വാഷിങ്ടൺ: അധികാരം നഷ്ടപ്പെടുന്നതിന്റെ വക്കിൽ നിൽക്കുന്ന ഇസ്രായേൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെതിരെ പുതിയ സൈനികനീക്കത്തിന് കോപ്പുകൂട്ടുന്നതിനിടെ, ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ അടിയന്തരമായി അമേരിക്കയിലെത്തി. അതേസമയം, ഇസ്രായേലിൽ പുതിയ സർക്കാർ രൂപവത്കരണത്തിന് ചുക്കാൻ പിടിക്കുന്ന യാഷാർ പാർട്ടി നേതാവും മുൻ ഐ.ഡി.എഫ്. മേധാവിയുമായ ഗാഡി ഐസൻകോട്ട്, നെതന്യാഹുവിന്റെ നീക്കങ്ങൾ തടയാനുള്ള പ്രതിരോധം തീർക്കുകയാണ്. മൊസാദ് മേധാവി റോമൻ ഗോഫ്മാൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ.യുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഇറാൻ യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ചർച്ച നടത്തുന്നതിനായി ഗോഫ്മാൻ മയാമിയിലേക്ക് പോകുമെന്നും 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു.

To advertise here,

ഇറാനിൽ ഇടപെട്ട് ട്രംപിന് കൈപൊള്ളിയെങ്കിലും, നെതന്യാഹുവിന്‍റെ യുദ്ധപദ്ധതിയിൽ ഏതുവിധേനയും അമേരിക്കയെ പങ്കാളിയാക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. എന്നാൽ, ഈ കൂടിക്കാഴ്ചകളെക്കുറിച്ച് മൊസാദോ വൈറ്റ് ഹൗസോ സി.ഐ.എ.യോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇറാനെതിരായ നെതന്യാഹുവിന്റെ യുദ്ധശ്രമത്തെ മൊസാദിലെ മുതിർന്ന ഉദ്യോഗസ്ഥർ എതിർത്തിരുന്നു.

നെതന്യാഹുവിന്റെ നീക്കങ്ങളോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാകും. പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് ഇറങ്ങാൻ ട്രംപിന് ഇപ്പോൾ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ താത്പര്യങ്ങൾക്ക് വിരുദ്ധമായി, നെതന്യാഹുവുമായി ചർച്ച ചെയ്യാതെ ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്താനാണ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ, ഇറാനുമേൽ ആക്രമണം നടത്താൻ ഇസ്രായേലിനൊപ്പം ചേരണമെന്ന മൊസാദിന്റെ ആവശ്യത്തോട് ട്രംപ് അനുകൂലമായി പ്രതികരിക്കാൻ സാധ്യത കുറവാണ്.

നെസറ്റ് സ്പീക്കർ പദവിയും നിർണായക പാർലമെന്ററി കമ്മിറ്റികളും നഷ്ടപ്പെട്ട നെതന്യാഹുവിന്‍റെ അവസാന പിടിവള്ളിയാണ് യുദ്ധം. ഒരു യുദ്ധമുണ്ടായാൽ പ്രതിപക്ഷ ബ്ലോക്കിലെ നേതാക്കൾ തനിക്ക് കീഴിൽ അണിനിരക്കാൻ നിർബന്ധിതരാകുമെന്നും അങ്ങനെ തന്റെ കസേര സംരക്ഷിക്കാമെന്നുമാണ് നെതന്യാഹു കണക്കുകൂട്ടുന്നത്.

പുതിയ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുന്ന ഗാഡി ഐസൻകോട്ടിന്‍റെ മുന്നിൽ പ്രധാനമായും രണ്ട് വെല്ലുവിളികളാണുള്ളത്: സുസ്ഥിരമായൊരു സർക്കാർ രൂപവത്കരിക്കുക, കാവൽ പ്രധാനമന്ത്രിയായ നെതന്യാഹു രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് അടിയന്തരമായി തടയുക എന്നിവയാണവ. നെതന്യാഹുവിന്റെ നീക്കങ്ങൾ മനസ്സിലാക്കിയ ഐസൻകോട്ട്, സുരക്ഷാ ബ്രീഫിങ് ആവശ്യപ്പെട്ട് നെതന്യാഹുവിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് അറ്റോർണി ജനറലിനെ സമീപിച്ച് സുരക്ഷാവിവരങ്ങൾ കൈമാറാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കണമെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് നെതന്യാഹുവും സൈനിക സെക്രട്ടറി ഗൈ മാർക്കിസാനോയും ഐസൻകോട്ടുമായി ചർച്ച നടത്തിയത്.

എന്നാൽ, ഈ യോഗം നടക്കുമ്പോഴും മൊസാദ് തലവൻ അമേരിക്കയിലേക്ക് പോയ വിവരം നെതന്യാഹുവും സൈനിക സെക്രട്ടറിയും ഐസൻകോട്ടിൽനിന്ന് മറച്ചുവെക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ഇത്തരം നീക്കങ്ങളിൽനിന്ന് നെതന്യാഹു പിന്മാറണമെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടു. രാജ്യത്തെ സുരക്ഷാ ഏജൻസി മേധാവികളെ ഭരണഘടനാ പ്രതിസന്ധിയിലാക്കരുതെന്ന് തുടർന്ന് നെതന്യാഹുവിന് അയച്ച കത്തിൽ ഐസൻകോട്ട് ആവശ്യപ്പെട്ടു. എന്നാൽ, ഐസൻകോട്ടിന്റെ കത്ത് ദേശീയ സുരക്ഷാവിഷയങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

നെതന്യാഹുവിന്റെ ഈ യുദ്ധനീക്കങ്ങൾക്ക് സൈനിക നേതൃത്വത്തിൽനിന്നുതന്നെ എതിർപ്പുണ്ട്. ഐ.ഡി.എഫ്. മേധാവി ഇയാൽ സമീറും നെതന്യാഹുവും തമ്മിൽ ഇതിനെ ചൊല്ലി രൂക്ഷമായ തർക്കം നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.