സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്ദി എന്ന എഴുത്തുകാരന്റെ ജീവിതത്തിലെ ഏറ്റവും നിഷ്‌കളങ്കമായ രാത്രിയായിരുന്നു 2022 ഓഗസ്റ്റ് 11-ന്റേത്.

To advertise here,

പിറ്റേന്ന് താന്‍ പ്രഭാഷണം നിര്‍വഹിക്കേണ്ട പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുന്ദരമായ കാംപസിലൂടെ, സുഹൃത്തുക്കളും പരിപാടിയുടെ സംഘാടകരുമായ ഹെന്റ്റി റീസ്, ഡയാനി സാമുവല്‍സ് എന്നിവര്‍ക്കൊപ്പം, തടാകത്തില്‍നിന്നു വരുന്ന ഇളം കാറ്റേറ്റ് നടക്കുകയായിരുന്നു അദ്ദേഹം. തടാകത്തിനുമുകളില്‍ പൗര്‍ണമി തിളങ്ങിനിന്നിരുന്നു. റുഷ്ദി ആ സുന്ദരദൃശ്യം തന്റെ മൊബൈലില്‍ പകര്‍ത്തി ട്വിറ്ററി (എക്‌സ്)ല്‍ പോസ്റ്റ് ചെയ്തു. ബെസ്റ്റര്‍ പ്ലാസയിലെ 2AMES എന്ന റസ്റ്ററന്റിലിരുന്ന് അവര്‍ ചര്‍ച്ചചെയ്തത്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭീഷണിയും അക്രമങ്ങളും നേരിടേണ്ടിവരുന്ന എഴുത്തുകാര്‍ക്കായി ഒരു സുരക്ഷിത ഇടം അമേരിക്കയില്‍ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു. 'MORE THAN SHELTER: Redefining the American Home' എന്ന പേരില്‍ ആ വിഷയം തന്നെയായിരുന്നു പിറ്റേന്ന് റുഷ്ദി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കാന്‍ തീരുമാനിച്ചതും.

ന്യൂജെഴ്സി നഗരത്തില്‍നിന്നെത്തിയ ഹാദി മാതര്‍ എന്ന നല്ല ഉയരവും ഉറച്ച ശരീരവുമുള്ള യുവാവ്, റുഷ്ദി തന്റെ നിഷ്‌കളങ്ക രാത്രി ആസ്വദിച്ച് കാംപസിലൂടെ നടക്കുന്ന അതേസമയത്തുതന്നെ, തിരിച്ചറിയാതിരിക്കാനായി തന്റെ ഷിയാ മുസ്ലിം പേര് മാറ്റി വ്യാജനാമത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് കയറിയിരുന്നു. അവന്റെ സഞ്ചിയില്‍ പലതരം കത്തികളുണ്ടായിരുന്നു. സല്‍മാന്‍ റുഷ്ദി എഴുതിയ ഒരു പുസ്തകംപോലും അവന്‍ വായിച്ചിരുന്നില്ല. യുട്യൂബായിരുന്നു അവന്റെ നേതാവും ആചാര്യനും. 'ഇമാം യുടൂബി' എന്ന് റുഷ്ദി അതിനെ പരിഹസിച്ചു വിളിക്കുന്നു. അയല്‍വാസികളോടുപോലും മിണ്ടാത്ത, അന്തര്‍മുഖനായ ഹാദി മാതര്‍ തന്റെ അമ്മയെപ്പിരിഞ്ഞ പിതാവിനെക്കാണാന്‍ ഒരുതവണ െലബനനില്‍ പോയിരുന്നു. തിരിച്ചുവന്ന അവന്‍ കൂടുതല്‍ സമയവും വീടിന്റെ താഴെനിലയിലായിരുന്നു കഴിഞ്ഞിരുന്നത്. സാത്താനിക് വേഴ്സസ് എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ മതനിന്ദ ആരോപിച്ച്, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള റൂഹൊള്ള ഖൊമേനി റുഷ്ദിക്ക് വധശിക്ഷ വിധിച്ച 1988-ല്‍ ജനിക്കുകപോലും ചെയ്തിട്ടില്ലാത്ത മാതര്‍ തന്റെ യുട്യൂബ് ഗുരുവിലൂടെ മനസ്സിലാക്കിയത് ഇത്രമാത്രമായിരുന്നു: സല്‍മാന്‍ റുഷ്ദി നല്ല മനുഷ്യനല്ല, കപടനാണ്, കൊല ചെയ്യപ്പെടേണ്ടവനാണ്. നിഗൂഢലോകത്ത് ജീവിച്ചിരുന്ന മാതര്‍ പുറത്തുപോയിരുന്നത് ജിമ്മില്‍ ശരീരപോഷണത്തിനുവേണ്ടിമാത്രമായിരുന്നു. ഓഗസ്റ്റ് 11-ന്റെ രാത്രി അവന്‍ തന്റെ അംഗത്വം ഉപേക്ഷിച്ച് ജിമ്മിന്റെ ഓഫീസിലേക്ക് മെയില്‍ അയച്ചു. എല്ലാം തീരുമാനിച്ചുറപ്പിച്ച മാതറിന് തന്റെ ജീവിതം പിറ്റേദിവസത്തോടെ എന്നേക്കുമായി തീരുകയാണ് എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.

