അൻപതുകളിലെ മലയാളസാഹിത്യത്തിലെ തലയെടുപ്പുള്ള പേരുകളിലൊന്നായിരുന്നു എൻ.മോഹനൻ. എഴുതിക്കൂട്ടുക എന്നതുപോലെ തന്നെ എഴുതാതിരിക്കുക എന്നതും ഉത്തമസാഹിത്യകാരന്റെ മാതൃകയാണെന്ന് അദ്ദേഹം തെളിയിച്ചു. 'കൊച്ചുതിരുമേനി' എന്ന ചെറുകഥയിൽ തുടങ്ങി നിന്റെ കഥ(എന്റെയും), മൊയ്തീൻ, ദു:ഖത്തിന്റെ രാത്രികൾ, പൂജയ്‌ക്കെടുക്കാത്ത പൂക്കൾ, ശേഷപത്രം, കേരള സാഹിത്യ അക്കാദമി അവാർഡുനേടിയ നോവൽ ഇന്നലത്തെ മഴ, ഒരിക്കൽ തുടങ്ങി എണ്ണം പറഞ്ഞ കൃതികൾ അദ്ദേഹം രചിച്ചു. കാലങ്ങളുടെ ഇടവേളകൾ അദ്ദേഹം എഴുത്തിൽ സൃഷ്ടിച്ചെങ്കിലും എല്ലാ തലമുറയിലുമുള്ളവർക്കും ഏതുകാലത്തും തങ്ങളോട് ചേർത്തുനിർത്താവുന്ന കൃതികളായി മാറുകയായിരുന്നു അതെല്ലാം. സാഹിത്യം കാലത്തെ അതിജീവിക്കുന്നു എന്നതിന്റെ  ദൃഷ്ടാന്തമാണ് 'ഒരിക്കൽ' എന്ന നോവലിന് സോഷ്യൽമീഡിയക്കാലത്ത് ലഭിച്ച വലിയ സ്വീകാര്യത. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സാക്ഷാത്കരിക്കപ്പെടാതെ പോയ 'അന്ന' എന്ന തിരക്കഥയ്ക്കുവേണ്ടി ഒരുക്കിയ 'യവനകഥയിൽ...' എന്നുതുടങ്ങുന്ന പാട്ട് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലൂടെ തരംഗമായപ്പോൾ 'അന്ന'യുടെ പിന്നാമ്പുറക്കഥകളിലേക്കും ആളൊഴുക്കായിരുന്നു. സിനിമയാവാതെ തന്നെ അന്ന സിനിമയായി. പിന്നാലെ തന്നെ 'അന്ന'യെ ചലച്ചിത്രമാക്കുന്നുവെന്ന പ്രഖ്യാപനവും വന്നു. അന്നയുടെ സിനിമാ ചർച്ചകൾ പുരോഗമിക്കേ അദ്ദേഹത്തിന്റെ മകൾ സരിത മോഹനൻ ഭാമ സംസാരിക്കുന്നു.

