മസ്‌കറ്റ്: പാകിസ്താനെതിരായ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പരിക്കിന്റെ വെല്ലുവിളി മറികടന്ന് പോരാട്ടവീര്യം പുറത്തെടുത്ത് ആര്യവീർ സെവാഗ്. പാകിസ്താൻ ഉയർത്തിയ 338 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്കായി അർധ സെഞ്ചുറിയുമായി മികച്ച തുടക്കം സമ്മാനിക്കാൻ ആര്യവീറിനായി. 61 പന്തുകളിൽ നിന്ന് ഒമ്പത് ഫോർ ഉൾപ്പെടെ 58 റൺസാണ് താരത്തിന്റെ സമ്പാദ്യം.

To advertise here,

ഇന്നിങ്‌സിന്റെ തുടക്കത്തിൽ പാകിസ്താൻ പേസർ അലി റാസയുടെ ഇൻസ്വിങ്ങർ കൈമുട്ടിലിടിച്ച് ആര്യവീറിന് പരിക്കേറ്റിരുന്നു. ഫിസിയോ ഗ്രൗണ്ടിലെത്തി ബാൻഡേജ് ഇട്ടെങ്കിലും ഗ്രൗണ്ട് വിടാൻ തയ്യാറാകാതിരുന്ന താരം, തൊട്ടടുത്ത പന്ത് തന്നെ ഫോറടിച്ചാണ് തിരിച്ചടിച്ചത്. കൈമുട്ടിലെ വേദന വകവെക്കാതെ ബാറ്റിങ് തുടർന്ന ആര്യവീർ 50 പന്തുകളിൽ നിന്നാണ് അർധസെഞ്ചുറി തികച്ചത്.

അർധസെഞ്ചുറിക്ക് ശേഷം വിരാട് കോലിയുടെ പ്രശസ്തമായ 'ബാറ്റ് സംസാരിക്കട്ടെ' എന്ന സ്റ്റൈലിലായിരുന്നു ആര്യവീറിന്റെ ആഘോഷം. ഇത് മത്സരത്തിലെ പ്രധാന ആകർഷണമായി മാറുകയും ചെയ്തു. 2018-ൽ പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയ ശേഷമായിരുന്നു കോലി ആദ്യമായി ഈ രീതിയിൽ ആഘോഷിച്ചിരുന്നത്.

ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയുമായി ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 95 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനും ആര്യവീറിനായി. ഒടുവിൽ സ്പിന്നർ നിഖാബ് ഷഫീഖിന്റെ പന്തിൽ ലോങ് ഓഫിൽ ഉസ്മാൻ ഖാന് ക്യാച്ച് നൽകിയാണ് ആര്യവീർ മടങ്ങിയത്. ഈ ടൂർണമെന്റിൽ ആര്യവീർ നേടുന്ന തുടർച്ചയായ നാലാമത്തെ 50 പ്ലസ് സ്‌കോറാണിത്. മുൻ മത്സരങ്ങളിൽ 70*, 160, 51 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ.