അമേരിക്കൻ ചരിത്രകാരനും ദാർശനികനുമായ വിൽ ഡുറന്റ് ജർമ്മൻ ചിന്തകൻ ഫ്രെഡറിക് നീചെയെക്കുറിച്ചുള്ള ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ഡാർവിന്റെ കുട്ടിയും ബിസ്മാർക്കിന്റെ സഹോദരനുമായിരുന്നു നീചെ''. മലയാളത്തിൽ ഏതെങ്കിലും എഴുത്തുകാരന് ഈ വാക്കുകൾ ചേരുമെങ്കിൽ അത് മേതിൽ രാധാകൃഷ്ണനായിരിക്കും. പരിണാമവും രാഷ്ട്രീയവും സമാസമം ഇടകലരുന്ന മനുഷ്യ ധിഷണയുടെ പ്രകാശത്തിൽ ജ്വലിക്കുന്ന രചനകളാണ് മേതിലിന്റേത്. ഹിച്ച്‌കോക്കിന്റെ ഇടപെടലായാലും ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തിയായാലും മേതിലിന്റെ പണിപ്പുരകൾ ഒരേ സമയം നമ്മളെ വിഭ്രമിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.
ആർ.കെ. നാരായണനും മാധവിക്കുട്ടിയും ഒ.വി. വിജയനും ഗുന്തർ ഗ്രാസും മേതിലിന് പ്രിയപ്പെട്ടവരാകുന്നതിൽ എഴുത്തിന്റെ സാരസ്വത രഹസ്യമുണ്ട്. ലാളിത്യത്തിന്റെ ആഴമാണ് മേതിൽ മാധവിക്കുട്ടിയിലും നാരായണനിലും കാണുന്നത്. രാഷ്ട്രീയവത്കരിക്കാതെ രാഷ്ട്രീയം എഴുതാനറിയാം എന്നതാണ് ഗ്രാസിന്റെയും വിജയന്റെയും സവിശേഷത. ഇവയുടെ സമന്വയത്തിലാണ് മേതിൽ മലയാള സാഹിത്യത്തിലെ ഏറ്റവും ഏകാകിയും കാൽപനികനുമായ സത്യാന്വേഷിയാവുന്നത്. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസം’ എഴുതിയതിന് ശേഷമാണ് മേതിലിന്റെ 'സൂര്യവംശം' പ്രസിദ്ധീകരിക്കപ്പെടുന്നത്. വിജയന്റെ എഴുത്ത് കണ്ട് ഇനി വേറൊരാൾ എഴുതേണ്ടതുണ്ടോ എന്ന് സംശയിച്ചു നിന്ന തന്നെ വീണ്ടെടുത്തത് കോവിലനാണെന്ന് മേതിൽ പറയാറുണ്ട്. കോവിലന്റെ നിർബന്ധത്തിലാണ് മേതിൽ ‘സൂര്യവംശം’ മാതൃഭൂമിക്ക് അയച്ചതും എം.ടി. അത് പ്രസിദ്ധീകരിച്ചതും.
‘സൂര്യവംശം’ വായിച്ച് എം. മുകുന്ദൻ എഴുതി 'സൂര്യവംശത്തിലൂടെ മലയാളത്തിന്റെ മഹാകവി ആയ മേതിലിന്.' കത്തയച്ച മറ്റൊരാൾ പുനത്തിൽ കുഞ്ഞബ്ദുള്ള ആയിരുന്നു. പോസ്റ്റ്കാർഡിൽ ഒറ്റ വരി: 'മലയാളത്തിലെ naxalism ആണ് സൂര്യവംശം.' നക്‌സലിസവുമായുള്ള സംഘർഷം മേതിലിനെ ഉഴുതുമറിക്കുന്ന കാലമായിരുന്നു അത്. വിപ്ലവം ജയിക്കാനുള്ള logistics നക്‌സലുകൾക്കില്ലെന്ന് മേതിൽ പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഭാഷയിലും ഉള്ളടക്കത്തിലും രണ്ട് പ്രതിഭകൾക്ക് എത്രമാത്രം വ്യത്യസ്തമാവാനാവുമെന്ന് മലയാളം അടുത്തറിഞ്ഞ രചനകൾ ആയിരുന്നു ‘ഖസാക്കിന്റെ ഇതിഹാസ’വും ‘സൂര്യവംശ’വും. കൊളോണിയലിസത്തിന്റെ ഭാരങ്ങളിൽനിന്നു മലയാളത്തെ വിമോചിപ്പിക്കുന്നതിൽ വിജയനെപ്പോലെ തന്നെ മേതിലിന്റെ പങ്കും നിസ്തുലവും നിർണായകവുമാണ്.
''കരിനീലിച്ചുപോയ ഒരു ഹൃദയം മേശപ്പുറത്തുവെക്കാവുന്ന ഒരു കൗതുകവസ്തുവല്ല. എന്നിൽനിന്നും അടർത്തിയെടുത്തു പുറത്തുവെച്ചാൽ അത് അറപ്പാണ്, നാറ്റമാണ്. പക്ഷെ, എന്നിൽത്തന്നെ നിൽക്കുമ്പോഴോ, അത് ചലനമാണ്, ശക്തിയാണ്, പ്രവാഹമാണ്, വികാസമാണ്.'' അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് സൂര്യവംശം എന്ന നോവലിൽ മേതിൽ കുറിച്ച ഈ വാക്കുകളിൽ മലയാളത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയുമുണ്ട്. ഞാൻ ഒരേസമയം കത്തിയും വൃണവുമാണ് എന്ന ഷെനെയുടെ വാക്കുകൾ മേതിൽ ‘സൂര്യവംശ’ത്തിൽ ചേർത്തത് വെറുതെയല്ല.
1999-ലാണ് നിർമിത ബുദ്ധിയെക്കുറിച്ചുള്ള മേതിലിന്റെ പുസ്തകം പുറത്തിറങ്ങിയത്. 'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന് പേരിട്ട ഈ രചനയിൽ മേതിൽ ഉത്പത്തികളുടെ ഒരു പരമ്പര രേഖപ്പെടുത്തുന്നുണ്ട്: ''ഒന്ന്, ദൈവം സ്വന്തം രൂപത്തിൽ മനുഷ്യനെ സൃ്ഷടിക്കുന്നു. രണ്ട്, മനുഷ്യൻ സ്വന്തം രൂപത്തിൽ ദൈവത്തെ പുനഃസൃഷ്ടിക്കുന്നു. മൂന്ന്, മനുഷ്യൻ സ്വന്തം രൂപത്തിൽ മനുഷ്യനെ പുനഃസൃഷ്ടിക്കുന്നു. നാല്, യന്ത്രം സ്വന്തം രൂപത്തിൽ മനുഷ്യനെ പുനഃസൃഷ്ടിക്കുന്നു. യന്ത്രധിഷണ എന്നാണ് മേതിൽ അന്ന് നിർമിത ബുദ്ധിയെ വിശേഷിപ്പിച്ചത്. നിർമിത ബുദ്ധിയുടെ വികാസവും വ്യാപനവും വാർത്തയായിക്കൊണ്ടിരിക്കെ അടുത്തിടെ ഒരു സുഹൃദ് സംഭാഷണത്തിൽ മേതിൽ ഇതിനെ പൂരിപ്പിച്ചത് ഇങ്ങനെയാണ്:
''മനുഷ്യരെ നിർമിത ബുദ്ധിയിൽനിന്നു വേർതിരിക്കുന്നത് പരിണാമ പ്രക്രിയയാണ്. പരിണാമത്തിലൂടെ നമ്മുടെ പ്രജ്ഞ ആർജ്ജിച്ചെടുക്കുന്ന സവിശേഷമായ ഉൾബോധം യന്ത്രത്തിന് അന്യമാണ്.''
നിതാന്തമായ ജിജ്ഞാസയാണ് മേതിലിന്റെ ജീവിതത്തെയും എഴുത്തിനെയും അടയാളപ്പെടുത്തുന്നത്. ശാസ്ത്രം സത്യമാണ്, സത്യം കവിതയും. അങ്ങനെ വരുമ്പോൾ തോമസ് ആൽവ എഡിസൺ കവികളുടെ കവിയാണെന്ന് മേതിൽ പറയും. ആധുനിക മനുഷ്യൻ കണ്ടുപിടിച്ച ഒരേയൊരു കലാരൂപം എന്ന് മേതിൽ വിശേഷിപ്പിക്കുന്ന ചലച്ചിത്രത്തിന്റെ ഉരുവപ്പെടലിൽ നിർണായക സാന്നിധ്യമായ മോഷൻ പിക്ചർ ക്യാമറയുടെ ഉപജ്ഞാതാവിന് മേതിൽ നൽകുന്ന ആദരം.
മേതിലിന്റെ ശാസ്ത്രരചനകൾ അനന്യമാണ്. ജീവിത വ്യവഹാരങ്ങളുടെ ഉൾക്കാമ്പിൽനിന്നു രാകിയെടുത്ത നിരീക്ഷണങ്ങളുടെ മൂർച്ചയിലാണ് മേതിൽ അറിവിന്റെ പുതിയ കപ്പൽചാലുകൾ കീറുന്നത്. പ്രത്യക്ഷത്തിൽ വൈരുധ്യങ്ങളുടെ സംഘാതമാണ് മേതിൽ. നീറ്റ്‌ഷെയെപോലെ തന്നെ അതിമാനുഷരുടെ ലോകങ്ങൾ സ്വപ്നം കാണുമ്പോഴും ഈ ഭൂമിയിൽ ഇഴഞ്ഞുനടക്കുന്ന പാമ്പിനും പഴുതാരയ്ക്കും മേതിൽ പ്രകടനപത്രിക തീർക്കുന്നു. ഒ.വി. വിജയനിലും എസ്ര പൗണ്ടിലും മേതിലിനെ ആകർഷിക്കുന്ന ഒരു ഘടകം അവരുടെ മുഖത്ത് നിറയുന്ന ശാന്തിയാണെന്നത് ഇതോടൊപ്പം ചേർത്തു വായിക്കണം.
ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഏകാധിപത്യമാണെന്നു പറയുന്ന മേതിലിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രനേതാവ് ഗാന്ധിജിയാവുന്നു. ദണ്ഡിയിൽ ഉപ്പു കുറുക്കിയ ശേഷം വൈസ്രോയി ഇർവിൻ പ്രഭുവുമായുള്ള ഗാന്ധിജിയുടെ കൂടിക്കാഴ്ച മേതിൽ പരാമർശിക്കുന്നത് സവിശേഷമായ ഉൾക്കാഴ്ചയോടെയാണ്. സംസാരത്തിനിടയിൽ ഇർവിൻ ചായ വരുത്തുന്നു. ഗാന്ധിജി മടിയിൽനിന്നു നിയമം ലംഘിച്ച് കുറുക്കിയ ഒരു തരി ഉപ്പെടുത്ത് ചായയിൽ ഇടുന്നു. ബോസ്റ്റൺ ടീപ്പാർട്ടിയെ സായിപ്പിനെ ഇതിലും നന്നായി ഓർമിപ്പിക്കാൻ ആർക്ക് കഴിയുമെന്ന് മേതിൽ ചോദിക്കുന്നു. കവിതയും ഉപന്യാസവും കഥയും നോവലും ഒരുപോലെ വഴങ്ങുന്നവർ മേതിലിനെപ്പോലെ മലയാളത്തിൽ അധികമില്ല. എന്തിലും ഏതിലും കവിത മേതിലിനെ അനുധാവനം ചെയ്യുന്നു. 'ഐസ്‌ക്രീമിന്റെ ചക്രവർത്തി' എന്നാണ് ഒരിക്കൽ മേതിൽ കുട്ടികളെ വിശേഷിപ്പിച്ചത്.
ഡാർവിനും ഫ്രോയിഡും മാർക്‌സും ആണ് ആധുനിക ലോകത്തിന്റെ സ്രഷ്ടാക്കൾ എന്ന് മേതിൽ പറയാറുണ്ട്. പക്ഷേ, മേതിലിനെ ഏറ്റവും സ്വാധീനിച്ച ദാർശനികൻ നീചെ തന്നെ ആണെന്ന് പറയേണ്ടിവരും. തന്റെ രചനകൾ വായിക്കപ്പെടുന്നില്ലെന്ന പരിഭവം നീചെയ്ക്കുണ്ടായിരുന്നു. വായനക്കാരുടെ എണ്ണം നോക്കിയാൽ മേതിലിനും സമാനമായ അനുഭവമുണ്ടാവും. പക്ഷെ, മലയാളത്തിൽ ഒരു മൗലിക എഴുത്തുകാരനെവിടെ എന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് മേതിലിന് നേർക്ക് വിരൽ ചൂണ്ടാം. സൈലന്റ് വാലിയെ പോലെ മേതിലും നമ്മുടെ സ്വകാര്യ അഹങ്കാരമാവുന്നു.
Published: 06 Mar 2026, 10:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented