടറിവുപോലുമില്ലാ എന്ന് ആണയിട്ട് പറഞ്ഞ ആ ഷാപ്പിലേയ്ക്കുള്ള വഴി!

സമയത്തിനും അല്‍പ്പം മുമ്പേ ഭക്ഷണം കഴിക്കുക എന്ന കൃത്യത അപ്പൂപ്പന് ഉണ്ടായിരുന്നു, വക്കീല്‍ ജീവിതം അതിന് ഒരു കാരണം. തകഴിയില്‍നിന്ന് അമ്പലപ്പുഴ വക്കീലാപ്പീസിലേയ്ക്കും കോടതിയിലേക്കും നടന്നാണ് പോയിരുന്നത്. ഏകദേശം ഏഴ് കിലോ മീറ്റര്‍ ദൂരം ഇന്നത്തെ ബിറ്റുമെന്‍ (ടാര്‍ ഇട്ട റോഡ്) റോഡുവഴി നടന്നാല്‍. ശങ്കരമംഗലം വീടിരിക്കുന്നതിന് മുമ്പിലുള്ള അമ്പലപ്പുഴ-തകഴി റോഡ് അന്ന് തോടാണ്. തകഴി പമ്പയാറിന് കുറുകെ പാലം വന്നതോടുകൂടി ആ റോഡിപ്പോള്‍ അമ്പലപ്പുഴ-തിരുവല്ല റോഡാണ്. 

തോടിനോരം പറ്റി ബണ്ടിലൂടെ നടന്ന് ചെറിയ ചാലുകള്‍ താണ്ടിയും മറ്റും വേണം തകഴിയില്‍നിന്ന് അമ്പലപ്പുഴ കച്ചേരിയില്‍ എത്താന്‍. ഉച്ചയൂണ് നേരത്തെ വീട്ടില്‍നിന്ന് കഴിക്കും എന്നിട്ടാണ് പടിഞ്ഞാട്ട് നടപ്പ്. കച്ചേരി തുടങ്ങുന്നതിന് മുമ്പ് അമ്പലപ്പുഴയില്‍ എത്തണമല്ലോ. രാത്രിയില്‍ തിരികെ വരുമ്പോള്‍ അമ്പലപ്പുഴ അമ്പലത്തിന്റെ കിഴക്കെ നട കഴിഞ്ഞുള്ള ഒരിടത്ത് ഒരു മാടത്തില്‍ രാത്രി യാത്രക്കാര്‍ക്ക് വേണ്ടി ഓലക്കെട്ട് അടുക്കി വെച്ചിരിക്കും അതിലൊന്നെടുത്ത് കത്തിച്ച് വീശിയാണ് തിരികെ തകഴിക്കുള്ള തിരിച്ചുവരവ്. 

വക്കീല്‍ പണി ഉപേക്ഷിച്ച് എഴുത്ത് ജീവിതമാര്‍ഗമാക്കിയപ്പോഴും വക്കീലിന്റെ ഭക്ഷണക്രമം തുടര്‍ന്നു. വെളുപ്പാന്‍ കാലത്ത് നടപ്പും എഴുത്തും കഴിഞ്ഞുള്ള പ്രാതല്‍ പതിനൊന്നടിച്ച് കഴിഞ്ഞാല്‍ ഉച്ചയൂണ് വൈകിട്ട് -പകലെ- എന്തെങ്കിലും കടിയും കട്ടന്‍ കാപ്പിയോ ചായയോ പിന്നെ രാത്രി നേരത്തെ ചോറും കറികളും കൂട്ടി അത്താഴം. പ്രായം ഏറി പ്രമേഹവും മറ്റും കുടിയേറിയപ്പോള്‍ കിടക്കുന്നതിന് മുമ്പ് കൊച്ചുള്ളി പാലില്‍ കാച്ചി കുടിക്കുന്ന പതിവുണ്ടായിരുന്നു. 

ഒരിക്കല്‍, എന്റെ വല്യമ്മ -തകഴിയുടെ മൂത്ത മകള്‍- രാധമ്മയുടെ മകളുടെ കല്യാണം വിളിക്കാന്‍ അമ്മൂമ്മയും അപ്പൂപ്പനും കല്യാണപ്പെണ്ണായ ഉഷച്ചേച്ചിയും കൂടി അമ്മൂമ്മയുടെ നാടായ നെടുമുടി ഭാഗത്തേയ്ക്ക് പോയി. ബസ്സിലും ബോട്ടിലും നടന്നും മറ്റുമായിരുന്നു യാത്ര. അവിടെ ഒരുപാട് വീടുകളില്‍ കയറിയിറങ്ങി കല്യാണം വിളിച്ചു. നെടുമുടി വേണുവിന്റെ കുടുംബവീടിനടുത്താണ് അമ്മൂമ്മയുടെ തറവാട്. ഞങ്ങള്‍ വേണുച്ചേട്ടന്റെ വീട്ടില്‍ എത്തിയപ്പോഴേയ്ക്കും രാവിലെ പത്തു മണി കഴിഞ്ഞിരിക്കണം. കല്യാണം വിളിക്കാന്‍ കയറിയ എല്ലാ വീടുകളില്‍നിന്നും ചായയോ കാപ്പിയോ പഴമോ കിട്ടിയിരുന്നു വെയിലിന് ചൂട് കൂടിത്തുടങ്ങിയപ്പോള്‍ അത് ഉപ്പിട്ട സമ്പാരമായി.    

placeholder
തകഴി കുടുംബത്തോടൊപ്പം

സമയം പതിനൊന്ന് കഴിയുന്നു. അവിടെനിന്ന് ഒരു ബോട്ട് പിടിച്ച് വേണം അടുത്ത വീട്ടില്‍ എത്തിപ്പെടാന്‍. ഞങ്ങള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് ആറ്റിലേയ്ക്ക് നീണ്ടുനില്‍ക്കുന്ന ബോട്ടുജെട്ടിക്കരുകില്‍ ഇരുന്നു. അപ്പൂപ്പന് ഉച്ചയൂണിന് സമയമടുക്കുന്നു എന്ന് അമ്മൂമ്മയ്ക്ക് അറിയാം. സമയത്തിന് കഴിച്ചില്ലെങ്കില്‍ ആകെ അങ്കലാപ്പാണ്. അതിലെ വന്ന ഒരാളോട് അടുത്ത ബോട്ടിന്റെ സമയം ആരാഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ബോട്ടുള്ളൂ. പല വീടുകളില്‍നിന്ന് പഴവും കാപ്പിയും ചായയും കുടിച്ചുവെങ്കിലും ഊണിനുള്ള വിശപ്പ് എന്റെയും ചേച്ചിയുടെയും വയറുകള്‍ വിളിച്ചറിയിച്ചു തുടങ്ങി. ഉഷ ചേച്ചി ഒരു സാമ്പാറു കൊതിച്ചിയാണ്. ഞങ്ങള്‍ പുഴുക്കലരി ചോറിനെപ്പറ്റിയും സാമ്പാറിനെപ്പറ്റിയും അമ്മൂമ്മയുടെ ഉപ്പുമാങ്ങ അച്ചാറിനെപ്പറ്റിയും പറഞ്ഞുതുടങ്ങി. അമ്മൂമ്മയ്ക്ക് വിശക്കുന്നവര്‍ക്ക് ഭക്ഷണം വിളമ്പിയില്ലെങ്കില്‍ ആകെ വിഷമമാണ്. 

ഞങ്ങളുടെ കൊതിപറച്ചിലും വിശപ്പും മറക്കാന്‍ വേണ്ടി അമ്മൂമ്മ കുട്ടിക്കാലത്തെ നെടുമുടി കഥകളൊക്കെ എന്നോടും ചേച്ചിയോടും പറഞ്ഞു. ആ തക്കം നോക്കി അപ്പൂപ്പന്‍ അപ്രത്യക്ഷനായി. അമ്മൂമ്മയ്ക്ക് കാര്യം പിടികിട്ടി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു പടല പാളയംകോടന്‍ പഴങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് സന്തുഷ്ടഭാവത്താല്‍ മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായ് അപ്പൂപ്പന്‍ തിരികെയെത്തി. വെയിലുകൊണ്ട് കരിവാളിച്ച ഞങ്ങളുടെ മുഖങ്ങള്‍ക്ക് നേരെ പഴങ്ങള്‍ നീട്ടി പറഞ്ഞു, 'അയ്യോ എന്റെ മക്കളെ നിങ്ങക്ക് വിശപ്പ് കേറിയാരിക്കും അല്ലയോ?' എന്നിട്ട് നേരെ അമ്മൂമ്മയുടെ അടുത്ത് നിലത്ത് കുത്തിയിരുന്നു. മുറുക്കാന്‍ തുപ്പി ആറ്റുവെള്ളത്തില്‍ വായ കഴുകി 'ഓ ആ പാക്ക് കൊള്ളത്തില്ലായിരുന്നു ചൊരുക്കുന്ന പാക്കാ' എന്നോ മറ്റോ പറഞ്ഞിട്ട് മടിക്കുത്തില്‍നിന്ന് കൊച്ചുബീഡി ഒന്നെടുത്തു വലിച്ചു. കൈകള്‍ നീട്ടി മുട്ടിലമര്‍ത്തി നീര്‍പോളകളെ നോക്കി കുത്തിയിരുന്നു. ഷര്‍ട്ട് തോളത്ത് ഞാന്നു കിടന്നു. തോര്‍ത്താല്‍ വിയര്‍പ്പ് തുടച്ച് കുടഞ്ഞ് തലയില്‍ മുറുക്കിക്കെട്ടി.

