രോഗമുക്തമായ ജീവിതം എല്ലാവരുടെയും സ്വപ്നമാണ്. മാറിയകാലത്ത് ആ സ്വപ്നം സാക്ഷാത്കരിക്കാൻ ആയുർവേദം മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങൾ എന്തൊക്കെയാണ്? ആഗോളതലത്തിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ആയുർവേദം ഒരുചികിത്സാശാസ്ത്രമെന്ന നിലയിൽ എങ്ങനെ മുന്നോട്ടുപോകണം? ഇന്ന് ദേശീയ ആയുർവേദദിനം ആചരിക്കുമ്പോൾ, അതേക്കുറിച്ചൊക്കെയാണ് ഈ ചർച്ച.
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ, ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ.കെ.മുരളീധരൻ, സി.ഇ.ഒ.കെ.ഹരികുമാർ എന്നിവർ മാതൃഭൂമി ന്യൂസ് എഡിറ്റർ ആർ.ഗിരീഷ്‌കുമാർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ബിജു സി.പി., സീനിയർ റിപ്പോർട്ടർ സി.സാന്ദീപനി എന്നിവരുമായി സംസാരിക്കുന്നു...
.
ഇന്ന് പ്രമേഹമില്ലാത്തവരില്ല. അത്രമേൽ വ്യാപകമായ പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങൾ പൂർണമായും മാറ്റിയെടുക്കാനാവുമോ
ഡോ. പി.എം.വാരിയർ: ഇപ്പോഴത്തെ ജീവിതശൈലീരോഗങ്ങളിൽ നല്ലൊരു ശതമാനവും മുമ്പുനമ്മൾ ജീവിച്ച സ്വാഭാവികമായ ജീവിതക്രമത്തിൽനിന്ന് വ്യതിചലിക്കുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്. ആരോഗ്യപൂർണമായ ജീവിതത്തിന് ആയുർവേദം നിഷ്‌കർഷിക്കുന്നത് സ്വാഭാവികമായ ജീവിതക്രമമാണ്. ഒരാൾ രാവിലെ മുതൽ വൈകുന്നേരം വരെ ചെയ്യേണ്ട കാര്യങ്ങൾ(ചെയ്യരുതാത്തവയും)എന്തെന്നും എങ്ങനെയെന്നും ആയുർവേദം നിർദേശിക്കുന്നു. പക്ഷേ, ഇന്ന് ആ സ്വാഭാവികജീവിതക്രമം തെറ്റിയിരിക്കുന്നു. രുചിയുടെ പിന്നാലെപോയി ശീലമാക്കിയ ജങ്ക് ഫുഡ് പോലുള്ളഭക്ഷണങ്ങൾ, ജോലിസംബന്ധമായ സമ്മർദങ്ങൾ, ഉത്കണ്ഠ, മത്സരാത്മകത, വ്യായാമക്കുറവ് ഇതൊക്കെ ശാരീരികമായും മാനസികമായുമുള്ള സമനില തെറ്റിക്കുന്നു. ജീവിതശൈലീരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അങ്ങനെയൊക്കെയെങ്കിലും നമ്മൾ തയ്യാറെങ്കിൽ പ്രമേഹം പോലുള്ള രോഗങ്ങൾ പിന്നോട്ടുകൊണ്ടുവരാൻ സാധിക്കും. 'റിവേഴ്‌സ് ഓഫ് ഡയബറ്റിസ്' എന്നൊരു പുസ്തകംതന്നെയുണ്ട്, ഒരു ഡോക്ടർ എഴുതിയത്. പക്ഷേ അതുസാധിക്കണമെങ്കിൽ നമുക്ക് ഇച്ഛാശക്തി വേണം. മുന്നിൽ ഒരു ലഡ്ഡു ഇരിക്കുന്നതുകണ്ടാൽ അതുതൊടാതിരിക്കാനുള്ള ഇച്ഛാശക്തി. മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനങ്ങളിലൊന്നാണ് രുചി. പുതിയ ഓരോ പാക്കറ്റ് വിപണിയിൽ വരുമ്പോഴും അതിന് രുചികൂട്ടിയാണുവരുന്നത്. പലർക്കും ജങ്ക് ഫുഡ് ഇല്ലാതെ പറ്റില്ല. നമ്മൾ സ്വയം നന്നാവണമെന്നുവിചാരിച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ ഇതൊക്കെ ഒഴിവാക്കാം. പ്രമേഹമുണ്ടായിരുന്ന എന്റെ പല സുഹൃത്തുക്കളും ഇപ്പോൾ ഇൻസുലിൻ ഇല്ലാതെയും ടാബ്ലറ്റുകൾ ഇല്ലാതെയും ജീവിക്കുന്നു. സ്വാഭാവികമായ ആഹാരത്തിലേക്കും ജീവിതക്രമത്തിലേയ്ക്കും അവർ മാറിയതുകൊണ്ടാണത്. ആഹാരത്തിൽനിന്ന് ശരീരത്തിനുവേണ്ടാത്ത പല സാധനങ്ങളും ശരീരത്തിന്റെ പല ഭാഗത്തും അടിഞ്ഞുകൂടിയുണ്ടാവുന്നതാണ് ജീവിതശൈലീരോഗങ്ങളിൽ പലതും.