ഷൗതൗക്വയിലെ മുറിയില്‍ റുഷ്ദി അതിശാന്തമായി ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ 'പ്രതിശ്രുത കൊലയാളി' (Would be killer) ഹാദി മാതര്‍ തന്റെ കത്തി രാകി മിനുക്കുകയായിരുന്നു... മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ് ഖൊമേനി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍. അതുവഴി തനിക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കാന്‍!

placeholder
ഹാദി മാതര്‍

പുരാതന ഗ്രീസിലെ ആംഫി തിയേറ്ററിന്റെ മാതൃകയിലായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സല്‍മാന്‍ റുഷ്ദി പ്രസംഗിക്കാനെത്തിയ ഹാള്‍. അതിന്റെ ഭൂരിഭാഗവും പ്രഭാഷണം കേള്‍ക്കാന്‍ എത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. സ്വാഗതഭാഷണം നടക്കുന്നതിനിടെ, സദസ്സിന്റെ മധ്യനിരയില്‍നിന്ന് കറുത്ത ബനിയനിട്ട ഒരാള്‍ എഴുന്നേറ്റ് കസേരകള്‍ക്കിടയിലൂടെ ഓടിവരുന്നത് വലംകണ്ണിന്റെ കോണിലൂടെ റുഷ്ദി കണ്ടു. തന്റെ വലം കണ്ണുകൊണ്ട് അദ്ദേഹം കണ്ട അവസാന കാഴ്ച! മിന്നല്‍പോലെ അവന്‍ വേദിയില്‍ ഓടിക്കയറി കൈയിലെ കത്തികൊണ്ട് റുഷ്ദിയെ ആഞ്ഞാഞ്ഞ് കുത്താന്‍ തുടങ്ങി. എഴുപത്തിയഞ്ച് വയസ്സുകാരനായ റുഷ്ദിക്ക് ഒരു ബോക്‌സറുടെ കരുത്തുള്ള അവനെ ചെറുക്കാനായില്ല. തോളടിച്ച് നിലത്തുവീണ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഇരുപത്തിയേഴ് സെക്കന്‍ഡ് നേരം പ്രാകൃതമായ ഏതോ പകകൊണ്ടെന്നപോലെ അവന്‍ കുത്തിക്കൊണ്ടേയിരുന്നു. കഴുത്തില്‍, കണ്ണില്‍, കവിളില്‍, ഇടതുൈകയില്‍, നെഞ്ചില്‍, വലതുതുടയില്‍, അടിവയറ്റില്‍.... രാകിമിനുക്കിയ അവന്റെ കത്തി എല്ലായിടത്തും ഇറങ്ങിക്കയറി. ഖൊമേനി ഫത്വ പ്രഖ്യാപിച്ചതിനുശേഷം റുഷ്ദി നിരന്തരം കണ്ട ദുഃസ്വപ്നങ്ങളിലൊന്ന്, തന്റെ കൊലയാളി ഒരു ഗ്ലാഡിയേറ്ററെപ്പോലെ സദസ്സില്‍നിന്ന് എഴുന്നേറ്റുവരുന്നതാണ്.ഇതാ, ഇപ്പോള്‍ അയാള്‍ എത്തിയിരിക്കുന്നു- സദസ്സില്‍നിന്നുതന്നെ എഴുന്നേറ്റ്, ഓടി...കൈയിലൊരു കത്തിയുമായി.

ചോരയില്‍ കുതിര്‍ന്നുകിടന്ന റുഷ്ദിയുടെ കാഴ്ച മറഞ്ഞു; ബോധം അസ്തമിച്ചു. ഉള്ളിലെ അക്ഷരങ്ങള്‍ കെട്ടു, ഇരുട്ട് മാത്രമായി.

ഖൊമേനിയുടെ ഫത്വയ്ക്കുശേഷം ജീവിതത്തിന്റെ മുഖ്യപങ്കും ലണ്ടനില്‍ ഏകാന്തതയിലും ഒളിവിലും പാര്‍ക്കുകയായിരുന്നു റുഷ്ദി. വിമാനങ്ങള്‍ അദ്ദേഹത്തെ കയറ്റാന്‍ വിസമ്മതിച്ചു, രാജ്യങ്ങള്‍ വിലക്കി, ഹോട്ടലുകള്‍ മുറികള്‍ നല്‍കാതെ തിരിച്ചയച്ചു. മാതൃരാജ്യമായ ഇന്ത്യ സാത്താനിക് വേഴ്സസ് ഇവിടെ ഇറങ്ങുംമുമ്പേ നിരോധിച്ച് പടിയടച്ചു. പക്ഷേ, തന്റെ ഭ്രഷ്ടജീവിതത്തെ റുഷ്ദി അക്ഷരങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും മറികടന്നു. ഭ്രഷ്ടന്റെ ഏകാന്തതയില്‍നിന്ന് 16 പുസ്തകങ്ങള്‍ പിറന്നു. ലോകം എഴുത്തിലെ മാജിക് വായിച്ച് വിസ്മയിച്ചു.

ലണ്ടനിലേതിനെക്കാള്‍ കുറെക്കൂടി സ്വതന്ത്രമായ ജീവിതം തേടിയാണ് റുഷ്ദി അമേരിക്കയിലെത്തിയത്. ഭ്രഷ്ടജീവിതം തീര്‍ന്നു എന്ന് കരുതി തന്റെ ഏറ്റവും പുതിയ നോവലായ വിക്ടറി സിറ്റി എഴുതി പ്രസാധനം കാത്തിരിക്കുമ്പോഴാണ് കാലങ്ങള്‍ കടന്ന് കത്തിയുമായി ഹാദി മാതര്‍ വന്നത്. വിഷവും വിദ്വേഷവും ജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് പ്രവഹിക്കും; കാലം അതിനൊരു തടയല്ല എന്ന് ഹാദി മാതര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

ചോരയില്‍ക്കുതിര്‍ന്ന ഷര്‍ട്ട് വലിച്ചൂരി സല്‍മാന്‍ റുഷ്ദിയെ പ്രത്യേക ഹെലികോപ്റ്ററില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ജീവിതപങ്കാളിയും കവിയും ഫോട്ടോഗ്രാഫറുമായ എലീസയും ഒപ്പമുണ്ടായിരുന്നു. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അഗാധമായ ഏകാന്തതയില്‍ റുഷ്ദി ബോധംകെട്ടുകിടന്നു. അപ്പോഴും തന്റെ ഉള്ളില്‍നിന്ന് ഏതൊക്കെയോ ജീവകോശങ്ങള്‍ മന്ത്രിച്ചിരുന്നതായി റുഷ്ദി തിരിച്ചറിഞ്ഞു: LIVE, LIVE-ജീവിക്കൂ, ജീവിക്കൂ...

placeholder
എലിസ

തുടര്‍ന്നുള്ള ദിവസങ്ങളില്‍ തന്റെ ശരീരത്തിന്റെ എല്ലാ സ്വകാര്യതകളും വൈദ്യശാസ്ത്രത്തിന് അടിയറവെച്ച്, 'മുങ്ങാതിരിക്കാന്‍ കപ്പലിന്റെ ക്യാപ്റ്റന്‍സി കൈയൊഴിയുന്ന ക്യാപ്റ്റനെപ്പോലെ' റുഷ്ദി ബോധാബോധങ്ങള്‍ക്കിടയില്‍ ഊയലാടി. എലീസ തൊട്ടിരുന്നു. മക്കളായ സഫറും മിലനും ലണ്ടനില്‍നിന്ന് കരഞ്ഞുകൊണ്ടെത്തി ചെവിയില്‍പ്പറഞ്ഞു: ''I LOVE YOU.'' മങ്ങിയ ബോധത്തിലെവിടെയോ സ്‌നേഹം തേന്‍തുള്ളിപോലെ വീണു. ലോകനേതാക്കളെല്ലാം റുഷ്ദിക്കുനേരേയുള്ള വധശ്രമത്തെ അതിശക്തമായി തള്ളിപ്പറഞ്ഞു. സാഹിത്യത്തിനും മനുഷ്യാവകാശത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളുന്ന പെന്‍ അമേരിക്ക ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച പ്രതിഷേധക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി: '... ഒരു പ്രതിശ്രുത കൊലയാളി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തില്‍ കത്തിയാഴ്ത്തിയപ്പോള്‍ അയാള്‍ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ കഴുത്തില്‍ മാത്രമല്ല അത് കുത്തിയിറക്കിയത്. അയാള്‍ കാലത്തെ മുറിച്ചുകടന്നാണ് എത്തിയത്. ഭൂതകാലം വേട്ടയാടി പിറകെ വരുന്നു എന്ന് നമ്മെ ഞെട്ടിപ്പിച്ചുകൊണ്ട് അയാള്‍ ബോധ്യപ്പെടുത്തി...' എന്നാല്‍, റുഷ്ദിയുടെ മാതൃരാജ്യമായ ഇന്ത്യമാത്രം മൗനം പാലിച്ചു. ബുദ്ധിജീവികളും കവികളും ആക്ടിവിസ്റ്റുകളും തിരിച്ചറിയാന്‍ സാധിക്കാത്തവിധത്തില്‍ പരസ്പരം കലര്‍ന്ന് ഇടതിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍പ്പോലും കോളേജുകളിലോ പാര്‍ക്കുകളിലോ ആരും മെഴുകുതിരികള്‍ കത്തിച്ച് സല്‍മാന്‍ റുഷ്ദിയുടെ ആയുസ്സിനുവേണ്ടി പ്രാര്‍ഥിച്ചില്ല; സാഹിത്യസ്ഥാപനങ്ങള്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചില്ല; ആവിഷ്‌കാരസ്വാതന്ത്ര്യ സമരപ്പോരാളികളെ ആരെയും എവിടെയും കണ്ടില്ല; അവരുടെ ശബ്ദം കേട്ടില്ല; റുഷ്ദിക്ക് സമര്‍പ്പിച്ച് കാവ്യപ്രവാഹങ്ങളുണ്ടായില്ല; എഴുത്തുകാരന്‍ കഴുത്തില്‍ കുത്തേറ്റ് വീണിട്ടും 'എഴുത്തോ നിന്റെ കഴുത്തോ' എന്ന പതിവുചോദ്യം പോലുമുണ്ടായില്ല... അല്ലെങ്കിലും ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് നമുക്ക് സ്വന്തം ആവശ്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും അനുസരിച്ച് എടുത്ത് വീശാനുള്ള വാളാണല്ലോ.

എന്നാല്‍, ലോകമെങ്ങുമുള്ള സത്യസന്ധരായ വായനക്കാര്‍ ബോധമറ്റുകിടക്കുന്ന റുഷ്ദിയുടെ ജീവകോശങ്ങളെപ്പോലെ മന്ത്രിച്ചുകൊണ്ടേയിരുന്നു: LIVE, LIVE. അവര്‍ പ്ലക്കാര്‍ഡുകളുമേന്തി തെരുവിലിറങ്ങി: WE STAND WITH SALMAN RUSHDIE

ജീവകോശങ്ങളുടെയും ലോകത്തെ വായനക്കാരുടെയും പ്രാര്‍ഥനകളും മന്ത്രണങ്ങളും ഫലിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സല്‍മാന്‍ റുഷ്ദിയില്‍ ബോധം തെളിഞ്ഞുതുടങ്ങി. മങ്ങിയ രൂപങ്ങളായിരുന്നു അപ്പോള്‍ മുന്നില്‍. അക്ഷരങ്ങള്‍കൊണ്ടുണ്ടാക്കിയ കൊട്ടാരങ്ങള്‍, കെട്ടിടങ്ങള്‍, ഭാഷകൊണ്ടും വാക്കുകള്‍കൊണ്ടും പണിത ലോകം, ഹാളുകള്‍, മിനാരങ്ങള്‍, നിലക്കണ്ണാടികള്‍, ജാലകങ്ങള്‍... എല്ലാം വാക്കുകള്‍കൊണ്ട് നിര്‍മിച്ചവ. വലതുകൈ ബാന്‍ഡേജില്‍ പൊതിഞ്ഞിരുന്നു. മുറിയില്‍ ആരൊക്കെയോ ഇരിക്കുന്നുണ്ട്. അവര്‍ക്കിടയിലൂടെയും അക്ഷരങ്ങള്‍ ഒഴുകി നടന്നു. വേദനസംഹാരികളുടെ മയക്കം മായുമ്പോള്‍ തന്റെ ശരീരത്തെക്കുറിച്ച് റുഷ്ദിക്ക് ബോധ്യംവന്നു:

കഴുത്തും വലതുകവിളും ചേര്‍ത്ത് ക്ലിപ്പിട്ടിരിക്കുന്നു; വീങ്ങിയ കഴുത്തിനുചുറ്റും ചോരച്ചുകപ്പ്; കൈയില്‍ ഉണങ്ങിപ്പിടിച്ച രക്തം; ശരീരമാകെ പൊതിഞ്ഞ് ബാന്‍ഡേജുകള്‍; വലതുകണ്ണ് കണ്‍കുഴിയില്‍നിന്ന് പുഴുങ്ങിയ മുട്ടപോലെ കവിളിലേക്ക് തൂങ്ങിക്കിടക്കുന്നു; വായില്‍ വെന്റിലേറ്റര്‍ പൈപ്പ്; തകര്‍ന്ന ലിവറും ചെറുകുടലും ഹൃദയവും. മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു നേര്‍ത്ത മറ മാത്രം. ആ അനുഭവം ഇങ്ങനെയാണ് റുഷ്ദി ഓര്‍ക്കുന്നത്:

''മരണം അടുത്തുവരുമ്പോള്‍ ലോകം അകന്നകന്ന് പോവും. വല്ലാത്ത ഒരു ഏകാന്തത തോന്നും. അപ്പോള്‍ കാരുണ്യമുള്ള വാക്കുകള്‍ നമുക്ക് കരുത്തും കരുതലുമാവും; ഒറ്റയ്ക്കല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും, ഇതുവരെ ജീവിച്ച ജീവിതവും ചെയ്ത ജോലിയും വെറുതേയായില്ല എന്ന് മനസ്സിലാക്കിത്തരും...''

കണ്‍പുരികങ്ങളിലും നാവിന്റെ സ്നിഗ്ധതയിലും തുന്നലിടാന്‍ സൂചിയാഴ്ത്തിയപ്പോള്‍ റുഷ്ദി കുട്ടിയെപ്പോലെ കരഞ്ഞു. കത്തികയറിയ കവിളിലെ മുറിവിലൂടെ വായ്യ്ക്കകത്തെ ദ്രാവകം പുറത്തേക്ക് ഒലിച്ചുകൊണ്ടേയിരുന്നു. കരളില്‍ അടിഞ്ഞ ദ്രാവകം കളയാന്‍ മുറിവിനോട് ചേര്‍ന്ന് സഞ്ചി ഘടിപ്പിക്കേണ്ടിവന്നു... അപ്പോഴും തന്റെ ഈ അവസ്ഥയ്ക്ക് കാരണമായ കൃതിയെ റുഷ്ദി തള്ളിപ്പറഞ്ഞില്ല:

''...സാത്താനിക് വേഴ്സസ് അടക്കം എന്റെ എല്ലാ കൃതികളെയോര്‍ത്തും ഞാന്‍ അഭിമാനിക്കുന്നു. ആര്‍ക്കെങ്കിലും മനോവേദന തോന്നുന്നുവെങ്കില്‍ ആ നിമിഷം വായന നിര്‍ത്താം. എന്റെ നോവലുകള്‍ അവയെ സ്വയം കാത്തുകൊള്ളും...''

ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് റുഷ്ദിയുടെ മുറിവുകള്‍ മാഞ്ഞുതുടങ്ങി. ഒലിച്ചിറങ്ങുന്ന ദ്രാവകം നിന്നു. പിറന്നുവീണ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചുപിടിച്ച് അദ്ദേഹം മുറിയില്‍ നടന്നുതുടങ്ങി. ടൂത്ത് ബ്രഷ് പിടിക്കാന്‍ പഠിച്ചു. -പുനര്‍ജന്മത്തിന്റെ ബാധ്യതകള്‍. അപ്പോഴും കണ്ണുമാത്രം കെട്ടിയിരുന്നു. വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ സല്‍മാന്‍ റുഷ്ദി തകര്‍ന്നുപോയി. പാതിലോകം തന്നില്‍നിന്ന് ആരോ കവര്‍ന്നെടുത്തതുപോലെ. ആ യാഥാര്‍ഥ്യവുമായി താരതമ്യപ്പെടാന്‍ റുഷ്ദിക്ക് ദിവസങ്ങള്‍ വേണ്ടിവന്നു. തനിക്കിനി എഴുതാനാവുമോ എന്നോര്‍ത്ത് അദ്ദേഹം ചകിതനായി. വായനക്കാരുടെ ലോകം തന്നെ കാത്തിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആ കിടപ്പില്‍ കിടന്ന് അദ്ദേഹം തീരുമാനിച്ചു: തന്റെ ഈ അവസ്ഥയെക്കുറിച്ചായിരിക്കും അടുത്ത പുസ്തകം.

'ഭാഷയാണ് എന്റെ കത്തി. അപ്രതീക്ഷിതമായി ഞാനൊരു കത്തിക്കുത്തില്‍ അകപ്പെട്ടു. പ്രതിരോധിക്കാനായി എന്റെ കൈയിലുള്ളത് ഭാഷയുടെ കത്തിയാണ്. എന്റെ ലോകത്തെ ഞാന്‍ പുനര്‍നിര്‍മിക്കുന്നതും തിരിച്ചുപിടിക്കുന്നതും അതുപയോഗിച്ചാണ്...''

placeholder
സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും (ഫോട്ടോ: എ.പി)

എലീസയുടെ സഹായത്തോടെ ഓരോ ദിവസത്തെയും ആലോചനകള്‍ റുഷ്ദി മന്ത്രിച്ചുമന്ത്രിച്ച് റെക്കോഡ് ചെയ്തു തുടങ്ങി. ഓരോദിവസം കഴിയുന്തോറും അദ്ദേഹം ജീവകോശങ്ങളുടെ ശബ്ദം കൂടുതല്‍ക്കൂടുതല്‍ക്കേട്ടു: LIVE LIVE

ചുറ്റിലും മരണാസന്നരായവരുടെ നിലവിളികള്‍ നിറഞ്ഞ ആശുപത്രിയില്‍നിന്ന് റുഷ്ദി വീട്ടിലേക്കെത്തിയത് അതിരഹസ്യമായി പ്രഭാതത്തിന്റെ ഇരുട്ടിന്‍ മറപറ്റിയാണ്. സ്വന്തം വീട്, മുറി, ബുക്ക് ഷെല്‍ഫുകള്‍, കിടക്ക. ആ ലോകം അദ്ദേഹത്തിന്റെ ഉള്ളറകളെ തളിര്‍പ്പിച്ചു. നടന്നുശീലിക്കാന്‍ ഫിസിയോ തെറാപ്പി ചെയ്തു. വിക്ടറി സിറ്റി പുറത്തിറങ്ങി, വായനക്കാര്‍ അതിനെ സഹര്‍ഷം സ്വീകരിച്ചു. ആ സന്തോഷം എഴുത്തുകാരന് ഔഷധമായി: ''എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ വാര്‍ത്ത എന്താണെന്നുെവച്ചാല്‍ അരക്കൊല്ലത്തിന്റെ നിശ്ശൂന്യതയെ മറികടന്ന് എഴുത്തിന്റെ പ്രവാഹം വീണ്ടും എന്നിലുണ്ടായിരിക്കുന്നു. ജീവിതത്തിലേക്ക് ശ്രദ്ധയോടെയുള്ള എന്റെ തിരിച്ചുവരവ് അതിന് സഹായകമായിരിക്കാം. നിങ്ങളിപ്പോള്‍ വായിക്കുന്ന പുസ്തകം എഴുതാനുള്ള കരാര്‍ ഞാന്‍ പ്രസാധകരുമായി ഒപ്പിട്ടു. അതെ, ഞാന്‍ വീണ്ടും ഒരു എഴുത്തുകാരനാവാന്‍ പോവുന്നു...''

ലേഖനം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യൂ.