To advertise here,

1995-ലാണ് അച്ഛൻ 'അന്ന'യുടെ തിരക്കഥ എഴുതുന്നത്. കേരള സാഹിത്യഅക്കാദമിയുടെ ക്യാംപ് ഡയറക്ടറായി അദ്ദേഹം ദേവികുളത്ത് പോയപ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു ത്രഡായിരുന്നു അന്ന. കഥയായി എഴുതാനായിരുന്നു അച്ഛൻ ആദ്യം തീരുമാനിച്ചത്. തന്റെ മനസ്സിൽ തോന്നിയ ആശയം അദ്ദേഹം ആദ്യം പങ്കുവെച്ചത് ഒ.എൻ.വിയോടായിരുന്നു. അദ്ദേഹം പ്രമേയം കേട്ട ഉടൻ തന്നെ പറഞ്ഞത്, അത് കഥയാക്കാതെ തിരക്കഥയാക്കാനായിരുന്നു. ഒ.എൻ.വി അന്നയ്ക്കായി പാട്ടെഴുതണമെന്ന് അച്ഛനും ആഗ്രഹമുണ്ടായിരുന്നു. ഒ.എൻ.വിയ്ക്കും താൽപര്യമുണ്ടായിരുന്നു. ദേവികുളം സബ്കലക്ടറായിട്ടായിരുന്നു കഥയിലെ നായകനെ തീരുമാനിച്ചത്. ഒരു ക്രിസ്ത്യൻ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയായി അന്ന എന്ന കഥാപാത്രവും. പ്രേം പ്രകാശിന്റെ നിർമാണ കമ്പനിയായ പ്രകാശ് കമ്പനിയ്ക്കുവേണ്ടിയായിരുന്നു തിരക്കഥ എഴുതിയത്. തിരക്കഥ ആദ്യം വായിച്ചത് ഒ.എൻ.വിയായിരുന്നു. അദ്ദേഹം വായിച്ച ആവേശത്തിൽ സംവിധായകൻ ജോഷിയോട് തിരക്കഥ വായിക്കാൻ പറഞ്ഞു. അഞ്ഞൂറ്-അറുനൂറ് പേജുണ്ടായിരുന്നു അന്നയുടെ പേജുകൾ. കഥാപാത്രങ്ങളുടെ മനോവികാരങ്ങളും ചലനവും പശ്ചാത്തലത്തിനുവേണ്ടതായ വിശദാംശങ്ങളുമെല്ലാം അടങ്ങുന്ന വിശാലമായ ഡീറ്റെയ്‌ലിങ്ങോടുകൂടിയായിരുന്നു അച്ഛൻ അന്നയുടെ തിരക്കഥയൊരുക്കിയിരുന്നത്. എന്റെ സഹോദരൻ ഹരി ആ തിരക്കഥയുടെ ഓരോ ഘട്ടത്തിലും അച്ഛനോടൊപ്പമുണ്ടായിരുന്നു. ഹരിയുടെ യൗവനകാലമായിരുന്നതിനാൽ അവൻ ആ തിരക്കഥയെ എങ്ങനെ സാംശീകരിക്കുന്നുവെന്ന് അച്ഛന് നേരിട്ടുകാണാമായിരുന്നു. ഹരിയോടായിരിക്കാം അച്ഛൻ 'അന്ന'യെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ നടത്തിയിട്ടുള്ളത്. നായകന്റെ പേര് ഹരി എന്നായിരുന്നു അച്ഛൻ നൽകിയത്. നായകന്റെ പേരും തന്റെ പേരും ഒന്നാണെന്നതിനെച്ചൊല്ലി ഹരി കലഹിക്കുമായിരുന്നു. ആ പേരിനുപിന്നിൽ ഒരുദ്ദേശ്യമുണ്ട് എന്നായിരുന്നു അച്ഛന്റെ മറുപടി. അന്നയെ തിരക്കഥാരൂപത്തിൽ ആദ്യഘട്ടത്തിൽത്തന്നെ വായിക്കാൻ എനിക്കും സാധിച്ചു. എന്നെ അത്ഭുതപ്പെടുത്തിയത് അച്ഛന്റെ ഡീറ്റെയ്‌ലിങ് ആയിരുന്നു.

അഞ്ഞൂറ് പേജുള്ള തിരക്കഥ ജോഷി വായിക്കാൻ ഏൽപിച്ചത് ഷിബു ചക്രവർത്തിയെ ആയിരുന്നു. ജോഷി കൊടുത്ത തിരക്കഥ വായിച്ചശേഷം ഷിബു ചക്രവർത്തി പറഞ്ഞു: 'ഇതൊരു സമുദ്രമാണ്, ഇത് വറ്റിച്ചാൽ നല്ലൊരു മുത്തുകിട്ടും.' 'നിനക്കിത് വറ്റിക്കാൻ കഴിയുമോ' എന്ന് ജോഷി അദ്ദേഹത്തോട് ചോദിച്ചു, അദ്ദേഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ജോഷി പാട്ടെഴുതാൻ ഷിബുവിനെ ഏൽപിച്ചു. ഷിബു ചക്രവർത്തി- ഔസേപ്പച്ചൻ കോമ്പിനേഷൻ പാട്ടുകളൊരുക്കി. ഒ.എൻ.വി സാറിന് പാട്ടെഴുതാൻ വേണ്ടിയായിരുന്നു ജോഷിയെ തിരക്കഥ ഏൽപിച്ചത്. അന്നയ്ക്കുവേണ്ടി തനിക്ക് പാട്ടെഴുതാനാവില്ല എന്നത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഷിബു എഴുതിയ പാട്ടുകൾ കേൾക്കണമെന്നായി അദ്ദേഹം. ഷിബു ചക്രവർത്തി എഴുതിയ പാട്ടുകൾ കേട്ടശേഷമാണ് അദ്ദേഹം ശാന്തനായത്. അദ്ദേഹത്തിന് തൃപ്തി തരുന്ന വരികളായിരുന്നു ഷിബു എഴുതിയത്. പാട്ടുകൾ ഇറങ്ങിയെങ്കിലും തിരക്കഥ ജോഷിയിൽ നിന്നും കൈമാറിപ്പോയിരുന്നു. പദ്മരാജന്റെ സംവിധാനസഹായിയായിരുന്ന ഒരാളുടെ പക്കലാണ് അത് എത്തിച്ചേർന്നത് എന്ന് പിന്നീട് കേട്ടു. പക്ഷേ അതേക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞില്ല. ഒരൊറ്റ കൈയെഴുത്തുപ്രതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇരുപതുവയസ്സുമുതൽ മുപ്പതുവരെ അച്ഛൻ അതിതീവ്രമായി എഴുതിക്കൊണ്ടേയിരുന്നു. ഒരു പ്രോമിസിങ് റൈറ്ററായി ഉയർന്നുവരുന്ന കാലത്താണ് ഉദ്യോഗത്തിൽ പ്രവേശിക്കുന്നത്. എന്തിനെയും ആത്മാർഥതയോടെ മാത്രം സമീപിച്ചിരുന്ന അച്ഛൻ ജോലിയിൽ പ്രവേശിച്ചപ്പോൾ സർക്കാർ ജോലി ചെയ്യുന്ന കാലത്ത് എഴുതണ്ട എന്ന തീരുമാനം ബോധപൂർവ്വമായിരുന്നു കൈക്കൊണ്ടത്. റൈറ്റേഴ്‌സ് ബ്ലോക്ക് നേരിടേണ്ടി വന്നില്ല എന്നദ്ദേഹം പിന്നീട് പറയുകയുണ്ടായി. അക്കാലത്താണ് അച്ഛൻ ധാരാളം വായിച്ചത്. മുപ്പത്തിയഞ്ചുവർഷക്കാലം കാര്യമായൊന്നും എഴുതിയില്ല. പക്ഷേ തന്റെ സൗഹൃദവലയത്തിൽപ്പെട്ടവർക്ക് സർഗാത്മകമായ സംഭാവനകൾ നൽകാൻ എന്നും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഒഴുക്ക് പുറമേ കാണുന്നതാണല്ലോ, പക്ഷേ അടിയൊഴുക്കിനെ അനുഭവിച്ചറിയുന്നതുപോലെയായിരുന്നു അക്കാലത്ത് അച്ഛന്റെ എഴുത്ത്. സ്വതേ തീഷ്ണമായ അച്ഛന്റെ സർഗ്ഗവ്യാപാരങ്ങൾ പുറമേ അദൃശ്യമായിരുന്നെങ്കിലും മറ്റൊരർഥത്തിൽ അച്ഛന്റെ കൃതികൾ സജീവമായിരുന്നു. അച്ഛൻ എഴുതിയ 'കത്താത്ത കാർത്തികവിളക്ക്' എന്ന കഥയെ ആധാരമാക്കി സംവിധായകൻ ശിവൻ ചലച്ചിത്രമാക്കിയ 'യാഗം' B&W കാറ്റഗറിയിൽ ദേശീയപുരസ്‌കാരം നേടി. പൂജയ്‌ക്കെടുക്കാത്ത പൂക്കൾ അതേപേരിൽത്തന്നെ സിനിമയായി. വളരെ ജനപ്രിയമായൊരു സിനിമയായി വൻവിജയമാകാൻ ആ കഥയ്ക്കുകഴിഞ്ഞു. അക്കാലത്ത് സർഗ്ഗാത്മകപ്രവർത്തനങ്ങളിൽ കാണാമറയത്തെ അന്തർവാഹിനിയെപ്പോലെ അച്ഛൻ ബഹുദൂരം സഞ്ചരിച്ചു.

ശേഷപത്രം എന്ന കഥ അച്ഛൻ എഴുതുന്നത് റിട്ടയർമെന്റിനുശേഷമാണ്. കഥയെഴുത്ത് ആത്മപീഢയായതിനാൽ അതുവരെ അദ്ദേഹം സ്വയം ഒഴിഞ്ഞുനിന്നതായിരിക്കാം. പുരയ്ക്ക് തീപിടിച്ചതുപോലെയായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. ആകെ വെപ്രാളപ്പെട്ട് മനസ്സും ശരീരവും ആ മുഖത്ത് പ്രകടമാക്കിക്കൊണ്ട് വേപുഥയോടെ അദ്ദേഹം എഴുതി. എന്തും തീഷ്ണതയോടെയായിരുന്നു അച്ഛൻ എഴുതിയിരുന്നത്. നേരംപോക്കിന്, അല്ലെങ്കിൽ വളരെ കാഷ്വലായി അദ്ദേഹത്തിന് എഴുതാനാവില്ലായിരുന്നു. സ്വയം അനുഭവിച്ചുള്ള പിടച്ചിലോടെയായിരുന്നു ഓരോ എഴുത്തും. അക്കാലത്തെ അച്ഛന്റെ മുഖം ഞങ്ങൾക്ക് നന്നായി ഓർത്തുവെക്കാൻ കഴിയുന്നതാണ്. സ്വയം അനുഭവിക്കലിന്റെ ആധികാരികത ആ മുഖം വിളിച്ചുപറയുമായിരുന്നു. അതായിരുന്നു എഴുത്തിനോടുള്ള അച്ഛന്റെ അപാരമായ ആത്മാർഥത.

വൺലൈനിൽ പറയാൻ പറ്റില്ലായിരുന്നു അച്ഛന്റെ കഥകൾ. പക്ഷേ കഥകളുടെ വൈകാരികത വേറൊരു ഭാവത്തിലായിരുന്നു അച്ഛൻ സൃഷ്ടിച്ചിരുന്നത്. അച്ഛന്റെ നോവൽ 'ഒരിക്കൽ' ഇറങ്ങിയ കാലത്ത് അച്ഛനെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ കത്തുകൾ അയ്ക്കുമായിരുന്നു. അച്ഛൻ മരിച്ചുപോയി എന്നറിയാതെ കാലങ്ങളോളം കത്തുകൾ വന്നുകൊണ്ടേയിരുന്നു. അവരുടെകൂടി അനുഭവങ്ങളായിരുന്നു 'ഒരിക്കൽ' എന്നായിരുന്നു ആ കത്തുകളുടെയെല്ലാം പ്രധാന ഉള്ളടക്കം.

അച്ഛൻ ഏറെ ആഗ്രഹിച്ചെഴുതിയ തിരക്കഥയായിരുന്നു അന്ന. അതിന്റെ പുനരാലോചനകൾ സജീവമായതിൽ വലിയ സന്തോഷമുണ്ട്. വലിയ കാൻവാസിൽ ഇന്നത്തെ തലമുറയ്ക്കുകൂടി സംവദിക്കാൻ കഴിയുന്ന തരത്തിൽ, യുവത്വത്തെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അന്ന ചലച്ചിത്രമാകണം എന്നാണ് ആഗ്രഹം. തിരക്കഥയിൽ ഷിബു ചക്രവർത്തിയുടെ ഇടപെടലുകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അച്ഛൻ മൂന്നുപതിറ്റാണ്ടുമുമ്പ് സൃഷ്ടിച്ച അന്നയെ പുതിയ കാലത്തേക്ക് എത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്നത് സിനിമയുടെ അണിയറപ്രവർത്തകർ ആണ് തീരുമാനിക്കേണ്ടത്.