'ടെൻഷൻ' വലിയൊരു പ്രശ്‌നമാണിപ്പോൾ. കുട്ടികൾവരെ വലിയ ടെൻഷനിലാണ്.
അതും ജീവിതശൈലിയുടെ ഒരു ഉത്പന്നമാണ്. അപ്രിയമായ ഒരു കാര്യം കേട്ടാൽ സ്വാഭാവികമായി നമ്മുടെ ബി.പി. കൂടും. പക്ഷേ കുറച്ചുസമയത്തിനുള്ളിൽ അതു പഴയപോലെയാവണം. അതാവുന്നില്ലെങ്കിലാണ് അയാൾ രോഗിയാവുന്നത്. ജീവിതശൈലി 'നാച്വറൽ' ആവുമ്പോൾ അതുംമാറും.
ജീവിതശൈലി സ്വാഭാവികമാക്കാൻ പുതിയ തൊഴിൽസാഹചര്യങ്ങൾ തടസ്സമല്ലേ? രാത്രിഷിഫ്റ്റുള്ളവർക്ക് ഉറങ്ങേണ്ട സമയത്ത് ജോലിചെയ്യേണ്ടിവരുമല്ലോ.
ഡോ.പി.എം.വാരിയർ: അത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ആയുർവേദം നിർദേശിക്കുന്നുണ്ട്. നമ്മൾ ഒരുദിവസം എത്രസമയം ഉറക്കമൊഴിച്ചിരുന്നുവോ അതിന്റെ പകുതി സമയം രാവിലെ ആഹാരമൊന്നും കഴിക്കാതെ കിടന്നുറങ്ങിയാൽ മതി. ഉറക്കമൊഴിക്കുന്നതുമൂലമുള്ള പ്രശ്‌നം ഒട്ടുമുണ്ടാവില്ല. പക്ഷേ, ഇതു നമ്മൾ ചെയ്യുന്നില്ല. അയ്യായിരം കൊല്ലം മുമ്പ് ആയുർവേദം പറഞ്ഞിട്ടുള്ള ഇക്കാര്യം ഇന്ന് എത്രപേർക്ക് അറിയാം? കഥകളി കലാകാരന്മാരെ നോക്കൂ. രാത്രി മുഴുവൻ ഉറങ്ങാതെ കഴിയുന്ന അവർക്ക് ഈ അറിവാണു തുണ.
ആയുർവേദചികിത്സയിൽ ഒരാളുടെ പ്രകൃതി പ്രധാനമാണല്ലോ. അപ്പോൾ വ്യത്യസ്തപ്രകൃതിയുള്ള ഓരോ മനുഷ്യർക്കും വ്യത്യസ്ത ചികിത്സ വേണ്ടിവരില്ലേ?
ഡോ.പി.എം.വാരിയർ: എല്ലാവരുടെയും ശരീരം ഉണ്ടാക്കിയിരിക്കുന്നത് പഞ്ചഭൂതങ്ങൾകൊണ്ടാണ്. ഓരോ മനുഷ്യനും ഗർഭം ആദാനം ചെയ്യുമ്പോൾ ത്രിദോഷങ്ങളുടെ(വാതപിത്തകഫങ്ങൾ) ഏറ്റക്കുറച്ചിലനുസരിച്ച് ഉണ്ടാകുന്ന അവസ്ഥയാണ് പ്രകൃതി. വാതപ്രകൃതി എന്നാൽ ഗർഭമുണ്ടാകുന്ന സമയത്ത് വാതമാണ് കൂടുതൽ നിൽക്കുന്നത് എന്നേ അർഥമുള്ളൂ. വാതം മാത്രമായി പ്രകൃതി ഉണ്ടാവില്ല. മൂന്നും കൂടിയുള്ള പ്രകൃതിയേ ഉണ്ടാവൂ. അതിന്റെ തരതമഭേദങ്ങളേ ഉണ്ടാവൂ. ഒരു രോഗിയെ നോക്കുമ്പോൾ പ്രകൃതിയറിയൽ പ്രധാനമാണ്. വാതപിത്താധികപ്രകൃതിയുള്ള ഒരു രോഗിക്ക് അയാളുടെ ലക്ഷണങ്ങളുംമറ്റും നോക്കി അതനുസരിച്ചുള്ള മരുന്നാണ് കൊടുക്കേണ്ടത്. ആയുർവേദത്തിൽ വ്യക്തിനിഷ്ഠമാണ് ചികിത്സ.
ഡോ.കെ.മുരളീധരൻ: 'പുരുഷംപുരുഷം വീക്ഷ്യ' ചെയ്യണം എന്നാണ് ആയുർവേദം പറയുന്നത്. ഓരോരുത്തരെയും നോക്കിച്ചെയ്യേണ്ടതാണു ചികിത്സ. അതുചെറിയൊരു പരിമിതിയും ഉണ്ടാക്കുന്നുണ്ട്, ഗവേഷണത്തിൽ. കഫം ഒരാൾക്ക് ചൊറിച്ചിലാവും, വേറൊരാൾക്കത് തരിപ്പാണ്, ചിലർക്ക് ഹെവിനസ്സാണ്. അത് മനസ്സിലാക്കൽ ക്ലിനിക്കൽ വിസ്ഡംകൊണ്ടേ സാധിക്കൂ. 'അഭ്യാസാൽ പ്രാപ്യതേ ദൃഷ്ടി കർമ്മസിദ്ധിപ്രകാശിനീ' എന്നാണ് ആപ്തവാക്യം. ഡോ.പി.കെ.വാരിയർസാറിന് ഇങ്ങനെയും ഒരു സിദ്ധിയുണ്ടായിരുന്നു, അനുഗ്രഹം. ഒരിക്കൽ ഇവിടെവന്ന ഒരു ഓട്ടിസം രോഗി വളരെ അക്രമാസക്തനായി. രോഗിയെ ശാന്തനാക്കുവാൻ സർപ്പഗന്ധ ഒന്നുകൊടുത്തോട്ടെ എന്നുഞാൻ ചോദിച്ചു. വാരിയർസർ ഗൗരവമായൊന്നുനോക്കി. അദ്ദേഹത്തിന് അതുസമ്മതമായില്ല. രോഗിയെകണ്ടതും അദ്ദേഹം പറഞ്ഞു: 'വൈശ്വാനരചൂർണം(കടുക്കയാണതിൽ പ്രധാനം) രണ്ടുപാക്കറ്റ് വെള്ളത്തിൽ കലക്കി കൊടുത്തോളൂ' എനിക്കതിന്റെ യുക്തിയൊന്നും മനസ്സിലായില്ല. അതുകൊടുത്ത് ഒന്ന് ഒന്നര മണിക്കൂറുകൊണ്ട് രോഗി പൂർണശാന്തനായി. അവിടെ കൊടുക്കേണ്ടത് സർപ്പഗന്ധ അല്ല എന്നും കടുക്ക ആണെന്നും ഉള്ള ബോധ്യമില്ലേ, അതാണ് ക്ലിനിക്കൽ വിസ്ഡം. അത് ഗ്രന്ഥജ്ഞാനമല്ല, ആത്മനിഷ്ഠമായ ബോധമാണ്. ഒരാളുടെ ജനിതകസവിശേഷതകൾ നോക്കി മരുന്ന്(ചികിത്സ) നിശ്ചയിക്കുന്ന കാലത്തേക്കാണ് വൈദ്യം പോകുന്നത്. ഈ നിലയ്ക്ക് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയറിഞ്ഞു ചികിത്സിക്കുക എന്ന ആയുർവേദത്തിന്റെ രീതിതന്നെയാണത്.
പിഎം വാരിയർ: പൾസ് നോക്കിയാണ് നിലവിൽ പ്രകൃതി മനസ്സിലാക്കുന്നത്. പ്രകൃതി സമ്പൂർണമായി രേഖപ്പെടുത്താനുള്ള സോഫ്റ്റ് വേറുണ്ട് ഇപ്പോൾ. ബിഎആർസിയുമായി ചേർന്ന് ആര്യവൈദ്യശാല പ്രകൃതി രേഖപ്പെടുത്താനുള്ള ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുവാൻ ശ്രമിച്ചിരുന്നു. 'പ്ലിത്തിസ്മോഗ്രാഫി' പൾസ് റീഡിങ് ആണത്. രോഗികളെ പ്ലിത്തിസ്മോഗ്രാഫിയിൽ റീഡ് ചെയ്ത് റെക്കോർഡ് ചെയ്യും. അതേ സമയം രോഗിയോടു കാര്യങ്ങൾ ചോദിച്ച് സാധാരണരീതിയിൽ പ്രകൃതി വിലയിരുത്തുകയും ചെയ്യും. രണ്ടുംതാരതമ്യം ചെയ്ത് തീരുമാനത്തിലെത്തും.
ഒരു ചികിത്സാശാസ്ത്രം എന്ന നിലയിൽ ആയുർവേദത്തെയും മോഡേൺ മെഡിസിനെയും എങ്ങനെ കാണുന്നു?
ഡോ. പി.എം.വാരിയർ: അത്യാഹിതങ്ങൾക്കോ രോഗം അതിയായി മൂർച്ഛിച്ച അവസ്ഥയോക്കോ മോഡേൺ മെഡിസിനെ ആശ്രയിച്ചേ പറ്റൂ. ഒരാൾക്ക് ഒരു നെഞ്ചുവേദന ഉണ്ടായാൽ ആദ്യം വേണ്ടത് അയാളുടെ പ്രാണരക്ഷയാണ്. ഐസിയുവിൽ കയറ്റുകയോ ശസ്ത്രക്രിയയോ വേണമെങ്കിൽ ചെയ്യണം. അതൊക്കെ കഴിഞ്ഞാൽ ഇയാളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാൻ ആയുർവേദമാണു കൂടുതൽ നല്ലത്. ആയുർവേദം കൂടുതൽ ഫലപ്രദമായി കണ്ടിട്ടുള്ളത് ജീവിതശൈലീരോഗങ്ങളിലാണ്.
അങ്ങനെയെങ്കിൽ ഒരേ രോഗിക്ക് ഓരോ അവസ്ഥയിലും അനുയോജ്യമായ ചികിത്സകൾ കിട്ടാൻ മോഡേൺമെഡിസിനും ആയുർവേദവുമുൾപ്പെടെ വ്യത്യസ്തചികിത്സാപദ്ധതികൾ ചേർന്ന സംയോജിത ചികിത്സയല്ലേ നമ്മുടെ ആശുപത്രികളിൽ വേണ്ടത്
ഡോ.പി.എം.വാരിയർ: അതെ, അതാണുവേണ്ടത്. 1924 മുതൽ പിഎസ്.വാരിയർ കോട്ടയ്ക്കലിൽ അതുനടപ്പാക്കിയിട്ടുണ്ട്. വൈദ്യശാലയുടെ ചാരിറ്റബിൾ ഹോസ്പിറ്റിൽ ആയുർവേദവും അലോപ്പതിയുമുണ്ട്. ഇവിടെ അത്തരമൊരു ഐക്യമുണ്ട്. സർക്കാർ ആശുപത്രികളിലും ഇങ്ങനെ സംയോജിതമായ ചികിത്സലഭിച്ചാൽ സാധാരണക്കാർക്ക് വലിയ പ്രയോജനമാവും.
ഡോ.കെ.മുരളീധരൻ: വ്യത്യസ്തചികിത്സാശാസ്ത്രങ്ങൾക്ക്പരസ്പരം ഉൾക്കൊള്ളാൻ കഴിയുന്ന മനസ്സുണ്ടെങ്കിൽ സംയോജിതമായ രീതി നടപ്പിലാക്കാവുന്നതേ ഉള്ളൂ. മൂന്നുവർഷം മഞ്ചേരിയിലെ ഡോ.വർഗീസിന്റെ കീഴിൽ അലോപ്പതി പഠിച്ച വൈദ്യരത്‌നം പി.എസ്.വാരിയർക്ക് അതിനുവിഷമമുണ്ടായിരുന്നില്ല. ചികിത്സകരുടെ മനോഭാവം എല്ലാറ്റിനെയും ഉൾക്കൊള്ളാൻ പറ്റുന്നതാകണം.
രോഗപീഡകളുമായാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആളുകളെത്തുന്നത്. പക്ഷേ, ഇവിടെയെത്തിയാൽപ്പിന്നെ അവരുടെ മുഖം പ്രസന്നവും ഊഷ്മളവുമാകുന്നു. ഇതിന്റെ രഹസ്യം
ഡോ.കെ.മുരളീധരൻ: ഇത് കോട്ടയ്ക്കലിന്റെ കൾച്ചർ ആണ്. ഈ ആംബിയൻസ്, സെലൂബ്രിയസ് ആംബിയൻസ് എന്നുപറയാം. ഇത് കോട്ടയ്ക്കലിന് കാലംകൊണ്ട് വന്നുചേർന്നതാണ്. ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നമാരകട്ടെ, പിന്നീടുള്ളവരാകട്ടെ, ഇത് നിലനിർത്തിപ്പോരുന്നു. ആയുർവേദം പഠിക്കാൻ തുടങ്ങുമ്പോൾതന്നെ പഠിപ്പിക്കുന്നത് ഒരു മനുഷ്യനെങ്ങനെ വൈദ്യനാവാം എന്നതാണ്. അതിനുപ്രത്യേകമായ ചില കാര്യങ്ങൾ പറയുന്നുണ്ട്. 'പൂർവാഭിഭാഷി, സുമുഖ,സുശീല....' എന്നിങ്ങനെ. ഒരാളെ കാണുമ്പോൾ ബലംപിടിച്ചിരിക്കരുത്. അങ്ങോട്ടുസംസാരിച്ചുതുടങ്ങണം. അയാളെന്നോടുചോദിച്ചിട്ടേ ഞാനങ്ങോട്ടുമറുപടി പറയൂ എന്നുവിചാരിക്കരുത്. ഇതൊരു സംസ്‌കാരമാണ്. ഇത് കോട്ടയ്ക്കലിൽ ഉണ്ട്. പിന്നെ ഇവിടെ തങ്ങിനിൽക്കുന്ന എണ്ണകാച്ചുകയും മറ്റും ചെയ്യുമ്പോഴുണ്ടാകുന്ന ഗന്ധംപോലും വലിയൊരുസുഖമാണെന്ന് രോഗികൾ പറയാറുണ്ട്. രാവിലെ എഴുന്നേറ്റുള്ള വിശ്വംഭരക്ഷേത്രസന്ദർശനമാണ് മറ്റൊന്ന്. വിശാലമായ ഒരു മൌനമുള്ള ക്ഷേത്രമുറ്റത്ത് രോഗികൾ വന്നിരിക്കും. അവിടെ ജാതിമതങ്ങൾക്കതീതമായി ആർക്കും വരാം. അവരവരുടെ രീതിക്ക് പ്രാർഥിക്കാം. മതേതരത്വം വാക്കുകളിലല്ല നിൽക്കുന്നത്. പ്രവേശനകവാടത്തിലെ സർവമതചിഹ്നത്തിൽ പ്രഖ്യാപിച്ചതുപോലെ അതുപ്രവൃത്തിയിൽ കാണിക്കുകയും ചെയ്യുന്നു. ഇവിടെ ആർക്കും കയറി വരാം. അദ്ദേഹം ദൈവത്തെ അടച്ചിടുകയല്ല, തുറന്നുവെയ്ക്കുകയാണു ചെയ്തത്. എല്ലാവർക്കും വേണ്ടി. ഇതൊരു സന്ദേശമാണ്. കുഞ്ഞുണ്ണിമാഷ് ഒരിക്കൽ കോട്ടയ്ക്കൽ വന്നപ്പോൾ പറഞ്ഞു-വടകം കഴിക്കുകയും വേണം നാടകം കാണുകയും വേണംഎന്ന്. ഇതായിരുന്നു വൈദ്യരത്‌നത്തിന്റെ നയം. ഇതുരണ്ടുംകൂടിയായാലേ ചികിത്സ പൂർണമാവൂ. വൈദ്യം കലയാണ്. കല വൈദ്യമാണ്. അതൊരു ആഴത്തിലുള്ള കാഴ്ചയാണ്. കോട്ടയ്ക്കലിൽ ചികിത്സയ്ക്കുവരുന്നവർ സന്ധ്യയായാൽ പഥ്യംതെറ്റിച്ചും കഥകളി കാണാൻ വന്നിരിക്കും. അവരതിനെക്കുറിച്ച് പിന്നീട് ആവേശപൂർവം സംസാരിക്കുന്നതുകേൾക്കാം. അവരോടുനമുക്ക് ഒന്നും തിരിച്ചുപറയാൻപറ്റില്ല. അത്രമാത്രം അവരത് ആസ്വദിക്കുന്നു. ഈ കലകൂടിയാണ് അവരുടെ ചികിത്സയെ പൂർണമാക്കുന്നത്.
ആയുർവേദം നേരിടുന്ന വെല്ലുവിളികൾ
കെ.ഹരികുമാർ: ആയുർവേദത്തെ എങ്ങനെ കാലികമാക്കാം എന്നത് വെല്ലുവിളിയാണ്. അതിനെ അലോപ്പതിയുടെ അളവുകോൽ വെച്ച് കാണാനാവില്ല. രണ്ടും രണ്ടാണ്. അതിനായി ക്ലിനിക്കൽ സ്റ്റഡി നടത്തണം. ശരിയായ പ്രക്രിയ നടത്തി മരുന്നാക്കിക്കഴിയുമ്പോൾ ലോഹമൂലകങ്ങളുടെ ദോഷഫലങ്ങൾ ഇല്ലാതാകുന്നു എന്നത് പഠനത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത്തരം ശാസ്ത്രീയപഠനങ്ങൾ ആര്യവൈദ്യശാല ഇപ്പോൾ ചെയ്യുന്നുണ്ട്. അഞ്ചോ ആറോ തരം അർബുദങ്ങൾക്ക് സസ്യൌഷധം എങ്ങനെ ഫലം ചെയ്യും എന്നുള്ളത് പല സ്ഥാപനങ്ങളുമായും ചേർന്ന് പഠനം നടത്തി. ലോകപ്രശസ്തമായ ജേണലുകളിൽ ഈ പഠനങ്ങൾ പ്രസിദ്ധീകരിച്ചു. ആയുർവേദത്തെ പുറത്തെത്തിക്കണമെങ്കിൽ ക്ലിനിക്കൽ പഠനംനടത്തിയ നടത്തിയ ഡേറ്റ വേണം. 24 ബില്യൺ ഡോളറിന്റെ ബിസിനസ്സാണ് ഇന്ന് ആഗോളവിപണിയിൽ ആയുർവേദത്തിന്. ചൈനീസ് മെഡിസിൻ 247 ബില്യൺ ഡോളറിലേക്കെത്തി. ഇതൊക്കെ ആയുർവേദത്തിന്റെ വൻസാധ്യതയാണ് കാണിക്കുന്നത്. ആളുകൾക്ക് സ്വീകാര്യമായ വിധത്തിൽ നാമതിനെ മാറ്റിയെടുക്കണം. ആയുർവേദ ഔഷധങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടക്കണം. മരുന്നുകളുടെ ഫലം, സുരക്ഷ എന്നിവ ലോകത്തിനു ബോധ്യപ്പെടുത്തണം. കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്. അതുതന്നെയാണ് ചെയ്യുന്നത്. ക്ലിനിക്കൽ പഠനങ്ങളിലൂടെ ഡേറ്റയുണ്ടാക്കൽ, ഗവേഷണങ്ങൾ, പുതിയ മരുന്നുകൾ വികസിപ്പിക്കൽ തുടങ്ങിയവയെല്ലാം നടക്കുന്നു. ഒരു വർഷം നാലുലക്ഷത്തിൽപ്പരം ആളുകൾ ആര്യവൈദ്യശാലയുടെ ചികിത്സ തേടുന്നതരത്തിലേക്ക് വളരാൻ കഴിഞ്ഞത് മാറുന്ന കാലത്തിനൊപ്പം അഥവാ കാലത്തിനുമുമ്പേ സഞ്ചരിക്കുന്നതുകൊണ്ടാണ്. അറുപത്തിയെട്ടിൽപ്പരം രാജ്യങ്ങളിൽനിന്നുള്ള രോഗികൾ ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്.
ആര്യവൈദ്യശാലയിലെ അർബുദചികിത്സയെപ്പറ്റി
1998-ൽ പി.കെ.വാരിയർ തുടങ്ങിവെച്ചതാണ് ആര്യവൈദ്യശാലാ ചാരിറ്റബിൾ ഹോസ്പിറ്റലിലെ അർബുദ ചികിത്സ. നമ്മുടെ തന്നെ ചികിത്സാനുഭവങ്ങളിൽനിന്ന് അർബുദത്തിന് ഫലപ്രദമെന്ന് മനസ്സിലാക്കിയ പല മരുന്നുകളും ഇവിടെ കൊടുക്കുന്നുണ്ട്. ഈ മരുന്നുകൾ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയതാണ്. 1998-നുശേഷം ഇവിടെ രണ്ടരലക്ഷത്തിലേറെ ആളുകൾക്ക് അർബുദ ചികിത്സ സൌജന്യമായി നൽകി. പി.കെ.വാരിയർ കൊടുത്തിരുന്ന ടാബ്ലെറ്റിന്റെ, സ്തനാർബുദത്തെയും ശ്വാസകോശാർബുദത്തെയും ചെറുക്കുന്ന ഗുണങ്ങൾ യുകെയിലെ ഒരു പിയർ റിവ്യൂ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വർഷം പതിനയ്യായിരത്തോളംപേർ ഇവിടെ ചികിത്സതേടുന്നു. മരുന്നുകൾ പൊതുവേ സൌജന്യമാണ്. ചില മരുന്നുകൾ പുറമേനിന്നുവാങ്ങേണ്ടിവരും.
ആയുർവേദത്തിൽ പുതിയ പരീക്ഷണനിരീക്ഷണങ്ങൾ എത്രത്തോളം നടക്കുന്നുണ്ട്
ആര്യവൈദ്യശാലയ്ക്ക് സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് ആൻഡ് റിസർച്ച്(സി.എം.പി.ആർ.) എന്നൊരുഗവേഷണകേന്ദ്രമുണ്ട്. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ, അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ നിലനിർത്താനുള്ള ശ്രമങ്ങൾ എന്നിവ അവർ നടത്തുന്നു. അപൂർവമായ പുതിയ സസ്യങ്ങൾ അവർ കണ്ടുപിടിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങളിലെയും ആയുർവേദമരുന്നുകളിലെയും സൂക്ഷ്മഘടകങ്ങൾ, അവയുടെ ഫലം, സാധ്യതകൾ എന്നിവയെക്കുറിച്ചൊക്കെ ലാബ് സംവിധാനങ്ങൾ ഉൾപ്പെടെ ആധുനികശാസ്ത്രീയമാർഗങ്ങളിലൂടെ രാജ്യത്തിനകത്തെയും പുറത്തെയും സ്ഥാപനങ്ങളുമായി സഹകരിച്ച് പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നുണ്ട്. എം.എസ് വല്യത്താന്റെ നിർദേശമനുസരിച്ച് ഡോ.പി.കെ.വാരിയരുടെ കാലംമുതൽതന്നെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചു(സിഎസ്‌ഐആർ)മായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ഉത്പന്നങ്ങൾ അവരുടെ ലാബിലേക്കയച്ച് പരിശോധിക്കുന്നുണ്ട്.
കോവിഡ് കാലത്ത് ആയുഷ് ക്വാഥചൂർണം ഇറക്കിയിരുന്നല്ലോ. ഇത്തരം മരുന്നുകളുടെ ഫലം എത്രത്തോളമാണ്
പി.എം.വാരിയർ: കേന്ദ്രഗവൺമെന്റിന്റെ ഭാഗത്തുനിന്നുവന്ന നിർദേശമനുസരിച്ചാണ് ക്വാഥചൂർണം ഉണ്ടാക്കുന്നത്. പല ആളുകൾക്കും നല്ല ഗുണം ലഭിച്ചിട്ടുണ്ട്.
പുതിയ കാലത്തിനും വിപണിക്കും ഇണങ്ങുന്ന ഫാസ്റ്റ് മൂവിങ് ആയ ഉത്പന്നങ്ങളിൽപ്പലതിനും ആയുർവേദത്തിന്റെ ലേബൽ മാത്രമേ ഉണ്ടാകൂ. ഹെർബൽ ടൂത്ത് പേസ്റ്റുകൾ, ഫെയ്‌സ് വാഷുകൾ, സോപ്പുകൾ തുടങ്ങിയവ. അതൊരു വെല്ലുവിളിയല്ലേ?
കെ.ഹരികുമാർ: അങ്ങനെ പറയാൻ പറ്റില്ല. ആയുർവേദം രണ്ട് വിഭാഗങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഒന്ന് ക്യുവർ(ചികിത്സ)മറ്റൊന്ന് കെയർ(പരിപാലനം). കെയർ സെഗ്മെന്റിൽ ആണ് ഇത്തരം ഉത്പന്നങ്ങൾ.
അരിഷ്ടങ്ങൾ, ആസവങ്ങൾ, രസായനം തുടങ്ങി ലോഹമൂലകങ്ങൾ ഉൾക്കൊള്ളുന്ന ആയുർവേദമരുന്നുകൾ കരൾ, വൃക്ക രോഗങ്ങൾക്ക് സാധ്യതയുണ്ടാക്കുമെന്ന ആശങ്ക വാസ്തവമാണോ
ഡോ.കെ.മുരളീധരൻ: ഒരിക്കലുമല്ല. ആയുർവേദമരുന്നുകൾ യോഗങ്ങളാണ്. യോഗമെന്നാൽ കൂടിച്ചേരലാണ്. ഒന്നൊന്നായ മരുന്നുകളെക്കാൾ ഒന്നിച്ചുകൂടിച്ചേരുമ്പോഴുണ്ടാകുന്ന സിനർജിക് ആക്ഷന്' പ്രഭാവം കൂടുതലാണ്.
ഡോ.പി.എം.വാരിയർ: ഗുൽഗുലു തിക്തകഘൃതം നല്ല കയ്പുള്ളതാണ്. കഴിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ വളരെ ഫലപ്രദമാണ്. ഒരിക്കൽ അത് ലാബ് പരിശോധനകൾക്കായി പല ലാബുകളിലേക്ക് ഘടകങ്ങളാക്കി അയച്ചുകൊടുത്തു. അപ്പോൾ അതിൽ ഉദ്ദേശിച്ച ഔഷധഗുണം കണ്ടെത്താനായില്ല. എന്നാൽ ഹൈദരാബാദിലെ കേന്ദ്രം അതിനെ ഘടകങ്ങളാക്കാതെ അപ്പടി പരിശോധിച്ചപ്പോൾ ഒരുപാട് ഔഷധമൂല്യം അതിൽ കണ്ടു.
ആര്യവൈദ്യശാലയുടെ ഭാവിപരിപാടികൾ
കെ.ഹരികുമാർ: ആയുർവേദത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകതന്നെ. ആഗോളതലത്തിൽ ആയുർവേദത്തിന് കൂടുതൽ പ്രചാരമുണ്ടാക്കുകതന്നെ.
Content Highlights: Ayurveda for Modern Living: Insights from Kottakkal Arya Vaidya Sala Experts
Published: 22 Sept 2025, 07:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented