
സംവിധായകന്‍ അരവിന്ദന്റെ മുപ്പത്തിമൂന്നാം ചരമവാര്‍ഷികമാണ് മാര്‍ച്ച് 15. അമേരിക്കന്‍ പ്രവാസി മലയാളി എഴുത്തുകാരന്റെ അരവിന്ദന്‍ സ്മരണ.
ചില മനുഷ്യര്‍ മനസ്സിനകത്തേക്ക് പ്രവേശിച്ചാല്‍, അവരവിടെ ഒരു സിംഹാസനം വലിച്ചിട്ട് ഇരുന്നുകളയും. അതിനുമുന്‍പും ശേഷവും കടന്നുപോയവര്‍ക്ക് ആര്‍ജിക്കാനാവാത്ത ഒരു സ്‌നേഹം നിങ്ങളുടെ മനസ്സില്‍ അവര്‍ നേടിയെടുക്കും. മരണത്തിനുപോലും അവരെ കൊണ്ടുപോകാനാവില്ല. അങ്ങനെ ഒരാളായിരുന്നു ജി. അരവിന്ദന്‍ എന്ന അരവിന്ദേട്ടന്‍.
പോസ്റ്റ് മാസ്റ്ററായിരുന്ന അപ്പച്ചന്റെ കൂടെ ചീട്ടുകളിക്കാരനായി ചില വൈകുന്നേരങ്ങളില്‍ ചിരിക്കാത്ത ഒരു മിതഭാഷി വരാറുണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ അരവിന്ദദര്‍ശനം. പത്തുവയസ്സു പ്രായമുണ്ടായിരുന്ന കാഴ്ചക്കാരനായിരുന്ന എന്റെ മുടിനാരിഴകളില്‍ ഇടയ്ക്ക് ഒരു തലോടല്‍. അതുമാത്രമായിരുന്നു സൗഹൃദം. അന്ന് റബ്ബര്‍ ബോര്‍ഡില്‍ ജോലിചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് പഠനകാലത്ത്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന താളുകളില്‍ എല്ലാ ആഴ്ചയിലും രാമുവിനെ കാത്തിരിക്കുമ്പോള്‍ അത് വരയ്ക്കുന്ന ബുദ്ധിജീവി (ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ക്യാംപസില്‍ വിലയുണ്ടായിരുന്ന കാലമായിരുന്നു അത്) അരവിന്ദനാണെന്ന് അറിയാമായിരുന്നു. 'ചെറിയ മനുഷ്യനും വലിയ ലോകവും' വരയ്ക്കുന്നയാളെ എനിക്കറിയാം എന്ന് കൂട്ടുകാരോട് പറയുന്നതിലെ ആനന്ദം ഒരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്നിരുന്നു അന്നു ഞാന്‍.
ഒരിക്കല്‍ ചോദിച്ചു: 'അരവിന്ദേട്ടാ, പോക്കുവെയിലില്‍ ഓടക്കുഴല്‍ വായിക്കാനായി, നോര്‍ത്ത് ഇന്ത്യയില്‍നിന്ന് വലിയ കാശുമുടക്കി ഒരാളെ കൊണ്ടുവരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇവിടെ ആളെ കിട്ടാത്ത പോലെ...'
'നിനക്ക് ഹരിപ്രസാദ് ചൗരസ്യയെപ്പറ്റി എന്തറിയാം?'
'എനിക്കൊന്നും അറിയില്ല.'
'അതുകൊണ്ടാണ് ഈ വക മണ്ടന്‍ ചോദ്യങ്ങള്‍... പീലിത്തിരുമുടി ഇല്ലാത്ത ഹരി എന്നാണ് ചൗരസ്യയെ കുറിച്ച് പറയാറുള്ളത്. എന്നുവെച്ചാല്‍ ശ്രീകൃഷ്ണനെപ്പോലെ ഓടക്കുഴല്‍ വായിക്കുന്നയാള്‍. അതെനിക്കറിയാവുന്നതുകൊണ്ടാണ് വിളിച്ചുകൊണ്ടുവന്ന് ബാംസുരി വായിപ്പിച്ചത്...'

തിരുവനന്തപുരത്തെ പങ്കജ് ബാറിന്റെ സന്ധ്യയിലേക്ക് ഓര്‍മകള്‍ ചായുന്നു. കുളിരാടുന്ന മങ്ങിയ വെളിച്ചത്തില്‍ പത്മരാജനൊപ്പം ചിലവിട്ട ഒരു സന്ധ്യ. 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണനെപ്പോലെ പത്മരാജന്‍ അരികില്‍ ഇരിക്കുന്നു. ഇരുട്ടില്‍നിന്ന് വലിയൊരു നിഴല്‍ പ്രത്യക്ഷപ്പെടുന്നു.
'പത്മാ, ഇവനെ എവിടെന്ന് കിട്ടി. നീ സൂക്ഷിക്കണം. ഇവന്‍ ചോദ്യങ്ങള്‍ ചോദിച്ച് കുഴച്ചുകളയും.'
'അരവിന്ദേട്ടാ, പാവങ്ങളും ഈ ചെറിയ ലോകത്ത് എങ്ങനേലും കഴിഞ്ഞു പൊക്കോട്ടെ,' ഞാന്‍ പറഞ്ഞു.

തലനാരിഴകളില്‍ ഒരു തലോടല്‍. മുടിയിഴകള്‍ പരിചിതമായ അതേ വിരലുകളുടെ സ്‌നേഹം
അറിഞ്ഞു. അമേരിക്കന്‍ വിസ കിട്ടി പ്രവാസിയാകാന്‍ തീരുമാനിച്ച കാലം. അരവിന്ദേട്ടനെ കണ്ട് യാത്ര പറയണം എന്നാഗ്രഹിച്ചു. 'ഒരിടത്തി'ന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് നടക്കുന്നുണ്ടായിരുന്നു.
ഷൂട്ടിംഗിനിടയില്‍ അരവിന്ദേട്ടന്‍ പറഞ്ഞു: 'വൈകുന്നേരം ഒറ്റപ്പാലം ടി.ബി.യില്‍ വെച്ച് കാണാം.' ആറു മണി കഴിഞ്ഞപ്പോഴേക്കും ഷൂട്ടിംഗ് തീര്‍ന്ന് എല്ലാവരും എത്തി. ജനലിനടുത്തുള്ള ചാരുകസേരയില്‍ അമര്‍ന്നിരുന്ന് നിളാനദിയിലേക്ക് നോക്കി, താടി തടവിക്കൊണ്ട് അരവിന്ദേട്ടനിരിക്കുന്നു. ഞങ്ങള്‍ നാല് ചെറുപ്പക്കാര്‍ താഴെ വിരിച്ചിട്ടിരിക്കുന്ന പായയില്‍ നിശ്ശബ്ദനായി ഇരിക്കുന്നു. ഒരു ദേവാലയത്തിന്റെ മൗനം മുറിയില്‍. അങ്ങനെ ഒരു അരമണിക്കൂര്‍ കടന്നുപോയിരിക്കണം.
'എന്റെ സുഹൃത്ത് വന്നപ്പോള്‍ രണ്ട് കുപ്പി മുറിയിലെ അലമാരയില്‍ വെച്ചിട്ടുണ്ട്. നീ പോയി എടുത്തു വാ മനോഹറെ...'
സക്കറിയ പറഞ്ഞതുപോലെ, 'എന്റെ സുഹൃത്തായിരുന്നു അരവിന്ദന്‍. മൂളിയും മുരങ്ങിയും ഒരു ദിവസം കടന്നുപോകുന്നത് അറിയില്ല.'
അമേരിക്കയിലെ വിരസമായ ചൂടില്‍ ചടഞ്ഞിരിക്കുകയായിരുന്നു. അവിചാരിതമായി മധുനായരുടെ ഫോണ്‍ വന്നു. 'രാവിലത്തെ ഫ്‌ളൈറ്റില്‍ അരവിന്ദന്‍ വന്നിട്ടുണ്ട്. നമുക്കൊന്ന് കൂടാം.'
