ചില മനുഷ്യര്‍ ജീവിതത്തിലേക്ക് വന്നുകയറുകയാണ്. വന്നതുപോലെത്തന്നെ ഒരുനാള്‍ അവര്‍ ഇറങ്ങിപ്പോകുകയും ചെയ്യും. അത്തരത്തിലുള്ള ചില മനുഷ്യരെക്കുറിച്ചാണ് കഥാകാരന്‍ സംസാരിക്കുന്നത്, ഓര്‍ക്കുന്നത്...
ടി. പത്മനാഭന്‍ ആ ദിവസം തന്റെ ജീവിതത്തിലേക്ക് ദൈവം എഴുതിയ കഥകളിലെ കഥാപാത്രങ്ങളായി കടന്നുവന്ന ചിലരെ ഓര്‍മ്മിച്ചു. കാലം ഒരിക്കലും അടച്ചിടാത്ത ഓര്‍മ്മകളുടെ വാതിലുകള്‍ തുറന്ന് അവര്‍ വരുന്നു. ''ചില മനുഷ്യരോടുള്ള ചങ്ങാത്തം നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു'' -പത്മനാഭന്‍ പറഞ്ഞു. ''അവര്‍ക്ക് അവരുടെ വഴിയായിരിക്കാം. ആ വഴി നമുക്ക് നിശ്ചയമുള്ള വഴിയുമായിരിക്കില്ല. എന്നാല്‍, മാന്ത്രികരെപ്പോലെ ആ വഴിയിലൂടെ അവര്‍ നമ്മെ കൊണ്ടുപോകുന്നു''
-വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ആ രാത്രി പത്മനാഭന്‍ ഓര്‍ത്തു.
നേരത്തേ ഉറങ്ങുകയും അതിരാവിലെ ഉണരുകയുംചെയ്യുന്ന പതിവാണ് പത്മനാഭന്. പുലരിയുടെ ഇളം തണുപ്പും വെളിച്ചവും ഭൂമിയിലേക്ക് അരിച്ചിറങ്ങുകയും പിന്നീട് വെട്ടിത്തിളങ്ങുന്ന പകലായി മാറുന്നതുമൊക്കെ അതുപോലെ അനുഭവിച്ചറിയും. ദിവസത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ പ്രഭാതമാണ്. ജീവജാലങ്ങള്‍ എത്രമാത്രം പരസ്പരാശ്രിതത്വമാണ് എന്ന് ഒരോ പ്രഭാതവും വിളിച്ചുപറയുന്നു.
രാത്രികളാവട്ടെ, സൂര്യപ്രകാശത്തിന്റെ കണ്ണുകളടച്ച്, മറ്റൊരു പ്രഭാവലയത്തിലേക്ക് ലോകത്തെ തുറക്കുന്നു. ഇരുട്ട് തന്റെ ഏകാന്തതയ്ക്ക് ചുറ്റും വലയംചെയ്യുന്നത് പത്മനാഭന്‍ തിരിച്ചറിയും. ഏകാന്തത ഒരു കമ്പിളിയിലെന്നപോലെത്തന്നെ മൂടുകയാണ്. കുട്ടികളില്ല. ആരുമില്ല. ഇരുട്ട് മാത്രം. അങ്ങനെയൊരു രാത്രി. പത്ത് പതിനൊന്നു മണിയൊക്കെ കഴിഞ്ഞുകാണും.
ലാന്‍ഡ്‌ഫോണ്‍ റിങ് ചെയ്യുന്നു. പത്മനാഭന്‍ ഞെട്ടലോടെ കിടക്കയില്‍ എണീറ്റിരുന്നു. അത് മഴപെയ്യുന്ന രാത്രിയായിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി. ആരായിരിക്കാം ഈ സമയത്ത്. പത്മനാഭന്‍ റിസീവര്‍ എടുത്തു.
''പത്മനാഭന്‍''
'ഹലോ'ക്കുപകരം പത്മനാഭന്‍ പതിവ് ശൈലിയില്‍ പറഞ്ഞു.
''ഉറങ്ങിയോ?''-മറുതലക്കല്‍നിന്ന് മഴയില്‍ക്കുതിര്‍ന്നതുപോലെയുള്ള ചോദ്യം.
''രാത്രികള്‍ ഉറങ്ങാനുള്ളതാണ്'' -പത്മനാഭന്‍ പറഞ്ഞു.
''ഞാന്‍ ഷെല്‍വി''
-പത്മനാഭന്‍ സ്തബ്ധനായി നിന്നു. താന്‍ നേരില്‍ക്കാണാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനായ ആ പ്രസാധകന്‍. മള്‍ബെറി, ഷെല്‍വി.
ഷെല്‍വിയുടെ ശബ്ദം കുഴഞ്ഞിരുന്നു. മഴയില്‍ എങ്കിലും അവ അവ്യക്തമായിരുന്നില്ല.
''പറയൂ, ഷെല്‍വി''
''എനിക്ക് അങ്ങയുടെ കഥകള്‍ ഇഷ്ടമാണ്.'' പത്മനാഭന്‍ ഒന്നും പറഞ്ഞില്ല.
''സംഗീതപ്രധാനമായ താങ്കളുടെ കഥകള്‍ എനിക്ക് ഒരു സമാഹാരമാക്കി ഇറക്കണം''
''ഇഷ്ടംപോലെ ചെയ്യൂ.'' -പത്മനാഭന്‍ ഷെല്‍വിയോട് പറഞ്ഞു.
''ഇവിടെ മഴപെയ്യുന്നുണ്ട്''
''മഴ തീരുമ്പോള്‍ വാനമ്പാടികള്‍ പറക്കുമായിരിക്കും'' -ഷെല്‍വി പറഞ്ഞു.
ഷെല്‍വി പറഞ്ഞതുതന്നെ സംഭവിച്ചു. സംഗീതപ്രധാനമായ കഥകള്‍ സമാഹരിച്ചു മള്‍ബെറിയിലൂടെ ഷെല്‍വി പുറത്തിറക്കി. ''കഥ തീരുമ്പോള്‍
വാനമ്പാടി പറക്കുന്നു''
'പാതിരാവുകളില്‍ ആണ് ഷെല്‍വി വിളിച്ചത്. ഷെല്‍വിയുടെ വിളികള്‍ക്കുവേണ്ടി ഞാന്‍ ഉറക്കമിളച്ചു. ഉറക്കത്തിലേക്ക് വഴുതിത്തുടങ്ങുമ്പോള്‍ ആ വിളികള്‍...'
പത്മനാഭന് അറിയാം, അത് ഷെല്‍വിയായിരിക്കുമെന്ന്... പാതിരാവുകളില്‍ ശാന്തമായ അസ്വസ്ഥതയോടെ ഷെല്‍വി സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ നിത്യമായ ഉറക്കം സ്വയം തിരഞ്ഞെടുക്കുന്നതുവരെ എന്തെല്ലാം കഥകളാണ് പറഞ്ഞത് ഷെല്‍വി... അയാളില്‍ എന്തെല്ലാം ആശയങ്ങളാണ് ഉണരുന്നതെന്ന് ഓരോ സംസാരത്തിലും പത്മനാഭന്‍ ആശ്ചര്യപ്പെട്ടു.
''വിധി അപ്രതീക്ഷിതമായി ചിലരെ നമുക്കുമുന്നിലെത്തിക്കുന്നു. അപ്രതീക്ഷിതമായ ഒരു സന്ദര്‍ഭത്തില്‍ വിധി അവരെ മരണത്തിന്റെ താഴ്‌വാരത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. അവര്‍ നല്‍കിയ ഓര്‍മ്മകള്‍ക്കുമുന്നില്‍ സ്തംഭിച്ചുനില്‍ക്കയല്ലാതെ മറ്റൊന്നുംനമുക്ക് ചെയ്യാനാവില്ല... പിന്നെ മഴപോലെ ആ ഓര്‍മ്മകള്‍ എവിടെയൊക്കെയോ... ആകസ്മികതയുടെ വാല്‍നക്ഷത്രങ്ങളായി അവര്‍ കടന്നുവരും. അധികമൊന്നും നമ്മോടൊപ്പം അവരുണ്ടാവില്ല. വളരെ വേഗത്തില്‍ അവര്‍ പിരിഞ്ഞുപോകുകയും ചെയ്യും. പക്ഷേ, നാം നമ്മുടെ ജീവിതകാലം മുഴുവന്‍ അവരെക്കുറിച്ചോര്‍ക്കും. അവരുടെ മധുരസ്മരണകള്‍ നമ്മുടെ ജീവിതത്തില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകുകയില്ല. ബഹുമാനത്തോടെ, സ്‌നേഹത്തോടെ, ഏറെ അദ്ഭുതത്തോടെ മാത്രമേ നമുക്ക് അവരെ എന്നും ഓര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.''
