
എഴുത്തുകാരനെന്നതിനൊപ്പം നല്ലൊരു വായനക്കാരനുമായ എം.ടി. വാസുദേവന്‍ നായരുടെ വായനജീവിതത്തിലൂടെ സഞ്ചരിക്കുന്ന പുസ്തകമാണ് 'വായനക്കാരന്‍ എം.ടി.' ഒരെഴുത്തുകാരന്റെ വായനാനുഭവങ്ങളെപ്പറ്റി മലയാളത്തിലുണ്ടായ ആദ്യത്തെ പഠനഗ്രന്ഥമാണ് ഇ.പി. രാജഗോപാലന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. എം.ടി.യുടെ വായനയെക്കുറിച്ചാണ് ഇതിലെ 'വായനയുടെ രീതി' എന്ന ഭാഗത്ത് വിവരിക്കുന്നത്. വായിക്കാം...
'ഒരു പുസ്തകം നന്നായി വായിക്കാന്‍ ഒരാള്‍ അത് എഴുതുന്നതുപോലെ വായിക്കണം' എന്നു പറയുന്നത് വിര്‍ജീനിയ വുള്‍ഫാണ്. 1926-ല്‍ പുറത്തിറക്കിയ 'എങ്ങനെ ഒരു പുസ്തകം വായിക്കണം'(How should one Read a Book) എന്ന ഉപന്യാസത്തിലെ ഒരു ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു കൃതിയുടെ സൃഷ്ടിപരമായ അംശങ്ങളെ സവിശേഷമായി ശ്രദ്ധിച്ചുകൊണ്ടാണ് വായിക്കേണ്ടത് എന്നാണോ ഇതിന്റെ അര്‍ത്ഥം? എം.ടി. വാസുദേവന്‍ നായരുടെ ഒരു വായനരീതി അതാണ്. ഒരു പുസ്തകമുണ്ടായ ചരിത്രസാഹചര്യം, വ്യക്തിപരമായ കാരണങ്ങള്‍, അതില്‍ എഴുത്താള്‍ ഉണ്ടാക്കിയ പുതുമകള്‍, അതിലെ തത്ത്വങ്ങളുടെ പ്രസക്തി തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വായനക്കാരനാണ് എം.ടി. അദ്ദേഹത്തിന്റെ വായനപ്രക്രിയയുടെ വിശകലനത്തിനായി ഇവിടെ മൂന്നു ലേഖനങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. ഒന്നാമത്തേത് ഒരു വിദേശകൃതിയുടെ വായനയാണ്. ബെര്‍ണാഡ് മാലെമൂഡിന്റെ The Tenants എന്ന നോവല്‍. സാഹിത്യനിരൂപണത്തിന്റെ മട്ടിലോ ഭാഷയിലോ അല്ല എം.ടി. വായനാനുഭവങ്ങള്‍ അവതരിപ്പിക്കുക. passionate reader എന്നതാണ് തന്റെ വിലാസം. ഇഷ്ടപ്പെട്ട കൃതിയെപ്പറ്റി 'ഏകാന്തതയിലിരുന്ന് എപ്പോഴോ തപം ചെയ്തുണ്ടായ' ഒന്ന് എന്ന പ്രതീതിയാണുള്ളത്. ഇത് അലങ്കാരമായി പറയുന്നതല്ല. എഴുത്താളിന്റെ, എഴുത്തിന്റെ യാഥാര്‍ത്ഥ്യം എം.ടിയുടെ നോട്ടത്തില്‍ അതാണ്. ഈ കാര്യമാണ് വായനക്കാരനായ താന്‍ ഒന്നാമതായി മനസ്സിലാക്കുന്നത്. കൃതിയെ ആസ്പദിച്ച് തികച്ചും വ്യത്യസ്തമായ ഒരു ജ്ഞാനമുണ്ടാക്കുക എന്ന ലക്ഷ്യം ഈ വായനക്കാരനു പൊതുവേയില്ല. ഒരു കൃതിയെ 'കൃതി'യായി തിരിച്ചറിയുന്നു; അതിനെ 'ജൈവരൂപ'മായി സംരക്ഷിക്കുന്നു; അതിനെ ആ നിലയില്‍ അവതരിപ്പിക്കാന്‍ സഹായകമായ അറിവുകള്‍ മാത്രം മറ്റു വായനകളില്‍നിന്ന് (ചിലപ്പോള്‍ സ്വന്തം അനുഭവങ്ങളില്‍നിന്ന്) സ്വീകരിക്കുന്നു. ഇതാണ് എം.ടിയുടെ വായനയുടെ സാമാന്യമായ വഴി.
The Tenants ലേക്കു വരാം. 1971-ലാണ് കൃതി വന്നത് എന്നറിയുന്നുണ്ട്. നോവലാണ്. നോവലിസ്റ്റിന്റെ ജീവചരിത്രപരമായ കാര്യങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. അയാളുടെ പ്രത്യയശാസ്ത്രമെന്താണ് എന്നു പ്രത്യേകം അറിയുന്നില്ല. തന്റെ മുന്നിലുള്ളത് കൃതിയാണ്. കൃതിയുമായുള്ള ഒരു നിശ്ശബ്ദസംവാദമാണ് വായന എന്ന നിലയിലാണ് മുന്നേറുന്നത്. നോവല്‍ വായിക്കുന്നതിന്റെ ഒന്നാമത്തെ രസം അതിന്റെ (പ്രാഥമികമായ) 'കഥ' തന്നെയാണ്. അത് വൃത്തിയായി കൊടുത്തിരിക്കുന്നു. കൃതിയുടെ പ്രകൃതം ഏതാണ്ട് നിഴലിക്കുന്ന തരത്തിലുള്ള വിവരണമാണത്. അതിന്റെ തുടക്കം നോവലിലെ ജീവിതം എവിടെ, ഏതു ഭൗതികസ്ഥലത്താണ് സംഭവിക്കുന്നത് എന്നു കാണിക്കലാണ്. 'ന്യൂയോര്‍ക്ക്' എന്നു പറയുന്നു. 'ന്യൂയോര്‍ക്ക്' എന്ന നഗരത്തിന്റെ പകിട്ടാണ് സാമാന്യബോധത്തില്‍ ഉയര്‍ന്നുവരിക. ആ തിരിച്ചറിവുള്ളതിനാല്‍ നോവല്‍ അവതരിപ്പിക്കുന്നത് അതല്ല എന്ന കാര്യം ഈ വായനക്കാരന്‍ കാണുന്നു. 'ന്യൂയോര്‍ക്ക് നഗരത്തിന്റെ വൃത്തികെട്ട ഒരിടവഴിയില്‍' എന്ന സൂചന പ്രധാനമാണ്. നോവലിന്റെ മൊത്തം പ്രകൃതത്തെ ചൂണ്ടിക്കാണിക്കുന്ന ഒന്നാണത്. അതുപതിയേ വലുതായിവരുന്നതും എം.ടി. രേഖപ്പെടുത്തുന്നു: 'മാലിന്യങ്ങള്‍ക്കു നടുവില്‍ ഒരിടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിലൊരു മുറിയില്‍' എന്ന വിവരണം ഇതിന്റെ സൂചന. ഇത്രവരെ സ്ഥലമേ വന്നിട്ടുള്ളൂ. സ്ഥലം സാംസ്‌കാരികമായ ഒന്നാവണമെങ്കില്‍ അവിടെ മനുഷ്യര്‍ വേണം. അത് ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്ന് 'ഹാരി ലെസ്സര്‍ എന്ന ഒരു മനുഷ്യന്‍ ബാക്കിയായി' എന്നെഴുതുന്നു. ഇതൊരുനിലയ്ക്ക് ലളിതമായ വാക്യഭാഗംതന്നെ. എന്നാല്‍ 'ബാക്കിയായി' എന്ന പ്രയോഗം വാക്യത്തെ, നോവലിനെത്തന്നെ മൊത്തത്തില്‍ പ്രശ്‌നവത്കരിക്കുന്ന ഒന്നാണ്. നോവലിനെപ്പറ്റി കൂടുതല്‍ ആഴമുള്ള ഒരു വിലയിരുത്തല്‍ വരുന്നുണ്ട് എന്നു സൂചിപ്പിക്കുന്ന വാക്കാണത്. നോവലിന്റെ ചരിത്രപരമായ വേരുകളെയും അതിന്റെ മറ്റു ഘടകങ്ങളെയും നോവലിലെ വിഷയത്തെ സ്വാധീനിക്കുന്ന പ്രധാന സംഭവങ്ങളെയും വായനയില്‍ പരിഗണിക്കേണ്ടതായുണ്ട്- ഇങ്ങനെ വായനക്കാരന്‍ മനസ്സിലാക്കുന്നതിന്റെ സൂചനയാണത്.

തുടര്‍ന്ന് പ്രശ്‌നം അവതരിപ്പിക്കുന്നു. കെട്ടിടം ജീര്‍ണ്ണിച്ചതാണ്. അത് പൊളിക്കാന്‍ ഉടമ ആഗ്രഹിക്കുന്നു ('ജന്മി' എന്ന വാക്കാണ് എം.ടി. ഉപയോഗിക്കുന്നത്. നോവലില്‍ landlord എന്ന വാക്കാണുള്ളത്, owner എന്ന വാക്കല്ല. ഈ കാര്യംപോലും വായനയില്‍ ശ്രദ്ധിക്കുന്നുണ്ട്). ഹാരി ലെസ്സര്‍ മനുഷ്യനാണ് എന്നേ ആദ്യമറിയുന്നുള്ളൂ. എഴുത്തുകാരന്‍കൂടിയാണ് എന്ന് തുടര്‍ന്ന് അറിയുന്നു. അയാള്‍ മൂന്നാമത്തെ നോവല്‍ എഴുതുകയാണ്. അത് ഇവിടെവെച്ചാണ് തുടങ്ങിയത്. ഇവിടെവെച്ചുതന്നെ മുഴുമിക്കണം. ഇതാണ് ആ എഴുത്തുകാരന്റെ തീരുമാനം. നോവലിലെ പ്രധാന കഥാപാത്രവും നോവലെഴുത്തുകാരനാണ്. ലെസ്സര്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ പേര് മലയാളത്തില്‍ കൊടുത്തിരിക്കുന്നു -വാഗ്ദത്തം ചെയ്ത അവസാനം. ഇതിലെ എഴുത്തുകാരനും ഒരു നോവലിന്റെ പണിയിലാണ്. മൂന്നു നോവലുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനു സാക്ഷിയാണ് വായനക്കാരന്‍- ഈ കാര്യം അതിന്റെ നാടകീയമായ നവീനതയോടെ എം.ടി. ശ്രദ്ധിക്കുന്നുണ്ട്. കഥയുടെ അടിസ്ഥാനവസ്തുതകള്‍ അവതരിപ്പിച്ചുകഴിയുമ്പോള്‍ എം.ടിയിലെ വായനക്കാരന്‍ കൂടുതല്‍ ഉണര്‍ന്ന് കൃതിയുടെ സാഹിത്യനിര്‍മ്മാണപരമായ വശം കണ്ടെടുക്കുന്നു; ഇത് വായനക്കാരന്റെ സര്‍ഗ്ഗാത്മകതയാണ്. അതിനുവേണ്ടി പ്രാഥമികമായി ചെയ്യുന്നത് 1970കളില്‍ത്തന്നെ പുറത്തുവന്ന മറ്റൊരു രചനയുമായി ചേര്‍ത്തുവെക്കുകയാണ്. 'താരതമ്യപഠനം' എന്ന അക്കാദമിക പ്രയോഗംതന്നെ ഇവിടെ എം.ടി. സഹായത്തിനെടുക്കുന്നു. വായനക്കാരന്റെ തിരിച്ചറിവാണത്- ഒരു കൃതിയും ഒറ്റയ്ക്കല്ല, സംസ്‌കാരത്തില്‍ ഒറ്റതിരിഞ്ഞ നില്‍പ്പ് അസാദ്ധ്യമാണ് എന്ന തിളക്കമുള്ള അറിവ്. എം.ടിയുടെ വായനജീവിതത്തിന്റെ സമകാലികതയ്ക്കും ഇവിടെനിന്നു തെളിവു കിട്ടുന്നു. എം.ടി. The Tenantsനെ താരതമ്യം ചെയ്യുന്നത് ഹംബോള്‍ഡ്‌സ് ഗിഫ്ടുമായിട്ടാണ്(Humboldt's Gift). അമേരിക്കന്‍-കനേഡിയന്‍ എഴുത്തുകാരനായ സോള്‍ ബെല്ലോയുടെ നോവലാണിത്. 1976-ല്‍ സോള്‍ ബെല്ലോയ്ക്ക് നൊബേല്‍സമ്മാനം നേടിക്കൊടുത്ത രചനകളിലൊന്ന്.
രണ്ടു നോവലുകളും നാലഞ്ചു വാക്യങ്ങളില്‍ താരതമ്യപ്പെടുത്തുന്നു. എന്നിട്ട് തന്റെ അനുഭവം വ്യക്തമാക്കുന്നു: 'ഹംബോള്‍ഡ്‌സിനെക്കാള്‍ ഹാരി ലെസ്സര്‍ എഴുത്തുകാരനായ വായനക്കാരനെ അസ്വസ്ഥനാക്കുന്നു.' ഒറ്റനോട്ടത്തില്‍ അസാധാരണത്വമൊന്നുമില്ലാത്ത ഈ പ്രതികരണവാക്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒന്നാമത്തെ കാര്യം നൊബേല്‍പുരസ്‌കാരംപോലുള്ള ഒരു വലിയ ബഹുമതിയുടെ പകിട്ട് വായനക്കാരന്റെ ബോധം കെടുത്തുന്നില്ല എന്നതാണ്. അങ്ങനെയുള്ള 'പുറംകാര്യങ്ങള്‍' വായനക്കാരന്റെ ജാഗ്രതയും സത്യസന്ധതയും ഇല്ലാതാക്കരുത് എന്ന നിശ്ശബ്ദമായ ആഹ്വാനംകൂടിയാണത്. പ്രധാനപ്പെട്ട മറ്റൊരു കാര്യംകൂടിയുണ്ട്. 'എഴുത്തുകാരനായ വായനക്കാരന്‍' എന്ന പ്രയോഗം ഇതില്‍ വരുന്നു എന്നതാണത്. മലയാളത്തില്‍ ഒട്ടും പതിവില്ലാത്ത പ്രയോഗമാണത്. എഴുത്തുകാരന്‍, എഴുത്തുകാരി, എഴുത്താള്‍, സാഹിത്യകാരന്‍, സാഹിത്യകാരി, കവി, നോവലിസ്റ്റ്, കഥാകാരി, കഥാകാരന്‍, നാടകകൃത്ത് തുടങ്ങിയ വാക്കുകള്‍ക്കൊപ്പം വായനക്കാരനായ (വായനക്കാരിയായ) എന്ന ജീവിതസൂചകം ചേര്‍ക്കുന്ന രീതി നിലവിലില്ല. ശ്വാസം കഴിക്കുന്നതുപോലെ, ഭക്ഷണം കഴിക്കുന്നതുപോലെയല്ലേ വായനയും? അതില്‍ എടുത്തുപറയേണ്ടതായി ഒന്നുമില്ല- ഇതാണ് നിലനില്‍ക്കുന്ന സാമാന്യബോധം. ഇതിനോടുള്ള വിയോജിപ്പ് എം.ടി. സരളമായെങ്കിലും ശക്തമായി അവതരിപ്പിക്കുന്ന വാക്യമാണത്. 'എഴുത്തുകാരനായ വായനക്കാരന്‍' എന്നത് ഒരു പരികല്‍പ്പനയായിത്തന്നെ കണക്കിലെടുക്കേണ്ടതാണ് എന്ന് ഇവിടെ ധ്വനിപ്പിക്കുന്നു. ശ്രദ്ധേയമായ സാംസ്‌കാരികനീക്കമാണ് ഈ പ്രയോഗത്തിന്റെ അവതരണം.
എഴുത്തുകാരന്റെ വായന, വായനക്കാരന്‍ മാത്രമായ ഒരാളുടെ വായനയില്‍നിന്നു ഗുണപരമായി വ്യത്യസ്തമായിരിക്കും- ഏറെയൊന്നും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ കാര്യത്തിലേക്കാണ് എം.ടിയുടെ ഈ പ്രയോഗം വിരല്‍ചൂണ്ടുന്നത്. 'ഞാന്‍' എന്ന് എഴുതുന്നതിലുള്ള മടികൊണ്ടായിരിക്കാം ഇവിടെ ഇങ്ങനെ എഴുതിവെച്ചത്. എങ്കിലും അത് ആശയപരമായ ഒരു കുതിപ്പുതന്നെ എന്ന് അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു. സോള്‍ബെല്ലോയുടെ നോവലിന് നിരവധി പഠനങ്ങളുണ്ടായി. എം.ടി. ഈ കാര്യം പറയുന്നുണ്ട്. നൊബേല്‍പുരസ്‌കാരം കിട്ടിയതിനുശേഷമാവാം കുറെയേറെ പഠനങ്ങള്‍ വന്നിട്ടുണ്ടാവുക. അതില്‍ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ ആ വകയില്‍ വന്നുചേരുന്ന പ്രശസ്തിയൊന്നും വായനക്കാരനെ സ്വാധീനിക്കേണ്ടതില്ല എന്ന (അഥവാ വായനക്കാരന്‍ സ്വന്തം അനുഭവസത്യത്തെയാണ് മാനിക്കേണ്ടത് എന്ന) നിലപാട് ഇവിടെ എം.ടി. അദൃശ്യമായി എഴുതിക്കാണിക്കുന്നു. എം.ടിയിലെ ഉണര്‍ന്ന, ജ്ഞാനിയായ വായനക്കാരന്‍ തനിക്ക് കൂടുതല്‍ ഇഷ്ടം തോന്നിയ കൃതിയെ കൂടുതല്‍ ശ്രദ്ധയോടെ നോക്കുന്നുണ്ട്. എന്നിട്ട് ഈയൊരു വ്യാഖ്യാനത്തില്‍ ചെന്നണയുന്നു: 'ജീര്‍ണ്ണിച്ച ആ സൗധം എന്തുകൊണ്ട് ലെസ്സര്‍ വിട്ടുപോകുന്നില്ല? പഴയ സൗധം ആധുനികയാന്ത്രികയുഗത്തിന്റെ പ്രലോഭനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ശില്‍പ്പംതന്നെയാണ്. മുതലാളിയുടെ വ്യാപാരസൗധത്തിനുവേണ്ടി ബുള്‍ഡോസറുകള്‍ നിരപ്പാക്കുന്നത് ചെറുത്തുനില്‍ക്കുകയാണ് ലെസ്സര്‍. ഇത് നമുക്കെല്ലാവര്‍ക്കുംവേണ്ടിയാണ്. 'ഈ ചെറുത്തുനില്‍പ്പ് ഏകാകിയായ ഒരു എഴുത്തുകാരന്റെ വ്യക്തിപരമായ ഭ്രാന്തല്ല, സാഹസികതയല്ല, അതിധൈര്യമല്ല, കൂസലില്ലായ്മയുമല്ല'- ഇങ്ങനെ വ്യക്തമാക്കാനും എം.ടി. എന്ന വായനക്കാരനിലെ സാമൂഹികമനുഷ്യന്‍ തയ്യാറാവുന്നു. 'ഇത് (ലെസ്സറിന്റെ ചെറുത്തുനില്‍പ്പ്) നമുക്കെല്ലാംവേണ്ടിയാണ്.' മുതലാളിത്തത്തിന്റെ അത്യാചാരങ്ങള്‍ക്കെതിരായ മനുഷ്യരാശിയുടെ പ്രതികരണമാണ് ഇന്നത്തെ ഒരു എഴുത്താളിന്റെ ലീല പ്രതീകവത്കരിക്കുന്നത്. ഭൗതികമായി എഴുത്താള്‍ ഒറ്റയ്ക്കാവാം. എഴുത്ത് എന്ന പ്രവര്‍ത്തനംകൊണ്ട് അങ്ങനെയല്ലാതാവുന്നുണ്ട്. എഴുത്താള്‍ പ്രതിനിധിയായ പ്രതിഭയായിത്തീരുന്നു- ഷെല്ലി പറയുംപോലെ മനുഷ്യവംശത്തിന്റെ അംഗീകരിക്കപ്പെടാത്ത നിയമനിര്‍മ്മാതാവുതന്നെയാവുന്നു.

നോവലിന് ഇങ്ങനെയൊരു തലംകൂടിയുണ്ട് എന്ന്, ഒരുപക്ഷേ താന്‍ ജീവിക്കുന്ന കേരളം എന്ന ദേശത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരികാന്തരീക്ഷത്തിന്റെ ചൂടുകൂടി ഏറ്റുകൊണ്ട്, പറയുന്ന എം.ടി. എന്ന വായനക്കാരന്‍ തുടര്‍ന്ന് കൂടുതല്‍ സൂക്ഷ്മതയുള്ളൊരു നിരീക്ഷണംകൂടി അവതരിപ്പിക്കുന്നുണ്ട്. കുടികിടപ്പുകാരനായ, വാടകക്കാരനായ, എഴുത്തുകാരന്റെ പേര് വെറും പേരല്ല എന്നു പറയുകയാണ്. അയാള്‍ ഹാരി മാത്രമല്ല-ഹാരി ലെസ്സര്‍ ആണ്. കുറവുകളില്‍ ജീവിക്കുന്ന ഒരാള്‍-ചുരുങ്ങിയവന്‍, താഴ്ന്നവന്‍, അപ്രധാനി, കീഴാളന്‍. എം.ടി. ചുരുക്കുന്നു: 'ചെറിയ മനുഷ്യനാണ് എഴുത്തുകാരന്‍.' അതിന്റെ അര്‍ത്ഥം ഇങ്ങനെയും പറയുന്നു: 'പ്രതിയോഗികള്‍ കരുത്തരും.' താന്‍ വായിച്ചുണര്‍ന്ന കൃതിയെ സാഹിത്യചരിത്രത്തില്‍ സ്ഥാപിക്കാനും ഇവിടെ തയ്യാറാവുന്നു. ടി.എസ്. എലിയറ്റിന്റെ The Wasteland വന്നത് 1922ലാണ്. അരനൂറ്റാണ്ടു കഴിയുമ്പോള്‍ The Tenants വരുന്നു. 'പാശ്ചാത്യസംസ്‌കാരത്തിന്റെ ഊഷരത'യെപ്പറ്റിയാണ് എലിയറ്റിന്റെ കാവ്യം. ന്യൂയോര്‍ക്ക് പ്രതിനിധാനം ചെയ്യുന്ന മഹാനഗരജീര്‍ണ്ണതയെപ്പറ്റിയാണ് മാലെമൂഡിന്റെ നോവല്‍. എം.ടി. മുമ്പേ പറഞ്ഞ കാര്യം തെളിച്ചുപറയുന്നു: 'അതില്‍ (മഹാനഗരമായ ന്യൂയോര്‍ക്കിന്റെ ജീര്‍ണ്ണതയില്‍) കുടിയൊഴിയാതെയിരിക്കുന്ന ലെസ്സര്‍ വ്യാപാരസംസ്‌കാരത്തെ ചെറുത്തുനില്‍ക്കുന്ന സര്‍ഗ്ഗപ്രതിഭയുടെ പ്രതീകമാവാം. ജീര്‍ണ്ണതയുടെ മദ്ധ്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒറ്റപ്പെട്ട മനസ്സാക്ഷികളിലൊന്നാവാം.' പരസ്പരം പൂരിപ്പിക്കുന്ന രണ്ടു പ്രതീകസാദ്ധ്യതകള്‍ ഒരു വായനക്കാരന്‍ കണ്ടെത്തുകയാണ്. സാഹിത്യം സൗന്ദര്യപാഠം മാത്രമായി നില്‍ക്കുന്നില്ല; അതിനു ചരിത്രപരവും സാമൂഹികവുമായ അര്‍ത്ഥങ്ങള്‍ നല്‍കിക്കൊണ്ടേ തുടരാനാവൂ. ഈ വിലപ്പെട്ട കാര്യത്തിന് ഇടംകൊടുക്കുകയാണ് എം.ടി.
ഒരാളിന്റെ കുടിയൊഴിക്കല്‍ എന്ന പ്രശ്‌നം മാത്രമല്ല The Tenants. പേര് ബഹുവചനമാണ്. എന്നാല്‍ എം.ടി. മുന്‍ഗണന കൊടുക്കുന്നത് ഹാരി ലെസ്സറിന്റെ വാഴ്വിനാണ്. കൂടുതല്‍ സംഘര്‍ഷാത്മകമെന്ന് മറ്റു വായനക്കാര്‍ക്കു തോന്നാവുന്ന ഒരു വശംകൂടി ഈ നോവലിന്റെ ഇതിവൃത്തത്തിലുണ്ട്. അതു നിസ്സാരമായ ഒന്നല്ല. എം.ടി. ഇക്കാര്യം തന്റെ പഠനക്കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിക്കുന്നുപോലുമില്ല. മുന്‍ഗണന നിര്‍ണ്ണയിക്കുക എന്നത് വായനക്കാരുടെ അവകാശവുമാണ്. അത് തികച്ചും വ്യക്തിപരവുമല്ല. അതിന്റെ പ്രത്യയശാസ്ത്രം താനേ തെളിഞ്ഞുവരുന്ന ഒന്നുമാണ്. വില്ലി സ്പിയര്‍മിന്റ് എന്നൊരാള്‍കൂടി (ഏതാണ്ട് നായകസ്ഥാനത്തു തന്നെ) നോവലിലുണ്ട്. നീഗ്രോ. തടവുകാരനായിരുന്നു. അഹിംസയില്‍ വിശ്വസിക്കുന്നില്ല. വെള്ളക്കാരന്റെ ശരീരംപോലും അയാള്‍ക്ക് ശത്രുപക്ഷത്താണ്. വില്ലിയും എഴുത്തുകാരനാണ്. നരഭോജനത്തിന്റെ ഉള്ളടക്കമുള്ള കഥയെഴുതിനോക്കുന്നുണ്ട്. പക്ഷേ, ഭാഷയിലും ആഖ്യാനതന്ത്രങ്ങളിലും വേണ്ടത്ര കഴിവില്ല. അയാള്‍ക്കുതന്നെ അതറിയാം. അതിനാല്‍ എഴുത്ത് ആവേശം മാത്രമായി ബാക്കിയായിപ്പോവുന്നു. അതും അയാളെ കുപിതനും വേവലാതിക്കാരനുമാക്കുന്നു. ലെസ്സറും വില്ലിയും സൗഹൃദത്തിലാണ്; ഒരു ഘട്ടംവരെ. പിന്നീടത് പകയായിത്തീരുന്നു. ലെസ്സറിന്റെ വിലപിടിച്ച നോവല്‍ സ്‌ക്രിപ്റ്റ് വില്ലി കത്തിച്ചുകളയുന്നുപോലുമുണ്ട്. ലെസ്സര്‍ അത് വീണ്ടും എഴുതാന്‍നോക്കുന്നു. വേണ്ടത്ര നന്നാവുന്നില്ല. കോപത്തിന്റെ ആള്‍രൂപമായിത്തുടരുന്ന വില്ലിയും എഴുത്തില്‍ തോറ്റുപോകുന്നു. അവര്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നോവലിന്റെ അവസാനഭാഗം.
ഇതിന്റെ വംശീയമായ ഉള്ളടക്കത്തെപ്പറ്റി എം.ടിയിലെ വായനക്കാരന്‍ സൂചിപ്പിക്കാതിരിക്കുന്നില്ല. 'ലെസ്സര്‍ ജൂതനാണ്. വില്ലി നീഗ്രോയും' എന്നു പറയുന്നു. എന്നാല്‍ അതിന്റെ സങ്കീര്‍ണ്ണമാനങ്ങള്‍ നോവലിന്റെ സഹായത്തോടെയോ സ്വന്തം നിലയിലോ ആരായുന്നില്ല. എഴുത്ത് എന്ന വിഷയത്തിലാണ് 'എഴുത്തുകാരനായ വായനക്കാരനായ' തന്റെ ശ്രദ്ധ പതിയുന്നത്: 'സിദ്ധിയും സാധനയും തമ്മില്‍, പ്രതിപാദനരീതിയും പ്രമേയവും തമ്മില്‍, സാഹിത്യവും വ്യാപാരവിനോദോപാധിയും തമ്മില്‍ എന്നും നടക്കുന്ന സംഘര്‍ഷങ്ങളെപ്പറ്റി 'കുടികിടപ്പുകാര്‍' നമ്മെ ഓര്‍മ്മിപ്പിക്കുന്നു... സര്‍ഗ്ഗപ്രക്രിയയുടെ വേദനകളും വിഹ്വലതകളുംകൊണ്ട് അസ്വസ്ഥരായ എല്ലാ എഴുത്തുകാര്‍ക്കുംവേണ്ടിയാണ് മാലെമൂഡ് ഈ നോവലെഴുതിയിരിക്കുന്നത് എന്നെനിക്കു തോന്നുന്നു.' ഈ ഊന്നല്‍ വായനക്കാരന്റെ ഇഷ്ട(option)മാണ്; സ്വാതന്ത്ര്യവും. പുസ്തകത്തിന്റെ പിന്‍ചട്ടയില്‍ കൊടുത്തിരിക്കുന്ന സംഗ്രഹം എം.ടി. ഊന്നിപ്പറയുന്ന അംശത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. അത് വില്‍പ്പന ലാക്കാക്കി ഉണ്ടാക്കിയ, സംഘര്‍ഷസൂചന നല്ലതുപോലെയുള്ള ഒരു പാഠമാണ്. വായനക്കാരുടെ സ്വത്വമാണ് കൃതിയുടെ അര്‍ത്ഥഘടനയുണ്ടാക്കുന്നത് (പിന്‍ചട്ടയിലെ കുറിപ്പ് കാണുക): The sole tenant in a run - down tenement, Harry Lesser is struggling to finish a novel, but his solitary pursuit of the sublime grows complicated when Willie Spearmint, a black writer ambivalent toward Jews, moves into the building. Harry and Willie are artistic rivals and unwilling neighbours and their uneasy peace is disturbed by the presence of Willie's white girlfriend, Irene and the landlord Levenspiel's attempts to demolish the building. This novel's conflict, current then, is perennial now: it reveals the slippery nature of human condition , and the human capacity for violence and undoing.'
നോവലിനെ രസനീയമായ കഥാഖ്യാനമോ വികാരഘടനയോ മാത്രമായി കാണാന്‍ എം.ടി. എന്ന വായനക്കാരന്‍ തയ്യാറല്ല. ജീവിതത്തെയും ഭാഷയെയും ആഖ്യാനത്തെയുമൊക്കെക്കുറിച്ചുള്ള തന്റെ സമീപനങ്ങളും മുന്‍ഗണനകളും വായനയില്‍ പങ്കെടുക്കുന്നു. വായിക്കുന്നയാള്‍ സ്വന്തമായി ഒന്നും ചെയ്യാത്ത, കൃതിയുടെ വിനീതവിധേയനായ, എഴുത്തുകാരന്റെ കീഴാളനായ പാവത്താനല്ല. അയാള്‍ സാമൂഹികജീവിയും സാംസ്‌കാരികവ്യക്തിത്വവുമാണ്. വായനക്കാരനും സര്‍ഗ്ഗാത്മകതയുണ്ട്. വായനയിലെ ജനാധിപത്യമെന്നത് ആവേശകരമായ ഒന്നാണ്. വായനക്കാരന്റെ സമഗ്രവ്യക്തിത്വംതന്നെ വായനയില്‍ പങ്കെടുക്കുന്നു. എഴുത്താളിന്റെ അര്‍ത്ഥമാവണമെന്നില്ല വായിക്കുന്നയാളിന്റെ അര്‍ത്ഥം. വായനക്കാരന്റെ ആര്‍ജ്ജിതജ്ഞാനവും വൈകാരികജീവിതവും വിശകലനശേഷിയും വായനയെ സ്വാധീനിക്കുന്നു. അങ്ങനെയാണ് വായന ജൈവപ്രക്രിയയായിത്തീരുന്നത്. വായനക്കാരന്‍ തന്റെ കൃതി ഉണ്ടാക്കുകയാണ്-ആ പ്രവര്‍ത്തനത്തിന്റെ പേരാണ് വായന. വായന ഉപഭോഗമല്ല-നിര്‍മ്മാണമാണ്.

ഫോട്ടോ: റസാഖ് കോട്ടക്കല്‍
ജന്മി-നാടുവാഴിത്തമാതൃകയിലാണ് വായനയെപ്പറ്റിയുള്ള പഴയ സങ്കല്‍പ്പം-എഴുത്തുകാരന്‍ ജന്മി-നാടുവാഴി. ജനാധിപത്യസംസ്‌കാരത്തില്‍ വാഴാന്‍ പാടില്ലാത്ത അധികാരവ്യവസ്ഥയാണ് അത്. ഇപ്പോള്‍ വായനക്കാരന്‍ സ്വതന്ത്രവ്യക്തിത്വമാണ്. ഓരോ വായനക്കാരനും കൃതിയില്‍ പലമാതിരി ചിഹ്നങ്ങള്‍ കണ്ടെത്തുകയും അവയെ വിസങ്കേതനം (decode) ചെയ്യുകയും ചെയ്യും. കൃതിയില്‍ പൊരുത്തങ്ങള്‍ എന്നപോലെ പൊരുത്തക്കേടുകളും വായനയില്‍ കണ്ടെത്തും. എഴുത്താള്‍ ഭാവന ചെയ്തിട്ടുപോലുമില്ലാത്ത അര്‍ത്ഥച്ചേര്‍ച്ചകള്‍ വായനക്കാരന് അറിയാന്‍ കഴിഞ്ഞേക്കും. വായന ഒരു സജീവപ്രക്രിയയാണ്. കൃതി എന്നാല്‍ എഴുത്താളിന്റെ മാത്രം വകയല്ല എന്നുപോലും കരുതണം. കര്‍ത്താവ് നല്‍കുകയും വായനക്കാരന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ ഫലമാണ് കൃതി. എഴുത്താള്‍ ഒരു സന്ദര്‍ഭത്തിന്റെ രചനയാണ്; വായനക്കാരനുമതേ. ഇരുവരും ബുദ്ധിജീവികളാണ്. അതിനാല്‍ പുസ്തകമല്ല കൃതി; അച്ചടിച്ച വാക്യങ്ങളുടെ കൂട്ടമല്ല കൃതി. എം.ടിയുടെ വായനക്കുറിപ്പുകള്‍ വിമര്‍ശനാത്മകമായാണ് ഈ വിചാരങ്ങള്‍ അംഗീകരിക്കുന്നത്. 'എഴുത്തുകാരന്റെ മരണം' പോലുള്ള സിദ്ധാന്തങ്ങളില്‍ തനിക്കു താത്പര്യമില്ല എന്ന് ഒരിടത്ത് എം.ടി. പറയുന്നുണ്ട്. എന്നാലും വായനക്കാരന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
Content Highlights: M.T. Vasudevan Nair, Vaayanakkaaran M.T., Book excerpt, E.P. Rajagopalan, Mathrubhumi books
Published: 09 Sept 2023, 02:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented