കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറെന്ന എഴുത്തുകാരനെ വിഖ്യാതമായ വിവര്‍ത്തനങ്ങളിലൂടെ ലോകസാഹിത്യവേദിയിലേക്ക് കൈ പിടിച്ചാനയിച്ച പ്രൊഫ. റൊനാള്‍ഡ് ഇ. ആഷറിനെ എല്ലാവര്‍ക്കുമറിയാം. ബഷീറിന്റെ വീട്ടില്‍ കണ്ണീരണിഞ്ഞു നിന്ന ആഷറിനെയോ?

To advertise here,

1966-ലാണ് ആദ്യമായി ആഷര്‍ ബേപ്പൂരിലെ വൈലാലില്‍ എത്തിയത്. ആഷറിന് വൈലാലില്‍ വീടും വീട്ടുകാരും എന്നും സ്വന്തമായിരുന്നു. ഇന്ത്യയിലെത്തുമ്പോഴൊക്കെ അവിടെ താമസിക്കുക, ഭക്ഷണത്തില്‍ പങ്കുചേരുക എന്നിവ പതിവായിരുന്നു. രണ്ടും മൂന്നും ദിവസമൊക്കെ വീട്ടില്‍ താമസിക്കും. ബഷീറിനും ഫാബിക്കും പിന്നാലെ ആഷറും ഈ ലോകത്തില്‍നിന്നു പോകുമ്പോള്‍ ബഷീറിന്റെ മക്കളായ ഷാഹിനയ്ക്കും അനീസിനും എരിവും മധുരവുമുള്ള പല ഓര്‍മകളുണ്ട്; കുറച്ചു കണ്ണീരും കലര്‍ന്നിട്ടുണ്ട് അതില്‍.

ഒരിക്കല്‍ ഊണ് കഴിക്കുന്നതിനിടെയാണ് ആഷര്‍ കണ്ണീരണിഞ്ഞത്. ''എന്തിനേ കരയുന്നത്'' -ഫാബി ആഷറോട് ചോദിച്ചു. ബഷീറാണ് മറുപടി പറഞ്ഞത്: ''കാന്താരി മുളക് കടിച്ചാല്‍ പിന്നെ കരച്ചില്‍ വരാതിരിക്കുമോ?'' കോഴിക്കോടന്‍ ഭക്ഷണത്തിന്റെ എരിവ് ചില്ലറയല്ല ആഷറെ കരയിച്ചതെന്ന് ഓര്‍ക്കുന്നു ഷാഹിന. എരിവുകൊണ്ട് കരച്ചില്‍ വരുന്നുണ്ടെങ്കിലും ഭക്ഷണമൊക്കെ അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു.

'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്', 'പാത്തുമ്മയുടെ ആട്', 'ബാല്യകാലസഖി' എന്നിവയൊക്കെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആഷര്‍ മലയാളത്തിലെ പല പദങ്ങള്‍ക്കും ഇംഗ്ലീഷ് പദങ്ങളും കണ്ടെത്തി. 'ന്റുപ്പൂപ്പാന്റെ ആന കുഴിയാനയായിരുന്നു' എന്ന പരാമര്‍ശത്തിന്റെ സൗന്ദര്യവും ആഴവും സഹൃദയരെ അനുഭവിപ്പിക്കാനുള്ള പ്രയാസത്തെക്കുറിച്ച് ആഷര്‍ എഴുതിയിട്ടുണ്ട്. വീടിന്റെ പിറകില്‍നിന്ന് കുഴിയാനയെ പിടിച്ച് ഇലയിലാക്കി ആഷറിനെ കാണിച്ചുകൊടുത്ത കഥയും ഷാഹിന പങ്കുവെക്കുന്നു.

ബഷീറിന്റെ മരണശേഷവും വൈലാലില്‍ അദ്ദേഹം എത്തിയിരുന്നു. ഫാബിയുടെ വേര്‍പാടിനുശേഷം അവരെക്കുറിച്ച് ഹൃദയസ്പൃക്കായ ഒരു കുറിപ്പ് അദ്ദേഹം എഴുതി. 'ഫാബിയെക്കുറിച്ചോര്‍ക്കുമ്പോള്‍ 'ഭാര്യമാര്‍ ജയിക്കട്ടെ' എന്ന ബഷീറിന്റെ വാക്കുകളാണ് ഓര്‍മയിലെത്തുന്നതെ'ന്ന് ആ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

മലയാളത്തിന്റെ ആഷര്‍

അരനൂറ്റാണ്ടുമുമ്പ് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ വി.കെ. കൃഷ്ണമേനോന്റെ ഉജ്ജ്വലമായ പ്രസംഗം കേട്ടാണ് ആഷറിന് മലയാളത്തോടുള്ള ബന്ധം തുടങ്ങുന്നത്.

1967-ല്‍ എന്‍സ്ലൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ മലയാളസാഹിത്യത്തെപ്പറ്റിയുള്ള അധ്യായം എഴുതിയത് ആഷറാണ്. ഹോളണ്ടില്‍നിന്നു പുറത്തിറക്കിയ ഭാഷാപഠന പരമ്പരയിലും പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ 'ദ പെന്‍ഗ്വിന്‍ കംപാനിയന്‍ ടു ലിറ്ററേച്ചറി'ലും മലയാളത്തെപ്പറ്റി അദ്ദേഹം എഴുതി. ഇതില്‍ പെന്‍ഗ്വിനിന്റെ പുസ്തകത്തില്‍ എഴുത്തച്ഛന്‍, ഒ. ചന്തുമേനോന്‍, വള്ളത്തോള്‍, കെ.എം. പണിക്കര്‍, തകഴി എന്നിവരെപ്പറ്റിയുള്ള പഠനങ്ങളുമുണ്ടായിരുന്നു.

'ദ നോവല്‍ ഇന്‍ ഇന്ത്യ; ഇറ്റ്സ് ബെര്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ്' (1970) എന്ന ഗ്രന്ഥത്തില്‍ ചന്തുമേനോന്‍, തകഴി, ബഷീര്‍ എന്നിവരുടെ കൃതികളെപ്പറ്റി വിശദമായ പഠനങ്ങളുമുണ്ട്. 'സ്റ്റഡീസ് ഇന്‍ ദ ലാഗ്വേജ് ആന്‍ഡ് കള്‍ച്ചര്‍ ഓഫ് സൗത്ത് ഏഷ്യ' (1973) എന്ന ഗ്രന്ഥത്തില്‍ ബഷീറിനെപ്പറ്റിയും 'ഡിക്ഷണറി ഓഫ് ഓറിയന്റല്‍ ലിറ്ററേച്ചറി'ല്‍ പ്രശസ്തതരായ എല്ലാ മലയാളം എഴുത്തുകാരെപ്പറ്റിയും പഠനങ്ങള്‍ എഴുതി.