''അങ്ങനെയുള്ള മറ്റൊരു മഹാനായ കലാകാരനായിരുന്നു, റസാക്ക് കോട്ടയ്ക്കല്‍. റസാക്ക് കോട്ടയ്ക്കല്‍ എന്റെ സ്‌നേഹിതനായിരുന്നു എന്ന് ഞാന്‍ പറയുകയില്ല. കാരണം, അങ്ങനെയൊരടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ല. എന്നാല്‍, എനിക്ക് ഇപ്പോള്‍ തോന്നുന്നത്, റസാക്കിന് എല്ലാവരും സ്‌നേഹിതരായിരുന്നു എന്നാണ്. ചിലര്‍ എല്ലാവരുടേതുമാണ്. ഫോട്ടോഗ്രഫിയുടെ നായകനായിരുന്നു, റസാക്ക് കോട്ടയ്ക്കല്‍. അതൊരിക്കലും അയാള്‍ക്ക് യാന്ത്രികമായ ഒരു പ്രവൃത്തിയായിരുന്നില്ല. ഫോട്ടോഗ്രഫി മഹത്തായ ഒരു കലയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ മഹാനായ കലാകാരനാണ് റസാക്ക് കോട്ടയ്ക്കല്‍.
ഏറെക്കാലമൊന്നും റസാക്ക് നമുക്കിടയില്‍ ഉണ്ടായിരുന്നില്ല, ക്ഷണികജീവിതമായിരുന്നു. ഒരു കൊള്ളിയാനെപ്പോലെ മിന്നി, തന്റെ പ്രഭാപൂരം ലോകത്തിനുമുഴുവന്‍ പരത്തി, വളരെ വേഗത്തില്‍ത്തന്നെ അയാള്‍ മറഞ്ഞുപോവുകയും ചെയ്തു. അയാള്‍ മറഞ്ഞുപോയെങ്കിലും അയാള്‍ എടുത്ത ചിത്രങ്ങള്‍ കാലത്തിന്റെ ചുവരിലുണ്ട്. റസാക്ക് ജീവിച്ചിരുന്ന കാലത്ത് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റസാക്ക് എടുക്കുന്ന പടങ്ങള്‍ക്കുവേണ്ടി അയാള്‍ക്കരികിലെത്തിയിരുന്നു. പ്രശസ്തരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും പടങ്ങളെടുക്കാന്‍ പത്രാധിപന്മാര്‍ റസാക്കിനോട് അപേക്ഷിച്ചു. അങ്ങനെയാണ് റസാക്കും ഞാനുമായുള്ള പരിചയം തുടങ്ങുന്നത്.
ഒന്നിലധികംതവണ മലയാളമനോരമ ആവശ്യപ്പെട്ടതുപ്രകാരം റസാക്ക് എന്റെ അരികില്‍ വന്നു. ആ സന്ദര്‍ശനങ്ങള്‍, ആവശ്യപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഫോട്ടോ എടുക്കാന്‍ വരുകയും പോവുകയും ചെയ്തു. ഫോട്ടോഗ്രഫിയുടെ സാങ്കേതികവശങ്ങള്‍ എനിക്ക് ഒട്ടുമറിയില്ല എന്നുതന്നെ പറയാം. എന്നാല്‍, ആ കലയെക്കുറിച്ചുള്ള മികച്ച പുസ്തകങ്ങളും മഹാന്മാരായ ഫോട്ടോഗ്രാഫര്‍മാരുടെ ജീവചരിത്രങ്ങളും വായിച്ചിട്ടുണ്ട്. നാഷണല്‍ ജിയോഗ്രഫിയുടെ വരിക്കാരനുമായിരുന്നു. അങ്ങനെ ഫോട്ടോഗ്രാഫുകളുടെ മഹത്തായ ലോകത്തേക്ക് എല്ലായ്പോഴും ശ്രദ്ധയോടെ പ്രവേശിച്ചുകൊണ്ടിരുന്നു.''
മികച്ച ഫോട്ടോഗ്രാഫുകളെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ രൂപപ്പെടുത്താന്‍ ഈ വായനകള്‍ പത്മനാഭനെ സഹായിച്ചു. മികച്ച ഫോട്ടോഗ്രാഫുകള്‍ കണ്ട അനുഭവങ്ങളില്‍നിന്ന് റസാക്ക് മഹാനായ ഒരു കലാകാരനാണ് എന്ന് ബോധ്യമായി.
''പറഞ്ഞല്ലോ, ഞാന്‍ എന്നും നേരത്തേ എഴുന്നേല്‍ക്കുന്നവനാണ്. ഒരുദിവസം രാവിലെ എഴുന്നേറ്റ്, നിത്യകര്‍മങ്ങള്‍ ചെയ്ത്, വരാന്തയില്‍ നില്‍ക്കുമ്പോള്‍, റസാക്ക് കടന്നുവരുന്നു! അത്രയും രാവിലെ... പതിവുപോലെ മനോഹരമായ ഒരു പുഞ്ചിരി പുലര്‍കാലത്തും ആ മുഖത്തുണ്ടായിരുന്നു. റസാക്കിനെ ഫോട്ടോ എടുക്കാന്‍ അയക്കുന്നുണ്ടെന്ന് ആരുംതന്നെ പറഞ്ഞിരുന്നില്ല. റസാക്കും ഒന്നും അറിയിച്ചിരുന്നില്ല...
ടി. പത്മനാഭന്‍ ചോദിച്ചു:
''റസാക്ക്... എന്താ ഇത്! തീര്‍ത്തും അപ്രതീക്ഷിതമായി... ആര്‍ക്കു വേണ്ടിയാണ്...?''
അപ്പോള്‍ റസാക്ക് ചിരിച്ചുകൊണ്ടു പറഞ്ഞു: ''ആര്‍ക്കും വേണ്ടിയല്ല. എനിക്കുവേണ്ടിമാത്രമുള്ള ചില ചിത്രങ്ങള്‍ക്ക്...''
''എന്നുവെച്ചാല്‍?''
''ഇന്നു മുഴുവന്‍ നമ്മള്‍ കണ്ണൂരിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുന്നു... പപ്പേട്ടന്‍ നടന്നുപോകുന്ന സ്ഥലങ്ങള്‍, പരിചിതമായ സ്ഥലങ്ങള്‍... ഞാന്‍ എനിക്ക് മതിയാവോളം, ഇഷ്ടംപോലെ ഫോട്ടോകളെടുക്കുന്നു... സന്ധ്യയാകുമ്പോള്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങും. അതുവരെ...''

''അന്ന് ഞങ്ങള്‍ എന്റെ പരിചിതമായ സ്ഥലങ്ങളിലൂടെയൊക്കെ ചുറ്റിത്തിരിഞ്ഞു. ഏറെസമയം ചെലവഴിച്ചത് കണ്ണൂര്‍ സെയ്ന്റ് ആഞ്ചലോസ് കോട്ടയിലായിരുന്നു. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി നടന്ന സ്ഥലം... പിന്നെ ഞാന്‍ സ്ഥിരം പോകാറുള്ള പയ്യാമ്പലം ബീച്ച്... നാരായണ പാര്‍ക്ക്, കോട്ടമൈതാനം... അങ്ങനെ പല പല സ്ഥലങ്ങള്‍. അതിനിടയില്‍ ഉച്ചയ്ക്ക് കടല്‍ത്തീരത്തുള്ള, കന്റോണ്‍മെന്റിനരികില്‍, പട്ടാള ബാരക്കിനടുത്തുള്ള ബേബി ബീച്ചില്‍ പോയി. ഇന്ന് ബേബി ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നാണ് മനസ്സിലാക്കുന്നത്. ഒരുകാലത്ത് ധാരാളം സിനിമകള്‍ ഷൂട്ട് ചെയ്ത സ്ഥലമായിരുന്നു, ബേബി ബീച്ച്.
ഞാനിപ്പോഴുമോര്‍ക്കുന്നത്, ചെമ്പക മരത്തിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ റസാക്ക് എടുത്ത ചിത്രങ്ങളാണ്. പ്രകൃതിദത്തമായ, എന്നാല്‍, മനുഷ്യനിര്‍മിതവുമായ ഒരു തീരമാണത്. അവിടെ ചെമ്പകമരം... മരക്കൊമ്പില്‍ ഇരുന്നും മരത്തെ തൊട്ടുനിന്നും... അങ്ങനെ ഒരു പാട് ചിത്രങ്ങള്‍. അപ്പോള്‍ റസാക്ക് എന്റെ മുന്നിലുണ്ടായിരുന്നില്ല. ചെമ്പകമരം മാത്രം... പിന്നെ, കടലും! ചെമ്പകവും കടലും... റസാക്ക് ഒരു ദര്‍വീശിനെപ്പോലെ...''
പത്മനാഭന്‍ ചോദിച്ചു: ''റസാക്ക് നീ ദര്‍വീശ് ആണോ?'' ഒരു ചിരിയായിരുന്നു, മറുപടി.
റസാക്ക് എടുത്ത ആ ചിത്രങ്ങള്‍ കണ്ട് പില്‍ക്കാലത്ത് പലരും പത്മനാഭനെ പ്രശംസിച്ചു. വാസ്തവത്തില്‍, അത് റസാക്കിനുമാത്രമുള്ള സിദ്ധിയായിരുന്നു. ആ കണ്ണുകള്‍ തന്നെയായിരുന്നു ക്യാമറ. ആ കണ്ണുകളിലൂടെ വിസ്മയങ്ങളുടെ ദൈവം നമ്മെ നോക്കി. സന്ധ്യയായപ്പോള്‍ അവര്‍ പഴയ ബസ്സ്റ്റാന്‍ഡിനുമുന്നിലെ ദേശാഭിമാനി ബുക്ക്ഹൗസില്‍ ചെന്നു. പത്മനാഭന്‍ അവിടെ കസേരയില്‍ റോഡിനഭിമുഖമായി കാലും നീട്ടിയിരിക്കുന്ന ചിത്രവും റസാക്ക് എടുത്തു. ഇരുള്‍മൂടിയപ്പോള്‍ റസാക്ക് മടങ്ങി. അവര്‍ തമ്മിലുള്ള അവസാന സമാഗമമായിരുന്നു. അത്.
''ലോകത്ത് എന്നെ പ്രചോദിപ്പിച്ച ഫോട്ടോഗ്രാഫര്‍ ക്രാഷ്ചോഫ് ഒട്ടോവയാണ്. വിഖ്യാതരായ ആളുകളുടെ അദ്ദേഹമെടുത്ത പോട്രെയ്റ്റുകള്‍, ഫോട്ടോഗ്രാഫ് എങ്ങനെ മഹത്തായ കലയായി മാറുന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. റസാക്കിനെ ഓര്‍ക്കുമ്പോള്‍, ക്രാഷ് ചോഫ് ഒട്ടോവ എന്റെ മനസ്സില്‍ വരും. വലിയ, വലിയ കലാകാരന്മാരെപ്പോലെയായിരുന്നു, റസാക്കിന്റെയും ജീവിതം. ചരടുപൊട്ടിയ പട്ടംപോലെ പറന്നുപറന്ന്...''
ഷെല്‍വിയും അങ്ങനെയായിരുന്നില്ലേ?
വളരെവേഗത്തില്‍ അവരുടെ ജീവിതം അവസാനിച്ചു.
''വിസ്മൃതിയില്‍ മറഞ്ഞുപോകേണ്ട ഒരു പേരല്ല, റസാക്ക് കോട്ടയ്ക്കല്‍. പുനലൂര്‍ രാജനെപ്പോലെത്തന്നെ ഓര്‍ക്കപ്പെടേണ്ട ഒരു പേരാണ്. പുനലൂര്‍ രാജന്‍ മികച്ച ഫോട്ടോഗ്രാഫറാണ്. റസാക്കിനെക്കാള്‍ എനിക്ക് അടുപ്പമുണ്ടായിരുന്നത്, പുനലൂര്‍ രാജനുമായിട്ടായിരുന്നു. പുനലൂര്‍ രാജന്റെ ബഷീര്‍ പടങ്ങള്‍ ശ്രദ്ധേയമാണ്. ഒരിക്കല്‍ മലയാളികളുടെ ആശാകേന്ദ്രമായ സോവിയറ്റ് യൂണിയനില്‍, മോസ്‌കോയില്‍ച്ചെന്ന് ഫോട്ടോഗ്രഫി പഠിച്ചു എന്ന അനുകൂലഘടകം പുനലൂര്‍ രാജനുണ്ടായിരുന്നു.
മലയാളികളുടെ മുന്നില്‍ ഇവരുടേതായ ചിത്രങ്ങള്‍ പതിപ്പിച്ചു. എന്നാല്‍, റസാക്ക് കോട്ടയ്ക്കലിനെ ഉചിതമായ രീതിയില്‍ നമ്മുടെ മാധ്യമങ്ങള്‍ ഓര്‍ത്തില്ല. അയാള്‍, സംശയമില്ല, മഹാനായ ഒരു കലാകാരനാണ്. ചിലര്‍ വരുകയും പോവുകയും ചെയ്യുന്നു. കലയുടെ നിത്യമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്. നവ്യവും സൗരഭ്യവുമാര്‍ന്ന ഓര്‍മ്മച്ചിത്രങ്ങള്‍ പതിപ്പിച്ചുകൊണ്ട്...''
(മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന ടി. പത്മനാഭന്റെ ജീവചരിത്രത്തില്‍നിന്ന്)
Content Highlights: Memories of writer T. Padmanabhan
Published: 21 Sept 2025, 07:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented