ബെംഗളൂരു: കാവേരി നദിക്ക് കുറുകെ മേകദാതു അണക്കെട്ട് നിർമിക്കുന്നതിനെച്ചൊല്ലി കർണാടകയിലെയും തമിഴ്‌നാട്ടിലെയും കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മേകദാതു പദ്ധതിക്ക് ആവശ്യമായ നിയമപരമായ അനുമതികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കുന്നത് തടയാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

To advertise here,

ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്യം ടാഗോർ രംഗത്തെത്തി. സുപ്രീംകോടതി വിധിയെയും കാവേരി ജലതർക്ക ട്രിബ്യൂണലിന്റെ ഉത്തരവുകളെയും ലംഘിക്കുന്ന നിലപാടാണ് കർണാടക സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾ തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകരുതെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും മാണിക്യം ടാഗോർ വ്യക്തമാക്കി.

എന്നാൽ, വിഷയത്തിലെ യാഥാർഥ്യങ്ങൾ മാണിക്യം ടാഗോറിന് അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമായി കർണാടകയിലെ രാമനഗര ജില്ലയിലാണ് മേകദാതു അണക്കെട്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി നടപ്പാക്കിയാലും തമിഴ്‌നാടിന് അർഹതപ്പെട്ട കാവേരി ജലത്തിന്റെ അളവിൽ കുറവുണ്ടാകില്ലെന്നാണ് കർണാടകയുടെ വാദം. എന്നാൽ, പദ്ധതിയുടെ ആദ്യഘട്ടം മുതൽ തമിഴ്‌നാട് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കാവേരി ജലവിഹിതവും സംസ്ഥാനത്തെ കർഷകരുടെ താൽപര്യങ്ങളും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാടിന്റെ എതിർപ്പ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.