എനിക്കും ചേച്ചിയ്ക്കും പഴത്തിനുള്ള വിശപ്പല്ലായിരുന്നു പ്രത്യേകിച്ച് കുടിച്ച കാപ്പിയും ചായയും വയറ്റില്‍ കിടക്കുന്ന പ്രതീതിയുള്ളപ്പോള്‍. ചോറും കറികളുമാണ് അപ്പോള്‍ ഞങ്ങളുടെ നാവില്‍ വെള്ളമൂറിക്കുന്നത്. ഉഷചേച്ചി അല്പം പിണങ്ങി പറഞ്ഞു 'ഇത്തിരി ചോറും സാമ്പാറും മാത്രം കിട്ടിയാമതിയാരുന്നു'. 

അപ്പോഴേയ്ക്കും അമൂമ്മയ്ക്ക് ക്ഷമ നശിച്ചിരിക്കണം, അപ്പൂപ്പനോട് ശബ്ദം ഉയര്‍ത്തി ചോദിച്ചു. 'ഏതോ വീട്ടിക്കേറി ചോറ് ചോദിച്ചു... ഉണ്ടൂ അല്ലേ?'

'അയ്യോ അമ്മേ കാത്തേ എന്നോട് കെറുവിക്കാതെ...നാല് പേര് കേറിച്ചെന്ന് ഊണ് ചോദിക്കാവോ, അതിനും വേണ്ടി അവിടെക്കാണുവോ?' അപ്പൂപ്പന്‍ സത്യസന്ധനായ ഒരു പാവത്തെപ്പോലെ മുഖം വാട്ടി മറുപടി പറഞ്ഞു. കാത്ത എന്നായിരുന്നു അപ്പൂപ്പന്‍ കമലാക്ഷിയമ്മ എന്ന അമ്മൂമ്മയെ വിളിച്ചിരുന്നത്.
'ഈ പഴോം അവരോട് ചോദിച്ചുവാങ്ങി അല്ലേ?', ആ ചുട്ടുപൊള്ളുന്ന നെടുമുടി വെയിലില്‍ അമ്മൂമ്മയ്ക്ക് കോപം അടക്കാനായില്ല.

കൊച്ചുമക്കള്‍ക്ക് ചോറ് കൊടുക്കാതെ അച്ഛന്‍ ഏതോ വീട്ടില്‍ക്കയറി ഉണ്ടത് അമ്മൂമ്മയ്ക്ക് സഹിച്ചില്ലായിരുന്നു. അവിടെയടുത്തെങ്ങും ഒരു പീടികയില്ലായിരുന്നു. എന്നുവെച്ചാല്‍  ഊണിന് പുറമെ പടലപ്പഴവും മുറുക്കാനും അവരോട് ആ വീട്ടുകാരോട് തന്നെ ചോദിച്ചു വാങ്ങിയതായിരുന്നു എന്ന് സ്പഷ്ടം. കുട്ടനാട്ടുകാരന്‍ ഒരു കൃഷിക്കാരന്റെ മകനായ അപ്പൂപ്പന് അക്കാലത്ത് അതില്‍ തെറ്റൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അന്നെന്നല്ല ഒരിക്കലും.

ആ യാത്രയില്‍ മറ്റൊരു അവിസ്മരണീയമായ രംഗത്തിനും ഞാന്‍ സാക്ഷ്യം വഹിച്ചു. ചതുര്‍ത്ഥ്യാകരിക്കടുത്ത് അമ്മൂമ്മയുടെ തറവാട് ഇരിക്കുന്ന ചിറയ്ക്ക് മുന്നില്‍ ഒരു തോട്. അതിനപ്പുറം വിശാലമായ കണ്ടം. തോട് വളഞ്ഞ് അതിനോരം പറ്റി ഒഴുകുന്നു. ഞങ്ങള്‍ നടന്ന് കണ്ടത്തിനുമിപ്പുറത്ത് മറ്റൊരു ചിറ താണ്ടി കുറെ തെങ്ങുകളും മറ്റ് വൃക്ഷങ്ങളും നിറഞ്ഞ ഒരു പറമ്പിലെത്തി. 

അവിടെയെത്തിയപ്പോള്‍ എന്തോ ഓര്‍ത്തിട്ടെന്നപോലെ അപ്പൂപ്പന്‍ നിന്നു. ചുറ്റുപാടും കണ്ണോടിച്ചു. അമ്മൂമ്മയെ നോക്കി ചോദിച്ചു 'ഓര്‍ക്കുന്നോ കാത്തേ?'. കണ്ണുകള്‍ അല്‍പ്പം നനഞ്ഞപോലെ തൊണ്ടയൊന്നിടറി. കീഴ്ചുണ്ട് കോടി വിറച്ചു. 
ഞാന്‍ ഇന്നലെയെന്ന പോലെ ആ ദൃശ്യം കാണുന്നു. 
വെയില് കൊണ്ട് കറുത്ത് കരിവാളിച്ച പ്രായം ചുളുക്കിയ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും തൊലിപ്പുറം പെട്ടെന്ന് വലിഞ്ഞുമുറുകി. അവര്‍ ഒരു കല്യാണച്ചെറുക്കനും കല്യാണപ്പെണ്ണുമായി. ഞാന്‍ അവരുടെ കല്യാണം കൂടുന്നപോലെ അമ്പരന്നു നിന്നിടത്ത് നിന്നുപോയി.
ആ ചിറയ്ക്കടുത്തുള്ള തോട്ടിലാണ് അപ്പൂപ്പനേം കൂട്ടി തകഴിയില്‍നിന്ന് തുഴഞ്ഞ് എത്തിയ ചെറുക്കന്‍ കൂട്ടര്‍ വളവര വെച്ച വള്ളത്തില്‍ കാത്തുനിന്നത്, അവര്‍ വള്ളപ്പാട്ട് പാടി കെ. ശിവശങ്കരപ്പിള്ള എന്ന കല്യാണ ചെറുക്കനെ പെണ്‍വീട്ടിലേയ്ക്ക് ആനയിച്ചത്. 

അപ്പൂപ്പന്‍ പെട്ടെന്ന് ഒരു ചെറുപ്പക്കാരനായി. ഷര്‍ട്ട് നിലത്തിട്ടു. അമ്മൂമ്മ പെട്ടെന്ന് തന്നെ ഷര്‍ട്ട് വാരിയെടുത്ത് കുടഞ്ഞു. അപ്പൂപ്പന്‍ തോര്‍ത്ത് തലയില്‍ നിന്നൂരി അരയില്‍ കച്ച കെട്ടി. കൃഷിയിറക്കാത്ത പാടത്തേയ്ക്ക് കാലുകള്‍ പൊക്കിച്ചവുട്ടി. ചേറ് തെന്നിയകന്നു. കൈകള്‍ ആകാശത്ത് കൊട്ടി കുനിഞ്ഞ് മുട്ടിനടുത്തെത്തി വീണ്ടും കൈകൂപ്പി കൊട്ടി. വാ തുറന്ന് ഉറക്കെ പാടി. ''പഞ്ചാലഭൂപതി തന്റെ മകളെ വേളി...' എന്ന് തുടങ്ങുന്ന വള്ളപ്പാട്ടിന്റെ ഈണത്തില്‍.

'പിന്നേ ഞാന്‍ എല്ലാം ഓര്‍ക്കുന്നു', അമ്മൂമ്മയിലും ഒരു ചെറുചിരിയും നാണവും ഒന്ന് മിന്നിമാഞ്ഞു. 
കല്യാണം തൊട്ടടുത്തെത്തി നില്‍ക്കുന്ന ഉഷച്ചേച്ചി നാണത്താല്‍ മുഖം കുനിച്ചു ചിരിയ്ക്കാതെ ചിരിച്ചു. ഇന്ന് ഉഷച്ചേച്ചി ഒരമ്മൂമ്മയാണ്!
പൊട്ടിച്ചിരിക്കുന്ന അപ്പൂപ്പന്റെ ശബ്ദം അങ്ങ് ദൂരെ ചിറകളില്‍ തുരുത്തുകളില്‍ തട്ടി തിരികെയെത്തി ഞങ്ങളെയെല്ലാം ചിരിപ്പിച്ചു. പാട്ടുപാടി ചുവടുവെയ്ക്കുന്ന തകഴി - എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത്. ഒരു കാമറ അന്ന് കൈവശം ഇല്ലാതെപോയല്ലോ എന്ന് ഇന്നും ഞാന്‍ ദുഃഖിക്കുന്നു.

വഴിയില്‍ കാണുന്നവരെല്ലാം ഒന്ന് നില്‍ക്കും. ചിലര്‍ക്ക് മ്ലാനമുഖമായിരുന്നു ചിലര്‍ മന്ദഹസിക്കും കുശലം ചോദിക്കും. എല്ലാവരെയും വീട്ട് പേര് പറഞ്ഞാല്‍ അപ്പൂപ്പന് അറിയാം. ചിലരെ മുഖത്ത് നോക്കി പേര് വിളിച്ച് ഞെട്ടിക്കും.

കച്ചേരിപ്പണി നിറുത്തി പൂര്‍ണ്ണമായും എഴുത്തിലേയ്ക്ക് മാറിയെങ്കിലും ആഞ്ഞുനടന്ന് ശരീരം വിയര്‍ത്താലെ അപ്പൂപ്പന് എഴുത്തിനുള്ള കരുത്ത് കിട്ടിയിരുന്നുള്ളു. ഇരുട്ട് മാറാത്ത വെളുപ്പാന്‍ കാലത്ത് തോര്‍ത്ത് തലയില്‍ കെട്ടി ഒറ്റ വിടീലാണ് കിഴക്കോട്ട്. ശങ്കരമംഗലം വീട്ടില്‍നിന്ന് തകഴി പൂക്കൈതയാറ് എന്ന് വിളിക്കുന്ന പമ്പാനദിയുടെ കടവുവരെ നടക്കും. നടത്തമല്ല ഒരു തരം ഓട്ടമാണ്. വിയര്‍ത്ത് കുളിച്ച് തിരികെ വരുന്ന വഴി കൃഷ്ണപിള്ളയുടെ ചായപ്പീടികയില്‍നിന്ന് ഒരു കട്ടന്‍, ആദ്യത്തെ ബസ്സ് ആലപ്പുഴയില്‍ നിന്നെത്തും. മലയാളത്തില്‍ ഫസ്റ്റ് ബസ് എന്ന് തകഴിക്കാര്‍ പറയുന്ന ബസ്സില്‍നിന്ന് അന്നത്തെ വിവിധ മലയാളം പത്രക്കെട്ടുകള്‍ ഡ്രൈവര്‍ എടുത്ത് താഴേയ്ക്കിടും. എല്ലാ പത്രങ്ങളുടെയും ഓരോ കോപ്പി വീതം തകഴി ശിവശങ്കരപ്പിള്ളയ്ക്ക്. പത്രങ്ങള്‍ കക്ഷത്തില്‍ തിരുകി വീട്ടിലെത്തി എഴുത്ത് തുടരും, പത്രം വായന പിന്നീടാണ്. രാത്രിയിലും വെളുപ്പാന്‍ കാലത്തുമാണ് കൂടുതലും എഴുത്ത്.  പകല്‍ തകഴിക്കാര്‍ക്ക് അപ്പൂപ്പന്‍ വെറും കൃഷിക്കാരന്‍ മാത്രം. അല്ലെങ്കില്‍ വഴിയെ കിഴക്ക് പടിഞ്ഞാറ് പോകുന്നവരെ പേര് വിളിച്ച് കുശലം ചോദിക്കുന്ന ശങ്കരമംഗലത്തെ അച്ഛന്‍ അതുമല്ലെങ്കില്‍ തകഴിച്ചേട്ടന്‍. 

ചെറുപ്പകാലത്ത് രാത്രിയില്‍ ഒതളങ്ങ എണ്ണയുടെ ചെറുവിളക്കോ പില്‍ക്കാലത്ത് മെഴുകുതിരിയോ കത്തിച്ച് വച്ച് പായില്‍ കമഴ്ന്ന് കിടന്നായിരുന്നു എഴുത്ത്. അമ്മൂമ്മ പറഞ്ഞ അറിവാണിത്. അന്ന് കൊച്ചുകുട്ടികളായിരുന്ന മക്കളും അമ്മൂമ്മയും ഉറങ്ങും, എണ്ണ തീരുന്നതുവരെ, മെഴുകുതിരി കത്തിത്തീരുന്നതുവരെ എഴുതും.

പെന്‍സില്‍ ഉപയോഗിച്ച് എഴുതി ശീലിച്ചതു കൊണ്ടാകാം പെന്‍സില്‍ മുനയുടെ അല്ലെങ്കില്‍ പേനയുടെ അറ്റത്ത് വിരലുകള്‍ കൂട്ടിപ്പിടിച്ചാണ് എഴുത്ത്. പ്രായം ഏറുന്തോറും ഓടിപ്പോകുന്ന വിരലുകളെ പിടിച്ചുനിറുത്താന്‍ ബദ്ധപ്പെടുന്നപോലെ. ഹരിശ്രീ ഗണപതയെ നമഃ എന്ന് മുകളില്‍ എഴുതി തുടങ്ങുന്ന ചില  കയ്യെഴുത്തുപ്രതികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അത് പ്രായം ഏറെ ആയ കാലത്ത് ഈശ്വരഭക്തിയോടൊപ്പം ഉരുത്തിരിഞ്ഞ ഒരു പുതിയ ശീലമാണോ എന്ന് എനിക്കറിയില്ല. വൃത്തിയായി എഴുതി അയക്കേണ്ട കാലമൊക്കെ അപ്പോഴേയ്ക്കും കഴിഞ്ഞിരുന്നു. വിറയ്ക്കുന്ന വിരലുകളാല്‍ തകഴി എഴുതുന്ന എന്തും പ്രസിദ്ധീകരിക്കാന്‍ പത്രമാസികകള്‍ കാത്തുകിടന്നു. എഴുതുമ്പോള്‍ മാത്രം വിരലുകള്‍ക്ക് വിറയല്‍ ഉണ്ടായിരുന്നു സ്വാഭാവികമായും അത് അക്ഷരങ്ങളെ ബാധിച്ചിരുന്നു. ഒരു ജോലി സംബന്ധമായ തകരാറ് എന്ന് പറയാം. എഴുത്തായിരുന്നല്ലോ ജോലി. 

എഴുത്തുകാരന്‍ എന്ന കാരണത്താല്‍ പണ്ടൊരിക്കല്‍ ഒരു വിദേശ പര്യടനത്തിന് പോയപ്പോള്‍ അപ്പൂപ്പന് ഒരു Optima ഇംഗ്ലീഷ് ടൈപ്പ് റൈറ്റര്‍ സായിപ്പ് സമ്മാനിച്ചു. പക്ഷെ, അക്ഷരാര്‍ത്ഥത്തില്‍ അതൊരു നോക്കുകുത്തിയായി മുറിയുടെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു. അപ്പൂപ്പന്‍ ഒരിക്കല്‍ പോലും അതിലൊരു പേപ്പര്‍ വച്ച് എന്തെങ്കിലും ടൈപ്പ് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കുറേ നാള്‍ മൂത്തമകള്‍ രാധമ്മയുടെ ഭര്‍ത്താവ്, എന്റെ വല്ലച്ഛന്‍ പ്രൊഫസര്‍ തകഴി ശങ്കരനാരായണപിള്ളയുടെ കൈവശമായിരുന്നു ടൈപ്പ് റൈറ്റര്‍. വല്യച്ഛന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ പഠിച്ചിരുന്നത്. വല്യച്ചന്റെ ജോലി സംബന്ധമായവ ഞാന്‍ ആ ടൈപ്പ് റൈറ്റില്‍ ചെയ്തിട്ടുണ്ട്. ശങ്കരമംഗലം മ്യൂസിയം ആയപ്പോള്‍ അപ്പൂപ്പന്റെ ടൈപ്പ് റൈറ്റര്‍ അവിടെ ഒരു കാഴ്ച്ചവസ്തു! 

placeholder
തകഴിയുടെ ടൈപ് റൈറ്റർ

അറുനൂറോളം കഥകളും ഇരുപത്തിയഞ്ചിലധികം നോവലുകളും പെന്‍സിലും പേനയും ഉപയോഗിച്ച് പേപ്പറില്‍ തകഴി എഴുതി.
'കയര്‍' എന്ന നോവല്‍ എഴുതുന്ന കാലം ഞാന്‍ ഓര്‍ക്കുന്നു. വിരലുകളുടെ വിറ കാരണം കയര്‍ എന്ന നോവല്‍ എഴുതിയത് നല്ല കൈപ്പടയിലല്ല. പ്രത്യേകിച്ച്, അവസാന ഭാഗങ്ങള്‍. അപ്പൂപ്പന്‍ എഴുതി വച്ചിരിക്കുന്നത് അദ്ദേഹം കാണാതെ എടുത്ത് വായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വായിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ എനിക്ക് സങ്കടം വന്നതും ഞാന്‍ ഓര്‍ക്കുന്നു. എഴുതിയെഴുതി അപ്പൂപ്പന്റെ വിരലുകള്‍ക്ക് വിറയല്‍ ബാധിച്ചു എന്നായിരുന്നു എനിക്ക് അന്നൊക്കെ തോന്നിയിരുന്നത്. പിന്നീട് കത്തുകള്‍ പറഞ്ഞെഴുതിക്കുമായിരുന്നു. ഞാനും കത്തുകള്‍ അപ്പൂപ്പന് വേണ്ടി എഴുതിയിട്ടുണ്ട്. അതില്‍ പ്രധാനം ഇപ്പോള്‍ ഓര്‍ക്കുന്നത് ഇന്ത്യന്‍ പ്രസിഡന്റിന് ഇംഗ്ലീഷില്‍ എഴുതിയ ഒരു ദീര്‍ഘമായ എഴുത്താണ്. ആ എഴുത്തും അതിന്റെ പരിണിത ഫലവും പിന്നീട് പറയാം.

കയറിലേക്കു തിരികെവരാം. കിഴക്ക് നിന്ന് ഒരു അംബാസഡര്‍ കാറില്‍ കയര്‍ എന്ന പുതിയ നോവലിന്റെ കോപ്പികളുമായി തുമ്പമണ്‍ തോമസ്സിന്റെ വരവ് ഞാന്‍ ഓര്‍ക്കുന്നു. കയറിന്റെ ആദ്യ പതിപ്പ് തുമ്പമണ്‍ തോമസ്സാണ് പ്രസിദ്ധീകരിച്ചത്. ഒരു പ്രത്യേക പച്ച നിറത്തില്‍ കവര്‍, വില കുറഞ്ഞ പേപ്പര്‍, മോശം ബൈന്‍ഡിങ്ങില്‍ തടിയന്‍ പുസ്തകം. ഇതിനെല്ലാം പുറമെ ഉടനീളം അക്ഷരത്തെറ്റുകള്‍. ആദ്യ പതിപ്പ് കയ്യില്‍ തുറന്നുപിടിച്ചു കൊണ്ട് വെകിളി പിടിച്ച് തുമ്പമണ്‍ തോമസിനോട് സംസാരിക്കുന്ന തകഴിയെ ഞാന്‍ ഓര്‍ക്കുന്നു.
 
കുനുകുനാ ചെറിയ അച്ചടി അക്ഷരങ്ങള്‍ നിറഞ്ഞ തടിയന്‍ പുസ്തകത്തിലെ തെറ്റുകള്‍ കണ്ടെത്തി പേജിന്റെ പാര്‍ശ്വങ്ങളിലെല്ലാം തിരുത്തലുകള്‍ കുത്തിക്കുറിച്ചെഴുതുന്ന അപ്പൂപ്പന്‍. അക്ഷരത്തെറ്റുകള്‍ തകഴിയുടെ കൈയ്യക്ഷരം വായിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് എന്ന് തുമ്പമണ്‍ തോമസ്സ് എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. കയര്‍ എന്ന നോവലിന്റെ പ്രസിദ്ധീകരണചരിത്രവും ഗുണനിലവാരം പുലര്‍ത്താത്ത ഇംഗ്ലീഷ് മൊഴിമാറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല. അക്കാലത്ത് തകഴി കൃതികളുടെ ഇംഗ്ലീഷ് മൊഴിമാറ്റങ്ങള്‍ നിലവാരമുള്ളതല്ലായിരുന്നു എന്ന് ദ്രാവിഡ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രശസ്ത ലിങ്ക്വിസ്റ്റ് പ്രാഫസര്‍ റൊനാള്‍ഡ് ഇ. ആഷര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ തകഴിയുടെ തോട്ടിയുടെ മകന്‍ അദ്ദേഹമാണ് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്.  ആഷര്‍ മലയാള ഭാഷയിലേയ്ക്ക് ആകൃഷ്ടനാവാന്‍ ഒരു കാരണക്കാരന്‍ തകഴിയാണ്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പാശ്ചാത്യ രാജ്യങ്ങളില്‍ പ്രവാസിയാണ് ഞാന്‍. ലോകസാഹിത്യവും ആ ലോകവും കൂടുതല്‍ അനുഭവിക്കാനും കഴിഞ്ഞു. അപ്പൂപ്പന്റെ കൃതികള്‍ ഈ ഓര്‍മ്മക്കുറിപ്പിന്റെ ഭാഗമായി പുനര്‍വായിക്കുന്തോറും തകഴിയുടെ കഥകളും നോവലുകളും ലോകം ഇനിയും വായിക്കേണ്ടതിന്റെ അനിവാര്യത ഞാന്‍ അറിയുന്നു. തകഴി കുട്ടനാടന്‍ കഥകള്‍ ലളിതമായി പറഞ്ഞുപോയ വെറുമൊരു മലയാളി കഥാകാരന്‍ മാത്രമല്ല. വരാനിരിക്കുന്ന കഥാപ്രപഞ്ചത്തെ വിരല്‍തുമ്പാല്‍ തൊട്ടുനോക്കിയ, കുഞ്ഞുപെന്‍സിലുകൊണ്ട് കുറിച്ചിട്ട് പോയ ലോകോത്തര കഥാകാരന്‍.
ഇക്കാലത്ത് ലോകം അറിയുന്ന പ്രഗല്‍ഭരായ മലയാളികളായ പരിഭാഷകര്‍ നമുക്കുണ്ട്. അവരില്‍ ആരെങ്കിലും ഈ കര്‍ത്തവ്യം ഏറ്റെടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് പ്രസാധകര്‍ അതിനുള്ള സന്നദ്ധത കാണിക്കും എന്ന് പ്രത്യാശിക്കാം.

നിര്‍ഭാഗ്യവശാല്‍ അല്ലെങ്കില്‍ ഭാഗ്യവശാല്‍ ഇംഗ്ലീഷ് എന്ന മീഡിയത്തില്‍ ലഭ്യമായാലേ ഇന്നത്തെ കാലത്ത് ലോകമെമ്പാടും ഒരു കൃതി എത്തിപ്പെടുകയുള്ളു, വായിക്കപ്പെടുകയുള്ളു. നൊബേല്‍ പ്രൈസ് കിട്ടിയ ഒരു സ്പാനിഷ്, തുര്‍ക്കി അല്ലെങ്കില്‍ ജര്‍മ്മന്‍ എഴുത്തുകാരന് അവരുടെ കൃതികള്‍ അന്യോന്യം വായിക്കപ്പെടണമെങ്കില്‍ പലപ്പൊഴും ആദ്യം ഒരു ഇംഗ്ലീഷ് തര്‍ജമയുടെ ആവശ്യമുണ്ടാവുന്നു.  

ജീവിച്ചിരുന്നപ്പോള്‍ ശങ്കരമംഗലം എന്ന ഞങ്ങളുടെ വീട്ടില്‍ തകഴിയെന്ന സാഹിത്യകാരന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. കുടുംബം നോക്കിനടത്തിയ ഒരു ഭര്‍ത്താവ്, അച്ഛന്‍, കൃഷിക്കാരന്‍, അത്രമാത്രം. മരണശേഷമാണ് തകഴി ശിവശങ്കരപ്പിള്ള എന്ന സാഹിത്യകാരന്‍ ഞങ്ങള്‍ വീട്ടുകാരുടെ ഇടയില്‍ ഒരു വിഷയമായത്. അതിന് തകഴിയെ ഇന്നും സ്‌നേഹിക്കുന്ന പത്രപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ ചോദ്യങ്ങളിലൂടെയാണ് മക്കള്‍ക്ക് അച്ഛനെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ അതിലൂടെ അച്ഛനിലെ എഴുത്തുകാരനെ കണ്ടെത്താന്‍ ശ്രമം നടക്കുന്നത്. മക്കളെയും അവരുടെ കുടുംബങ്ങളെയും മറ്റ് ബന്ധുമിത്രാദികളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികള്‍ അമ്മൂമ്മമാരും അപ്പൂപ്പന്‍മാരുമാണ്. അവര്‍ ഈ ലോകം വിടുന്നതോടെ അവരുടെ കുടുംബം എന്ന വടവൃക്ഷം ഒന്നുലയും. പിടിച്ചാല്‍ കിട്ടാതെ കാലം മുന്നോട്ട് ഓടി പോകുമ്പോള്‍ ഓര്‍മ്മകള്‍ അയവിറക്കാന്‍ കാരണങ്ങള്‍ വേണ്ടിവന്നേക്കാം.

placeholder
തകഴി

അപ്പൂപ്പന്‍ പണ്ട് പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന ഒരു 'നടന്ന കഥ' പറയാം. തകഴി സ്‌കൂളില്‍ അവസാന പരീക്ഷയ്ക്ക് ചോദ്യപ്പേപ്പറില്‍ ഒരിക്കല്‍ ഒരു ചോദ്യമുണ്ടായി, 'ഏണിപ്പടികള്‍' എന്ന നോവലില്‍ നിന്ന് ഒരു പാരഗ്രാഫ് ഉദ്ധരിച്ച് ഒരു ചോദ്യം, ഈ നോവലിന്റെ ഗ്രന്ഥകര്‍ത്താവ് ആര്? അപ്പൂപ്പന്റെ ഒരു മകള്‍ ആ ചോദ്യത്തിന് ഉത്തരം എഴുതി, 'ഉറൂബ്'! 

ശങ്കരമംഗലത്ത് ഒട്ടുമിക്ക ആഴ്ച്ചപ്പതിപ്പുകളും മാസികകളും ദിനംപ്രതിയെന്നോണം തപാലില്‍ എത്തിയിരുന്നു. ചില പത്രങ്ങളും വളരെ ചുരുക്കം മാസികകളും അപ്പൂപ്പന്റെ മരണശേഷവും അമ്മൂമ്മയ്ക്ക് അയച്ചുനല്‍കുന്ന ആ ശീലം തുടര്‍ന്നു. കേരളത്തിനപ്പുറത്തു നിന്നും മാസികകളും പുസ്തകങ്ങളും എത്തിയിരുന്നു. വര്‍ണ്ണാഭമായ തിളങ്ങുന്ന പേപ്പറില്‍ അച്ചടിച്ച വിദേശ മാസികകളില്‍ സോവിയറ്റ് ലാന്റും സോവിയറ്റ് യൂണിയനും സ്പാനും ലൈഫ് മാസികയും നാട്ടിലെ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയും റീഡേഴ്‌സ് ഡൈജസ്റ്റും മറ്റും ഉണ്ടായിരുന്നു. എന്റെ വായനാലോകം അവയിലൂടെ സ്വപ്നലോകമായി മാറി.

വീട്ടിലെ തീരാത്ത ജോലികള്‍ കഴിഞ്ഞ് അമ്മൂമ്മ മലയാളം ആഴ്ച്ചപതിപ്പുകള്‍ വായിക്കുമായിരുന്നു. ആഴ്ച്ചപതിപ്പുകളില്‍ തുടര്‍ച്ചയായി വരുന്ന നോവലുകള്‍ വായിച്ച് രസിക്കുന്ന അമ്മൂമ്മ. പെരുമ്പടവം ശ്രീധരന്റെ കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് അവര്‍ക്ക് അടുത്തയാഴ്ച്ച എന്ത് സംഭവിക്കും എന്ന് വ്യാകുലപ്പെടുന്ന അമ്മൂമ്മ. 'ശ്രീ' എന്നു മാത്രം എഴുതി ഒപ്പിട്ടിരുന്ന അമ്മൂമ്മ കത്തുകള്‍ പോലും എഴുതിയിരുന്നില്ല. അപ്പൂപ്പന്റെ മരണശ്ശേഷം അമ്മൂമ്മയെപ്പറ്റി പത്രമാസികകളില്‍ എഴുതപ്പെട്ടപ്പോള്‍ ചൊടിച്ച നരേന്ദ്രപ്രസാദിന്റെ ഒരു കുറിപ്പ് ഞാന്‍ ഓര്‍ക്കുന്നു. 'കാത്തയാര് ദേവതയോ?' എന്നോ മറ്റോ ആയിരുന്നു ആ കുറിപ്പിന്റെ തലക്കെട്ട്. ജ്ഞാനപീഠപുരസ്‌കാരം കിട്ടിയപ്പോള്‍ അത് തന്റെ കയ്യില്‍നിന്ന് നേരെ അമ്മൂമ്മയ്ക്ക് സമ്മാനിക്കുന്ന സമര്‍പ്പിക്കുന്ന അപ്പൂപ്പനെ നാം കണ്ടതാണ്. 

ഒരു കാലത്ത് തകഴി തപാലാപ്പീസ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് വഴിക്ക് എതിര്‍വശത്തുള്ള ഒരു ചെറിയ വീട്ടിലായിരുന്നു. എഴുത്തുകള്‍ ചാക്കുനൂലില്‍ കെട്ടി അടുക്കിയടുക്കി പോസ്റ്റുമാന്‍ കൊണ്ടുവരും. മറുപടി അയക്കാനുള്ള ഇന്‍ലന്റുകളും എന്‍വലൊപ്പുകളും പോസ്റ്റേജ് സ്റ്റാമ്പുകളും പോസ്റ്റുമാന്‍ വീട്ടില്‍ കൊണ്ടെത്തിക്കുമായിരുന്നു. സഞ്ചരിക്കുന്ന തപാലാപ്പീസും ബാങ്കും മറ്റുമായിരുന്നല്ലോ പഴയകാലത്തെ അഞ്ചലോട്ടക്കാരെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റുമാന്‍. ഏതൊരു വീട്ടിലേയും പോലെ അപ്പൂപ്പനും പോസ്റ്റുമാന്‍ വരുന്ന സമയം എന്നൊരു സമയമുണ്ടായിരുന്നു. ഒരു ദിവസം അല്പം താമസിച്ചാല്‍ റോഡില്‍ക്കൂടി നടന്നുപോകുന്നവരോട് ചോദിക്കും, 'നമ്മുടെ പോസ്റ്റുമാനെ ഇന്ന് കണ്ടാരുന്നോ?' എഴുത്തുകാര്‍ക്ക് അന്നൊക്കെ പോസ്റ്റാഫീസുമായി ഒരു പ്രത്യേകബന്ധം ഉണ്ടായിരുന്നു. പുറംലോകവും സുഹൃത്തുക്കളും എഴുത്തുസംബന്ധമായ എല്ലാം അന്നൊക്കെ തപാലിലായിരുന്നല്ലൊ. 

അതിനൊക്കെപ്പുറമെ എഴുതിയതിന് പ്രതിഫലവും മണിയോര്‍ഡര്‍ വഴി പോസ്റ്റുമാന്‍ ആയിരുന്നു എണ്ണിക്കൊടുത്തിരുന്നത്. നീണ്ട്‌ വെളുത്ത് മെലിഞ്ഞ മണിയോര്‍ഡര്‍ ഫോമിന്റെ അടിയില്‍ കുറിപ്പെഴുതാനുള്ള ഒരു ചെറിയ സ്ഥലവും. ആ ഭാഗം കീറി പോസ്റ്റുമാന്‍ പണത്തോടൊപ്പം നീട്ടും. പോസ്റ്റുമാന്‍ ഒരു പരിധി വരെ മനസ്സാക്ഷിസൂക്ഷിപ്പുകാരുമായിരുന്നു. അപ്പൂപ്പനുമായി അവര്‍ക്ക് ഒരു പ്രത്യേക മമതയും ബന്ധവുമുണ്ടായിരുന്നു. വിദേശത്തുനിന്നുള്ള കത്തുകള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവ, കേരളത്തില്‍ നിന്നുള്ളവ എന്നിങ്ങനെ തരംതിരിച്ച് കൊടുക്കുമായിരുന്നു. വീടിന് പടിയ്ക്കല്‍ അരപ്രൈസില്‍ ഇരുന്ന് കുറച്ചുസമയം ചിലവഴിക്കുന്ന പോസ്റ്റുമാന്‍. എനിക്ക് സ്റ്റാമ്പ് ശേഖരിക്കുന്ന ശീലമുണ്ടായിരുന്നു. വിദേശനിര്‍മ്മിത എയറോഗ്രാം എന്‍വലൊപ്പുകള്‍ കാണാന്‍തന്നെ ശേലായിരുന്നു. അതിലൊട്ടിയിരിക്കുന്ന സ്റ്റാമ്പുകള്‍ എനിക്ക് അമൂല്യം. ഞാന്‍ അമ്മൂമ്മയെ ചട്ടം കെട്ടും; അത്തരം സ്റ്റാമ്പുകള്‍ ഒട്ടിച്ച എന്‍വലപ്പുകള്‍ എനിക്ക് വേണ്ടി സൂക്ഷിച്ചുവെയ്ക്കാന്‍. 

അപ്പൂപ്പന് എഴുത്തുമേശ ഉണ്ടായിരുന്നില്ല. ഒരു പലകയുണ്ടായിരുന്നു, അത് മടിയില്‍ അല്ലെങ്കില്‍ ചാരുകസേരയുടെ പടിയില്‍ എടുത്തുവെച്ച് എഴുത്തുകളെല്ലാം നിരത്തി പൊട്ടിച്ചുവായിക്കും. വായിച്ചു കഴിഞ്ഞതെല്ലാം അടുത്ത് ചിതറിക്കിടക്കും. പിന്നീട് മറുപടി എഴുത്തിന്റെ സമയമാണ്. 
തകഴി ശിവശങ്കരപ്പിള്ള ശങ്കരമംഗലം തകഴി 688 562 ആലപ്പുഴ കേരള സ്റ്റേറ്റ് ഇന്ത്യ Phone 43 എന്ന് തലക്കെട്ടുള്ള ലെറ്റര്‍ പാഡുകള്‍ ചെറിയ A5 വലുപ്പത്തിലും A4 വലുപ്പത്തിലും. കൃത്യമായി ഒരു സ്ഥലത്ത് പേനകളോ പെന്‍സിലുകളോ അടുക്കി ഒതുക്കി വെച്ചിരുന്നില്ല. പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്ന ഒരു ഷെല്‍ഫും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലായി അയച്ചുകിട്ടുന്ന പുസ്തകങ്ങള്‍ക്കിടയില്‍ കത്തുകളും ലെറ്റര്‍പാഡുകളും എഴുതുവാന്‍ ഉപയോഗിച്ചിരുന്ന കച്ചി പേപ്പറും. 

ഒരു പേന എവിടെനിന്നെങ്കിലും തപ്പിയെടുക്കും എന്നിട്ട് കത്തുകള്‍ക്ക് മറുപടി എഴുതും. തെക്കുവടക്കാണ് ശങ്കരമംഗലം. വടക്കുവശത്ത് പൂമുഖത്ത് രണ്ട് ചാരുകസേരകള്‍. ഒന്ന് ചെറിയ, മടക്കി വെയ്ക്കാവുന്ന തുണികെട്ടിയ തരം. മറ്റേത് മലര്‍ന്ന് കിടക്കാവുന്ന പ്ലാസ്റ്റിക്ക് വരഞ്ഞ നീണ്ട കസേര. ഇന്ന് തകഴി മ്യൂസിയത്തില്‍ പ്ലാസ്റ്റിക്ക് വരഞ്ഞ ഈ കസേര കാഴ്ച്ചവസ്തുക്കളില്‍ ഒന്നാണ്. കേറി ചെല്ലുമ്പോഴേ കാണാം. കൊടുംചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ഞാനും ആ കസേരയില്‍ കാലുകള്‍ വിടര്‍ത്തി മാവേല്‍ നോക്കി കിടന്നിട്ടുണ്ട്. വീടിന്റെ മുന്‍വശം തുറന്നിട്ടായിരുന്നു പണ്ട്. രണ്ടു വശത്തും അരപ്രൈസുകള്‍ കിഴക്കും പടിഞ്ഞാറും രണ്ട് കൊച്ചുമുറികള്‍. കിഴക്കെ മുറി ചെറുപ്പകാലത്ത് എന്റെ അമ്മാവന്‍, തകഴിയുടെ ഏകമകന്‍ ഡോ  ബാലകൃഷ്ണന്‍ നായരുടേതായിരുന്നു. നീണ്ട മുറിയിലെ തിണ്ണയ്ക്ക് എന്നും നല്ല തണുപ്പായിരുന്നു. കാരണം മറ്റൊന്നുമല്ല ചുറ്റിനും തിങ്ങിനിന്നിരുന്ന പച്ചപ്പ്. പല നിറങ്ങള്‍ ഉള്ള ഇലച്ചെടികള്‍ പൂച്ചെടികള്‍ നടുക്ക് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന പാതയ്ക്ക് മുകളില്‍ തണല്‍ വിരിച്ച് മുല്ലമരം പന്തലിച്ചു കിടന്നിരുന്നു. അക്കാരണത്താല്‍ ആ ഭാഗത്തിന് എപ്പോഴും നല്ല മുല്ലമണമാണ്. പക്ഷെ, തകഴിക്കാരുടെ യക്ഷിക്കഥകളൊക്കെ കേട്ടുകേട്ട് രാത്രിയാകുമ്പോള്‍ മുല്ലമണമടിക്കുമ്പോള്‍ പേടി വരും. ഇടതുവശത്ത് പടിഞ്ഞാറ് ഒരു മുട്ടന്‍ കിളിച്ചുണ്ടന്‍ മാവ്. പടിഞ്ഞാറ് വശത്ത് മറ്റ് മാവുകള്‍. ഇന്ന് ആ ചെടികളോ മരങ്ങളോ ഒന്നുമില്ല. അപ്പൂപ്പനും അമ്മൂമ്മയ്ക്കും പ്രായം കൂടിയപ്പോള്‍ കള്ളന്‍മാരെ പേടിച്ച് വരാന്ത അടച്ചുകെട്ടിയതിനാല്‍ വെളിയില്‍ എന്ന പോലെ അകത്തും ചൂട് അസഹനീയമായി. 

ഇറയത്ത് അരപ്രൈസ് അതില്‍ സിമന്റ് തൂണുകള്‍. തറ അവിടവിടെ പൊട്ടിയും താണും. മുന്നിലുള്ള റോഡിന്റെ കീഴില്‍ പഴയ തോട് സജീവമായിരുന്നിരിക്കണം അന്നൊക്കെ. ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് ഓടി മറയുമ്പോള്‍ തറ കുലുങ്ങുമായിരുന്നു.

കേറിച്ചെല്ലുമ്പോഴുള്ള മുറി നടുക്കലത്തെ മുറി. അവിടെ ഇടത്തെ കോണില്‍ അതായത് വടക്ക് കിഴക്ക് ഭിത്തിയില്‍ ഉറപ്പിച്ച തട്ടില്‍ കറുത്ത ടെലിഫോണ്‍. നമ്പര്‍ തകഴി 43. നടുക്കലത്തെ മുറിയും ഹാളും കഴിഞ്ഞ് വലതുവശത്തുള്ള അറയുടെ ഇടനാഴി വഴി നടന്നെത്തുമ്പോള്‍ അമ്മൂമ്മയുടെ അടുക്കള. 
കത്തുകള്‍ക്ക് മറുപടി എഴുതി തീര്‍ത്തിട്ട് അപ്പൂപ്പന്‍ അടുക്കളയിലേക്ക് നടന്നെത്തും. 'ചോറായോ?' എന്ന ചോദ്യം. ഉച്ചയൂണിന് സമയമായില്ല. പക്ഷെ, അമ്മൂമ്മയ്ക്കറിയാം ആ വരവിന്റെ ഉദ്ദേശ്യം. തിളച്ചുമറിയുന്ന കലത്തില്‍ നിന്ന് കുറേ വറ്റ് ഊറ്റി ഒരു തവിയിലിട്ട് കൊടുക്കും. ഒരു ഭദ്രദീപം കണക്കെ അതും പിടിച്ചുകൊണ്ട് അപ്പൂപ്പന്‍ തിരികെ വടക്കോട്ട് നടക്കും. വിരലുകള്‍കൊണ്ട് വെന്ത ചോറ് ഞെരടും. അതാണ് പശ. ഓരോ മറുപടിയും ഭദ്രമായി എന്‍വലപ്പില്‍ തിരുകി മേല്‍വിലാസം എഴുതി ചോറിന്റെ പശയാല്‍ എന്‍വലപ്പ് സീല്‍ ചെയ്ത് സ്റ്റാമ്പ് മുറുക്കിച്ചുവന്ന നാക്കില്‍ അമര്‍ത്തി ഒട്ടിക്കും. വിദേശത്തേയ്ക്കുള്ള മറുപടികള്‍ അത്യാവശ്യം എങ്കില്‍ മാത്രം എഴുതും. പണച്ചെലവ് കണക്കിലെടുക്കണമല്ലോ. 

നേരത്തെ പറഞ്ഞുവല്ലോ, ചെറുപ്പകാലത്ത് അപ്പൂപ്പന്റെ കഥയെഴുത്ത് ചെറിയ വിളക്ക് കത്തിച്ച് വെച്ച് തഴപ്പായില്‍ കമഴ്ന്ന് കിടന്നായിരുന്നു.'വെട്ടിവെട്ടി തീര്‍ന്നുപോകുന്ന പെന്‍സിലുകള്‍കൊണ്ട് കുത്തിക്കുറിച്ചോണ്ടേയിരിക്കും. ഞാന്‍ ഉറങ്ങിപ്പോകും വിളക്കിലെ എണ്ണ തീരുന്നവരെ എഴുതും'- അമ്മൂമ്മ പറഞ്ഞതോര്‍ക്കുന്നു. എഴുതിയതും ചുരുട്ടിപ്പിടിച്ച് പിറ്റേന്ന് അഞ്ചലാപ്പീസില്‍ പോകും. മാസികകള്‍ക്ക് അയച്ചുകൊടുക്കും. അവ അച്ചടിച്ചുവന്നില്ലെങ്കില്‍ പലപ്പോഴും ആ കഥ എന്നന്നേയ്ക്കായ് നഷ്ടപ്പെടുകയാണ് എന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്. 

തിരുവനന്തപുരത്തേയ്ക്ക് പ്ലീഡര്‍ഷിപ്പ് പരീക്ഷയ്ക്ക് പഠിക്കാന്‍ പോകുന്നതിന് മുമ്പ് ഒരു ഇടക്കാലം ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തകഴിയിലും പരിസരങ്ങളിലും മാത്രമായിരുന്നു അലച്ചില്‍. പ്രായവും അതിന് ചേര്‍ന്നു. എഴുതുക എന്നത് അപ്പൂപ്പന് ശീലമായിരുന്നില്ല എങ്കിലും എഴുതിത്തുടങ്ങി എന്ന് നമുക്കറിയാം. മാറുമറയ്ക്കാന്‍ കൂട്ടാക്കാതെ നടന്നിരുന്ന കൊച്ചുപെണ്‍കുട്ടികള്‍ അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. അരയില്‍ ഒരു തോര്‍ത്തും അതിനടിയില്‍ കോണകവും ആയിരുന്നു പലരുടേയും വേഷം എന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്. അവിടെനിന്ന് പെട്ടെന്ന് രാജാവ് വാഴുന്ന തിരുവനന്തപുരം എന്ന പട്ടണത്തില്‍ എത്തിപ്പെട്ട കെ. ശിവശങ്കരപ്പിള്ളയുടെ ജീവിതത്തെപ്പറ്റി നമുക്ക് ഊഹിക്കാം.

പട്ടണം നല്‍കിയ ജീവിതചര്യയില്‍കൂടി വന്നുചേര്‍ന്ന ജീവിതവീഷണവും ശാരീരികവും മാനസികവുമായ മാറ്റങ്ങളെപ്പറ്റിയും പഠനശേഷം തിരികെ വന്നുകഴിഞ്ഞുള്ള തകഴി എന്ന ഗ്രാമത്തിന്റെ മാറ്റങ്ങളും അപ്പൂപ്പന്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

തകഴി എന്ന കുഗ്രാമത്തിലും മാറുമറയ്ക്കുന്ന വേഷവിധാനം വന്നെത്തി. അതുവരെ മാറുമറയ്ക്കാതെ നടന്നിരുന്നവര്‍ മറച്ച് തുടങ്ങിയപ്പോള്‍ പണ്ട് തോന്നാതിരുന്ന ഒരു ചേതോവികാരം പൊട്ടിമുളയ്ക്കുന്നു. മറയ്ക്കപ്പെട്ട ആ മാറുകള്‍ കാണണം എന്ന് തോന്നുന്ന ചെറുപ്പക്കാരന്റെ ചാപല്യം. തകഴിയുടെ ആദ്യകാലങ്ങളിലെ എഴുത്തിനെ 'തെറിയെഴുത്ത്' എന്ന് പലരും വിശേഷിപ്പിച്ചിരുന്നു. അതെല്ലാം കേസരി ബാലകൃഷ്ണപിള്ളയുടെ കളരിയില്‍നിന്ന് എഴുത്തിന്റെ പാശ്ചാത്യരീതികള്‍ പഠിച്ചിറങ്ങിയ ആ ചെറുപ്പക്കാരനായ എഴുത്തുകാരനില്‍ നിന്നുണ്ടായതില്‍, പ്രത്യേകിച്ച് ആ കാലഘട്ടത്തില്‍, ഒരു തെറ്റും കാണാന്‍ കഴിയില്ല. അന്നത്തെ സാമൂഹ്യസ്ഥതിഗതികളോടുള്ള ശക്തമായ പച്ചയായ പ്രതികരണം മാത്രമായിരുന്നിരിക്കണം നിരൂപകര്‍ക്കും മറ്റെഴുത്തുകാര്‍ക്കും ദഹനക്കേടുണ്ടാക്കിയ ആദ്യകാല തകഴിസാഹിത്യം. കണ്ടതെല്ലാം അതേപടി എഴുതാന്‍ കഴിഞ്ഞ ഒരു തനി നാടന്‍ എഴുത്തുകാരന്റെ ഭാഷ കണ്ടെത്തുവാനുള്ള പ്രയത്‌നം ആയിരുന്നിരിക്കണം.

ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരുടെയും മന്ത്രിമാരുടെയും കാറിന് മുന്‍വശത്ത് ഇടതുകോണില്‍ ഗണ്‍മാന്‍ എന്ന ഒരു തസ്തിക ഉണ്ടായിരുന്നു. അവര്‍ എവിടെപ്പോയാലും കൂടെയുണ്ടാവണം. ഞാന്‍ ഒരു കാലത്ത് അപ്പൂപ്പന്റെ ഗണ്‍മാനെപ്പോലെ ആയിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്ത് പ്രത്യേകിച്ചും. അതില്‍ എന്റെ കുടുംബത്തില്‍ പലര്‍ക്കും വിദ്വേഷം ഉണ്ടായിരുന്നു. പ്രത്യേകിച്ച് എന്റെ പഠനം മുടങ്ങുന്നു എന്ന കാരണത്താല്‍. അപ്പൂപ്പനുമൊത്തുള്ള യാത്രകള്‍ കാരണം സ്‌കൂളില്‍ ഞാന്‍ പ്രത്യക്ഷപ്പെടാത്ത ദിവസങ്ങള്‍ കൂടി വന്നു. അക്കാരണത്താല്‍ എന്നെ ഒരു മലയാള അദ്ധ്യാപകന്‍ ആഴ്ച്ചപ്പതിപ്പ് എന്ന് കൂട്ടിവിളിച്ചിരുന്നു. അന്ന് ഒരുപാട് മനോസംഘര്‍ങ്ങള്‍ക്ക് അത് കാരണമായെങ്കിലും എന്റെ സര്‍ഗ്ഗജീവിതത്തില്‍ ആ കാലഘട്ടത്തിന് പകിട്ട് ഏറെയാണ്. അപ്പൂപ്പന്റെയും അക്കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖന്‍മാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനും അവരുടെ സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുവാനും അവസരം ഒരുക്കി.

അപ്പൂപ്പന്റെ പ്രസംഗങ്ങള്‍ എഴുത്തുപോലെ തന്നെ ലളിത ഭാഷയിലായിരുന്നു. അന്നൊക്കെ കേട്ടിട്ടും മനസ്സിലാവാത്ത പ്രസംഗങ്ങള്‍ തൊടുത്തുവിട്ട പ്രഗല്‍ഭരായ വാഗ്മികളുടെ വാക്കുകള്‍ കേട്ട് കേട്ട് കാലുകള്‍ കഴച്ചിട്ടും കണ്ണ് നട്ട് കാതോര്‍ത്ത് നില്‍ക്കുമായിരുന്നു. പലപ്പോഴും അത്തരം വാഗ്മികള്‍ക്കുള്ള തകഴിയുടെ ഉത്തരങ്ങളിലൂടെയാണ് അവര്‍ പറഞ്ഞതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത്. തകഴിയില്‍ നിന്നുള്ള യാത്രകള്‍ എനിക്ക് ആശ്വാസവും സുന്ദരവുമായിരുന്നു. അമ്മയും അനിയത്തിയും അച്ഛനും ഉള്‍പ്പെടുന്ന എന്റെ വീട്ടിലെ നൊമ്പരങ്ങളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും പൊയ്മുഖങ്ങളില്‍ നിന്നും ഒരു തരത്തില്‍ ഒളിച്ചോട്ടം. അപ്പൂപ്പന്‍ അറിഞ്ഞുകൊണ്ടാണ് എന്നെ കൂട്ടിക്കൊണ്ടു പോയിരുന്നത്. 

തകഴിയില്‍നിന്ന് എന്റെ ഓര്‍മ്മയില്‍ എനിക്ക് നാല് തരം കാര്‍ യാത്രകള്‍ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ കൂടെ ഒറ്റയ്ക്ക്, ഒരു അമ്പലപ്പുഴ-പുറക്കാട്ട്-തകഴി സ്വദേശിയുമായുള്ള യാത്ര, അമ്മൂമ്മയുമായുള്ള യാത്ര, പിന്നെ കുടുംബത്തിലെ മറ്റംഗങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കിരിക്കാവുന്ന അംബാസഡര്‍ കാറില്‍ ഉന്നക്കാരനുള്‍പ്പടെ പത്തോളംപേര്‍ തിക്കിത്തിരക്കി ഇരുന്നുള്ള യാത്രകള്‍. 'ഉന്നക്കാരന്‍' അതെ, ഞങ്ങള്‍ കാര്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ സ്‌നേഹത്തോടെ അങ്ങനെയും വിളിച്ചിരുന്നു. അപ്പൂപ്പന് മൂന്ന് ഉന്നക്കാരുണ്ടായിരുന്നു- മാന്നാറുകാരന്‍ തോമസ്സ്, അമ്പലപ്പുഴക്കാരന്‍ പങ്കന്‍, കൊച്ചിക്കാരന്‍ സന്തോഷ്.  

ഉന്നക്കാരന്‍ എന്ന വിളിയുടെ പിന്നിലെ കഥ. എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്ന അപ്പൂപ്പന്റെ കൊച്ചമ്മ ഒരു യോഗിനിയമ്മ. തന്റേടി, ഒറ്റയ്ക്ക് ഒരു കുടിലില്‍ ആയിരുന്നു കൊച്ചമ്മ താമസം. അപ്പൂപ്പന്‍ വിളിച്ചിരുന്നതു പോലെ ഞങ്ങള്‍ എല്ലാവരും കൊച്ചമ്മേ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എന്തും മുഖം നോക്കാതെ ഉച്ചത്തില്‍ വിളിച്ചുപറയും. റൗക്കയും മുട്ടിന് താഴെ വരെ എത്തുന്ന ഒറ്ററുണ്ടും ഒരു വെളുത്ത തോര്‍ത്തോ നേര്യതോ പുതച്ച് കറുത്ത മുഖത്ത് മിച്ചമുള്ള പല്ല് കാട്ടി നെറ്റിയില്‍ എപ്പോഴും കളഭം പരത്തി തൊട്ട് ഓടി നടക്കുന്ന കല്ലേലി കൊച്ചമ്മ. 

കൊച്ചമ്മ ചോദിക്കും, 'ആ ഊന്നക്കാരന് കാപ്പി കൊടുത്തോ?' സത്യത്തില്‍ അതിനൊരു അനാവശ്യ ചുവയുണ്ട്. അമ്മൂമ്മ എല്ലാവര്‍ക്കും വേണ്ടപ്പോള്‍ വേണ്ട പോലെ ഭക്ഷണവും ചായയും കാപ്പിയും വെള്ളവും കൊടുക്കുന്നുണ്ട്. ഈ ചോദ്യം അമ്മൂമ്മയെ അല്പം ചൊടിപ്പിച്ചേക്കാം. എന്തായാലും ഡ്രൈവര്‍ അങ്ങനെ ഞങ്ങള്‍ക്ക് ഉന്നക്കാരനാണ്. കൊച്ചമ്മ പാവം ശീലിച്ചത് പറഞ്ഞു. ഡ്രൈവര്‍ എന്നും മറ്റും കല്ലേലിക്കൊച്ചമ്മയ്ക്ക് വഴങ്ങില്ല. വഴങ്ങിയാലും ആ തന്റേടി പറയില്ലായിരുന്നിരിക്കണം. സത്യം പറയാമല്ലോ, എനിക്കും എന്റെ കൂട്ടുകാര്‍ക്കും കൊച്ചമ്മയെ പേടിയായിരുന്നു.

യാത്രയ്ക്ക് പോകുന്നതിന് തലേന്ന് അപ്പൂപ്പന്‍ യാത്ര പോകേണ്ടുന്നവരോട് പറഞ്ഞ് ചട്ടം കേറ്റും. 'വെളുപ്പിന് പുറപ്പെടണം നേരത്തെ കെടക്കണം'. തഴപ്പായും കട്ടിത്തലയിണയും മാത്രം രാത്രി കൂട്ടിന്. ഉടുത്തിരിക്കുന്ന കൈലിയോ ഒറ്റമുണ്ടോ ഊരി പുതയ്ക്കാം. അന്നൊക്കെ തകഴിയില്‍ ഇരുട്ടിക്കഴിഞ്ഞാലും ചീവീടുകളുടെയും രാത്രി പക്ഷികളുടെയും മാക്രികളുടെയും നിലയ്ക്കാത്ത ശബ്ദമാണ്. വിളക്കണഞ്ഞു കഴിഞ്ഞാല്‍ കുറ്റാക്കൂറ്റിരുട്ട്. കണ്ണുകള്‍ ഇറുക്കിയടച്ച് ഉറക്കമെത്താന്‍ പ്രാര്‍ത്ഥിച്ച് കിടക്കും. ചിലപ്പോള്‍ പാതിരാത്രിയ്ക്ക് ഞെട്ടിയുണരും. അപ്പൂപ്പന്‍ സ്വപ്നം കണ്ട് വിളിച്ചുകൂവുന്ന സ്വഭാവക്കാരനാണ്.

വെളുപ്പിന് എന്ന് വെറുതെ വിടുവാ അടിച്ചതല്ല അപ്പൂപ്പന്‍ മൂന്നര മണിയാകുമ്പോള്‍ എഴുന്നേല്‍ക്കും മങ്ങിയ മഞ്ഞ നിറത്തിലുള്ള ലൈറ്റുകള്‍ ഇട്ട് എല്ലാവരേയും വിളിച്ചുണര്‍ത്തും. 'എഴുന്നേക്ക് മക്കളെ. പോയി കുളിക്ക്, പോകണ്ടയോ...'

കോരി വച്ച വെള്ളത്തിന് വെളുപ്പിനെ മുടിഞ്ഞ തണുപ്പാണ് ശ്വാസം പിടിച്ച് തലവഴി ഒഴിക്കും ലൈഫ്‌ബോയി സോപ്പ് ഒന്ന് ഓടിച്ച് തേക്കും ഒരു കാക്കക്കുളി. അലക്കി അടുക്കി വെച്ചിരിക്കുന്ന അപ്പൂപ്പന്റെ ഡബിള്‍ മുണ്ടില്‍ ഒന്ന് അമ്മൂമ്മ എടുത്ത് തരും. തടിയലമാരയുടെ മണമുള്ള വസ്ത്രങ്ങള്‍. തലേന്ന് കക്ഷങ്ങളും കോളറും കഴുകി തൂക്കിയ എന്റെ ഷര്‍ട്ട് ഭിത്തിയില്‍ ഉണങ്ങി ഞാന്നു കിടപ്പുണ്ടാവും. എല്ലാ വര്‍ഷവും എന്റെ വല്ല്യമ്മ രാധമ്മ ആലപ്പുഴ മുല്ലയ്ക്കല്‍ അമ്പലത്തിന്റെ മുന്‍വശത്തുള്ള തുണിക്കടയില്‍ നിന്ന് ഷര്‍ട്ടിനുള്ള തുണി വാങ്ങി തരുമായിരുന്നു. വല്ല്യമ്മയുടെ സ്‌റ്റൈല്‍ ഡിസൈന്‍ ആയിരിക്കും എന്നു മാത്രം. മനസ്സില്‍ ഒരു അങ്കലാപ്പുണ്ടാവും. വെളിയില്‍ ഇടാന്‍ പറ്റുന്ന ഡിസൈനും നിറവും ആകണമെ. പക്ഷെ, ഇല്ലായ്മയില്‍ ആവക ചിന്തകള്‍ അലിഞ്ഞില്ലാണ്ടാകും. 

അപ്പൂപ്പന്‍ പ്രത്യേകം തൈപ്പിച്ച ഷര്‍ട്ടുകളാണ് ധരിക്കാറ്, ദൂരയാത്രകള്‍ക്ക് പോകുമ്പോള്‍ മാത്രം. വെളുത്ത തുണി കൊണ്ട് തയ്ച്ച മുറിക്കയ്യന്‍ ഷര്‍ട്ട് ഇടതുവശത്ത് വലിയ പോക്കറ്റ്, നീണ്ട കോളര്‍. പക്ഷെ മുകളില്‍ മൂന്ന് ബട്ടന്‍സുകള്‍ മാത്രം. തല വഴിയാണ് ഷര്‍ട്ട് ഇടുക. ബട്ടന്‍സ് ഇട്ടാലായി കോളര്‍ മടങ്ങിയിരിക്കാം അതിലൊന്നും യാതോരു ശ്രദ്ധയും ഉണ്ടാവാറില്ല. അമ്മൂമ്മ ശ്രദ്ധിക്കും പറയും, 'ആ കോളറൊന്ന് നേരേ വെയ്ക്ക്, ബട്ടന്‍സ് നിരക്കല്ല ഇട്ടേക്കുന്നത്...'. ഷര്‍ട്ടിന്റെ പോക്കറ്റില്‍ കണ്ണാടിയോ കണ്ണാടിക്കൂടോ ഉണ്ടാവാം ഒരിക്കലും ഒരു പേന ഉണ്ടായിരുന്നില്ല. ഒരിക്കലും യാത്രയ്ക്കിടയില്‍ എന്തെങ്കിലും കുറിച്ചു വയ്ക്കുന്ന സ്വഭാവമോ പ്രസംഗത്തിനും മറ്റും കുറിപ്പെഴുതി കൊണ്ടു പോവുകയോ ചെയ്യാറില്ലായിരുന്നു. കൈയ്യില്‍ മുറുക്കാന്‍ ചെല്ലം ഉണ്ടാവാം.

എഴുത്തുകള്‍ വരുന്ന ബ്രൗണ്‍ എന്‍വലൊപ്പിലാണ് പണം കൊണ്ടുനടക്കുക. ദൂരെ യാത്രയ്ക്ക് പോകുമ്പോള്‍ എന്‍വലപ്പ് ചുരുട്ടി മടിക്കുത്തില്‍ ഭദ്രമായി വെയ്ക്കും. കിഴക്കെ മുറിയില്‍ തടിയാല്‍ തീര്‍ത്ത അലമാരയുണ്ട് അതിലാണ് എല്ലാം സൂക്ഷിച്ച് വച്ചിരിക്കുന്നത്. നിലത്ത് കുത്തിയിരുന്ന് മങ്ങിയ വെളിച്ചത്തില്‍ പണം എണ്ണി മടക്കി എന്‍വലപ്പില്‍ തിരുകി വെയ്ക്കുന്ന അപ്പൂപ്പന്‍. ഷര്‍ട്ടിന്റെ കാര്യം പോലെ ചരട് കെട്ടിയ വെള്ളത്തുണി കൊണ്ട് തൈപ്പിച്ച അടിവസ്ത്രം ദൂരെ യാത്രയ്ക്ക് പോകുമ്പോള്‍ മാത്രം. 

കാലുകള്‍ നഗ്‌നം. ആവശ്യം വരുമ്പോള്‍ ആരെങ്കിലും വാങ്ങിക്കൊടുത്ത റബര്‍ ചെരുപ്പുകള്‍ ഇടാനും എടുക്കാനും ഓര്‍ക്കാറില്ല. 'ഉന്നക്കാരന്‍' എടുത്ത് കാറില്‍ വച്ചാലായി. ചില യാത്രകളില്‍ കാണാന്‍ പോകുന്ന ആളെ നാണക്കെടുത്തരുതല്ലൊ എന്ന് കരുതി ചെരുപ്പ് കൈയ്യിലേന്തി പോകും. അവിടെ ചെന്നു കഴിയുമ്പോള്‍ ഉന്നക്കാരനൊ അമ്മൂമ്മയോ ഓര്‍മ്മിപ്പിച്ച് കാലുകളില്‍ ചെരുപ്പ് ഇടുവിക്കും. ഉണങ്ങി വരണ്ട കാല്‍വിരലുകള്‍ റബര്‍ ചെരുപ്പില്‍ ചേരാതെ അപ്പൂപ്പന്‍ ബുദ്ധി മുട്ടുന്നത് ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു. കൈകളാല്‍ തള്ളി തിരുകി കയറ്റും എന്നിട്ട് ബുദ്ധിമുട്ടി നടക്കും. 

വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ ഉപയോഗിച്ച ലെതര്‍ ഷൂ. ഒരു കറുത്ത നോക്കുകത്തി. മച്ചിലേയ്ക്കുള്ള ഗോവണിയില്‍ പടിഞ്ഞാറെ മുറിയില്‍ പുരാവസ്തുവായി ഇരുന്നിരുന്നു. വളരെ ഭാരമുള്ള ഒരു വൂളന്‍ ഓവര്‍കോട്ടും അപ്പൂപ്പനുണ്ടായിരുന്നു. ആരോ റഷ്യയില്‍ വച്ച് സമ്മാനിച്ചതാണെന്ന് തോന്നുന്നു. തകഴിയിലെ കൊടും ചൂടില്‍ ഞാനൊരിക്കല്‍ ആ ഓവര്‍കോട്ട് ഒന്ന് പരീക്ഷിച്ചത് ഓര്‍ക്കുന്നു. റഷ്യയില്‍ പോയപ്പോഴും ഒരിക്കല്‍ ഒ.എന്‍.വി. കുറുപ്പും മറ്റുമായി കാശ്മീരില്‍ പോയപ്പോഴും ആ ഓവര്‍കോട്ടിട്ടുള്ള അപ്പൂപ്പന്റെ ഫോട്ടോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. 

placeholder
റബ്ബർ ചെരിപ്പിട്ട് പത്മഭൂഷൻ സ്വീകരിക്കുന്ന തകഴി

പത്മഭൂഷണ്‍ വാങ്ങാന്‍ ഡല്‍ഹിക്ക് പോയപ്പോള്‍ നഗ്‌നപാദനായി ഡല്‍ഹി വരെ എത്തി. അവാര്‍ഡ് ദാന ചടങ്ങിന് രാവിലെയാണ് അറിയുന്നത് ചെരുപ്പിട്ടില്ലെങ്കില്‍ രാജ് ഭവനില്‍ കയറ്റില്ല! ആരോ ചന്ദനനിറത്തിലെ പുത്തന്‍ റബ്ബര്‍ ചെരുപ്പ് വാങ്ങിക്കൊടുക്കുകയാണുണ്ടായത്. പ്രസിഡന്റ് സെയില്‍ സിങ്ങില്‍ നിന്ന് പത്മഭൂഷണ്‍ വാങ്ങുന്ന ചിത്രത്തില്‍ തിളങ്ങുന്ന ബൂട്ട്‌സുകള്‍ക്ക് മുന്നില്‍ അപ്പൂപ്പന്റെ കാലുകളിലെ പുതിയ റബ്ബര്‍ ചെരുപ്പ് ചുവന്ന പരവതാനിയില്‍ വ്യക്തമായി കാണാം. ആ റബ്ബര്‍ ചെരുപ്പുകള്‍ നാട്ടില്‍ എത്തിയതിന്റെ അടുത്ത ആഴ്ച്ചയില്‍ത്തന്നെ മക്കളില്‍ ആരോ 'ഓ അച്ഛന്‍ ഇതിടാന്‍ പോകുന്നില്ല' എന്ന കാരണം കണ്ടു പിടിച്ച് എടുത്ത്‌കൊണ്ട് പോവുകയും ചെയ്തു.

ഒരു കുട്ടനാട്ടുകാരന് നഗ്‌നപാദങ്ങള്‍ എന്നൊന്നില്ല; അതവന്റെ ഭൂമിയുടെ ഭാഗമാണ്!