രാജു മൈലപ്ര, ഫ്രെഡ്ഡി, രാജു വളഞ്ഞവട്ടം എന്നീ കൂട്ടുകാരെയും കൂട്ടി ബ്രോണ്‍സിലേക്ക് കാറോടിച്ചു. പത്തമ്പതു പേരുടെ ചെറിയൊരു ഒത്തുചേരല്‍. സിനിമറ്റോഗ്രാഫിയില്‍ പി.എച്ച്. ്ഡി. എടുത്ത ഡോ. പോള്‍സണ്‍ അരവിന്ദനോട് ചോദിക്കുന്നു:
'സിനിമയില്‍ സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കാറ്?'
അദ്ദേഹത്തിന്റെ മൂക്കിന്റെ തുമ്പും ചെവിയും ദേഷ്യംകൊണ്ട് ചുവന്നു.
'നിങ്ങള്‍ എന്റെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ?'
'ഇല്ല.'
'എങ്കില്‍ മിണ്ടരുത്.'
അന്തരീക്ഷത്തില്‍ നിശബ്ദത നിശ്ചലം നിന്നു.
ഞാന്‍ അടുത്തു ചെന്ന് ചെവിയില്‍ പറഞ്ഞു: 'എന്റെ വീട്ടിലേക്കൊന്ന് വരണം.'
'നാളെ രാവിലെ ശ്യാം ബെനഗലുമായി ഒരു കൂടിക്കാഴ്ചയുണ്ട്... വാള്‍ഡ്‌റോഫ് ആസ്റ്റോറിയ ഹോട്ടലില്‍. പന്ത്രണ്ടു മണിക്ക് നീ അവിടേക്ക് വാ.'

1989-ല്‍, ആയിരം ഡോളര്‍ ഒരു ദിവസത്തെ വാടക ഈടാക്കുന്ന ന്യൂയോര്‍ക്കിലെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍, ഞാന്‍ ടൊയോട്ട റ്റേര്‍സല്‍ എന്ന എന്റെ മൂട്ട പോലുള്ള കാറുമായി രണ്ടുവയസ്സുള്ള മകള്‍ സീതയുമായി കാത്തുനിന്നു. അരവിന്ദേട്ടന്‍ ഇറങ്ങിവന്ന് കാറില്‍ കയറുന്നു. സീതയെ അരവിന്ദേട്ടന്റെ മടിയിലേക്ക് കൈമാറി. ആ മുഖത്തേക്ക് തുറിച്ചുനോക്കി താടിയില്‍ തൊട്ട് അവള്‍ ഇരിക്കുന്നു.
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍, ക്ഷമാപണ സ്വരത്തോടെ ഞാന്‍ പറഞ്ഞു: 'കാര്യങ്ങളൊക്കെ ശരിയായി വരുന്നതേയുള്ളൂ. ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം.'
'എടാ, ഞാന്‍ നിന്റെ വീട്ടിലേക്കല്ല വിരുന്നുവരുന്നത് നിന്റെ ഹൃദയത്തിലേക്കാണ്... അതോര്‍മ വേണം.'
പിന്നെയും ഒരുപാട് മണ്ടന്‍ ചോദ്യങ്ങള്‍ അരവിന്ദേട്ടനോട് ചോദിച്ചിട്ടുണ്ട്. അതിനെല്ലാം സൗമ്യമായി ഉത്തരങ്ങള്‍ തന്നിട്ടുണ്ട്.
'അരവിന്ദേട്ടനെന്താ ആരോടും ഒന്നും മിണ്ടാത്തത്?'
'എനിക്കാരോടും ഒന്നും പറയാനില്ല. പറയാനുള്ളതെല്ലാം സിനിമയിലൂടെയും രാമുവിലൂടെയും പറയുന്നു.'
ജടാധാരിയായി, നാവില്‍ ശൂലം തറച്ച താപസനെപ്പോലെ മൗനത്തിന്റെ പുറ്റിലൊളിച്ച് എന്റെ മനസ്സില്‍ അരവിന്ദേട്ടന്‍ ഇന്നും പ്രതിഷ്ഠയായി ഇരിക്കുന്നു.
Content Highlights: Memories of G. Aravindan Malayalam film maker and Screen writer
Published: 15 Mar 2024, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented